HomeFRIENDSHIPഅകലം തോറ്റു, ...

അകലം തോറ്റു, സൗഹൃദം ജയിച്ചു

-

Reading Time: 4 minutes

ചില കണ്ടുമുട്ടലുകൾ ജീവിതത്തിൽ സാധാരണ സംഭവങ്ങളല്ല. അവ നമ്മെ പെട്ടെന്ന് വർഷങ്ങൾ പിന്നോട്ടു കൊണ്ടുപോകും. മുടിയിൽ നര കയറിയിട്ടും, ജീവിതം പല രാജ്യങ്ങളിലേക്കും ഉത്തരവാദിത്വങ്ങളിലേക്കും നീങ്ങിയിട്ടും, ഉള്ളിലെ പഴയ ചെറുപ്പക്കാരനെ വീണ്ടും ഉണർത്തുന്ന കണ്ടുമുട്ടലുകൾ. ചില സൗഹൃദങ്ങൾ അങ്ങനെയാണ്. കാണാതെ വർഷങ്ങൾ കടന്നുപോകും. സംസാരം വിരളമാകും. പക്ഷേ ഒരിക്കൽ വീണ്ടും മുന്നിൽവന്ന് നിൽക്കുമ്പോൾ, അകലം മുഴുവൻ ഒറ്റ നിമിഷംകൊണ്ട് ഇല്ലാതാകും. വർഷങ്ങൾക്കുമുമ്പ് നിർത്തിയ സംഭാഷണം അവിടെനിന്നുതന്നെ വീണ്ടും തുടങ്ങും.

റീജു എന്നെ കാണാൻ വന്നു, അങ്ങ് ദൂരെ ലണ്ടനിൽ നിന്ന്. എന്നെ കാണാൻ വേണ്ടി മാത്രം അവൻ തിരുവനന്തപുരത്തിറങ്ങി. ഞങ്ങൾ കണ്ടു, നീണ്ട 3 പതിറ്റാണ്ടുകൾക്കു ശേഷം. റീജുവിനെ ഞാൻ ആദ്യമായി കാണുന്നത് 36 വർഷം മുമ്പാണ്. 1990ൽ തിരുവനന്തപുരം ഗവ. ആർട്സ് കോളേജിൽ പ്രീഡിഗ്രി പഠിക്കാൻ ചെന്നപ്പോൾ. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ഐച്ഛികമായ ഒന്നാം ഗ്രൂപ്പിലെ എ ബാച്ചിൽ ഞങ്ങൾ സഹപാഠികളായി. ആദ്യം ഒരു ക്ലാസ് ബന്ധം. പിന്നെ അതു സൗഹൃദമായി. കോളേജിലെ ബെഞ്ചുകളും ഇടനാഴികളും ക്ലാസ് മുറികളും മാത്രമല്ല ഞങ്ങളെ ചേർത്തുനിർത്തിയത്. ആ ബന്ധത്തെ ഊട്ടിയുറപ്പിച്ചത് എസ്.എഫ്.ഐ. എന്ന വിദ്യാർത്ഥി സംഘടനയായിരുന്നു. പഠനത്തിനപ്പുറം ലോകത്തെ കാണാനും മനുഷ്യരെ മനസ്സിലാക്കാനും സൗഹൃദത്തിന് രാഷ്ട്രീയവും കരുതലും ഉണ്ടെന്ന് തിരിച്ചറിയാനും ആ കാലം ഞങ്ങളെ പഠിപ്പിച്ചു. അവിടെ ഞാൻ കോളേജ് യൂണിയൻ ഭാരവാഹിയായി. യൂണിയൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമ്പോൾ റീജുവും കൂട്ടുകാരും പാറപോലെ എനിക്കൊപ്പം ഉറച്ചുനിന്നു. പഠനത്തിൽ മാത്രമല്ല സമരപോരാട്ടങ്ങളിലും ഞങ്ങൾ തോളോടുതോൾ ചേർന്നു.

