HomeGOVERNANCE100 ദിവസം: സഹ...

100 ദിവസം: സഹാനുഭൂതിയുടെ പരസ്യം, വൈരുധ്യങ്ങളുടെ ഭരണം

-

Reading Time: 6 minutes

വി.ഡി. സതീശൻ സർക്കാർ 100 ദിവസം പൂർത്തിയാക്കുമ്പോൾ ഭരണപക്ഷത്തിന്റെ പ്രധാന വാക്ക് ‘സദ്ഭരണം’ എന്നാണ്. അതിനൊപ്പം ‘കരുതൽ’, ‘സഹാനുഭൂതി’, ‘പുതുയുഗം’ എന്നിങ്ങനെ പരസ്യവാചകങ്ങളുടെ നീണ്ട നിരയുമുണ്ട്. എന്നാൽ 100 ദിവസം ഒരു സർക്കാരിനെ അന്തിമമായി വിധിയെഴുതാനുള്ള കാലമല്ലെങ്കിലും അതിന്റെ ദിശ മനസ്സിലാക്കാൻ മതിയായ സമയമാണ്. ആരോടാണ് കരുതൽ, ഏതുതരം വികസനത്തിനാണ് മുൻഗണന, തിരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞതിൽ എത്രത്തോളം ഉറച്ചുനിൽക്കുന്നു, അധികാരം കിട്ടിയശേഷം ഏതൊക്കെ നിലപാടുകളാണ് മാറിയത് എന്നീ ചോദ്യങ്ങൾക്ക് ആദ്യ 100 ദിവസം ചില വ്യക്തമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്.

സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ ജനപ്രിയമെന്നു പ്രചരിപ്പിക്കാനുതകുന്ന ചില തീരുമാനങ്ങളുണ്ടായി. കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശാ വർക്കർമാരുടെ പ്രതിഫലം 3000 രൂപ വർധിപ്പിക്കൽ, അങ്കണവാടി ജീവനക്കാർക്കും പാചകത്തൊഴിലാളികൾക്കും പ്രീപ്രൈമറി അധ്യാപകർക്കും ആയമാർക്കും വേതനവർധന എന്നിവ പ്രഖ്യാപിച്ചു. സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ നടപ്പാക്കുകയും ചെയ്തു.

പക്ഷേ 100 ദിവസത്തിന്റെ കണക്ക് ഈ പ്രഖ്യാപനങ്ങളിൽ അവസാനിക്കുന്നില്ല. മറുവശത്ത് ക്ഷേമപദ്ധതികളിലെ പിന്നോട്ടടി, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ നീണ്ട കാത്തിരിപ്പ്, വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ്, കേന്ദ്രസർക്കാരിന്റെ നയങ്ങളോടുള്ള പഴയ നിലപാടുകളിൽ വന്ന മാറ്റം, ദുരന്തകാലത്തെ ഭരണപ്രതികരണങ്ങളെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ എന്നിവയും അതേ 100 ദിവസത്തിന്റെ ഭാഗമാണ്.

1000 രൂപ ഇല്ല; സഹാനുഭൂതി വാക്കിൽ മാത്രം

എൽ.ഡി.എഫ്. സർക്കാർ ആരംഭിച്ച സ്ത്രീസുരക്ഷാ പദ്ധതിയുടെ കാര്യത്തിലാണ് പുതിയ സർക്കാരിന്റെ ‘സഹാനുഭൂതി’ ആദ്യം പരീക്ഷിക്കപ്പെട്ടത്. 35 മുതൽ 60 വയസ്സുവരെയുള്ള അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയിൽ 16.5 ലക്ഷത്തിലധികം സ്ത്രീകൾ ഉൾപ്പെട്ടിരുന്നു. അധികാരത്തിലെത്തിയശേഷം പദ്ധതി തുടരുമെന്ന് ഉറപ്പുനൽകുന്നതിനുപകരം അത് തുടരണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്. പിന്നീട് പദ്ധതി മരവിപ്പിച്ചതോടെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിയിരുന്ന 1000 രൂപ നിലച്ചു. ഇവിടെയാണ് സർക്കാരിന്റെ മുൻഗണനയെക്കുറിച്ചുള്ള ചോദ്യം ഉയരുന്നത്.

സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര നൽകുന്നത് സ്വാഗതാർഹമാണ്. എന്നാൽ യാത്ര ചെയ്യാത്ത, യാത്രചെയ്യാൻ കഴിയാത്ത, വീട്ടുചെലവിന്റെ ഓരോ രൂപയ്ക്കും മറ്റൊരാളെ ആശ്രയിക്കുന്ന സ്ത്രീയുടെ കൈയിൽ നേരിട്ടെത്തിയിരുന്ന 1000 രൂപ എടുത്തുകളയുന്നതിനെ സ്ത്രീപക്ഷ നയമെന്നു വിശേഷിപ്പിക്കാനാകുമോ? ഒരു ക്ഷേമപദ്ധതിക്ക് പകരം മറ്റൊരു ക്ഷേമപദ്ധതി എന്നതല്ല കാര്യം. രണ്ടിനും ലക്ഷ്യവും ഗുണഭോക്താക്കളും വ്യത്യസ്തരാണ്. അതുകൊണ്ട് സ്ത്രീകളുടെ സൗജന്യയാത്രയെ ഉയർത്തിക്കാട്ടി സ്ത്രീസുരക്ഷാ സഹായം നിർത്തിയതിനെ മറയ്ക്കാനാവില്ല.

3000 രൂപ എവിടെ?

തിരഞ്ഞെടുപ്പിനു മുമ്പുള്ള ഏറ്റവും വലിയ ഉറപ്പുകളിലൊന്നായിരുന്നു ക്ഷേമപെൻഷൻ 2000ൽ നിന്ന് 3000 രൂപയാക്കുമെന്നത്. അധികാരത്തിലെത്തിയശേഷമുള്ള ആദ്യ ബജറ്റിൽ ആ വർധന ഉണ്ടായില്ല. സർക്കാർ വാഗ്ദാനം ഉപേക്ഷിച്ചിട്ടില്ലെന്നും പിന്നീട് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാൽ 100 ദിവസം പൂർത്തിയാകുമ്പോഴും പെൻഷൻ 2000 രൂപ തന്നെയാണ്. 5 വർഷമുണ്ടല്ലോ നടപ്പാക്കാൻ എന്നതാണ് ന്യായം.

ഓണത്തിനു മുമ്പ് പെൻഷൻ സമയത്ത് വിതരണം ചെയ്യാൻ 1,105 കോടി രൂപ അനുവദിച്ചത് ഗുണകരമായ നടപടിയാണ്. പക്ഷേ സമയത്ത് കൊടുക്കേണ്ട തുക സമയത്ത് കൊടുക്കുന്നത് വലിയൊരു പുതിയ ക്ഷേമനയമായി അവതരിപ്പിക്കുന്നതും തിരഞ്ഞെടുപ്പിൽ ഉറപ്പുനൽകിയ 1000 രൂപയുടെ വർധന മാറ്റിവയ്ക്കുന്നതും രണ്ടാണ്. വാഗ്ദാനത്തിന്റെ കാലത്ത് കണക്ക് അറിഞ്ഞിരുന്നില്ലേ എന്ന ചോദ്യം ഇവിടെ സ്വാഭാവികമാണ്.

സംസ്ഥാനത്തിന്റെ ധനസ്ഥിതി തിരഞ്ഞെടുപ്പിനു മുമ്പും പൊതുവായി അറിയാമായിരുന്നു. കടവും വരുമാനവും ചെലവും അറിയാമായിരുന്നു. എന്നിട്ടാണ് 3000 രൂപ ഉറപ്പുനൽകിയത്. അധികാരത്തിലെത്തിയശേഷം ധനപ്രതിസന്ധി ചൂണ്ടിക്കാട്ടി വാഗ്ദാനം നീട്ടിവയ്ക്കുന്നത് അവിശ്വാസം നിറയ്ക്കുന്ന രാഷ്ട്രീയക്കളിയുടെ ആവർത്തനമല്ലാതെ എന്താണ്?

എതിർത്ത പദ്ധതി ഇപ്പോൾ സ്വീകരിക്കാം

സതീശൻ സർക്കാരിന്റെ 100 ദിവസത്തിലെ ഏറ്റവും പ്രകടമായ രാഷ്ട്രീയ വൈരുധ്യങ്ങളിലൊന്നാണ് പി.എം. ശ്രീ പദ്ധതിയോടുള്ള സമീപനം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ വിദ്യാഭ്യാസനയം സംസ്ഥാനത്തിനുമേൽ അടിച്ചേല്പിക്കുന്നുവെന്നും ആർ.എസ്.എസ്സിന്റെ ആശയങ്ങൾ വിദ്യാഭ്യാസത്തിലേക്ക് കടത്തിവിടാനുള്ള സാധ്യതയുണ്ടെന്നും പ്രതിപക്ഷത്തിരിക്കുമ്പോൾ യു.ഡി.എഫ്. വിമർശിച്ചിരുന്നു. 2025 ഒക്ടോബറിൽ അന്നത്തെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പദ്ധതി സംബന്ധിച്ച് എൽ.ഡി.എഫ്. സർക്കാരിനെ കടന്നാക്രമിക്കുകയും കേന്ദ്രനയങ്ങൾ ആശയപരമായി അടിച്ചേല്പിക്കുന്നതിനെതിരെയാണ് കോൺഗ്രസിന്റെ നിലപാടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാൽ അധികാരം മാറിയപ്പോൾ ഭാഷയും മാറി. ഇപ്പോൾ പദ്ധതി ഉപേക്ഷിക്കാൻ കഴിയില്ലെന്നും കേന്ദ്രത്തിൽനിന്നുള്ള പണം നഷ്ടപ്പെടുത്താനാകില്ലെന്നും പറഞ്ഞാണ് സർക്കാർ മുന്നോട്ടുപോകുന്നത്. പദ്ധതി എങ്ങനെ നടപ്പാക്കണമെന്നു പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതിയെയും നിയോഗിച്ചു. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ ജൂലൈ അവസാനത്തോടെ യു.ഡി.എഫും ധാരണയിലെത്തി. അപ്പോൾ ചോദ്യം പണത്തെക്കുറിച്ചല്ല. പ്രതിപക്ഷത്തിരുന്നപ്പോൾ ഉയർത്തിയ ആശയപരമായ എതിർപ്പിന് എന്തു സംഭവിച്ചു എന്നതാണ്. എൽ.ഡി.എഫ്. കാലത്ത് ‘സംഘപരിവാർ നയത്തിന് കീഴടങ്ങൽ’; യു.ഡി.എഫ്. ചെയ്യുന്നത് ‘സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിച്ചുള്ള പ്രായോഗികത’. കേരളം ഈ 2 വിശദീകരണങ്ങൾക്കിടയിലെ വ്യത്യാസം ചോദിക്കാതിരിക്കുമോ?

വകുപ്പുമന്ത്രി അറിയാതെ മദ്യനികുതി

ഒരു കൂട്ടുകക്ഷി സർക്കാരിന്റെ ശക്തി മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളുടെ എണ്ണത്തിലല്ല. മന്ത്രിമാർക്ക് സ്വന്തം വകുപ്പുകളെക്കുറിച്ച് അറിവും നിയന്ത്രണവും ഉണ്ടോ എന്നതിലാണ്. വീര്യം കുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതിഘടന പ്രഖ്യാപിച്ച സംഭവം ഈ 100 ദിവസത്തിലെ ഭരണ ഏകോപനത്തിന്റെ വിചിത്രമായ ഉദാഹരണമായി. അര ശതമാനം മുതൽ 10 ശതമാനംവരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും 10 മുതൽ 20 ശതമാനംവരെ വീര്യമുള്ളതിന് 175 ശതമാനവും നികുതി നിശ്ചയിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. ഇതോടെ പുതിയൊരു മദ്യവിപണിക്ക് വഴി തുറന്നു.

എന്നാൽ നികുതി നിർദേശം വരുന്നതിനു മുമ്പ് എക്സൈസ് മന്ത്രി എം.ലിജുവിന് ഇത് അറിയില്ലായിരുന്നു. പിന്നീട് നികുതി സംബന്ധിച്ച ബജറ്റ് നിർദേശം എക്സൈസ് മന്ത്രിയെ മുൻകൂട്ടി അറിയിക്കേണ്ടതില്ലെന്നായിരുന്നു ലിജുവിന്റെ തന്നെ വിശദീകരണം. കോൺഗ്രസിനുള്ളിലും വിഷയത്തിൽ ആശങ്ക ഉയർന്നു.

നിയമപരമായി ഒരു ധനപ്രഖ്യാപനത്തിന്റെ രഹസ്യസ്വഭാവത്തിന് വിശദീകരണമുണ്ടാകാം. പക്ഷേ രാഷ്ട്രീയം മറ്റൊരു ചോദ്യം ചോദിക്കും. സംസ്ഥാനത്തിന്റെ മദ്യനയത്തെ നേരിട്ട് ബാധിക്കാവുന്ന തീരുമാനം സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രിക്ക് തന്നെ മുൻകൂട്ടി ധാരണയില്ലാത്ത സാഹചര്യം ഉണ്ടാകുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ മികച്ച ഉദാഹരണമാണോ? 100 ദിവസം കഴിഞ്ഞിട്ടും പല മന്ത്രിമാരുടെയും വ്യക്തമായ ഭരണസാന്നിധ്യം പൊതുസമൂഹത്തിന് അനുഭവപ്പെടാത്തതിന്റെ പശ്ചാത്തലത്തിലാണ് ഈ സംഭവം കൂടുതൽ പ്രസക്തമാകുന്നത്.

100 ദിവസം കഴിഞ്ഞിട്ടും അധ്യക്ഷന്മാരില്ല

100 ദിവസം ഒരു സർക്കാരിന്റെ എല്ലാ പദ്ധതികളും പൂർത്തിയാക്കാനുള്ള കാലമല്ല. പക്ഷേ ഭരണസംവിധാനം സ്ഥാപിക്കാനുള്ള കാലമാണ്. അതിൽ പോലും സർക്കാരിന് വേഗമുണ്ടായില്ല. വിവിധ ബോർഡുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അധ്യക്ഷസ്ഥാനങ്ങളിൽ നിയമനം 100 ദിവസമായിട്ടും പൂർത്തിയാക്കാനായിട്ടില്ല. നിയമനം സെപ്റ്റംബർ ആദ്യവാരത്തോടെ പൂർത്തിയാക്കുമെന്നാണ് 100ാം ദിവസത്തിൽ മുഖ്യമന്ത്രി തന്നെ പറയുന്നത്.

കെ.പി.സി.സി. പ്രസിഡന്റും 2 വർക്കിങ് പ്രസിഡന്റുമാരും മന്ത്രിമാരായ ശേഷവും അവരുടെ പകരക്കാരെ കണ്ടെത്താൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ലെന്നതും ഭരണ–പാർട്ടി ഏകോപനത്തിലെ മന്ദഗതിയുടെ മറ്റൊരു സൂചനയാണ്. ‘പുതുയുഗം’ എന്നു പേരിട്ടാൽ മാത്രം ഭരണത്തിന് പുതുവേഗം വരില്ലെന്ന് ആദ്യ 100 ദിവസം തെളിയിക്കുന്നു.

100 ദിവസത്തെ സർക്കാരിന് 100 ദിന പദ്ധതിയിൽ ഇനിയും വഴിയേറെ

സർക്കാർ വലിയ പ്രചാരണത്തോടെ പ്രഖ്യാപിച്ച 100 ദിന കർമപദ്ധതി ജൂലൈ 1നാണ് ആരംഭിച്ചത്. ഒക്ടോബർ 9നാണ് അത് അവസാനിക്കുക. സർക്കാർ 100ാം ദിവസം പൂർത്തിയാക്കുന്ന സമയത്തെ ഔദ്യോഗിക കണക്കനുസരിച്ച് പദ്ധതിയിൽ 602 ലക്ഷ്യങ്ങളുണ്ട്. അവയിൽ പൂർത്തിയായത് 13 എണ്ണം മാത്രം; 589 എണ്ണം പുരോഗതിയിലാണ്. ആകെ 1,550 പദ്ധതി ഘടകങ്ങളിൽ 275 എണ്ണമാണ് പൂർത്തിയായതായി സർക്കാർ രേഖപ്പെടുത്തുന്നത്.

ഇത് കർമപദ്ധതി പരാജയപ്പെട്ടു എന്നതിന് തെളിവല്ല; അതിന് ഇനിയും സമയം ബാക്കിയുണ്ട്. എന്നാൽ സർക്കാർ 100 ദിവസം പൂർത്തിയാക്കുമ്പോൾ ‘100 ദിന കർമപദ്ധതി’യുടെ പ്രഖ്യാപനങ്ങൾ മുഴുവൻ നേട്ടങ്ങളുടെ പട്ടികയായി അവതരിപ്പിക്കുന്ന പ്രചാരണത്തിൽ ഈ കണക്ക് കൂടി പറയണം: പ്രഖ്യാപിച്ചത് 602, പൂർത്തിയായത് 13, ബാക്കി വഴിയിലാണ്. പരസ്യത്തിനും യാഥാർഥ്യത്തിനുമിടയിലെ അകലം മനസ്സിലാക്കാൻ ഈ കണക്ക് മാത്രം മതി.

ദുരന്തകാലത്ത് ചോദ്യം ചെയ്യപ്പെട്ട കരുതൽ

ഭരണാധികാരിയുടെ സഹാനുഭൂതി അളക്കപ്പെടുന്നത് വേദിയിലെ പ്രസംഗത്തിലല്ല; ദുരന്തസമയത്താണ്. കനത്ത മഴയും വെള്ളപ്പൊക്കവും തീരദേശ ദുരന്തങ്ങളും കേരളത്തെ ബാധിച്ച ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ചില യാത്രകളും പരിപാടികളും വലിയ രാഷ്ട്രീയ വിവാദമായി. സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിലെ യാത്ര ഭാര്യാപിതാവിനെ കാണാൻ സ്വകാര്യ ആവശ്യത്തിനായിരുന്നുവെന്ന ആരോപണം ഉയർന്നപ്പോൾ നിക്ഷേപക സംഘത്തെ കാണാനാണ് പോയതെന്നും സർക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മഴക്കെടുതിക്കിടെ മലപ്പുറത്തെ വീട്ടിൽ ഭക്ഷണം കഴിച്ചതിനെക്കുറിച്ചുള്ള വിമർശനത്തിന് അത് വിരുന്നല്ലെന്നും സുഹൃത്തിന്റെ വീട്ടിൽ വൈകിയുള്ള ഭക്ഷണം മാത്രമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഈ വിശദീകരണങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുള്ളതാണ്. പക്ഷേ രാഷ്ട്രീയത്തിൽ ദൃശ്യത്തിനും പ്രാധാന്യമുണ്ട്.

ഒരു വശത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ കാത്തിരിക്കുന്നു. മറുവശത്ത് മഴക്കെടുതിയുടെ ദൃശ്യങ്ങൾ. അതിനിടയിൽ മുഖ്യമന്ത്രിയുടെ യാത്രയും വിരുന്നും സംബന്ധിച്ച വിശദീകരണങ്ങൾ വാർത്തയാകേണ്ടി വന്നതുതന്നെ സർക്കാരിന്റെ മുൻഗണനയെക്കുറിച്ച് സംശയം ഉയർത്താൻ മതിയായിരുന്നു. പ്രതിസന്ധിക്കാലത്ത് മുഖ്യമന്ത്രി എവിടെയായിരുന്നു എന്ന ചോദ്യം ഉയരാതിരിക്കുകയാണ് മികച്ച ദുരന്തനിവാരണം. ചോദ്യം ഉയർന്നശേഷം പഴയ സർക്കാരിന്റെ കാലത്ത് എത്ര മത്സ്യത്തൊഴിലാളികളെ കാണാതായി എന്ന കണക്ക് നിരത്തുന്നത് ദുരിതബാധിതരുടെ വേദനയ്ക്ക് മറുപടിയാകില്ല.

സംഘപരിവാറിനോട് പഴയ തീക്ഷ്ണത എവിടെ?

സതീശന്റെ പ്രതിപക്ഷകാല രാഷ്ട്രീയത്തിന്റെ പ്രധാന അടയാളങ്ങളിലൊന്ന് ബി.ജെ.പിയെയും ആർ.എസ്.എസ്സിനെയും എതിർക്കുന്ന കടുത്ത ഭാഷയായിരുന്നു. ഭരണത്തിലെത്തിയശേഷം അതേ തീക്ഷ്ണത പല വിഷയങ്ങളിലും കാണാനില്ലെന്ന വിമർശനം ഇടതുപക്ഷം ഉയർത്തുന്നത് വെറുതെയല്ല. പി.എം. ശ്രീ പദ്ധതിയിലെ മാറ്റം അതിലെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്.

ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ള ഗവർണർമാരുടെ നിയമോപദേശകനായി പ്രവർത്തിച്ച ജാജു ബാബുവിനെ പുതിയ സർക്കാർ അഡ്വക്കറ്റ് ജനറലാക്കിയത് മറ്റൊരുദാഹരണം. സംഘപരിവാർ ബന്ധം എന്ന ആരോപണം കൊണ്ട് മുൻ സർക്കാരിന്റെ ഓരോ നിയമനത്തെയും ചോദ്യം ചെയ്ത യു.ഡി.എഫിന് സ്വന്തം നിയമനങ്ങളുടെ രാഷ്ട്രീയസന്ദേശത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനും കഴിയില്ല. ഭരണത്തിൽ എത്തിയാൽ പ്രതിപക്ഷകാല വാചകങ്ങൾക്ക് പരീക്ഷ വരും. ആദ്യ 100 ദിവസം സതീശന്റെ പല പഴയ വാചകങ്ങളെയും തിരിഞ്ഞുനോക്കാൻ നിർബന്ധിതമാക്കിയിട്ടുണ്ട്.

പൊലീസ്: വേഗം ആരുടെ കാര്യത്തിൽ?

ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവയ്ക്കണമെന്ന തരത്തിലും സ്ത്രീകളെ അധിക്ഷേപിച്ചും ടി.ജി.മോഹൻദാസ് നടത്തിയ പ്രസ്താവനകൾ കേരളത്തിൽ വലിയ പ്രതിഷേധമുണ്ടാക്കി. പിന്നീട് തിരുവനന്തപുരം സൈബർ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അടുത്ത ദിവസം കോടതിയിൽ നിന്നു ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു. പ്രകോപനപരവും സ്ത്രീകളെ അപമാനിക്കുന്നതുമായ പരസ്യ പ്രസ്താവനകൾ ഉയർന്നപ്പോൾ പൊലീസിന്റെ ആദ്യ പ്രതികരണം എത്ര ശക്തമായിരുന്നു എന്ന ചോദ്യം ഇവിടെയുണ്ട്. എങ്ങനെ വേഗത്തിൽ ജാമ്യം നേടി എന്നത് അതിലും ശക്തമായുണ്ട്. നടപടി ഉണ്ടാവുന്നില്ലെന്ന പരാതികൾ ഉയർന്നശേഷമാണ് നടപടി വേഗത്തിലായതെന്ന വിമർശനം എന്തുകൊണ്ട് ഉണ്ടായി എന്നതും പരിശോധിക്കപ്പെടണം. പൊലീസിന്റെ നിഷ്പക്ഷത തെളിയേണ്ടത് വാർത്താസമ്മേളനത്തിലല്ല. സമാന കുറ്റത്തിന് സമാന വേഗത്തിൽ നിയമം പ്രവർത്തിക്കുന്നതിലൂടെയാണ്.

സത്യപ്രതിജ്ഞ മുതൽ തുടങ്ങിയ പ്രതീകരാഷ്ട്രീയം

പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതും രാഷ്ട്രീയചർച്ചയായി. കേരളത്തിലെ ഒരു സർക്കാർ മാറുമ്പോൾ ഭരണനയത്തിൽ മാത്രമല്ല, പൊതുവേദികളിലെ പ്രതീകങ്ങളിലും ഭാഷയിലും എന്തു മാറ്റമാണ് വരുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നത് സ്വാഭാവികമാണ്.

പ്രതീകങ്ങൾ മാത്രം ഉപയോഗിച്ചതുകൊണ്ട് ഒരു സർക്കാരിനെ സംഘപരിവാർ അനുകൂലമെന്ന് വിധിക്കാനാവില്ല. പക്ഷേ പി.എം. ശ്രീ പദ്ധതിയിലെ നിലപാടുമാറ്റം പോലെയുള്ള നയപരമായ തീരുമാനങ്ങൾ കൂടി ചേരുമ്പോൾ ചോദ്യങ്ങൾ രാഷ്ട്രീയ പ്രസക്തി നേടും. ‘ഞങ്ങൾ വ്യത്യസ്തരാണ്’ എന്ന് പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞവരുടെ വ്യത്യാസം ഭരണത്തിൽ എവിടെയാണ് പ്രകടമാകുന്നത് എന്നതാണല്ലോ ജനങ്ങൾ പരിശോധിക്കുക.

പ്രചാരണത്തിന്റെ 100 ദിവസം

ഈ സർക്കാരിന്റെ ഏറ്റവും ശക്തമായ വകുപ്പ് ഒരുപക്ഷേ പ്രചാരണമേഖലയാണ്. മുഖ്യമന്ത്രിയുടെ തുടർച്ചയായ വാർത്താസമ്മേളനങ്ങൾ, വലിയ പദ്ധതികളുടെ പേരുകൾ, തുറമുഖനഗര സ്വപ്നങ്ങൾ, നിക്ഷേപക പ്രഖ്യാപനങ്ങൾ, 100 ദിന പരിപാടികൾ — വാക്കുകളുടെ കുറവില്ല. മുഖ്യമന്ത്രി സ്വന്തം 100 ദിവസത്തെ വിലയിരുത്തുമ്പോൾ മന്ത്രിസഭയുടെയും ഉദ്യോഗസ്ഥരുടെയും പ്രവർത്തനത്തിൽ സംതൃപ്തിയാണെന്ന് പറയുന്നു. ഓണക്കാല വിപണി ഇടപെടലുകൾ, സാമൂഹികക്ഷേമ പെൻഷൻ വിതരണം, പുതിയ വികസന പദ്ധതികൾ എന്നിവ സർക്കാർ നേട്ടങ്ങളായി ചൂണ്ടിക്കാട്ടുന്നു. സർക്കാരിനെ അനുകൂലമായി വിലയിരുത്തുന്ന മാധ്യമങ്ങൾ പോലും അതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലെ അധ്യക്ഷനിയമനം വൈകിയതും പി.എം. ശ്രീ പദ്ധതി സംബന്ധിച്ച ആശയക്കുഴപ്പവും മന്ത്രിമാരുടെ പ്രസ്താവനാവിവാദങ്ങളും മദ്യനികുതി പ്രശ്നവും രേഖപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് 100 ദിവസത്തിന്റെ കഥ ഏതെങ്കിലും ഒരു പക്ഷത്തിന്റെ പരസ്യവാചകത്തിൽ ഒതുങ്ങുന്നില്ല.

‘അരികിലുണ്ട്’ എന്ന് പറഞ്ഞാൽ മാത്രം പോരാ

ഒരു സർക്കാർ ജനങ്ങൾക്ക് അരികിലുണ്ടെന്ന് തെളിയിക്കേണ്ടത് പരസ്യത്തിലല്ല. മാസം 1000 രൂപ നഷ്ടപ്പെട്ട സ്ത്രീക്ക് സർക്കാർ അരികിലുണ്ടോ? 3000 രൂപ ക്ഷേമപെൻഷൻ കാത്തിരിക്കുന്ന വയോധികന് അരികിലുണ്ടോ? കടലിൽ കാണാതായ മകനെ കാത്തിരിക്കുന്ന അമ്മയ്ക്കരികിലുണ്ടോ? പൊതുമേഖലാ സ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനങ്ങൾ 100 ദിവസം കഴിഞ്ഞിട്ടും ഒഴിഞ്ഞുകിടക്കുമ്പോൾ ഭരണത്തിന്റെ വേഗം എവിടെയാണ്?

പ്രതിപക്ഷത്തിരിക്കുമ്പോൾ ആശയപരമായ അപകടമെന്ന് വിശേഷിപ്പിച്ച പി.എം. ശ്രീ പദ്ധതി അധികാരത്തിലെത്തിയപ്പോൾ പ്രായോഗിക ആവശ്യമാകുന്നത് എങ്ങനെ? വകുപ്പിന്റെ തീരുമാനമറിയാതെ നിൽക്കുന്ന മന്ത്രിക്ക് പോലും സർക്കാർ അരികിലുണ്ടോ എന്ന സംശയമാണ്. ഈ ചോദ്യങ്ങൾക്കാണ് 100 ദിവസത്തെ ആഘോഷപരസ്യങ്ങൾക്കപ്പുറം സർക്കാർ മറുപടി പറയേണ്ടത്.

100 ദിവസം നൽകുന്ന സൂചന

വി.ഡി.സതീശൻ സർക്കാരിനെ 100 ദിവസം കൊണ്ട് പരാജയപ്പെട്ട സർക്കാരെന്ന് വിധിക്കുന്നത് അതിശയോക്തിയാകും. അതുപോലെ തന്നെ 100 ദിവസം കൊണ്ട് കേരളത്തെ മാറ്റിമറിച്ച സദ്ഭരണ മാതൃകയെന്ന് പരസ്യം ചെയ്യുന്നതും അതിശയോക്തിയാണ്. പക്ഷേ ഒരു കാര്യം പറയാൻ 100 ദിവസം ധാരാളമാണ്.

പ്രതിപക്ഷനേതാവ് വി.ഡി.സതീശനും മുഖ്യമന്ത്രി വി.ഡി.സതീശനും തമ്മിലുള്ള അകലം കേരളം കണ്ടുതുടങ്ങി. അന്ന് കേന്ദ്രനയത്തോടുള്ള വിട്ടുവീഴ്ച ‘കീഴടങ്ങൽ’ ആയിരുന്നു. ഇന്ന് അത് ‘പ്രായോഗികത’. അന്ന് ക്ഷേമത്തിൽ ഒരു കുറവുണ്ടായാൽ അത് ജനവിരുദ്ധത. ഇന്ന് സ്ത്രീകളുടെ 1000 രൂപ നിലച്ചാൽ അത് ‘പുനഃപരിശോധന’. അന്ന് മന്ത്രിമാർ അറിയാതെ തീരുമാനമുണ്ടായാൽ മുഖ്യമന്ത്രി ഏകാധിപതി. ഇന്ന് വകുപ്പുമന്ത്രി അറിയാതെ മദ്യനികുതി പ്രഖ്യാപിച്ചാൽ അത് ‘ബജറ്റ് രഹസ്യം’. അന്ന് ദുരന്തകാലത്തെ മുഖ്യമന്ത്രിയുടെ ഓരോ യാത്രയും ചോദ്യം ചെയ്യപ്പെടണം. ഇന്ന് സ്വന്തം യാത്ര ചോദ്യം ചെയ്താൽ പഴയ മുഖ്യമന്ത്രിയുടെ യാത്രകളുടെ കണക്കാണ് മറുപടി. ഇതാണ് 100 ദിവസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയപാഠം.

ഭരണം മാറിയിട്ടുണ്ട്. വാക്കുകളും മാറിയിട്ടുണ്ട്. പല പഴയ നിലപാടുകളും മാറിയിട്ടുണ്ട്. മാറാത്തത് ഒന്നു മാത്രം — അധികാരത്തിലെത്തുമ്പോൾ സ്വന്തം വൈരുധ്യങ്ങൾക്ക് പുതിയ പേരിടുന്ന പഴയ രാഷ്ട്രീയം. ‘സഹാനുഭൂതി’ എന്ന പേരിട്ട് അതിനെ മറയ്ക്കാനാകില്ല. കാരണം 100 ദിവസം കഴിഞ്ഞപ്പോൾ പരസ്യത്തിലെ സദ്ഭരണത്തേക്കാൾ തെളിഞ്ഞുനിൽക്കുന്നത് പറഞ്ഞതും ചെയ്യുന്നതും തമ്മിലുള്ള അകലം തന്നെയാണ്.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS