ഒരു സർക്കാരിന്റെ നേട്ടം അളക്കേണ്ടത് അതിന്റെ അവകാശവാദങ്ങൾ കൊണ്ടുമാത്രമല്ല. പുറത്തുനിന്നുള്ള സ്വതന്ത്ര വിലയിരുത്തലുകൾ എന്തു പറയുന്നു എന്നതും പ്രധാനമാണ്. കഴിഞ്ഞ വർഷങ്ങളിലെ കേരളത്തിലെ ദുരന്തനിവാരണത്തെയും മനുഷ്യ–വന്യജീവി സംഘർഷം നേരിടാനുള്ള നടപടികളെയും സംബന്ധിച്ച് ഓഗസ്റ്റ് 7ന് പുറത്തുവന്ന 2 പാർലമെന്ററി സമിതികളുടെ വിലയിരുത്തൽ അതുകൊണ്ടുതന്നെ ശ്രദ്ധേയമാണ്.
ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി കേരളം വികസിപ്പിച്ച ദുരന്തനിവാരണ മാതൃകയെ പ്രശംസിക്കുന്നു. സാമൂഹിക പങ്കാളിത്തം, സാങ്കേതികവിദ്യയുടെ ഉപയോഗം, ആസൂത്രണം എന്നിവ സംയോജിപ്പിച്ച് സമഗ്രവും വികേന്ദ്രീകൃതവുമായ ദുരന്തനിവാരണ സംവിധാനം കേരളം വികസിപ്പിച്ചുവെന്നാണ് സമിതിയുടെ വിലയിരുത്തൽ. തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയോടെ നടപ്പാക്കുന്ന വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളും വയനാട്, കണ്ണൂർ ജില്ലകളിൽ പരീക്ഷിക്കുന്ന സാങ്കേതികാധിഷ്ഠിത കാലാവസ്ഥാ–ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളും പ്രത്യേക പരാമർശം നേടി.
അതിനു പിന്നാലെയാണ് മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കാൻ കേരളം സ്വീകരിച്ച നടപടികളെ വനം–പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി അഭിനന്ദിച്ചത്. കേരളത്തിന്റെ അനുഭവം മറ്റ് സംസ്ഥാനങ്ങളുമായും പങ്കുവയ്ക്കണമെന്നാണ് സമിതി നിർദേശിച്ചത്.
ഇവ രണ്ടും ചേർത്തുവായിക്കുമ്പോൾ തെളിയുന്നത് 10 വർഷത്തെ ഭരണപരിവർത്തനമാണ്. 2016 മുതൽ 2026 വരെ പിണറായി വിജയൻ സർക്കാർ ദുരന്തത്തെ നേരിടേണ്ട ഒരു അടിയന്തര സാഹചര്യം എന്നതിൽനിന്ന് ദുരന്തസാധ്യത മുൻകൂട്ടി മനസ്സിലാക്കി അതോടൊപ്പം ജീവിക്കാൻ സമൂഹത്തെ സജ്ജമാക്കേണ്ട വികസനപ്രശ്നം എന്ന നിലയിലേക്ക് കേരളത്തിന്റെ സമീപനം മാറ്റിയെടുത്തു.
അപകടസാധ്യതയുടെ നടുവിലെ കേരളം
കേരളത്തിന്റെ ഭൂമിശാസ്ത്രം തന്നെ വെല്ലുവിളിയാണ്. പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടുന്നതുപോലെ സംസ്ഥാനത്തിന്റെ 14.5 ശതമാനം പ്രദേശം വെള്ളപ്പൊക്ക സാധ്യതയുള്ളതാണ്. 14.4 ശതമാനം പ്രദേശം മണ്ണിടിച്ചിൽ സാധ്യതയുള്ളതും 55.5 ശതമാനം തീരപ്രദേശം തീരദേശ ദുരന്തസാധ്യത നേരിടുന്നതുമാണ്. കേരളം ഭൂകമ്പ സാധ്യതയുടെ സോൺ മൂന്നിലുമാണ്.
പടിഞ്ഞാറ് അറബിക്കടൽ. കിഴക്ക് പശ്ചിമഘട്ടം. നടുവിലൂടെ ചെറുതും വലുതുമായ നദികൾ. ജനസാന്ദ്രത വളരെ ഉയർന്നത്. മലയും തീരവും നഗരവും കായലും ഒരേസമയം ദുരന്തസാധ്യത നേരിടുന്ന അപൂർവ ഭൂപ്രകൃതി. അങ്ങനെയുള്ള ഒരു സംസ്ഥാനത്തെയാണ് ഓഖി ചുഴലിക്കാറ്റും 2018ലെ മഹാപ്രളയവും 2019ലെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും തുടർച്ചയായി പരീക്ഷിച്ചത്. ആ ദുരന്തങ്ങളിൽനിന്ന് കേരളം പഠിച്ചു. അതാണ് ഇന്ന് പാർലമെന്ററി സമിതി പ്രശംസിക്കുന്ന മാതൃകയുടെ അടിത്തറ.
രക്ഷാപ്രവർത്തനത്തിൽനിന്ന് പ്രതിരോധത്തിലേക്ക്
2018ലെ പ്രളയത്തിൽ തദ്ദേശസ്ഥാപനങ്ങൾ എത്ര നിർണായകമാണെന്ന് കേരളം നേരിട്ട് അനുഭവിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മുതൽ വാർഡ് അംഗംവരെ, കുടുംബശ്രീ മുതൽ ആരോഗ്യപ്രവർത്തകർവരെ, മത്സ്യത്തൊഴിലാളികൾ മുതൽ സന്നദ്ധപ്രവർത്തകർവരെ ഒരു വലിയ ജനകീയ രക്ഷാസേനയായി മാറിയ കാലമായിരുന്നു അത്. ആ അനുഭവത്തെ ഒരു ഓർമയായി സൂക്ഷിക്കുകയല്ല പിണറായി സർക്കാർ ചെയ്തത്. ഭരണസംവിധാനത്തിന്റെ ഭാഗമാക്കി.
2020 ജനുവരിയിൽ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും സ്വന്തം ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുന്നതിനാവശ്യമായ വിവരശേഖരണ മാതൃകയും മാർഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കി. ദുരന്തസാധ്യതയുള്ള പ്രദേശങ്ങൾ, രക്ഷാകേന്ദ്രങ്ങൾ, ലഭ്യമായ വാഹനങ്ങൾ, യന്ത്രങ്ങൾ, ആരോഗ്യസൗകര്യങ്ങൾ, പരിശീലനം ലഭിച്ച മനുഷ്യവിഭവം എന്നിവ പ്രാദേശികതലത്തിൽത്തന്നെ തിരിച്ചറിയുന്ന രീതിയിലേക്ക് ആസൂത്രണം മാറി.
ദുരന്തം വന്നശേഷം തിരുവനന്തപുരത്തുനിന്ന് ഉത്തരവിനായി കാത്തിരിക്കുന്ന പഴയ മാതൃകയിൽനിന്നുള്ള വലിയ മാറ്റമായിരുന്നു അത്. ആദ്യം പ്രതികരിക്കേണ്ടത് നാട്ടിലെ സംവിധാനമാണ്. സർക്കാരിന്റെ മറ്റു സംവിധാനങ്ങൾ അതിനെ ശക്തിപ്പെടുത്തണം. ഇതാണ് വികേന്ദ്രീകൃത ദുരന്തനിവാരണത്തിന്റെ കേരളരീതി. ഇന്ന് അതിനെ തന്നെയാണ് ആഭ്യന്തരകാര്യ പാർലമെന്ററി സമിതി പ്രത്യേകം എടുത്തുപറയുന്നത്.
‘റീബിൽഡ് കേരള’ വെറും പുനർനിർമാണമായിരുന്നില്ല
2018ലെ പ്രളയത്തിനുശേഷം രൂപപ്പെട്ട റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ലക്ഷ്യം തകർന്ന റോഡും പാലവും പഴയതുപോലെ പുനർനിർമിക്കുക മാത്രമായിരുന്നില്ല. Resilient, Risk-Informed Development എന്ന ആശയമാണ് അതിന്റെ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. ജലവിഭവം, റോഡ്–പാലം, നഗരവികസനം, വനം, കൃഷി, മത്സ്യമേഖല, ഉപജീവനം തുടങ്ങി വിവിധ മേഖലകളുടെ വികസനത്തിൽ ദുരന്തസാധ്യത കൂടി കണക്കിലെടുക്കുന്ന രീതിയാണ് സർക്കാർ സ്വീകരിച്ചത്.
2018ലെ അനുഭവത്തെത്തുടർന്ന് വികസന ആസൂത്രണത്തിൽ ദുരന്തസാധ്യത കുറയ്ക്കൽ ഉൾപ്പെടുത്താൻ കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിങ് നിയമത്തിലും മാറ്റങ്ങൾ വരുത്തി. Risk Informed Master Plan എന്ന ആശയം നിയമപരമായ ആസൂത്രണത്തിന്റെ ഭാഗമാക്കി; അതിനുള്ള മാർഗനിർദേശം 2022ൽ സർക്കാർ അംഗീകരിച്ചു.
അതുകൊണ്ടുതന്നെ പാർലമെന്ററി സമിതി ഇപ്പോൾ അപകടസാധ്യത അടിസ്ഥാനമാക്കിയ വികസന മാനദണ്ഡങ്ങൾ കൂടുതൽ ശക്തമായി നടപ്പാക്കണമെന്ന് നിർദേശിക്കുമ്പോൾ, കേരളം അതിലേക്കുള്ള യാത്ര ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നതും കാണണം.
സാങ്കേതികവിദ്യയും നാട്ടറിവും കൈകോർക്കുന്നു
കേരള മാതൃകയുടെ രണ്ടാമത്തെ കരുത്താണ് സാങ്കേതികവിദ്യ. എന്നാൽ ജനങ്ങളിൽനിന്ന് അകന്നുനിൽക്കുന്ന സാങ്കേതികവിദ്യയല്ല ഇത്. സർക്കാർ സംവിധാനം, ശാസ്ത്രസ്ഥാപനങ്ങൾ, സർവകലാശാലകൾ, സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകർ, സന്നദ്ധപ്രവർത്തകർ, നാട്ടുകാർ എന്നിവരെ ബന്ധിപ്പിക്കുന്ന രീതിയാണ് സ്വീകരിച്ചത്.
കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ 2025ലെ റിപ്പോർട്ട് ഇതിനെ “Kerala Model of participatory weather observation” എന്നാണ് വിശേഷിപ്പിക്കുന്നത്. സർക്കാർ ഏജൻസികൾ, അക്കാദമിക സ്ഥാപനങ്ങൾ, സിവിൽ സമൂഹം എന്നിവയുടെ കൂട്ടായ പങ്കാളിത്തത്തിലാണ് നിരീക്ഷണസംവിധാനം വളരുന്നതെന്ന് രേഖ വ്യക്തമാക്കുന്നു.
വയനാട്ടിൽ പ്രാദേശിക മഴവിവരങ്ങൾ മുൻകൂട്ടി ഉപയോഗിച്ചതിലൂടെ മണ്ണിടിച്ചിൽ സാധ്യതയുള്ള ഒരു പഞ്ചായത്തിൽ മുൻകരുതൽ ഒഴിപ്പിക്കൽ നടത്താനും ഒരു ജീവൻപോലും നഷ്ടപ്പെടാത്ത സാഹചര്യം സൃഷ്ടിക്കാനും കഴിഞ്ഞ അനുഭവം ജില്ലാ ദുരന്തനിവാരണ സംവിധാനം രേഖപ്പെടുത്തിയിട്ടുണ്ട്. അതേ വിവരങ്ങൾ അണക്കെട്ടുകളുടെ നടത്തിപ്പിലും ജില്ലാ തല തയ്യാറെടുപ്പിലും സഹായിച്ചു. ഇതാണ് സാങ്കേതികവിദ്യ മനുഷ്യജീവിതത്തിലേക്ക് എത്തുന്നത്.
രക്ഷാകവചമായി ‘കവചം’
കേരളത്തിന്റെ മുന്നറിയിപ്പ് സംവിധാനത്തിന്റെ മറ്റൊരു ഘട്ടമാണ് KaWaCHaM — Kerala Warnings, Crisis and Hazard Management. സൈറൺ ശൃംഖല, തീരുമാനസഹായ സംവിധാനം, മുന്നറിയിപ്പ് സൃഷ്ടിക്കുകയും അവസാനത്തെ മനുഷ്യനിലേക്കെത്തിക്കുകയും ചെയ്യുന്ന സംവിധാനം, പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന പോർട്ടൽ എന്നിവ ഇതിന്റെ ഭാഗമാണ്. ഔദ്യോഗിക ഡാറ്റയോടൊപ്പം സമൂഹത്തിൽനിന്നുള്ള വിവരവും സംയോജിപ്പിച്ച് ‘last-mile connectivity’ ഉറപ്പാക്കുകയാണ് ലക്ഷ്യം. പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിൽ വയനാട്ടിലും കണ്ണൂരിലും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന സാങ്കേതിക–എ.ഐ. അധിഷ്ഠിത കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളും പ്രത്യേകം പരാമർശിക്കപ്പെട്ടിട്ടുണ്ട്.
2026 ജൂലൈയിൽ വയനാടിന് ജില്ലാതല ദുരന്തസാധ്യതാ നിരീക്ഷണ സംവിധാനത്തിനും കണ്ണൂരിലെ കണിച്ചാർ പഞ്ചായത്തിലെ മടശ്ശേരിമലയിൽ Landslide Early Warning System സ്ഥാപിക്കാനും പദ്ധതികൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്. കണ്ണൂരിലെ സംവിധാനം ഉരുൾപൊട്ടൽ സാധ്യത കുറഞ്ഞത് 24 മണിക്കൂർ മുമ്പ് തിരിച്ചറിയാനാണ് ലക്ഷ്യമിടുന്നത്. അപകടം സംഭവിച്ചശേഷം മൃതദേഹം അന്വേഷിക്കുന്നതിൽനിന്ന് അപകടത്തിനു മുമ്പ് മനുഷ്യനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്ന ഭരണത്തിലേക്കുള്ള മാറ്റമാണിത്.
പ്രശംസയ്ക്കൊപ്പം മുന്നറിയിപ്പും
പാർലമെന്ററി സമിതി കേരളത്തെ പ്രശംസിച്ചതുകൊണ്ട് എല്ലാം പൂർത്തിയായെന്ന് റിപ്പോർട്ട് പറയുന്നില്ല. അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള വികസന മാനദണ്ഡങ്ങൾ കൂടുതൽ ശക്തമായി നടപ്പാക്കണം, കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ മെച്ചപ്പെടുത്തണം, പൊതുജന ബോധവൽക്കരണം തുടർച്ചയായി നടത്തണം തുടങ്ങിയ നിർദേശങ്ങളും സമിതി മുന്നോട്ടുവയ്ക്കുന്നു. അതുതന്നെയാണ് ഒരു ഗൗരവമുള്ള വിലയിരുത്തലിന്റെ സവിശേഷത.
കേരള മാതൃകയുടെ നേട്ടങ്ങൾ അംഗീകരിക്കുകയും അടുത്തഘട്ടത്തിലേക്കുള്ള കുറവുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. പിണറായി സർക്കാർ സ്വീകരിച്ച സമീപനവും അതുതന്നെയായിരുന്നു. ഒരു പ്രളയം കഴിഞ്ഞാൽ ഫയൽ അടയ്ക്കുകയല്ല; അനുഭവം അടുത്തഘട്ടത്തിന്റെ പദ്ധതിയാക്കുക.
വന്യജീവി സംഘർഷത്തിലും വേറിട്ട വഴി
ദുരന്തനിവാരണത്തിൽ മാത്രമല്ല, മനുഷ്യ–വന്യജീവി സംഘർഷം കൈകാര്യം ചെയ്ത രീതിയിലും കേരളത്തിന്റെ ഇടപെടൽ ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. കാടിനോട് ചേർന്ന് താമസിക്കുന്ന മനുഷ്യന് കാട്ടാനയും കടുവയും പന്നിയും പാമ്പും ഒരു സൈദ്ധാന്തിക പരിസ്ഥിതിപ്രശ്നമല്ല. അത് ജീവന്റെയും കൃഷിയുടെയും ഉപജീവനത്തിന്റെയും പ്രശ്നമാണ്.
അതുകൊണ്ടാണ് 2024 മാർച്ച് 7ന് പിണറായി സർക്കാർ മനുഷ്യ–വന്യജീവി സംഘർഷത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചത്. ദുരന്തനിവാരണ നിയമത്തിന്റെ ഘടനയിലേക്ക് തന്നെ പ്രശ്നത്തെ കൊണ്ടുവന്നു. മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാനതല സമിതി, ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി, ജില്ലാതല സമിതികൾ, പ്രാദേശിക ജാഗ്രതാ സംവിധാനങ്ങൾ, വനംവകുപ്പ് ആസ്ഥാനത്തെ നിയന്ത്രണമുറി എന്നിവയടങ്ങിയ ഘടനയും രൂപപ്പെടുത്തി.
ഇത് പ്രശ്നത്തെ ‘വനംവകുപ്പിന്റെ മാത്രം കാര്യം’ എന്ന പഴയ സമീപനത്തിൽനിന്നുള്ള മാറ്റമാണ്. പൊലീസ്, റവന്യൂ, തദ്ദേശഭരണം, ദുരന്തനിവാരണം, വനം, ജനപ്രതിനിധികൾ, നാട്ടുകാർ—എല്ലാവരുടെയും കൂട്ടായ ഇടപെടൽ ആവശ്യമായ പൊതുസുരക്ഷാ പ്രശ്നമായി സർക്കാർ അതിനെ കണ്ടു.
273 പഞ്ചായത്തുകൾ, പ്രശ്നത്തിന് കൃത്യമായ ഭൂപടം
സംസ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തെ മനുഷ്യ–വന്യജീവി സംഘർഷം പഠിച്ചാണ് 273 പഞ്ചായത്തുകളെ സംഘർഷമേഖലകളായി കണ്ടെത്തിയത്. അതിൽ 30 എണ്ണം അതിതീവ്ര സംഘർഷ മേഖലകളാണ്.
കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖയിലും കേരളത്തിലെ 273 പഞ്ചായത്തുകൾക്ക് ലക്ഷ്യമിട്ട കർമപദ്ധതി ആവശ്യമാണെന്ന് ജില്ലാതല സമിതികൾ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യ–ആന സംഘർഷത്തെ സംസ്ഥാന സവിശേഷ ദുരന്തമായി കൈകാര്യം ചെയ്യുന്ന കേരളത്തിന്റെ സമീപനവും അതിൽ പരാമർശിക്കുന്നു.
പ്രശ്നം ഉണ്ടായിടത്തേക്ക് ഒരു വനം ഉദ്യോഗസ്ഥനെ അയയ്ക്കുക എന്നതിൽനിന്ന് ഏതു പഞ്ചായത്തിലാണ് അപകടം കൂടുതൽ, ഏതു മൃഗമാണ് പ്രശ്നം, ഏതു മാർഗമാണ് അവിടെ ഫലപ്രദം എന്നതനുസരിച്ച് പ്രദേശാധിഷ്ഠിത പ്രവർത്തനത്തിലേക്ക് കേരളം മാറിയതാണ് ഇതിന്റെ പ്രാധാന്യം.
നാട്ടുകാരെത്തന്നെ ആദ്യ പ്രതികരണസേനയാക്കി
പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി പ്രത്യേകം എടുത്തുപറഞ്ഞ മറ്റൊരു ഘടകമാണ് പ്രാഥമിക പ്രതികരണ സംഘങ്ങളും ജനജാഗ്രതാ സമിതികളും. വന്യമൃഗം നാട്ടിലിറങ്ങുമ്പോൾ തിരുവനന്തപുരത്തോ ജില്ലാ ആസ്ഥാനത്തോ വിവരം എത്തി സംഘം പുറപ്പെടുന്നതുവരെ കാത്തിരിക്കേണ്ട സാഹചര്യം മാറ്റുകയാണ് ലക്ഷ്യം. നാട്ടിൽ പരിശീലനം ലഭിച്ച സന്നദ്ധസംഘങ്ങൾ, റാപ്പിഡ് റെസ്പോൺസ് ടീമുകൾ, ജാഗ്രതാ സമിതികൾ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് സംവിധാനം.
വനംവകുപ്പ് പ്രത്യേക Rapid Response Teams സംസ്ഥാനത്തിന്റെ വിവിധ സംഘർഷമേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയും വിവിധ വകുപ്പുകളുടെ ഏകോപനവും ഉപയോഗിച്ച് മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കാൻ 10 പ്രത്യേക മിഷനുകളും സർക്കാർ രൂപപ്പെടുത്തി. കിടങ്ങുകൾ, സൗരവേലികൾ, മറ്റ് ഭൗതിക തടസ്സങ്ങൾ, അതിവേഗ പ്രതികരണസംഘങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ഈ സമീപനമാണ് കേന്ദ്രസമിതിയുടെ പ്രശംസ നേടിയത്.
‘സർപ്പ’യും കേരള മാതൃകയുടെ ഭാഗം
പാമ്പുകളുമായുള്ള മനുഷ്യസംഘർഷം കൈകാര്യം ചെയ്യുന്ന SARPA — Snake Awareness, Rescue and Protection Application പദ്ധതിയും പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ ശ്രദ്ധ നേടി. പാമ്പിനെ കണ്ടാൽ പരിശീലനമില്ലാത്തവർ പിടിച്ച് അപകടത്തിലാകുന്ന രീതിക്ക് പകരം ശാസ്ത്രീയ പരിശീലനം നേടിയ, സർട്ടിഫൈ ചെയ്ത സന്നദ്ധപ്രവർത്തകരെ സാങ്കേതികവിദ്യയിലൂടെ ജനങ്ങളുമായി ബന്ധിപ്പിക്കുകയാണ് പദ്ധതി.
24 മണിക്കൂറും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും പാമ്പുകടിയേറ്റ സാഹചര്യങ്ങളിൽ സഹായിക്കാനും ബോധവൽക്കരണം നടത്താനും സംവിധാനം ഉപയോഗിക്കുന്നു. 2025 മാർച്ചോടെ 5,343 പേർക്ക് ശാസ്ത്രീയ പാമ്പുപിടിത്ത പരിശീലനം നൽകി; 3,061 പേർക്ക് സർട്ടിഫിക്കേഷനും നൽകിയതായി വനംവകുപ്പ് രേഖപ്പെടുത്തുന്നു.
ഒരു മൊബൈൽ ആപ്പിന്റെ കഥ മാത്രമല്ല ഇത്. മനുഷ്യന്റെ ജീവനും ജൈവവൈവിധ്യവും ഒരേസമയം സംരക്ഷിക്കാമെന്ന കേരളത്തിന്റെ സമീപനത്തിന്റെ ഉദാഹരണമാണ്.
മറ്റു സംസ്ഥാനങ്ങൾക്കും കേരളത്തിൽനിന്ന് പഠിക്കാം
ഇതുകൊണ്ടാണ് മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കാൻ കേരളം സ്വീകരിച്ച നടപടികളെ മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്ന് പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി നിർദേശിച്ചത്. ഈ വാചകത്തിനാണ് വലിയ രാഷ്ട്രീയപ്രാധാന്യം. കേരള സർക്കാർ സ്വന്തം നേട്ടത്തെക്കുറിച്ച് പുറത്തിറക്കിയ പരസ്യമല്ല ഇത്.
ദുരന്തനിവാരണത്തെ വിലയിരുത്തിയ ആഭ്യന്തരകാര്യ പാർലമെന്ററി സമിതിയുടെ അധ്യക്ഷൻ ബി.ജെ.പി. എം.പി. രാധാമോഹൻ ദാസ് അഗർവാളാണ്. ബി.ജെ.പി., കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ., ശിവസേന, എൻ.സി.പി., എ.എ.പി. തുടങ്ങി വിവിധ രാഷ്ട്രീയകക്ഷികളിൽപ്പെട്ട എം.പിമാർ അംഗങ്ങളായ സമിതിയാണിത്. അതുകൊണ്ട് കേരളത്തിന് ലഭിച്ച അംഗീകാരത്തെ രാഷ്ട്രീയ പ്രചാരണമെന്ന് തള്ളിക്കളയാനാകില്ല.
ഒരു പതിറ്റാണ്ടിന്റെ ഭരണപാഠം
2016ൽ പിണറായി വിജയൻ സർക്കാർ അധികാരമേൽക്കുമ്പോൾ അടുത്ത 10 വർഷം കേരളം നേരിടാൻ പോകുന്ന ദുരന്തങ്ങളുടെ പരമ്പര ആരും പ്രവചിച്ചിരുന്നില്ല. ഓഖി വന്നു. മഹാപ്രളയം വന്നു. ഉരുൾപൊട്ടലുകൾ വന്നു. കടൽക്ഷോഭവും അസാധാരണ മഴയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയ ഭീഷണികളും വന്നു. മനുഷ്യ–വന്യജീവി സംഘർഷം കൂടുതൽ സങ്കീർണമായി.
ഓരോ പ്രതിസന്ധിയും സർക്കാരിനെ പരീക്ഷിച്ചു. എന്നാൽ ഓരോ അനുഭവത്തെയും അടുത്ത ഘട്ടത്തിന്റെ ഭരണപാഠമാക്കി മാറ്റാൻ ശ്രമിച്ചതാണ് ഈ 10 വർഷത്തിന്റെ പ്രത്യേകത. തദ്ദേശസ്ഥാപനത്തെ ദുരന്തനിവാരണത്തിന്റെ ആദ്യകണ്ണിയാക്കി. ജനപങ്കാളിത്തത്തെ ഔദ്യോഗിക സംവിധാനവുമായി ബന്ധിപ്പിച്ചു. ദുരന്തസാധ്യത ഭൂപടങ്ങൾ തയ്യാറാക്കി. വികസന ആസൂത്രണത്തെ ‘റിസ്ക് ഇൻഫോംഡ്’ ആക്കി. സാങ്കേതിക മുന്നറിയിപ്പ് സംവിധാനങ്ങൾ സൃഷ്ടിച്ചു. പ്രാദേശിക കാലാവസ്ഥാ നിരീക്ഷണത്തെ ശക്തിപ്പെടുത്തി. മനുഷ്യ–വന്യജീവി സംഘർഷത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. 273 പഞ്ചായത്തുകളിലെ പ്രശ്നം ഭൂപടപ്പെടുത്തി. റാപ്പിഡ് റെസ്പോൺസ് ടീമുകളും ജനകീയ ജാഗ്രതാ സംവിധാനങ്ങളും ശക്തിപ്പെടുത്തി. ‘സർപ്പ’ പോലുള്ള ജനപങ്കാളിത്ത സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിച്ചു. ഇപ്പോൾ പാർലമെന്ററി സമിതികൾ പറയുന്നത് ഇതുതന്നെയാണ്: കേരളം ഒരു മാതൃക സൃഷ്ടിച്ചിട്ടുണ്ട്.
അംഗീകാരം ഒരു സർക്കാരിന് മാത്രമല്ല, കേരളത്തിനാണ്
ഈ നേട്ടത്തിന്റെ രാഷ്ട്രീയ നേതൃത്വം പിണറായി വിജയൻ സർക്കാരിന്റേതാണ്. എന്നാൽ അതിന്റെ യഥാർഥ കരുത്ത് കേരളത്തിന്റെ ജനകീയ ഭരണപാരമ്പര്യത്തിലാണ്. പഞ്ചായത്ത് അംഗം മുതൽ ശാസ്ത്രജ്ഞൻവരെ, കുടുംബശ്രീ പ്രവർത്തക മുതൽ മത്സ്യത്തൊഴിലാളിവരെ, വനം ഉദ്യോഗസ്ഥൻ മുതൽ പരിശീലനം നേടിയ പാമ്പുരക്ഷാ സന്നദ്ധപ്രവർത്തകൻവരെ ഈ മാതൃകയിൽ പങ്കാളികളാണ്. അതുകൊണ്ടുതന്നെയാണ് അത് നിലനിൽക്കുന്നത്.
ദുരന്തത്തെ നേരിടാൻ വലിയ പ്രസംഗങ്ങളല്ല വേണ്ടത്. അപകടം എവിടെയെന്ന് മുൻകൂട്ടി അറിയണം. വിവരം അവസാനത്തെ മനുഷ്യനിലേക്കെത്തണം. നാട്ടിൽത്തന്നെ പ്രതികരണശേഷിയുണ്ടാകണം. ശാസ്ത്രവും ജനപങ്കാളിത്തവും ഭരണവും ഒരേ ദിശയിൽ നീങ്ങണം.
പിണറായി വിജയൻ സർക്കാരിന്റെ 10 വർഷം കേരളത്തിൽ കെട്ടിപ്പടുത്തത് ആ സംവിധാനമാണ്. ഇപ്പോൾ അതിന് സാക്ഷ്യപത്രം നൽകുന്നത് പാർലമെന്റിന്റെ സമിതികളാണ്.






