പുളിക്കല്‍ തോമസ് ബേബി എന്ന പി.ടി.ബേബി അന്തരിച്ചു. മാതൃഭൂമി പത്രത്തിൻ്റെ സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍. എൻ്റെ മാതൃഭൂമിക്കാലത്തെ അടുത്ത സൗഹൃദങ്ങളില്‍ ഒരാള്‍.
പേരിൽ ബേബി ആയിരുന്നുവെങ്കിലും അവൻ ശരിക്കും ‘ബേബി’ ആയിരുന്നില്ല. ഒരു ബഹുമുഖ പ്രതിഭയായിരുന്നു. ഒരു സംഭവമായിരുന്നു.
സ്‌പോര്‍ട്‌സാണ് ഞങ്ങളെ ഒരുമിപ്പിച്ചത്. എഴുത്തിലും പേജ് ഡിസൈനിലും ഒരു പോലെ മികവു തെളിയിച്ച അസാമാന്യപ്രതിഭ.

2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പ്, 2004ലെ ആതന്‍സ് ഒളിമ്പിക്‌സ്, 2006ല്‍ ജര്‍മ്മനിയില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് എന്നിവയെല്ലാം മാതൃഭൂമിക്കു വേണ്ടി ഞങ്ങളൊരുമിച്ച് കോഴിക്കോട്ടിരുന്നു കൈകാര്യം ചെയ്തു. പില്‍ക്കാലത്ത് ഇതെല്ലാം ബേബി നേരിട്ടു പോയി റിപ്പോര്‍ട്ട് ചെയ്തത് ചരിത്രം.
2006ല്‍ ബേബി കൊച്ചിയിലേക്കും ഞാന്‍ തിരുവനന്തപുരത്തേക്കും സ്ഥലംമാറി യാത്രയായി. പിന്നീട് മാതൃഭൂമിയോടു തന്നെ ഞാന്‍ വിടപറഞ്ഞു. എങ്കിലും ഇടയ്‌ക്കൊക്കെ ബേബിയെ വിളിച്ചിരുന്നു, സ്‌പോര്‍ട്‌സ് കാര്യങ്ങള്‍ സംസാരിക്കാന്‍ തന്നെ. വിളിക്കുമ്പോഴെല്ലാം ഒരുമിച്ചു ജോലി ചെയ്തിരുന്നപ്പോഴുള്ള അതേ ഊഷ്മളത.
ഭാര്യയുടെ മരണം ഉള്‍പ്പെടെ വ്യക്തിപരമായ ദുരന്തങ്ങള്‍ വേട്ടയാടുമ്പോഴും ജോലിയില്‍ ബേബി പ്രകടിപ്പിച്ച മികവ് അസൂയാവഹമാണ്. ആ പോരാട്ടം ബേബി അവസാനിപ്പിച്ചിരിക്കുന്നു.
വിട.. പ്രിയ സുഹൃത്തേ.. നീയെന്നും ഓര്‍മ്മയിലുണ്ടാവും..
പി.ടി.ബേബി എന്ന ബൈലൈൻ എന്നും നിലനില്ക്കും.
ഓര്‍മ്മച്ചിത്രം










