Reading Time: 2 minutes

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വീകരിച്ച ഒരു പ്രധാന നടപടി വലിയ ചര്‍ച്ചാവിഷയമായിരുന്നു. ലാഭകരമല്ല എന്ന പേരില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടാന്‍ ശ്രമിച്ച നാല് എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് എ.യു.പി.എസ്., തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ എ.യു.പി.എസ്., തൃശ്ശൂര്‍ ജില്ലയിലെ കിരാലൂര്‍ പരുശുരാമ സ്മാരക എല്‍.പി.എസ്., മലപ്പുറം ജില്ലയിലെ മങ്ങാട്ടുമുറി എ.എം.എല്‍.പി.എസ്. എന്നീ സ്കൂളുകളാണ് ഏറ്റെടുത്തത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ നഷ്ടത്തിന്റെ പേരില്‍ സ്കൂളുകള്‍ അടച്ചു പൂട്ടുന്ന പ്രവണതയ്ക്ക് പൂര്‍ണ്ണമായും കടിഞ്ഞാണിടുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

അതു വെറും പ്രഖ്യാപനമായിരുന്നില്ല. സര്‍ക്കാരിന്റെ അവസാന കാലത്തും സ്കൂളുകള്‍ ഏറ്റെടുക്കാന്‍ തീരുമാനമുണ്ടാവുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ഇത്തരത്തിലുള്ള 10 സ്കൂളുകള്‍ ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. ഇതില്‍ ഒരെണ്ണത്തിന്റെ ഏറ്റെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ പുലിയന്നൂര്‍ സെന്റ് തോമസ് യു.പി.എസ്. ഏറ്റെടുക്കാനുള്ള നടപടികളാണ് പൂര്‍ത്തിയായത്.

സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച 10 എയ്ഡഡ് സ്കൂളുകള്‍ ഇവയാണ്.

  1. സെന്റ് തോമസ് യു.പി.എസ്. പുലിയന്നൂര്‍, തൃശ്ശൂര്‍
  2. ആര്‍.വി.എല്‍.പി.എസ്. കരുവിലശ്ശേരി, തൃശ്ശൂര്‍
  3. എ.എല്‍.പി.എസ്. മുളവുകാട്, എറണാകുളം
  4. എം.ജി.യു.പി.എസ്. പെരുമ്പിള്ളി, മുളന്തുരുത്തി, എറണാകുളം
  5. എല്‍.പി.എസ്. കഞ്ഞിപ്പാടം, ആലപ്പുഴ
  6. എന്‍.എന്‍.എസ്.യു.പി.എസ്. ആലക്കാട്, കണ്ണൂര്‍
  7. എസ്.എം.എല്‍.പി.എസ്. ചൂലിശ്ശേരി, തൃശ്ശൂര്‍
  8. ടി.ഐ.യു.പി.എസ്. പൊന്നാനി, മലപ്പുറം
  9. ശ്രീ വാസുദേവാശ്രമം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നടുവത്തൂര്‍, കോഴിക്കോട്
  10. സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പുതുക്കോട്, പാലക്കാട്

ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായ പുലിയന്നൂര്‍ സെന്റ് തോമസ് സ്കൂള്‍ തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം മണ്ഡലത്തിലാണ്. 1923 ജൂണ്‍ 1ന് സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം. ഇപ്പോള്‍ അദ്ധ്യാപക മാനേജ്മെന്റ് ഉടമസ്ഥതയിലുള്ള തുടര്‍ന്നു നടത്തിക്കൊണ്ടു പോകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് സര്‍ക്കാരിനു കൈമാറാന്‍ സന്നദ്ധത അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കുന്നംകുളം മണ്ഡലത്തില്‍ ഏറ്റെടുക്കുന്ന രണ്ടാമത്തെ സ്കൂളാണിത്. ലാഭകരമല്ല എന്ന പേരില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടാന്‍ തീരുമാനിച്ച കിരാലൂര്‍ പരശുരാമ സ്മാരക എല്‍.പി.എസ്സും കുന്നംകുളത്താണ്.

സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായ പുലിയന്നൂര്‍ സെന്റ് തോമസ് യു.പി.എസ്.

പുലിയന്നൂര്‍ സ്കൂളിന്റെ അതേ രീതിയില്‍ തന്നെയാണ് മറ്റ് 9 സ്കൂളുകളുടെയും മാനേജ്മെന്റുകള്‍ സര്‍ക്കാരിനെ സമീപിച്ചത്. അതിനാല്‍ത്തന്നെ ഈ സ്കൂളുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരമൊന്നും സര്‍ക്കാരിനു നല്‍കേണ്ടി വന്നില്ല. സ്ഥാവരജംഗമ വസ്തുക്കള്‍ ഉള്‍പ്പെടെ സ്കൂളിന്റെ സ്വത്തുക്കള്‍ മുഴുവന്‍ സൗജന്യമായി സര്‍ക്കാരിനു നല്‍കാമെന്ന് മാനേജ്മെന്റ് സന്നദ്ധത അറിയിച്ചത് കാര്യങ്ങള്‍ വേഗത്തിലാക്കി. ഇതോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഈ സ്കൂളുകളിലും വേഗത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാരിനു സാധിക്കും.

എന്തുകൊണ്ടാണ് മാനേജ്മെന്റുകള്‍ തങ്ങളുടെ സ്കൂളുകള്‍ സര്‍ക്കാരിനെ ഏല്പിക്കാന്‍ തയ്യാറാവുന്നത്? സ്കൂള്‍ നന്നായി നടക്കണമെന്ന ആഗ്രഹം തന്നെ. തങ്ങളുടെ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നന്നായി നടത്തുമെന്ന വിശ്വാസം തന്നെ. ആ വിശ്വാസം മാനേജ്മെന്റുകളിലും ജനങ്ങളിലും ഉറപ്പിക്കാനായി എന്നതാണ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടുണ്ടാക്കിയ മികവ്.

Previous articleഗാബ കീഴടങ്ങുമ്പോള്‍
Next articleജോസ് പാട്ടെഴുതുകയാണ്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here