2009 ഓഗസ്റ്റില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കി. ആറിനും പതിനാലിനും ഇടയ്ക്ക് പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്ന നിയമം. എന്നാല്‍, ദേശീയ ബാലാവകാശ കമ്മീഷന്റേതായി അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് നമ്മളെ അന്ധാളിപ്പിക്കുന്നുണ്ട്. രാജ്യത്തെ 8.4 കോടി കുട്ടികള്‍ സ്കൂള്‍ കാണുന്നു പോലുമില്ലത്രേ. മാത്രമല്ല കൗമാരക്കാരായ 39.4ശതമാനം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു കൊഴിഞ്ഞു പോകുന്നുമുണ്ട്. നരേന്ദ്ര മോദി ആവിഷ്കരിച്ച ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ വിജയം എത്രത്തോളമുണ്ടെന്ന് ഈ കണക്കുകള്‍ തെളിയിക്കുന്നു.
‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്നു വിളിച്ചുകൂവിയിട്ട് കാര്യമില്ലെന്ന് നന്നായി മനസ്സിലാക്കിയയാളാണ് മോദിയുടെ കൂട്ടുകാരനായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കൂടെക്കിടക്കുന്നവനല്ലെ രാപ്പനി നന്നായി അറിയുക! അതുകൊണ്ട് ബിഹാറില്‍ സ്വന്തമായൊരു പദ്ധതി ഇക്കഴിഞ്ഞ ജനുവരി മുതല്‍ നിതീഷ് ആവിഷ്കരിച്ചു -കിശോരി മഞ്ച്. ബിഹാറിലെ സീനിയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിന്ന് ഭയാനകമാം വിധത്തില്‍ പെണ്‍കുട്ടികള്‍ കൊഴിഞ്ഞുപോകുന്നത് തടയാനാണ് ഈ പദ്ധതി നടപ്പാക്കിയത്. 6,000 സീനിയര്‍ സെക്കന്‍ഡറി സ്കൂളുകളുണ്ട് ബിഹാറില്‍. ഇവിടങ്ങളിലെല്ലാം പെണ്‍കുട്ടികള്‍ക്ക് സൈക്കിളും യൂണിഫോമുമെല്ലാം നല്കുന്ന പദ്ധതികളുമുണ്ട്. പക്ഷേ, കഴിഞ്ഞ 3 അക്കാദമിക വര്‍ഷങ്ങള്‍ക്കിടെ 30-40 ശതമാനം പെണ്‍കുട്ടികളാണ് പഠനം നിര്‍ത്തിപ്പോയത്. ആകെയുള്ള 6,000 സ്കൂളുകളില്‍ 1,662 സ്കൂളുകളിലെയും ഒമ്പതിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള ക്ലാസ്സുകളിലെ പെണ്‍കുട്ടികളില്‍ നല്ലൊരു ഭാഗം പഠനം മതിയാക്കി. പെണ്‍കുട്ടികളെ പ്രചോദിപ്പിക്കാനും പഠനം തുടരുന്നതിനു പ്രേരിപ്പിക്കാനുമുള്ള ബോധവത്കരണ സംവിധാനമാണ് കിശോരി മഞ്ച്. കോവിഡ് വന്നതിനാല്‍ അതും അധികം മുന്നോട്ടു നീങ്ങിയില്ല.
ബിഹാറിനെയും കിശോരി മഞ്ചിനെയുമൊക്കെ ഇപ്പോള്‍ ഓര്‍മ്മിപ്പിച്ചത് പായല്‍ കുമാരിയെന്ന മിടുക്കിയാണ്. അവള്‍ കൈവരിച്ച നേട്ടമാണ്. ജന്മം കൊണ്ടു ബിഹാരിയാണെങ്കിലും അവളുടെ നേട്ടം ഇങ്ങ് കേരളത്തിലാണ്. കേരളത്തിലായതുകൊണ്ടു മാത്രമാണ് പായലിന് ഈ നേട്ടം കൈവരിക്കാനായത് എന്നും പറയണം. മഹാത്മാഗാന്ധി സർവകലാശാലയിലെ ഒന്നാം റാങ്കിന്റെ തിളക്കവുമായി പായല്‍ നില്‍ക്കുന്നു. ബി.എ. ആർക്കിയോളജി ആന്‍ഡ് ഹിസ്റ്ററി വിഭാഗത്തിൽ ഈ ബിഹാർ സ്വദേശിനിയുടെ നേട്ടം കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രമെഴുതി. 85 ശതമാനം മാര്‍ക്കുമായാണ് പായല്‍ ഏറ്റവും മുന്നിലെത്തിയത്.
ബിഹാറിൽ നിന്ന് 2001ലാണ് പ്രമോദ് കുമാര്‍ സിങ്ങും ഭാര്യ ബിന്ദു ദേവിയും കുട്ടികളുമായി തൊഴിൽ തേടി കേരളത്തിലെത്തിയത്. ബിഹാറിലെ ഷെയ്ഖ്പുര ജില്ലയിൽ ഗോസെയ്മടി ഗ്രാമത്തിൽ നിന്നായിരുന്നു വരവ്. ജീവിക്കാന്‍ വേണ്ടി പല ജോലികള്‍ പ്രമോദ് ചെയ്തു. അപ്പോഴെല്ലാം അദ്ദേഹം ഒരു കാര്യം ഉറപ്പിച്ചിരുന്നു, മക്കൾക്ക് നല്ല വിദ്യാഭ്യാസം നല്കണം. എട്ടാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന ഒരച്ഛന്റെ തീരുമാനമായിരുന്നു അത്. കുട്ടികള്‍ക്ക് പഠിക്കാന്‍ കേരളത്തിലുള്ള നല്ല സാഹചര്യങ്ങള്‍ അദ്ദേഹത്തിന് ആത്മവിശ്വാസം പകര്‍ന്നു. എസ്.എസ്.എല്‍.സിയിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ മകൾ പായൽ, ബിരുദത്തിൽ ഒന്നാം റാങ്കു നേടി അച്ഛന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുകയാണ്. 95 ശതമാനം മാർക്കോടെയാണ് പായൽ ഹ്യുമാനിറ്റീസില്‍ പ്ലസ് ടു പൂർത്തിയാക്കിയത്. എസ്.എസ്.എൽ.സി.ക്ക് 83 ശതമാനം മാർക്കുമുണ്ടായിരുന്നു. പ്രമോദിന്റെ കഠിനാദ്ധ്വാനം വെറുതെയായില്ലെന്ന് അടയാളപ്പെടുത്തുകയാണ് പായലിന്റെ നേട്ടങ്ങള്‍.
പെരുമ്പാവൂർ മാർത്തോമ വനിത കോളേജിലാണ് പായല്‍ ഡിഗ്രിക്ക് പഠിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടു നിമിത്തം പലപ്പോഴും പഠനം മുടങ്ങുന്ന അവസ്ഥയുണ്ടായി. ഫീസ് അടക്കമുള്ള കാര്യങ്ങളിൽ പിന്തുണയുമായി അദ്ധ്യാപകരും സഹപാഠികളും അവള്‍ക്കൊപ്പം ഉറച്ചുനിന്നു. ചരിത്രാദ്ധ്യാപകരായ വിനോദ്, ബിപിന്‍ എന്നിവരുടെ സഹായങ്ങള്‍ പായല്‍ എടുത്തുപറയുന്നുണ്ട്. ഈ വിജയത്തിന്റെ നിമിഷത്തില്‍ അവരെയെല്ലാം പായല്‍ നന്ദിയോടെ സ്മരിക്കുന്നുണ്ട്. ഒരു എന്‍.എസ്.എസ്. വോളന്റിയര്‍ കൂടിയായ ഈ പെണ്‍കുട്ടി 2018ലെ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.
കിട്ടുന്ന സമയമെല്ലാം പഠിക്കാനായി ഉപയോഗിക്കുകയെന്നതാണ് പായലിന്റെ ശീലം. പി. ജിയാണ് അടുത്ത ലക്ഷ്യം. ജെ.എൻ.യു. ഉൾപ്പെടെ ഇഷ്ടങ്ങളുണ്ട്, താങ്ങുമോയന്നറിയില്ല. സിവിൽ സർവീസ് എന്ന വലിയ സ്വപ്നമാണ് പായലിനെ നയിക്കുന്നത്. സ്ത്രീകൾ ജോലിക്ക് പോകുന്നത് ശീലമില്ലാത്ത തന്റെ ജന്മ ഗ്രാമത്തിൽ ഒരിക്കൽ കൂടി പോകാനും പായലിന് ആഗ്രഹമുണ്ട്.
എറണാകുളത്തെ ഒരു ഹാര്‍ഡ്വെയര്‍ കടയിലെ ജീവനക്കാരനാണ് പ്രമോദ് കുമാര്‍ ഇപ്പോള്‍. പെരുമ്പാവൂര്‍ കാങ്ങരപ്പടിയിലെ വാടക വീട്ടിലാണ് ഇപ്പോൾ അദ്ദേഹവും കുടുംബവും താമസം. പായലിന്റെ ജ്യേഷ്ഠൻ ആകാശ് കുമാര്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ്. അനുജത്തി പല്ലവി കുമാരി തൃക്കാക്കര ഭാരത് മാതാ കോളേജില്‍ രണ്ടാം വർഷ ഫിസിക്സ് ബിരുദ വിദ്യാർത്ഥിനി.
പായൽ കൈവരിച്ച നേട്ടം കേരളത്തിന് വലിയ സന്തോഷവും അഭിമാനവുമാണ് നൽകുന്നത്. നാലു വയസ്സുള്ളപ്പോള്‍ കേരളത്തിലെത്തിയ ഈ പെണ്‍കുട്ടി ഇന്ന് നമുക്കു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. കേരളത്തിലെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി ഇവിടത്തെ സര്‍ക്കാരും ജനങ്ങളും കാണിച്ച കരുതലുകൾ വെറുതെയാകുന്നില്ല എന്ന് ഈ വിജയം സാക്ഷ്യപ്പെടുത്തുന്നു. ഇതിലും മികച്ച നേട്ടങ്ങൾ കൊയ്യാൻ പായലിനാകട്ടെ എന്ന് മലയാളികള്‍ ഒന്നടങ്കം ആശംസിക്കുന്നത് ആത്മാര്‍ത്ഥമായി തന്നെയാണ്.
പിന്‍കുറിപ്പ്: വാര്‍ത്താചാനലില്‍ പായലിന്റെയും കുടുംബത്തിന്റെയും അഭിമുഖം കാണുകയായിരുന്നു. ആകാശും പായലും പല്ലവിയും പറയുന്ന സുന്ദരമായ മലയാളം കേട്ടപ്പോള്‍ സന്തോഷാധിക്യം കൊണ്ടു കണ്ണു നിറഞ്ഞു. “മലയാലം കുരച്ച് കുരച്ച് അരിയും” എന്നു പറയുന്ന മലയാളികളുള്ള നാട്ടില്‍ അതിഥികളായി വന്നവര്‍ പറയുന്ന നല്ല മലയാളം ശരിക്കും അത്ഭുപ്പെടുത്തി. പായലും വീട്ടുകാരും അതിഥികളല്ല, അവര്‍ നാട്ടുകാര്‍ തന്നെയാണ്!!