HomePOLITYസമരകലുഷിതമായ ...

സമരകലുഷിതമായ നിയമസഭ

-

Reading Time: 9 minutes

ജനാധിപത്യം പ്രഹസനമാക്കപ്പെടുമ്പോള്‍ സമാനതകളില്ലാത്ത പ്രതിഷേധം ആവശ്യമായി വരും. പക്ഷേ, പലപ്പോഴും പ്രതിഷേധത്തെ അക്രമമായി മുദ്രകുത്തി മാറ്റി നിര്‍ത്തുമ്പോള്‍ ആ പ്രതിഷേധത്തിനു കാരണമായ വലിയ വിഷയം തമസ്കരിക്കപ്പെടും. കുതിരക്കച്ചവടം നടത്തി അട്ടിമറി സാദ്ധ്യമാക്കുന്നതിനെ ചോദ്യം ചെയ്തുള്ള പ്രതിഷേധം അല്പം അതിരുവിട്ടാല്‍ പിന്നെ ചര്‍ച്ച അതിരുവിട്ട പ്രതിഷേധത്തെക്കുറിച്ചു മാത്രമാകും. അതിലുമേറെ പ്രാധാന്യമുള്ള കുതിരക്കച്ചവടം എന്ന പ്രശ്നം പിന്നിലേക്കു ബോധപൂര്‍വ്വം തള്ളപ്പെടും. അഴിമതി ചോദ്യം ചെയ്തുള്ള പ്രതിഷേധം മാത്രം വലിയ ചര്‍ച്ചാവിഷയമാക്കി അഴിമതി എന്ന വലിയ വിഷയം മുക്കിക്കളയും.

ജനാധിപത്യപരമായ പ്രതിഷേധവും പ്രതിരോധവും അതിരുവിടുന്നത് ഒട്ടും അഭികാമ്യമല്ല തന്നെ. പക്ഷേ, പലപ്പോഴും അത്തരം അതിരുവിടല്‍ സംഭവിക്കുന്നത് അധികാരത്തിലുള്ളവരുടെ ദുഷ്ചെയ്തികളുടെ ഫലമാണ്. കുറഞ്ഞപക്ഷം നിയമസഭകള്‍ക്കുള്ളിലെങ്കിലും അത് അങ്ങനെ തന്നെയാണ്. ഇത്തരത്തില്‍ നിയമസഭകള്‍ക്കുള്ളില്‍ ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ അവിടെത്തന്നെ തീര്‍പ്പാക്കുക എന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ നിലനില്പിന് ആവശ്യമാണ്. കഴിഞ്ഞ നാലര ദശകത്തിനിടെ രാജ്യത്തെ വിവിധ നിയമനിര്‍മ്മാണ സഭകളില്‍ അരങ്ങേറിയ അനലഭിഷണീയ സംഭവവികാസങ്ങള്‍ കൈകാര്യം ചെയ്ത രീതി വിലയിരുത്തിയാല്‍ ഇതു മനസ്സിലാവും.

1988ല്‍ തമിഴ്നാട് നിയമസഭയില്‍ നടന്ന ലാത്തിച്ചാര്‍ജ്ജ്

1988 ജനുവരി 28. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.രാമചന്ദ്രന്‍ അന്തരിച്ചിട്ട് ഒരു മാസം കഴിഞ്ഞ സമയം. എം.ജി.ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനാണ് മുഖ്യമന്ത്രി സ്ഥാനത്തെ പകരക്കാരി. അന്ന് രാജ്യസഭാംഗമായിരുന്ന ജെ.ജയലളിതയുമായി അണ്ണാ ഡി.എം.കെയില്‍ അധികാരത്തര്‍ക്കം നിലനില്‍ക്കുന്നു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു മുഖ്യമന്ത്രി ജാനകി. അണ്ണാ ഡി.എം.കെയിലെ ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണ അവര്‍ക്കായിരുന്നു താനും. എന്നാല്‍, പതിനൊന്നാം മണിക്കൂറില്‍ വിവരം വരുന്നു പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ജാനകി സര്‍ക്കാരിനോട് താല്പര്യമില്ലെന്ന്. 63 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ് പക്ഷത്തുനിന്ന് എം.എല്‍.എമാരെ വലിക്കാന്‍ അണ്ണാ ഡി.എം.കെ. ശ്രമിക്കുന്നു എന്ന വിവരം ലഭിച്ചതായിരുന്നു രാജീവിന്റെ മനംമാറ്റത്തിനു കാരണം. വിശ്വാസവോട്ടിനായി സഭ ചേര്‍ന്നയുടനെ സ്പീക്കര്‍ പി.എച്ച്.പാണ്ഡ്യന്‍ ഒരു കാര്യം പ്രഖ്യാപിച്ചു -അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ‘ഫോണിലൂടെ’ രാജിവിവരം തന്നെ അറിയിച്ചുവെന്ന്.

1988ല്‍ തമിഴ്നാട് നിയമസഭയില്‍ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ എം.എല്‍.എമാര്‍

തുടര്‍ന്നു നടന്ന നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ അണ്ണാ ഡി.എം.കെയിലെ രണ്ടു ചേരികളിലുംപെട്ട എം.എല്‍.എമാര്‍ കൈയില്‍ കിട്ടിയതെല്ലാമെടുത്ത് പരസ്പരം ആക്രമിച്ചു. മൈക്കുകളും കസേരകളും പാറിനടന്നു. സന്ദര്‍ശക ഗ്യാലറിയിലുണ്ടായിരുന്ന ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ വരെ സഭയ്ക്കുള്ളിലേക്കു കസേരകള്‍ വലിച്ചെറിഞ്ഞു. പുറത്തുനിന്നുള്ളവരും സഭയ്ക്കുള്ളിലേക്ക് ഇരച്ചുകയറി അടിപിടിയില്‍ പങ്കാളിയായി. ഒരു മണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിന്നു. ഒടുവില്‍ ചെന്നൈ കമ്മീഷണര്‍ വാള്‍ട്ടര്‍ ദേവാരത്തിന്റെ നേതൃത്വത്തില്‍ പൊലീസ് നിയമസഭയ്ക്കുള്ളില്‍ കടന്ന് ലാത്തിച്ചാര്‍ജ്ജ് നടത്തി രംഗം ശാന്തമാക്കി. അങ്ങനെ 235 അംഗ നിയമസഭയെ താനടക്കം 111 പേരാക്കി ചുരുക്കിയ സ്പീക്കര്‍ പാണ്ഡ്യന്‍ സര്‍ക്കാരിന് ഭൂരിപക്ഷം ഉറപ്പാക്കി, ചരിത്രത്തില്‍ സ്ഥാനം നേടി.

ഇതൊരു തുടക്കം മാത്രമായിരുന്നു തമിഴ്നാട്ടില്‍. 1989 മാര്‍ച്ച് 25ന് തമിഴ്നാട് നിയമസഭയില്‍ അരങ്ങേറിയ സംഭവവികാസങ്ങള്‍ എല്ലാത്തിനെയും കവച്ചുവെച്ചു. അന്ന് ബജറ്റ് അവതരിപ്പിക്കുന്ന ദിവസമായിരുന്നു. ധനവകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി എം.കരുണാനിധിക്കായിരുന്നു അതിന്റെ ഉത്തരവാദിത്വം. സഭാനടപടികള്‍ തുടങ്ങിയപാടെ പ്രതിപക്ഷ നേതാവ് ജയലളിത അവകാശലംഘന നോട്ടീസുമായി എഴുന്നേറ്റു. തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്നും തന്നോട് അപമര്യാദയായി പെരുമാറാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നുവെന്നും അവര്‍ ആരോപിച്ചു. ഇത്തരത്തില്‍ ക്രിമിനല്‍ നടപടികളില്‍ ഏര്‍പ്പെടുന്ന ഒരാളെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ജയയുടെ വാദം. രംഗം കൈവിട്ടുപോകാതിരിക്കാന്‍ സ്പീക്കര്‍ തമിഴ്കുടിമകന്‍ പരിശ്രമിച്ചുവെങ്കിലും കരുണാനിധി മറുപടിപ്രസംഗത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ജയലളിതയെ കുപിതയാക്കി. ഇതിനിടെ അണ്ണാ ഡി.എം.കെ. അംഗം കെ.എ.ശെങ്കോട്ടയ്യന്‍ ഓടിച്ചെന്ന് മുഖ്യമന്ത്രിക്കു മുന്നിലുണ്ടായിരുന്ന മേശ തള്ളിമറിക്കാന്‍ ശ്രമിച്ചു. അവിടെ കരുണാനിധി അടിതെറ്റി വീണു. ഉടനെ മൈക്കുകള്‍ വലിച്ചൂരിയെടുത്ത് പരസ്പരം ആക്രമിച്ചും പേപ്പര്‍ വെയ്റ്റുകള്‍ വലിച്ചെറിഞ്ഞും ഫയലുകളും കടലാസുകളും കീറി കാറ്റില്‍പ്പറത്തിയും ഇരുപക്ഷവും പൊരിഞ്ഞ പോരിലായി.

സംഘര്‍ഷത്തില്‍ മന്ത്രി വീരപാണ്ടി എസ്.അറുമുഖത്തിന്റെ തല അടിയേറ്റ് പിളര്‍ന്നു. ഇതിനിടെ സഭയില്‍ നിന്നു പുറത്തിറങ്ങാന്‍ ശ്രമിച്ച ജയലളിതയെ മന്ത്രി ദുരൈ മുരുകന്‍ സാരിയില്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചത് അനാവശ്യ സംഭവവികാസങ്ങള്‍ക്കിടയാക്കി. പുറത്തെക്കിറങ്ങാന്‍ ശ്രമിച്ച തന്റെ സാരിയില്‍ മന്ത്രി പിടിച്ചുവലിച്ചുവെന്നും മുന്താണിയിലെ പിന്‍ പൊട്ടി തനിക്കു മുറിവുണ്ടായെന്നും അക്ഷരാര്‍ത്ഥത്തില്‍ വസ്ത്രാക്ഷേപം നടത്തുകയായിരുന്നുവെന്നും ജയലളിത ആരോപിച്ചു. ജയലളിതയുടെ നിര്‍ദ്ദേശപ്രകാരം ശെങ്കോട്ടയ്യന്‍ തന്റെ മുഖത്തിടിച്ച് കണ്ണാടി പൊട്ടിച്ചുവെന്ന് കരുണാനിധി ആരോപിച്ചു. പിന്നീട് പലവട്ടം തമിഴ്നാട് നിയമസഭ പല വിധത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

1997 ഒക്‌ടോബര്‍ 22ന് സംഘര്‍ഷ വേദി ഉത്തര്‍പ്രദേശ് നിയമസഭയായിരുന്നു. കല്യാണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. മന്ത്രിസഭയാണ് അധികാരത്തില്‍. അന്ന് 12 മണിക്ക് സഭാ സമ്മേളനം ആരംഭിച്ചപാടെ ബഹളവും തുടങ്ങി. സര്‍ക്കാര്‍ വിശ്വാസം തെളിയിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് പ്രമോദ് തിവാരി സഭയുടെ നടുത്തളത്തിലിറങ്ങി. ഒരു സംഘം ബി.എസ്.പി. എം.എല്‍.എമാര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. അവരിലൊരാള്‍ സ്പീക്കറുടെ ഇരിപ്പിടത്തിനു നേര്‍ക്ക് ഒരു മൈക്ക് വലിച്ചെറിഞ്ഞു. അടിപൊട്ടാന്‍ വേറൊന്നും വേണ്ടിയിരുന്നില്ല. അതോടെ മൈക്ക് സ്റ്റാന്‍ഡുകള്‍ വലിച്ചെടുത്ത് ഭരണ -പ്രതിപക്ഷങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. പേപ്പര്‍ വെയ്റ്റുകളും മറ്റു സാധനസാമഗ്രികളുമൊക്കെ പറന്നു നടന്നു. സ്പീക്കര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒടുവില്‍ ആംബുലന്‍സ് എത്തിയാണ് എം.എല്‍.എമാരെ ആശുപത്രിയിലാക്കിയത്. ഇന്ത്യന്‍ നിയമനിര്‍മ്മാണ സഭകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഘര്‍ഷമായിരിക്കും ഇതെന്നു പറയപ്പെടുന്നു.

നിയമസഭയിലെ സംഘര്‍ഷങ്ങളുടെ ചരിത്രം നോക്കിയാല്‍ ഇനിയുമേറെ പറയാനുണ്ട്. 2007 സെപ്റ്റംബര്‍ 14 ന് ഡല്‍ഹി നിയമസഭയിലെ ഒരു കോണ്‍ഗ്രസ്സ് അംഗം ബി.ജെ.പിയുടെ ചീഫ് വിപ്പിനെ തല്ലി. 2009 ഡിസംബര്‍ 10ന് മഹാരാഷ്ട്ര നിയമസഭയിലെ ഒരംഗം മറ്റൊരംഗത്തെ തല്ലി. സത്യപ്രതിജ്ഞാ വാചകം മറാഠിയില്‍ ചൊല്ലാതെ ഹിന്ദിയില്‍ ചൊല്ലി എന്ന കാരണം പറഞ്ഞാണ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അംഗം സമാജ്‌വാദി അംഗത്തെ സഭയ്ക്കുള്ളില്‍ വെച്ചു തന്നെ ആക്രമിച്ചത്. 2011 ഡിസംബറില്‍ ഒഡീഷ നിയമസഭയിലെ ബിജു ജനതാദളുകാരനായ സ്പീക്കര്‍ക്കു നേരെ കോണ്‍ഗ്രസ്സിന്റെ ഒരംഗം കസേര എറിഞ്ഞു.

2013ല്‍ തമിഴ്‌നാട് നിയമസഭയില്‍ ഡി.എം.ഡി.കെയില്‍പ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തല്ലി. റിബല്‍ അംഗമായ ഒരാള്‍ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചതായിരുന്നു കാരണം. 2014ല്‍ തെലങ്കാന രൂപവത്കരണ ബില്‍ അവതരണ സമയത്ത് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്സ് നേതാവ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. 2017 മേയില്‍ ഡല്‍ഹി നിയമസഭയിലെ എ.എ.പി. അംഗത്തെ മറ്റ് എ.എ.പി. അംഗങ്ങള്‍ തന്നെ സഭയില്‍ നിന്നു വലിച്ചിഴച്ചു പുറത്താക്കുന്ന സാഹചര്യമുണ്ടായി. 2019 ഡിസംബറില്‍ മഹാരാഷ്ട്ര നിയമസഭയില്‍ ബി.ജെ.പി. -ശിവസേന അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.

2021 മാര്‍ച്ച് 23 ന് ബിഹാറിലെ പ്രതിപക്ഷ എം.എല്‍.എമാര്‍ ബി.ജെ.പിക്കാരനായ സ്പീക്കറെ ചേംബറില്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അവരെ ബലമായി നീക്കം ചെയ്തു. ഉന്തിലും തള്ളിലും പെട്ട് ആര്‍.ജെ.ഡിയിലെ ഒരു എം.എല്‍.എയ്ക്ക് പരിക്കേറ്റു. ഇക്കഴിഞ്ഞ ജൂലൈ 6ന് മഹാരാഷ്ട്ര അസംബ്ലിയില്‍ ബി.ജെ.പി. എം.എല്‍.എമാര്‍ സ്പീക്കറുടെ ചേംബറിലെത്തി കയ്യാങ്കളി നടത്തി. ഇതേത്തുടര്‍ന്ന് 12 ബി.ജെ.പി. എം.എല്‍.എമാരെ നിയമസഭയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.

കേരള നിയമസഭയില്‍ സ്പീക്കറുടെ കസേര മറിച്ചിട്ടതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. എന്നാല്‍ സ്പീക്കറെ തന്നെ ചുമന്നുമാറ്റിയവരുണ്ട്.
അധികം പഴയതൊന്നുമല്ല. 2020 ഡിസംബര്‍ 15നായിരുന്നു സംഭവം. കര്‍ണ്ണാടക നിയമസഭയാണ് വേദി. കോണ്‍ഗ്രസ്സുകാരും ബി.ജെ.പിക്കാരും തമ്മില്‍ പൊരിഞ്ഞ അടി. ബി.ജെ.പിക്കാരനായ സ്പീക്കറെ തന്നെ കോണ്‍ഗ്രസ്സുകാര്‍ ചുമന്നുമാറ്റി. കര്‍ണ്ണാടകത്തിലെ സ്പീക്കറെക്കാള്‍ വലുതാണ് കേരളത്തിലെ സ്പീക്കറുടെ കസേര!!!

കേരള നിയമസഭയില്‍ 2015 മാര്‍ച്ച് 13ന് നടന്ന പ്രതിഷേധങ്ങളും മറ്റു സംഭവവികാസങ്ങളും മറ്റു പലയിടത്തും നടന്നതും നടന്നുകൊണ്ടിരിക്കുന്നതും പോലെ തന്നെയാണ്. യു.ഡി.എഫ്. സര്‍ക്കാരിന്റെ അഴിമതികളില്‍ പ്രതിഷേധിച്ച് ബജറ്റ് അവതരണം നടത്താന്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. തന്ത്രങ്ങളുമായി ഇരുപക്ഷവും തലേദിവസം നിയമസഭാ മന്ദിരത്തില്‍ തന്നെ തങ്ങി. സംഭവദിവസം രാവിലെ പതിവുപോലെ സ്പീക്കര്‍ എന്‍.ശക്തന്‍ സഭയിലേക്ക് എത്തി. സ്പീക്കറെ തടഞ്ഞാല്‍ ബജറ്റ് അവതരണം തന്നെ തടയാം എന്ന ധാരണയിലായിരിക്കണം പ്രതിപക്ഷം സ്പീക്കറുടെ ഡയസ് ലക്ഷ്യമിട്ടു. അദ്ദേഹത്തെ വേദിയിലെത്താന്‍ അവര്‍ സമ്മതിച്ചില്ല.

സ്പീക്കര്‍ വേദിയിലെത്തുന്നതു തടയാന്‍ എല്‍.ഡി.എഫ്. എം.എല്‍.എമാരുടെ ശ്രമം

ഈ സമയത്ത് ഭരണപക്ഷ ബെഞ്ചിന്റെ പിന്‍ഭാഗത്തൂടെ ധനമന്ത്രി കെ.എം.മാണി എത്തി. അപ്പോഴേക്കും വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായത്തോടെ തന്റെ ഡയസിലെത്തിയ സ്പീക്കര്‍ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രിക്ക് ആംഗ്യത്തിലൂടെ നിര്‍ദ്ദേശം നല്‍കി. സാധാരണനിലയില്‍ മുഖ്യമന്ത്രിയുടെ അടുത്ത് രണ്ടാമത്തെ കസേരയിലാണ് ബജറ്റ് അവതരണം. പക്ഷേ, പിന്‍വാതിലിലൂടെ കടന്നുവന്ന് സഭയുടെ ഒരു മൂലയില്‍ നിന്നായിരുന്നു ഇത്തവണ ധനമന്ത്രി ബജറ്റ് വായിച്ചത്. ആമുഖം വായിച്ച ശേഷം അദ്ദേഹം ബജറ്റ് സഭയുടെ മേശപ്പുറത്തുവെച്ചു.

നിയമസഭയുടെ പിന്‍നിരയില്‍ നിന്ന് ധനമന്ത്രി കെ.എം.മാണി ബജറ്റ് വായിക്കുന്നു

ഈ സമയത്ത് ഭരണപക്ഷ നിരയിലേക്കു കടന്നുകയറി ബജറ്റ് അവതരണം തടയാന്‍ ശ്രമിച്ച പ്രതിപക്ഷത്തെ വനിതാ അംഗങ്ങള്‍ക്കു നേരെ കൈയേറ്റമുണ്ടായി. പ്രധാനമായും ജമീല പ്രകാശത്തിനു നേരെ കെ.ശിവദാസന്‍ നായരുടെ കൈയേറ്റമാണ് പ്രശ്നത്തിനു കാരണമായത്. ശിവദാസന്‍ നായരുടെ പിടിയില്‍ നിന്നു കുതറിമാറുന്നതിനായി ജമീല അദ്ദേഹത്തിന്റെ കൈയില്‍ കടിച്ചു. ഇത് കടുത്ത വാഗ്വാദത്തിലേക്കും വാക്കേറ്റത്തിലേക്കും നയിച്ചു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. പ്രതിപക്ഷം കുപിതരായി. സ്പീക്കറുടെ കസേര ഡയസില്‍ നിന്നു താഴേക്കു മറിച്ചിട്ടു. അവിടെയുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ പറപറന്നു. മൈക്കില്ലാതെയാണ് മാണി അന്നു തന്‍റെ ലഘുപ്രസംഗം നടത്തിയത്. പതിമൂന്നാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തില്‍ മാണിയുടെ പതിമുന്നാം ബജറ്റ് അങ്ങനെ ചരിത്രത്തില്‍ ഇടംനേടി.

നിയമസ‌ഭയില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി പ്രതിപക്ഷത്തെ അഞ്ച് എം.എല്‍.എമാര്‍ക്കെതിരെ സ്പീക്കര്‍ ശിക്ഷാനടപടി സ്വീകരിച്ചു. ഇ.പി.ജയരാജന്‍, വി.ശിവന്‍കുട്ടി, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, കെ.ടി.ജലീല്‍ എന്നിവരെ ആ സമ്മേളനകാലയളവ് പൂര്‍ത്തിയാവും വരെ സസ്പെന്‍ഡ് ചെയ്യാനായിരുന്നു തീരുമാനം. അതേസമയം തങ്ങളെ കൈയേറ്റം ചെയ്ത ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷത്തെ വനിതകള്‍ ആവശ്യമുന്നയിച്ചുവെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. ശിവദാസന്‍ നായരെ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വിശേഷിപ്പിച്ചത് ദുശ്ശാസനന്‍ നായരെന്നാണ്. സ്പീക്കര്‍ നിയമസഭയില്‍ നീതി ലഭ്യമാക്കിയില്ല എന്ന ആക്ഷേപവുമായി വനിതാ എം.എല്‍.എമാര്‍ വിഷയം കോടതിക്കു മുന്നിലെത്തിച്ചു. വിഷയത്തില്‍ മജിസ്ട്രേറ്റ് കോടതി നേരിട്ട് കേസെടുത്തു. ഭരണപക്ഷത്തെ കെ.ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, എം.എ.വാഹിദ്, എ.ടി.ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് കോടതി നേരിട്ട് കേസെടുത്തത്.

എല്‍.ഡി.എഫിലെ ജമീല പ്രകാശത്തെ യു.ഡി.എഫിലെ കെ.ശിവദാസന്‍ നായര്‍ കൈയേറ്റം ചെയ്തപ്പോള്‍

ഇതിനു പ്രതികാരമായി പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി കേസെടുപ്പിച്ചു. സര്‍ക്കാര്‍ തീരുമാനമനുസരിച്ചാണ് നിയമസഭാ സെക്രട്ടറി മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ക്രൈം നമ്പര്‍ 236/2015 ആയി കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ പീനല്‍ കോഡിലെ 447, 427, 34 വകുപ്പുകള്‍ പ്രകാരവും പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിലെ 3(1) വകുപ്പ് പ്രകാരവുമാണ് കേസ്സെടുത്തത്. ഈ കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നായിരുന്നു ആദ്യ പരാതി. ഇതില്‍ മ്യൂസിയം പൊലീസ് ആദ്യഘട്ടത്തില്‍ ആരെയും പ്രതിയാക്കിയിരുന്നില്ല. പിന്നീട് പൊതുമരാമത്ത് വകുപ്പ് നടത്തിയ പരിശോധനയില്‍ രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നു വിലയിരുത്തി. വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച അന്വേഷണസംഘം വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെയും സഭയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം എം.എല്‍.എമാരായ ഇ.പി.ജയരാജന്‍, വി.ശിവന്‍കുട്ടി, കെ.അജിത്, സി.കെ.സദാശിവന്‍, കെ.കുഞ്ഞഹമ്മദ്, കെ.ടി.ജലീല്‍ എന്നിവരെ പ്രതിയാക്കി. സ്പീക്കറുടെ വേദിയില്‍ കയറി കമ്പ്യൂട്ടറും മൈക്കും കസേരയും നശിപ്പിച്ചതിലൂടെ രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുക്കാനുള്ള കാരണം പറഞ്ഞിരിക്കുന്നു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) കോടതിയില്‍ എഫ്.ഐ.ആര്‍ നല്‍കി. ഇതില്‍ രസകരമായ കാര്യം പൊലീസുകാര്‍ പ്രതിയാക്കിയ സദാശിവന്‍ സ്പീക്കര്‍ക്കു മുന്നില്‍ കുറ്റക്കാരനായിരുന്നില്ല. അതിനാല്‍ അദ്ദേഹത്തിനെതിരെ ശിക്ഷാനടപടിയുമുണ്ടായില്ല. അതിനാലാണ് സ്പീക്കറുടെ സസ്പെന്‍ഷന്‍ പട്ടികയില്‍ അഞ്ചു പേരും പൊലീസിന്റെ പ്രതിപ്പട്ടികയില്‍ ആറു പേരുമായത്.

1999ല്‍ തമിഴ്നാട് നിയമസഭയിലുണ്ടായ കൈയാങ്കളിക്കിടെ ഇടികൊണ്ടു മൂക്കുപൊട്ടിയ മന്ത്രി വീരപാണ്ടി അറുമുഖം

ഒരു എം.എല്‍.എയുടെ പേരിലും നിയമസഭയിലെ പ്രതിഷേധങ്ങളിലും പൊലീസ് ക്രിമിനല്‍ കേസ് എടുക്കുന്ന പതിവില്ല. 1999 മാര്‍ച്ച് 22ന് തമിഴ്നാട് നിയമസഭയിലുണ്ടായ സംഭവം മാത്രമാണ് അപവാദം. പക്ഷേ, അതിലും നടപടിയുണ്ടായത് സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരമാണ്. ബജറ്റ് ചര്‍ച്ചയ്ക്കിടെ അണ്ണാ ഡി.എം.കെ. അംഗമായ ആര്‍.താമരൈക്കനി കൃഷി മന്ത്രിയായ ഡി.എം.കെയുടെ വീരപാണ്ടി എസ്.അറുമുഖത്തിന്റെ മൂക്കിടിച്ചുപൊട്ടിച്ച് ചോര വീഴ്ത്തി. അതിന് 10 വര്‍ഷം മുമ്പ് ഉണ്ടായ സംഘര്‍ഷത്തില്‍ അടിയേറ്റ് തല പിളര്‍ന്ന അതേ വീരപാണ്ടി അറുമുഖം തന്നെ!! ഉടനെ തന്നെ താമരൈക്കനിയെ സസ്പെന്‍ഡ് ചെയ്ത സ്പീക്കര്‍ പി.ടി.ആര്‍.പളനിവേല്‍ രാജന്‍ എം.എല്‍.എ. എവിടെയാണെങ്കിലും പിടികൂടി ചെന്നൈ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനു മുമ്പാകെ ഹാജരാക്കാനും ഒരാഴ്ച തടവില്‍ പാര്‍പ്പിക്കാനും ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് വാറന്റ് പുറപ്പെടുവിച്ചു. അടുത്ത ദിവസം മാര്‍ച്ച് 23ന് താമരൈക്കനിക്ക് 15 ദിവസത്തെ തടവുശിക്ഷ നിയമസഭ തന്നെ വിധിക്കുകയും ചെയ്തു. ഈ വിഷയം പിന്നീട് കോടതിയും നിയമസഭയും തമ്മിലുള്ള പോരാട്ടമായി മാറുന്നതാണ് കണ്ടത്.

താമരൈക്കനി ജയില്‍മോചിതനായ ശേഷം

അണ്ണാ ഡി.എം.കെ. രാജ്യസഭാംഗമായ ഒ.എസ്.മണിയന്‍ താമരൈക്കനിക്കായി മദ്രാസ് ഹൈക്കോടതിയില്‍ രണ്ട് ഹേബിയസ് കോര്‍പസ് ഹര്‍ജികള്‍ ഫയല്‍ ചെയ്തു. ജസ്റ്റീസുമാരായ ടി.ജയരാമ ചൗതയും എസ്.തങ്കരാജും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുകയും രണ്ട് വെവ്വേറെ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തു. സ്പീക്കറുടെ വാറന്റ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് മാര്‍ച്ച് 23നും തടവുശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് 25നും പുറപ്പെടുവിച്ചു. മാര്‍ച്ച് 23ന്‍റെ വാറന്റ് റദ്ദാക്കല്‍ ഉത്തരവനുസരിച്ച് മാര്‍ച്ച് 24ന് താമരൈക്കനി മോചിതനായെങ്കിലും തടവുശിക്ഷാ പ്രമേയം ആധാരമാക്കി വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു. ഇതിനെതിരെയാണ് താമരൈക്കനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വീണ്ടും 25ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് കോടതിയും നിയമസഭയും തമ്മിലുള്ള പോരിലേക്കു കാര്യങ്ങള്‍ നീക്കി. പല തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിസന്ധിയില്‍ ചെറിയ അയവുണ്ടായി. കോടതിയുടെ അന്തിമവിധിക്കായി കാത്തിരിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞതോടെയാണ് വിഷയം തണുത്തത്.

ഇതില്‍ നിന്നെല്ലാം ഇന്ത്യയിലെ നിയമസഭകളുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു രീതി പിന്തുടരാനാണ് യു.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തില്‍ ശ്രമിച്ചതെന്ന് കാണാം. ഭരണഘടനയുടെ അനുഛേദം 105ഉം 194ഉം പാര്‍ലമെന്റിനും നിയമസഭകള്‍ക്കും അതിലെ അംഗങ്ങള്‍ക്കും ചില പ്രിവിലേജുകള്‍ നല്‍കിയിട്ടുണ്ട്. മറ്റു ഇടപെടലുകള്‍ കൂടാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന നിയമനിര്‍മ്മാണ സഭകള്‍ അവയ്ക്കുള്ളില്‍ നടക്കുന്ന ചില സംഭവങ്ങള്‍ ഭരണഘടനാനുസൃതമായി നിര്‍മ്മിച്ചിട്ടുള്ള ചട്ടങ്ങള്‍ വഴി പരിഹരിക്കുന്ന രീതിയാണ് പൊതുവില്‍ സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ പൊലീസ് ഇടപെടലുകളും കോടതി വ്യവഹാരങ്ങളും ഉണ്ടായാല്‍ അത് സഭയ്ക്കു ഗുണകരമാവില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നിയമസഭയുടെ പ്രിവിലേജുമായി ബന്ധപ്പെട്ട സംവിധാനത്തെ നിലനിര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിച്ചത് എന്ന വാദം അതിനാല്‍ത്തന്നെ നിലനില്‍ക്കും. ആര്‍ക്കെങ്കിലുമെതിരെ ഒരു കേസ് നിയമസഭയ്ക്കകത്തെ പ്രവര്‍ത്തനത്തിന്റെ പേരില്‍ എല്‍.ഡി.എഫ്. എടുത്തിട്ടില്ല.

ഒരു കാലഘട്ടത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയ പ്രക്ഷുബ്ദ്ധമായ അന്തരീക്ഷം ഉണ്ടാകുമ്പോള്‍ നടന്ന ചില സംഭവങ്ങള്‍ ആസ്പദമാക്കി എടുക്കുന്ന കേസുകള്‍ പൊതുതാല്പര്യം മുന്‍നിര്‍ത്തി പിന്‍വലിക്കാറുണ്ട്. കേസിലെ തെളിവുകളോ മറ്റു വിഷയങ്ങളോ കേസ് പിന്‍വലിക്കാന്‍ നല്‍കുന്ന അപേക്ഷയ്ക്ക് അടിസ്ഥാനമാക്കാറില്ല. രാഷ്ട്രീയപ്രേരിതമായ കേസുകള്‍ സര്‍ക്കാര്‍ മാറുമ്പോള്‍ പിന്‍വലിക്കാന്‍ നടപടിയുണ്ടാവുക എന്നത് കേരളത്തില്‍ സ്വാഭാവികമായ പ്രക്രിയയാണ്. എസ്.എഫ്.ഐക്കാരും ഡി.വൈ.എഫ്.ഐക്കാരും പ്രതികളായ രാഷ്ട്രീയസമര കേസുകള്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ വരുമ്പോഴും കെ.എസ്.യുക്കാരും യൂത്ത് കോണ്‍ഗ്രസ്സുകാരും പ്രതികളായ കേസുകള്‍ യു.ഡി.എഫ്. വരുമ്പോഴും എഴുതിത്തള്ളാറുണ്ട്. ഈ ധൈര്യത്തിലാണ് പലപ്പോഴും സമരങ്ങള്‍ അരങ്ങേറുന്നത് എന്നു പറഞ്ഞാലും തെറ്റില്ല. ഇത് സംഭവിച്ചിട്ടേയില്ല എന്നു തെളിയിക്കാനുള്ള വെല്ലുവിളി ആര്‍ക്കും ഏറ്റെടുക്കാം.

ബജറ്റവതരണ വേളയില്‍ നിയമസഭയില്‍ നടന്ന സംഭവവികാസങ്ങളുടെ പേരിലെടുത്ത രാഷ്ട്രീയപ്രേരിതമായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ സര്‍ക്കാരിനു ലഭിച്ചത് 2017 ഏപ്രില്‍ 19നാണ്. ഇതിനുമേല്‍ പരിശോധനകള്‍ നടത്തുകയും കേസ് പിന്‍വലിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് 2018 ഫെബ്രുവരി ഒമ്പതിന് തിരുവനന്തപുരം ജില്ലാ കളക്ടറെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇത് വിചാരണക്കോടതി അംഗീകരിച്ചില്ല. ഈ നിലപാട് ഹൈക്കോടതിയും സുപ്രീം കോടതിയും പിന്നീട് ശരിവെച്ചു. കേസ് പിന്‍വലിക്കാന്‍ അനുവദിച്ചില്ല എന്നാല്‍ പ്രതിസ്ഥാനത്തുള്ളവര്‍ കുറ്റക്കാരാണ് എന്നല്ല അര്‍ത്ഥമെന്ന വിധിന്യായം സുപ്രീം കോടതിയുടേതായി തന്നെ നിലവിലുമുണ്ട്. അതിനാല്‍ത്തന്നെയാണ് കേസ് പിന്‍വലിക്കാന്‍ കോടതി അനുവദിച്ചില്ല എന്ന പേരില്‍ വി.ശിവന്‍കുട്ടി മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യം ബാലിശമാകുന്നത്.

കേരള നിയമസഭയിലെ പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡിനെ മറികടക്കാന്‍ വി.ശിവന്‍കുട്ടിയുടെ ശ്രമം

ശിവന്‍കുട്ടി സമരങ്ങളിലൂടെ വളര്‍ന്നുവന്ന നേതാവാണ്. സമൂഹത്തിലെ അഴിമതിക്കും അനീതിക്കുമെതിരെ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ അദ്ദേഹം സമരം നയിച്ചിട്ടുണ്ട്. അതിനു ശിക്ഷയും നേരിട്ടിട്ടുണ്ട്. ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് സമരങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്. ഒരു സമരം എന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെയാണ്. അപ്പോൾ സംഘർഷങ്ങൾ ഉണ്ടായെന്ന് വരും. അതു കൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് സമരം ഒരു തെറ്റല്ല. ജനാധിപത്യത്തിന്റെ നിലനില്പിന് സമരങ്ങള്‍ ആവശ്യമാണു താനും.

ബജറ്റവതരണം തടയാന്‍ അന്നത്തെ പ്രതിപക്ഷം ബലപ്രയോഗം നടത്തിയത് ചര്‍ച്ചയായി. ഇന്നും ചര്‍ച്ചയായി തുടരുന്നു. സമാനമായ രീതിയില്‍ ബജറ്റവതരണം സാദ്ധ്യമാക്കാന്‍ അന്നത്തെ ഭരണപക്ഷവും ബലപ്രയോഗം നടത്തിയിട്ടുണ്ട്. കേസ് പിന്‍വലിക്കാന്‍ സ്വീകരിച്ച നടപടിയുമായി ബന്ധപ്പെട്ട് നടക്കുന്ന ബഹളം ചര്‍ച്ച ചെയ്യുമ്പോള്‍ ആ ബഹളമുണ്ടാക്കുന്നവരുടെ യോഗ്യത കൂടി ചര്‍ച്ച ചെയ്യണം. ഒരു തത്വദീക്ഷയുമില്ലാതെ കേസുകള്‍ പിന്‍വലിച്ചു തള്ളിയവരാണ് ഇപ്പോള്‍ മുറവിളിയുമായി രംഗത്തുള്ളത് എന്നതാണ് വിരോധാഭാസം. സംസ്ഥാന ഖജനാവിന് കോടികള്‍ നഷ്ടമുണ്ടാക്കിയ പാമോലിന്‍ കേസ് സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചുവെന്നാണ് നിയമസഭയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. അതേസമയം കോടിക്കണക്കിന് രൂപ സംസ്ഥാനത്തിന് നഷ്ടം വരുത്തിയതായി സി.എ.ജിയും പി.എ.സിയും കണ്ടെത്തിയ പാമോലിന്‍ കേസില്‍ ആരെയും കുറ്റവിമുക്തരാക്കാനാവില്ലെന്നും കേസിന്റെ വിചാരണ തുടരട്ടെയെന്നുമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയതും ഓര്‍ക്കണം.

2015 ഡിസംബര്‍ ഏഴിന് കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നല്‍കിയ മറുപടിയും പ്രധാനമാണ്. 5,607 ക്രൈം കേസുകളും 12 വിജിലന്‍സ് കേസുകളും പിന്‍വലിക്കുന്നതിന് യു.ഡി.എഫ്. സര്‍ക്കാര്‍ നിരാക്ഷേപ പത്രം നല്‍കിയിട്ടുണ്ടെന്നാണ് ചെന്നിത്തല നിയസഭയില്‍ വ്യക്തമാക്കിയത്. അഴിമതി കേസുകള്‍ പോലും പിന്‍വലിച്ചവരാണ് ഇപ്പോള്‍ പുതിയ ന്യായവാദവുമായി ഇറങ്ങിയിട്ടുള്ളത് എന്നര്‍ത്ഥം.

നിയമനിര്‍മ്മാണ സഭ ഒരു പരമാധികാര സഭയാണ്. അതിലെ നടപടിക്രമങ്ങളുടെ, ചട്ടങ്ങളുടെ ഉത്തരവാദിത്വം ആത്യന്തികമായി നിയമസഭാ സ്പീക്കര്‍ക്കാണ്, സഭയ്ക്കു തന്നെയാണ്. സഭയില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ സ്പീക്കര്‍ തീര്‍പ്പ് കല്പിച്ചതാണ്, നടപടിയെടുത്തതാണ്. ആ നടപടി നിലനില്‍ക്കെ സഭയിലെ കാര്യങ്ങളെ കേസിലേക്ക് വലിച്ചിഴച്ചത് ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ എന്നത് നമ്മുടെ നിയമസങ്കല്‍പ്പത്തിന്റെ അടിസ്ഥാന നിയമതത്വങ്ങള്‍ക്കു തന്നെ എതിരാണ്. സഭയില്‍ നിന്ന് ബന്ധപ്പെട്ട അംഗങ്ങളെ അന്നത്തെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തതാണ്. അത് ഒരു ശിക്ഷാനടപടിയാണ്.

കാലാകാലങ്ങളിലുണ്ടാവുന്ന പല പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തില്‍ സമൂഹത്തിലും സ്ഥാപനങ്ങളിലും പ്രതിഷേധത്തിന്റെ അലകള്‍ ഉയരാറുണ്ട്. സമരങ്ങളും പ്രശ്‌നങ്ങളും തീരുമ്പോള്‍ സാധാരണഗതിയില്‍ തന്നെ അതിനോടനുബന്ധിച്ചുണ്ടായ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് അനുമതി നല്‍കുന്നതും അവ പിന്‍വലിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയുടെ അനുമതി തേടുന്നതും ഈ സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ ചരിത്രത്തില്‍ ആദ്യമായല്ല. ഇതൊരു പുതിയ സംഭവമാണെന്ന തരത്തില്‍ പര്‍വ്വതീകരിച്ച് ചിത്രീകരിക്കുന്നത് യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. നിയമസഭയെ സംബന്ധിച്ച് പൊതുവില്‍ രാജ്യത്താകമാനം സ്വീകരിക്കുന്ന നയം കേരള നിയമസഭയ്ക്ക് ബാധകമാവേണ്ടതില്ലായെന്ന നിലപാട് ജനാധിപത്യത്തിന്റെ നിലനില്പ് അപകടത്തിലാക്കും. കാരണം പ്രതിഷേധവും എതിര്‍പ്പും കൂടി ഉള്‍പ്പെടുന്നതാണ് ജനാധിപത്യം!

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights