Reading Time: 3 minutes

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തിലെ മോത്തി നഗര്‍ മേഖലയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബ്രിജേഷ് ഗോയലിന്റെ പ്രചാരണത്തിനായി റോഡ് ഷോ നടത്തുകയായിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒരു യുവാവ് വാഹനത്തിനു മുകളില്‍ വലിഞ്ഞുകയറി ചെകിട്ടത്തടിച്ചു. കൈലാഷ് പാര്‍ക്ക് മേഖലയില്‍ സ്‌പെയര്‍ പാര്‍ട്ട്‌സ് കട നടത്തുന്ന സുരേഷ് (33) എന്നയാളാണ് അക്രമിച്ചതെന്ന് പിന്നീട് വ്യക്തമായി.


ആക്രമത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണവുമായി ആപ് രംഗത്തെത്തിയിട്ടുണ്ട്. ചത്തതു കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെയാവണമല്ലോ. രണ്ടാം തവണയാണ് പൊതുപരിപാടിക്കിടെ അരവിന്ദ് കെജ്രിവാളിന് തല്ലു കൊള്ളുന്നത്. ഇതിനു പുറമെ ഒരു തവണ അദ്ദേഹത്തിനു മേല്‍ മുളകുപൊടിയും മറ്റൊരിക്കല്‍ മഷിയും വിതറി. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് ഇസഡ് പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സുരക്ഷ നല്‍കുന്ന ഡല്‍ഹി മുഖ്യമന്ത്രിക്കാണ് ഈ ഗതി!

എന്തിനാണ് അരവിന്ദ് കെജ്രവാളിനെ സുരേഷ് തല്ലിയത്? അറിയില്ല. പക്ഷേ, എന്റെ അഭിപ്രായത്തില്‍ കെജ്രിവാള്‍ ആ തല്ല് അര്‍ഹിക്കുന്നുണ്ട്. സാധാരണ മുഖ്യമന്ത്രിമാര്‍ ചെയ്യുന്ന കാര്യങ്ങള്‍ വല്ലതുമാണോ ടിയാന്‍ ചെയ്തു കൂട്ടിയത്? ഇനിയാര്‍ക്കെങ്കിലും മര്യാദയ്ക്ക് മുഖ്യമന്ത്രിയായിരുന്ന് അല്പം അഴിമതിയും സ്വല്പം സ്വജനപക്ഷപാതവുമായി കാലം കഴിക്കാന്‍ പറ്റുമോ? കുറഞ്ഞപക്ഷം ഡല്‍ഹിയിലെങ്കിലും അതു നടക്കില്ല. ഉള്ള വേണ്ടാതീനങ്ങള്‍ മുഴുവന്‍ കെജ്രി ഡല്‍ഹിയില്‍ ചെയ്തുകൂട്ടിയിട്ടുണ്ട്.

കെജ്രിയുടെ ചെയ്തികളുടെ കണക്കെടുപ്പ് ഈയവസരത്തില്‍ അനിവാര്യമാണ്. അപ്പോഴാണ് തല്ല് എത്ര അത്യാവശ്യമായിരുന്നു എന്നു മനസ്സിലാവുക.

  • ഡല്‍ഹിയിലെ വൈദ്യുതി ബില്‍ പകുതിയാക്കി.
  • മാസം 20,000 ലിറ്റര്‍ വെള്ളം സൗജന്യമാക്കി.
  • വാട്ടര്‍ എ.ടി.എമ്മുകള്‍ മുഖേന 20 ലിറ്റര്‍ വെള്ളം 2 രൂപയ്ക്ക്.
  • ആം ആദ്മി മൊഹല്ല ക്ലിനിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചു. എസിയൊക്കെ ഫിറ്റ് ചെയ്ത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലിനിക് സ്ഥാപിക്കാന്‍ ചെലവായത് 20 ലക്ഷം രൂപ മാത്രം. മറ്റു ചില സര്‍ക്കാരുകള്‍ 2 കോടിക്കാണ് ഇതു ചെയ്തത്. ഈ വര്‍ഷം ഇത്തരത്തിലുള്ള 1.000 ക്ലിനിക്കുകള്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ടെസ്റ്റുകളും മരുന്നും ഫ്രീ.
  • ആം ആദ്മി പോളിക്ലിനിക് ആരംഭിച്ചു. 100 പോളിക്ലിനിക് സ്ഥാപിക്കാന്‍ പദ്ധതി.
  • എല്ലാ മരുന്നുകളും ആസ്പത്രിയില്‍ ഉണ്ടെന്നുറപ്പ് വരുത്തി. ആസ്പത്രികളില്‍ എല്ലാ മരുന്നുകളും സൗജന്യമാക്കി.

  • 250 കോടി രൂപ പദ്ധതിച്ചെലവ് കണക്കാക്കിയ മേല്‍പ്പാലം 150 കോടി രൂപയ്ക്കു പൂര്‍ത്തീകരിച്ചു. 100 കോടി രൂപ ഖജനാവിലേക്ക് മിച്ചം.
  • മറ്റൊരു മേല്‍പ്പാലം പണിത് മിച്ചം വെച്ചത് 125 കോടി രൂപ.
  • ഡല്‍ഹി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള റോഡുകള്‍ നവീകരിച്ചു.
  • പുതിയ 1,000 ബസ്സുകള്‍ ഇറക്കി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ബസ്സുകള്‍.
  • സ്ത്രീ സുരക്ഷക്ക് ബസ്സുകളില്‍ മാര്‍ഷല്‍മാരെ നിയമിച്ചു.
  • ബസ്സുകളില്‍ സി.സി.ടി.വി. സ്ഥാപിച്ചു.
  • ഡല്‍ഹിയിലാകെ സി.സി.ടി.വി. സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.
  • ജെ.ജെ. ക്ലസ്റ്ററില്‍ 2,000 ടോയലറ്റുകള്‍ നിര്‍മ്മിച്ചു.

  • ജന്‍ ലോക്പാല്‍ ബില്‍ പാസാക്കി.
  • അഴിമതി കുറച്ചു.
  • മന്ത്രിസഭയിലെ ഒരു മന്ത്രി അഴിമതി കാട്ടി എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉടനെ തന്നെ പുറത്താക്കി.
  • അഴിമതി കാണിച്ച ഒട്ടേറെ ഉദ്യോഗസ്ഥരെ പുറത്താക്കി.
  • സേവനം അവകാശമാക്കി. ഉദ്യോഗസ്ഥര്‍ സേവനത്തിനു താമസം വരുത്തിയാല്‍ പിഴശിക്ഷ ഉറപ്പു വരുത്തി.
  • വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി.
  • ഉന്നതവിദ്യാഭ്യാസത്തിന് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സര്‍ക്കാര്‍ ജാമ്യം നില്‍ക്കും.
  • മാനേജ്‌മെന്റ് ക്വാട്ട നിര്‍ത്തി.
  • പ്രവേശനം സുതാര്യമാക്കാന്‍ നടപടികള്‍ ആരംഭിച്ചു.
  • അന്താരാഷ്ട്ര നിലവാരമുള്ള ആധുനിക സ്‌കൂളുകള്‍ നിര്‍മ്മിച്ചു. യൂറോപ്യന്‍ രീതിയിലുള്ള ക്ലാസ് റൂം, സിലബസുകള്‍.
  • സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സ്വകാര്യ സ്‌കൂളുകളെക്കാള്‍ മികവ്. സി.ബി.എസ്.ഇ. പരീക്ഷാഫലം ഇതിനു തെളിവ്.

  • ജനങ്ങളെ സര്‍ക്കാര്‍ ഓഫീസില്‍ വരുത്താതെ സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചു.
  • സര്‍ട്ടിഫിക്കറ്റുകളില്‍ സ്വയം സാക്ഷ്യപെടുത്തല്‍.
  • അപേക്ഷകള്‍ ഓണ്‍ലൈന്‍ ആക്കുകയും സത്യവാങ്മൂലം ഒഴിവാക്കുകയും ചെയ്തു.
  • തെരുവില്‍ ഉറങ്ങുന്നവര്‍ക്ക് രാത്രി താമസസൗകര്യം ഏര്‍പ്പാടാക്കി.
  • മലിനീകരണം തടയാന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
  • കുറഞ്ഞ ചെലവില്‍ ഭക്ഷണം 5 രൂപയ്ക്ക് ഊണ് കിട്ടുന്ന ആം ആദ്മി ക്യാന്റീനുകള്‍.
  • തെരുവില്‍ കഴിഞ്ഞിരുന്ന വീടില്ലാത്ത 350ലധികം കുടുംബങ്ങളെ ഫ്‌ളാറ്റ് നിര്‍മ്മിച്ച് പുനരധിവസിപ്പിച്ചു.
  • തെരുവില്‍ ഭിക്ഷാടനം നടത്തുന്നവരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതി.
  • യമുന ശുചീകരണ പരിപാടി ആരംഭിച്ചു.
  • 1984ലെ സിഖ് കലാപത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കി.
  • കര്‍ഷകര്‍ക്ക് റെക്കോഡ് നഷ്ടപരിഹാരം -ഹെക്ടര്‍ ഒന്നിന് 50,000 രൂപ.
  • ഡ്യൂട്ടിക്കിടെ മരിക്കുന്ന എല്ലാ പൊലീസുകാര്‍ക്കും 1 കോടി രൂപ നഷ്ടപരിഹാരം.
  • ഏറ്റവും കുറഞ്ഞ വാറ്റ് നിരക്ക്.

തല്ലുകൊള്ളിത്തരമല്ലേ ഡല്‍ഹി മുഖ്യമന്ത്രി ഈ ചെയ്തു കൂട്ടുന്നത്? ഇത്തരത്തില്‍ ജനോപകാര പദ്ധതികളുമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടുണ്ടോ? 5 വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമല്ലേ ജനങ്ങള്‍ എന്നു പറയുന്ന കഴുതകളെ പരിഗണിക്കാവൂ? ഇതിനു പകരം എന്നും ജനങ്ങള്‍ എന്നു പറഞ്ഞു നടന്നാല്‍ എങ്ങനെ ശരിയാവും?

പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ട് ഇതില്‍ ചില പദ്ധതികളെല്ലാം കേരളത്തിലും നടപ്പാക്കിയിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ അനുഭവം കേരളത്തിലും ആവര്‍ത്തിച്ചേക്കാം, തല്പര കക്ഷികള്‍ക്ക് അതിനുമാത്രം ധൈര്യമുണ്ടെങ്കില്‍. വികസനവും സദ്ഭരണവും രാഷ്ട്രീയവുമൊന്നുമല്ലല്ലോ ഇവിടെ ചര്‍ച്ചാവിഷയം. ജാതിയും മതവും ദൈവവുമൊക്കെയല്ലേ? ഇതും ഇതിലപ്പുറവും നാട്ടില്‍ നടക്കും. കേരളാ പൊലീസ് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ല എന്നതിന്റെ പ്രാധാന്യം അവിടെയാണ്.

Previous articleകോടികളുടെ കാറില്‍ പരലോക സഞ്ചാരം!
Next articleന്നാലും ന്റെ പിള്ളേച്ചാ..
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here