HomeSPORTSചുവപ്പിൻ്റെ ന...

ചുവപ്പിൻ്റെ നിഴലിൽ പൊലിഞ്ഞ ചെമ്പടയുടെ സ്വപ്നം

-

Reading Time: 4 minutes

അവർ ചുവപ്പണിഞ്ഞാണ് പോരാട്ടത്തിനിറങ്ങിയത്. ഒടുവിൽ ‘ചുവപ്പ്’ തന്നെ അവരുടെ വിധിയെഴുതി.

ഫുട്ബാളിൽ ചില നിമിഷങ്ങൾ വെറും കളിയല്ല. അവ ഒരു ജനതയുടെ ശ്വാസമാണ്. ഒരു ടീമിൻ്റെ വർഷങ്ങളായുള്ള കാത്തിരിപ്പാണ്. ഒരു ആരാധകൻ്റെ ബാല്യത്തിൽ നിന്ന് വാർദ്ധക്യത്തിലേക്കു നീളുന്ന വിശ്വാസമാണ്. അത്തരമൊരു നിമിഷത്തിലാണ് അർജൻ്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ ചുവപ്പിൻ്റെ നിഴലിലേക്ക് വഴുതി വീണത്.

സ്കോർ ബോർഡിൽ അർജൻ്റീന 3–1ന് ജയിച്ചു. ചരിത്രം അത് അങ്ങനെതന്നെ രേഖപ്പെടുത്തും. അർജൻ്റീന സെമിഫൈനലിൽ. സ്വിറ്റ്സർലൻഡ് പുറത്തേക്ക്. പക്ഷേ, ഫുട്ബാളിൻ്റെ ഓർമ്മകൾ എപ്പോഴും സ്കോർ ബോർഡിൻ്റെ കഠിന അക്കങ്ങളിൽ ഒതുങ്ങാറില്ല. അവിടെ ചില മുഖങ്ങൾ ബാക്കിയാകും. ചില കൈകൾ ഉയരാതെ മടങ്ങും. ചില നിലവിളികൾ പാതിവഴിയിൽ തങ്ങി നിൽക്കും. ഈ മത്സരത്തിൻ്റെ ഓർമ്മയിൽ അർജൻ്റീനയുടെ ജയഗോളുകൾക്കൊപ്പം ബ്രീൽ എംബോളോയുടെ തകർന്ന മുഖവും നിലനിൽക്കും.

ആദ്യമിനിറ്റുകളിൽ അർജൻ്റീന കളിയെ സ്വന്തം താളത്തിലേക്ക് വലിച്ചടുപ്പിച്ചു. മെസ്സിയുടെ കോർണർ മാക്ആലിസ്റ്ററിൻ്റെ തലയിൽ കുത്തി വലയിൽ പതിച്ചപ്പോൾ അർജൻ്റീനയ്ക്ക് മുന്നേറ്റം. നീലയും വെള്ളയും നിറഞ്ഞ ആരാധകരുടെ ഇടയിൽ ആ ഗോൾ ഒരു ആശ്വാസശ്വാസം പോലെ ഉയർന്നു. പക്ഷേ, സ്വിറ്റ്സർലൻഡ് പിന്മാറിയില്ല. അവർ ഒരു വലിയ ടീമിനെ നോക്കി ഭയക്കുന്നവരായിരുന്നില്ല. അവർ കളിയെ കാത്തുനിന്നില്ല; അതിൽ കടന്നു ചെന്നു.

67ാം മിനിറ്റിൽ ഡാൻ എൻഡോയെ സമനിലഗോൾ നേടിയപ്പോൾ മത്സരം വീണ്ടും ജനിച്ചു. അപ്പോൾ അത് അർജൻ്റീനയുടെ മത്സരം മാത്രമായിരുന്നില്ല. സ്വിറ്റ്സർലൻഡിൻ്റെ സ്വപ്നത്തിനും അതിൽ പകുതി അവകാശം ലഭിച്ചിരുന്നു. ലോകചാമ്പ്യന്മാർക്കു മുന്നിൽ ഒരു ചെറുരാജ്യം സ്വന്തം വിശ്വാസം നീട്ടി പിടിച്ചു നിൽക്കുന്ന നിമിഷം. ഫുട്ബാളിൻ്റെ സൗന്ദര്യം പലപ്പോഴും അതിലാണ് — അസാധ്യമായത് കുറച്ച് നേരത്തേക്കെങ്കിലും സാധ്യമായി തോന്നുന്നതിൽ.

അപ്പോഴാണ് ആ സംഭവം വന്നത്.

ലിയാന്ദ്രോ പരേദെസും ബ്രീൽ എംബോളോയും തമ്മിലുള്ള ആ നിമിഷം ആദ്യം ഒരു സാധാരണ ഫൗൾ പോലെ തോന്നി. റഫറി ഹാവോ പിൻഹെയ്റോ വിസിൽ മുഴക്കി. പരേദെസിന് മഞ്ഞക്കാർഡ്. മത്സരം ആ വഴിയിൽ മുന്നോട്ടുപോകുമെന്നു തോന്നിയിരുന്നു. പക്ഷേ, ഇന്നത്തെ ഫുട്ബാളിൽ ഒരു തീരുമാനവും പൂർണ്ണമായി അവസാനിക്കുന്നില്ല. എവിടെയോ മറ്റൊരു മുറിയിൽ, മറ്റൊരു കണ്ണ്, മറ്റൊരു സ്ക്രീൻ, മറ്റൊരു സംശയം കളിയെ പിടിച്ചു നിർത്തും.

മഞ്ഞക്കാർഡ് വന്നപ്പോൾ കൂടെ വീഡിയോ അസിസ്റ്റൻ്റ് റഫറി -വാർ വന്നു.

അത് വന്നാൽ മൈതാനത്തെ സമയം മാറുന്നു. പന്തിൻ്റെ വേഗം നിൽക്കും. കളിക്കാരുടെ ശരീരങ്ങളിൽ കാത്തിരിപ്പ് കട്ടപിടിക്കും. ഗാലറികളുടെ ശബ്ദം പതുക്കെ മൗനത്തിലേക്ക് വീഴും. റഫറിയുടെ ചെവിയിലേക്കുള്ള കൈ ഒരു അടയാളമാണ് — ഇനി കളിയുടെ വിധി പന്തിനോ കാലിനോ മാത്രം അല്ല; ക്യാമറകളുടെയും ഫ്രെയിമുകളുടെയും മന്ദഗതിയിലുള്ള ദൃശ്യങ്ങളുടെയും കൈകളിലാണ്.

പരിശോധന കഴിഞ്ഞപ്പോൾ തീരുമാനം മറിഞ്ഞു. പരേദെസിൻ്റെ മഞ്ഞക്കാർഡ് പിൻവലിക്കപ്പെട്ടു. പകരം എംബോളോയ്ക്ക് മഞ്ഞക്കാർഡ്. കാരണം — ഡൈവ്. പരേദെസിനും എംബോളോയ്ക്കുമിടയിലെ പോരാട്ടത്തിനിടെ ഈ മത്സരത്തിൽ കാർഡ് ഉയരുന്നത് ആദ്യമായിരുന്നില്ല. 44ാം മിനിറ്റിൽ പരേദെസിനെതിരായ അപകടകരമായ ഫൗളിൻ്റെ പേരിൽ എംബോളേയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. അതോടെ ‘അഭിനയ’ത്തിന് എംബോളോയ്ക്ക് കിട്ടിയ മഞ്ഞക്കാർഡ് രണ്ടാമത്തേതായി. പിന്നെ ആ നിറം മാറി. മഞ്ഞ ചുവപ്പായി.

ഒരു കാർഡ് മാത്രം അയിരുന്നില്ല അത്. ഒരു വാതിൽ അടഞ്ഞ ശബ്ദമായിരുന്നു.

സ്വിറ്റ്സർലൻഡ് 10 പേരായി ചുരുങ്ങി. എംബോളോ കണ്ണീരണിഞ്ഞ് പുറത്തേക്ക് നടന്നു. അദ്ദേഹത്തിൻ്റെ മുഖത്ത് ഒരു കളിക്കാരൻ്റെ നിരാശ മാത്രമല്ല ഉണ്ടായിരുന്നത്. ഒരു നിമിഷം മുമ്പ് ജീവിച്ചിരുന്ന സ്വപ്നം കൈവിട്ട് പോകുന്നതിൻ്റെ നിസ്സഹായതയും ഉണ്ടായിരുന്നു. സഹതാരങ്ങൾ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. പക്ഷേ..

നിയമത്തിൻ്റെ ഭാഷയിൽ തീരുമാനം വിശദീകരിക്കാനാകും. തെറ്റു ചെയ്ത കളിക്കാരനെ ശിക്ഷിക്കാം. ഒരു താരം ഫൗൾ ലഭിക്കാൻ വീണുവെന്ന് കണ്ടാൽ മഞ്ഞക്കാർഡ് നൽകാം. നിയമപുസ്തകത്തിൽ അതിന് വ്യവസ്ഥ ഉണ്ട്. എന്നാൽ നിയമപുസ്തകത്തിലെ വരികളിൽ മാത്രം ജീവിക്കുന്ന കളിയല്ല ഫുട്ബാൾ. അതിന് ഹൃദയമുണ്ട്. അതിന് സാഹചര്യമുണ്ട്. അതിന് നിമിഷങ്ങളുടെ ഭാരം ഉണ്ട്.

ഇത് ഒരു സാധാരണ ലീഗ് മത്സരം ആയിരുന്നില്ല. ലോകകപ്പ് ക്വാർട്ടർ ഫൈനൽ ആയിരുന്നു. സ്കോർ 1–1. സ്വിറ്റ്സർലൻഡ് ചരിത്രത്തിലെ അപൂർവ സെമി ഫൈനലിൻ്റെ വാതിലിനരികിൽ നിന്നിരുന്നു. അത്തരം ഒരു സമയത്ത്, ഒരു simulation അഥവാ അഭിനയവീഴ്ചയ്ക്ക് രണ്ടാമത്തെ മഞ്ഞക്കാർഡ് നൽകി ഒരു ടീമിനെ 10 പേരാക്കുമ്പോൾ, ചോദ്യം നിയമം മാത്രം അല്ല. ആ ശിക്ഷയുടെ തീവ്രതയാണ് ചോദ്യം. തീരുമാനം ശരിയായിരിക്കാം. പക്ഷേ, അത് കളിയുടെ ആത്മാവിനോട് നീതിയായിരുന്നോ?

ലോകകപ്പിൻ്റെ കഴിഞ്ഞ 60 വർഷത്തെ ചരിത്രത്തിൽ, അഭിനയവീഴ്ചയുടെ പേരിൽ രണ്ടാം മഞ്ഞക്കാർഡ് ഏറ്റുവാങ്ങി പുറത്താകുന്ന നാലാമത്തെ കളിക്കാരനായി എംബോളോയും ചേർന്നു. 2006ൽ പോർച്ചുഗലിനെതിരെ മെക്സിക്കോയുടെ ലൂയി പെരസും, അതേ വർഷം ബ്രസീലിനെതിരെ ഘാനയുടെ അസമോവ ഗ്യാനും, 2002ൽ ദക്ഷിണ കൊറിയക്കെതിരെ ഇറ്റലിയുടെ ഫ്രാൻസെസ്കോ ടോട്ടിയും നടന്നുപോയ അതേ അപൂർവവും വേദനാജനകവുമായ വഴിയിലേക്കാണ് എംബോളോയും എത്തിപ്പെട്ടത്.

ചുവപ്പുകാർഡ് വന്നതോടെ മത്സരം മാറി. സ്വിറ്റ്സർലൻഡ് ഉടനെ തകർന്നില്ല. അവർ പിന്മാറിയില്ല. 10 പേരായിട്ടും അവർ കളം പിടിച്ചു, ഇടങ്ങൾ അടച്ചു, അർജൻ്റീനയുടെ മുന്നേറ്റങ്ങളെ തടഞ്ഞു. എന്നാൽ ഒരാൾ കുറവായ കളിയിൽ സമയം തന്നെ ശത്രുവാകുന്നു. ഓരോ മിനിറ്റും കാലുകളിൽ നിന്ന് ശക്തി ചോർത്തും. ഓരോ ആക്രമണവും ശരീരത്തെ കൂടുതൽ ഭാരമാക്കും. അർജൻ്റീനയുടെ നീലയും വെള്ളയും കലർന്ന തിരമാലകൾ വീണ്ടും വീണ്ടും വരുമ്പോൾ സ്വിസ് പ്രതിരോധം കല്ലായി നിൽക്കാൻ ശ്രമിച്ചു. അങ്ങനെ അവർ കളി അധികസമയത്തേക്കു നീട്ടി.

അധികസമയത്തിൻ്റെ അവസാനം ആ കല്ലിൽ വിള്ളൽ വീണു. യൂലിയൻ അൽവാരസിൻ്റെ ഷോട്ട് വളഞ്ഞു വലയിലേക്കു കയറി. അർജൻ്റീന മുന്നിൽ. പിന്നെ ലൗതാരോ മാർട്ടിനസ് മൂന്നാം ഗോൾ നേടി. സ്കോർ വ്യക്തമായി. മത്സരം അവസാനിച്ചു. അർജൻ്റീനയുടെ ആരാധകർ ആഹ്ളാദിച്ചു. സ്വിറ്റ്സർലൻഡ് നിരയിൽ മൗനം പടർന്നു.

അർജൻ്റീനയുടെ ജയം നിഷേധിക്കാനാവില്ല. വലിയ ടീമുകൾ ചെയ്യേണ്ടത് അവർ ചെയ്തു. സമ്മർദ്ദം സഹിച്ചു. അവസരം കാത്തുനിന്നു. അവസാനം അടിച്ചു. മെസ്സിയുടെ സാന്നിധ്യം വീണ്ടും മത്സരത്തിൻ്റെ ദിശയെ സ്വാധീനിച്ചു. അൽവാരസിൻ്റെ ഗോൾ വലിയ വേദിക്ക് യോജിച്ചൊരു ഗോളായിരുന്നു. ലൗതാരോയുടെ ഫിനിഷ് ഫലത്തെ മുദ്രവെച്ചു.

എന്നാൽ ആ രാത്രിയുടെ യഥാർത്ഥ ചോദ്യം മറ്റൊന്നാണ്. എംബോളോ പുറത്തുപോയില്ലെങ്കിൽ മത്സരം ഇങ്ങനെയായിരുന്നോ? സ്വിറ്റ്സർലൻഡ് 11 പേരോടെ അധികസമയത്തേക്ക് കടന്നിരുന്നെങ്കിൽ അർജൻ്റീനയ്ക്ക് ഇത്രയും ശ്വാസം ലഭിച്ചേനെയോ? ആ ചോദ്യത്തിന് ഫുട്ബാളിൽ ഒരിക്കലും ഉറപ്പുള്ള മറുപടി ഉണ്ടാകില്ല. പക്ഷേ, ആ ചോദ്യം ചോദിക്കപ്പെടുന്നതുതന്നെ ചുവപ്പുകാർഡിൻ്റെ ഭാരം തെളിയിക്കുന്നു.

വാർ ഈ മത്സരത്തിൽ പിഴവ് തിരുത്തിയിട്ടുണ്ടാകാം. പക്ഷേ, പിഴവ് തിരുത്തുന്നതും കളിയുടെ വിധി മാറ്റുന്നതും തമ്മിലുള്ള അതിർത്തി ചിലപ്പോൾ അതീവ നേർത്തതാണ്. പരേദെസിനെ തെറ്റായി ശിക്ഷിക്കുന്നത് ഒഴിവാക്കി. അത് നീതി. എന്നാൽ അതേ നിമിഷം എംബോളോയെ പുറത്താക്കി സ്വിറ്റ്സർലൻഡിൻ്റെ ലോകകപ്പ് സ്വപ്നത്തിൻ്റെ ചിറകിൽ കത്തി വെച്ചു. അതും നീതിയാണോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

ഫുട്ബാളിലെ നീതി വെറും സാങ്കേതിക കൃത്യതയല്ല. അത് അനുഭവിക്കപ്പെടുന്ന ഒന്നാണ്. ഒരു തീരുമാനം നിയമപ്രകാരം ശരിയാകാം. പക്ഷേ, അത് മത്സരത്തിൻ്റെ ഹൃദയത്തിൽ എങ്ങനെ പതിക്കുന്നു എന്നതും പ്രധാനമാണ്. എംബോളോയുടെ ചുവപ്പുകാർഡ് അത്തരം ഒരിടത്താണ് നിൽക്കുന്നത് — തെറ്റാണെന്ന് ലളിതമായി പറയാനാവാത്തതും, പൂർണ്ണമായി നീതിയാണെന്ന് ആശ്വസിക്കാനാവാത്തതുമായ ഇടത്ത്.

ഈ ക്വാർട്ടർ ഫൈനലിൻ്റെ അവസാനം അർജൻ്റീനയുടെ കളിക്കാർ വിജയത്തിൻ്റെ വഴിയിലൂടെ സെമിയിലേക്കു നടന്നു. സ്വിസ് താരങ്ങൾ തലകുനിച്ച് മടങ്ങി. സ്റ്റേഡിയം പതുക്കെ ശൂന്യമായി. പക്ഷേ, ആ രാത്രിയുടെ മദ്ധ്യത്തിൽ ഒരു ദൃശ്യം തുടരുന്നു: റഫറി ചെവിയിലേക്ക് കൈ കൊണ്ടുപോകുന്നു, കാർഡിൻ്റെ നിറം മാറുന്നു, എംബോളോയുടെ മുഖം മങ്ങുന്നു.

ഫുട്ബാളിൽ ചിലപ്പോൾ ചുവപ്പ് വെറും പുറത്താക്കലിൻ്റെ നിറമല്ല. അത് തകർന്ന സ്വപ്നത്തിൻ്റെ നിറമാണ്.

 

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS