HomeFRIENDSHIPപാട്ടിലെ കൂട്...

പാട്ടിലെ കൂട്ട്…

-

Reading Time: 2 minutes

തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തിലെ 1997 ബാച്ച് ഒരുപാട് ജേര്‍ണലിസ്റ്റുകളെ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്.
മാധ്യമസ്ഥാപന മേധാവികളായി വിജയിച്ചവരും എങ്ങുമെത്താതെ പരാജിതരായി പോയവരുമുണ്ട്, സ്വാഭാവികം.
എന്നാല്‍ 1997 ബാച്ച് ജേര്‍ണലിസം വിദ്യാര്‍ത്ഥികളില്‍ രണ്ടു പേര്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്നത് പാട്ടിന്റെ വഴിയിലാണ്.
നിഷി രാജാസാഹിബും ജോസ് മോത്തയുമാണ് ആ പാട്ടുകാര്‍.

നിഷിയും ജോസും എന്റെ സഹപാഠികളാണ്.
സഹപാഠികള്‍ എന്നു മാത്രമല്ല, ഉറ്റ കൂട്ടുകാര്‍.
ജേര്‍ണലിസം പഠിച്ചുവെങ്കിലും ആ വഴി തിരഞ്ഞെടുക്കാതെ വഴിമാറി നടന്നവരാണ് ഇരുവരും.
പക്ഷേ, തങ്ങളുടേതായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍.

നിഷിയെക്കുറിച്ച് ആദ്യം പറയാം.
ഏതു വിഷയം കൈകാര്യം ചെയ്താലും അങ്ങേയറ്റം ഗൗരവത്തോടെ അതില്‍ മുഴുകുക എന്നതാണ് അവരുടെ രീതി.
പരന്ന വായന, യാത്രയോടും സിനിമയോടുമുള്ള അഭിനിവേശം, എപ്പോഴും എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കാനുള്ള ആഗ്രഹം -ഇതെല്ലാം നിഷിയെ വ്യത്യസ്തയാക്കുന്നു.
പാട്ടിന്റെ കാര്യത്തിലും ആ ഗൗരവം കാത്തുസൂക്ഷിക്കുന്നു എന്നു ഞാനറിഞ്ഞത് ഇപ്പോള്‍ മാത്രം.

നിഷി രാജാസാഹിബ്

ഞങ്ങളുടെ ഒത്തുചേരലുകളില്‍ നിഷി ഇടയ്ക്കൊക്കെ പാടാറുണ്ടായിരുന്നു.
പക്ഷേ, പാട്ടിനെ നിഷി ഗൗരവത്തോടെ എടുത്തിരുന്ന കാര്യം മനസ്സിലാക്കിയിരുന്നില്ല.
അതിന് നിഷി സമ്മാനിച്ച കവര്‍ സോങ് വേണ്ടി വന്നു.
20 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ മേഘമല്‍ഹാര്‍ എന്ന സിനിമയിലെ ‘പൊന്നുഷസ്സെന്നും’ എന്നു തുടങ്ങുന്ന ഗാനം..
ഒ.എന്‍.വിയുടെ വരികള്‍ക്ക് പണ്ഡിറ്റ് രമേഷ് നാരായണന്റെ ഈണം.
പി.ജയചന്ദ്രനും കെ.എസ്.ചിത്രയും അനശ്വരമാക്കിയ പാട്ട്.

പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ
സൗന്ദര്യ തീർത്ഥക്കടവിൽ
നഷ്ടസ്മൃതികളാം മാരിവില്ലിൻ
വർണ്ണപ്പൊട്ടുകൾ തേടി നാം വന്നു..

ഇപ്പോള്‍ ആ പാട്ട് നിഷി പുനരവതരിപ്പിക്കുകയാണ്.
രാഹുല്‍ ലക്ഷ്മണാണ് നിഷിക്കൊപ്പം.
സമൂഹമാധ്യമമായ ക്ലബ് ഹൗസിലെ പാട്ടുകൂട്ടമാണ് ഈ കവര്‍ സോങ്ങായി അവതരിച്ചത് എന്നതാണ് രസം.
ആലാപനത്തിലെ മികവ് ശരിക്കും അത്ഭുതപ്പെടുത്തി.
നിഷിയുടെ ഈ അവതാരം എന്നെ ഞെട്ടിച്ചു.
കഴിവുകള്‍ എത്ര ഒളിപ്പിച്ചാലും അതു പുറത്തുവരിക തന്നെ ചെയ്യും.
Better late than never എന്നാണല്ലോ പ്രമാണം..

എഴുതുന്ന കവിതകള്‍ എനിക്ക് അയച്ചു തരിക ജോസിന്റെ ശീലമാണ്.
ചിലപ്പോഴൊക്കെ കവിത ഈണമിട്ട് ആലപിച്ച് പാട്ടായാണ് എത്തുക.
ഏതു വിശേഷ അവസരങ്ങളിലും ജോസും കൂട്ടുകാരും ചേര്‍ന്ന് ഒരു പാട്ടിറക്കും.
കുറച്ചുകാലമായി അതൊരു പതിവാണ്, ശീലമാണ്.
ജോസിന്‍റെ പാട്ടില്ലാതെ ഒരു വിശേഷവും വരില്ല എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.

വീണ്ടുമൊരു ക്രിസ്മസ് വരവായി.
പതിവുപോലെ വാട്ട്സാപ്പില്‍ ജോസിന്റെ പാട്ടും എത്തി.
ലാപ്ടോപ്പില്‍ അതു തുറന്ന് ലിങ്ക് ക്ലിക്ക് ചെയ്തതോടെ പാട്ട് ഒഴുകിയെത്തി.
ഞാന്‍ ശരിക്കും അന്തംവിട്ടിരുന്നു.
അതിനു വ്യക്തമായൊരു കാരണമുണ്ട്.

ജോസിന്റെ പാട്ടുകള്‍ ഭേദപ്പെട്ട നിലവാരമുള്ളവയാണ്.
നല്ല ഈണവുമായി കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ടുകള്‍ തന്നെയാണ് അവന്റേത്.
എങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്നു കളിക്കുന്നതിന്റെ അമച്വറിസം അവയ്ക്കുണ്ടായിരുന്നു.
ഈ പാട്ടു കേട്ട് ശരിക്കും കോരിത്തരിച്ചുപോയി.
അമച്വര്‍ തലത്തില്‍ നിന്ന് പ്രൊഫഷണല്‍ തട്ടിലേക്ക് ചാടിക്കയറിയ ജോസും കൂട്ടുകാരും അവിടെ കസേര വലിച്ചിട്ടിരുന്നു കഴിഞ്ഞു.
വല്ലാത്തൊരു ഫീലുണ്ടിതിന്.

ദൂരെ ദൂരെ വിണ്ണിൽ
ഒരു വാൽനക്ഷത്രം
വാന ദൂതർക്കൊപ്പം മിന്നി
മെല്ലെ മെല്ലെ മണ്ണിൽ
ഒരു പൊന്നുണ്ണി ചിരിമുത്തായ്
പാൽ നിലാവിൻവെൺമ തൂകി…

അര്‍ത്ഥസമ്പുഷ്ടമായ വരികള്‍.
കാതിനു കുളിരേകുന്ന ഈണം.
ഇമ്പമാര്‍ന്ന സ്വരമാധുരി.
എല്ലാം കൊണ്ടും ഒരു പ്രൊഫണല്‍ ടച്ച്.
എവിടെയോ കേട്ടു മറന്ന ഈണം തിരിച്ചുപിടിച്ചപോലെ..

ഒരു ജെറി അമല്‍ദേവ് ടച്ചുള്ള സംഗീതം.
അനുകരണമല്ല, പുതിയൊരു ശൈലി.
അതു തന്നെയാണ് ഈ പാട്ടിന്റെ സവിശേഷത.

പകലിരവുകളെല്ലാം
പല വഴികളലഞ്ഞും
പൊന്നും മീറ ചെപ്പും കൊണ്ടുവന്നു
നൃപരതിശയമോടന്നാ
കൃപയുടെ കൊടുമുടിയെ
വന്ദിച്ചൊന്നിച്ചേറ്റം ഭക്തിയോടെ..

ജോസ് മോത്തയുടെ വരികള്‍ക്ക് കെ.എസ്.മധുകുമാറിന്റേതാണ് ഈണം.
ജോസ് സാഗറും ഭദ്ര ബിജുവും ശബ്ദമേകി.
ഇവരുടെ പാട്ട് നേരെ ചെന്നു കയറുന്നത് ഹൃദയത്തിലേക്കാണ്.
ക്രിസ്മസ് സാര്‍ത്ഥകമാക്കും ഈ പാട്ട്..

ജോസ് മാനുവല്‍ മോത്ത

ഗ്ലോറിയ ഇൻ എക്സൽസിസ് ഡിയോ…
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം…
ജോസിന്റെ വിശ്വാസം ജോസിനെ രക്ഷിക്കട്ടെ!

ജോസിന്റെ വരികള്‍ നിഷി ആലപിക്കുന്ന ദിവസത്തിനായി കാത്തിരിക്കുന്നു..

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks