HomeACADEMICSപെണ്‍തെറി

പെണ്‍തെറി

-

Reading Time: 5 minutes

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായതായി ‘പറയപ്പെടുന്ന’ സദാചാര ഗുണ്ടായിസം പുതിയൊരു ചര്‍ച്ചയ്ക്ക് വഴിതുറന്നിട്ടുണ്ട് ആണ്‍കുട്ടികള്‍ക്ക് തെറി വിളിക്കാമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് എന്തുകൊണ്ട് തെറി വിളിച്ചുകൂടാ? രണ്ടു പെണ്‍കുട്ടികള്‍ നടത്തിയ സമാനതകളില്ലാത്ത തെറിവിളിയാണ് കൂടെയുണ്ടായിരുന്ന പുരുഷ കേസരിയെ തല്ലുകൊള്ളിച്ചതെന്നു ഞാനെഴുതിയതാണ് ഈ ചര്‍ച്ചയ്ക്ക് ആധാരം. ചില പെണ്‍സുഹൃത്തുക്കള്‍ ഇതിന്റെ പേരില്‍ എന്നെ ‘പുരുഷാധിപത്യ പന്നി’ അഥവാ male chauvinist pig എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. MCP എന്നു ചുരുക്കിപ്പറയും. എല്ലാവരും ഇങ്ങനെ പറയുമ്പോള്‍ പിന്നെ ഞാനത് ആവാതിരിക്കുന്നതെങ്ങനെ എന്നാണ് എന്റെ ചോദ്യം.

malebuse.jpg

ചില താരതമ്യങ്ങളൊക്കെ വിമര്‍ശകര്‍ കൊണ്ടുവന്നിട്ടുണ്ട്. അത് എനിക്കും സ്വീകാര്യം തന്നെയാണ്. ‘നിര്‍ഭയ എതിര്‍ക്കുകയും പ്രതിരോധിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതാണ് തങ്ങളെ പ്രകോപിപ്പിച്ചത്’ -ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍. ‘ആ പെണ്‍കുട്ടിക്ക് കൈകൂപ്പി ദയ അഭ്യര്‍ത്ഥിക്കാമായിരുന്നില്ലേ’ -ആസാറാം ബാപ്പു. ‘ആ പെമ്പിള്ളേര് ചീത്ത വിളിച്ചിട്ടല്ലേ ആ പയ്യന് അടി കിട്ടിയത്’ -ലെ ഞാന്‍. സ്വതന്ത്രമായി ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുന്ന, പ്രതികരിക്കുന്ന സ്ത്രീകള്‍ ശിക്ഷ അര്‍ഹിക്കുന്നു എന്ന് അന്നും ഇന്നും ഒരുപോലെ പുരുഷന്മാര്‍ പറയുന്നു എന്ന് വ്യാഖ്യാനം.

wswear.jpg

പ്രിയപ്പെട്ട നാരീമാര്‍മണിമാരെ, തികഞ്ഞ ബഹുമാനത്തോടെ പറയട്ടെ. ഇതാണ് നിങ്ങളുടെ പ്രധാന പ്രശ്‌നം -ആണിനെപ്പോലെ ആവണമെന്ന അടങ്ങാത്ത ആഗ്രഹം. ആണത്വത്തിന്റെ ഫോട്ടോകോപ്പിയാണോ പെണ്ണത്വം? ആണിനും പെണ്ണിനും സ്വതന്ത്രമായ നിലനില്‍പ്പുണ്ട്. ആണിന് പെണ്ണാവാനാവില്ല. പെണ്ണിന് ആണാവാനുമാവില്ല. ആണിനെക്കാള്‍ പെണ്ണിന് പൂര്‍ണ്ണതയുണ്ടെന്നാണ് എന്റെ വിശ്വാസം. കാരണം ഒരു ആണിന് ഒരിക്കലും അമ്മയാകാനാവില്ല. എന്റെ അമ്മയെക്കാൾ എനിക്കു വലുത് ലോകത്ത് മറ്റൊന്നുമില്ല. എന്റെ മകനും അവന്റെ അച്ഛനെക്കാൾ വലുത് അമ്മ തന്നെ. ആണ് ചെയ്യുന്നതെല്ലാം പെണ്ണ് ചെയ്യുക എന്നതല്ല സമത്വം. ഇത്തരം സമത്വത്തിനു വേണ്ടി വാദിക്കുന്നവരുടെ കാപട്യം പ്രകടമാക്കാന്‍ എത്ര ഉദാഹരണം വേണമെങ്കിലും നല്‍കാം. ആ കാപട്യത്തോട് എനിക്ക് പുച്ഛമാണ്.

എന്റെ ഒരു പരിചയക്കാരിയുടെ കാര്യം പറയാം -പേരു ചോദിക്കരുത്, പറയില്ല. ശരിക്കും പേടിച്ചിട്ടാണ്. സമൂഹമാധ്യമങ്ങളിലെ പെണ്‍പുലി. എന്നെപ്പോലുള്ള MCPകളെ വലിച്ചു കീറി ഒട്ടിക്കുന്ന ഈറ്റപ്പുലി. സ്ത്രീയാണെന്ന പേരില്‍ ഒരു പ്രത്യേക പരിഗണനയും തനിക്ക് ആവശ്യമില്ല എന്നാണ് അവരുടെ പ്രഖ്യാപനം. പ്രവര്‍ത്തനരീതികളും അങ്ങനെ തന്നെ. അതിനാല്‍ അവരോടെനിക്ക് ഒരു പ്രത്യേക ബഹുമാനവും ഉണ്ടായിരുന്നു. എന്നു പറഞ്ഞാല്‍ ഇപ്പോഴത്രയ്ക്കില്ല എന്നു സാരം. ഏതാണ്ട് രണ്ടര മാസം മുമ്പുള്ള ഒരു പ്രവൃത്തി ദിനം രാവിലെ 9.30 മണി സമയം. തിരുവനന്തപുരം അമ്പലമുക്കില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയ ശേഷം മുക്കോല വഴി പട്ടത്തേക്കുള്ള വഴിയിലൂടെ ഞാന്‍ കാറോടിച്ചു പോകുന്നു. അല്പദൂരം മുന്നോട്ടു പോയപ്പോള്‍ ഈ പെണ്‍പുലി പെട്ടെന്ന് ഒരു ഇടവഴിയില്‍ നിന്ന് കാറില്‍ വന്ന് എന്റെ മുന്നിലേക്കു കയറി. എന്നെ കണ്ടില്ല എന്നുറപ്പ്. ഭയഭക്തി ബഹുമാനങ്ങളോടെ ഞാന്‍ നിര്‍ത്തിക്കൊടുത്തു. അവര്‍ പോയതിനു ശേഷം സാവകാശം ഞാന്‍ പിന്നാലെ നീങ്ങി.

Scolding-Woman.jpg

തിരക്കില്‍ വാഹനങ്ങള്‍ നിരനിരയായി തൊട്ടുതൊട്ടില്ല എന്ന നിലയില്‍ നീങ്ങുന്നു. പട്ടം എത്തുന്നതിനു മുമ്പ് ഐ.എസ്.ആര്‍.ഒയുടെ ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന ഒരു സ്ഥലമുണ്ട്. അവിടെ എത്തിയപ്പോള്‍ ഈ പുലിയുടെ കുഴപ്പം കൊണ്ട് ചെറിയൊരു അപകടമുണ്ടായി. അവരുടെ കാറിനു മുന്നില്‍ ഒരു സ്‌കൂട്ടറുണ്ടായിരുന്നു. വലത്തോട്ടു തിരിയാന്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ട് സ്ലോ ചെയ്ത സ്‌കൂട്ടറുകാരനെ പുലി ഇടിച്ചുവീഴ്ത്തി. ബ്ലോക്കായി. ഞാനും ചാടിയിറങ്ങി. അപ്പോഴേക്കും നാട്ടുകാര്‍ കൂടിയതിനാല്‍ എനിക്ക് വെറും കാഴ്ചക്കാരന്റെ റോള്‍. ഒരുവിധം തപ്പിത്തടഞ്ഞെഴുന്നേറ്റ സ്‌കൂട്ടറുകാരന്‍ -‘നിങ്ങള്‍ക്കെന്താ പെണ്ണുമ്പിള്ളേ, മുഖത്തു കണ്ണിനു പകരം വേറെ വല്ലതുമാണോ?’ ഇതു കേട്ട് പുലി ഒന്നു പകച്ചു. പിന്നെ ന്യായീകരണമായി. സ്‌കൂട്ടറുകാരന്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തിയതാണ് അപകടകാരണം എന്നതായിരുന്നു വാദം. ന്യായീകരണം കടുത്തതോടെ സ്‌കൂട്ടര്‍വാല വയലന്റായി. കൈയിലും കാലിലുമൊക്കെ പെയിന്റ് പോയ വേദനയുമായി നിന്ന പുള്ളി നല്ല ഭാഷയില്‍ നാലു പറഞ്ഞു. അതോടെ പുലിയുടെ ഭാവം മാറി. സ്‌കൂട്ടര്‍വാലയെ അവര്‍ ഇടിച്ചിട്ടതല്ല, അവര്‍ക്കുനേരെ അയാള്‍ ഉപയോഗിച്ച ഭാഷയായി പ്രശ്‌നം. സ്വാഭാവികമായും നാട്ടുകാര്‍ ഇടപെട്ടു, സമാധാനമുണ്ടാക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് പുലിയുടെ പഞ്ച് ഡയലോഗ് -‘ഒന്നുമില്ലെങ്കില്‍ ഞാനൊരു സ്ത്രീയല്ലേ?? അതെങ്കിലും പരിഗണിക്കണ്ടേ!!’ അടിപൊളി. കൂടുതല്‍ കേള്‍ക്കാന്‍ നിന്നില്ല. പതിയെ അവിടെ നിന്ന് സ്‌കൂട്ടായി.

angry girl.jpg

ആരെയും അധിക്ഷേപിക്കാനല്ല ഇതു പറഞ്ഞത്. എത്ര ‘ആണത്വം’ അഭിനയിച്ചാലും ദുര്‍ബലമായ സാഹചര്യങ്ങളില്‍ ‘പെണ്ണത്വം’ പുറത്തുവരും. ആണത്വവും പെണ്ണത്ത്വവും ഒരുപോലെ ദുർബലമാണെന്നത് വേറെ കാര്യം. ആണും പെണ്ണുമേയുള്ളൂ -അതിന്റെ കൂടെ ‘ത്വം’ ചേരുന്നത് ഇല്ലാത്തതെന്തോ ഉണ്ടെന്നു വരുത്തലാണ്. ദുര്‍ബലമായ സാഹചര്യങ്ങളിലാണ് ആണായാലും പെണ്ണായാലും തെറിവിളിക്കുന്നത്. ദൗര്‍ബല്യം മറച്ചുവെച്ച് കരുത്ത് അഭിനയിക്കാന്‍ എതിര്‍പക്ഷത്തുള്ളയാളെ അധിക്ഷേപിച്ചു തോല്‍പ്പിക്കാനുള്ള ശ്രമം. അതിലും വലിയ തോല്‍വി വേറെ എന്താണുള്ളത്? ഏതു സാഹചര്യത്തിലും തെറി വിളിക്കാതിരിക്കുന്നതാണ് ആണത്വം, പെണ്ണത്വവും. അതൊരു സാംസ്‌കാരിക മഹിമയാണ്. സ്ത്രീകള്‍ തെറി വിളിക്കുന്നില്ല എന്നത് ഒരു കുറവല്ല. മറിച്ച് അത് അവരുടെ ഔന്നത്യമാണ് പ്രകടമാക്കുന്നത്. പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ ആ നിലയിലും ഒരു പടി മുന്നിലാണ് എന്നര്‍ത്ഥം. പുരുഷന്മാരെപ്പോലെ സ്ത്രീകളും തെറി വിളിക്കണം എന്നാണെങ്കില്‍ അവര്‍ ഒരുപടി താഴേക്കിറങ്ങുന്നു എന്നല്ലേ പറയാനാവുക? അതുകൊണ്ടു തന്നെയാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ പെണ്‍കുട്ടികളുടെ തെറിവിളി എനിക്കു സ്വീകാര്യമാവാത്തത്.

പെണ്ണിന്റെ തെറി എന്നതിന് ആണിന്റെ തെറിയെക്കാളേറെ അവമതിപ്പ് കല്പിക്കുന്ന സാമൂഹിക മനോഭാവവും ആ പൊതുബോധത്തിന്റെ പിന്നിലുള്ള ആണ്‍കോയ്മയുമെല്ലാം ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. നാരീമാര്‍മണിമാരുടെ ആവശ്യം അംഗീകരിക്കാം. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും തെറി വിളിക്കാന്‍ അവകാശമുണ്ട്. പക്ഷേ, പുരുഷന്മാര്‍ തെറി വിളിക്കുമ്പോള്‍ അനുബന്ധമായി ചില സമ്മാനങ്ങള്‍ കിട്ടാറുണ്ട്. ആ സമ്മാനം സ്ത്രീകളും സ്വീകരിക്കാന്‍ തയ്യാറാവണം. യൂണിവേഴ്‌സിറ്റി കോളേജില്‍ ആ പാവം ചെറുപ്പക്കാരന് കൊണ്ട ഇടിയില്‍ പകുതിയും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ അക്കൗണ്ടിലുള്ളതായിരുന്നു. പെണ്‍തെറിയുടെ ഫലസ്വീകരണം – എന്റെ അഭിപ്രായത്തില്‍ കരണക്കുറ്റിക്ക് അടി – ആണ്‍തെറിയുടേതിന് തുല്യമാകട്ടെ. എന്റെ മുഖത്തു നോക്കി ഒരു ആണ് തെറി വിളിച്ചാല്‍ അവന്റെ കരണക്കുറ്റി ഞാന്‍ അടിച്ചുപുകയ്ക്കും, പുകച്ചിട്ടുണ്ട്. കാരണം തെറി എന്നെയല്ല ലക്ഷ്യമിടുന്നത്, എന്റെ അച്ഛനമ്മമാരെയാണ്. ആ അധിക്ഷേപത്തിന് ഞാന്‍ മാപ്പുനല്‍കില്ല. പക്ഷേ, ഒരു പെണ്ണ് എന്നെ തെറി വിളിച്ചാല്‍ ഇത്തരത്തിലുള്ള പ്രതികരണം സാദ്ധ്യമാണോ? അല്ല തന്നെ. എല്ലാം തുല്യമാകട്ടെ. അല്ലാതെ നിങ്ങള്‍ക്ക് സൗകര്യമുള്ളിടത്ത് പ്രത്യേക പരിഗണന, അത് പറ്റില്ല. അവിടെ പീഡന നിയമത്തിന്റെ സംരക്ഷണത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കരുത്. അതിനോട് – സംരക്ഷണം ഉറപ്പാക്കിയ ശേഷമുള്ള പെണ്‍തെറിയോട് -അവമതിപ്പ് തന്നെയാണ്. സംരക്ഷിത തെറിവിളി എന്നൊന്നില്ല സൂര്‍ത്തുക്കളേ.

bad_words_0.jpgയൂണിവേഴ്സിറ്റി കോളേജ് പ്രശ്നത്തില്‍ ആ കോളേജ് ഏതാണ്ട് പൂര്‍ണ്ണമായി ഈ പെണ്‍കുട്ടികളെ ഒറ്റപ്പെടുത്തുന്ന അവസ്ഥയുണ്ടായത് എന്തുകൊണ്ട്? കോളേജിനകത്തു നിന്ന് ഒരാളെങ്കിലും ഇവരെ അനുകൂലിക്കാന്‍ വന്നോ, സമൂഹ മാധ്യമത്തിലെങ്കിലും? അതു നിങ്ങള്‍ ശ്രദ്ധിച്ചോ? എന്റെ കുറിപ്പിനോടുള്ള പ്രതികരണങ്ങളെല്ലാം ഞാന്‍ ശ്രദ്ധയോടെ വായിച്ചു. ആന്‍ഡ്രിയ ജെറമിയയെ പോലുള്ള സില്‍മാ നടിമാരുടെ മുഖം മറയാക്കിയാണ് പല പുലികളുടെയും പ്രതികരണം. ഭൂരിഭാഗവും തെറിവിളിയും അധിക്ഷേപവും തന്നെയാണ്. സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താന്‍ പോലും തയ്യാറല്ലാത്ത അവരുടെ പ്രതികരണങ്ങളും ശ്രദ്ധിച്ചു. ഒരു മുഖത്തിലാണോ വ്യക്തിത്വം എന്ന ചോദ്യമുണ്ടാവാം. മുഖവും വ്യക്തിത്വ ലക്ഷണമാണല്ലോ. പ്രതികരണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചതിന് കാരണമുണ്ട് -കോളേജില്‍ ഞാന്‍ സംസാരിച്ചത് ഒറ്റയ്ക്കും തെറ്റയ്ക്കുമാണ്. അവിടെയുള്ള മുഴുവന്‍ ആളുകളോടും സംസാരിക്കാന്‍ സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. ഒരു പൊതുവികാരം മനസ്സിലാക്കി എന്നേയുള്ളൂ. അതിനാല്‍ എനിക്ക് തെറ്റുപറ്റിയിരിക്കാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ തെറ്റു പറ്റിയെങ്കില്‍ തിരുത്തണം. തിരുത്താന്‍ എനിക്കൊരു മടിയുമില്ല. പക്ഷേ, കോളേജില്‍ നിന്ന് ആരും ഇവരെ അനുകൂലിക്കുന്നില്ല. ഞാന്‍ ആദ്യം കേട്ടതില്‍ നിന്നു വ്യത്യസ്തമായി ഒന്നും കേട്ടില്ല. അതിനാല്‍ തിരുത്തലിന്റെ ആവശ്യവും വന്നില്ല. ഈ ഇരവാദത്തില്‍ എന്തോ കുഴപ്പമുണ്ട് എന്നല്ലേ ഇതിനര്‍ത്ഥം? കോളേജില്‍ പോയി അന്വേഷിച്ചു നോക്കൂ. ഞാന്‍ പറയുന്നത് വിശ്വസിക്കണ്ട.

FB JR

കോളേജിലെ സംഘര്‍ഷത്തിനിടെ ഇരുപക്ഷവും കൈമെയ് മറന്നു തെറിവിളിച്ചു. ഒരു പടി മുന്നില്‍ നിന്നത് പെണ്‍കുട്ടികള്‍. അവര്‍ ഇക്കാര്യത്തില്‍ പെണ്‍കോയ്മ തെളിയിച്ചു. എന്നാല്‍, രണ്ടു കൂട്ടരും ദുര്‍ബലരാണ് എന്നതു തന്നെയാണ് തെറിവിളി പ്രകടമാക്കുന്നത്. അല്ലാതെ പോരാട്ടത്തിന്റെ ഔന്നത്യമൊന്നും ആര്‍ക്കും അവകാശപ്പെടാനില്ല. ഈ പെണ്‍കുട്ടികളുടെ ഇടപെടലിലെ കുഴപ്പം കൊണ്ട് യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായ ഒരു പ്രശ്നത്തിലെ പരാജയം മറ്റു മാര്‍ഗ്ഗങ്ങളിലൂടെ വിജയമാക്കി മാറ്റാന്‍ അവര്‍ ശ്രമിക്കുന്നു. കോളേജില്‍ ഞാന്‍ സംസാരിച്ചവര്‍ എല്ലാം ഇതാണ് പറഞ്ഞത്. പക്ഷേ, ഇപ്പോള്‍ ഞാന്‍ വിളിച്ചുപറഞ്ഞ സത്യം കൂടുതല്‍ ആര്‍ജ്ജവത്തോടെ മറ്റുള്ളവര്‍ നാളെ പറയും. ഒരാവശ്യവുമില്ലാത്തിടത്തും തെറി ഉപയോഗിക്കുന്നത് ദൗര്‍ബല്യത്തിന്റെ പ്രകടമായ ലക്ഷണമാണ്. ഞാന്‍ എഴുതിയ കുറിപ്പിനോടുള്ള ആ പെണ്‍കുട്ടിയുടെ പ്രതികരണത്തിലുമുണ്ട് തെറി. തെറി പറയുന്നത് വലിയ കഴിവാണെന്നു കരുതുന്നവരോട് സഹതാപം മാത്രം.

JR FB.jpeg

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്രമാത്രം. പുറത്തുനിന്നു കടന്നു വന്നൊരുവന്‍ തന്നെ അധിക്ഷേപിച്ചതില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി ‘നിറകണ്ണുമായി’ കോളേജിലെ ആണ്‍സിങ്കങ്ങളെ സമീപിക്കുന്നു. പെണ്ണൊരുത്തിയുടെ പരാതി കേട്ട് വിജൃംഭിതരായ യുവസിങ്കങ്ങള്‍ അസ്വീകാര്യനായ സന്ദര്‍ശകനെ നിര്‍ദാക്ഷിണ്യം പഞ്ഞിക്കിട്ട് കൈത്തരിപ്പ് തീര്‍ക്കുന്നു. ഇത്തരം അവസരങ്ങളില്‍ മലയാളിയുടെ സ്വാഭാവിക പ്രതികരണമാണിത്. ഈ കേസില്‍ പെണ്‍തെറി വെറുപ്പിന്റെ കനലിനെ ആളിക്കത്തിച്ചു. ഞാന്‍ പഠിക്കുമ്പോഴും ഇത്തരം രംഗങ്ങളുണ്ടായിട്ടുണ്ട്. അതില്‍ കക്ഷികളാവുക ഏതെങ്കിലും സംഘടനയില്‍പ്പെട്ടവരാവില്ല, എല്ലാവരുമുണ്ടാവും. വഴിയെ നടന്നു പോകുന്നവനും വന്ന് ഒരിടിയോ ചവിട്ടോ സമ്മാനിച്ചു മടങ്ങും. ദുര്‍ബലനായ ഒരുവനെ തല്ലി ആണത്തം തെളിയിക്കാന്‍ വെമ്പുന്ന ദുര്‍ബലര്‍. ഇത്തരം ദുര്‍ബലചെയ്തികളുടെ പേരില്‍ യൂണിവേഴ്‌സിറ്റി കോളേജ് വെറുക്കപ്പെടേണ്ട ഇടമാണെന്നും അവിടെ പഠിക്കുന്നവരും മുമ്പ് പഠിച്ചിരുന്നവരുമെല്ലാം ആഭാസന്മാരാണെന്നുമൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നല്ല, അംഗീകരിക്കില്ല തന്നെ.

LATEST insights

TRENDING insights

7 COMMENTS

  1. ഒലക്ക…. സ്ത്രീ അമ്മയാണ് , ദേവിയാണ്….
    സ്ത്രീയ്ക്ക് ഔന്നത്യം വേണം..
    സ്ത്രീകളെ ഒതുക്കാൻ വേണ്ടി എന്നും പ്രയോഗിച്ചിരുന്ന വാക്കുകൾ.

  2. അതിൽ ഒരു പെൺകുട്ടി ഇട്ട പോസ്റ്റ് ഞാൻ കണ്ടു – മൈ ii ” എന്നൊക്കെ എഴുതിയത് – ഈ പോസ്റ്റ് മതി ഇവളുമാരു രീതികൾ മനസ്സിലാക്കാൻ —

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks