HomeGOVERNANCEക്ഷേമപെൻഷന് ‘...

ക്ഷേമപെൻഷന് ‘സർജിക്കൽ സ്ട്രൈക്ക്’

-

Reading Time: 3 minutes

കേരളത്തിലെ ക്ഷേമപെൻഷൻ വിതരണത്തിൽ വലിയൊരു “വിപ്ലവം” വരികയാണ്. ഇതുവരെ പാവപ്പെട്ട വൃദ്ധന്റെയും കാഴ്ചപരിമിതിയുള്ളവന്റെയും ഭിന്നശേഷിക്കാരന്റെയും വീട്ടുവാതിലിൽ വരെ എത്തിച്ചിരുന്ന പെൻഷൻ ഇനി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി ബാങ്കിലേക്കെത്തിക്കുമത്രേ.

പേരുകേട്ടാൽ തന്നെ ഗംഭീരം. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ. ഇംഗ്ലീഷിൽ പറഞ്ഞാൽ ഏതു കാര്യത്തിനും ഒരു തിളക്കമുണ്ടല്ലോ. വീട്ടിൽ കൊണ്ടുവന്ന് കൊടുക്കുന്നത് പഴഞ്ചൻ. ബാങ്കിലേക്കയക്കുന്നത് ആധുനികം. വൃദ്ധരെ ബാങ്കിലേക്കയക്കുന്നത് അതിലും ആധുനികം.

സർക്കാരിന്റെ ഭാഷയിൽ ഇത് പരിഷ്കാരം. പെൻഷൻകാരന്റെ ഭാഷയിൽ പറഞ്ഞാൽ: “മോനേ, കഷ്ടകാലം തന്നെ…”

ഇതൊരു ‘സർജിക്കൽ സ്ട്രൈക്ക്’

പെൻഷൻ വിതരണം ബാങ്കിലേക്കുമാറ്റാനുള്ള തീരുമാനം ചെറിയ കാര്യമാണെന്ന് കരുതരുത്. ഇതൊരു സർജിക്കൽ സ്ട്രൈക്കാണ്. ആരോടെന്നു മാത്രം ചോദിക്കരുത്.

ഇതുവരെ പെൻഷൻ വീട്ടിലെത്തിയിരുന്നെങ്കിൽ ഒരു മാസം മുടങ്ങിയാൽ നാട്ടിൽ എല്ലാവർക്കും അറിയാം. പെൻഷൻ കൊണ്ടുവരുന്നയാൾ വന്നില്ല. അയൽവാസി ചോദിക്കും. വാർഡ് അംഗം അറിയും. സഹകരണസംഘം അറിയും. മാധ്യമങ്ങളിൽ വാർത്ത വരും.

“ഈ മാസം പെൻഷൻ കിട്ടിയില്ല” എന്ന് ഒരു അമ്മുമ്മ പറഞ്ഞാൽ അതിന് മുഖമുണ്ടായിരുന്നു. കണ്ണീരുണ്ടായിരുന്നു. ഒരു രാഷ്ട്രീയചോദ്യമുണ്ടായിരുന്നു.

ഇനി പണം ബാങ്കിലേക്കാണ്. വന്നോ? വന്നിരിക്കാം. വരാതിരുന്നോ? സെർവർ നോക്കണം. അക്കൗണ്ട് ആക്ടീവാണോ?  കെ.വൈ.സി. മാച്ചായോ? ആധാർ ലിങ്കായോ? പേര് സ്പെല്ലിങ് ഒത്തുവന്നോ? ഇനി പെൻഷൻ മുടങ്ങുന്നത് സർക്കാർ പ്രശ്നമല്ല. ഒരു “ടെക്നിക്കൽ ഇഷ്യൂ” മാത്രം. അതല്ലേ പുരോഗതി!

ഗ്യാസ് സബ്സിഡിയുടെ മഹത്തായ മാതൃക

ഈ സംവിധാനത്തിന് രാജ്യത്ത് ഒരു വലിയ മാതൃകയുണ്ട്. ഗ്യാസ് സബ്സിഡി. ഒരിക്കൽ സബ്സിഡി ബാങ്കിലേക്കെത്തിത്തുടങ്ങി. ആദ്യകാലത്ത് ആളുകൾ മൊബൈൽ സന്ദേശം നോക്കും. “₹… credited” എന്ന എസ്.എം.എസ്. വന്നാൽ സന്തോഷം.

കുറച്ചുകാലം കഴിഞ്ഞപ്പോൾ തുക കുറഞ്ഞു. പിന്നെ ഇടവേളയായി. പിന്നെ വന്നോ പോയോ എന്നുതന്നെ ആരും അന്വേഷിക്കാത്ത അവസ്ഥയായി. ഗ്യാസ് സിലിണ്ടറിന് പണം കൊടുക്കുക എന്നത് ജീവിതത്തിന്റെ ഭാഗമായതുപോലെ സബ്സിഡി കിട്ടാതിരിക്കുന്നതും പതുക്കെ ജീവിതത്തിന്റെ ഭാഗമായി.

ക്ഷേമപെൻഷനും ആ മഹത്തായ ആത്മീയപാതയിലേക്കാണോ പോകുന്നത്? ആദ്യം മാസംതോറും വരും. പിന്നെ 2 മാസം ചേർന്ന് വരും. പിന്നെ “പ്രോസസ്സിങ്ങിലാണ്”.

അവസാനം പെൻഷൻകാരൻ ബാങ്കിൽ ചോദിക്കും: “എന്റെ പണം വന്നില്ലല്ലോ?”

മറുപടി: “സർക്കാരിനോട് ചോദിക്കണം.”

സർക്കാരിനോട് ചോദിച്ചാൽ: “ബാങ്കിനോട് ചോദിക്കണം.”

ഇതാണ് ഡിജിറ്റൽ ഇന്ത്യയുടെ പൂർണചക്രം.

ഇനി ആ പുഞ്ചിരിയും വേണ്ട

ക്ഷേമപെൻഷൻ വീട്ടിലെത്തിച്ചിരുന്ന കാലത്ത് ചില ചിത്രങ്ങളുണ്ടായിരുന്നു. പണം കൈയിൽ കിട്ടുമ്പോൾ നിറഞ്ഞു ചിരിക്കുന്ന ഒരു വൃദ്ധ. കിടപ്പിലായ ഒരാൾക്ക് വീട്ടിലെത്തി പെൻഷൻ കൈമാറുന്ന സഹകരണബാങ്ക് ജീവനക്കാരൻ. കണ്ണ് കാണാത്ത ഒരാളുടെ കൈയിൽ പണം വച്ചുകൊടുക്കുന്ന ചിത്രം.

ആ ചിത്രങ്ങൾക്ക് ഒരു വലിയ ദോഷമുണ്ടായിരുന്നു. സർക്കാരിന്റെ സാമൂഹികസുരക്ഷാ പദ്ധതിക്ക് മനുഷ്യന്റെ മുഖം കിട്ടും. ഇനി അതിന്റെ ആവശ്യമില്ല.

പെൻഷൻ വന്നാൽ ചിത്രം എന്തെടുക്കും? എ.ടി.എം. മെഷീന്റെ സ്ക്രീനോ? മൊബൈലിലെ “credited” സന്ദേശമോ? അക്കൗണ്ട് ബാലൻസിന്റെ സ്ക്രീൻഷോട്ടോ? മനുഷ്യനെ മാറ്റി അക്കൗണ്ട് നമ്പർ വന്നാൽ കാര്യങ്ങൾ കൂടുതൽ “സുതാര്യ”മാകുമല്ലോ.

സഹകരണ ബാങ്കുകളോട് ഇനി വിട

ഇതിലും വലിയ പരിഷ്കാരം വേറെയുണ്ട്. ക്ഷേമപെൻഷൻ വിതരണത്തിൽനിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി വാണിജ്യ ബാങ്കുകളിലൂടെ മാത്രം വിതരണം നടത്തുമെന്നാണ് ഉത്തരവ്. കേരളത്തിന്റെ ഗ്രാമങ്ങളിൽ സഹകരണസ്ഥാപനം ഒരു ബാങ്ക് മാത്രമല്ല. നാട്ടുകാരന്റെ പരിചിതമായ സ്ഥാപനമാണ്. അവിടെയുള്ള ജീവനക്കാരന് പെൻഷൻകാരനെ അറിയാം. വീട്ടുവഴി അറിയാം. ആൾ കിടപ്പിലാണോ എന്നും അറിയാം.

അതാണ് പ്രശ്നം. ഇത്ര പരിചയം സാമ്പത്തികമേഖലയിൽ അപകടകരമാണ്. ഇനി വേണ്ടത് കോർപറേറ്റ് ബാങ്കിങ് സംസ്കാരം. ടോക്കൺ എടുക്കുക. കാത്തിരിക്കുക. കെ.വൈ.സി. നൽകുക. ഒപ്പ് പൊരുത്തപ്പെടുത്തുക. വിരലടയാളം കിട്ടുന്നില്ലെങ്കിൽ വീണ്ടും ശ്രമിക്കുക.

“സാർ, എനിക്ക് കാണാൻ പറ്റില്ല.”

“അപ്പൊ അടുത്ത കൗണ്ടറിൽ പോകൂ.”

“എനിക്ക് നടക്കാൻ പറ്റില്ല.”

“നോമിനിയെ കൊണ്ടുവരൂ.”

“എനിക്ക് ആരുമില്ല.”

അതിനുള്ള മറുപടി ബാങ്കിങ് സോഫ്റ്റ്‌വെയറിൽ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

ഒരു അക്കൗണ്ട് തുറക്കുന്നത് അത്ര എളുപ്പമാണോ?

നഗരത്തിലെ ഓഫീസിൽ ഇരിക്കുന്ന ഒരാൾക്ക് ബാങ്ക് അക്കൗണ്ട് എന്നത് ചെറിയ കാര്യമാണ്. ആധാർ ഉണ്ട്. പാൻ ഉണ്ട്. മൊബൈൽ ഉണ്ട്. ഇ-മെയിൽ ഉണ്ട്. ഒ.ടി.പി. വരും.

പക്ഷേ ക്ഷേമപെൻഷൻ വാങ്ങുന്നവരിൽ വലിയൊരു വിഭാഗം ആരാണ്? വൃദ്ധർ. ഭിന്നശേഷിക്കാർ. കാഴ്ചപരിമിതർ. ഒറ്റയ്ക്കു കഴിയുന്നവർ. ചലനശേഷി കുറഞ്ഞവർ. സാമ്പത്തികമായി ഏറ്റവും ദുർബലരായവർ. ഇവരോടാണ് ഇപ്പോൾ പറയുന്നത്: “ആദ്യം വാണിജ്യ ബാങ്കിൽ അക്കൗണ്ട് തുറക്കൂ.”

സീറോ ബാലൻസ് അക്കൗണ്ട് എല്ലാ ശാഖകളും ഒരേ ഉത്സാഹത്തിൽ തുറക്കുമോ? കെ.വൈ.സി. വിവരങ്ങൾ പൊരുത്തപ്പെടാത്തവർ എന്തുചെയ്യും? ആധാറിലെ പേരും പെൻഷൻ രേഖയിലെ പേരും തമ്മിൽ ഒരു അക്ഷരവ്യത്യാസമുണ്ടെങ്കിൽ? മൊബൈൽ നമ്പർ ഇല്ലാത്തവർ? വിരലടയാളം വ്യക്തമായി പതിയാത്ത വൃദ്ധർ?

ഇവിടെയൊക്കെ സർക്കാർ നൽകുന്ന പുതിയ ഔഷധം ഒന്നു മാത്രം: “അപ്ഡേറ്റ് ചെയ്യണം.” ആർക്കാണ്? 75കാരിയായ അമ്മുമ്മയ്ക്ക്.

വീട്ടിൽ കിട്ടിയ പണം ഇനി ക്യൂവിൽ കിട്ടും

പഴയ സംവിധാനം വളരെ മോശമായിരുന്നു! പെൻഷൻ വീട്ടിലെത്തും. അതുകൊണ്ട് പെൻഷൻകാരന് ബാങ്കിലേക്കു പോകേണ്ടിവരില്ല. ക്യൂ നിൽക്കേണ്ടിവരില്ല. ബസ് കയറേണ്ടിവരില്ല. ഓട്ടോറിക്ഷയ്ക്ക് നൂറോ ഇരുനൂറോ രൂപ കൊടുക്കേണ്ടിവരില്ല. കിടപ്പുരോഗിക്ക് മറ്റൊരാളെ ആശ്രയിക്കേണ്ടിവരില്ല. ഇത്രയും സൗകര്യം ഒരാൾക്ക് നൽകുന്നത് ശരിയാണോ?

അതിനാൽ പുതിയ സംവിധാനം ലളിതമാണ്. 1,600 രൂപ കിട്ടാൻ 200 രൂപ ഓട്ടോക്കൂലി കൊടുത്ത് ബാങ്കിൽ പോകുക. ഒരു മണിക്കൂർ ക്യൂ നിൽക്കുക. സെർവർ പോയാൽ അടുത്ത ദിവസം വീണ്ടും വരുക. അവസാനം പണം കിട്ടിയാൽ സർക്കാരിനോട് നന്ദി പറയുക. ഇതാണ് പുതിയ ക്ഷേമസങ്കല്പം.

‘സുതാര്യത’ എന്ന മാന്ത്രികവാക്ക്

ഈ എല്ലാത്തിനും ഒരു ഒറ്റവാക്കിൽ ന്യായീകരണമുണ്ട്: സുതാര്യത. സുതാര്യത എന്ന വാക്കിന്റെ ഒരു പ്രത്യേക ഗുണമുണ്ട്. അത് പറഞ്ഞുകഴിഞ്ഞാൽ എന്തും ചോദ്യംചെയ്യാൻ ബുദ്ധിമുട്ടാണ്.

സഹകരണബാങ്കിനെ ഒഴിവാക്കി — സുതാര്യത.

പാവങ്ങളെ വാണിജ്യബാങ്കിലേക്ക് അയച്ചു — സുതാര്യത.

വീട്ടിലെത്തിയിരുന്ന പെൻഷൻ അക്കൗണ്ടിലാക്കി — സുതാര്യത.

കെ.വൈ.സി. പിഴവിൽ പണം തടഞ്ഞു — സാങ്കേതിക പ്രശ്നം.

1 മാസം മുടങ്ങി — നടപടിക്രമം.

രണ്ടുമാസം മുടങ്ങി — ധനകാര്യക്രമീകരണം.

പെൻഷൻകാരൻ ചോദിച്ചാൽ — “സിസ്റ്റത്തിൽ നോക്കണം.”

സുതാര്യത ഇത്ര സുതാര്യമായാൽ അവസാനം പെൻഷൻതന്നെ കാണാനില്ലാതാകുമോ എന്നതാണ് പേടി.

യഥാർഥ ചോദ്യം മറ്റൊന്നാണ്

ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സ്വതവേ തെറ്റായ സംവിധാനം അല്ല. ബാങ്ക് വഴി പണം നൽകുന്നതും കുറ്റമല്ല. പ്രശ്നം ആർക്കുവേണ്ടിയാണ് ഈ പദ്ധതി എന്നതാണ്. ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥനുള്ള സംവിധാനം തന്നെ തൊണ്ണൂറുവയസ്സുള്ള പെൻഷൻകാരന് ബാധകമാക്കാമോ? ഡിജിറ്റൽ സൗകര്യമുള്ള നഗരവാസിയുടെ ജീവിതരീതിയെ കിടപ്പുരോഗിയായ ഒരു വയോധികനുമേൽ അടിച്ചേൽപ്പിക്കാമോ? സാങ്കേതികവിദ്യ മനുഷ്യന്റെ ബുദ്ധിമുട്ട് കുറയ്ക്കാനാണ് വേണ്ടത്. മനുഷ്യനെ സാങ്കേതികവിദ്യയുടെ പിന്നാലെ ഓടിക്കാനല്ല.

ക്ഷേമപെൻഷൻ ഒരു ബാങ്കിങ് ഉൽപ്പന്നമല്ല. അത് ഒരു സാമൂഹികാവകാശമാണ്. ജീവിതത്തിന്റെ സായാഹ്നത്തിൽ സർക്കാരിന്റെ ചെറിയൊരു കൈത്താങ്ങാണ്. അത് വീട്ടുവാതിലിൽ ലഭിക്കുന്നതും കിലോമീറ്ററുകൾ സഞ്ചരിച്ച് ബാങ്കിലെ ക്യൂവിൽനിന്ന് വാങ്ങുന്നതും ഒരേ കാര്യമല്ല.

ഇതാരോടുള്ള യുദ്ധമാണ്, സാറേ?

സർക്കാർ പറയുന്നത് പരിഷ്കാരം. പെൻഷൻകാരന് തോന്നുന്നത് പരീക്ഷണം.

സർക്കാർ പറയുന്നത് സുതാര്യത. വൃദ്ധന് തോന്നുന്നത് യാത്രാച്ചെലവ്.

സർക്കാർ പറയുന്നത് ബാങ്കിങ് സൗകര്യം. കിടപ്പുരോഗിക്ക് തോന്നുന്നത് മറ്റൊരാളെ ആശ്രയിക്കേണ്ട ഗതികേട്.

അപ്പോൾ ചോദിക്കാതെ വയ്യ: ഇതാരോടുള്ള യുദ്ധമാണ്, സാറേ? സമ്പന്നനോടോ? കോർപറേറ്റിനോടോ? ബാങ്ക് മുതലാളിയോടോ? അല്ല.

ജീവിതത്തിന്റെ അവസാനഘട്ടത്തിൽ സർക്കാരിന്റെ ചെറിയൊരു സഹായം കാത്തിരിക്കുന്ന വൃദ്ധനോടാണ്. വീട്ടിലെത്തിയിരുന്ന പെൻഷനെ ബാങ്കിന്റെ വാതിലിനപ്പുറത്താക്കി അതിനെ “പരിഷ്കാരം” എന്നു വിളിക്കുന്നതാണ് പുതിയ ഭരണകല.

നാളെ പെൻഷൻ വന്നില്ലെങ്കിൽ വിഷമിക്കേണ്ട.

സർക്കാർ പറയും: “പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.”

ബാങ്ക് പറയും: “അക്കൗണ്ടിൽ വന്നിട്ടില്ല.”

അപ്പോൾ പെൻഷൻകാരന് ചെയ്യാവുന്ന ഏറ്റവും വലിയ ഡിജിറ്റൽ ഇടപാട് ഒന്നു മാത്രം: ആകാശത്തേക്ക് നോക്കി ദൈവത്തോട് ചോദിക്കുക— “എന്റെ പെൻഷൻ എവിടെയാ?”

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS