HomeENTERTAINMENTരാജ്യദ്രോഹം ...

രാജ്യദ്രോഹം നാടകമല്ല

-

Reading Time: 5 minutes

പ്രതിഷേധമെന്ന പേരില്‍ ഇന്ത്യന്‍ കറന്‍സി കത്തിക്കുക. എന്നിട്ടതിനെ നാടകമെന്നു പറയുക. ഈ തോന്ന്യാസത്തിനെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നു വിളിക്കാമോ?

തിരുവനന്തപുരത്ത് നടക്കുന്ന തിയേറ്റര്‍ ഒളിമ്പിക്‌സിന്റെ ഭാഗമായി ടാഗോര്‍ തിയേറ്ററില്‍ യുവാക്കള്‍ക്ക് ആത്മാവിഷ്‌കാരത്തിനായി തുറസ്സരങ്ങ് ഒരുക്കിയിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ഇതിന് അവസരമുണ്ടായിരുന്നത്. എന്നാല്‍, ആവിഷ്‌കാരം എന്ന പേരില്‍ അരങ്ങേറിയ തോന്ന്യാസം അംഗീകരിക്കാന്‍ മനഃസാക്ഷി അനുവദിക്കുന്നില്ല. എഴുതണ്ടായെന്ന് പലതവണ വിചാരിച്ചിട്ടും ഒടുവില്‍ എഴുതാന്‍ തീരുമാനിച്ചത് അതിനാലാണ്.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30നാണ് തുറസ്സരങ്ങളില്‍ കലാപ്രകടനങ്ങള്‍ തുടങ്ങിയത്. 4 മണിയോടെ ഞാനെത്തുമ്പോള്‍ ദിവസത്തിലെ രണ്ടാമത്തെ പ്രകടനമായി ഹൈദരബാദ് സര്‍വ്വകലാശാലയിലെ ഉസ്മാന്‍, നൗഫല്‍, സൂരജ് എന്നിവരുടെ മൂകാഭിനയം നടക്കുകയായിരുന്നു. ജാതീയതയുടെ ഭീകരത വരച്ചുകാട്ടുന്ന മനോഹര പ്രകടനം. അതിനു ശേഷം ഈറ്റില്ലം ബാന്‍ഡിന്റെ പാട്ടു കൂടിയായതോടെ അന്തരീക്ഷം ഊര്‍ജ്ജസ്വലമായി.

അപ്പോഴേക്കും വൈകുന്നേരം 5 മണിയായി. പാട്ടിന്റെ ആരവം അടങ്ങിയതോടെ അനൗണ്‍സ്‌മെന്റ് മുഴങ്ങി -‘അടുത്തതായി തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാടകം.’ ഞാന്‍ കസേരയില്‍ അമര്‍ന്നിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമ ആയതിനാല്‍ ഒരു നിലവാരമൊക്കെ ഉണ്ടാകുമല്ലോ എന്ന പ്രതീക്ഷയാണ് വൈകുന്നേരത്തെ പതിവ് ചായ ഉപേക്ഷിച്ച് അവിടെയിരിക്കാന്‍ പ്രേരിപ്പിച്ചത്.

ആകെ 4 പേരാണ് സംഘത്തിലുണ്ടായിരുന്നത്. നേരിട്ട് പരിചയമില്ലെങ്കിലും 2 പേരെ എനിക്കറിയാം. ഒരാള്‍, സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഇപ്പോള്‍ പഠിക്കുന്ന വിഷ്ണുഹരി. മറ്റൊരാള്‍ നാരായണന്‍ എന്ന നാടകപ്രവര്‍ത്തകന്‍, സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അടുത്തിടെ പഠിച്ചിറങ്ങിയ ആളാണ്. നാരായണനും വേറൊരാളും കാണികള്‍ക്കു മുന്നില്‍. വിഷ്ണുഹരിയും മറ്റൊരാളും ഞങ്ങള്‍ കാണികള്‍ക്കിടയില്‍ കറങ്ങിനടന്നു.

മുന്നില്‍ നാരായണന്‍ പ്രജയും ഒപ്പമുണ്ടായിരുന്നയാള്‍ രാജാവും. ഇരുവരും നാടന്‍പാട്ടുകള്‍ പാടി മുന്നേറി. രാജാവ് നഗ്നനാണെന്ന് പ്രേക്ഷകരെക്കൊണ്ട് സമ്മതിപ്പിക്കാനായിരുന്നു ആദ്യ ശ്രമം. പിന്നെ പ്രേക്ഷകരുടെ ചോര തിളയ്ക്കുന്നുണ്ടോ എന്ന പരിശോധനയായി.

അട്ടപ്പാടിയില്‍ കിരാതന്മാര്‍ തല്ലിക്കൊന്ന മധുവിനോടുള്ള ഐക്യദാര്‍ഢ്യം എന്ന് ആദ്യം പറഞ്ഞതിനാലാവണം ഇടയ്ക്ക് കറുപ്പ്, വിശപ്പ് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. എനിക്ക് വേണ്ടത്ര ബുദ്ധി ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല, എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഒരെത്തുംപിടിയും കിട്ടിയില്ല.

ഇതേസമയം കാണികള്‍ക്കിടയില്‍ കറങ്ങിനടക്കുകയായിരുന്ന വിഷ്ണുഹരിയും കൂട്ടുകാരനും പിരിവ് തുടങ്ങി. എന്റരികിലും എത്തി. ‘ചേട്ടാ, എന്തെങ്കിലും തരണം. ഇവര്‍ക്കു കൊടുക്കാനാണ്. ഇവിടെ നിന്നു കിട്ടുന്നത് ഒന്നിനും തികയില്ല’ -നാരായണനും കൂട്ടുകാരനും നേരെ ചൂണ്ടിക്കൊണ്ട് വിഷ്ണുഹരി പറഞ്ഞു.

സംസാരത്തിനിടെ മദ്യത്തിന്റെ നല്ല മണം മൂക്കിലേക്കടിച്ചുകയറി. പേഴ്‌സ് അപ്പോള്‍ കൈയിലില്ലാതിരുന്നതിനാല്‍ ഞാന്‍ കൈമലര്‍ത്തി. നാടകം കഴിഞ്ഞിട്ട് കാറില്‍ നിന്ന് എടുത്തു കൊടുക്കാമെന്ന് ഉറപ്പു പറഞ്ഞു. അതു ബോദ്ധ്യമാകാത്ത അയാള്‍ എന്നെ പുച്ഛഭാവത്തില്‍ നോക്കിയിട്ട് അടുത്തയാളിനടുത്തേക്കു നീങ്ങി.

ഒരാഴ്ച മുമ്പ് നിശാഗന്ധിയില്‍ വെള്ളരിനാടകം അരങ്ങേറിയപ്പോള്‍ കാണികളില്‍ നിന്ന് ഇത്തരത്തില്‍ പണം പിരിക്കുന്നത് കണ്ടിരുന്നു. ഒരു തരം ക്രൗഡ് ഫണ്ടിങ്. അതുപോലുള്ള സംവിധാനമായിരിക്കും എന്നു കരുതി. മദ്യപിക്കാനുള്ള പിരിവാണോ എന്ന സംശയം മനസ്സില്‍ തോന്നുകയും ചെയ്തു. പാവം നാടകക്കാര്‍ക്കു വേണ്ടിയല്ലേ എന്ന പേരില്‍ പലരും ഉദാരമായി സംഭാവന നല്‍കുന്നതു കണ്ടു.

ഏതാണ്ട് 30ഓളം പേര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അവരില്‍ നിന്ന് ക്ഷണവേഗത്തില്‍ വിഷ്ണുഹരിയും കൂട്ടുകാരനും ചേര്‍ന്ന് 1,000 രൂപയോളം പിരിച്ചെടുത്തു. പിരിവിലുള്ള അവരുടെ കഴിവില്‍ കൗതുകം തോന്നി. ഇതെല്ലാം നാടകത്തിന്റെ ഭാഗമാണെന്ന തോന്നല്‍ അവര്‍ ഉണ്ടാക്കുകയും ചെയ്തു.

പിരിവ് അവസാനിച്ചപ്പോള്‍ വിഷ്ണുഹരിയും കൂട്ടുകാരനും നേരെ മുന്നിലേക്കു നീങ്ങി. അവിടെയുണ്ടായിരുന്ന കരിയില കാലുകൊണ്ട് ‘വേദി’ എന്നു സങ്കല്പിക്കപ്പെടുന്നിടത്തേക്ക് നീക്കിയിടാന്‍ തുടങ്ങി. കീശയില്‍ നിന്ന് ലൈറ്ററെടുത്ത് ആ കരിയിലക്കൂമ്പാരം വിഷ്ണുഹരി കത്തിച്ചു. എന്നിട്ട് കാണികളില്‍ നിന്നു പിരിച്ചെടുത്ത നോട്ടുകള്‍ ഓരോന്നായി ആ തീയിലേക്കിടാന്‍ തുടങ്ങി.

ഈ സമയത്ത് നാരായണനും കൂട്ടുകാരനും കൊട്ടിപ്പാട്ട് തുടരുകയായിരുന്നു. ആദ്യം വെറുതെ തീയിലേക്കിട്ട നോട്ടുകളില്‍ ചിലത് കാറ്റത്ത് പറന്നുമാറിയത് വിഷ്ണുഹരിക്ക് അലോസരമുണ്ടാക്കി. അതോടെ നോട്ടുകള്‍ വെറുതെയിടുന്നതിനു പകരം ചുരുട്ടി പന്തുപോലാക്കി തീയിലിട്ടു തുടങ്ങി, കത്തുന്നുവെന്ന് ഉറപ്പാക്കാന്‍. നേരത്തേ പറന്നു പോയ നോട്ടുകളും പരതിയെടുത്ത് ചുരുട്ടിക്കൂട്ടി തീയിലിട്ടു.

പിരിവിനിടെ ആരോ ഒരു 10 രൂപ നാണയം സംഭാവനയായി നല്‍കിയിരുന്നു. ഏറ്റവുമൊടുവില്‍ ആ നാണയം കൈയിലെടുത്ത വിഷ്ണുഹരി ആര്‍ക്കും കണ്ടെടുക്കാനാകാത്ത വിധം ടാഗോര്‍ തിയേറ്റര്‍ പരിസരത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട്, എന്തോ വലിയ കാര്യം ചെയ്തുതീര്‍ത്ത ഭാവത്തില്‍ കാണികള്‍ക്കിടയില്‍ പോയി നില്പുറപ്പിച്ചു.

കറന്‍സി നോട്ടുകള്‍ തീയിടുന്നത് കണ്ടപ്പോള്‍ എന്താണെന്ന് ആദ്യം ഞാനടക്കമുള്ളവര്‍ക്ക് മനസ്സിലായില്ല. അവതരണത്തിന്റെ ഭാഗമായി ഡമ്മി നോട്ടുകള്‍ തീയിലിടുകയാണെന്നാണ് കരുതിയത്. എന്നാല്‍, കാറ്റില്‍പ്പറന്ന് പുറത്തേക്കു വന്ന നോട്ടുകള്‍ അസ്സല്‍ തന്നെയാണെന്ന് നടുക്കത്തോടെ തിരിച്ചറിഞ്ഞു, തരിച്ചിരുന്നു. ഞങ്ങളുടെ ചോര തിളപ്പിക്കാനുള്ള ശ്രമമായിരുന്നിരിക്കണം.

നടുക്കം വെറുതെ ആയിരുന്നില്ല. ഈ രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് നല്ല ധാരണയുള്ളതിനാലാണ് നടുങ്ങിയത്. ജയ്പുരില്‍ ഇന്ത്യന്‍ കറന്‍സി കത്തിച്ച 2 സ്വീഡിഷ് പൗരന്മാരെ ഒരു മാസത്തിനു ശേഷം പൊലീസ് അറസ്റ്റു ചെയ്ത് കേസെടുത്ത് അകത്താക്കിയ വാര്‍ത്ത അടുത്തിടെ വായിച്ചതായി ഓര്‍മ്മ. ഇന്ത്യന്‍ ശിക്ഷാ നിയമം പരിശോധിച്ചപ്പോള്‍ ഏറ്റവും കുറഞ്ഞത് 3 വര്‍ഷമെങ്കിലും തടവുശിക്ഷ കിട്ടാനുള്ള വകുപ്പുണ്ട്. ജഡ്ജി വിചാരിച്ചാല്‍ അത് 7 വര്‍ഷമോ ജീവപര്യന്തമോ തടവ് ആക്കി മാറ്റാവുന്നതേയുള്ളൂ.

കറന്‍സി കത്തിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് വലിയ കുറ്റമാണ് -വകുപ്പുകള്‍ 124എ, 477. വിഷ്ണുഹരിക്ക് ഇത് അറിയാത്തതാണോ, അതോ അയാള്‍ നിയമത്തിന് അതീതനാണോ?

Section 124A in The Indian Penal Code
124A. Sedition- Whoever, by words, either spoken or written, or by signs, or by visible representation, or otherwise, brings or attempts to bring into hatred or contempt, or excites or attempts to excite disaffection towards, the Government estab­lished by law in [India], shall be punished with [imprisonment for life], to which fine may be added, or with imprisonment which may extend to three years, to which fine may be added, or with fine.
Explanation 1- The expression ‘disaffection’ includes disloyalty and all feelings of enmity.
Explanation 2- Comments expressing disapprobation of the mesaures of the Government with a view to obtain their alteration by lawful means, without exciting or attempting to excite hatred, contempt or disaffection, do not constitute an offence under this section.
Explanation 3- Comments expressing disapprobation of the administrative or other action of the Government without exciting or attempting to excite hatred, contempt or disaffection, do not constitute an offence under this section.

Section 477 in The Indian Penal Code
477. Fraudulent cancellation, destruction, etc., of will, authori­ty to adopt, or valuable security.-Whoever fraudulently or dishonestly, or with intent to cause damage or injury to the public or to any person, cancels, destroys or defaces, or at­tempts to cancel, destroy or deface, or secretes or attempts to secrete any document which is or purports to be a will, or an authority to adopt a son, or any valuable security, or commits mischief in respect of such documents, shall be punished with [imprisonment for life], or with imprisonment of either description for a term which may extend to seven years, and shall also be liable to fine.

എന്റെ ചോര തിളച്ചത് പ്രകടിപ്പിക്കാനൊന്നും നിന്നില്ല. ഇനി ഈ തോന്ന്യാസം കണ്ടിരിക്കാനില്ലെന്ന് ഉറപ്പാക്കി പതിയെ എഴുന്നേറ്റു പുറത്തേക്കു നടന്നു. അപ്പോള്‍ ഒരാള്‍ വിഷ്ണുഹരിയോട് ചോദിക്കുന്നതു കേട്ടു -‘നോട്ടുകെട്ടുകള്‍ നല്‍കിയത് നിങ്ങളെ സഹായിക്കാനാണ്, നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ ദാരിദ്ര്യമുള്ള മറ്റാര്‍ക്കെങ്കിലും നല്‍കിക്കൂടെ?’ മറുപടി പരമപുച്ഛത്തോടെ -‘അത് വെറും പേപ്പറല്ലേ, കത്തിച്ചാമ്പലാകട്ടെ, ആ ചാമ്പലില്‍ നിന്നും നിങ്ങളുടെ പേപ്പറുകള്‍ തിരിച്ചെടുത്തോ’.

പിന്നെ കാണികളില്‍ നിന്ന് വലിയ പ്രതികരണമുണ്ടായില്ല. അവര്‍ ‘നാടകക്കാരെ’ അവഗണിച്ച് പുറംതിരിഞ്ഞു. അപ്പോള്‍ നോട്ട് കത്തിച്ച ചാമ്പല്‍ കാണികള്‍ക്കുനേരേ വലിച്ചെറിഞ്ഞ് പ്രകോപനം സൃഷ്ടിക്കാനായി ശ്രമം. കാണികള്‍ സാമാന്യബോധമുള്ളവര്‍ ആയിരുന്നു. അതിനാല്‍ കുത്സിതശ്രമങ്ങള്‍ ഒന്നും വിജയിച്ചില്ല.

ദരിദ്രനായിരുന്നു എന്നതിനാല്‍ ജീവന്‍ നഷ്ടപ്പെട്ട മധുവിന് വേണ്ടി എന്ന പേരിലാണ് ഈ പ്രഹസനം അരങ്ങേറിയത്. പക്ഷേ, ‘കലാപ്രകടനം’ നടത്തിയവര്‍ യഥാര്‍ത്ഥത്തില്‍ പെരുമാറിയത് മധുവിനെ നിര്‍ദാക്ഷിണ്യം തല്ലിക്കൊന്ന നരാധമന്മാരുടെ അതേ രീതിയിലല്ലേ? ചുട്ടുകളഞ്ഞ നോട്ടുകള്‍ കൊണ്ട് മധുവിനെപ്പോലെ ഒരാള്‍ക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും വാങ്ങിക്കൊടുക്കാമായിരുന്നില്ലേ?

നാടകത്തോടുള്ള സ്‌നേഹത്തിന്റെ പേരിലാണ് അവിടെക്കൂടി നിന്ന ഓരോരുത്തരും വിഷ്ണുഹരിക്ക് സംഭാവന നല്‍കിയത്. എന്തെങ്കിലും കൊടുക്കണമെന്ന് എനിക്കു തോന്നിയതും അതിനാല്‍ത്തന്നെയാണ്. 30ഓളം പേര്‍ ചേര്‍ന്ന് 1,000 രൂപയോളം കൊടുക്കുക ചെറിയ കാര്യമല്ല.

എന്നാല്‍, അവിടെ പണം നല്‍കിയ ഒരാള്‍ പോലും ഇനി ഒരു നാടകക്കാരന്‍ പൈസ ചോദിച്ചു ചെന്നാല്‍ കൊടുക്കുമോ? ഉറപ്പായും ആട്ടിയകറ്റും. ഞാനും ഒരു പക്ഷേ, അതാണ് ചെയ്യുക. അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു!!! ഒരു രൂപ പോലും ആരും എനിക്ക് സൗജന്യമായി തരാറില്ല. അതിനാല്‍ത്തന്നെ ഓരോ രൂപയും എന്നെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതാണ്. വെറുതെ കത്തിച്ചുകളയാനുള്ളതല്ല.

ഇത്തരം തോന്ന്യാസങ്ങളിലൂടെ നഷ്ടം സംഭവിക്കുന്നതാര്‍ക്കാണ്? നഷ്ടം യഥാര്‍ത്ഥ നാടകക്കാരനു മാത്രമാണ്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചിറങ്ങിയ ധാരാളം അടുത്ത സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരാരും ഇങ്ങനെയല്ല. ഇനി ഇപ്പോള്‍ സ്‌കൂള്‍ ഓഫ് ഡ്രാമ മാറിയതാണോ? സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ കേരളത്തില്‍ നാടകത്തിന്റെ ഭാവി ഒട്ടും ശോഭനമല്ല തന്നെ.

ഇത്തരം ക്രിമിനലുകളെ നിലയ്ക്കു നിര്‍ത്തുക തന്നെ വേണം. ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന പേരില്‍ നിയമവാഴ്ചയ്ക്കതീതമായി എന്തു തോന്ന്യാസവും പ്രവര്‍ത്തിക്കാമെന്ന തോന്നലുണ്ടാവുന്നത് സമൂഹത്തിനാകെ അപകടകരമാണ്. ഈ നോട്ടുകത്തിക്കലിന്റെ ദൃശ്യങ്ങള്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ക്യാമറ ടീമും ദൂരദര്‍ശനും പകര്‍ത്തിയിട്ടുണ്ട്. അത് പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാവുക തന്നെ വേണം.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks