Reading Time: 4 minutes

ഭരണനിപുണനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ചട്ടങ്ങള്‍ കൃത്യമായി വിലയിരുത്തുന്നയാള്‍ എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.
അദ്ദേഹം പ്രതിപക്ഷ നേതാവാകാതെ പോയത് കേരളത്തിന് നഷ്ടമാണ് എന്നുറച്ചു വിശ്വസിക്കുന്നയാളാണ് ഞാന്‍.
പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും നേര്‍ക്കുനേര്‍ കട്ടയ്ക്ക് നില്‍ക്കുന്ന ഒരു കേരളം ഒന്നു സങ്കല്പിച്ചു നോക്കൂ.
എന്തായാലും ഇപ്പോള്‍ നമുക്കതിന് ഭാഗ്യമില്ല.

സ്പ്രിങ്ക്ളര്‍ ഇടപാടില്‍ കാര്യമാത്ര പ്രസക്തമായ ഒരു ആക്ഷേപം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയാണെന്ന പക്ഷമാണ് എനിക്ക്.
ബാക്കിയെല്ലാം വെറും പുകമറയാണ്.
അക്കരെയുള്ള ഭ്രാന്തന്‍നായയുടെ കയര്‍ പൊട്ടുകയും പുഴയിലെ വെള്ളം വറ്റുകയും ചെയ്താല്‍ ഇക്കര നില്‍ക്കുന്ന എനിക്ക് കടി കൊള്ളില്ലേ എന്ന മട്ടിലുള്ള ഗീര്‍വാണങ്ങള്‍.
എന്നാല്‍, ഉമ്മന്‍ ചാണ്ടി പറഞ്ഞത് സ്പ്രിങ്ക്ളര്‍ കരാറില്‍ റൂള്‍സ് ഓഫ് ബിസിനസ് പാലിച്ചിട്ടില്ലെന്ന്.
ഇതു പരിശോധിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത് ശരിയാണെങ്കില്‍ പ്രശ്നമാണെന്ന് കേട്ടപ്പോള്‍ തന്നെ ബോദ്ധ്യപ്പെട്ടു.
പക്ഷേ ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആണയിടുന്നു നടപടിക്രമം പാലിച്ചെന്ന്.
തന്റെ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
അങ്ങനൊക്കെ പറ്റുമോ?

സാങ്കേതികമായ കാര്യങ്ങള്‍ക്ക് സാങ്കേതികമായി തന്നെ മറുപടി പറയണം.
റൂള്‍സ് ഓഫ് ബിസിനസിലാണ് സാങ്കേതികത നിലകൊള്ളുന്നത്, അതു കണ്ടെത്തണം.
അത് ഇന്റര്‍നെറ്റില്‍ പരതിയെടുക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല, എല്ലാം സര്‍ക്കാര്‍ വിലാസം.
കിട്ടിയ രേഖകള്‍ വെച്ച് ചില കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചു.
മനസ്സിലാക്കാനായ കാര്യങ്ങള്‍ പരമാവധി ലളിതമായി ഇവിടെ എഴുതി വെയ്ക്കാന്‍ ശ്രമിക്കുകയാണ്.

സ്പ്രിങ്ക്ളര്‍ ഒരു അമേരിക്കന്‍ കമ്പനിയാണെന്നത് പറയേണ്ടതില്ലല്ലോ!
അവരുമായി കേരള സര്‍ക്കാരിനുള്ളത് ഒരു പര്‍ച്ചേസ് ഓര്‍ഡറാണ്!!
ഒരു വിദേശ കമ്പനിയുമായിട്ടൊക്കെ ധാരണാപത്രമല്ലേ വേണ്ടത് എന്ന സംശയം ന്യായം.
പര്‍ച്ചേസ് ഓര്‍ഡറിനു പിന്നിലെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടികിട്ടയത്.
ഐ.ടി. സേവനം ഒരു ഉത്പന്നമായി പരിഗണക്കപ്പെടുമ്പോള്‍ അത് വാങ്ങുകയാണല്ലോ!

കേരള സര്‍ക്കാരിനൊരു സ്റ്റോഴ്സ് പര്‍ച്ചേസ് മാന്വല്‍ ഉണ്ട്.
സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ വിവിധ സാധനസാമഗ്രികള്‍ വാങ്ങുന്നത് ഇത് അടിസ്ഥാനമാക്കിയാണ്.
നിലവിലുള്ള സ്റ്റോഴ്സ് പര്‍ച്ചേസ് മാന്വല്‍ പരിഷ്കരിച്ച് അംഗീകരിച്ചത് 2013 ജൂണ്‍ 21ന്.
അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി!

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്റ്റോഴ്സ് പര്‍ച്ചേസ് മാന്വല്‍ പരിഷ്കരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ്

G.O. (P) No.3/2013/SPD, dated 21.06.2013 ഉത്തരവ് പ്രകാരം അംഗീകരിക്കപ്പെട്ട സ്റ്റോഴ്സ് പര്‍ച്ചേസ് മാന്വലില്‍ ആകെ 301 പേജുകള്‍.
അതില്‍ രണ്ടു തരം വാങ്ങലുകളെക്കുറിച്ച് പറയുന്നുണ്ട്.
ഒന്ന് വ്യക്തമായ നടപടിക്രമം പാലിക്കേണ്ട സാഹചര്യത്തില്‍ നടത്തുന്ന വാങ്ങല്‍.
രണ്ട് വകുപ്പു മേധാവിക്ക് സ്വയം തീരുമാനമെടുക്കാവുന്ന അടിയന്തര സാഹചര്യത്തിലുള്ള വാങ്ങല്‍.
അതായത്, വാങ്ങുന്നതിന് ചെലവിടുന്ന തുകയും അതു വാങ്ങുന്ന സാഹചര്യവും പ്രധാനമാണ് എന്നു സാരം.

ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ശിവശങ്കര്‍ -വകുപ്പു മേധാവി.
അദ്ദേഹത്തിന്‍ വാങ്ങല്‍ തീരുമാനമെടുക്കാന്‍ അവകാശമുണ്ട്.
15,000 രൂപ വരെയുള്ള വാങ്ങലുകള്‍ക്ക് ചട്ടപ്രകാരമുള്ള ദര്‍ഘാസ് ആവശ്യമില്ലെന്ന് സ്റ്റോഴ്സ് പര്‍ച്ചേസ് മാന്വല്‍ പേജ് 37ല്‍ എഴുതി വെച്ചിരിക്കുന്നു.
സ്പ്രിങ്ക്ളറില്‍ നിന്നു വാങ്ങുന്ന സേവനത്തിന് ചെലവ് അല്ലെങ്കില്‍ വില 15,000 രൂപയില്‍ താഴെയാണ്, എന്നുവെച്ചാല്‍ 0 രൂപ!
അപ്പോള്‍ ആഗോള ടെന്‍ഡറൊക്കെ സ്വാഹ!!
15,000 രൂപയില്‍ താഴെ മൂല്യമുള്ള വാങ്ങലുകള്‍ക്ക് ഒരു സാക്ഷ്യപത്രം മതി.

ദര്‍ഘാസില്ലാത്ത വാങ്ങലുകള്‍ക്ക് ഉള്‍പ്പെടുത്തേണ്ട സത്യവാങ്മൂലത്തിന്റെ മാതൃക

“I, ________ am personally satisfied that the Stores purchased are of the requisite quality and specification and have been purchased from a reliable supplier at a reasonable price.”

നിശ്ചിത ഗുണമേന്മയുള്ള ഉത്പന്നം വിശ്വാസ്യതയുള്ള സപ്ലൈയറില്‍ നിന്ന് ന്യായമായ വിലയ്ക്കാണ് വാങ്ങിയതെന്ന സാക്ഷ്യപത്രം.
സ്പ്രിങ്ക്ളറിന്റെ യോഗ്യതയെക്കുറിച്ച് “എനിക്ക്” ബോദ്ധ്യമുണ്ടെന്ന് ശിവശങ്കരന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തീര്‍ത്തുപറഞ്ഞതിനു കാരണം ബോദ്ധ്യമായില്ലേ?

ആകെ 9 അവസരങ്ങളിലൊഴികെ മറ്റെല്ലായ്പ്പോഴും ദര്‍ഘാസ് നടപടികള്‍ പൂര്‍ത്തിയാക്കി മാത്രമേ വാങ്ങലുകള്‍ നടത്താനാവൂ എന്ന് പേജ് 38, 39 പേജുകളിലുണ്ട്.

ദര്‍ഘാസ് നടപടി ഒഴിവാക്കാനാവുന്ന 9 അവസരങ്ങള്‍

ഈ 9 വ്യവസ്ഥകളില്‍ നമ്പര്‍ 7 ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാവര്‍ത്തികമാകും.

(vii) During the instant of natural calamity or any other emergency as
declared by Government.

സ്റ്റോഴ്സ് പര്‍ച്ചേസ് മാന്വലില്‍ പറയുന്ന ഈ അടിയന്തര സാഹചര്യം സംസ്ഥാനത്ത് നിലവിലുണ്ട്.
കോവിഡ് 19നെ സംസ്ഥാന ദുരന്തമായി ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയിട്ടുണ്ട്.

കോവിഡ് 19നെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ ഉത്തരവ്

G.O. (Ms) No.10/2020/DMD, dated 19.03.2020 ഉത്തരവ് പ്രകാരം കോവിഡ് 19 സംസ്ഥാന ദുരന്തമായി.
2020 മാര്‍ച്ച് 19ലെ വിജ്ഞാപനത്തിനു ശേഷമാണ് സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട ഇടപാടിലെ എല്ലാ കാര്യങ്ങളും നടന്നിട്ടുള്ളത്.
ഇവിടെ നിര്‍ണ്ണായകമാവാന്‍ പോകുന്നത് ദുരന്ത നിവാരണ അതോറിറ്റിയുടെ ഈ വിജ്ഞാപനമാണ്.
ആരോപണങ്ങളുടെ കുന്തമുനകളെല്ലാം ഒടിച്ചുകളയുന്നത് ഇതായിരിക്കും.

ദുരന്തവേളയില്‍ പ്രത്യേക വാങ്ങല്‍ അധികാരങ്ങള്‍ അനുവദിക്കുന്ന ദേശീയ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥ

വിദേശത്തുനിന്ന് വാങ്ങല്‍ നടത്തുന്നതിനുള്ള അധികാരവും സ്റ്റോഴ്സ് പര്‍ച്ചേസ് മാന്വല്‍ നല്‍കുന്നുണ്ട്.
അതും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചതു തന്നെ.

വിദേശത്തു നിന്നുള്ള വാങ്ങലിന് അധികാരം നല്കുന്ന വ്യവസ്ഥ

സ്പ്രിങ്ക്ളര്‍ ചുരുക്കത്തില്‍ ഇത്രേയുള്ളൂ.
അടിയന്തര സാഹചര്യങ്ങളില്‍ വകുപ്പ് മേധാവിക്ക് തീരുമാനമെടുക്കാം എന്ന സ്റ്റോഴ്സ് പര്‍ച്ചേസ് മാന്വല്‍ വ്യവസ്ഥ പ്രകാരം സംസ്ഥാന ദുരന്തം കണക്കിലെടുത്ത് സ്പ്രിങ്ക്ളറിന് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കാന്‍ ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് അധികാരമുണ്ട്.
ഇതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സങ്കേതം ഉപയോഗിക്കാനും ഇതേ മാന്വല്‍ അധികാരം നല്‍കുന്നു.

ഡിജിറ്റല്‍ സിഗ്നേച്ചറിന് സാധുതയുണ്ടെന്ന് പറയുന്ന ഭാഗംസ്പ്രിങ്ക്ളറില്‍ നിന്നു വാങ്ങുന്ന ഐ.ടി. സേവനം എന്ന ഉത്പന്നത്തിനു മൂല്യം 15,000 രൂപയില്‍ താഴെ 0 രൂപ ആയതിനാല്‍ ദര്‍ഘാസ് നടപടികള്‍ -ആഗോള ടെന്‍ഡര്‍ അടക്കം -ഒന്നും ആവശ്യമില്ല.
നിശ്ചിത ഗുണമേന്മയുള്ള ഉത്പന്നം വിശ്വാസ്യതയുള്ള സപ്ലൈയറില്‍ നിന്ന് ന്യായമായ വിലയ്ക്കാണ് വാങ്ങിയതെന്ന ശിവശങ്കറിന്റെ ബോദ്ധ്യം ഒരു സാക്ഷ്യപത്രത്തിന്റെ രൂപം കൈവരിക്കുമ്പോള്‍ ആ വ്യവസ്ഥയും പാലിക്കപ്പെട്ടു.
ഉമ്മന്‍ ചാണ്ടി പറഞ്ഞ റൂള്‍സ് ഓഫ് ബിസിനസ് ബാധകമാവുക സാധാരണ സാഹചര്യങ്ങളിലുള്ള 15,000 രൂപയ്ക്കു മുകളില്‍ മൂല്യമുള്ള ഇടപാടുകള്‍ക്കു മാത്രം.

എം.ശിവശങ്കര്‍

അപ്പോള്‍ ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് കൊടുത്ത പര്‍ച്ചേസ് ഓര്‍ഡര്‍ ചട്ടപ്രകാരം തന്നെയല്ലേ?
ഉമ്മന്‍ ചാണ്ടി സ്വന്തം കാലത്തു പരിഷ്കരിച്ച സ്റ്റോഴ്സ് പര്‍ച്ചേസ് മാന്വല്‍ ഒരിക്കല്‍ക്കൂടി വായിക്കട്ടെ, അല്ലേ?
അപ്പോള്‍ ഇനി പുതിയതു വല്ലതുമുണ്ടെങ്കില്‍ നോക്കാം.

മുന്‍ മുഖ്യമന്ത്രി പറഞ്ഞ സാങ്കേതിക വശത്തിന്റെ യാഥാര്‍ത്ഥ്യമാണ് ഇവിടെ അവലോകനം ചെയ്തത്.
ഭരണപരമായ നടപടിക്രമങ്ങള്‍ അവലോകനം ചെയ്യപ്പെടേണ്ടത് വേറെ തലത്തിലാണ്.

Previous articleഒരു അസാധാരണ കഥ
Next articleട്രാന്‍സാക്ഷന്‍ ചാര്‍ജ്ജിന് ഇടവേള
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here