ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ സമയം 79ാം മിനിറ്റിലേക്ക് നീങ്ങുമ്പോൾ ബ്രസീലിൻ്റെ പ്രതിരോധം ഒരു നിമിഷം ശ്രദ്ധ തെറ്റിച്ചു. ആ ഒറ്റ നിമിഷം മതിയായിരുന്നു. ആറര അടിയോളം ഉയരമുള്ള ആ നോർവീജിയൻ ഭീമൻ ആകാശത്തേക്ക് ഉയർന്നു. പന്ത് തലയിൽ തട്ടിയ നിമിഷം ബ്രസീലിൻ്റെ ലോകകപ്പ് സ്വപ്നം തകർന്നുതുടങ്ങി. ഏതാനും മിനിറ്റുകൾക്കുശേഷം വീണ്ടും വല കുലുക്കിയ എർലിങ് ബ്രൗട്ട് ഹാലൻഡ് ലോക ഫുട്ബാളിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിൻ്റെ രചയിതാവായി മാറി.
അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെ 2–1ന് വീഴ്ത്തി നോർവേയെ ആദ്യമായി ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനലിലെത്തിച്ച ആ രാത്രി, ഒരു മത്സരം ജയിച്ചതിൻ്റെ കഥ മാത്രമായിരുന്നില്ല. ലോക ഫുട്ബാളിലെ ശക്തികേന്ദ്രങ്ങളുടെ ഭൂപടത്തിൽ പുതിയൊരു രാജ്യത്തിൻ്റെ പേര് രേഖപ്പെടുത്തിയ രാത്രിയായിരുന്നു അത്.
മത്സരശേഷം വികാരഭരിതനായ ഹാലൻഡ് പറഞ്ഞ വാക്കുകൾ ആ വിജയത്തിൻ്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു: “നോർവേയുടെ ചരിത്രത്തിലെ ഏറ്റവും അത്ഭുതകരമായ ദിവസങ്ങളിലൊന്നാണിത്.”
വൈക്കിങ് വീരൻ്റെ ചുമലിലേറി ലോകകപ്പ് സ്വപ്നം
ലോകകപ്പിന് മുമ്പ് ചർച്ചകളിൽ നിറഞ്ഞുനിന്നത് ലയണൽ മെസ്സി എത്രദൂരം പോകും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന ലോകകപ്പ് എങ്ങനെയാകും, കിലിയൻ എംബാപ്പെ വീണ്ടും കിരീടം നേടുമോ എന്ന ചോദ്യങ്ങളായിരുന്നു. ആ ചർച്ചകളുടെ നിഴലിൽ നിന്നാണ് ഹാലൻഡ് തൻ്റെ കഥ എഴുതിത്തുടങ്ങിയത്.
മാഞ്ചസ്റ്റർ സിറ്റിക്കായി ഗോളുകളുടെ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നെങ്കിലും ദേശീയ ടീമിനൊപ്പം വലിയ വേദികളിൽ തെളിയാൻ അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്കുശേഷം നോർവേയെ വീണ്ടും ലോകകപ്പിലെത്തിച്ചത് തന്നെ ഹാലൻഡിൻ്റെ ആദ്യ വലിയ നേട്ടമായിരുന്നു.
എന്നാൽ അവിടെ അദ്ദേഹം നിന്നില്ല. ടൂർണമെൻ്റിലുടനീളം തുടർച്ചയായി ഗോൾ നേടി ലോകകപ്പിൻ്റെ ഏറ്റവും വലിയ താരങ്ങളിലൊരാളായി മാറുകയാണ് അദ്ദേഹം.
79 മിനിറ്റ് നിശ്ശബ്ദം… ഒരു മിനിറ്റ് ചരിത്രം
ബ്രസീലിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ഭൂരിഭാഗം സമയവും ഹാലൻഡ് കളിക്കളത്തിൽ അപ്രത്യക്ഷനായിരുന്നതു പോലെയായിരുന്നു. പന്ത് തൊട്ട അവസരങ്ങൾ പോലും വിരളമായിരുന്നു. രണ്ടാം പകുതിയിലെ ‘ഹൈഡ്രേഷൻ ബ്രേക്കിൽ’ പരിശീലകൻ സ്റ്റാലെ സോൾബാക്കൻ ഹാലൻഡിനോട് ഒരു വാചകം മാത്രം പറഞ്ഞു: “ഇനി മുഴുവൻ ഊർജവും പുറത്തെടുക്കൂ.” അത് ഒരു പരിശീലകൻ്റെ നിർദേശമായിരുന്നില്ല. ഒരു ചരിത്ര മുഹൂർത്തത്തിനുള്ള ആഹ്വാനമായിരുന്നു.
79ാം മിനിറ്റിൽ ഹെഡറിലൂടെ ആദ്യ ഗോൾ. മത്സരം അവസാനിക്കും മുമ്പ് രണ്ടാമത്തേത്. ബ്രസീൽ പുറത്തായി. നോർവേ ലോകകപ്പ് ക്വാർട്ടറിലേക്ക്.

ഗോളടിക്കാരൻ മാത്രമല്ല, കാത്തിരിക്കുന്ന വേട്ടക്കാരൻ
ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ വിലയിരുത്തൽ ഹാലൻഡിൻ്റെ യഥാർത്ഥ ശക്തി തുറന്നുകാട്ടുന്നതായിരുന്നു: “അവൻ്റെ ശക്തിയോ വേഗമോ അല്ല ഏറ്റവും അപകടകാരി. അവൻ്റെ ടൈമിങ്ങാണ്. 89 മിനിറ്റ് അവനെ നിയന്ത്രിച്ചുവെന്ന് നിങ്ങൾ കരുതും. എന്നാൽ ഒരു നിമിഷം നിങ്ങളുടെ ശ്രദ്ധ നഷ്ടപ്പെട്ടാൽ അവൻ ഗോൾ ആഘോഷിക്കുകയാണ്. ഫുട്ബാൾ തീരുമാനിക്കുന്നത് നിമിഷങ്ങളാണ്. ആ നിമിഷം തിരിച്ചറിയുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ഹാലൻഡ്.” അതാണ് ലോകത്തെ മികച്ച പ്രതിരോധനിരകൾ പോലും ഭയപ്പെടുന്ന കാരണം.
രാജ്യത്തിനായി ഗോൾമഴ
ബ്രസീലിനെതിരായ ഇരട്ടഗോളോടെ ഹാലൻഡ് ദേശീയ ടീമിനായി 54 മത്സരങ്ങളിൽ നിന്ന് 62 ഗോളെന്ന വിസ്മയകരമായ നേട്ടത്തിലെത്തി. ഒരു മത്സരത്തിൽ ശരാശരി 1.15 ഗോൾ. ലോക ഫുട്ബാളിൽ അപൂർവമായി മാത്രം കാണുന്ന കണക്ക്. കഴിഞ്ഞ 14 അന്താരാഷ്ട്ര മത്സരങ്ങളിൽ മാത്രം 27 ഗോളുകൾ. നോർവേയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന സ്ഥാനം അദ്ദേഹം ഏറെക്കാലം മുമ്പേ ഉറപ്പിച്ചിരുന്നു.
‘സ്മൈലിങ് അസാസിൻ’
ആറടി അഞ്ചിഞ്ച് ഉയരമുള്ള, ശക്തനായ, എതിരാളികളെ ഭയപ്പെടുത്തുന്ന സെൻ്റർ ഫോർവേഡ്. പക്ഷേ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി. അതുകൊണ്ടാണ് യൂറോപ്യൻ മാധ്യമങ്ങൾ അദ്ദേഹത്തെ ‘സ്മൈലിങ് അസാസിൻ’ അഥവാ ചിരിക്കുന്ന കൊലയാളി എന്ന് വിശേഷിപ്പിക്കുന്നത്. ശാന്തമായ മുഖഭാവം. തണുത്ത മനസ്സ്. മാരക ഫിനിഷിങ്. ഇതാണ് ഹാലൻഡിൻ്റെ അടയാളം.
ഗോൾ നേടിയവനല്ല, ഗോൾ തടഞ്ഞവനാണ് നായകൻ
മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടും ഹാലൻഡ് ആദ്യം അഭിനന്ദിച്ചത് സ്വന്തം ഗോൾകീപ്പർ ഓർജൻ നൈലാൻഡിനെയായിരുന്നു. “എനിക്ക് മാൻ ഓഫ് ദ മാച്ച് നൈലാൻഡാണ്. ഞാൻ രണ്ട് ഗോൾ നേടിയെങ്കിലും അദ്ദേഹം നടത്തിയ സേവുകളാണ് ഞങ്ങളെ ചരിത്രത്തിലേക്ക് എത്തിച്ചത്. അദ്ദേഹമില്ലായിരുന്നെങ്കിൽ ഞങ്ങൾ വീട്ടിലേക്ക് മടങ്ങിപ്പോയേനെ.” ഒരു സൂപ്പർതാരത്തിൻ്റെ വിനയം ആ വാക്കുകളിൽ പ്രകടമായിരുന്നു.
“എനിക്ക് രണ്ട് അവസരം കിട്ടിയാൽ ഒന്ന് ഗോൾ ആവും”
ഹാലൻഡിൻ്റെ ആത്മവിശ്വാസം അഹങ്കാരത്തിൻ്റെ ഭാഷയല്ല. അത് പരിശീലനത്തിൻ്റെ ഭാഷയാണ്. ബ്രസീലിനെ തോൽപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു: “ഈ ലോകകപ്പിൽ ഞാൻ പലതവണ എൻ്റെ ഏറ്റവും മികച്ച നിലവാരത്തിലെത്തി. പക്ഷേ ഓരോ തവണയും അതിനുമുകളിൽ മറ്റൊരു ഉയരമുണ്ട്. എനിക്ക് ഒന്നോ രണ്ടോ അവസരം കിട്ടിയാൽ സാധാരണ അത് ഗോളായി മാറും. എനിക്ക് എന്താണ് ചെയ്യുന്നതെന്ന് പോലും അറിയില്ല. അതാണ് എൻ്റെ സ്വഭാവം. അവസരം വന്നാൽ എന്ത് ചെയ്യണമെന്ന് എനിക്ക് കൃത്യമായി അറിയാം.”
മെസ്സിക്കും എംബാപ്പെയ്ക്കും ഒപ്പമെത്തിയ ഗോൾവേട്ടക്കാരൻ
ബ്രസീലിനെതിരായ ഇരട്ടഗോളോടെ ലോകകപ്പിലെ ഗോളുകളുടെ എണ്ണം ഏഴായി. അതോടെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ ലയണൽ മെസ്സിക്കും കിലിയൻ എംബാപ്പെയ്ക്കുമൊപ്പം അദ്ദേഹം ഒന്നാം സ്ഥാനത്തെത്തി. മറ്റു രണ്ടു പേരെക്കാൾ ഒരു മത്സരം കുറച്ചേ മെസ്സി കളിച്ചിട്ടുള്ളൂ.
ലോകകപ്പിന് മുമ്പ് മെസിയും എംബാപ്പെയും റൊണാൾഡോയുമായിരുന്നു ചർച്ചകളുടെ കേന്ദ്രം. ഇപ്പോൾ ആ പട്ടികയിൽ ഏറ്റവും വലിയ അക്ഷരങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നത് ഹാലൻഡിൻ്റെ പേരാണ്.
ഒരു രാജ്യത്തിൻ്റെ കണ്ണീർ, ഒരു തലമുറയുടെ വിശ്വാസം
ബ്രസീലിനെ തോൽപ്പിച്ചശേഷം ഹാലൻഡ് പറഞ്ഞ വാക്കുകൾ നോർവേയുടെ വികാരങ്ങളായിരുന്നു: “ബ്രസീലിനെതിരെ രണ്ട് ഗോൾ നേടിയത് ജീവിതകാലം മുഴുവൻ ഞാൻ ഓർക്കും. പക്ഷേ ആ ഗോളുകൾ എൻ്റേത് മാത്രമല്ല. ഞങ്ങൾക്കായി എല്ലാം സമർപ്പിച്ച സഹതാരങ്ങളുടേയും ഞങ്ങളിൽ വിശ്വസിച്ച പരിശീലകരുടേയും വർഷങ്ങളോളം ഞങ്ങളോടൊപ്പം നിന്ന ആരാധകരുടേയും നോർവെയിലെ ഓരോ കുട്ടിയുടേയുംതാണ്. ഇന്ന് മുതൽ അവർക്ക് എന്തും സാധ്യമാണെന്ന് വിശ്വസിക്കാം.”
അദ്ദേഹം തുടർന്നു: “ഇത് ഓരോ നോർവീജിയൻ വീട്ടിലും എന്നും ഓർക്കപ്പെടുന്ന രാത്രിയാണ്. ഞങ്ങൾ ബ്രസീലിനെ തോല്പിച്ചില്ല. തലമുറകൾ ഓർത്തുസൂക്ഷിക്കുന്ന ഒരു ഓർമ്മയാണ് രാജ്യത്തിന് സമ്മാനിച്ചത്.” ആ വാക്കുകൾ പറയുമ്പോൾ ഹാലൻഡിൻ്റെ കണ്ണുകളും നനഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിലെ കളളച്ചിരി
ലോകത്തിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളായിട്ടും ഹാലൻഡിന് ആരാധകരുമായി ബന്ധപ്പെടാൻ മറ്റൊരു വഴിയുണ്ട്. അദ്ദേഹത്തിൻ്റെ തമാശ നിറഞ്ഞ സ്നാപ്ചാറ്റ് വീഡിയോകളും ഇൻസ്റ്റഗ്രാം പോസ്റ്റുകളും.
ബ്രസീലിനെ തോല്പിച്ചശേഷം ഡ്രസിങ് റൂമിൽ ജഴ്സി കഴുത്തിൽ ചുരുട്ടിയിട്ട് എടുത്ത ചിത്രം മണിക്കൂറുകൾക്കകം കോടിക്കണക്കിന് ആളുകൾ കണ്ടു. വൈക്കിങ് വീരൻ്റെ വിജയാഘോഷവും അതുപോലെ ലളിതമായിരുന്നു.
അടുത്ത ലക്ഷ്യം ഇംഗ്ലണ്ട്
ബ്രസീലിനെ വീഴ്ത്തിയതോടെ ഇനി ഹാരി കെയ്നിൻ്റെ ഇംഗ്ലണ്ടാണ് നോർവേയുടെ എതിരാളികൾ. ലോകകപ്പിൽ ഇതുവരെ ഒരിക്കലും ഇത്ര ദൂരം എത്തിയിട്ടില്ലാത്ത നോർവേയ്ക്ക് ചരിത്രം വീണ്ടും എഴുതാനുള്ള അവസരമാണിത്. ആ ചരിത്രത്തിൻ്റെ കേന്ദ്രത്തിൽ വീണ്ടും ഹാലൻഡ് തന്നെയായിരിക്കും.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വേദിയിൽ സ്വന്തം രാജ്യത്തെ ആദ്യമായി ക്വാർട്ടർ ഫൈനലിലെത്തിച്ച ആ വൈക്കിങ് വീരൻ, ഫുട്ബാളിൽ ചില താരങ്ങൾ ഗോളുകൾ മാത്രം നേടുന്നില്ലെന്നും ചിലർ ചരിത്രം എഴുതുകയാണെന്നും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്.
ഹാലൻഡ് ഇനി ആരുടെയും നിഴലിലല്ല. അദ്ദേഹം തന്നെയാണ് ഇപ്പോൾ ഒരു യുഗത്തിൻ്റെ മുഖം.







