Reading Time: 3 minutes

മമ്മൂട്ടി എന്ന താരത്തെക്കാള്‍ വളരെ വലിപ്പത്തില്‍ നില്‍ക്കുന്നത്, നമ്മളെല്ലാവരും സ്‌നേഹിക്കുന്നത് മമ്മൂട്ടി എന്ന നടനെയാണ്. സമീപകാലത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ താരമൂല്യം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവുമായി സൃഷ്ടിക്കപ്പെട്ടവയായിരുന്നു. തീര്‍ച്ചയായും താരമൂല്യമുള്ള നടന്‍ തന്നെയാണ് മമ്മൂട്ടി. അതിന് വിപണന സാദ്ധ്യതയുമുണ്ട്. എന്നാല്‍, താരത്തെക്കാളുപരി മഹാനടനാണ് അദ്ദേഹമെന്ന് ഈ മാസ് എന്റര്‍ടെയ്‌നറുകള്‍ സൃഷ്ടിച്ച സംവിധായകര്‍ മറന്നുവോ എന്ന സംശയം ഒരു സാദാ പ്രേക്ഷകന്‍ മാത്രമായ എനിക്കുണ്ട്.

താരമൂല്യത്തിന്റെ തടവറയില്‍ നിന്ന് മമ്മൂട്ടിക്ക് ‘പരോള്‍’ നല്കാനുള്ള ശ്രമമാണ് ശരത് സന്ദിത്ത് നടത്തിയിരിക്കുന്നത്. തന്റെ പെങ്ങള്‍ക്കുവേണ്ടി എല്ലാം ത്യജിക്കുന്ന സഹോദരനായും, മകനുമായി ഒരുമിക്കാന്‍ ശ്രമിക്കുന്ന അച്ഛനായും അദ്ദേഹം നമുക്കു മുന്നിലെത്തുകയാണ്.

തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വാര്‍ഡനായിരുന്നു കുറച്ചുകാലം മുമ്പു വരെ തിരക്കഥാകൃത്ത് അജിത് പൂജപ്പുര. അവിടെ നിന്ന് കണ്ടെടുത്തതാണ് ഈ കഥ. യഥാര്‍ത്ഥ സംഭവകഥ. പക്ഷേ, സംഭവകഥയെ അടിസ്ഥാനമാക്കിയെന്നു പറയുമ്പോള്‍ ഈ സിനിമ മുന്നോട്ടുവെയ്ക്കുന്ന ഒരു പ്രധാന ബോദ്ധ്യമുണ്ട് -നമ്മുടെ നിയമസംവിധാനം എത്ര ദുര്‍ബലമാണെന്ന്. അത് സത്യമാണു താനും.

മമ്മൂട്ടിയുടെ അലക്‌സ് ഒരു യാഥാര്‍ത്ഥ്യമാണ്. അദ്ദേഹം ഇപ്പോഴും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഉണ്ട്. സിദ്ദിഖിന്റെ അബ്ദുവും സുരാജിന്റെ വര്‍ഗ്ഗീസുമെല്ലാം പുറത്തുമുണ്ട്. കഥാപാത്രങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ മനുഷ്യരെ -ഒരു കൗതുക വാര്‍ത്തയുടെ പേരിലെങ്കിലും -ആരെങ്കിലും അന്വേഷിച്ചിറങ്ങിയാല്‍ അവിടെയായിരിക്കും ട്വിസ്റ്റ്. തങ്ങളുടെ കഥ സിനിമയായത് കാണാന്‍ ഇവരൊക്കെ തിയേറ്ററില്‍ എത്തുമായിരിക്കും. എന്നു നിന്റെ മൊയ്തീനു ശേഷം സിനിമയിലെ കഥാപാത്രങ്ങളെ ജീവിതത്തിലെ മനുഷ്യര്‍ സന്ധിക്കുന്ന മറ്റൊരു രംഗം. മൊയ്തീന്റെ സുഹൃത്തായ മുക്കം ഭാസിയെപ്പോലെ അലക്‌സിന്റെ സുഹൃത്തായ അബ്ദു. ഏതാണ്ട് 4 വര്‍ഷം മുമ്പാണ് അജിത് ഈ തിരക്കഥയെഴുതുന്നത്. എഴുതി തീര്‍ന്നപ്പോള്‍ തന്നെ അവന്‍ നിശ്ചയിച്ചിരുന്നു ഈ റോള്‍ മമ്മൂട്ടിക്കുള്ളതാണെന്ന്. ആ സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുന്നത്.

നിര്‍മ്മാതാവ് ആന്റണി ഡിക്രൂസ്, സംവിധായകന്‍ ശരത് സന്ദിത്ത് എന്നിവര്‍

കഴിവു തെളിയിച്ച പരസ്യസംവിധായകനാണ് ശരത് സന്ദിത്ത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് പോലെ ഒട്ടേറെ മികച്ച പരസ്യങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. പരസ്യങ്ങളിലൂടെ തന്നെ വര്‍ഷങ്ങളായി മമ്മൂട്ടിയുമായി അടുത്ത ബന്ധവുമുണ്ട്. ശരത്തിന്റെ ആദ്യ സിനിമയാണ് പരോള്‍. ഇനിയും നന്നാക്കാമായിരുന്നു എന്നും ഞാന്‍ പറയും.

വളരെ സൂക്ഷ്മത ആവശ്യമായ മേഖലയാണ് പരസ്യചിത്രം. ദൃശ്യത്തിലെ ചെറിയൊരു മാറ്റം പോലും വിപണനത്തെ സ്വാധീനിക്കും. അതിനാല്‍ത്തന്നെ ഫ്രെയിമില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ പോലും പ്രത്യേകം ശ്രദ്ധിക്കും. ആ ശ്രദ്ധ ഈ സിനിമയില്‍ കാണാം. ഒരുദാഹരണം പറയാം. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന വര്‍ഗ്ഗീസിനെ പൊലീസുകാരും പട്ടാളക്കാരും ചേര്‍ന്ന് ഓടിക്കുന്ന രംഗമുണ്ട്. ഓട്ടത്തിനിടെ തെന്നിവീണ് ഒരു പൊലീസുകാരന്റെ കാലില്‍ മുറിവുണ്ടാവുന്നു. ആ പൊലീസുകാരനിലേക്കും അദ്ദേഹത്തിന്റെ മുറിവുകളിലേക്കും ക്യാമറ വല്ലാതെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. എന്തിനായിരുന്നുവെന്ന് എനിക്ക് സത്യമായിട്ടും മനസ്സിലായില്ല.

പരസ്യത്തില്‍ ആവശ്യമാണെങ്കിലും സിനിമയുടെ പ്രയാണത്തില്‍ ഇത്തരം ശ്രദ്ധ തീര്‍ത്തും അനാവശ്യമാണ്. ഇത്തരം അമിതശ്രദ്ധ പ്രധാന കഥയില്‍ നിന്നുള്ള വ്യതിയാനത്തിനു കാരണമാകുന്നു. പരോളിന്റെ ഒന്നാം പകുതിയില്‍ മെല്ലെപ്പോക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനു കാരണം ഇതാണ്. മമ്മൂട്ടിയെന്ന മാസ് ആക്ടറെ പ്രയോജനപ്പെടുത്താന്‍ ചില ശ്രമങ്ങള്‍ ശരത് നടത്തിയതും കാണാതെ പോകുന്നില്ല. ബാഹുബലി പ്രഭാകറെ ഇറക്കിയതും മമ്മൂട്ടി ജയിലിനുള്ളില്‍ അദ്ദേഹത്തെ പറന്നിടിച്ചതുമെല്ലാം ഇതിന്റെ ഭാഗമാണ്.

‘ബാഹുബലി’ പ്രഭാകറും മമ്മൂട്ടിയും

ഒന്നാം പകുതിയില്‍ വന്ന പാളിച്ചകളെല്ലാം രണ്ടാം പകുതിയില്‍ ശരത് ഒഴിവാക്കുന്നുണ്ട്. ചിത്രീകരണം പുരോഗമിച്ച വേളയില്‍ സ്വയം പഠിച്ചതാവാം. മമ്മൂട്ടിയുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ സംവിധായകന്‍ ഒരു പരിധി വരെ വിജയിച്ചു. ശരത്തിന്റെ ദൃശ്യബോധം അസാമാന്യമാണ്. ജയിലിന്റെ ഏരിയല്‍ ഷോട്ടില്‍ തുടങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഫ്രെയിം മുതല്‍ അതു പ്രകടം. ക്യാമറയ്ക്കു പിന്നില്‍ നിന്ന ലോകനാഥന്‍ ശരിക്കും നമുക്കൊരു ദൃശ്യവിരുന്നൊരുക്കിയിരിക്കുന്നു.

എന്നാല്‍, ചിത്രസംയോജനം നിര്‍വ്വഹിച്ച സുരേഷ് അരശിനെപ്പറ്റി ഞാനങ്ങനെ പറയില്ല. അലക്‌സിന്റെ വിവാഹം കഴിഞ്ഞ് പുറത്തിറങ്ങുന്ന രംഗത്തില്‍ തുടര്‍ച്ച പാളിയത് എഡിറ്റിങ് ടേബിളിലെ അശ്രദ്ധയ്ക്കുദാഹരണം. സാധാരണ പ്രേക്ഷകര്‍ ഇത് ശ്രദ്ധിക്കില്ലെന്നത് വേറെ കാര്യം. 2 മണിക്കൂര്‍ 29 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. സുരേഷ് ചെറുതായൊന്നു ശ്രമിച്ചിരുന്നുവെങ്കില്‍ ഒരു 20 മിനിറ്റെങ്കിലും ആദ്യ പകുതിയില്‍ വെട്ടിക്കളയാമായിരുന്നു. ഇപ്പോള്‍ തോന്നിക്കുന്ന മെല്ലെപ്പോക്ക് ഒഴിവാക്കാമായിരുന്നു. ഏറെക്കാലത്തിനു ശേഷം ശരത് ഈണമിട്ട പാട്ടുകള്‍ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ആ അറബിപ്പാട്ട് വിശേഷിച്ചും.

ജന്മനാ കുറ്റവാളികളല്ലാത്ത എല്ലാ തടവുകാര്‍ക്കും അവര്‍ ചെയ്ത ‘കുറ്റ’ത്തിന് അവരുടേതായ ന്യായമുണ്ട് -പരോള്‍ എന്ന സിനിമ ഇതാണ്. അലക്‌സ് എന്ന തടവുകാരനായ നായകന് മുന്നോട്ടുവെയ്ക്കാനുള്ള ന്യായത്തിന്റെ കഥ. ജയിലിലെ മേസ്തിരിമാരില്‍ ഒരാളാണ് അലക്‌സ്. കാവലിന് വാര്‍ഡന്മാര്‍ ഉണ്ടെങ്കിലും ജയിലിലെ ദൈനംദിന കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റുന്നത് തടവുകാര്‍ തന്നെയായ, നല്ല നടപ്പുകാരായ മേസ്തിരിമാരാണ്. അടുത്ത സെല്ലിലെ തടവുകാരന്റെ ചോദ്യത്തിനുത്തരമായാണ് അലക്‌സ് തന്റെ ജീവിതകഥ പറയുന്നത്.

മമ്മൂട്ടിക്കൊപ്പം ഹര്‍ഷിത

അലക്‌സിന്റെ ഭാര്യ ആനിയായി ഇനിയയും പെങ്ങള്‍ കത്രീനയായി മിയയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അലക്‌സിന്റെ സുഹൃത്ത് അബ്ദുവായി സിദ്ദിഖ് പതിവുപോലെ തകര്‍ത്തു. സിദ്ദിഖിന്റെ പ്രകടനം മികച്ചുനിന്നു എന്നു പറയുന്നത് ഇപ്പോള്‍ ഒരു ശീലമായിരിക്കുന്നു. വി.കെ.പ്രകാശ്, ലാലു അലക്‌സ്, കൃഷ്ണകുമാര്‍, സിജോയ് വര്‍ഗ്ഗീസ്, ഇര്‍ഷാദ്, പദ്മരാജ് രതീഷ്, ജുബി നൈനാന്‍, സുധീര്‍ കരമന, അലന്‍സിയര്‍ ലെ ലോപ്പസ്, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, കലാശാല ബാബു, കലിംഗ ശശി, ചെമ്പില്‍ അശോകന്‍, മുത്തുമണി, അരിസ്‌റ്റോ സുരേഷ്, ഹര്‍ഷിത എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ട്. പക്ഷേ, ഇവര്‍ക്കെല്ലാം മുകളില്‍ സുരാജ് വെഞ്ഞാറമ്മൂടാണ്. ചുറ്റുമുള്ളവരുടെയെല്ലാം ജീവിതം കുട്ടിച്ചോറാക്കുന്ന, അലോസരപ്പെടുത്തുന്ന അളിയനായി സുരാജ് കസറി.

Previous articleകേരളത്തിലെ മികച്ച കോളേജ്
Next articleസിനിമാക്കൂട്ട്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here