Reading Time: 3 minutes

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ.) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപ. ഈ പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായ നികുതി ഇൻററിം സെറ്റിൽമെൻറ് ബോർഡിൻറെ ന്യൂഡൽഹി ബെഞ്ച് തീർപ്പു കൽപിച്ചു.

മലയാള മനോരമയുടെ ഈ വാർത്തയാണ് ഇപ്പോൾ ചർച്ചാവിഷയം. മുഖ്യമന്ത്രിയുടെ മകൾക്കും അതുവഴി മുഖ്യമന്ത്രിക്കും നേരെയാണ് ആരോപണം. പ്രതിപക്ഷത്തുള്ളവർ ഇത് ഏറ്റുപിടിച്ചിട്ടുണ്ട്. ഇത്തരമൊരു വാർത്ത വരുമ്പോൾ ആദ്യം പ്രതീക്ഷിക്കുക വീണയുടെ പ്രതികരണമാണ്. വിഷയം കൃത്യമായി വിശദീകരിക്കാനാവുക അവർക്കാണല്ലോ. എന്നാൽ, അതുണ്ടായില്ല. അതുണ്ടാവുകയുമില്ല. അതു തന്നെയാണ് മനോരമയുടെയും വാർത്ത എഴുതിയ ലേഖകൻറെയും പിടിവള്ളി. രണ്ടു കമ്പനികൾ തമ്മിൽ ഒരു കരാറിൽ ഏർപ്പെടുമ്പോൾ അവർ തമ്മിൽ ഒരു നോൺ ഡിസ്ക്ലോഷർ എഗ്രിമെൻറ് (എൻ.ഡി.എ.) കൂടി ഒപ്പിടാറുണ്ട്. ആ കരാറിൻറെ വിവരങ്ങൾ ബന്ധപ്പെട്ട കക്ഷികൾ മറ്റാരോടും വെളിപ്പെടുത്താൻ പാടില്ലെന്ന നിബന്ധനയാണത്. ഇതു ഒരു കമ്പനി ലംഘിച്ചാൽ രണ്ടാമത്തെ കമ്പനിക്ക് കോടതിയിൽ പോയി നഷ്ടപരിഹാരം ആവശ്യപ്പെടാനാകും.

സി.എം.ആർ.എല്ലും വീണയുടെ കമ്പനി എക്സാലോജിക്കും തമ്മിൽ ഇത്തരത്തിൽ ഒരു എൻ.ഡി.എ. നിലവിലുണ്ട്. ഇതു മറികടന്ന് ഈ വിഷയത്തിൽ വീണ പ്രതികരിച്ചാൽ അവരുടെ കമ്പനിയുടെ വിശ്വാസ്യത അതോടെ തകരും. പിന്നെ ഏതു കമ്പനിയും എക്സാലോജിക്കുമായി കരാറിൽ ഏർപ്പെടാൻ മടിക്കും. അപ്പോൾ ഇതുമായി ബന്ധപ്പെട്ട യഥാർത്ഥ വിവരങ്ങൾ ഒരിക്കലും പുറത്തുവരില്ലേ എന്ന ചോദ്യം സ്വാഭാവികം. അതു സംഭവിക്കണമെങ്കിൽ ഇതു സംബന്ധിച്ച് ഏതെങ്കിലും കോടതിയിൽ കേസുണ്ടാവണം. കോടതി ആവശ്യപ്പെടുകയാണെങ്കിൽ അവിടെ കരാർ ഹാജരാക്കാം. അല്ലാതെ ഇതാണ് സത്യമെന്നു വിളിച്ചുകൂവി ബോദ്ധ്യപ്പെടുത്താനാവില്ല.

ആദായ നികുതി വകുപ്പ് സി.എം.ആർ.എല്ലിൻറെ നികുതി കണക്കുകൾ പരിശോധിക്കുന്നിടത്താണ് വിഷയം തുടങ്ങുന്നത്. കമ്പനി നികുതിബാദ്ധ്യത കുറച്ചുകാണിച്ചു എന്ന പേരിൽ ആദായ നികുതി വകുപ്പ് കൂടുതൽ തുക അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടാവാം. അതിനാലാണ് സി.എം.ആർ.എൽ. സെറ്റിൽമെൻറിനു പോയിട്ടുണ്ടാവുക. കമ്പനി കാണിച്ചിരിക്കുന്ന കണക്കുകൾ യഥാർത്ഥമല്ലെന്നും കൂടുതൽ നികുതി ഈടാക്കണമെന്നും സ്വാഭാവികമായും ആദായ നികുതി വകുപ്പ് വാദിച്ചു. ഇതിൻറെ ഭാഗമായി സി.എം.ആർ.എല്ലിൻറെ ഫിനാൻസ് ഉദ്യോഗസ്ഥരെ വിസ്തരിച്ച് എല്ലാ കാര്യങ്ങളെക്കുറിച്ചും ചോദ്യം ചെയ്തു. വീണയ്ക്കും എക്സാലോജിക്കിനും കൊടുത്ത ഐ.ടി. കൺസൾട്ടൻസിയും പരിഗണനാവിഷയമാവുക സ്വാഭാവികം. ഐ.ടി. മേഖലയുടെ പ്രവർത്തനത്തെകുറിച്ച് വലിയ പിടിത്തമില്ലാതിരുന്ന ഫിനാൻസ് ഉദ്യോഗസ്ഥർക്ക് ഈ കരാറിനെക്കുറിച്ച് വ്യക്തമായ മറുപടി നല്കാനായില്ല. പിന്നീട് ഇതു സംബന്ധിച്ച സത്യവാങ്മൂലം കൊടുക്കാൻ സെറ്റിൽമെൻറ് ബോർഡിനെ കമ്പനി സമീപിച്ചുവെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു.

വീണയും അവരുടെ കമ്പനിയും ആദായ നികുതി സെറ്റിൽമെൻറ് ബോർഡിനു മുമ്പാകെ വന്ന കേസിൽ കക്ഷിയായിരുന്നില്ല. അതിനാൽത്തന്നെ അവരുടെ വാദം കേട്ടിട്ടുമില്ല. നിയമപരമായി പ്രവർത്തിക്കുന്ന രണ്ടു കമ്പനികൾ നിയമാനുസൃതം ഏർപ്പെട്ട കരാർ ആണ് ഇവിടെ പരിഗണനാവിഷയം. എൻ.ഡി.എ., എ.എം.സി. വ്യവസ്ഥകളെല്ലാം ഉൾപ്പെടുന്ന ഈ കരാർ പ്രകാരം സേവനം നല്കിയതും പ്രതിഫലം കൈമാറിയതുമെല്ലാം സുതാര്യമായാണ്. എക്സാലോജിക്കിൽ നിന്ന് സി.എം.ആർ.എൽ. സ്വീകരിച്ച സേവനത്തെപ്പറ്റി അതിൻറെ വിശദാംശങ്ങളറിയാത്ത ഫിനാൻസ് ഉദ്യോഗസ്ഥർ സെറ്റിൽമെൻറ് ബോർഡിനു മുന്നിൽ പറഞ്ഞതല്ലാതെ കമ്പനിയിലെ ഐ.ടി. ഉദ്യോഗസ്ഥർക്ക് പറയാനുള്ളത് എന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. കരാർ പ്രകാരമുള്ള സേവനം എക്സാലോജിക്കിൽ നിന്നു കിട്ടിയില്ല എന്ന പരാതി സി.എം.ആർ.എൽ. ഉന്നയിച്ചിട്ടില്ല. വീണയ്ക്കും കമ്പനിക്കും സി.എം.ആർ.എല്ലിൽ നിന്നു പണം കിട്ടിയത് ബാങ്ക് അക്കൗണ്ട്‌ മുഖേനയാണെന്ന് മനോരമ വാർത്തയിൽ തന്നെ പറയുന്നു. ഇത് സ്വാഭാവികമായും നികുതി പരിശോധനയ്ക്കു വിധേയമായിട്ടുണ്ടാവും.

ഐ.ടി. സേവന കരാറുകളുടെ ഭാഗമാണ് ആന്വൽ മെയ്ൻറനൻസ് കോൺട്രാക്ട് (എ.എം.സി.) അഥവാ വാർഷിക അറ്റകുറ്റപ്പണിക്കുള്ള വ്യവസ്ഥ. ഓൺലൈൻ പ്ലാറ്റ്ഫോം ഇടയ്ക്ക് സാഹചര്യത്തിനനുസരിച്ച് പുതുക്കുകയോ തകരാറുണ്ടെങ്കിൽ പരിഹരിക്കുകയോ ചെയ്യേണ്ടി വന്നേക്കാം. ഇത് എപ്പോഴാണ് ചെയ്യേണ്ടി വരിക എന്ന് മുൻകൂട്ടി പറയാനാവില്ല. ചിലപ്പോൾ സേവനം നല്കുന്ന ഐ.ടി. കമ്പനിയുടെ സഹായമില്ലാതെ മാതൃകമ്പനിയിൽ ഓൺലൈൻ പ്ലാറ്റ്ഫോം നിയന്ത്രിക്കുന്ന എൻജിനീയർമാർക്ക് തന്നെ കൈകാര്യം ചെയ്യാനാവുന്ന ചെറിയ പരിഷ്കാരങ്ങളായിരിക്കും. പക്ഷേ, ഇതിനുള്ള സംവിധാനം നിലനിർത്തിയേ മതിയാകൂ.

തകരാറുണ്ടായാൽ പരിഹരിക്കാൻ സ്വന്തം നിലയ്ക്ക് ഡെവലപർമാരെ സജ്ജരാക്കി നിർത്താൻ മാതൃ കമ്പനിക്കു കഴിയും. എന്നാൽ ഈ ഡെവലപർമാർക്ക് കനത്ത തുക ശമ്പളമായി നല്കേണ്ടി വരും.അതിനൊപ്പം, ഓൺലൈൻ പ്ലാറ്റ്ഫോമിന് പ്രശ്നമുണ്ടെങ്കിൽ മാത്രമേ ഈ ഡെവലപർമാർക്കു പണിയുണ്ടാകൂ. വെറുതിയിരുന്ന് അവർ ശമ്പളം വാങ്ങും. ഇതിനുള്ള ബദൽ സംവിധാനമാണ് മെയിൻറനൻസ് കോൺട്രാക്ട്, റീടെയ്നർ എഗ്രിമെൻറ് എന്നൊക്കെയുള്ള പേരുകളിൽ അറിയപ്പെടുന്നത്. സ്വന്തമായി ഡെവലപർമാരെ നിയമിച്ച് ശമ്പളം കൊടുക്കുന്നതിൻറെ മൂന്നിലൊരു ഭാഗം തുക വർഷത്തിൽ റീടെയ്നർ ഫീ ആയി ചെലവാക്കിയാൽ ഐ.ടി. കമ്പനിയുടെ സേവനം ആവശ്യമുള്ളപ്പോഴെല്ലാം പുറത്തുനിന്നു കിട്ടും. പക്ഷേ, സേവനം സ്വീകരിച്ചാലും ഇല്ലെങ്കിലും റീടെയ്നർ ഫീ കൊടുക്കേണ്ടി വരും. സ്വന്തമായി ഡെവലപർമാരെ നിയമിച്ചാൽ അവർക്കും ശമ്പളം കൊടുക്കണമല്ലോ, ജോലി ഉണ്ടായാലും ഇല്ലെങ്കിലും. അപ്പോൾ ചെലവു കുറഞ്ഞ മാർഗ്ഗം കമ്പനികൾ സ്വീകരിക്കും. ഇന്ത്യയിലെ ഒട്ടുമിക്ക ഐ.ടി. കമ്പനികളുടെയും പ്രധാന വരുമാന മാർഗ്ഗം എ.എം.സികളാണ്. വലിയ സർവീസ് കോൺട്രാക്ടുകളുടെ പ്രധാന വരുമാനമാർഗം ഇവ തന്നെ. ആയിരങ്ങൾ മുതൽ കോടികൾ വരെ റീടെയ്നർ വാങ്ങുന്ന കമ്പനികൾ ഇവിടെയുണ്ട്.

വെറുതെ ആരെങ്കിലും ആർക്കെങ്കിലും കാശു കൊടുക്കുമോ? കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ മകളായതിനാലാണല്ലോ ടി.വീണയ്ക്ക് സി.എം.ആർ.എല്ലിൻറെ ശശിധരൻ കർത്താ ‘മാസപ്പടി’ നല്കിയത്. അത് സ്വാഭാവികമായും മുഖ്യമന്ത്രിയെ സ്വാധീനിക്കാനാവും. അങ്ങനെയെങ്കിലും ഇത്രയും പൈസ കൊടുത്ത് പിണറായി വിജയനിൽ നിന്ന് എന്ത് ആനുകൂല്യമാണ് ശശിധരൻ കർത്താ നേടിയെടുത്തത് എന്ന ചോദ്യം അവശേഷിക്കുന്നില്ലേ? അങ്ങനൊന്ന് ഇത്രയും കാലം ആർക്കും കണ്ടെത്താനാവാതെ പോയത് എന്തുകൊണ്ടാവും? അങ്ങനെയെന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇതിനകം പുറത്തുവരുമായിരുന്നു എന്നതുറപ്പ്. കാര്യമില്ലാത്ത എന്തൊക്കെ വന്നുപോയിരിക്കുന്നു, അപ്പോഴല്ലേ കാര്യമുള്ളത് വരാതിരിക്കുന്നത്!!!

Previous articleകോടതി വിധിയുടെ ദുർവ്യാഖ്യാനം
Next articleTiger Roars in Jailer
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here