ഏതു സിനിമ റിലീസ് ചെയ്താലും ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണുന്ന ഒരു കാലം ജീവിതത്തിലുണ്ടായിരുന്നു -തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി കാലം. അന്ന് നായകന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ്, ജയറാം തുടങ്ങിയ വ്യത്യാസങ്ങളുണ്ടായിരുന്നില്ല. ഏതായിരുന്നാലും കാണും. ഹിന്ദിയും തമിഴും ഇംഗ്ലീഷുമെല്ലാം അങ്ങനെ തന്നെ. ടിക്കറ്റ് കിട്ടാന്‍ ഏതറ്റം വരെയും പോകും. മാന്യമായി വരിനില്‍ക്കുന്നവരുടെ തോളില്‍ ചവിട്ടി സംഘബലത്തിന്റെ പിന്‍ബലത്തോടെ ചാടിക്കടന്നൊക്കെ ടിക്കറ്റെടുത്ത ചോരത്തിളപ്പിന്റെ കാലം. ഒരു സിനിമ പോലും റിലീസ് ദിനം ടിക്കറ്റ് കിട്ടാതെ പോയിട്ടില്ല. ജയറാമും ശ്രീനിവാസനും സുപര്‍ണ്ണയും ജഗതിയുമൊക്കെ തകര്‍ത്തഭിനയിച്ച ‘നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം’ എന്ന സിനിമ തിരുവനന്തപുരം അതുല്യ തിയേറ്ററില്‍ 1.50 രൂപ ടിക്കറ്റില്‍ ഏറ്റവും മുന്നിലത്തെ വരിയിലെ മൂലയിലിരുന്ന് കണ്ടത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അതിനു മുമ്പോ പിമ്പോ അങ്ങനിരുന്നൊരു സിനിമ കാണേണ്ടി വന്നിട്ടില്ല. ഇതൊക്കെ ഓര്‍ക്കാന്‍ കാരണമുണ്ട്. ഏറെക്കാലത്തിനു ശേഷം ആദ്യ ദിനം ആദ്യ ഷോ ഒരു സിനിമ കണ്ടു -ടിയാന്‍. അതിനാലാണ് എഴുതാന്‍ തീരുമാനിച്ചത്. അവലോകനമെഴുതാന്‍ സിനിമയുടെ സാങ്കേതികതയും വ്യാകരണവുമറിയാവുന്ന പണ്ഡിതനല്ല. ഒരു ആസ്വാദനം എന്നു വേണമെങ്കില്‍ പറയാം. എനിക്ക് സിനിമ ഇഷ്ടമായി.
തിരക്കുകള്‍ കാരണം കുറച്ചു ദിവസമായി തിയേറ്ററില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അതിനൊരു പരിഹാരമെന്ന നിലയിലാണ് കുറഞ്ഞത് 2 സിനിമയെങ്കിലും കാണണം എന്ന ലക്ഷ്യവുമായി വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. പൃഥ്വിരാജിന്റെ ടിയാന്‍ റിലീസ് ആണെന്ന് അറിയാമായിരുന്നെങ്കിലും അതു കാണാന്‍ പദ്ധതിയുണ്ടായിരുന്നില്ല -ടിക്കറ്റിനായി ഇടികൂടാന്‍ ഇപ്പോള്‍ ശേഷിയില്ല എന്നതു തന്നെ. ഏതെങ്കിലും തിയേറ്ററില്‍ കയറുക എന്ന ഉദ്ദേശ്യവുമായി കാര്‍ സംഗീത കോളേജിനു സമീപം സൗകര്യപൂര്‍വ്വം നിര്‍ത്തിയിട്ട് ഇറങ്ങി നടന്നു. കൈരളി തിയേറ്ററിനു മുന്നിലെ തട്ടുകടയില്‍ കൈയിലൊരു ഗ്ലാസ് ചായയുമായി നില്‍ക്കുമ്പോള്‍ റോഡില്‍ വലിയൊരാരവം. ഒരു സംഘം ചെറുപ്പക്കാര്‍ -അതില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല -പൃഥ്വിയുടെ മുഖംമൂടികളുമണിഞ്ഞ് സ്‌കൂട്ടറില്‍ റാലി നടത്തുന്നു. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയൊക്കെയുണ്ട്. ടിയാനെ വരവേല്‍ക്കുകയാണ്. പണ്ട് സിനിമയുടെ പെട്ടി തിയേറ്ററിലേക്കു കൊണ്ടു വരുന്നത് ആഘോഷിക്കുന്നതു കണ്ടിട്ടുണ്ട്. ഇപ്പോള്‍ പെട്ടിയില്ലല്ലോ. ഉപഗ്രഹം മുഖേന നേരിട്ട് പ്രൊജക്ടറിലെത്തുകയല്ലേ!
ചായ കുടിക്കുന്നതിനിടെയാണ് കൈരളി കോംപ്ലക്‌സിലെ നിള തിയേറ്ററിലെ പോസ്റ്റര്‍ കണ്ടത് -ടിയാന്‍. കൈരളിയില്‍ സുഹൃത്ത് രാജേഷ് ജോലി ചെയ്യുന്നുണ്ട്. രാജേഷ് മുഖേന ടിയാന്‍ ടിക്കറ്റ് സംഘടിപ്പിക്കാമെന്ന ആശയം പെട്ടെന്നാണ് തലച്ചോറില്‍ മിന്നിയത്. റോഡ് മറികടന്ന് കൈരളി ലക്ഷ്യമാക്കി നടന്നു. തിയേറ്ററിനകത്തേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോഴാണ് ഒരു വിളി -‘ചേട്ടാ’. നിതിനാണ്, പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്. ‘ടിയാന്‍ കാണാമെന്നു കരുതി’ -ഞാന്‍ നയം വ്യക്തമാക്കി. ‘ചേട്ടന്‍ ന്യൂ തിയേറ്ററിലേക്കു വാ. നമ്മുടെ പയ്യന്മാരെല്ലാം അവിടെയാണ്. ടിക്കറ്റ് ഞാന്‍ താരം’ -നിതിന്റെ മറുപടി. ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാരനെ അവന്‍ പരിചയപ്പെടുത്തി -‘ചേട്ടാ, ഇത് ആനന്ദ്. ടിയാന്റെ ഡിസൈനറാണ്. എസ്രയിലും ഉണ്ടായിരുന്നു’. ഞാന്‍ ആനന്ദിന് കൈകൊടുത്തു. എന്നിട്ട് മൂവരും ന്യൂ തിയേറ്റര്‍ ലക്ഷ്യമാക്കി നടന്നു. ന്യൂ തിയേറ്ററിനു മുന്നില്‍ പൂരപ്പറമ്പിനുള്ള ആളുണ്ട്. നേരത്തേ റാലി നടത്തിയവരും ഹാജര്‍. പക്ഷേ, എത്തിയപാടെ ഒരു ടിക്കറ്റ് നിതിന്‍ കൈയില്‍ തന്നു. നേരത്തേ തയ്യാറാക്കിയ പട്ടിക പ്രകാരമുള്ള ടിക്കറ്റ് വിതരണം ഫാന്‍സ് പയ്യന്‍സ് നടത്തുന്നു. ആകെ ഉത്സവപ്രതീതി. ഒരുപാട് സിനിമകള്‍ റിലീസ് ദിനം കണ്ടിട്ടുണ്ടെങ്കിലും ഫാന്‍സുകാര്‍ക്കൊപ്പം കൂടുന്നത് ആദ്യാനുഭവം.
അല്പം കഴിഞ്ഞപ്പോള്‍ ഒരു പെട്ടി ഓട്ടോയില്‍ വലിയ ആരവവുമായി വേറൊരു സംഘമെത്തി. അവര്‍ അണിഞ്ഞിരുന്നത് ഇന്ദ്രജിത്തിന്റെ മുഖംമൂടികള്‍. ഇന്ദ്രന്റെ ഫാന്‍സാണ്. വെള്ളക്കടലാസുകള്‍ കാറ്റില്‍പ്പറത്തി അവര്‍ തിയേറ്റര്‍ ഇളക്കിമറിച്ചു. ചെറുപ്പക്കാരുടെ ചോരത്തിളപ്പിനൊപ്പം അവരിലൊരാളായി ചാഞ്ചാടി നിന്നപ്പോള്‍ ഞാനും പെട്ടെന്ന് ചെറുപ്പമായതു പോലെ! സിനിമ തുടങ്ങാന്‍ സമയമായതിനാല്‍ അകത്തുകയറി. അവിടെയും ആരവങ്ങള്‍ക്കും കൈയടികള്‍ക്കും ഒരു കുറവുമില്ല. സിനിമ തുടങ്ങിയതോടെ പ്രൊജക്ടര്‍ ലൈറ്റിനു മുന്നിലൂടെ കടലാസുകഷണങ്ങള്‍ പാറിനടന്നു. സ്‌ക്രീനില്‍ മുഴുവന്‍ അതിന്റെ നിഴല്‍. സിനിമയുടെ തുടക്കം ഘനഗംഭീര ശബ്ദത്തിലെ വിവരണത്തോടെയാണ് -മോഹന്‍ലാലിന്റെ ശബ്ദം എളുപ്പത്തില്‍ തിരിച്ചറിഞ്ഞു. ഈ സിനിമയില്‍ മോഹന്‍ലാല്‍ ഉണ്ടെന്നുള്ളത് -ശബ്ദരൂപത്തിലാണെങ്കിലും -എന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവായിരുന്നു. അതില്‍ അത്ഭുതം തോന്നിയില്ല എന്നത് വേറെ കാര്യം. ടിയാന്‍ ടീമിലെ പൃഥ്വിയും മുരളി ഗോപിയും അടുത്ത വര്‍ഷം മോഹന്‍ലാലിന്റെ ചിത്രം ലൂസിഫറിനു വേണ്ടി ഒരുമിക്കുകയാണ്. പൃഥ്വിയുടെ കന്നി സംവിധാന സംരംഭത്തിന് തിരക്കഥ മുരളിയുടേതാണ്. അതിലെ നായകനോടുള്ള ബന്ധം ടിയാനില്‍ കൂടി പ്രാവര്‍ത്തികമാക്കിയതാവാം. ഇടവേളയ്ക്കു ശേഷം സിനിമ തുടങ്ങുമ്പോഴും പിന്നെ അവസാന ഘട്ടത്തിലും മോഹന്‍ലാലിന്റെ സ്വരം പശ്ചാത്തലമാവുന്നുണ്ട്.
When divinity decimates human logic,
Miracles are born.
When courage braves a harsh fate,
Real men are born.
When Miracle meets Man,
Epics are born.
ഇതാണ് ടിയാന്റെ ടാഗ് ലൈന്‍. സിനിമയുടെ ഉള്ളടക്കം ഇതിലുണ്ട്. ‘ദൈവീകത മനുഷ്യ യുക്തിയെ തകര്‍ക്കുമ്പോള്‍ അത്ഭുതങ്ങള്‍ പിറക്കുന്നു. വീരം ദുര്‍വിധിയുമായി കൊമ്പുകോര്‍ക്കുമ്പോള്‍ യഥാര്‍ത്ഥ മനുഷ്യന്‍ പിറക്കുന്നു. അത്ഭുതങ്ങള്‍ മനുഷ്യനെ സന്ധിക്കുമ്പോള്‍ ഇതിഹാസങ്ങള്‍ പിറക്കുന്നു.’ -ഇതാണ് അര്‍ത്ഥം. 2 മണിക്കൂര്‍ 48 മിനിറ്റ് ദൈര്‍ഘ്യമുണ്ട് ഈ സിനിമയ്ക്ക്. മലയാളം സിനിമയാണെങ്കിലും ഇതില്‍ കേരളം ഒരിടത്തും പശ്ചാത്തലമാവുന്നില്ല. ബദരീനാഥില്‍ നിന്ന് ഏതാണ്ട് 600 കിലോമീറ്റര്‍ അകലെ ശങ്കര ഘട്ടം എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഇടവേളയ്ക്കു ശേഷമുള്ള ഭൂതകാല ചിത്രീകരണത്തില്‍ പശ്ചാത്തലം അല്പ സമയത്തേക്ക് മുംബൈ ആവുന്നുണ്ട്.
ശങ്കര ഘട്ടത്തില്‍ വിവിധ മതവിശ്വാസികള്‍ സഹവര്‍ത്തിത്തത്തോടെയാണ് താമസിച്ചിരുന്നത്. സമീപത്തുള്ള ഫാക്ടറിയില്‍ ജോലിക്കായെത്തിയ മലയാളികള്‍ അടക്കമുള്ളവര്‍ അവിടെ താമസമുറപ്പിച്ചതാണ്. വേദപണ്ഡിതനായ പട്ടാഭിരാമ ഗിരിയുടെ വീടിനു ചുറ്റുമായാണ് ആ ആവാസവ്യവസ്ഥ രൂപപ്പെട്ടത്. തലമുറകളായി ഗിരിമാര്‍ അവിടെയാണ് താമസം. പൊടി നിറഞ്ഞ, ശുദ്ധജലം ലഭ്യമല്ലാത്ത ആ നാട്ടില്‍ അതു കിട്ടിയിരുന്നത് ഗിരിയുടെ മുറ്റത്തെ കിണറ്റില്‍ മാത്രമായിരുന്നു. ജാതി-മത വ്യത്യാസമില്ലാതെ വെള്ളം പങ്കിടാന്‍ ഗിരി ഒരു മടിയും കാണിച്ചുമില്ല. ഈ അന്തരീക്ഷത്തിലാണ് അവിടെ ആശ്രമം പടുത്തുയര്‍ത്താന്‍ മഹാശയ ഭഗവാന്‍ എന്ന ആള്‍ദൈവം എത്തുന്നത്. രാജ്യത്തെ കോര്‍പ്പറേറ്റുകളും രാഷ്ട്രീയക്കാരും നടത്തുന്ന എല്ലാവിധ കൊള്ളരുതായ്മകള്‍ക്കും മറയൊരുക്കുന്നയാളാണ് മഹാശയന്‍. പരമശിവന്റെ അവതാരമാണെന്നു സ്വയം അവകാശപ്പെടുന്നയാള്‍. ഭീഷണിപ്പെടുത്തിയും കൈയേറ്റം ചെയ്തും മറ്റും ഒരു വിഭാഗത്തെ അവിടെ നിന്നു തുരത്തിയും മറ്റൊരു വിഭാഗത്തെ വിശ്വാസികളാക്കി മാറ്റിയും മഹാശയന്റെ അനുയായികള്‍ ശങ്കര ഘട്ടത്തില്‍ ആധിപത്യം ഉറപ്പിക്കുന്നു. എന്നാല്‍ പട്ടാഭിരാമ ഗിരിയുടെ തറവാട് മാത്രം അവര്‍ക്ക് കൈവശപ്പെടുത്താന്‍ സാധിക്കുന്നില്ല. അതിനുവേണ്ടിയുള്ള മഹാശയന്റെ ശ്രമങ്ങളും ഗിരിയുടെ ചെറുത്തുനില്പുമാണ് സിനിമയുടെ കേന്ദ്രബിന്ദു. പോരാടാനുറച്ച ഗിരിയെ ദുരന്തങ്ങള്‍ ഒന്നൊന്നായി പിടികൂടുമ്പോള്‍ അയാളെ തുണയ്ക്കാന്‍ ഒരു അജ്ഞാതശക്തിയുടെ ആവിര്‍ഭാവം -അസ്ലന്‍ മുഹമ്മദ് -സംഭവിക്കുകയാണ്. ആള്‍ദൈവത്തിനെതിരായ ഗിരിയുടെ പോരാട്ടത്തില്‍ പിന്നീട് അസ്ലനും പങ്കാളിയാണ്, നേരിട്ടല്ലെങ്കിലും.
സിനിമയ്ക്ക് 2 ഘട്ടങ്ങളുണ്ട്. രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പാത്രസൃഷ്ടിക്കും പരിചയപ്പെടുത്തലിനും ആദ്യ പകുതി നീക്കിവെച്ചിരിക്കുന്നു. ഗോമാംസം തിന്നതിന്റെ പേരില്‍ മകനെ ലോക്കപ്പില്‍ പിടിച്ചിട്ട് മര്‍ദ്ദിക്കുന്ന പൊലീസുകാരനെ ഒരു ഭാഗത്തും ‘good quality beef’ എന്ന ആസ്വാദനത്തോടെ ഗോമാംസം ഭക്ഷിക്കുന്ന ആള്‍ദൈവത്തിന്റെ ശിങ്കിടികളെ മറുഭാഗത്തും വെച്ച് ചിലതൊക്കെ നമ്മോട് പറയുന്നുണ്ട്. ആള്‍ദൈവത്തിന്റെ ഗുണ്ടകളോട് ചര്‍ച്ചയ്ക്കു പോകാനൊരുങ്ങുന്ന ഗിരിയെ തടഞ്ഞുകൊണ്ട് ഭാര്യ അംബ ചോദിക്കുന്ന ചോദ്യമുണ്ട് -‘ആ ഡി.വൈ.എഫ്.ഐക്കാരോട് പറഞ്ഞാല്‍ പോരെ? ഇവിടെന്താ ഡി.വൈ.എഫ്.ഐ. ഇല്ലേ?’ ചോദ്യം കേട്ട് അമ്പരന്നു നില്‍ക്കുന്ന ഗിരിക്ക് അംബ വിശദീകരിച്ചു കൊടുക്കുന്നുണ്ട് -‘ഡി.വൈ.എഫ്.ഐക്കാര്‍ ഇടപെട്ടാല്‍ ഒന്നുകില്‍ അവര്‍ പ്രശ്‌നം പരിഹരിക്കും. ഇല്ലെങ്കില്‍ അവര്‍ പ്രശ്‌നം ഏറ്റെടുത്ത് മറ്റവരെ നേരിട്ടുകൊള്ളും. നമുക്ക് വേറെ ജോലിയില്ല!!’
രണ്ടാം പകുതി കുറച്ചുകൂടി ചടുലമാണ് -അസ്ലന്‍ മുഹമ്മദിന്റെ പൂര്‍വ്വകാല അധോലോക ജീവിതവും പട്ടാഭിരാമ ഗിരിയുടെ പോരാട്ടത്തിന്റെ ലക്ഷ്യവേധവും ഉദ്വേഗമുണര്‍ത്തും. അസ്ലന്റെ ഭൂതകാലം ഒരു തട്ടുപൊളിപ്പന്‍ ആക്ഷന്‍ സിനിമയെ അനുസ്മരിപ്പിക്കുന്നുണ്ട്. ഗിരി അതിമാനുഷ കഴിവുകള്‍ പ്രകടമാക്കുന്ന സംഘട്ടന രംഗവും ഈ ഗണത്തില്‍പ്പെടുത്താം. പക്ഷേ, ഈ സംഘട്ടനങ്ങള്‍ സിനിമയുടെ പൂര്‍ണ്ണതയെ ബാധിച്ചതായി എനിക്കു തോന്നിയില്ല. അസ്ലനു സംഭവിക്കുന്ന മാറ്റം ചിത്രീകരിക്കുമ്പോള്‍ യഥാര്‍ത്ഥ സംന്യാസമെന്തെന്നു വരച്ചുകാട്ടാനുള്ള ശ്രമം കാണാം. ഇതിനിടെ കടന്നുവരുന്ന 2015ലെ കുംഭ മേളയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആനന്ദം പകരം.
അല്ലാഹുവിന്റെ കൈയൊപ്പുള്ള അസ്ലന്‍ മുഹമ്മദ് എത്തുന്നത് പട്ടാഭിരാമ ഗിരിയെന്ന ബ്രാഹ്മണനെ സഹായിക്കാനാണ്. അതിനുള്ള ശക്തി അല്ലെങ്കില്‍ ഊര്‍ജ്ജം അസ്ലന്‍ നേടിയത് ഹൈന്ദവ സംന്യാസിമാരുമായുള്ള സഹവര്‍ത്തിത്വത്തിലൂടെ. ഹൈന്ദവസൂക്തങ്ങള്‍ സ്വീകരിക്കുമ്പോഴും അവസാനം വരെ മുസല്‍മാനായി തുടരാന്‍ നിയോഗമുള്ളവനാണ് അസ്ലന്‍. അസ്ലന് ഈ നിയോഗം ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നത് ഋഷിവര്യന്‍ തന്നെയാണ്. യഥാര്‍ത്ഥ ഹിന്ദുവിന്റെയും യഥാര്‍ത്ഥ മുസ്ലിമിന്റെയും വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന 2 കഥാപാത്രങ്ങള്‍ മതത്തിന്റെ പേരില്‍ കച്ചവടം നടത്തുന്ന കള്ളസംന്യാസിയുടെ പതനത്തിന് കാരണമാവുന്നു. ഹൈന്ദവ സംസ്‌കാരം എന്തെന്നു വരച്ചുകാട്ടുമ്പോള്‍ തന്നെ ഹിന്ദു മതത്തില്‍ നിലനില്‍ക്കുന്ന ആള്‍ദൈവങ്ങളെയും ജാതി വേര്‍തിരിവുകളെയും തുറന്നുകാട്ടാന്‍ സിനിമ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. എല്ലാ മതസ്ഥരെയും അവരുടെ സ്വത്വം നിലനിര്‍ത്തി ഉള്‍ക്കൊള്ളുന്നതാണ് യഥാര്‍ത്ഥ ഹൈന്ദവത എന്ന് സിനിമ പറഞ്ഞുവെയ്ക്കുന്നു. മതത്തിന്റെ പേരില്‍ വേലിക്കെട്ടുകള്‍ തീര്‍ക്കാത്തതാണ് യഥാര്‍ത്ഥ ആത്മീയതയെന്നും ടിയാന്‍ വ്യക്തമാക്കിത്തരുന്നുണ്ട്.
പട്ടാഭിരാമ ഗിരിയെന്ന വേദപണ്ഡിതനായി ഇന്ദ്രജിത്താണ്. ഗിരിയെ സഹായിക്കാന്‍ ദൈവത്തിന്റെ കൈയൊപ്പുമായെത്തുന്ന അസ്ലന്‍ പൃഥ്വിരാജും. മഹാശയ ഭഗവാന്‍ എന്ന ആള്‍ദൈവമായി മുരളി ഗോപി സ്‌ക്രീനില്‍ തിളങ്ങുന്നു. ചേട്ടന്‍ ഇന്ദ്രന് സ്‌ക്രീനില്‍ കൂടുതല്‍ സമയം അനുവദിക്കുന്നതില്‍ പൃഥ്വി കാര്യമായി തന്നെ കനിഞ്ഞിട്ടുണ്ട്. ബുദ്ധിമാനായ നടനാണെന്ന് പൃഥ്വിയോട് സംസാരിച്ചപ്പോള്‍ നേരത്തേ തന്നെ അനുഭവപ്പെട്ടിട്ടുണ്ട്. ടൈറ്റില്‍ റോളാണെങ്കിലും പൃഥ്വിയുടെ കഥാപാത്രം അല്പം ഒതുക്കത്തിലാണ്. ഈ ഒതുക്കത്തില്‍ ആ നടന്റെ ബുദ്ധി പ്രകടം. സിനിമയുടെ വിജയത്തിന് ഇതാവശ്യമാണെന്ന തിരിച്ചറിവ്. യുവാവായുള്ള ഭൂതകാലം പൃഥ്വിയുടെ നിലവാരത്തിലുള്ള നടന് തീര്‍ത്തും അനായാസം കൈകാര്യം ചെയ്യാവുന്നതാണെങ്കില്‍ ജരാനരകള്‍ ബാധിച്ച അവധൂതന്‍ ആവശ്യപ്പെട്ടത് അച്ചടക്കവും തെളിമയുമുള്ള അഭിനയപ്രകടനമായിരുന്നു. അക്കാര്യത്തില്‍ പൃഥ്വി വിജയം വരിച്ചു.
നല്ല തിരക്കഥകളുടെ പിന്തുണയുള്ള വേഷങ്ങള്‍ മികച്ചതാക്കുന്ന പതിവ് ടിയാനിലും ഇന്ദന്‍ തെറ്റിച്ചില്ല. മുരളിയുടെ തിരക്കഥകളില്‍ ഇന്ദ്രന് ഒരു പ്രത്യേക ഊര്‍ജ്ജമാണ്. വേദങ്ങളില്‍ പഠിച്ച വസ്തുതകളും ജീവിതവിജയത്തിനായി ചെയ്യേണ്ടി വരുന്ന കര്‍മ്മങ്ങളും തമ്മിലുള്ള വേര്‍തിരിവിന്റെ മാനസികസംഘര്‍ഷം മികച്ച രീതിയില്‍ ആ മുഖത്ത് പ്രതിഫലിപ്പിച്ചു. പട്ടാഭിരാമ ഗിരി അദ്ദേഹത്തിന്റെ അഭിനയത്തിലെ വഴിത്തിരിവാണ്. ആള്‍ദൈവത്തിന്റെ കുടിലനോട്ടവും ശരീരചലനങ്ങളും വിശ്വാസയോഗ്യമാക്കാന്‍ മുരളിക്കും സാധിച്ചു. ക്രൗര്യവും കുടിലതയും നിറഞ്ഞ വ്യക്തിത്വം അവസാനഘട്ടത്തില്‍ ഭീതിയുടെ പിടിയിലമരുന്നത് അത്ഭുതത്തോടെ കണ്ടിരുന്നു. അഭിനയത്തോടൊപ്പം രചയിതാവായും ഗായകനായുമെല്ലാം അദ്ദേഹം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ആള്‍ദൈവം എന്ന രൂപത്തിലെത്തുന്ന കള്ളനാണയങ്ങളെ തുറന്നുകാണിക്കുന്നുവെങ്കിലും മതവികാരം വൃണപ്പെടുത്താതിരിക്കുന്നതില്‍ വിജയിച്ചു എന്നതില്‍ തിരക്കഥാകൃത്തു കൂടിയായ മുരളി ഗോപിക്ക് അഭിമാനിക്കാം.
സംവിധായകനെക്കുറിച്ച് നേരത്തേ പറയാതിരുന്നത് മനഃപൂര്‍വ്വമല്ല. നേരിട്ടു പരിചയവമുള്ളവരെക്കുറിച്ച് ആദ്യം പറഞ്ഞപ്പോള്‍ ജിയെന്‍ കൃഷ്ണകുമാര്‍ പിന്നിലേക്കു മാറിയതാണ്. സംവിധായകന്റെ കൈയൊപ്പുള്ള സിനിമ എന്ന് ടിയാനെ ഞാന്‍ പറയും. മുരളി എഴുതിവെച്ചത് പൂര്‍ണ്ണമായ ആത്മാര്‍ത്ഥതയോടെ ദൃശ്യവത്കരിക്കുന്നതില്‍ കൃഷ്ണകുമാര്‍ വിജയിച്ചിട്ടുണ്ട്. വെയിലും പൊടിയും നിറഞ്ഞ ഉത്തരേന്ത്യന്‍ പശ്ചാത്തലം അതിന്റെ എല്ലാ രൗദ്രതയോടും കൂടി ക്യാമറയിലാക്കിയ ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പും കൈയടി അര്‍ഹിക്കുന്നു. ഉപയോഗിച്ച കളര്‍ ടോണും വിശാലമായ ഫ്രെയിമുകളും അത്ഭുതപ്പെടുത്തും. ഗോപിസുന്ദറിന്റെ പശ്ചാത്തലസംഗീതവും സിനിമയുടെ പൂര്‍ണ്ണതയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഒരു കാലത്ത് അമിതാഭ് ബച്ചന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ അവിഭാജ്യ ഘടകമായിരുന്ന വില്ലന്‍ രഞ്ജീത് ടിയാനിലെ ഖാന്‍ സാഹിബ് എന്ന കഥാപാത്രമായി ആദ്യമായി മലയാളത്തിലെത്തുന്നു. പ്രായമേറിയെങ്കിലും വില്ലത്തരത്തിന് കുറവൊട്ടുമില്ല തന്നെ. ചെറുതെങ്കിലും നിര്‍ണ്ണായകമായ കഥാപാത്രമാണ് പത്മപ്രിയയുടെ വസുന്ധരാ ദേവി. സാഹചര്യങ്ങള്‍ക്കനുസരിച്ച് അപ്പുറവും ഇപ്പുറവും ചേര്‍ന്ന് ചാഞ്ചാടിക്കളിക്കുന്ന ജയന്തന്‍ നായര്‍ എന്ന കഥാപാത്രം സുരാജിന്റെ വ്യത്യസ്ത മുഖം വരച്ചുകാട്ടി. പട്ടാഭിരാമ ഗിരിയുടെ ഭാര്യ അംബയായി എത്തിയ അനന്യയ്ക്കും അസ്ലന്‍ മുഹമ്മദിന്റെ ഭാര്യയായെത്തിയ മൃദുല സാത്തെയ്ക്കും വലുതായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഇന്ദ്രജിത്തിന്റെ ഇളയമകള്‍ നക്ഷത്ര ടിയാനില്‍ അരങ്ങേറ്റം കുറിച്ചു -ആര്യ ഗിരിയായി. സ്‌ക്രീനിലും ഇന്ദ്രന്‍ തന്നെ അച്ഛന്‍. ജമീല്‍ അസ്‌കാരി ആയെത്തിയ ഷൈന്‍ ടോം ചാക്കോ, അനില്‍ രാഘവന്‍ എന്ന മാധ്യമപ്രവര്‍ത്തകനായെത്തിയ രാഹുല്‍ മാധവ്, വേദ വിദ്യാര്‍ത്ഥിനി എലന്‍ റിച്ചാര്‍ഡ് എന്ന വിദേശ വനിതയായെത്തിയ പാരീസ് ലക്ഷ്മി, മുത്താസിം അലി ഖാന്‍ ആയെത്തിയ ജോണ്‍ കൊക്കന്‍, മഹാശയന്റെ കുടില സംഘാംഗമായെത്തിയ പ്രകാശ് ബാരെ എന്നിവര്‍ മറ്റു ശ്രദ്ധേയ വേഷക്കാര്‍. ഖുശാല്‍ ഖോര്‍പഡെ ആയെത്തിയ രവി സിങ്, വിക്രം സിങ് യാദവ് ആയെത്തിയ രജത് മഹാജന്‍, രാംനാഥ് ഗുജ്ജര്‍ ആയെത്തിയ അമിത് തിവാരി എന്നിവര്‍ സാന്നിദ്ധ്യമറിയിച്ച അന്യഭാഷാ നടന്മാര്‍.
തിരുവന്തപുരം ഗവ. ആര്‍ട്‌സ് കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ഞാന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു -1991ലെ കഥയാണ്. അന്നവിടെ രൂപം നല്‍കിയ ഗാനമേള ട്രൂപ്പിലെ പ്രധാന ഗായകനായിരുന്നു ജി.മുരളീകൃഷ്ണന്‍ എന്ന മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥി. സൂപ്പര്‍ ഹിറ്റ് ഹിന്ദി പാട്ടുകള്‍ പാടി പെണ്‍കുട്ടികളുടെ ഹൃദയങ്ങള്‍ കീഴടക്കിയവന്‍. എന്നാല്‍, മറ്റുള്ളവരോട് സംസാരിക്കാന്‍ അങ്ങേയറ്റം മടിയുള്ള നാണംകുണുങ്ങി. ആ മുരളീകൃഷ്ണന്റെ ശബ്ദത്തില്‍ ‘ബം ബം ശിവ ബോലെ’ എന്ന പാട്ട് തിയേറ്ററില്‍ മുഴങ്ങിക്കേട്ടപ്പോള്‍ രോമകൂപങ്ങള്‍ എഴുന്നുനിന്നു. ആ പഴയ മുരളീകൃഷ്ണന്‍ ഇന്ന് ഏവരും അറിയുന്ന മുരളി ഗോപിയായി മാറി എന്നു മാത്രം.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ തീം സോങ്ങിനു ശേഷം മുരളിയുടെ മറ്റൊരു ഹിറ്റായിരിക്കും ഈ ഗാനം. ടിയാന്‍ ആല്‍ബത്തില്‍ വിജയ് യേശുദാസും ബിന്ദുവും ഒപ്പം സംഗീതസംവിധായകന്‍ ഗോപിസുന്ദര്‍ തന്നെ പാടിയതും ചേര്‍ത്ത് 4 പാട്ടുകളുണ്ട്. സിനിമയുടെ ദൈര്‍ഘ്യം നിമിത്തമാണെന്നു തോന്നുന്നു മുരളിയുടെ ‘ബം ബം ശിവ ബോലെ’യും ഗോപിസുന്ദറിന്റെ ‘നേതി’യും മാത്രമേ സ്‌ക്രീനിലുള്ളൂ.
തുടക്കം മുതല്‍ ഒടുക്കം വരെ അങ്ങേയറ്റം പ്രേക്ഷകശ്രദ്ധ ആവശ്യപ്പെടുന്ന സിനിമയാണ് ടിയാന്‍. ഒരു നിമിഷം ശ്രദ്ധ പാളിയാല്‍ പിടി വിട്ടുപോകും. മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ചെലവുള്ള സിനിമകളിലൊന്നാണിത് -25 കോടി രൂപ. 1971 എടുത്ത് കൈപൊള്ളിയ ഹനീഫ് മുഹമ്മദിന്റെ മറ്റൊരു ചൂതാട്ടം. ടിയാന്റെ വിധി എന്താകും? ഒരു പ്രവചനരൂപത്തില്‍ ഞാന്‍ പറഞ്ഞുവെയ്ക്കുകയാണ് -ഒന്നുകില്‍ ഇതൊരു വമ്പന്‍ ഹിറ്റ്; അല്ലെങ്കില്‍ തകര്‍ന്ന് തരിപ്പണമാകും. ഇതിനിടയിലൊരു വിധി ഈ സിനിമയ്ക്കില്ല തന്നെ. ഹിറ്റിലേക്കു നീങ്ങുന്നു എന്ന വാര്‍ത്തകള്‍ വരുന്നത് ആഹ്ലാദം പകരുന്നു എന്നു കൂടി പറയട്ടെ.
Write. But 2nd half….
Why they kill child this is film
സെക്കന്റ് ഹാഫ് വെറും കൂറ
ആരിനി എന്ത് പറഞ്ഞാലും
ഒരു നോവൽ ആക്കാൻ കൊള്ളാം