HomePOLITYമാങ്ങാഫോണും ത...

മാങ്ങാഫോണും തോമാച്ചന്റെ മുഖ്യമന്ത്രിയും

-

Reading Time: 5 minutes

2016 പുതുവത്സരവേളയില്‍ വന്ന ഒരു വാര്‍ത്തയാണ് ആദ്യം വായിക്കേണ്ടത്. ഈ വാര്‍ത്ത വായിച്ച് ഞാനടക്കമുള്ള മലയാളികള്‍ അഭിമാനത്താല്‍ കോരിത്തരിച്ചുപോയിട്ടുണ്ട്. കോരിത്തരിപ്പ് പരിണമിച്ച് മരവിപ്പായി മാറിയത് പിന്നത്തെ കഥ. ഇതാണ് ആ വാര്‍ത്ത.

ലോകത്തിന്റെ നെറുകയിലേക്ക് എംഫോൺ

ലോകത്തിലെ ഏറ്റവും കൂടുതൽ സ്പെസിഫിക്കേഷൻസ് ഉള്ള ഫോണെന്ന പ്രത്യേകതയുമായി എംഫോൺ അഥവാ മാംഗോഫോൺ വിപണിയിലേക്ക്. 8 ഗിഗാബൈറ്റ് റാം, ഡെകാ കോർ പ്രോസസ്സർ, 16 + 16 മെഗാപിക്സല്‍ ഡ്യൂവൽ റിയർ ക്യാമറ, 13 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ, പല നിരകളിലായി 32, 64, 128, 256 ഗിഗാബൈറ്റ് സ്റ്റോറേജ് കപ്പാസിറ്റി തുടങ്ങിയ സവിശേഷതകളുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ ആണ് എംഫോൺ 7s. ഫുള്ളി ലോഡഡ് എയർക്രാഫ്റ്റ് മെറ്റൽ ബോഡി കൊണ്ടു നിര്‍മ്മിച്ച ലോകത്തിലെ ആദ്യ സ്മാർട്ട്ഫോണായ എംഫോൺ 7s രൂപകല്പനയിൽ ഐഫോൺ 7പ്ലസിനെ വെല്ലുന്നു.

പേരിലുള്ള 7s സൂചിപ്പിക്കുന്നത് ഫോണിന്റെ പ്രത്യേകതകളെത്തന്നെയാണ്. ത്രസിപ്പിക്കുന്ന (STUNNING LOOK), ഉറപ്പുള്ള (SOLID METAL BODY), മനോഹരമായ (STYLISH COLOURS), വേഗമേറെയുള്ള (SPEEDY PROCESSOR), കനം തീരെ കുറഞ്ഞ (SLIMMEST), സമർത്ഥമായ (SMARTEST GESTURES), സുരക്ഷിതമായ (SECURED ACCESS) സ്മാർട്ട്ഫോൺ എന്ന് എംഫോൺ 7sനെ ചുരുക്കത്തിൽ വിശേഷിപ്പിക്കാം.

3000mAh ലിഥിയം പോളിമേർ ബാറ്ററിയാണ് ഈ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. മിനിറ്റുകൾക്കകം ചാർജാവുന്ന സി-ടൈപ്പ് ഫാസ്റ്റ് എക്സ്പ്രസ് ചാര്‍ജ്ജിങ് സൗകര്യമുള്ള എംഫോൺ 7sനു 5.5 ഇഞ്ച് ഡിസ്പ്ലേ ഉള്ളപ്പോഴും ഭാരം വെറും 154 ഗ്രാം മാത്രമാണ്. സ്ക്രീൻഷോട്ട് സെലക്ഷന്‍ സൗകര്യമുള്ള ഫ്രണ്ട് ഫിംഗർപ്രിന്റ് സെന്‍സർ ആണ് മറ്റൊരു പ്രത്യേകത. വ്യത്യസ്ത തലത്തിലുള്ള സ്മാർട്ട്ഫോൺ ഉപഭോക്താക്കളുടെ ഹരമായി മാറുന്ന രീതിയിലാണ് എംഫോൺ 7s അവതരിപ്പിക്കപ്പെടുന്നത്. ഹൈബ്രിഡ് മൾട്ടി സിം സ്ലോട്ടോടു കൂടി മാറ്റ് ആൻഡ് ഗ്ലോസി ഫിനിഷിങ്ങിലുള്ള സ്മാർട്ട്റെഡ്, ബ്ലാക്ക്, ഗോൾഡ്, സിൽവർ, റോസ്ഗോൾഡ് തുടങ്ങിയ 5 വ്യത്യസ്ത നിറങ്ങളിലാണ് എംഫോൺ 7s ഇറങ്ങുന്നത്.

എംഫോൺ സ്വയം വികസിപ്പിച്ചെടുത്ത, മൾട്ടിയൂസർ മോഡിലുളള MUOS എന്ന പുതിയ പ്രവര്‍ത്തകം എംഫോൺ 7sന്റെ പ്രൗഢി കൂട്ടുന്നു. എംഫോൺ സ്വന്തമായി വികസിപ്പിച്ചെടുത്ത MUOSനു വേൾഡ് മൊബൈൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചതോടെ ലോകത്തിലെ സ്വന്തമായി പ്രവര്‍ത്തകമുള്ള അഞ്ചാമത്തെ സ്മാർട്ട്ഫോൺ കമ്പനിയായി മാറിയിരിക്കുകയാണ് ദക്ഷിണേന്ത്യയിലെ ഏക സ്മാർട്ട്ഫോൺ നിർമാതാക്കളായ മലയാളത്തിന്റെ സ്വന്തം എംഫോൺ.

*                   *                   *

2016ലെ ആദ്യ മാസങ്ങളാണ്. കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെങ്കില്‍ ഓടിനടന്ന് ഉദ്ഘാടനം ചെയ്യുകയാണ്, വികസനനായകനാണു താനെന്നു തെളിയിക്കാന്‍. പണി അടുത്തെങ്ങും പൂര്‍ത്തിയാവുമെന്ന് ഉറപ്പില്ലാത്ത പദ്ധതികള്‍ പോലും ഇത്തരത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നുണ്ട്. 2016 ഫെബ്രുവരി 29ന് ഉദ്ഘാടനം ചെയ്യപ്പെട്ട കണ്ണൂര്‍ വിമാനത്താവളം തന്നെ വലിയ ഉദാഹരണം. ഈ വിമാനത്താവളത്തിന്റെ 4,000 മീറ്റര്‍ റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടവും ടെര്‍മിനലുകളും മറ്റ് അനുബന്ധ സൗകര്യങ്ങളുമൊക്കെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷമുള്ള യഥാര്‍ത്ഥ ഉദ്ഘാടനം പിന്നെയും 2 വര്‍ഷം കൂടി കഴിഞ്ഞ് 2018 ഡിസംബര്‍ 9നായിരുന്നു എന്നതോര്‍ക്കുക.

ഉമ്മന്‍ ചാണ്ടിയുടെ ‘ഉദ്ഘാടന’ മാമാങ്കത്തെപ്പറ്റി നാട്ടിലാണെങ്കില്‍ ട്രോള്‍ പൂരമായിരുന്നു. പക്ഷേ, മുഖ്യമന്ത്രിക്ക് കൂസലൊട്ടുമില്ല. എന്തു കിട്ടിയാലും ഉദ്ഘാടിക്കും എന്നാണ് നിലപാട്. സ്വകാര്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്താലും അത് സര്‍ക്കാരിന്റെ ഭരണനേട്ടമായി അവതരിപ്പിക്കുന്ന നിലയായി. അങ്ങനെയിരിക്കേയാണ് കേരളത്തിന്റെ സ്വന്തം സ്മാര്‍ട്ട്ഫോണ്‍ എന്ന മേനിയുമായി മാംഗോഫോണ്‍ അവതരിച്ചത്. കൊച്ചി ആസ്ഥാനമായുള്ള എം ഫോണ്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡായിരുന്നു നിര്‍മ്മാതാക്കള്‍. ആപ്പിളിന്റെ ഐഫോണിന് മറുപടി മാംഗോയുടെ എംഫോണ്‍ എന്നായിരുന്നു അവകാശവാദം. ഇതിനെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം മുത്തശ്ശിപത്രം തന്നെ –ആപ്പിളിനെ വെല്ലാന്‍ മാങ്ങയുമായി മലയാളികള്‍ എന്ന ആകര്‍ഷണീയമായ തലക്കെട്ട് അത്ര പെട്ടെന്നൊന്നും നമ്മള്‍ മറക്കില്ല. ആ മാംഗോഫോണിന്റെ ഉദ്ഘാടനച്ചുമതല മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയിലേക്ക് എത്തിയത് സ്വാഭാവികം.

എംഫോണ്‍ ചെറിയ കളിയായിരുന്നില്ല -അമിതാഭ് ബച്ചനും സച്ചിന്‍ തെണ്ടുല്‍ക്കറുമാണ് ബ്രാന്‍ഡ് അംബാസഡര്‍മാര്‍ എന്നായിരുന്നു പ്രഖ്യാപനം. ഫോണ്‍ പുറത്തിറക്കുന്നതിന് ഒരു ദിവസം മുമ്പ് രാജ്യത്തെ പ്രധാനപ്പെട്ട പത്രങ്ങളിലെല്ലാം സാമാന്യം വലിപ്പത്തില്‍ തന്നെ ഇതു സംബന്ധിച്ച പരസ്യം വന്നു. 2016 ഫെബ്രുവരി 29ന് ആ സുദിനമെത്തി -മാംഗോഫോണ്‍ യാഥാര്‍ത്ഥ്യമാവുന്നു. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനു തൊട്ടുമുമ്പ് മാംഗോഫോണ്‍ കമ്പനി ഉടമകളും സഹോദരന്മാരുമായ വയനാട് വാഴമറ്റ മുണ്ടന്നാനിയില്‍ ആന്റോ അഗസ്റ്റിന്‍ (26), ജോസുകുട്ടി അഗസ്റ്റിന്‍ (32) എന്നിവരെ കളമശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. ബാങ്ക് ഓഫ് ബറോഡ അധികൃതര്‍ നല്‍കിയ പരാതിയിലാണ് ഷാഡോ പോലീസ് ഇവരെ അറസ്റ്റു ചെയ്തത്. കളമശേരി പത്തടിപ്പാലത്തെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചില്‍ നിന്നും വ്യാജരേഖ ചമച്ച് 2.68കോടി രൂപ വായ്പയെടുത്തു എന്ന കേസിലായിരുന്നു അറസ്റ്റ്. പിന്നീട് ഈ മാങ്ങാഫോണിനെപ്പറ്റി വലിയ ചര്‍ച്ചകളൊന്നും കേട്ടില്ല.

എംഫോണ്‍ പുറത്തിറക്കുന്ന ദിവസം ഒരു പ്രമുഖ മലയാള പത്രത്തിന്റെ ഒന്നാം പേജില്‍ വന്ന പരസ്യം

2016ല്‍ നടന്ന ഈ സംഭവം 5 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ചര്‍ച്ചാവിഷയമാകാന്‍ കാരണമുണ്ട്. നിയമസഭയില്‍ കഴിഞ്ഞ ദിവസം മുട്ടില്‍ മരംമുറി സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുന്നതിനിടെ പി.ടി.തോമസാണ് ഇത് കുത്തിപ്പൊക്കിയത്. മാങ്ങാഫോണ്‍ കമ്പനി ഉടമകള്‍ തന്നെയാണ് മുട്ടില്‍ മരംമുറി കേസിലും ആരോപണവിധേയര്‍. തോമാച്ചന്‍ പറഞ്ഞത് ഇങ്ങനെയാണ്:

നമ്മുടെ മുഖ്യമന്ത്രിയെയായിരുന്നു ഇവരുടെ മാംഗോ മൊബൈലിന്‍റെ ഉദ്ഘാടനത്തിനു ക്ഷണിച്ചിരുന്നത്. ഉദ്ഘാടനവേദിയില്‍ വെച്ചു പൊലീസ് അറസ്റ്റുചെയ്തതു കൊണ്ട് മുഖ്യമന്ത്രിക്ക് ഉദ്ഘാടനം ചെയ്യേണ്ടിവന്നില്ല.

വനംകൊള്ളക്കാരുടെ സ്വാധീനത്തെക്കുറിച്ചു പറയവേയാണ് അദ്ദേഹം ഇതു പറഞ്ഞത്. വനംകൊള്ളക്കാര്‍ നിസ്സാരക്കാരല്ലെന്നും, നേരത്തേ തന്നെ തട്ടിപ്പു കേസുകളില്‍ പ്രതികളായിരുന്നവരാണെന്നും പറഞ്ഞിട്ട്, അവരുടെ സ്വാധീനം ബോദ്ധ്യപ്പെടുത്താനാണ് മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തിയത്.

പി.ടി.തോമസ് വെറും എം.എല്‍.എ. മാത്രമല്ല ഇപ്പോള്‍. അദ്ദേഹം കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കൂടിയാണ്. അതിനാല്‍ ആരോപണത്തിന് ഗൗരവമേറും. ‘മുഖ്യമന്ത്രി’ എന്ന വാക്കുകൊണ്ട് തോമാച്ചന്‍ അര്‍ത്ഥമാക്കിയത് പിണറായി വിജയനെ തന്നെയാണ് എന്നതുറപ്പ്. അദ്ദേഹത്തിന്റെ രാഷ്ട്രീയം അതു ശരിവെയ്ക്കുന്നു. അറസ്റ്റിലാവേണ്ടതരം പ്രതികളുടെ പരിപാടി ഉദ്ഘാടനം ചെയ്യുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോയി എന്നതിനെപ്പറ്റി പറയുന്നു എന്നാണ് അപ്പോള്‍ സഭയിലുണ്ടായിരുന്നവര്‍ക്ക് തോന്നിയത്. പിണറായിയുടെ മേല്‍ വന്നു തറയ്ക്കുന്നതായി ആരെങ്കിലും കരുതുന്നുവെങ്കില്‍ ആയിക്കോട്ടെ എന്നു തന്നെ.‌‌

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സംസാരിക്കുന്നു

ഇതു പറയുന്നതിനു മുന്നോടിയായാണ് മാങ്ങാഫോണിന്റെ ഉദ്ഘാടന കഥ മുകളില്‍ വിശദീകരിച്ചത്. ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇപ്പോള്‍ നിയമസഭയില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു.

2016 ഫെബ്രുവരി 29 നാണ് മാംഗോ ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റിലായത്. ഞാന്‍ അന്നു മുഖ്യമന്ത്രിയേ അല്ല. അന്നു മുഖ്യമന്ത്രി ആരായിരുന്നുവെന്നു ഞാന്‍ പറയേണ്ട കാര്യമില്ല. അത് എന്നെക്കൊണ്ടു പറയിക്കുന്നതില്‍ പി.ടി.തോമസിനു പ്രത്യേകമായ സന്തോഷമെന്തെങ്കിലും ഉണ്ടോ എന്ന് എനിക്കു നിശ്ചയമില്ല.

ഏതായാലും, ആ തട്ടിപ്പുകാരുടെ സ്വാധീനത്തിന്‍റെ വലയ്ക്കുള്ളില്‍ നില്‍ക്കുന്നത് ഞാനല്ല. ഇന്നത്തെ മുഖ്യമന്ത്രിയല്ല. അവരുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഏറ്റത് ഞാനല്ല. ഈ മുഖ്യമന്ത്രിയല്ല. ഏതു മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പി.ടി.തോമസ് കണ്ടുപിടിക്കട്ടെ.

പട്ടാപ്പകലിനെ കുറ്റാക്കുറ്റിരുട്ടായി ചിത്രീകരിക്കുന്ന രീതികള്‍ക്കായി സഭ ദുരുപയോഗിക്കപ്പെട്ടുകൂടാ. പകുതി മാത്രം പറഞ്ഞ്, അതുകൊണ്ട് തെറ്റിദ്ധാരണയുടെ ഒരു മൂടല്‍മഞ്ഞുണ്ടാക്കി ഇന്നത്തെ മുഖ്യമന്ത്രിയെ അതിന്‍റെ മറവില്‍ നിര്‍ത്താന്‍ നോക്കുക. അതാണ് നടന്നത്. മുഖ്യമന്ത്രിയെ നിങ്ങള്‍ കൊണ്ടുവരുന്ന മൂടല്‍മഞ്ഞിനു കീഴ്പ്പെടുത്താനാവില്ല എന്നുമാത്രം പറയട്ടെ.

എന്തായാലും അന്നത്തെ ‘മുഖ്യമന്ത്രി’ എത്തിയില്ലെങ്കിലും മാങ്ങാഫോണ്‍ പുറത്തിറക്കുന്ന പരിപാടി കൃത്യമായി നടന്നിരുന്നു. അതിന് ഒത്താശ ചെയ്തതും അന്ന് ഭരണപക്ഷത്തായിരുന്ന കോണ്‍ഗ്രസ്സിന്റെ നേതാക്കളാണ്. അറസ്റ്റിലായ ആന്റോയുടെയും ജോസുകുട്ടിയുടെയും സഹോദരനും കമ്പനി ചെയര്‍മാനുമായ റോജി അഗസ്റ്റിന്‍ ആ ചടങ്ങ് നിര്‍വ്വഹിച്ചു. ഫോണ്‍ അവതരിപ്പിക്കുന്നതിനു തൊട്ടുമുമ്പ് ഡയറക്ടര്‍മാരെ അറസ്റ്റു ചെയ്തത് സംശയകരമാണെന്ന് അന്ന് റോജി പറയുകയുണ്ടായി. ആ സംശയങ്ങളൊക്കെ ഇപ്പോള്‍ നീങ്ങിയിട്ടുണ്ടാവണം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുന്നയിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ നിയമസഭയെ ദുരുപയോഗം ചെയ്യുന്നത് പി.ടി.തോമസിനെപ്പോലൊരു മുതിര്‍ന്ന നേതാവിനു ഭൂഷണമല്ല. ഇനിയെങ്കിലും അദ്ദേഹം ഇതു തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ പഴയ നാടോടിക്കഥയിലെ ആട്ടിടയ ബാലന്റെ ഗതി വരും. ‘പുലി വരുന്നേ പുലി വരുന്നേ’ എന്നു വെറുതെ വിളിച്ചു പറ്റിച്ചാല്‍ ഒടുവില്‍ യഥാര്‍ത്ഥത്തില്‍ പുലി വരുമ്പോള്‍ വിളിച്ചാല്‍ ആരും വിശ്വസിക്കാതാവും. അതായത്, യഥാര്‍ത്ഥത്തില്‍ അഴിമതി ആരോപണം ഉന്നയിച്ചാലും തോമാച്ചന്‍ പറയുന്നതായതിനാല്‍ ആരും വിശ്വസിക്കാതാവും..

 


പിന്‍കുറിപ്പ്: 251 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ തരുമെന്ന വാഗ്ദാനം ഓര്‍മ്മയുണ്ടോ? നരേന്ദ്ര മോദിയുടെ ചിത്രം വെച്ചായിരുന്നു ഫ്രീഡം 251 എന്നു പേരിട്ട ആ ഫോണിന്റെ പരസ്യം. 7 കോടി ഇന്ത്യക്കാരാണ് ആ ഫോണിനായി 251 രൂപ നല്‍കി ബുക്ക് ചെയ്തിരുന്നത്. ആ 1,757 കോടി രൂപ എവിടെപ്പോയി എന്ന് ആര്‍ക്കെങ്കിലും അറിയാമോ? മാങ്ങാഫോണ്‍ ചര്‍ച്ചാവിഷയമായപ്പോള്‍ സാന്ദര്‍ഭികമായി ഓര്‍മ്മിച്ചുവെന്നു മാത്രം.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks