Reading Time: 4 minutes

രൗദ്രം, അത്ഭുതം, ശൃംഗാരം, ഹാസ്യം, വീരം, കരുണം, ഭയാനകം, ബീഭത്സം, ശാന്തം എന്നീ നവരസങ്ങള്‍ക്കു പുറമെ ഭക്തിയും രസരൂപത്തില്‍ എനിക്കു മുന്നിലൂടെ കയറിയിറങ്ങിപ്പോയി. ഒന്നിനു പുറകെ ഒന്നായി, തങ്ങളുടെ സാന്നിദ്ധ്യമറിയിച്ച്, ലക്ഷ്യം സാക്ഷാത്കരിച്ച്…

തിയേറ്റര്‍ ഒളിമ്പിക്‌സിന്റെ ഭാഗമായി കലാമണ്ഡലം സിന്ധു അവതരിപ്പിച്ച കംസവധം നങ്ങ്യാര്‍കൂത്തില്‍ നിന്ന്‌

ഓരോ രസവും വേദിയിലേക്കു കടന്നുവരുമ്പോള്‍ ഞാനടക്കമുള്ളവര്‍ക്ക് സ്പഷ്ടമായിരുന്നു -അത് രൗദ്രം, അത് ഹാസ്യം, അത് ബീഭത്സം… എന്നിങ്ങനെ. ഈ രസങ്ങളുടെ ഘോഷയാത്രയ്ക്കിടെ അമ്പാടിയില്‍ നിന്ന് മധുരയിലെത്തിയ ശ്രീകൃഷ്ണന്‍ കംസനെ വധിച്ചു. അസംഖ്യം കഥാപാത്രങ്ങള്‍ ഇതിനിടെ വന്നുപോയി.

ദേവകിയുടെ എട്ടാമത്തെ പുത്രന്‍ തന്നെ വധിക്കുമെന്ന് കംസനറിയാമായിരുന്നു. അമ്പാടിയിലുള്ള അവനെ നിഗ്രഹിക്കാന്‍ പഠിച്ച പണി പതിനെട്ടും കംസന്‍ പയറ്റിയിട്ടും വിജയിച്ചില്ല. ഒടുവില്‍ കംസന്‍ അമ്പാടിയിലേക്ക് അക്രൂരനെ അയയ്ക്കുകയാണ്. ധനുര്‍യാഗം കാണാനെന്ന വ്യാജേന ശ്രീകൃഷ്ണനെയും ബലരാമനെയും മധുരയിലേക്ക് ക്ഷണിക്കാന്‍.

ക്ഷണം സ്വീകരിച്ച് മധുരയിലെത്തി ധനുശ്ശാലയില്‍ കടന്ന ആ ബാലന്മാര്‍ അവിടെയുള്ള വലിയ വില്ല് ഒടിച്ചുകളഞ്ഞു. കുവലയപീഡമെന്ന മദയാനയെ തച്ചുകൊന്ന ശേഷം അവന്റെ കൊമ്പുകള്‍ പറിച്ചെടുത്തു. കൃഷ്ണനും രാമനും ഓരോ കൊമ്പു വീതം കൈയിലെടുത്ത് കംസന്റെ സഭയിലേക്കു കടന്നു.

രാമകൃഷ്ണന്മാരെ കണ്ട് സഭയിലുണ്ടായിരുന്നവര്‍ പല വിധത്തിലാണ് പ്രതികരിച്ചത്. കംസന്റെ ആശ്രിതന്മാരായ മല്ലന്മാര്‍ ആ കുട്ടികളെ രൗദ്രഭാവത്തില്‍ നോക്കി. അവരെ ഇടിച്ചുകൊല്ലാന്‍ മുഷ്ഠികള്‍ ചുരുട്ടി. എന്നാല്‍, മറുഭാഗത്ത് രാജകുമാരന്മാരെപ്പോലെ ശോഭിക്കുന്ന ദേവബാലന്മാരെ കണ്ട മഥുരയിലെ മാന്യന്മാരായ പ്രജകള്‍ അത്ഭുതം കൂറി.

കൃഷ്ണനെ സ്ത്രീകള്‍ കാമദേവനായാണ് കണ്ടത്. പരമശിവന്‍ കാമനെ നേത്രാഗ്നിയില്‍ ദഹിപ്പിച്ചു എന്നു പറയുന്നത് കള്ളമാണെന്ന് അവര്‍ക്കു തോന്നി. അനുരാഗത്തോടു കൂടിയുള്ള അവരുടെ കടാക്ഷത്തില്‍ ശൃംഗാരമായിരുന്നു. അതേസമയം, കൃഷ്ണനെ കണ്ട് ഇമവെട്ടാതെ നോക്കി നില്‍ക്കുന്ന ജനങ്ങളെ ഗോപന്മാര്‍ കളിയാക്കി. അവര്‍ക്കത് ഹാസ്യമായി.

കംസന്റെ കൂട്ടുകാരായ രാജാക്കന്മാര്‍ പ്രതാപത്തില്‍ ഞെളിഞ്ഞിരുന്നു. രാമകൃഷ്ണന്മാരെ പിടിച്ചുകെട്ടി കൊണ്ടുവരാന്‍ ആജ്ഞാപിച്ച അവര്‍ വീരം പ്രകടമാക്കി. എന്നാല്‍, കൃഷ്ണന്‍ വരുന്നതു കണ്ട് അമ്മയായ ദേവകിയുടെ മുല ചുരന്നു. അവനെ വാരിപ്പുണരാന്‍ മുന്നോട്ടാഞ്ഞപ്പോഴാണ് എന്തിനും തയ്യാറായി നില്‍ക്കുന്ന മല്ലന്മാരെ അവര്‍ കണ്ടത്. തന്റെ മകന് ആപത്തൊന്നും വരുത്തരുതേ എന്ന് കരുണ ഭാവത്തില്‍ ദേവകി പ്രാര്‍ത്ഥിച്ചു.

കുവലയപീഡത്തെ രാമകൃഷ്ണന്മാര്‍ കൊന്നതറിഞ്ഞ കംസന്‍ പരിഭ്രാന്തനായിരുന്നു. കൃഷ്ണന്‍ വരുന്നതു കണ്ട് തന്റെ അന്ത്യമടുത്തോ എന്നു ചിന്തിച്ച അദ്ദേഹം ഭയന്നു വിറച്ചു. കൃഷ്ണന്റെ മഹത്വമറിയാത്ത സാധാരണക്കാര്‍ അവരെ മല്ലന്മാര്‍ കൊല്ലുന്നത് കാണണ്ട എന്നു കരുതി മാറിനിന്നു. അവരുടെ മുഖത്ത് തെളിഞ്ഞത് ബീഭത്സഭാവം.

കൃഷ്ണന്റെ മഹത്വമറിയാവുന്ന യോഗിമാര്‍ ഭഗവാനെ കണ്ട ജന്മസാഫല്യത്തോടെ ശാന്തരായിരുന്നു. കൃഷ്ണനെ കണ്ട യാദവര്‍ കുലദൈവത്തെ കണ്ടെന്ന പോലെ ഭക്തിപരവശരായി.

സഭയിലെത്തിയ ബാലന്മാരെ മല്ലന്മാര്‍ വെല്ലുവിളിച്ചു. തുടര്‍ന്നുള്ള പോരാട്ടത്തില്‍ ബലരാമന്‍ മുഷ്ടികനെയും കൃഷ്ണന്‍ ചാണൂരനെയും കീഴ്‌പെടുത്തി കഥകഴിച്ചു. വര്‍ദ്ധിതവീര്യത്തോടെ കൃഷ്ണന്‍ കംസനു നേരെ തിരിഞ്ഞു. കംസന്‍ ഏഴുനില മാടത്തിനു മുകളിലായിരുന്നു.

ചാടിച്ചെന്ന കൃഷ്ണന്‍ ആദ്യം കംസന്റെ കൈയിലെ ആയുധങ്ങള്‍ പിടിച്ചെടുത്ത് വലിച്ചെറിഞ്ഞു. കംസനെ തള്ളി താഴെയിട്ടു. നെഞ്ചില്‍ കയറിയിരുന്ന് കഴുത്തുഞെരിച്ചു. ഒടുവില്‍ കംസന്റെ തല കുഞ്ഞിക്കൈകളാല്‍ പറിച്ചെടുത്ത് വലിച്ചെറിഞ്ഞു. കംസന്റെ പിടയുന്ന ശരീരത്തില്‍ കൃഷ്ണന്‍ ആനന്ദനൃത്തം ചവിട്ടിയപ്പോള്‍ ആകാശത്തുനിന്ന് ദേവകളുടെ പുഷ്പവൃഷ്ടി.

ടാഗോര്‍ തിയേറ്ററിലെ വേദിയില്‍ കൃഷ്ണന്റെ അവതാരലക്ഷ്യം പൂര്‍ത്തിയാവാന്‍ ആവശ്യമായി വന്നത് 2 മണിക്കൂര്‍. വളരെ സമ്പുഷ്ടമായൊരു വിരുന്നുണ്ട പ്രതീതി. പക്ഷേ, ഈ സമ്പുഷ്ടിയെല്ലാം സൃഷ്ടിച്ചത് ഒരെയൊരു വ്യക്തി –കലാമണ്ഡലം സിന്ധു. നങ്ങ്യാര്‍കൂത്തിന്റെ യഥാര്‍ത്ഥ ഓജസ്സും തേജസ്സും പ്രകടമാക്കിയ കലാപ്രകടനം.

കലാമണ്ഡലം സിന്ധു

നങ്ങ്യാര്‍കൂത്തിലെ വളരെ അപൂര്‍വ്വമായ അവതരണമാണ് കംസവധം. എല്ലാ രസങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. കുലശേഖരവര്‍മ്മന്റെ രചനയ്ക്ക് സിന്ധു തന്നെയാണ് ദൃശ്യഭാഷ്യം ചമച്ചത്. മിഴാവില്‍ കലാമണ്ഡലം രതീഷ് ഭാസും കലാമണ്ഡലം ശിവപ്രസാദും അകമ്പടിയൊരുക്കി. ഇടയ്ക്കയില്‍ സിന്ധുവിന്റെ സഹപാഠി കൂടിയായ കലാമണ്ഡലം അരുണ്‍. താളമൊരുക്കിയ മാര്‍ഗി അമൃത കൂടിയായതോടെ സംഘം പൂര്‍ണ്ണമായി.

തിയേറ്റര്‍ ഒളിമ്പിക്‌സിന്റെ ഭാഗമായാണ് കലാമണ്ഡലം സിന്ധുവിന്റെ നങ്ങ്യാര്‍കൂത്ത് അരങ്ങേറിയത്. ഏറെക്കാലത്തിനു ശേഷമാണ് ഞാന്‍ നങ്ങ്യാര്‍കൂത്ത് കണ്ടത്. പക്ഷേ, ഇത്തവണ വളരെ ഹൃദ്യമായിരുന്നു. വളരെ ശാന്തമായ അന്തരീക്ഷത്തില്‍ ശ്രദ്ധ ഒട്ടും പാളാതെ നല്ല കലാബോധമുള്ള ആസ്വാദകര്‍ക്കിടയില്‍ ശരിക്കും പുതിയൊരനുഭവം.

കേരളത്തില്‍ നടക്കുന്ന ഒരു അന്താരാഷ്ട്ര മേളയില്‍ കേരളത്തിന്റെ തന്നെ കലാരൂപം അവതരിപ്പിക്കുന്നത് എന്തിനെന്ന് പരിപാടിക്കു മുമ്പ് ചിലരൊക്കെ ചര്‍ച്ച ചെയ്യുന്നതു കേട്ടു. കേരളത്തില്‍ ഏത് അന്താരാഷ്ട്ര മേള നടന്നാലും ഒരു ദിവസം നമ്മുടെ ഏതെങ്കിലുമൊരു കലാരൂപം നിര്‍ബന്ധമായും അവതരിപ്പിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. കൂത്തിനു ശേഷം നടന്ന ആശയവിനിമയത്തില്‍ പങ്കെടുത്ത പല പ്രേക്ഷകരും പറഞ്ഞത് തങ്ങള്‍ ആദ്യമായാണ് നങ്ങ്യാര്‍കൂത്ത് കാണുന്നത് എന്നാണ്. ഇതു തന്നെയാണ് ഉചിതമായ മറുപടി എന്നു ഞാന്‍ കരുതുന്നു.

അടുത്തിടെ കേരളത്തിലെത്തിയ നാടകാചാര്യന്‍ കെ.ജി.കൃഷ്ണമൂര്‍ത്തി വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞിരുന്നു -കേരളത്തിലെ സംവിധായകരെല്ലാം അന്യനാടുകളിലെ വേദികള്‍ ലക്ഷ്യമാക്കി നാടകം ചെയ്യുന്നതിനാലാണ് ഇവിടെ നാടകം പച്ചപിടിക്കാത്തതെന്ന്. കേരളത്തിലെ നാടകം വളരണമെങ്കില്‍ കേരളത്തില്‍ കൂടുതല്‍ വേദികളുണ്ടാവണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. റഷ്യയിലും ജപ്പാനിലുമൊക്കെ നടന്ന അന്താരാഷ്ട്ര മേളകളില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചിട്ടുള്ള സിന്ധു ഇന്ത്യയില്‍ നടക്കുന്ന ഒരു അന്താരാഷ്ട്ര മേളയില്‍ പങ്കാളിയാവുന്നത് ആദ്യമായാണ്.

നങ്ങ്യാര്‍കൂത്ത് കാണണമെന്നും മനസ്സിലാക്കണമെന്നും ആഗ്രഹമുള്ള ധാരാളം പേരുണ്ട്. അവര്‍ക്ക് അതിനുള്ള അവസരം നല്‍കിയാല്‍ മാത്രമേ നങ്ങ്യാര്‍കൂത്ത് നിലനില്‍ക്കുകയുള്ളൂ. തിരുവനന്തപുരം മാര്‍ഗിയില്‍ എല്ലാ മാസവും 4 ദിവസത്തെ അവതരണം ഉണ്ടാവാറുണ്ട്. എത്രപേര്‍ക്ക് അതിനെക്കുറിച്ച് അറിയാമെന്നത് സംശയമാണ്. ടാഗോര്‍ തിയേറ്ററില്‍ തന്റെ പ്രകടനം കാണാനെത്തിയവരോടെല്ലാം സിന്ധു പറഞ്ഞു, മാര്‍ഗിയിലേക്കു വരാന്‍.

നങ്ങ്യാര്‍കൂത്ത് കണ്ട് മനസ്സ് നിറഞ്ഞതിനാല്‍ ടാഗോര്‍ തിയേറ്ററിലിരുന്നു തന്നെ സിന്ധുവിന് സന്ദേശമയച്ചിരുന്നു ‘അത്ഭുതപ്പെടുത്തിയതിന് നന്ദി’. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് വിനയപൂര്‍വ്വമുള്ള സിന്ധുവിന്റെ മറുപടി ചോദ്യരൂപത്തില്‍ വന്നത് -‘മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവോ?’ എനിക്ക് ഇത്രയേ പറയാനുണ്ടായിരുന്നുള്ളൂ -‘മനസ്സിലാക്കാന്‍ ബുദ്ധിമുട്ടിയാല്‍ അത്ഭുതപ്പെടില്ലല്ലോ!!!’

തന്റെ പരിപാടി കാണാന്‍ ഇത്രയും പേര്‍ വരുമെന്നോ ഇത്രയും ആസ്വദിക്കുമെന്നോ സിന്ധു യഥാര്‍ത്ഥത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല. എല്ലായ്‌പ്പോഴും പ്രതീക്ഷയ്ക്കപ്പുറത്തേക്കു വളരുന്നതാണല്ലോ കല! ഈ കലയെ സ്‌നേഹിക്കാന്‍ ഒരുപാടു പേരുണ്ട്. കല സപര്യയാക്കിയ സിന്ധുവിനെപ്പോലുള്ളവര്‍ക്ക് തീര്‍ച്ചയായും തലയുയര്‍ത്തി നില്‍ക്കാം.

Previous articleരാജ്യദ്രോഹം നാടകമല്ല
Next articleകടലും മനസ്സും കീഴടക്കിയ കിഴവന്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here