HomeGOVERNANCEഅദാനി ബോംബ് ശ...

അദാനി ബോംബ് ശൂ….

-

Reading Time: 4 minutes

പ്രതിപക്ഷ നേതാവ് ബോംബ് എന്നു പറഞ്ഞ് അവതരിപ്പിക്കുന്നതെല്ലാം നനഞ്ഞ പടക്കങ്ങളാണ്! ഇപ്പോള്‍ കൊണ്ടുവന്ന ആരോപണങ്ങളുടെയും സ്ഥിതി അതു തന്നെ. വെറും കാറ്റുപോലെ കടന്നുപോയി. കാറ്റെന്നു പറഞ്ഞാല്‍ കൊടുങ്കാറ്റോ ചുഴലിക്കാറ്റോ ഒന്നുമല്ല. വളരെ കുറഞ്ഞ ആയുസ്സുള്ള ഒരു മന്ദമാരുതന്‍. അത്രേയുള്ളൂ. ഇതിന്റെ വിശദാംശങ്ങള്‍ വളരെ ലളിതമായി ആര്‍ക്കും മനസ്സിലാവുന്ന നിലയ്ക്ക് പറയാനുള്ള ശ്രമമാണ്. ഓരോന്നായി പൊളിച്ചടുക്കാം.

1. 2021 മാർച്ചിൽ അദാനി ഗ്രീൻ എനർജിയുമായി 300 മെഗാവാട്ടിന്റെ കരാറിൽ കെ.എസ്.ഇ.ബി. ഏർപ്പെട്ടതു വഴി ഓഹരി വിപണിയിൽ അവരുടെ ഓഹരി വില വർദ്ധിച്ചു.

അദാനിയുമായി ഒരു വൈദ്യുതി വാങ്ങല്‍ കരാറിലും കെ.എസ്.ഇ.ബി. ഏര്‍പ്പെട്ടിട്ടില്ല. ഒരു രൂപ പോലും അദാനിക്കു കൊടുക്കുന്നില്ല. ബോര്‍ഡിന്റെ കരാര്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് -സെക്കിയുമായാണ്. 2019 ജൂണില്‍ 200 മെഗാവാട്ടിന്റെ കരാറും 2019 സെപ്റ്റംബറില്‍ 100 മെഗാവാട്ടിന്റെ കരാറും ബോര്‍ഡ് ഒപ്പുവെച്ചു. ഈ കരാറുകളുടെ ഉത്തരവാദിത്വം സെക്കിക്കാണ്. ഒരു യൂണിറ്റിനുള്ള 7 പൈസ ട്രേഡിങ് മാര്‍ജിനാണ് സെക്കിയുടെ വരുമാനം.

2019 ജൂണില്‍ സെക്കിയുമായി കെ.എസ്.ഇ.ബി. ഏര്‍പ്പെട്ട കരാറിന്റെ മുഖപേജ്

കാറ്റില്‍ നിന്നുത്പാദിപ്പിക്കുന്ന 10,000 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ 20 ലധികം കമ്പനികളുമായി വിവിധ സന്ദർഭങ്ങളിലായി ദര്‍ഘാസിലൂടെ സെക്കി കരാറിലേർപ്പെട്ടിട്ടുണ്ട്. യൂണിറ്റിന് 2.77 മുതൽ 3.00 വരെ രൂപയാണ് കരാറിലായ നിരക്കുകൾ. ഇതിൽ നിന്ന് കോൺഗ്രസ്സ് ഭരിക്കുന്നവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങൾ വൈദ്യുതി വാങ്ങാൻ കരാർ വച്ചിട്ടുണ്ട്. 200 മെഗാവാട്ടിനും 100 മെഗാവാട്ടിനും ഉള്ള രണ്ട് കരാറുകളാണ് കേരള വൈദ്യുതി ബോര്‍ഡ് വെച്ചത്. ആദ്യ കരാറിലെ നിരക്ക് 2.83 രൂപയും രണ്ടാമത്തേതിൽ 2.80 രൂപയും.

2019 സെപ്റ്റംബറില്‍ സെക്കിയുമായി കെ.എസ്.ഇ.ബി. ഏര്‍പ്പെട്ട കരാറിന്റെ മുഖപേജ്

ഉത്പാദകരായ സെനാട്രിസ് വിൻഡ് എനർജിയില്‍ നിന്ന് 125 മെഗാവാട്ട്, സ്‌പ്രിങ്ങ് വിൻഡ് എനർജിയില്‍ നിന്ന് 100 മെഗാവാട്ട്, അദാനി വിൻഡ് എനർജിയില്‍ നിന്ന് 75 മെഗാവാട്ട് എന്നിങ്ങനെയാണ് കരാർ പ്രകാരമുള്ള വൈദ്യുതി ലഭിക്കുക എന്ന് സെക്കി അറിയിച്ചിട്ടുണ്ട്. ഉത്പാദകരെ തിരഞ്ഞെടുക്കുന്നതിൽ വൈദ്യുതി ബോര്‍ഡിന് റോളില്ല. സെക്കി മുഖേന അദാനിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞ പോലെ 300 മെഗാവാട്ട് കിട്ടുന്നില്ല, 75 മെഗാവാട്ട് മാത്രമേ വാഗ്ദാനമുള്ളൂ. ഇതിൽ 25 മെഗാവാട്ട് അദാനി വിൻഡ് എനർജിയിൽ നിന്ന് 2021 മാർച്ച് മുതൽ ലഭ്യമായി.

പ്രത്യേകം ശ്രദ്ധിക്കുക: കെ.എസ്.ഇ.ബിക്ക് കരാറുള്ളത് സെക്കിയുമായാണ്. ആ കരാര്‍ പ്രകാരം വൈദ്യുതി ലഭ്യമാക്കുന്ന ഉത്പാദകരെ തിരഞ്ഞെടുക്കുന്നത് സെക്കിയാണ്, ബോര്‍ഡിന് അതില്‍ റോളില്ല.

2. RPO ബാദ്ധ്യത നിറവേറ്റാൻ സോളാർ വൈദ്യുതി കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നിരിക്കെ കാറ്റാടി വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് അദാനിയെ സഹായിക്കാൻ.

പുനരുപയോഗ വൈദ്യുതി നിശ്ചിത അളവിൽ വാങ്ങാനുള്ള ബാദ്ധ്യതയ്ക്ക് Renewable Purchase Obligation അഥവാ RPO എന്നു പറയും. ഇതില്‍ സോളാറിനും നോൺ-സോളാറിനും പ്രത്യേകമായി റഗുലേറ്ററി കമ്മീഷൻ അളവ് നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യ ഒട്ടാകെ ഇങ്ങനെയാണ് നിശ്ചയിക്കുന്നത്.

കാറ്റ് അടക്കം വരുന്ന നോൺ-സോളാർ വിഭാഗത്തിലെ RPOയുടെ പകുതി മാത്രമേ നിലവിൽ വൈദ്യുതി ബോര്‍ഡിന് നിറവേറ്റാൻ കഴിയുന്നുള്ളൂ. സോളാർ RPOയിലും കമ്മിയുണ്ട്. സോളാർ RPO കമ്മി പരിഹരിക്കാൻ 1000 മെഗാവാട്ടിന്റെ പദ്ധതിയാണ് ബോര്‍ഡ് നടപ്പാക്കുന്നത്.

അദാനിയുടെ സോളാര്‍ -കാറ്റാടി നിലയങ്ങളുടെ ശൃംഖല

അദാനി കാറ്റില്‍ മാത്രമല്ല സോളാറിലും ഒരേ പോലെ സജീവമാണ്. സോളാർ സെൽ നിർമ്മിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫാക്ടറി അദാനിയുടേതാണ്. കാറ്റാടി വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത് അദാനിയെ സഹായിക്കാനെന്നൊക്കെ പറയുന്നതിലെ പോഴത്തരം ഇതില്‍ നിന്നു മനസ്സിലാവുമല്ലോ.

3. സോളാർ വൈദ്യുതി 2020 ഡിസംബറിൽ 1.99 രൂപയ്ക്ക് ലഭ്യമാണെന്നിരിക്കെയാണ് അദാനിയിൽ നിന്നും 2021 മാർച്ചിൽ 2.99 രൂപയ്ക്ക് വാങ്ങുന്നത്.

രാജസ്ഥാന്‍ സര്‍ക്കാരിനാണ് 1.99 രൂപ യൂണിറ്റ് നിരക്കില്‍ സോളാര്‍ വൈദ്യുതി ലഭിക്കുമെന്നു പറയുന്നത്. ഇപ്പോള്‍ ഇപ്പോള്‍ കിട്ടുന്നതല്ല, 2023ല്‍ കിട്ടിയേക്കാം എന്നതാണ് നില.

രാജസ്ഥാന്‍ സർക്കാർ ലഭ്യമാക്കുന്ന ഭൂമിയിൽ സോളാർ നിലയം സ്ഥാപിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാജസ്ഥാനിലെ തന്നെ വൈദ്യുതി വിതരണ കമ്പനികൾക്ക് നല്കാനുള്ള ദര്‍ഘാസില്‍ 1.99 രൂപ യൂണിറ്റ് നിരക്ക് വന്നിരുന്നു. രാജ്യത്താദ്യമായാണ് ഇത്തരമൊരു കുറഞ്ഞ നിരക്ക് ദര്‍ഘാസിൽ ലഭ്യമായത്. ഇതിന്റെ നടപടിക്രമം പൂർത്തിയായി നിലയം സ്ഥാപിച്ച് വൈദ്യുതി ലഭ്യമാകുന്നത് 2023 ൽ മാത്രമാണ്. മാത്രമല്ല രാജസ്ഥാനിലെ വിതരണ കമ്പനികൾക്ക് മാത്രമായി വിളിച്ച ദര്‍ഘാസിൽ നിന്ന് കേരളത്തിന് വൈദ്യുതി ലഭ്യമാകുകയുമില്ല.

സെക്കിയുമായി 2019 ജൂണിൽ ഒപ്പിട്ട കരാർ പ്രകാരം കാറ്റാടി വൈദ്യുതിയുടെ പരമാവധി നിരക്ക് യൂണിറ്റിന് 2.83 രൂപയും 2019 സെപ്തംബറിൽ ഒപ്പിട്ട കരാർ പ്രകാരമുള്ള പരമാവധി നിരക്ക് യൂണിറ്റിന് 2.80 രൂപയുമാണല്ലോ. ഇത് കഴിഞ്ഞ 10 വർഷത്തിനിടെ കെ.എസ്.ഇ.ബി. ഏർപ്പെട്ട കരാറുകളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 2017ലും 2018ലും റെഗുലേറ്ററി കമ്മീഷൻ കേരളത്തിനുള്ളിലെ കാറ്റാടി നിലയങ്ങളിലെ വൈദ്യുതി നിരക്ക് നിശ്ചയിച്ചത് യൂണിറ്റിന് യഥാക്രമം 5.23 രൂപയും 4.09 രൂപയും എന്ന തോതിലാണ്.

കാറ്റാടി വൈദ്യുതിയുടെ നിരക്ക് സോളാർ വൈദ്യുതിയുടെ നിരക്കുമായി താരതമ്യം ചെയ്യാനാവില്ല. മാത്രവുമല്ല കാറ്റാടി വൈദ്യുതി വാങ്ങാനുള്ള നിബന്ധന സോളാര്‍ വൈദ്യുതി ഉപയോഗിച്ച് പൂര്‍ത്തീകരിക്കാനും കഴിയില്ല.

4. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകൾ ചേർന്ന് സോളാര്‍ വൈദ്യുതിയുടെ അളവ് കുറച്ച് കാറ്റാടി വൈദ്യുതിയുടെ അളവ് കൂട്ടി. RPOയ്ക്ക് പരിഗണിക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികളിൽനിന്ന് കേരളത്തിൽ 1 രൂപയ്ക്ക് വൈദ്യുതി ഉല്പാദിപ്പിക്കാമെന്നിരിക്കെ ഉയർന്ന വിലയ്ക്ക് അദാനിയുമായി കരാറായത് അഴിമതിയാണ്.

ശുദ്ധ കളവാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി വാങ്ങലില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു റോളുമില്ല. കെ.എസ്.ഇ.ബി. വാങ്ങേണ്ട വൈദ്യുതിയുടെ അളവ് കാലാകാലങ്ങളില്‍ തീരുമാനിക്കുന്നത്സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ്.

കേരളത്തിലെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ നിന്നുളള്ള വൈദ്യുതിക്ക് റഗുലേറ്ററി കമ്മീഷൻ നിലവിൽ നിശ്ചയിച്ച നിരക്ക് 5 രൂപയിലും അധികമാണ്. ഇതു ലാഭകരമാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്!!

5. കേരളത്തിൽ നിന്നുള്ള വൈദ്യുതിക്ക് പകരം പുറത്തു നിന്നുള്ള വൈദ്യുതി വാങ്ങുന്നതു വഴി പ്രസരണ നഷ്ടം കേരളം സഹിക്കേണ്ടി വരും.

പുനരുപയോഗ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അവയുടെ പ്രസരണ ചാർജ്ജും പ്രസരണ നഷ്ടവും പൂർണ്ണമായി ഒഴിവാക്കി നല്കിയിട്ടുണ്ട്. ഉല്പാദന നിലയത്തില്‍ നിന്നുള്ള മുഴുവൻ വൈദ്യുതിയും പ്രസരണ നഷ്ടം കണക്കാക്കാതെ തന്നെ വൈദ്യുതി ബോര്‍ഡിന് ലഭ്യമാകും.

6. 1 രൂപയ്ക്ക് റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റ് വാങ്ങി വൈദ്യുതി ആവശ്യം നിറവേറ്റാമായിരുന്നു.

ശുദ്ധ അസംബന്ധമാണ് ഈ പറഞ്ഞത്. സർട്ടിഫിക്കറ്റിന്റെ ഒപ്പം വൈദ്യുതി ലഭിക്കില്ല. പുനരുപയോഗ ഊർജ്ജം നിശ്ചിത അളവിൽ വാങ്ങാതെ വരുമ്പോൾ അതിന് പിഴയായിട്ടാണ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്നത്. വൈദ്യുതി ലഭിക്കാതെ ഈ പിഴ നല്കുന്നതാണ് ലാഭകരമെന്ന് സ്ഥിരബുദ്ധിയുള്ളവർ കരുതില്ല!

7. 25 വർഷത്തേക്ക് ദീർഘ കാലത്തേക്ക് കരാർ വെച്ചത് അഴിമതിയാണ്. ഇപ്പോൾ ആരും ദീർഘകാലത്തേക്ക് കരാർ വെയ്ക്കാറില്ല.

ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും പുനരുപയോഗ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള എല്ലാ കരാറുകളും ദീർഘകാലത്തേക്ക് മാത്രമാണ് ഏർപ്പെടുന്നത്. മറിച്ചുള്ള വാദം അടിസ്ഥാന രഹിതമാണ്.

വൈദ്യുതി വാങ്ങലില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു റോളുമില്ല. വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി. തീരുമാനിച്ചാല്‍ അതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത് റെഗുലേറ്ററി കമ്മീഷനാണ്. എത്ര വൈദ്യുതി വാങ്ങണമെന്നും എത്ര രൂപയ്ക്കു വാങ്ങണമെന്നും തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ്.

രമേശ് ചെന്നിത്തലയെ കുഴിയില്‍ ചാടിക്കുന്ന ഉപദേശികള്‍ വീണ്ടും കളിച്ചു. അദാനി എന്നൊക്കെ തള്ളിയപ്പോള്‍ അവര്‍ വന്ന വഴി -നടപടിക്രമം- മുഴുവന്‍ കണ്ടില്ല.

 


കരാറുകളുടെ പകര്‍പ്പ്

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks