HomeFRIENDSHIPസിനിമാക്കൂട്ട...

സിനിമാക്കൂട്ട്

-

Reading Time: 4 minutes

1990കളുടെ ആദ്യ പകുതിയില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ചവരില്‍ സുഗുണനെ അറിയാത്തവരായി ആരുമുണ്ടെന്നു തോന്നുന്നില്ല. കോളേജിലെ സമരങ്ങളടക്കം ‘എല്ലാവിധ’ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിലുണ്ടായിരുന്ന, വിപുലമായ സുഹൃദ് വലയമുള്ള, ഞങ്ങളുടെ പ്രിയപ്പെട്ട സുഗുണന്‍. പരോളിന്റെ നെടുംതൂണ്‍ ഈ വലിയതുറക്കാരനാണ് -നിര്‍മ്മാതാവ് എന്ന നിലയില്‍. അതെ, ഞങ്ങളുടെ സുഗുണനെയാണ് ആന്റണി ഡിക്രൂസ് എന്ന പേരില്‍ എല്ലാവരും ഇപ്പോള്‍ അറിയുന്നത്.

സുഗുണന്‍ എന്ന ആന്റണി ഡിക്രൂസ്‌

യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബി.എ. ഇക്കണോമിക്‌സ് ബിരുദം നേടിയ സുഗുണന്‍ 2015 വരെ അബുദാബി ആര്‍മി ഓഫീസേഴ്‌സ് ക്ലബ്ബിന്റെ ഫിനാന്‍സ് മാനേജരായിരുന്നു. ക്ലബ്ബില്‍ 20,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന മൈതാനമുണ്ട്. കേരളത്തില്‍ നിന്നുള്ള കലാപ്രകടനത്തിന് എന്തുകൊണ്ട് അവിടം വേദിയാക്കിക്കൂടാ എന്ന് സുഗുണനും സുഹൃത്തുക്കളും ആലോചിച്ചു. അബുദാബി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നേടിയ ശേഷം അവര്‍ ആദ്യം നടത്തിയത് കൈരളി ചാനലിന്റെ മെഗാ ഷോ. തുടര്‍ന്ന് ഏഷ്യാനെറ്റ് അടക്കം മറ്റു മലയാളം ചാനലുകളുടെയെല്ലാം പരിപാടി അവിടെ നടത്തി. ഈ സ്റ്റാര്‍ ഷോകളിലൂടെ മമ്മൂട്ടി ഉള്‍പ്പെടെയുള്ള നടന്മാരുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ആ ബന്ധമാണ് സിനിമയിലേക്ക് എത്തിയത്.

ഒരു സിനിമ ചെയ്യണം എന്ന മോഹം സുഗുണന്‍ പങ്കുവെച്ചത് സുഹൃത്തായ ശരത് സന്ദിത്തിനോടാണ്. ശരത് സംവിധാനച്ചുമതലയേറ്റു. മമ്മൂട്ടിയുമായി ശരത്തിനും നല്ല അടുപ്പമുണ്ടായിരുന്നു. നല്ലൊരു വിഷയം കിട്ടിയാല്‍ അഭിനയിക്കാമെന്ന് മമ്മൂട്ടി സമ്മതിച്ചു. അങ്ങനെ ശരത് ഒരു കഥ പറഞ്ഞു. തമിഴിലെ പ്രഗത്ഭനായ രമണിയാണ് തിരക്കഥ തയ്യാറാക്കിയത്. ഇത് മലയാളത്തിലാക്കി മറ്റു നടപടികള്‍ മുന്നോട്ടു നീങ്ങി. നായികയായി അനുഷ്‌ക ഷെട്ടിയെയാണ് നിശ്ചയിച്ചത്. എന്നാല്‍, ബാഹുബലി സൂപ്പര്‍ ഹിറ്റായതോടെ അനുഷ്‌കയുടെ ഡേറ്റില്‍ ചെറിയ പ്രശ്‌നം വന്നു. പ്രൊജക്ട് മുന്നോട്ടു നീക്കാനാവാത്ത സ്ഥിതിയായി.

സുഗുണനും സുധീര്‍ കരമനയും യൂണിവേഴ്‌സിറ്റി കോളേജിന്റെ 150-ാം വാര്‍ഷികാഘോഷ വേളയില്‍

അപ്പോഴാണ് യഥാര്‍ത്ഥ സംഭവകഥയുമായി അജി എത്തുന്നത്. അജിത് പൂജപ്പുര ഞങ്ങള്‍ക്ക് അജിയാണ്. 1993ലെ യൂണിവേഴ്‌സിറ്റി കോളേജ് വിഭജനത്തിന്റെ വേദന അനുഭവിക്കേണ്ടി വന്ന തലമുറയുടെ പ്രതിനിധിയാണ് അജിയും സഹോദരന്‍ അനിയും. യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദവിഭാഗം കാര്യവട്ടത്തേക്കു മാറ്റിയപ്പോള്‍ പ്രവേശനം നേടിയ ആദ്യ ബാച്ചിലെ അംഗം. ഫലത്തില്‍ ഞങ്ങളുടെ ജൂനിയര്‍ ആണെങ്കിലും പഠനം കാതങ്ങള്‍ അകലെ. പക്ഷേ, എന്തു പരിപാടിയുണ്ടെങ്കിലും കാര്യവട്ടത്തുകാര്‍ ഫുള്‍ സ്വിങ്ങില്‍ പാളയത്തുണ്ടാവും. അതിനാല്‍ത്തന്നെ കോളേജ് കാലം മുതല്‍ സുഗുണനും അജിയും പരിചയക്കാരാണ്. സുഗുണന്റെ അനിയനും പരോളിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ പൊടിയന്‍ എന്ന ജൂഡ് ആഗ്നല്‍ സുധീറും അനിയും അജിയുമെല്ലാം സുഹൃത്തുക്കളാണ്. പൊടിയനും യൂണിവേഴ്‌സിറ്റി കോളേജിന്റെ സന്തതി തന്നെ.

അങ്ങനെ അജിയുടെ കൈയിലെ സംഭവകഥ സുഗുണന്റെയും ശരത്തിന്റെയും മുന്നിലെത്തി. ആദ്യം തീരുമാനിച്ച പ്രൊജക്ട് മുന്നോട്ടു നീങ്ങാത്ത സാഹചര്യത്തില്‍ മമ്മൂട്ടിയോട് അലക്‌സിന്റെ കഥ പറഞ്ഞു. സംഭവകഥയാണെന്ന് അറിഞ്ഞതോടെ ഇത് ആദ്യം ചെയ്യാമെന്ന് മമ്മൂട്ടി. അങ്ങനെ പരോള്‍ എന്ന സിനിമ രൂപമെടുത്തു. യൂണിവേഴ്‌സിറ്റി കോളേജില്‍ ഞങ്ങളുടെ സമകാലികനാണ് സുധീര്‍ കരമന. സിനിമാരംഗത്ത് കത്തിനില്‍ക്കുന്ന സുധീര്‍ ഇല്ലാതെ സുഗുണന്റെ സിനിമയോ? സുധീറിന് റോള്‍ ഉറപ്പ്. കോളേജില്‍ ഞങ്ങളുടെയൊക്കെ സീനിയറായിരുന്ന അലന്‍ ചേട്ടനും എത്തി. മമ്മൂട്ടിയുടെ അലക്‌സിന്റെ അപ്പന്‍ പീലിപ്പോസിന്റെ റോളില്‍.

ഡോ.സ്മിത പിഷാരോടി, ഹര്‍ഷിത, ജയന്‍ പിഷാരോടി

ഇതുകൊണ്ടും തീര്‍ന്നില്ല യൂണിവേഴ്‌സിറ്റി കോളേജുകാര്‍. കോളേജില്‍ ഞങ്ങളുടെ സുഹൃത്തായിരുന്ന ‘അയ്യപ്പന്‍’ എന്ന സാഹിര്‍ ദുബായിലാണ്. അവധിക്ക് കക്ഷി നാട്ടിലെത്തിയപ്പോഴാണ് സുഗുണന്‍ സിനിമയെടുക്കുന്ന കാര്യമറിഞ്ഞത്. അതോടെ അയ്യപ്പനും ടീമംഗമായി, സഹസംവിധായകന്റെ റോളില്‍. അലക്‌സിന്റെ മകന്റെ അദ്ധ്യാപകന്‍ എന്നൊരു ചെറിയ റോളും ചെയ്തു. ലക്ഷദ്വീപുകാരിയായ ആയിഷ സഹസംവിധായക എന്ന നിലയില്‍ പരോള്‍ ടീമിന്റെ ഭാഗമായത് തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ്. ഒടുവിലാണറിഞ്ഞത് ആയിഷയും യൂണിവേഴ്‌സിറ്റി കോളേജിന്റെ സന്തതിയെന്ന്. തീര്‍ന്നില്ല, സുഗുണന്റെ ചേട്ടനും പരോളിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ജൂഡ് സജിത് ഡിക്രൂസും ഈ ഗണത്തില്‍പ്പെട്ടയാള്‍ തന്നെ. യൂണിവേഴ്‌സിറ്റി കോളേജിലെ പഴയ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി.

തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ സുഗുണന്റെയും എന്റെയുമൊക്കെ ജൂനിയറായിരുന്നു സംഗീതസംവിധായകനും ഗായകനുമായ ജയന്‍ പിഷാരോടി. ജയന്റെ ഭാര്യയും സംഗീതജ്ഞയും മ്യൂസിക് തെറാപിസ്റ്റും ഗാനരചയിതാവുമായ ഡോ.സ്മിതാ പിഷാരോടിയും സുഹൃത്തു തന്നെ. എന്നാല്‍, ഇവരുടെ മകള്‍ ഹര്‍ഷിതയാണ് യഥാര്‍ത്ഥ താരം. കോട്ടയം ഗിരിദീപം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഈ കൊച്ചുമിടുക്കി പരോളില്‍ നല്ലൊരു വേഷം ചെയ്തു -സുരാജിന്റെയും മിയയുടെയും മകള്‍ നിതയായി. മമ്മൂട്ടിയുടെ അനന്തരവളായി, സിദ്ദിഖിന്റെയും മുത്തുമണിയുടെയും വളര്‍ത്തുമകളായി തോളോടു തോള്‍ ചേര്‍ന്നു നിന്നു. മികച്ചവരോടൊപ്പം നില്‍ക്കുമ്പോള്‍ മികവ് പകര്‍ന്നുകിട്ടുമല്ലോ. അതിനാല്‍ കിട്ടിയ വേഷം ഹര്‍ഷിതക്കുട്ടി ഭംഗിയാക്കി. പാട്ടാണ് മേഖലയെങ്കിലും ജയനും ചെറിയൊരു വേഷം പരോളില്‍ ചെയ്തു -ജയില്‍ ഡോക്ടറായി.

സുഗുണനും ജ്യോതിയും ഞാനും പരോള്‍ ടീമംഗങ്ങളുമായി ചര്‍ച്ചയില്‍

നാട്ടിലെ മുതലാളിയുടെ സ്വാധീനത്തിനു വഴങ്ങി അലക്‌സിന്റെ കമ്മ്യൂണിസ്റ്റുകാരനായ അപ്പനെ പൊലീസ് സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുപോയി ഇടി കൊടുക്കുന്ന ഇന്‍സ്‌പെക്ടറായി വന്നത് ഞങ്ങളുടെ മറ്റൊരു സുഹൃത്തും കരാട്ടേ അദ്ധ്യാപകനുമായ വി.വി.വിനോദ് കുമാര്‍. ഇവര്‍ക്കെല്ലാം പുറമെ ഈ സിനിമയുടെ തുടക്കം മുതല്‍ സുഗുണനോടൊപ്പം പാറ പോലെ നിന്ന യൂണിവേഴ്‌സിറ്റി കോളേജിലെ വലിയൊരു കൂട്ടുണ്ട് -ജ്യോതി എന്ന വേണുഗോപാല്‍, ബ്രിജേഷ്, ഹരി, അശോകന്‍, വിജയദേവ്, അമ്പിളി എന്ന സന്തോഷ്. അങ്ങനെ ഒരുപാട് പേര്‍. പേരു പറഞ്ഞു തുടങ്ങിയാല്‍ വളരെ വലിയൊരു പട്ടികയാവും.

സിനിമയുടെ ആദ്യ പകുതിയില്‍ യുവ കമ്മ്യൂണിസ്റ്റായി മമ്മൂട്ടിയെ അവതരിപ്പിക്കാന്‍ കൂടുതല്‍ സമയം നീക്കിവെച്ചതിനു പിന്നില്‍ യൂണിവേഴ്‌സിറ്റി കോളേജിന്റെ ഈ സ്വാധീനം തന്നെയാണ്. മുതലാളിയുടെ മകന്‍ ചെങ്കൊടി മറിച്ചിടാന്‍ നോക്കുമ്പോള്‍ അലക്‌സ് ഒറ്റയ്ക്ക് അത് ഉയര്‍ത്തിയെടുത്ത് ചവിട്ടിയുറപ്പിച്ച ശേഷം അതിമാനുഷനായി തിരിച്ചടിക്കുന്നുണ്ട്. സിനിമ കണ്ടിറങ്ങിയപ്പോള്‍ ഞാന്‍ സുഗുണനോട് ചോദിച്ചു -‘ടേയ്, വലിയതുറയില്‍ ഇങ്ങനാണോടേയ് ചെങ്കൊടി ഉറപ്പിക്കുന്നത്?’ അവന്‍ പൊട്ടിച്ചിരിച്ചു. വിജയ് യേശുദാസ് പാടിയ ‘ചുവന്ന പുലരി ഉദിക്കയായ് വിളി കേള്‍ക്കൂ നിങ്ങള്‍ സഖാക്കളേ..’ എന്ന പാട്ടിലും പ്രകടം പാര്‍ട്ടി സ്‌നേഹം തന്നെ.

തിരക്കഥാകൃത്ത് അജിത്ത് പൂജപ്പുര, അനി പൂജപ്പുര, ഞാന്‍, നിര്‍മ്മാതാവ് ആന്റണി ഡിക്രൂസ്, സംവിധായകന്‍ ശരത് സന്ദിത്ത് എന്നിവര്‍ പരോളിന്റെ ആദ്യ പ്രദര്‍ശനത്തിനു ശേഷം

പരോളിന്റെ തിരക്കുകള്‍ ഒഴിഞ്ഞ ശേഷം ആദ്യം നിര്‍മ്മിക്കാനിരുന്ന സിനിമയുമായി മുന്നോട്ടു നീങ്ങാനുള്ള തീരുമാനത്തിലാണ് സുഗുണന്‍. മമ്മൂട്ടിയുടെ അംഗീകാരമുള്ള പശ്ചാത്തലത്തില്‍ അനുഷ്‌കയുടെ ഡേറ്റിന്റെ കാര്യത്തില്‍ തീരുമാനമായാലുടന്‍ ആ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങും. മലയാള സിനിമാ രംഗത്ത് സാന്നിദ്ധ്യമുറപ്പിക്കുകയാണ് ആന്റണി ഡിക്രൂസ് എന്റര്‍ടെയ്ന്‍മെന്റ്. പരോളിന്റെ വിജയം കൂടുതല്‍ മികച്ച സിനിമകള്‍ ചെയ്യാന്‍ സുഗുണന് കരുത്തേകട്ടെ.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks