HomeGOVERNANCEപറയേണ്ടത് പറയ...

പറയേണ്ടത് പറയുക തന്നെ വേണം

-

Reading Time: 6 minutes

ഇരിക്കേണ്ടവര്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ വിലയും നിലയും മറന്ന് പെരുമാറുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ അത് ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് സ്വാഭാവികം. എന്തിലുമേതിലും രാഷ്ട്രീയം കലരുമ്പോള്‍ ഇത് തീര്‍ച്ചയായും വേണ്ടി വരും. മറ്റുള്ളവരുടെ കൈയടിക്കുവേണ്ടി ഇരിക്കുന്ന സ്ഥാനം മറന്ന് രാഷ്ട്രീയം കലര്‍ത്തുമ്പോള്‍ വിശേഷിച്ചും. ഇക്കാര്യത്തില്‍ ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണ്. അദ്ദേഹം മനുഷ്യാവകാശ കമ്മീഷനു നേരെ ഉയര്‍ത്തിയ വിമര്‍ശനത്തെ ഞാന്‍ സര്‍വ്വാത്മനാ പിന്തുണയ്ക്കും.

മനുഷ്യാവകാശ കമ്മീഷന്റെ ചുമതല വഹിക്കുന്നയാള് ആ ചുമതലയാണ് വഹിക്കുന്നതെന്ന് അദ്ദേഹത്തിനോര്‍മ്മ വേണം. നേരത്തേയുള്ള രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി കാര്യങ്ങള്‍ പറയുകയല്ല വേണ്ടത്. അത് അങ്ങനെയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് പല പ്രസ്താവനകളും കാണുന്നത്. അതൊരു ശരിയായ നിലപാടാണെന്നു തോന്നുന്നില്ല. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മനുഷ്യാവകാശ കമ്മീഷന്റെ പണിയെടുത്താല്‍ മതിയല്ലോ.

മനുഷ്യാവകാശ കമ്മീഷന്‍ ഒരു അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനമാണ്. അതിന്റെ തലപ്പത്തുള്ളവര്‍ നിഷ്പക്ഷത പുലര്‍ത്തേണ്ടത് ആ സംവിധാനത്തിന്റെ വിജയകരമായ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. നിഷ്പക്ഷമായ വിമര്‍ശനം കമ്മീഷന്റെ ഭാഗത്തു നിന്നുണ്ടാവുമ്പോള്‍ മാത്രമേ അതു മുഖവിലയ്‌ക്കെടുക്കാന്‍ ആളുണ്ടാവൂ. രാഷ്ട്രീയം കലര്‍ത്തി കമ്മീഷന്‍ വിശ്വാസ്യത കളഞ്ഞാല്‍ അവര്‍ പറയുന്നതെല്ലാം വെറും ജല്പനങ്ങളായി കണക്കാക്കപ്പെടും. അങ്ങനെ വരുന്നത് മനുഷ്യാവകാശ സംരക്ഷണത്തിനു തന്നെ ഭീഷണിയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തിനിടെ

വരാപ്പുഴയിലെ കസ്റ്റഡി മരണം പോലൊരു സംഭവം ഉണ്ടാവുമ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ തീര്‍ച്ചയായും സ്വമേധയാ ഇടപെടണം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ എന്തെങ്കിലും പിഴവുകള്‍ സംഭവിക്കുകയോ മനഃപൂര്‍വ്വം പാളിച്ച വരുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ കമ്മീഷന് ഉത്തരവാദിത്വമുണ്ട്, മാര്‍ഗ്ഗമുണ്ട്. ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് വേണ്ടത്. ഇവിടെ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് അതാണോ ചെയ്തത്? പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വായില്‍ നിന്നു വരേണ്ട കാര്യങ്ങള്‍ കമ്മീഷന്‍ പ്രസ്താവനയിറക്കി എന്നു ഞാന്‍ പറയും.

ഒരു അന്വേഷണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ പരസ്യമായി അഭിപ്രായം പറയാന്‍ പാടില്ല എന്നാണ് നിയമം. എന്നാല്‍, ഇവിടെ ആക്ടിങ് ചെയര്‍മാന്‍ ആവശ്യമുന്നയിച്ചു -വരാപ്പുഴ കസ്റ്റഡി മരണം സി.ബി.ഐ. അന്വേഷിക്കണം. പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലത്രേ! എസ്.പിയെ സ്ഥലംമാറ്റിയതിനെ വിമര്‍ശിക്കുക വഴി സര്‍ക്കാരിന്റെ ഭരണപരമായ അധികാരത്തിലും ഇടപെട്ടു!!

സി.ബി.ഐ. അന്വേഷണം തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാരിനും ഹൈക്കോടതിക്കുമാണ്. പൂര്‍ണ്ണ ജുഡീഷ്യല്‍ അധികാരമില്ലാത്ത മനുഷ്യാവകാശ കമ്മീഷന് ഇക്കാര്യത്തില്‍ റോളില്ല. നിര്‍ദ്ദേശം നല്‍കാന്‍ അധികാരവുമില്ല. മനുഷ്യാവകാശ കമ്മീഷന് അങ്ങനൊരു അഭിപ്രായമുണ്ടെങ്കില്‍ ഉപദേശരൂപേണ സര്‍ക്കാരിനെ വേണമെങ്കില്‍ അറിയിക്കാം എന്നു മാത്രം. ഇല്ലാത്ത അധികാരമുപയോഗിച്ച് മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തുമ്പോള്‍ മോഹന്‍ദാസ് ലക്ഷ്യമിട്ടത് രാഷ്ട്രീയമായ അഭിപ്രായപ്രകടനത്തിലൂടെയുള്ള മുതലെടുപ്പ് തന്നെയാണ്. കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് പ്രശസ്തി നേടുക. ഫലമോ, ഇങ്ങനൊരാള്‍ ചെയര്‍മാനായുണ്ടെന്ന് 10 പീപ്പിള്‍സ് അറിഞ്ഞു. അതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യവും. മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍ ന്യായമാകുന്നത് ഈ വിധത്തിലാണ്.

വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത്‌

ഇതോടൊപ്പം ഒരു കാര്യം കൂടി പറയണം. ആവശ്യമില്ലാത്തതു പറയുന്നതു പോലെ തന്നെ കുറ്റകരമാണ് ആവശ്യമുള്ളത് പറയാതിരിക്കുക എന്നത്. വേണ്ടാത്തതു പറഞ്ഞ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാനെപ്പോലെ പറയേണ്ടത് പറയാതിരുന്ന മുഖ്യമന്ത്രിയും കുറ്റക്കാരനാണ് എന്നു ഞാന്‍ പറയും. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാടല്ല സര്‍ക്കാരിന്റേത് എന്ന് പ്രശ്‌നമുണ്ടായപ്പോള്‍ തന്നെ മുഖ്യമന്ത്രിക്ക് പറയാമായിരുന്നു. അത് വ്യക്തമായ സന്ദേശം ജനങ്ങള്‍ക്കും കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കള്‍ക്കും പൊലീസിനും നല്‍കുമായിരുന്നു. എല്ലാക്കാര്യത്തിലും ആദ്യമേ മുഖ്യമന്ത്രി പ്രതികരിക്കണോ എന്ന ചോദ്യം ചിലര്‍ ഉയര്‍ത്തിയേക്കാം. എല്ലാക്കാര്യത്തിലും വേണ്ട. കസ്റ്റഡി മരണം പോലുള്ള ദൗര്‍ഭാഗ്യകരമായ വിഷയങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രതികരിക്കണം. കാരണം പിണറായി വിജയന്‍ മുഖ്യമന്ത്രിക്കൊപ്പം ആഭ്യന്തര മന്ത്രി കൂടിയാണ്. ആ വാക്കുകള്‍ക്ക് വലിയ വിലയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എന്തുകൊണ്ടോ മൗനത്തിലായിരുന്നു. മൗനം ഭഞ്ജിച്ചപ്പോള്‍ പറയേണ്ടതു തന്നെ പറഞ്ഞു എന്നത് വേറെ കാര്യം.

പൊലീസില്‍ ഒരു തരത്തിലുള്ള മൂന്നാം മുറയും പാടില്ലായെന്ന് നേരത്തേ മുതലേ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ കര്‍ക്കശമായ നടപടികളിലേക്ക് നീങ്ങുക എന്നുള്ളതാണ് സര്‍ക്കാരിന്റെ നിലപാട്. അപ്പോള്‍ നമ്മുടെ സംസ്ഥാനത്ത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഈ വരാപ്പുഴ സംഭവം. ശ്രീജിത്തിന്റെ മരണം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഇതിലിപ്പോള്‍ കണ്ടെത്തിയിട്ടുള്ളത് പൊലീസുകാര്‍ക്ക് ഉത്തരവാദിത്വമുണ്ട് എന്നാണ്. അതുകൊണ്ടു തന്നെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടക്കം 5 പേര്‍ക്കെതിരെ സര്‍ക്കാര്‍ വകുപ്പു തലത്തില്‍ നടപടിയെടുത്തത്. ഇതില്‍ മരണത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയ 4 പൊലീസുദ്യോഗസ്ഥര്‍ക്കെതിരായി കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഈ 4 പൊലീസുദ്യോഗസ്ഥര്‍ ഇപ്പോള്‍ റിമാന്‍ഡിലായിക്കഴിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുമ്പോള്‍ മറ്റാര്‍ക്കെങ്കിലും ഉത്തരവാദിത്വമുണ്ടെന്നു കണ്ടാല്‍ അവരും ഇതിന്റെ ഭാഗമായി മാറും. ഇത്തരം കാര്യങ്ങള്‍ സംഭവിച്ചാല്‍ അതിനകത്ത് കുറ്റവാളികളായവരെ സംരക്ഷിക്കുക എന്ന നിലപാട് സര്‍ക്കാരിനില്ല. അതുകൊണ്ടു തന്നെ ആക്ഷേപമുണ്ടായ ഉടനെ തന്നെ ഫലപ്രദമായ നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുണ്ട്. കേരളത്തില്‍ മൂന്നാം മുറയുമായി ബന്ധപ്പെട്ട് പൊലീസൂകാര്‍ക്കെതിരെയുള്ള ആരോപണം ഇത് ആദ്യത്തേതല്ല. നിരവധി സംഭവങ്ങള്‍ നേരത്തേ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങളാകെ പരിശോധിച്ചാല്‍ പെട്ടെന്ന് ഇത്ര ശക്തമായ നടപടിയിലേക്കു കടക്കുന്നത് ആദ്യമായാണെന്നു നമുക്ക് കാണാന്‍ പറ്റും. അതായത് ഒരു തരത്തിലുള്ള കാലതാമസവും ഇതില്‍ ഉണ്ടായിട്ടില്ല. ഒരു അറച്ചുനില്പും ഉണ്ടായിട്ടില്ല.

ക്രിക്കറ്റിലെ ഒരു ബാറ്റ്‌സ്മാനെ സംബന്ധിച്ചിടത്തോളം ടൈമിങ് വളരെ പ്രധാനപ്പെട്ടതാണ്. ടൈമിങ് തെറ്റിയാല്‍ പുറത്താവും എന്നുറപ്പ്. രാഷ്ട്രീയത്തിലും ഇതുപോലെ ടൈമിങ് വളരെ പ്രധാനപ്പെട്ടതാണ്. ചില കാര്യങ്ങളില്‍ നമ്മുടെ മുഖ്യമന്ത്രിക്ക് ടൈമിങ് തെറ്റുന്നില്ലേ എന്ന സംശയം നിലനില്‍ക്കുന്നു. വരാപ്പുഴ കസ്റ്റഡി മരണം ഇതുപോലെ ടൈമിങ് തെറ്റിയ ഒരു സംഗതിയാണ്. പീഡനത്തെ തള്ളിപ്പറഞ്ഞപ്പോഴേക്കും അല്പം വൈകിപ്പോയി. വിഷയത്തില്‍ മുഖ്യമന്ത്രി പുലര്‍ത്തിയ മൗനം രാഷ്ട്രീയ എതിരാളികള്‍ക്കു ഗുണമായി. അല്പം നേരത്തേ അദ്ദേഹം പ്രതികരിച്ചിരുന്നുവെങ്കില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നു തന്നെയാണ് വിശ്വാസം. പറയേണ്ടത് പറയുക തന്നെ വേണം.

വരാപ്പുഴ സംഭവവുമായി ബന്ധപ്പെട്ട് കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അത് മുഖവിലയ്‌ക്കെടുത്തേ മതിയാകൂ. ഏപ്രില്‍ 9ന് വൈകുന്നേരമാണ് ശ്രീജിത്ത് മരിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപമുയര്‍ന്നപ്പോള്‍ തന്നെ ഉന്നതതല അന്വേഷണം നടത്തണമെന്ന് പൊലീസ് മേധാവിയോട് താന്‍ ആവശ്യപ്പെട്ടുവെന്ന് പിണറായി പറയുന്നു. ഇതിന്റെ ഭാഗമായാണ് ഏപ്രില്‍ 10ന് തന്നെ പ്രത്യേക അന്വേഷണ സംഘം വന്നത്. ക്രൈംബ്രാഞ്ച് ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല എ.ഡി.ജി.പി. അനില്‍കാന്തിനായിരുന്നു.

അന്വേഷണ സംഘത്തിന് രൂപം നല്‍കിയ അന്നു തന്നെ ശ്രീജിത്തിന്റെ മരണത്തില്‍ കുറ്റാരോപിതരായ 3 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ശ്രീജിത്തിനെ വീട്ടില്‍ നിന്നു പിടിച്ചുകൊണ്ടു പോയവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഏപ്രില്‍ 12ന് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഇവരുടെ ആദ്യ റിപ്പോര്‍ട്ടനുസരിച്ച് സി.ഐ., എസ്.ഐ. എന്നിവരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. ഏപ്രില്‍ 14നും 15നും അവധിയായിരുന്നിട്ടു കൂടി അന്വേഷണം തുടര്‍ന്നു. ഏപ്രില്‍ 16ന് മൊഴികള്‍ രേഖപ്പെടുത്തുകയും ശാസ്ത്രീയ അന്വേഷണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു.

ശ്രീജിത്തിനെ കസ്റ്റിഡിയിലെടുത്ത 3 പൊലീസുകാരെ ചോദ്യം ചെയ്യാനായി ഏപ്രില്‍ 17ന് വിളിപ്പിച്ചു. അന്നു മുഴുവന്‍ ചോദ്യം ചെയ്യല്‍ നീണ്ടു. അടുത്ത ദിവസം, ഏപ്രില്‍ 18ന് 3 പൊലീസുകാരെയും കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. അന്വേഷണം തുടരുമ്പോഴാണ് എസ്.ഐയ്ക്ക് ഈ കേസിലുള്ള നിര്‍ണ്ണായക പങ്കിനെക്കുറിച്ച് തെളിവ് ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് ഏപ്രില്‍ 21ന് എസ്.ഐയെയും അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തി. റൂറല്‍ എസ്.പി. എ.വി.ജോര്‍ജ്ജിന്റെ പ്രത്യേക സ്‌ക്വാഡിലുള്ള പൊലീസുകാരാണ് കസ്റ്റഡി മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്വം ചുമത്തി ജോര്‍ജ്ജിനെ സ്ഥലം മാറ്റി. ഇതിനു മുമ്പും കേരളത്തില്‍ കസ്റ്റഡി മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത്രയും വേഗത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായ ചരിത്രമില്ലെന്നും മുഖ്യമന്ത്രി പറയുന്നത് ഈ സാഹചര്യത്തിലാണ്.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ്‌

മനുഷ്യാവകാശ കമ്മീഷനു നേരെ മുഖ്യമന്ത്രി ഉയര്‍ത്തിയ വിമര്‍ശനത്തിന് ഒരു രാഷ്ട്രീയക്കാരന്റെ മെയ്‌വഴക്കത്തോടെ തന്നെ മോഹന്‍ദാസ് മറുപടി പറഞ്ഞിട്ടുണ്ട്. കസ്റ്റഡി മരണത്തില്‍ ഇടപെടാന്‍ മനുഷ്യാവകാശ കമ്മീഷന് അവകാശമുണ്ടെന്നും മുഖ്യമന്ത്രി നിയമം അറിയാതെയാകും കമ്മീഷനെ വിമര്‍ശിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതികരിച്ച രീതി കൂടി കണ്ടപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയായിരുന്നു എന്ന തോന്നല്‍ എന്നിലുറയ്ക്കുകയാണ്.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട്. അത് ജനങ്ങളെ അറിയിക്കാനുള്ള ബാദ്ധ്യത കമ്മീഷനുണ്ട്. എ.ജിയോട് ചോദിച്ചാല്‍ കമ്മീഷന്റെ അധികാരം മുഖ്യമന്ത്രിക്ക് മനസ്സിലാകുമായിരുന്നു. ശ്രീജിത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്വം പൊലീസിനാണ്. എസ്.പിയുടെ സ്ഥലംമാറ്റത്തെക്കുറിച്ച് പറയുമ്പോള്‍ ആരോപണ വിധേയനായ ഒരാളെ പൊലീസിന് പരിശീലനം നല്‍കാന്‍ ചുമതലപ്പെടുത്തിയതിലെ പൊരുത്തക്കേടിനെയാണ് ചൂണ്ടിക്കാണിച്ചത്. രാഷ്ട്രീയത്തെക്കാള്‍ നല്ലത് ജുഡീഷ്യറി ആണെന്നു മനസ്സിലാക്കി രാഷ്ട്രീയം ഉപേക്ഷിച്ച് വന്നയാളാണ് ഞാന്‍. ഒരു രാഷ്ട്രീയകക്ഷിയോടും എനിക്ക് മമതയില്ല.

പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന മോഹന്‍ദാസിന്റെ വിലയിരുത്തല്‍ കേസുമായി ബന്ധപ്പെട്ട് മുന്നില്‍ വന്ന ഏതു രേഖയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹത്തിന്റെ ബാദ്ധ്യതയുണ്ട്. കമ്മീഷന്റെ വാദം ശരിയാണെങ്കില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ. അടക്കം 4 പൊലീസുകാര്‍ കൊലക്കുറ്റത്തിന് അറസ്റ്റിലാവുമായിരുന്നില്ല. എ.വി.ജോര്‍ജ്ജിനെ മാറ്റിയതിനെ വിമര്‍ശിച്ചതിനു മറുപടിയായി ഒരു എസ്.പിയെ മാറ്റുന്നത് മനുഷ്യാവകാശ കമ്മീഷന്റെ സമ്മതത്തോടെ ആകണോ എന്ന മറുചോദ്യമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. കമ്മീഷന് മറുപടിയില്ലാത്തതാണ് ഈ ചോദ്യം. മാത്രമല്ല ജോര്‍ജ്ജിനെതിരെ എന്തെങ്കിലും തെളിവ് കമ്മീഷന് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും മറുപടിയില്ല.

ചുരുക്കത്തില്‍, അധികാര പരിധിക്കു പുറത്തുള്ള കാര്യങ്ങളെക്കുറിച്ചാണ് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പറയുന്നത്. ഈ തെറ്റായ പ്രവണതയാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. സുപ്രീം കോടതിയോ ഹൈക്കോടതിയോ പോലെ ഒരു ഭരണഘടനാ സ്ഥാപനമല്ല മനുഷ്യാവകാശ കമ്മീഷന്‍. ഇത് നിയമപരമായി നിലനില്പുള്ള ഒരു സംവിധാനം അഥവാ സ്റ്റാറ്റിയൂട്ടറി ബോഡി മാത്രമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന സമിതിയാണ് കമ്മീഷന്‍ അംഗങ്ങളെ നിശ്ചയിക്കുന്നത്.

1993ലെ ദ പ്രൊട്ടക്ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ആക്ട് പ്രകാരമാണ് മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്. കേന്ദ്ര നിയമത്തിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന നിയമം കേരള നിയമസഭയും പാസാക്കി. ഈ നിയമപ്രകാരം മനുഷ്യാവകാശ കമ്മീഷന്‍ ഒരു അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമാണ്. ശിക്ഷിക്കാന്‍ അധികാരമില്ല എന്നര്‍ത്ഥം. നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനേ അധികാരമുള്ളൂ. അതും രേഖാമൂലം തന്നെയാവണം. ഇപ്പോള്‍ മോഹന്‍ദാസ് ചെയ്തപോലെ വാക്കാലുള്ള പ്രസ്താവനയോ വിമര്‍ശനമോ നിലനില്‍ക്കുന്നതല്ല എന്നര്‍ത്ഥം.

ആക്ടിങ് ചെയര്‍മാന്‍ എന്ന നിലയില്‍ കൈവന്ന പദവി പരമാവധി പ്രയോജനപ്പെടുത്താനല്ലേ മോഹന്‍ദാസ് ശ്രമിക്കുന്നത് എന്ന സംശയം ന്യായമായി ഉയരാം. ഹൈക്കോടതിയില്‍ നിന്ന് ചീഫ് ജസ്റ്റീസ് ആയി വിരമിച്ച വ്യക്തിയാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആകേണ്ടത്. രണ്ടംഗങ്ങളില്‍ ഒരാള്‍ ജില്ലാ ജഡ്ജിയായി വിരമിച്ചയാളാകണം. ചെയര്‍മാന്‍ സ്ഥാനം ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ആ സ്ഥാനത്താണ് ജില്ലാ ജഡ്ജിയുടെ പദവിയിലിരുന്നയാളിരുന്ന് വിവാദങ്ങള്‍ സൃഷ്ടിച്ച് ‘ആക്ട്’ ചെയ്യുന്നത്. മനുഷ്യാവകാശ കമ്മീഷനിലെ മൂന്നാമത്തെ അംഗം കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.മോഹന്‍കുമാറാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ രാഷ്ട്രീയം നിയമനങ്ങളില്‍ പ്രകടം. അതിനാലാണ് നേരത്തേയുള്ള രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി കാര്യങ്ങള്‍ പറയരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ കെ.മോഹന്‍കുമാര്‍

മനുഷ്യാവകാശ കമ്മീഷന്റെ അധികാരങ്ങള്‍ എന്തൊക്കെയാണെന്ന് എ.ജിയോട് ചോദിച്ചു മനസ്സിലാക്കാനാണ് പിണറായിയെ മോഹന്‍ദാസ് ഉപദേശിച്ചിരിക്കുന്നത്. എന്തൊക്കെയാണ് അധികാരങ്ങള്‍ എന്നറിയാന്‍ നിയമം നോക്കിയാല്‍ മതി. മനുഷ്യാവകാശ ലംഘനം സംബന്ധിച്ച ഒരു പരാതി ലഭിച്ചാല്‍ കമ്മീഷന് അതേപ്പറ്റി പരിശോധിക്കാം. മനുഷ്യാവകാശ ലംഘനം നടന്നെന്നു തോന്നിയാല്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താം. മനുഷ്യാവകാശ കമ്മീഷന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സിയേയോ മറ്റ് ഏജന്‍സികളേയോ അന്വേഷണം നടത്താന്‍ ഏല്പിക്കാം. അന്വേഷണത്തിന്റെ ഭാഗമായി സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടാം. മനുഷ്യാവകാശ ലംഘനം നടന്നെന്ന് അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയാല്‍ പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കാം. ഇതിനായി അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് അയച്ചുനല്‍കണം. ഇതില്‍ എടുത്ത നടപടിയും അഭിപ്രായവും കമ്മീഷനെ സര്‍ക്കാര്‍ അറിയിക്കണം.

ഇതില്‍ ഏത് അധികാരമാണ് വരാപ്പുഴ കേസില്‍ ആക്ടിങ് ചെയര്‍മാന്‍ പ്രയോഗിച്ചത്? കമ്മീഷന്റെ ഏത് അധികാരമാണ് സര്‍ക്കാര്‍ വിമര്‍ശിച്ചത്? പ്രസ്താവനയിലല്ല പ്രവൃത്തിയിലാണ് കാര്യം. വെറുതെ വാചകമടിക്കുന്നതിനു പകരം ആവശ്യമുള്ള കാര്യങ്ങള്‍ ഒരു ഇടക്കാല ഉത്തരവാക്കി സര്‍ക്കാരിനു കൈമാറിയിരുന്നുവെങ്കില്‍ കളി മാറിയേനേ. അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് മിതത്വം വെറും അലങ്കാരമല്ല, അത്യന്താപേക്ഷതമായ ഘടകമാണ്. ഇപ്പോഴത്തെ വിവാദത്തിന്റെ അന്തിമഫലം എന്താണ്? ഇനി മോഹന്‍ദാസ് കാര്യമായി എന്തെങ്കിലും പറഞ്ഞാലും അത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്നു തന്നെ ജനം പറയും. വിവാദം കമ്മീഷന്റെ വിലയിടിച്ചു, അത്ര തന്നെ.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks