വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാർ അധികാരമേറ്റതിനു ശേഷം ഏറ്റവും വലിയ ചർച്ചാവിഷയമായിരിക്കുന്നത് സമര ഗേറ്റ് എന്ന പേരിൽ പ്രശസ്തമായ തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ നോർത്ത് ഗേറ്റാണ്. നീണ്ട 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ഈ ഗേറ്റ് തുറന്നുവെന്നാണ് ചില മാധ്യമങ്ങളൊക്കെ വാർത്ത കൊടുത്തത്. ഈ വാർത്തകളെ ആധാരമാക്കി, ഒട്ടും ആധികാരികതയില്ലാതെ മുഖ്യമന്ത്രി വി.ഡി.സതീശനും തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ പ്രസ്താവന നടത്തിയിട്ടുണ്ട്.
‘സമര കവാടമെന്ന് വിളിപ്പേരുള്ളതാണ് സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് നോർത്ത് ഗേറ്റ് തുറന്നു. പത്ത് വർഷത്തിന് ശേഷമാണ് നോർത്ത് ഗേറ്റ് തുറക്കുന്നതെന്നാണ് മാധ്യമങ്ങൾ പറയുന്നത്’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്. മുഖ്യമന്ത്രി തന്റെ ഔദ്യോഗിക പേജിൽ പങ്കുവെച്ച കുറിപ്പ് ഇതിനകം വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഭരണസിരാകേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും കവാടങ്ങൾ തുറക്കുന്നതിനെക്കുറിച്ചും കൃത്യമായ ഔദ്യോഗിക വിവരങ്ങൾ അന്വേഷിക്കാതെ, മാധ്യമങ്ങളുടെ തെറ്റായ പ്രചാരണം മുഖ്യമന്ത്രി അതേപടി ഏറ്റുപിടിക്കുകയായിരുന്നു.
സെക്രട്ടേറിയറ്റിലെ നോർത്ത് ഗേറ്റ് കഴിഞ്ഞ 10 വർഷമായി അടച്ചിട്ടിരിക്കുന്നു എന്ന വാർത്ത ശരിയല്ലെന്ന് ഇപ്പോൾ തെറ്റായ വാർത്ത നല്കിയ അതേ മാധ്യമങ്ങൾ തന്നെ മുമ്പു നല്കിയ വാർത്തകൾ വ്യക്തമാക്കുന്നു. 2020ൽ കോവിഡ് മഹാമാരിയുടെ സമയത്താണ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ ഗേറ്റ് അടച്ചത്. തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ 2023ൽ തന്നെ ഈ ഗേറ്റ് സാധാരണ നിലയിൽ തുറന്ന് പ്രവർത്തിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മാറി നോർത്ത് ഗേറ്റ് തുറന്നത് 2023ൽ മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു.
കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് വലിയ സമരങ്ങളോ ഉപരോധങ്ങളോ ഇല്ലാത്ത സാധാരണ ദിവസങ്ങളിൽ ഈ ഗേറ്റ് വഴി മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ കടന്നുപോയിട്ടുണ്ട്. തിരുവനന്തപുരത്തുള്ള രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും നേരിട്ടറിയാവുന്ന കാര്യമാണിത്.
’10 വർഷത്തിന് ശേഷം സമരഗേറ്റ് ഇന്ന് ആദ്യമായി തുറന്നു’ എന്ന് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന പ്രധാന മാധ്യമങ്ങൾ തന്നെ 2023ൽ ‘സമര ഗേറ്റിന് ശാപമോക്ഷം’ എന്ന രീതിയിൽ നൽകിയ വാർത്തകളുടെ ലിങ്കുകളും ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ തന്നെ തെളിവായി പുറത്തുവിടുന്നുണ്ട്.
സെക്രട്ടേറിയറ്റിന് മുന്നിൽ സമരങ്ങൾ നടക്കുന്ന സമയങ്ങളിലും കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന ഘട്ടത്തിലും സുരക്ഷ മുൻനിർത്തി മാത്രമാണ് ഈ ഗേറ്റ് താൽക്കാലികമായി അടച്ചിട്ടുള്ളത്. അതല്ലാതെ കഴിഞ്ഞ 10 വർഷമായി ഈ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു എന്ന വാദം തെറ്റാണ്.









