HomeGOVERNANCEഭാഗ്യം, ഞാന്‍...

ഭാഗ്യം, ഞാന്‍ ജീവിക്കുന്നത് കേരളത്തിലാണ്

-

Reading Time: 6 minutes

മൂന്ന് വയസ്സുകാരന്‍ കണ്ണന്‍ അടുത്ത് കട്ടിലില്‍ കിടന്നുറങ്ങുന്നു. ഞാന്‍ ഇടയ്ക്കിടെ അവന്റെ നെറ്റിയില്‍ കൈവെച്ച് നോക്കുന്നുണ്ട്. അല്പം മുമ്പ് അവന്റെ ഡോക്ടറായ ജ്യോതിഷ് ചന്ദ്രയുടെ വീട്ടില്‍ വെച്ച് പനി നോക്കിയപ്പോള്‍ 102 ഡിഗ്രി ഉണ്ടായിരുന്നു. മെഫ്താലും മാക്‌സ്ട്രയും ലിവോളിനുമെല്ലാം അദ്ദേഹം എഴുതിയിട്ടുണ്ട്. മരുന്ന് ഫലിക്കുന്നതാണെന്നു തോന്നുന്നു, പനി കുറയുന്നുണ്ട്. മറ്റെന്തും ഞാന്‍ സഹിക്കും, കണ്ണന് ചെറിയൊരു തുമ്മല്‍ വന്നാല്‍ പോലും എനിക്ക് ടെന്‍ഷനാണ്. ആ ടെന്‍ഷന്‍ അല്പമെങ്കിലും കുറയ്ക്കുന്നത് നമ്മുടെ ചികിത്സാസംവിധാനങ്ങളിലുള്ള വിശ്വാസമാണ്. അതില്ലാത്ത ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല.

കണ്ണന്‍

ജീവിതത്തിലനുഭവിച്ച ഏറ്റവും വലിയ പ്രതിസന്ധി ഏതെന്നറിയുമോ? 2014 മെയില്‍ മകന്റെ ജനനവുമായി ബന്ധപ്പെട്ടുണ്ടായത് തന്നെ. വെന്റിലേറ്റര്‍ എന്താണെന്ന് ആദ്യമായി അറിഞ്ഞതും അനുഭവിച്ചതും അപ്പോഴാണ്. നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഞങ്ങളുടെ ഇരുണ്ട ജീവിതത്തിലേക്ക് പ്രകാശമായി അവന്‍ ഭ്രൂണ രൂപത്തില്‍ അവതരിച്ചത്. ഗര്‍ഭിണി ആയ ശേഷവും ആറാം മാസം വരെ ദേവിക പതിവുപോലെ കോളേജില്‍ പോകുകയും പഠിപ്പിക്കുകയുമെല്ലാം ചെയ്തിരുന്നു. ഏഴാം മാസം തുടങ്ങിയതോടെ കോളേജില്‍ അവധിക്കാലമായി. തിരക്കിട്ട ജീവിതചര്യ വിശ്രമത്തിന് വഴിമാറിയതോടെ പ്രശ്‌നങ്ങളുമായി. രക്തസമ്മര്‍ദ്ദത്തില്‍ വന്‍ വ്യതിയാനം. അതോടെ ഞങ്ങള്‍ താമസം ആസ്പത്രിയിലേക്കു മാറ്രി.

2014 മെയ് 12ന് വൈകുന്നേരം 4 മണിയോടെ ദേവിയുടെ ഡോക്ടറായ അനിത പിള്ള അക്കാര്യം പറഞ്ഞു -‘അമ്മയില്‍ നിന്ന് കുഞ്ഞിലേക്കുള്ള പൊക്കിള്‍ക്കൊടി ബന്ധം പൂര്‍ണ്ണമായി മുറിഞ്ഞിരിക്കുന്നു. കുഞ്ഞിനെ പുറത്തെടുക്കണം.’ പൊക്കിള്‍ക്കൊടി ബന്ധം മുറിഞ്ഞു എന്നാല്‍ കഴിഞ്ഞു എന്നര്‍ത്ഥം. അമ്മയെ രക്ഷിക്കാന്‍ ശസ്ത്രക്രിയ കൂടിയേ കഴിയൂ. ‘പ്രാര്‍ത്ഥിക്കൂ’ എന്നു മാത്രം ഡോക്ടര്‍ പറഞ്ഞു. ദേവിയുടെ രക്തസമ്മര്‍ദ്ദം സര്‍വ്വസീമകളും ലംഘിച്ചു. ഒടുവില്‍ സന്ധ്യയ്ക്ക് 6.19ന് ഏഴാം മാസത്തില്‍ കുഞ്ഞിനെ പുറത്തെടുത്തു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവന്‍ ഞരങ്ങി. ഇത്തരമൊരു സാഹചര്യമുണ്ടാവുകയാണെങ്കില്‍ നേരിടുന്നതിന് കൂടുതല്‍ സൗകര്യങ്ങളുള്ള കിംസില്‍ ഡോ.അനിത പിള്ള തന്നെ സംസാരിച്ച് സൗകര്യങ്ങളൊരുക്കിയിരുന്നു. കണ്ണനെയും കൊണ്ട് ആംബുലന്‍സ് കിംസിലേക്കു പാഞ്ഞു. സുഹൃത്ത് മനോജിന്റെ കാറില്‍ ഞാനും പിന്നാലെ.

കുഞ്ഞിന്റെ മൃതദേഹവും പൊതിഞ്ഞുകെട്ടി ഗോരഖ്പുര്‍ ആസ്പത്രിക്കു മുന്നില്‍ നില്‍ക്കുന്ന അച്ഛന്‍

കണ്ണനെ എത്തിക്കുമ്പോള്‍ കിംസില്‍ നിയോനേറ്റോളജിസ്റ്റ് ഡോ.നവീന്‍ ജയിനിന്റെ നിര്‍ദ്ദേശപ്രകാരം വെന്റിലേറ്റര്‍ തയ്യാര്‍. എന്റെ ഉള്ളം കൈയില്‍ ഒതുങ്ങാന്‍ മാത്രം വലിപ്പമുള്ള കണ്ണനെ വെന്റിലേറ്ററില്‍ വെച്ചത് ഞാന്‍ തന്നെ. ഭാര്യ ഒരാസ്പത്രിയില്‍, മകന്‍ മറ്റൊരാസ്പത്രിയില്‍. രണ്ടു പേരും അതീവഗുരുതരാവസ്ഥയില്‍. ശത്രുക്കള്‍ക്കു പോലും ഈ ഗതി വരുത്തരുതേ എന്ന് പ്രാര്‍ത്ഥിച്ചുപോയ നിമിഷം. ഒരിടത്ത് ഭര്‍ത്താവെന്ന നിലയിലും മറ്റിടത്ത് അച്ഛന്‍ എന്ന നിലയിലും പ്രവേശനം എനിക്കു മാത്രം. ഒരാളുടെയടുത്ത് എത്തുമ്പോള്‍ മറ്റെയാളുടെയടുത്ത് ആളില്ലാത്ത അവസ്ഥ. ഇവിടെയെല്ലാം കരുത്തായത് ഡോക്ടര്‍മാരിലും ചികിത്സാ സംവിധാനങ്ങളിലുമുള്ള വിശ്വാസം. ഒപ്പം നേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന വെള്ള വസ്ത്രമണിഞ്ഞ മാലാഖമാരും.

കുഞ്ഞിന്റെ മൃതദേഹവും പൊതിഞ്ഞുകെട്ടി ഗോരഖ്പുര്‍ ആസ്പത്രിക്കു മുന്നില്‍ നില്‍ക്കുന്ന അച്ഛന്‍

മാസം തികയാതെ അവതരിച്ച കണ്ണനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മേന്മ. ഒരു തവണ അവന്റെ ശരീരത്തിലെ രക്തം പൂര്‍ണ്ണമായി മാറ്റി. രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് ആ കുഞ്ഞുശരീരം വിധേയനായി. ഇതെല്ലാം 6 മാസം പ്രായം തികയും മുമ്പ്. എല്ലാം വിശ്വസിച്ച് ഡോക്ടര്‍മാരെ ഏല്പിച്ചു. 6 മാസം തികഞ്ഞ ശേഷമാണ് അവനെ ഞങ്ങള്‍ മറ്റുള്ളവരെ കാണിച്ചതു തന്നെ. കണ്ണന്റെ ജനനം ഓര്‍ക്കുമ്പോള്‍ ആ രണ്ടു ഡോക്ടര്‍മാരുടെ കൈപ്പുണ്യം ഓര്‍മ്മയിലേക്ക് ഓടിയെത്തും -ഡോ.അനിതാ പിള്ളയുടെയും ഡോ.നവീന്‍ ജയിനിന്റെയും. കണ്ണന് അന്ന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്നത് ചിന്തിക്കാന്‍ പോലുമാവില്ല. കണ്ണന്റെ വരവിനെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ മിറക്കിള്‍ എന്നു വിളിക്കുന്നു. ശാസ്ത്രത്തിന്റെ മികവും ദൈവത്തിന്റെ അനുഗ്രഹവും ഒത്തുചേര്‍ന്നപ്പോള്‍ അവനിന്ന്, മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം സുരക്ഷിതനായി ഞങ്ങള്‍ക്കൊപ്പമുണ്ട്, ഇപ്പോള്‍ പനിബാധിതന്‍ ആണെങ്കിലും.

ഗോരഖ്പുര്‍ ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വാര്‍ഡ്

ഇപ്പോള്‍ ഇത് ചിന്തിക്കാന്‍ കാരണമുണ്ട്. കണ്ണന്റെ പനിക്കിടക്കയ്ക്ക് അരികിലിരുന്ന് ടെലിവിഷന്‍ വാര്‍ത്തകളിലൂടെ കണ്ണോടിക്കുമ്പോള്‍ തെളിഞ്ഞത് ഗോരഖ്പുരില്‍ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ ആര്‍ത്തനാദം. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ ജാപ്പനീസ് എന്‍സഫലിറ്റിസ് എന്ന മാരകരോഗത്തിന്റെ ‘സന്ദര്‍ശനം’ എല്ലാ വര്‍ഷവും സംഭവിക്കാറുണ്ട്. ഇത്തവണ ഗോരഖ്പുര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജീവന്‍ വെടിഞ്ഞത് 76 കൂട്ടികള്‍. പക്ഷേ, രോഗബാധ കൊണ്ടു മാത്രമാണോ ഈ മരണങ്ങള്‍ സംഭവിച്ചത്? അല്ല തന്നെ. ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തതയാണ് കാരണം. അതില്‍ പ്രധാനം ഓക്‌സിജന്‍ സിലിന്‍ഡറുകളുടെ കുറവ് അഥവാ ഇല്ലായ്മ തന്നെ. ഓക്‌സിജന്‍ ക്ഷാമത്തിനു കാരണമെന്ത്? ഓക്‌സിജന്‍ വിതരണം ചെയ്ത കമ്പനിക്ക് നല്‍കാനുള്ള കുടിശ്ശിക. 68,58,596 രൂപ കൃത്യസമയത്ത് കൈമാറിയിരുന്നെങ്കില്‍ ജീവന്‍ വെടിഞ്ഞ കുരുന്നുകളില്‍ വലിയൊരു ശതമാനം ഇപ്പോഴും അച്ഛനമ്മമാര്‍ക്കൊപ്പം കളിയും ചിരിയുമായി ഉണ്ടാവുമായിരുന്നു.

കൂട്ട ശിശുമരണമുണ്ടായ ഗോരഖ്പുര്‍ ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡയും എത്തിയപ്പോള്‍

രോഗമുണ്ടാവുമ്പോള്‍ എല്ലാ പ്രതീക്ഷയും ഡോക്ടറില്‍ അര്‍പ്പിച്ച് ചികിത്സ തേടിയാണ് ആരും ആസ്പത്രിയിലെത്തുന്നത്. ആ പ്രതീക്ഷ തകരുമ്പോള്‍ എല്ലാം നഷ്ടപ്പെടുകയാണ്. അതിനു കാരണം ഭരണകൂടത്തിന്റെ പിഴവ് തന്നെ. 1998 മുതല്‍ ഗോരഖ്പുരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ഇപ്പോഴത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പുരില്‍ എന്‍സഫലിറ്റിസ് എത്രമാത്രം മാരകമാണെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. സമാജ്‌വാദി പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ അധികാരത്തിലിരുന്ന വേളയില്‍ ഈ വിഷയം പാര്‍ലമെന്റില്‍ യോഗി ശക്തിയുക്തം ഉന്നയിച്ചിട്ടുമുണ്ട്. എന്‍സഫലിറ്റിസ് മാരക പകര്‍ച്ചവ്യാധിയാണെന്നു പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്വയം മുഖ്യമന്ത്രിയായപ്പോള്‍ ഇതെല്ലാം യോഗി മറന്നുപോയി.

കൂട്ടമരണം ഉണ്ടാവുന്നതിന് ഒരാഴ്ച മുമ്പാണ് ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്. 10 കിടക്കകളുള്ള ഐ.സി.യു. 6 കിടക്കകളുള്ള സി.സി.യു. എന്നിവയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിച്ചു. എന്‍സഫിലിറ്റിസ് ബാധിച്ചിരുന്ന കുട്ടികളെ പാര്‍പ്പിച്ചിരുന്ന വാര്‍ഡും യോഗി സന്ദര്‍ശിക്കുകയുണ്ടായി. സാധാരണനിലയില്‍ മുഖ്യമന്ത്രിയെപ്പോലൊരു വി.ഐ.പി. സന്ദര്‍ശനമുണ്ടാവുമ്പോള്‍ അവിടെയെല്ലാം ശരിയാക്കി ‘വെയ്ക്കുന്ന’ പതിവുണ്ട്. ഇക്കുറി അതും നടന്നില്ലെന്നുണ്ടോ? ഓക്‌സിജന്‍ വിതരണക്കാരന് കുടിശ്ശിക തീര്‍ക്കാനുണ്ടെന്ന വസ്തുത ആരെങ്കിലും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കില്‍? സാധാരണനിലയില്‍ നടക്കാറുള്ള മരണങ്ങള്‍ മാത്രമേ ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും നടന്നിട്ടുള്ളൂ എന്ന് ന്യായീകരണ തൊഴിലാളികള്‍!! ഓക്‌സിജന്‍ വിതരണത്തിലെ തടസ്സമല്ല പ്രശ്‌നകാരണം എന്നും അവര്‍ പറയുന്നു. പക്ഷേ, ഓക്‌സിജന്‍ വിതരണക്കാരായ പുഷ്പ സെയില്‍സിന്റെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തി!!! ഓക്‌സിജനല്ല പ്രശ്‌നമെങ്കില്‍ പിന്നെ ഇതെന്തിനാണാവോ?

തന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണേയെന്ന് ഡോ.കഫീല്‍ ഖാനോട് അപേക്ഷിക്കുന്ന അമ്മ

തന്റെ കാറുമെടുത്ത് ഓക്‌സിജന്‍ സിലിന്‍ഡര്‍ സംഘടിപ്പിക്കാന്‍ ഓടിനടക്കുകയും കുറച്ചു കുഞ്ഞുങ്ങളുടെയെങ്കിലും ജീവന്‍ രക്ഷിക്കുകയും ചെയ്തത് ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം മേധാവി ഡോ.കഫീല്‍ അഹമ്മദ് ഖാനാണ്. ആസ്പത്രിയില്‍ ഓക്‌സിജനെത്തിക്കാന്‍ അദ്ദേഹം അതിര്‍ത്തി രക്ഷാ സേനയുടെ സഹായം അഭ്യര്‍ത്ഥിക്കുകയും അവര്‍ അത് ലഭ്യമാക്കുകയും ചെയ്തു. സ്വന്തം കീശയില്‍ നിന്ന് കാശുമുടക്കി വരെ ഡോ.ഖാന്‍ ഓക്‌സിജന്‍ എത്തിച്ചു. എന്നാല്‍, ഈ ഡോക്ടറെ വില്ലനായി ചിത്രീകരിക്കാനായിരുന്നു സര്‍ക്കാര്‍ അനുകൂലികളുടെ ശ്രമം. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോ.ഖാന്‍ സ്വന്തം ക്ലിനിക്കിലേക്ക് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ കടത്തിക്കൊണ്ടു പോയതാണ് പ്രശ്‌നകാരണമെന്ന് ആസൂത്രിത പ്രചാരണം നടന്നു. അദ്ദേഹത്തെ സസ്‌പെന്‍ഡും ചെയ്തു. കേന്ദ്രീകൃത വിതരണ സംവിധാനമുള്ള ആസ്പത്രിയില്‍ നിന്ന് ഡോ.ഖാന്‍ എങ്ങനെയാണ് ഓക്‌സിജന്‍ കടത്തിയത്? കുപ്പികളില്‍ നിറച്ച് കൊണ്ടുപോയതാണോ!! ഇനി സിലിന്‍ഡര്‍ മൊത്തത്തില്‍ അടിച്ചുകൊണ്ടു പോയതാണെങ്കില്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഡോ.ഖാന്റെ ഭാര്യയുടെ ക്ലിനിക്കില്‍ എത്തിക്കും വരെ ഇത്രയുംകാലം ആരും അറിഞ്ഞില്ലേ? നല്ലതു ചെയ്തതിന്റെ പേരില്‍ ഡോ.ഖാനെ എല്ലാവരും പ്രകീര്‍ത്തിച്ചപ്പോള്‍ മാത്രമാണോ അദ്ദേഹത്തിന്റെ ഓക്‌സിജന്‍ മോഷണം കണ്ടെത്താനായത്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല.

കൂട്ട ശിശുമരണം അന്വേഷിച്ച ഗോരഖ്പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗതേല സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗം

ഈ നിമിഷം വരെ ഓക്‌സിജന്‍ ‘മോഷണ’ത്തിന്റെ പേരില്‍ ഡോ.കഫീല്‍ അഹമ്മദ് ഖാനെതിരെ കേസെടുത്തിട്ടില്ല. ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജിലെ സംഭവവികാസങ്ങളെക്കുറിച്ച് ഗോരഖ്പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗതേല അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഓക്‌സിജന്‍ ക്ഷാമം കുട്ടികളുടെ മരണത്തിനു കാരണമായതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ട് ഡോ.കഫീല്‍ ഖാനെ കുറ്റപ്പെടുത്തുന്നില്ല. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ആര്‍.കെ.മിശ്ര, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.സതീഷ് കുമാര്‍, ചീഫ് ഫാര്‍മസിസ്റ്റ് ഗജാനന്‍ ജയ്‌സ്വാള്‍ തുടങ്ങിയ പേരുകളാണ് ഇപ്പോള്‍ കുറ്റക്കാര്‍ എന്ന നിലയില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഡോ.കഫീല്‍ ഖാനെ കള്ളനാക്കാനുള്ള ശ്രമവും പൊളിഞ്ഞതോടെ യോഗി സര്‍ക്കാരിന്റെ മുഖംമൂടി ആകെ അഴിഞ്ഞുവീണ നിലയിലാണ്.

ഇതിനൊക്കെ അപ്പുറം ഒരു കാര്യം കൂടി യോഗി ആദിത്യനാഥ് ചെയ്തുവെച്ചു. സഹജീവിയുടെ വേദന പങ്കിടുക എന്നത് മനുഷ്യസഹജമാണ്. അതു ചെയ്യാത്തവര്‍ മനുഷ്യര്‍ എന്ന വിളിപ്പേരിന് അര്‍ഹരല്ല തന്നെ. ഉത്തര്‍പ്രദേശ് എന്ന വലിയൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ല എന്നത് വേദനയോടെ മാത്രമേ പറയാനാകൂ. റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ കഥയൊക്കെ നമുക്ക് മറക്കാം. പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ക്കു മേല്‍ ചവിട്ടിനിന്ന് പുല്ലാങ്കുഴല്‍ വായിച്ച യോഗി ആദിത്യനാഥിന്റെ കഥ പറയാം. തങ്ങളുടെ സര്‍വ്വവും നഷ്ടപ്പെട്ട 76 മാതാപിതാക്കള്‍ ദുഃഖാര്‍ത്തരായി വിലപിക്കുമ്പോള്‍ സംസ്ഥാനമൊടുക്ക് ജന്മാഷ്ടമി ആഘോഷങ്ങളില്‍ ഒരു കുറവും വരുത്തരുതെന്ന് ഉത്തരവിട്ട യോഗിയെ സമ്മതിക്കണം!! പീഡയനുഭവിക്കുന്നവരോട് യോഗിക്കുള്ള സഹാനുഭൂതിക്ക് ഇതിലും വലിയ തെളിവ് വേറെ വേണോ? അച്ഛനമ്മമാരുടെ നിലവിളിയെക്കാള്‍ ഉയരത്തില്‍ കൃഷ്ണന്റെ പുല്ലാങ്കുഴല്‍ വിളി മുഴങ്ങട്ടെ!!

ഗോരഖ്പുര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചവരില്‍ വലിയൊരു വിഭാഗം നിയോനേറ്റല്‍ അഥവാ നവജാത ശിശു വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന കുരുന്നുകളാണ്. നിയോനേറ്റല്‍ ഐ.സി.യുവില്‍ 2 മാസത്തോളം ചെലവിട്ട എനിക്ക് അവിടെ എന്താണ് സംഭവിക്കുന്നതെന്ന് മറ്റാരെക്കാളും നന്നായറിയാം. ഒരു ആസ്പത്രിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥാനമാണ് നിയോനേറ്റല്‍ ഐ.സി.യു. അവിടെപ്പോലും സുരക്ഷിതത്വമില്ലെങ്കില്‍ പിന്നെ ആ നാട്ടില്‍ ജീവിക്കാതിരിക്കുന്നതാണ് നല്ലത്. ഭാഗ്യം, ഞാന്‍ ജീവിക്കുന്നത് ഗോരഖ്പുര്‍ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശില്‍ അല്ല. അവിടെ നിന്ന് വളരെ അകലെ ഇങ്ങ് കേരളത്തിലാണ്!!!

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

2 COMMENTS

COMMENTS

Enable Notifications OK No thanks