രണ്ടുവർഷത്തെ പ്രീഡിഗ്രിക്കു ശേഷം ഞങ്ങൾ യൂണിവേഴ്സിറ്റി കോളേജിലെത്തിയതും ഒരുമിച്ച്. പക്ഷേ, അപ്പോഴേക്കും ക്ലാസുകൾ വേർപെട്ടിരുന്നു. ഞാൻ ബി.എ. ഇംഗ്ലീഷിൽ. റീജു ബി.എസ്.സി. മാത്തമാറ്റിക്സിൽ. ക്ലാസിനപ്പുറം കോളേജിലെ മരച്ചുവട്ടിൽ ഞങ്ങളുടെ സൗഹൃദം പൂത്തുലഞ്ഞു. ക്ലാസിൽ കയറിയിട്ടേയില്ല എന്നു പറയുന്നതാവും ശരി. ഞങ്ങൾക്ക് പുതിയ കൂട്ടുകാര്‍ വന്നു. ചെന്നിലോട് പ്രദീപ് എന്ന് ഞങ്ങളൊക്കെ സ്നേഹപൂർവം വിളിക്കുന്ന ഷിബുവായിരുന്നു ഒരു പ്രമുഖൻ. സുജിത്, ബ്രിജേഷ്, നാസ‍ർ, ഗോഡ്സൺ, അഫ്സൽ, ഫൈസൽ, ശക്തിപ്രസാദ്, അമാനുള്ള, ബിജു സാലി… അങ്ങനെ എന്തിനുമേതിനും ഒരുമിച്ചുണ്ടായിരുന്ന കൂട്ടുകാർ. ഇപ്പോഴത്തെ പ്രശസ്ത സംഗീതസംവിധായകൻ ജാസി ഗിഫ്റ്റും അന്നു ഞങ്ങളുടെ സംഘത്തിലെ പ്രധാനിയാണ്. അന്ന് മരച്ചുവട്ടിലെ സൗഹൃദസദസ്സുകളെ ജാസിയുടെ പാട്ടുകൾ സംഗീതസാന്ദ്രമാക്കി. ഈ കൂട്ടിൽ സുജിത്തും ബ്രിജേഷും ഇന്ന് ഞങ്ങൾക്കൊപ്പമില്ല.

ഞാൻ, പ്രദീപ്, റീജു, ഹരി

യൂണിവേഴ്സിറ്റി കോളേജിൽ റീജു ഒരു വർഷമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാം വർഷമായപ്പോഴേക്കും അവൻ ഞങ്ങളെ ഉപേക്ഷിച്ച് ബംഗളൂരുവിലേക്ക് എഞ്ചിനീയറിങ് പഠിക്കാൻ പോയി. 1994ൽ, ബംഗളൂരുവിൽ ഒന്നാം വർഷം പൂർത്തിയാക്കിയ സമയത്ത്, ഒരിക്കൽ കൂടി അവൻ ഞങ്ങളെ കാണാൻ വന്നു. അതൊരു യുവജനോത്സവ കാലമായിരുന്നു. ഗവ. വിമൻസ് കോളേജടക്കമുള്ള യുവജനോത്സവ വേദികളിൽ ഞങ്ങളൊരുമിച്ച് കയറിയിറങ്ങി നടന്നു. അന്ന് പിരിഞ്ഞതാണ്. പിന്നെ കണ്ടില്ല. കാണാതെയായി. ജീവിതം ഓരോരുത്തരെയും ഓരോ ദിക്കുകളിലേക്ക് കൊണ്ടുപോയി.

തിരുവനന്തപുരം ആയുർവേദ കോളേജിനു സമീപത്തായിരുന്നു അവൻ്റെ വീട്. എന്നാൽ എഞ്ചിനീയറിങ് പഠനത്തിനുശേഷം അവൻ ഇവിടേക്കു തിരികെ വന്നില്ല. ജോലി കിട്ടിയത് ഗുജറാത്തിലെ വഡോദരയിൽ, ജി.ഇ. ഇലക്ട്രോണിക്സിൽ എഞ്ചിനീയറായി. 3 വര്‍ഷം മുമ്പ് അവൻ്റെ ജീവിതം ലണ്ടനിലേക്കും നീങ്ങി. ഇപ്പോൾ റീജു ലണ്ടനിൽ ഷ്നൈഡർ ഇലക്ട്രിക്കൽസിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു.
വർഷങ്ങൾക്കു ശേഷം, റീജു ഗുജറാത്തിലുള്ള സമയത്ത് സമൂഹമാധ്യമങ്ങളിലൂടെ ഞങ്ങൾ വീണ്ടും തമ്മിൽ കണ്ടെത്തി. ഇടയ്ക്കിടെ വിവരങ്ങൾ കൈമാറി. ജീവിതത്തിലെ മാറ്റങ്ങൾ അറിഞ്ഞു. വിവാഹം, മക്കൾ, ജോലി, താമസം — എല്ലാം ഓൺലൈനിലൂടെ അറിഞ്ഞു. പക്ഷേ, കാണൽ മാത്രം നീണ്ടുപോയി. ശബ്ദങ്ങളും സന്ദേശങ്ങളും ഉണ്ടായിരുന്നു; പക്ഷേ കൈപിടിച്ച്, നേരിലുള്ള കണ്ടുമുട്ടൽ ഇല്ലായിരുന്നു. ഒരു സന്ദേശത്തിനും ഒരു ഫോൺവിളിക്കും നൽകാൻ കഴിയാത്തൊരു ചൂടുണ്ട് നേരിലുള്ള കണ്ടുമുട്ടലിന്. ആ ചൂട് ഞങ്ങൾ നഷ്ടപ്പെടുത്തി വർഷങ്ങൾ നീണ്ടു.

പക്ഷേ, ഒടുവിൽ റീജു വന്നു. 1994 കഴിഞ്ഞ് നീണ്ട 32 വർഷങ്ങൾക്കു ശേഷം 2026ൽ. കാലം അവൻ്റെ ജീവിതത്തിൽ പല പുതിയ അധ്യായങ്ങൾ എഴുതിയിട്ടുണ്ട്. പക്ഷേ മുന്നിൽ വന്നു നിന്നപ്പോൾ ഞാൻ കണ്ടത് അതേ പഴയ റീജുവിനെയായിരുന്നു. ചിരിയിൽ പഴയ വെളിച്ചം. സംസാരത്തിൽ പഴയ അടുപ്പം. മനസ്സിൽ പഴയ സൗഹൃദം.

റീജു, ലക്ഷ്മി, ഞാൻ

ഞങ്ങൾ കൂട്ടുകാർ ഒത്തുകൂടി. ഞാനും റീജുവും ചെന്നിലോടും. പ്രിഡിഗ്രിക്ക് ക്ലാസിലുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് ഹരികൃഷ്ണൻ സ്ഥലത്തുണ്ടോ എന്നു നോക്കി. അവൻ നാട്ടിലുണ്ടായിരുന്നു, വന്നു. ജീവിതം ഞങ്ങളെയെല്ലാം വ്യത്യസ്ത വഴികളിലൂടെ കൊണ്ടുപോയിരുന്നു. ഞാൻ പത്രപ്രവർത്തകനായി. പ്രദീപ് കേരള സർക്കാരിൻ്റെ സാമൂഹികനീതി വകുപ്പിൽ ഉദ്യോഗസ്ഥനായി. ഹരി ഫെഡറൽ ബാങ്കിൻ്റെ സീനിയർ വൈസ് പ്രസിഡൻ്റായി. റീജു ലണ്ടനിൽ എഞ്ചിനീയറായി. പക്ഷേ ഈ സ്ഥാനങ്ങളേക്കാൾ വലുതായി ഞങ്ങളെ ഒരുമിപ്പിച്ചത് ഒരു കാര്യം മാത്രമായിരുന്നു — സൗഹൃദം.

ആ കൂടിക്കാഴ്ചയിൽ പലതും പറഞ്ഞു. പറയാതെതന്നെ മനസ്സിലായതും ധാരാളം. 1990ലെ ആർട്സ് കോളേജ് വരാന്തകൾ വീണ്ടും തുറന്നുവന്നതുപോലെ. യൂണിവേഴ്സിറ്റി കോളേജിൻ്റെ മുറ്റം വീണ്ടും ഓർമ്മയിൽ നിറഞ്ഞതുപോലെ. അന്നത്തെ ചെറുപ്പം, അന്നത്തെ രാഷ്ട്രീയം, അന്നത്തെ ആവേശം, അന്നത്തെ ചിരികൾ — എല്ലാം ഒരു നിമിഷംകൊണ്ട് തിരികെ വന്നുവെന്നു തോന്നി.

കണ്ണൻ, നന്ദു, വിഹാൻ, കരൺ, ഭാഗ്യ

ഒത്തുചേരലിൻ്റെ അടുത്ത ഘട്ടം കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു. റീജുവിൻ്റെ ഭാര്യ ഡോ.ലക്ഷ്മി ബ്രിട്ടീഷ് സർക്കാർ സർവീസിൽ പീഡിയാട്രീഷ്യൻ. മൂത്ത മകൻ കരൺ പത്താം ക്ലാസിൽ. ഇളയ മകൻ വിഹാൻ ഏഴാം ക്ലാസിൽ. ഞാനും ഭാര്യ ദേവികയും മകൻ കണ്ണനും. പ്രദീപും ഭാര്യ നിഷയും മക്കൾ നന്ദുവും ഭാഗ്യയും. ലക്ഷ്മിക്കും മക്കൾക്കും ഒട്ടും അപരിചിതത്വമില്ല. വർഷങ്ങളായുള്ള കൂട്ടുകാർ പോലെ. കുടുംബങ്ങൾ കൂടി ചേർന്നപ്പോൾ സൗഹൃദത്തിന് മറ്റൊരു നിറം കിട്ടി. പഴയ കൂട്ടുകാരുടെ ബന്ധം അടുത്ത തലമുറകളിലേക്കും പതുക്കെ പടരുന്നതുപോലെ തോന്നി. എല്ലാവരും കൂടിയപ്പോൾ അത് വെറും പഴയ കൂട്ടുകാരുടെ സംഗമമായി മാത്രം നിന്നില്ല. ജീവിതത്തിൻ്റെ പല കാലഘട്ടങ്ങൾ ഒരേ മുറിയിൽ ഒന്നിച്ചുനിന്ന പോലെ.

പറയാൻ എത്രയോ കാര്യങ്ങളുണ്ടായിരുന്നു. പറയാതെ തന്നെ മനസ്സിലാകുന്ന കാര്യങ്ങൾ അതിലും കൂടുതലായിരുന്നു. സംസാരിച്ചത് ഇന്നത്തെ കാര്യങ്ങളായിരുന്നു. പക്ഷേ മനസ്സ് പലപ്പോഴും പഴയ ഇടനാഴികളിലായിരുന്നു. ഒരുമിച്ച് നടന്ന വഴികൾ. പെട്ടെന്ന് പിരിഞ്ഞുപോയ കാലം. കാണാതിരുന്ന വർഷങ്ങൾ. പിന്നെ വീണ്ടും തിരിച്ചുവന്ന സൗഹൃദം. ചില ഓർമ്മകൾ പറയുമ്പോൾ ചിരി വന്നു. ചിലത് പറഞ്ഞില്ലെങ്കിലും ഉള്ളിൽ നിറഞ്ഞു. എല്ലാം ആ സായാഹ്നത്തിൽ ഒന്നായി ചേർന്നു.

നിഷ, കണ്ണൻ, ദേവിക, ഭാഗ്യ, പ്രദീപ്

ആ സായാഹ്നം പഠിപ്പിച്ചത് വലിയൊരു സത്യമാണ്. യഥാർത്ഥ സൗഹൃദത്തിന് ദിവസവും കാണേണ്ടതില്ല. ഇടയ്ക്കിടെ സംസാരിക്കേണ്ടതില്ല. കാലത്തിൻ്റെ പൊടിപിടിച്ച അലമാരയിൽ അത് മറഞ്ഞുകിടക്കാം. പക്ഷേ ഒരിക്കൽ തുറന്നാൽ അതേ സുഗന്ധത്തോടെ പുറത്തുവരും. 32 വർഷത്തെ അകലം ഉണ്ടായിട്ടും ഞങ്ങൾക്കിടയിൽ അപരിചിതത്വമില്ലായിരുന്നു. വാക്കുകൾ തുടങ്ങാൻ പ്രയാസമുണ്ടായില്ല. മൗനത്തിനുപോലും അർത്ഥമുണ്ടായിരുന്നു.

റീജുവിനെ വീണ്ടും കണ്ടപ്പോൾ തോന്നിയത്, ചില മനുഷ്യർ ജീവിതത്തിൽ നിന്ന് ഒരിക്കലും പോകുന്നില്ല എന്നതാണ്. അവർ നില്ക്കുന്നത് കുറച്ച് ദൂരെയാകാം. ഒരു ദിവസം വീണ്ടും വന്ന് കൈപിടിക്കും. അപ്പോൾ വർഷങ്ങൾക്കുമുമ്പ് അവസാനിച്ച സംഭാഷണം അവിടെനിന്നുതന്നെ വീണ്ടും തുടങ്ങും.

ഒരു കുടുംബ ചിത്രം

ആ വൈകുന്നേരം സന്തോഷം അലതല്ലിയിരുന്നു. ഓർമ്മകളുടെ നനവ് ഉണ്ടായിരുന്നു. വീണ്ടും കണ്ടതിൻ്റെ നിറവ് ഉണ്ടായിരുന്നു. വർഷങ്ങളുടെ അകലം സ്നേഹത്തെ അശേഷം ബാധിച്ചില്ലെന്ന മനോഹരമായ തിരിച്ചറിവ് ഉണ്ടായിരുന്നു. 32 വർഷം കലണ്ടറിൻ്റെ കണക്ക് മാത്രമായിരുന്നു. ഞങ്ങൾക്കിടയിലെ സൗഹൃദത്തിന് അത്രയും ദൂരം ഉണ്ടായിരുന്നില്ല.

ആ സൗഹൃദം ഇന്നും അവിടെ തന്നെയുണ്ട് —
1990ലെ ഒരു ക്ലാസ് മുറിയിൽ,
ഗവ. ആർട്സ് കോളേജിൻ്റെ വരാന്തയിൽ,
യൂണിവേഴ്സിറ്റി കോളേജിൻ്റെ മുറ്റത്ത്,
ആ തുവെള്ള പതാകയുടെ തണലിൽ,
ഒരുമിച്ച് സ്വപ്നം കണ്ട കുറെ ചെറുപ്പക്കാരുടെ ഇടയിൽ.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS