Reading Time: 5 minutes

“കേരളത്തിലെ ഗവണ്‍മെന്റ് പ്രധാനമന്ത്രി ആവാസ് യോജനയെ ലൈഫ് പദ്ധതി എന്ന പേരിലാണ് ജനങ്ങളോട് പറയുന്നത്. ഇന്ന് ലൈഫ് പദ്ധതിയുടെ ഭാഗമായി 2 ലക്ഷം വീടുകൾ നിർമ്മിച്ചു എന്ന് പറയുന്നു. ലൈഫ് എന്ന പേരിൽ നടപ്പാക്കുന്ന ഈ പദ്ധതിക്ക് കേന്ദ്രത്തിൽ നിന്നുള്ള പങ്ക് എത്ര കിട്ടി എന്ന് കൂടി മുഖ്യമന്ത്രി പറഞ്ഞാൽ ഇതിൽ കേന്ദ്ര -സംസ്ഥാന വിഹിതങ്ങൾ എത്രയാണെന്ന് ജനങ്ങൾക്ക് മനസ്സിലാകും.” -ഒരു കേന്ദ്ര മന്ത്രി പ്രസംഗിച്ചതാണ്. ബി.ജെ.പിക്കാര്‍ ഒന്നടങ്കം ഇതു തന്നെ പറയുന്നു. കാരണം കേരളത്തില്‍ ഒരു നല്ല കാര്യം നടന്നതായി സമ്മതിച്ചാല്‍ രാഷ്ട്രീയമായി അവര്‍ ഗുണകരമാവില്ലല്ലോ. വേറൊന്നും ചെയ്യാനില്ലാത്തതിനാല്‍ വല്ലവന്റെയും കുഞ്ഞിന്‍റെ തന്ത ചമയുന്നു, അത്ര തന്നെ!

സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈവ്ലിഹുഡ് ഇന്‍ക്ലൂഷന്‍ ഫിനാന്‍ഷ്യല്‍ എംപവര്‍മെന്റ് -ലൈഫ് മിഷനില്‍ 2 ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്‍റെ പ്രഖ്യാപനം നടന്നു. യഥാര്‍ത്ഥത്തില്‍ 2,14,144 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട് എന്നാണ് കണക്ക്. പലയിടത്തും പണികള്‍ അതിവേഗം പുരോഗമിക്കുന്നു. ഇന്ത്യയില്‍ സര്‍ക്കാരുകള്‍ ഏറ്റെടുത്ത് നടത്തുന്ന ഭവന നിര്‍മ്മാണ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഈ നേട്ടം പ്രധാനമന്ത്രിയുടെ ഭവനനിര്‍മ്മാണ പദ്ധതി അനുസരിച്ചുള്ളതാണെന്നാണ് ചിലരുടെ വാദം. അത് ശരിവെയ്ക്കണമെങ്കില്‍ ഒരു പ്രധാന ചോദ്യത്തിന് ഉത്തരം പറയണം -പ്രധാനമന്ത്രിയുടെ പണം വെച്ച് പിണറായി വിജയന്‍ കൊച്ചുകേരളത്തില്‍ 2 ലക്ഷം വീടു പണിഞ്ഞുവെങ്കില്‍ മിടുക്കനായ യോഗി ആദിത്യനാഥ് ഭരിക്കുന്ന വലിയ ഉത്തര്‍പ്രദേശില്‍ എത്ര കോടി വീടുകള്‍ പണിതിട്ടുണ്ടാവും?

ആര് എത്ര പണം നല്‍കി?

കേരളത്തില്‍ 941 ഗ്രാമപഞ്ചായത്തുകള്‍ ഉണ്ട്. ഇവിടങ്ങളില്‍ ലൈഫ് ഭവന പദ്ധതിക്കായി 1 രൂപ പോലും കേന്ദ്ര വിഹിതമില്ല എന്നതാണ് പച്ചപ്പരമാര്‍ത്ഥം. ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതി പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റേതാണ്. ഇവിടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതും നടപ്പാക്കുന്നതും ഗ്രാമപഞ്ചായത്തുകള്‍ തന്നെ. കുടുംബശ്രീ നടത്തിയ പ്രാഥമിക സര്‍വേയില്‍ തുടങ്ങി വിവിധ പരിശോധനാ ഘട്ടങ്ങളിലൂടെ കടന്ന് അന്തിമ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നു. ഈ പട്ടികയനുസരിച്ചാണ് ആനുകൂല്യം. 4 ലക്ഷം രൂപയാണ് അനുവദിക്കുക. പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് 6 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.

ഈ പണം വരുന്ന വഴി എല്ലാവരും അറിയണം. ഗ്രാമപഞ്ചായത്തുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി വിഹിതത്തില്‍ നിന്ന് 20 ശതമാനം തുക കണ്ടെത്തും. അതായത് ഒരു വീടിന് പദ്ധതിവിഹിതത്തില്‍ നിന്ന് കുറഞ്ഞത് 80,000 രൂപ വീതം ഗ്രാമപഞ്ചായത്ത് നീക്കിവെയ്ക്കുന്നു. ബാക്കി തുക വായ്പയായും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായും ലഭ്യമാക്കുന്നു. 2,20,000 രൂപയാണ് വായ്പയായി ലൈഫ് മിഷന്‍ കണ്ടെത്തി നല്‍കുന്നത്. ഇതിനായി ഹഡ്കോ എന്ന പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നു വായ്പയെടുത്ത് ആ തുക ഗ്രാമപഞ്ചായത്തുകള്‍ക്ക് ആവശ്യാനുസരണം നല്‍കും. ബാക്കി വേണ്ടിവരുന്ന 1,00,000 രൂപ സംസ്ഥാന സർക്കാർ ബജറ്റ് വിഹിതം വകയിരുത്തി നേരിട്ട് ഗ്രാമപഞ്ചായത്തുകൾക്ക് നൽകുന്നു.

ഭാവിയില്‍ ഒരു ബാദ്ധ്യതയാവാത്ത വിധമാണ് വായ്പ തിരിച്ചടവ് ക്രമീകരിച്ചിരിക്കുന്നത്. വായ്പ നിശ്ചിത വര്‍ഷങ്ങള്‍ക്കൊണ്ട് തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് തിരിച്ചടയ്ക്കും. എന്നാല്‍, പലിശ തിരിച്ചടയ്ക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ്. ഇതു കൂടാതെ അർഹരായവർക്ക് വസ്തുവും വീടും ലഭിക്കുന്നതിനും ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്ക് വസ്തു വാങ്ങുന്നതിന് പൊതു വിഭാഗത്തിൽ 2,00,000 രൂപയും പട്ടിക ജാതി വിഭാഗക്കാര്‍ക്ക് 2,25,000 രൂപയും ലഭിക്കും. കൂടാതെ വസ്തു സ്വന്തമായി കഴിഞ്ഞാൽ 4 ലക്ഷം രൂപ ഭവനനിർമ്മാണ ധനസഹായവും ലഭിക്കും.

ഗ്രാമപഞ്ചായത്തുകളില്‍ ലൈഫ് പദ്ധതി വരുമ്പോള്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ വരുന്നതാണ് പ്രധാനമന്ത്രി ആവാസ് യോജന -ഗ്രാമീണ്‍ ലൈഫ്. നഗരസഭയില്‍ നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന -അര്‍ബന്‍ ലൈഫ്. 1985 മുതല്‍ രാജ്യത്ത് നടപ്പാക്കിവരുന്ന ഇന്ദിര ആവാസ് യോജന എന്ന ഭവനപദ്ധതിയുടെ പേര് 2015 മുതല്‍ മാറ്റി അവതരിപ്പിക്കുന്നതാണ് ബി.ജെ.പിക്കാര്‍ മേനി പറയുന്ന ഈ പ്രധാനമന്ത്രി ആവാസ് യോജന. ഈ പദ്ധതികളില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സാമൂഹിക -സാമ്പത്തിക -ജാതി സെന്‍സസ് ആധാരമാക്കിയാണ്.

പ്രധാനമന്ത്രി ആവാസ് യോജന -ഗ്രാമീണ്‍ നടപ്പാക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പട്ടിക ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമസഭ വിളിച്ചുചേര്‍ത്ത് അംഗീകരിച്ച ശേഷം ബ്ലോക്ക് പഞ്ചായത്തിന് കൈമാറുകയാണ് ചെയ്യുന്നത്. ഈ പദ്ധതിയിലും കേരളത്തില്‍ ഗുണഭോക്താവിന് ലഭിക്കുന്നത് 4 ലക്ഷം രൂപ തന്നെ. പക്ഷേ, ഇതില്‍ വെറും 72,000 രൂപയാണ് കേന്ദ്ര വിഹിതം. കേന്ദ്ര സര്‍ക്കാര്‍ കണക്കുപ്രകാരം ഒരു വീടിന്റെ നിര്‍മ്മാണച്ചെലവ് 1,20,000 രൂപ മാത്രമാണ്!!! ഇതിന്റെ 60 ശതമാനം തുക എന്ന നിലയിലാണ് 72,000 രൂപയുടെ കണക്ക്. ഇതിനൊപ്പം ഗ്രാമ -ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി വിഹിതത്തിലെ ഒരു ഭാഗവും സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള വിഹിതവും ചേര്‍ത്ത് ബാക്കി 3,28,000 രൂപ കൂടി കണ്ടെത്തിയാണ് 4 ലക്ഷം തികയ്ക്കുന്നത്. അതായത് വെറും 18 ശതമാനമാണ് കേന്ദ്രന്‍ തരുന്നത്! 82 ശതമാനവും സംസ്ഥാന വിഹിതമുള്ള ഈ പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്തുകളില്‍ പി.എം.എ.വൈ -ഗ്രാമീണ്‍ ലൈഫ് എന്ന് അറിയപ്പെടുന്നത്.

നഗരപ്രദേശങ്ങളില്‍ നടപ്പാക്കുന്ന ഭവന പദ്ധതിയാണ് പി.എം.എ.വൈ -അര്‍ബന്‍ ലൈഫ്. ഇതിലും ഗുണഭോക്താവിന് ആകെ ലഭിക്കുന്നത് 4 ലക്ഷം രൂപ തന്നെ. ഇതില്‍ 1,50,000 രൂപ കേന്ദ്ര വിഹിതം. ബാക്കിയില്‍ 2,00,000 രൂപ നഗരസഭകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി വിഹിതത്തില്‍ നിന്ന് കണ്ടെത്തുമ്പോള്‍ ബാക്കി 50,000 രൂപ സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള വിഹിതമാണ്. ഇതില്‍ 37.5 ശതമാനം കേന്ദ്രത്തിന്റേതാകുമ്പോള്‍ ബാക്കി 62.5 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വകയാകുന്നു.

മൂന്നു തട്ടുകളിലുമായി മൊത്തം ചെലവിടുന്ന ഓരോ 12 ലക്ഷം രൂപയിലും കേന്ദ്രന്റേത് വെറും 2,22,000 രൂപ മാത്രം! ബാക്കി 9,80,000 രൂപയും കേരളത്തിന്റേത്. കേന്ദ്ര വിഹിതം 18.33 ശതമാനം മാത്രമുള്ള പദ്ധതിയില്‍ 81.67 ശതമാനവും ചെലവിടുന്നത് കേരള സര്‍ക്കാര്‍. എന്നിട്ടാണ് കേന്ദ്ര പദ്ധതി ഇവിടെ പേരു മാറ്റുന്നതാണെന്ന് കേന്ദ്ര മന്ത്രി തന്നെ പറയുന്നത്. ഇതിലൊക്കെ എന്താണ് കേന്ദ്രത്തിന് മേനി നടിക്കാനുള്ളത്? കേരളത്തില്‍ നടപ്പാകുന്ന പദ്ധതി മറ്റിടങ്ങളില്‍ നടപ്പാകാത്തത് അവിടത്തെ സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ വിഹിതം -81.67 ശതമാനം -ചേര്‍ക്കാന്‍ തയ്യാറാവുന്നില്ല എന്നതിനാല്‍ തന്നെയാണ്.

എവിടൊക്കെ വീട് പണിതു?

കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2017ലാണ് ലൈഫ് മിഷന്‍ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായി പദ്ധതി വിഭാവനം ചെയ്തു.   2000-01 മുതല്‍ 2015-16 സാമ്പത്തിക വര്‍ഷം വരെ വിവിധ സര്‍ക്കാര്‍ ഭവനനിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ യാഥാര്‍ത്ഥ്യമാക്കുക എന്നതായിരുന്നു ഒന്നാംഘട്ടത്തില്‍ ഏറ്റെടുത്ത ദൗത്യം. ഭൂമിയുള്ള ഭവനരഹിതരുടെ ഭവനനിര്‍മ്മാണം രണ്ടാം ഘട്ടത്തിലും ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസം മൂന്നാം ഘട്ടത്തിലും ലക്ഷ്യമിടുന്നു.

പല കാരണങ്ങളാല്‍ നിര്‍മ്മാണം മുടങ്ങിക്കിടന്ന 52,050 വീടുകളാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്. 54,173 വീടുകളായിരുന്നു ലക്ഷ്യം. ഭൂമിയുള്ള ഭവനരഹിതരില്‍ വീട് ലഭിക്കാന്‍ രണ്ടാം ഘട്ടത്തില്‍ അര്‍ഹത നേടിയത് 1,00,460 പേരാണ്. ഇതില്‍ 92,213 പേര്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനവുമായി കരാര്‍ ഒപ്പിട്ടു. 75,036 വീടുകള്‍ ഇതുവരെ രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കി. ബ്ലോക്ക് പഞ്ചായത്തുകളിലെ പി.എം.എ.വൈ -ഗ്രാമീണ്‍ ലൈഫില്‍ 17,475 ഗുണഭോക്താക്കള്‍ കരാര്‍ വെച്ചതില്‍ 16,640 വീടുകള്‍ പൂര്‍ത്തിയാക്കി. നഗരപ്രദേശങ്ങളിലെ പി.എം.എ.വൈ -അര്‍ബന്‍ ലൈഫ് പദ്ധതിയിലൂടെ കരാര്‍ വെച്ചത് 79,520 ഗുണഭോക്താക്കളാണ്. ഇതില്‍ 47,144 വീടുകള്‍ പൂര്‍ത്തിയായി. ഇതിനു പുറമെ പട്ടികജാതി വകുപ്പിനു കീഴില്‍ 18,811 വീടുകളും പട്ടികവര്‍ഗ്ഗ വകുപ്പിനു കീഴില്‍ 738 വീടുകളും ഫിഷറീസ് വകുപ്പിനു കീഴില്‍ 3,725 വീടുകളും കഴിഞ്ഞ 2 വര്‍ഷത്തിനിടെ നിര്‍മ്മിച്ചു. അങ്ങനെ 52,050 + 75,036 + 16,640 + 47,144 + 18,811 + 738 + 3,725 = 2,14,144. വീടുകള്‍ ലഭിച്ച ഈ 2,14,144 പേരുടെയും വിലാസം, തദ്ദേശ സ്ഥാപനം, ഫോണ്‍ നമ്പര്‍ എന്നിവയെല്ലാം അടക്കമുള്ള വിശദാംശങ്ങള്‍ ലൈഫ് മിഷന്‍ വെബ്സൈറ്റിലുണ്ട്. ആര്‍ക്കും പരിശോധിക്കാം. കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫ് ഉന്നയിക്കുന്ന “തട്ടിപ്പ്” ആരോപണത്തിനു പിന്നിലെ “നിജസ്ഥിതി” ബോദ്ധ്യപ്പെടാം.

പദ്ധതിയുടെ എല്ലാ ഘട്ടത്തിലും സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു എന്നത് ഈ വിജയത്തിനു പിന്നിലെ പ്രധാന ഘടകമാണ്. വീടുണ്ടാക്കാന്‍ പണം കണ്ടെത്തുക മാത്രമല്ല സര്‍ക്കാര്‍ ചെയ്തത്. വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി പല പ്രമുഖ ബ്രാന്‍ഡുകളുമായി കൈകോര്‍ത്ത് കുറഞ്ഞ നിരക്കില്‍ വീട് നിര്‍മ്മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ലൈഫ് മിഷന്‍ കൈക്കൊണ്ടിരുന്നു. 20-60 ശതമാനം വില കുറച്ചാണ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, വയറിങ് ഉപകരണങ്ങള്‍, പെയിന്‍റ്, സാനിറ്ററി ഉപകരണങ്ങള്‍, സിമെന്‍റ്, വാട്ടര്‍ ടാങ്ക് തുടങ്ങിയവ ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കിയത്. കൂടാതെ തൊഴിലുറപ്പ് ദിനങ്ങളില്‍ നിന്ന് 90 ദിവസം വീട് നിര്‍മ്മാണത്തിനായി ഉപയോഗിക്കാനുള്ള വ്യവസ്ഥയും സാദ്ധ്യമാക്കി.

കള്ളം പറയുന്നവരോട് ഒരു വാക്ക്.
നിങ്ങള്‍ കള്ളം പറഞ്ഞുകൊണ്ടേയിരിക്കുക.
അങ്ങനെ കള്ളം പറഞ്ഞു പറഞ്ഞ് ഒരു ദിവസം സത്യം പറയേണ്ടിവരും.
അങ്ങനെ വരുന്നത് നിങ്ങളുടെ വിധിദിനത്തിലായിരിക്കും.

പലനാള്‍ കള്ളം ഒരു നാള്‍ തുള്ളും.

Previous articleവരവറിയിച്ച് താരപുത്രന്‍
Next article3,343 എന്നാല്‍ നാലര ലക്ഷം!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here