Reading Time: 4 minutes

ഇന്ന് ജൂണ്‍ 1. കേരളത്തില്‍ ഒരു വിദ്യാലയവര്‍ഷം തുടങ്ങുകയാണ്. ഈ മഹാമാരിക്കാലത്ത് കുട്ടികള്‍ സ്കൂളിലെത്തുന്നില്ല. ക്ലാസ്സുകള്‍ നടക്കുന്ന ഡിജിറ്റല്‍ ഇടത്തില്‍ തന്നെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വെര്‍ച്വല്‍ പ്രവേശനോത്സവം. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടി മുഖ്യമന്ത്രി വെര്‍ച്വലായി തന്നെ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികള്‍ ഇതില്‍ സന്തോഷത്തോടെ പങ്കെടുത്തു.

എന്നാല്‍, കഴിഞ്ഞ വര്‍ഷം വരെ സന്തോഷത്തോടെ ഈ പരിപാടികളിലെല്ലാം പങ്കാളികളായിരുന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അങ്ങേയറ്റം ആശങ്കയോടെയാണ് എല്ലാം കണ്ടിട്ടുണ്ടാവുക. അവരുടെ ഭാവി ശരിക്കും ത്രിശങ്കുവിലാണ്. അവരുടെ പഠനം ഏതു വഴിക്കാകും എന്നറിയില്ല. അവരുള്ളത് കേരളത്തിലല്ല, അങ്ങ് ലക്ഷദ്വീപിലാണ്. അവരെ നമ്മളില്‍ നിന്ന് അടര്‍ത്തിമാറ്റിയിരിക്കുന്നു.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

ലക്ഷദ്വീപുകാർക്ക് കര എന്നാൽ കേരളമാണ്. ഹൃദയം കൊണ്ടാണ് ആ പാലം നമ്മള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കരയിലേക്കുള്ള വഴി മുറിക്കാന്‍ ഹൃദയബന്ധത്തിന്റെ ആ പാലം കടലില്‍ മുക്കിക്കളയാനാണ് ചിലര്‍ ശ്രമിക്കുന്നത്. നൂറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നാടുകളാണ് കേരളവും ലക്ഷദ്വീപും. ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പ് പല ദ്വീപുകളും ഭരണപരമായി കണ്ണൂരിലെ അറയ്ക്കൽ രാജവംശത്തിന്റെ കീഴിലായിരുന്നു. 1956 നവംബർ 1 വരെ ലക്ഷദ്വീപ് അന്നത്തെ മലബാർ ജില്ലയുടെ ഭാഗവുമായിരുന്നു.

കേരളവുമായി അടുത്ത ബന്ധം പുലർത്തുന്ന ജീവിതക്രമവും സാംസ്കാരിക രീതിയുമാണ് ലക്ഷദ്വീപിനുള്ളത്. മലയാളമാണ് അവരുടെ പ്രധാനപ്പെട്ട ഭാഷ. മലയാളം, ഇംഗ്ലീഷ് മീഡിയം സ്കൂളുകളാണ് ദ്വീപിലുള്ളത്. ഇവയില്‍ 1 മുതല്‍ 12 വരെ ക്ലാസ്സുകളിലായി ഏതാണ് 11,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഈ കുട്ടികളിലെ വലിയൊരു ഭാഗമാണ് കേരളത്തിലെ പഠനാരംഭ വേളയില്‍ ആശങ്കയുടെ നടുക്കടലിലായത്. അതിനൊരു പ്രത്യേക കാരണമുണ്ട്.

ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികളില്‍ മഹാഭൂരിപക്ഷവും പിന്തുടരുന്നത് കേരളത്തിന്റെ പാഠ്യക്രമമാണ്. അവര്‍ എഴുതുന്നത് കേരളത്തിന്റെ എസ്.എസ്.എല്‍.സി. പരീക്ഷയാണ്. 18 നഴ്സറി സ്കൂളുകള്‍, 23 പ്രൈമറി സ്കൂളുകള്‍, 10 അപ്പര്‍ പ്രൈമറി സ്കൂളുകള്‍, 3 ഹൈസ്കൂളുകള്‍, 12 സീനിയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ എന്നിവയാണ് ലക്ഷദ്വീപിലുള്ളത്. സി.ബി.എസ്.ഇയില്‍ നിന്നു തന്നെയുള്ള വിവരമനുസരിച്ച് ലക്ഷദ്വീപിലെ വെറും അഞ്ചു സ്കൂളുകള്‍ മാത്രം അവരുടെ പാഠ്യക്രമം പിന്തുടരുന്നു.

   1. ജവഹര്‍ നവോദയ വിദ്യാലയ, മിനിക്കോയ്
   2. ഗവ. സെക്കന്‍ഡറി സ്കൂള്‍, മിനിക്കോയ്
   3. ഗവ. സെക്കന്‍ഡറി സ്കൂള്‍, കല്പേനി
   4. ഗവ. സെക്കന്‍ഡറി സ്കൂള്‍, അഗത്തി
   5. കേന്ദ്രീയ വിദ്യാലയ, കവരത്തി

ബാക്കിയെല്ലാം കേരളത്തിന്റെ പാഠ്യക്രമം പിന്തുടരുന്നവയാണ്. ഇവയില്‍ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഉണ്ട്. ഈ അദ്ധ്യയന വര്‍ഷം മുതല്‍ കേരള സിലബസ് ഇംഗ്ലീഷ് മീഡിയം പഠനം ലക്ഷദ്വീപില്‍ ഉണ്ടാവില്ല. അവയെല്ലാം ഉടനെ സി.ബി.എസ്.ഇയിലോട്ടു മാറ്റിക്കൊള്ളണമെന്നാണ് ഉത്തരവ്! തല്‍ക്കാലം മലയാളം മീഡിയത്തെ അഡ്മിനിസ്ട്രേറ്റര്‍ കൈവെച്ചിട്ടില്ല. മലയാളം മീഡിയത്തിനൊരു ബദല്‍ കേന്ദ്രത്തിനില്ല എന്നതുകൊണ്ടു മാത്രമാണ് അതില്‍ തൊടാതിരുന്നത്!!

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭ്രാന്തന്‍ നടപടികളുടെ യഥാര്‍ത്ഥ ലക്ഷ്യം അന്നാട്ടുകാര്‍ക്ക് കേരളവുമായുള്ള ബന്ധം മുറിച്ചുമാറ്റുക എന്നതാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന ഈ അനിശ്ചിതത്വം. ഭാവിയിലെ വേര്‍തിരിവ് ലക്ഷ്യമിട്ടാണ് കുട്ടികളെ ഇപ്പോള്‍ പിടിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ വരുത്തിയിരിക്കുന്ന ഈ മാറ്റം യഥാര്‍ത്ഥത്തില്‍ ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ എന്നതു തന്നെ സംശയമാണ്.

അമിനി, കടമത്ത്, കില്‍ത്താന്‍, ചെത്ലാത് ദ്വീപുകളിലാണ് ഇപ്പോള്‍ കേരള സിലബസ് ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ഉള്ളത്. മറ്റു ദ്വീപുകളില്‍ നിന്ന് ഇവയിലേക്കും ഇവയില്‍ നിന്നു മറ്റു ദ്വീപുകളിലേക്കും സ്ഥലം മാറുന്ന രക്ഷിതാക്കള്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും അദ്ധ്യാപകര്‍ക്കും കേരള സിലബസ് ഇംഗ്ലീഷ് മീഡിയം പഠനം ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു എന്നാണ് അഡ്മിനിസ്ട്രേറ്ററുടെ കണ്ടെത്തല്‍. കേരള ഇംഗ്ലീഷ് മീഡിയത്തിനു പകരം ഈ അദ്ധ്യയന വര്‍ഷം, അതായത് 2021 -22ല്‍ തന്നെ എല്ലാം സി.ബി.എസ്.ഇയിലേക്കു മാറ്റിക്കൊള്ളണമെന്നാണ് ഉത്തരവ്.

കേരള സിലബസ് ഇംഗ്ലീഷ് മീഡിയം മാറ്റി സി.ബി.എസ്.ഇ. പാഠ്യക്രമം നടപ്പാക്കാനുള്ള ഉത്തരവ്

കേരള സിലബസ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ സി.ബി.എസ്.ഇ. പാഠ്യക്രമം നടപ്പാക്കുന്നതിന് ഒരു കര്‍മ്മപദ്ധതിയും അഡ്മിനിസ്ട്രേറ്റര്‍ തയ്യാറാക്കിയിട്ടുണ്ട്. 1 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ മാറ്റം 2021-22ല്‍ തന്നെ നടപ്പാക്കണം. ഇവര്‍ പഠിച്ചു മുന്നോട്ടു വരുന്ന മുറയ്ക്ക് ബാക്കി ക്ലാസ്സുകളിലും നടപ്പാക്കാനാണ് നിര്‍ദ്ദേശം. അതായത്, ഒമ്പതാം ക്ലാസ്സില്‍ 2022-23ലും പത്താം ക്ലാസ്സില്‍ 2023-24ലും. കുട്ടികളുടെ പഠനത്തിലും പഠിപ്പിക്കലിലും ഇതുവരെ ഇല്ലാതിരുന്ന കുഴപ്പം ഈ അഡ്മിനിസ്ട്രേറ്റര്‍ എങ്ങനെ കണ്ടെത്തി എന്ന ചോദ്യത്തിന് ഉത്തരമില്ല.

കഴിഞ്ഞ മെയ് ആറിനു തന്നെ ഇതു സംബന്ധിച്ച ഉത്തരവ് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ ടി.കാസിം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രത്യക്ഷമായ നടപടികള്‍ക്കെതിരായ പ്രതിഷേധത്തിന്റെ തിരക്കിനിടയില്‍ പരോക്ഷമായ ഈ മുറിച്ചുമാറ്റലിനെക്കുറിച്ച് ആരുമറിയാത്തതായിരിക്കാം. പ്രത്യക്ഷമായ നടപടിയെക്കാള്‍ മാരകമാണ് ഈ പരോക്ഷ നടപടി. കാരണം കേരളത്തിന്റെ പുരോഗമന പാഠ്യക്രമം പിന്തുടരുന്ന കുട്ടികള്‍ക്ക് കേരളവുമായുണ്ടാവുന്ന ആത്മബന്ധം ഒറ്റയടിക്കു മുറിച്ചുകളയുകയാണ് ഈ ഉത്തരവിലൂടെ ചെയ്തിരിക്കുന്നത്. വേരൊടെ പിഴുതെറിയുക എന്നതു തന്നെ!!

ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്ന മാറ്റം ലക്ഷദ്വീപിലെ കുട്ടികളെയാകെ അപകടത്തിലാക്കുന്നതു കൂടിയാണ്. പാഠ്യക്രമത്തിലെ മാറ്റം എന്നത് വളരെ ശ്രദ്ധാപൂര്‍വ്വം സമയമെടുത്ത് ചെയ്യേണ്ട പ്രക്രിയയാണ്. അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കണം, പാഠപുസ്തകങ്ങള്‍ സ്കൂള്‍ തലത്തില്‍ വാങ്ങുകയും അതു വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുകയും വേണം, ഇതിനെല്ലാമുപരി വിദ്യാര്‍ത്ഥികളെ അതിനു ബൗദ്ധികമായും മാനസികമായും തയ്യാറാക്കണം. സി.ബി.എസ്.ഇ. പാഠ്യക്രമവും കേരള പാഠ്യക്രമവും തമ്മിലുള്ള വ്യത്യാസങ്ങള്‍ മനസ്സിലാക്കി അതിനുള്ള പരിഹാര പരിശീലനം നല്‍കേണ്ടതുണ്ട്. സാധാരണനിലയില്‍ കുട്ടികളെ സ്വകാര്യ ട്യൂഷന്‍ പോലുള്ള സങ്കേതങ്ങളുപയോഗിച്ചാണ് ഇതിനു പ്രാപ്തരാക്കുക. എന്നാല്‍ ഒരു സംവിധാനം അടപടലം മാറുമ്പോള്‍ ഇതെങ്ങനെയാണ് സാദ്ധ്യമാവുക?

നേഴ്സറി തലത്തില്‍ എല്‍.കെ.ജി., യു.കെ.ജി. എന്നിവയ്ക്കു ശേഷം ആറാം വയസ്സില്‍ തുടങ്ങി പതിനഞ്ചാം വയസ്സില്‍ പത്താം ക്ലാസ് എന്നതാണ് സി.ബി.എസ്.ഇ. രീതി. 1 മുതല്‍ 5 വരെ, 6 മുതല്‍ 8 വരെ, 9 മുതല്‍ 12 വരെ എന്നിങ്ങനെ 3 തലത്തില്‍ പാഠപുസ്തകവും പഠനക്രമവും ക്രമീകരിച്ചിരിക്കുന്നു. എന്നാല്‍, കേരള സിലബസില്‍ നേഴ്സറി ഘട്ടം പ്രധാനമല്ല. 5 വയസ്സില്‍ ഒന്നാം ക്ലാസ്സില്‍ ചേരാം. 1 മുതല്‍ 4 വരെ, 5 മുതല്‍ 7 വരെ, 8 മുതല്‍ 10 വരെ, 11 മുതല്‍ 12 വരെ എന്നിങ്ങനെയുള്ള തലങ്ങളിലാണ് പഠനം. ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു പൊടുന്നനെ മാറ്റിമറിക്കുന്നത് ആത്മഹത്യാപരമാവും. പക്ഷേ, രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു മുന്നില്‍ കുട്ടികളുടെ ഭാവി പ്രശ്നമല്ല. ദേശീയ തലത്തില്‍ സി.ബി.എസ്.ഇ. നടത്തുന്ന പരീക്ഷകളില്‍ ലക്ഷദ്വീപിലെ കുട്ടികള്‍ക്ക് പ്രത്യേക ഇളവുകളൊന്നും ലഭിക്കില്ല എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

1956-ലെ ഏഴാം ഭരണഘടന ഭേദഗതി പ്രകാരമാണ് കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നത്. ഒരു പ്രദേശത്തിന്റെ സാമ്പത്തികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ തനിമയും വ്യത്യസ്തതയും നിലനിർത്താനും പരിപാലിക്കാനും ലക്ഷ്യമിട്ടായിരുന്നു ഈ നടപടി. എന്നാല്‍, ഇന്ന് ലക്ഷദ്വീപിന്റെ സാമ്പത്തികവും സാംസ്കാരികവുമായ തനിമ തകർക്കുന്ന നടപടികളും നിലപാടുകളുമാണ് അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിക്കുന്നത്. കേരളവുമായുള്ള ദ്വീപിന്റെ ബന്ധം മുറിച്ചുകളയാനുള്ള ശ്രമവും അതിലുള്‍പ്പെടും.

ലക്ഷദ്വീപിന് ഏറ്റവുമധികം ബന്ധമുണ്ടായിരുന്ന കേരളത്തിലെ ബേപ്പൂർ, കൊച്ചി തുറമുഖങ്ങളുമായുള്ള അടുപ്പം അപ്പാടെ വിച്ഛേദിക്കണമെന്നു ഇനി മുതൽ ചരക്കുനീക്കവും മറ്റും മുഴുവൻ ബി.ജെ.പി. ഭരിക്കുന്ന കര്‍ണ്ണാടകത്തിലെ മംഗലാപുരം തുറമുഖം വഴി വേണമെന്നും നിര്‍ബന്ധിച്ചത് വെറുതെയല്ലെന്ന് നേരത്തേ തന്നെ നമുക്ക് മനസ്സിലായിരുന്നു. അതിന്റെ അടുത്ത പടിയാണ് വിദ്യാഭ്യാസ മേഖലയിലുള്ള ബന്ധം മുറിക്കാനുള്ള ഉത്തരവ്.

നമ്മുടെ ഭാഷ സംസാരിക്കുന്ന, ഒരസുഖം വന്നാല്‍ നമ്മളിലേക്കോടി വരുന്ന, കച്ചവടത്തിലും ഭക്ഷണത്തിലും ഒരു പോലെ നമുക്കേറ്റവും അടുത്തവരായ, നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായ ഒരു ജനതയെ അന്യരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചരിത്രപരമായി നിലനിൽക്കുന്ന പാരസ്പര്യ ബന്ധത്തെ തകർക്കാനുള്ള കുത്സിതശ്രമം. രാജ്യത്ത് ഏറ്റവും സമാധാനപ്രിയരായ ജനങ്ങൾ ജീവിക്കുന്ന, കുറ്റകൃത്യങ്ങളുടെ എണ്ണം ഏറ്റവും കുറഞ്ഞ, ജയിലുകൾ ഒഴിഞ്ഞു കിടക്കുന്ന ആ ദ്വീപുകളില്‍ കരിനിയമങ്ങള്‍ നടപ്പാക്കുന്നു.

ലക്ഷദ്വീപിന്റെ സവിശേഷതകൾക്കും അവിടത്തെ തനതു ജീവിതരീതികൾക്കും മേൽ നടത്തുന്ന കടന്നുകയറ്റത്തെ നോക്കിനില്‍ക്കാന്‍ ഒരു കാരണവശാലും കേരളത്തിനാവില്ല. ജനാധിപത്യത്തെ തടവിലിടാനുള്ള ഈ ഗൂഢനീക്കത്തെ നമ്മള്‍ സര്‍വ്വശക്തിയുമെടുത്ത് പ്രതിരോധിക്കും. കാരണം ഇത് ലക്ഷദ്വീപിന്റെ പ്രശ്നമല്ല, നമ്മള്‍ മലയാളികളുടെയാകെ പ്രശ്നമാണ്. മലയാളികള്‍ ജീവിക്കുന്നത് കേരളത്തിലും ലക്ഷദ്വീപിലുമാണ്. കേരളത്തിലെ മലയാളികളോട് കളിച്ചാല്‍ വിവരമറിയും എന്നതിനാല്‍ ലക്ഷദ്വീപിലെ പാവപ്പെട്ട മലയാളികളെ ദ്രോഹിക്കുകയാണ്. കാരണം ലക്ഷദ്വീപില്‍ അടിച്ചാല്‍ വേദനിക്കുക കേരളത്തിലാണെന്ന് ഫാസിസ്റ്റുകള്‍ക്കറിയാം.

Previous articleമന്ത്രിയെ തേടിയെത്തിയ ഫോണ്‍വിളി
Next articleആനവണ്ടി മാഹാത്മ്യം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here