HomeLIFEപെണ്ണിനേറ്റവു...

പെണ്ണിനേറ്റവും അപകടകരം സ്വന്തം വീടോ?

-

Reading Time: 3 minutes

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കിലുക്കാംപെട്ടി പോലെ ഓടി നടന്നു ജോലിയെടുക്കുന്ന ഒരു സഹപ്രവര്‍ത്തക എനിക്കുണ്ടായിരുന്നു. അത്യാവശ്യം സ്വാതന്ത്ര്യം ഞാന്‍ അവള്‍ക്കും അവള്‍ എനിക്കും അനുവദിച്ചിരുന്നു. എന്നും നിറപുഞ്ചിരിയുമായി എല്ലാവരെയും പേരെടുത്തു പറഞ്ഞ് ‘ഗുഡ് മോണിങ്’ ആശംസിച്ചു കടന്നു വരുന്ന അവള്‍ അന്ന് വളരെ മൂകയും മൗനിയുമായാണ് കടന്നു വന്നത്. എന്തോ പ്രശ്‌നമുണ്ട്. എത്ര സ്വാതന്ത്ര്യമുണ്ടെങ്കിലും ദുഃഖഭാവത്തിന്റെ കാരണം ചോദിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമോ എന്നു പേടിച്ച് മിണ്ടിയില്ല.

അല്പനേരം കഴിഞ്ഞ് ഞങ്ങളുടെ കണ്ണുടക്കിയപ്പോള്‍ സുഖമില്ലെങ്കില്‍ അവധിയെടുക്കാം എന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടുവെച്ചു. ‘എനിക്ക് കുഴപ്പമൊന്നുമില്ല ശ്യാംലാലേട്ടാ’ എന്ന് അവളുടെ മറുപടി. ഓഫീസിലെ സജീവമായ അന്തരീക്ഷത്തില്‍ അധികനേരം മൂകയായിരിക്കാന്‍ അവള്‍ക്കായില്ല. ക്രമേണ അവളും ബഹളത്തില്‍ പങ്കാളിയായി. തന്നിലുണ്ടായിട്ടുള്ള മാറ്റം മറ്റുള്ളവര്‍ അറിയാതിരിക്കാനുള്ള അവളുടെ ശ്രമമായിരുന്നോ അത് എന്നറിയില്ല. അവളിലെ കിലുക്കാംപെട്ടി പുനര്‍ജനിച്ചു.

പിന്നീടെപ്പഴോ അവള്‍ അടുത്തു വന്നപ്പോഴാണ് അതു ശ്രദ്ധിച്ചത്. സാമാന്യം വെളുത്ത കഴുത്തില്‍ ഒറ്റനോട്ടത്തില്‍ തന്നെ കാണാവുന്ന തരത്തില്‍, ചുവന്ന നിറത്തില്‍ അഞ്ചു വിരല്‍പ്പാടുകള്‍. ‘ഇതെന്താടീ ഭര്‍ത്താവ് കൊങ്ങയ്ക്കു പിടിച്ചോ?’ -പകുതി കളിയായിട്ടും പകുതി കാര്യമായിട്ടും ഞാന്‍ ചോദിച്ചു. അറിയാതെ വായില്‍ വന്നുപോയതാണ്. എന്റെ ചോദ്യത്തിന്റെ ശരിതെറ്റുകളെക്കുറിച്ചൊന്നും അപ്പോള്‍ ചിന്തിച്ചില്ല. അവളുടെ വിവാഹം കഴിഞ്ഞിട്ട് അധികനാളായിട്ടില്ല എന്നതുകൊണ്ട് കൂടിയായിരുന്നു ആ ചോദ്യം.

അവള്‍ പെട്ടെന്ന് ഒരു നിമിഷത്തേക്ക് അസ്വസ്ഥയായതു പോലെ തോന്നി. സമചിത്തത വീണ്ടെടുത്ത അവള്‍ ഷാള്‍ നേരെ പിടിച്ചിട്ട് കഴുത്തിലെ പാട് മറച്ചു. എന്നിട്ട് പൊട്ടിച്ചിരിച്ചു -‘ങും. എന്റെ കൊങ്ങയ്ക്കു പിടിച്ചാല്‍ അവന്‍ വിവരമറിയും’. എന്നിട്ട് ഇത്ര കൂടി പറഞ്ഞു -‘രാവിലെ വരാന്‍ വൈകിയാല്‍ നിങ്ങള് മുഖം വീര്‍പ്പിക്കുമല്ലോ. സമയത്തിനെത്താനുള്ള ഓട്ടത്തിനിടെ ഷാള്‍ വാതിലിന്റെ കൈപ്പിടിയില്‍ കുരുങ്ങി കഴുത്തില്‍ വലിഞ്ഞു. അതിന്റെ പാടാണ്. എന്റെ ഭര്‍ത്താവല്ല, നിങ്ങളാ പ്രതി.’

മറുപടി കേട്ട് ഞാനൊന്നറച്ചു. മുകേഷ് സ്റ്റൈലില്‍ ‘പുല്ല്, ചോദിക്കണ്ടായിരുന്നു’ എന്നു തോന്നി. പക്ഷേ, എന്തോ പന്തികേടുണ്ടെന്ന് എനിക്കുറപ്പായിരുന്നു. ഷാള്‍ കുരുങ്ങിയാല്‍ അഞ്ചു വിരലിന്റെ പാടു വരുമോ എന്നൊക്കെ ചോദിച്ച് അവളെ തോല്പിക്കാന്‍ തോന്നിയില്ല. അതൊരു മത്സരമൊന്നുമായിരുന്നില്ലല്ലോ. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ അവള്‍ ജോലി മതിയാക്കി. ഉപരിപഠനത്തിനു പോകുന്നു എന്നാണ് എന്നോട് പറഞ്ഞത്. ഏറെക്കാലത്തിനു ശേഷമാണ് ഞാനറിഞ്ഞത് ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം അവള്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു എന്ന്.

ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നം രൂക്ഷമായെന്നും അവളുടെ വീട്ടുകാര്‍ വന്ന് നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് ആരോ പറഞ്ഞു കേട്ടു. അന്നു ഞാന്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായി അവള്‍ സത്യം പറഞ്ഞിരുന്നുവെങ്കില്‍ ഒരു പക്ഷേ പ്രശ്‌നം ഇത്രയും വഷളാവാതെ നോക്കാനാവുമായിരുന്നു എന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു. അവള്‍ എവിടെയാണെന്ന് ഇന്നെനിക്കറിയില്ല. പഴയ ഫോണ്‍ നമ്പര്‍ നിശ്ചലമാണ്. ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലും അവളില്ല. തന്നിലേക്കു തന്നെ ഒതുങ്ങിക്കൂടിയിട്ടുണ്ടാവണം.

ആ പെണ്‍കുട്ടിയെക്കുറിച്ച് ഇപ്പോള്‍ വീണ്ടുമോര്‍ക്കാന്‍ ഒരു കാരണമുണ്ട്. ഐക്യരാഷ്ട്രസഭയുടേതായി കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മെയിലില്‍ വന്നു കിടക്കുന്നു. ലോകത്തെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചാണ് ആ റിപ്പോര്‍ട്ട്.

ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ സ്ഥലം അവളുടെ വീടാണോ? അതെ എന്നുത്തരം കേട്ടാല്‍ നടുങ്ങരുത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകത്ത് കൊല്ലപ്പെട്ട പകുതിയിലേറെ സ്ത്രീകള്‍ അവരുടെ പങ്കാളികളുടെയോ അടുത്ത കുടുംബാംഗങ്ങളുടെയോ ഇരകളാണ്. ഇത് പറയുന്നത് ഐക്യരാഷ്ട്ര സഭയാകുമ്പോള്‍ വിശ്വസിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുന്നു.

2017ല്‍ ലോകത്തെമ്പാടും 87,000 സ്ത്രീകള്‍ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം ഓഫീസിന്റെ കണക്ക്. ഇതില്‍ 50,000ഓളം -58 ശതമാനം -കൊല്ലപ്പെട്ടത് സ്വന്തം വീട്ടിനുള്ളിലാണ്. ഇതില്‍ 30,000ഓളം -34 ശതമാനം -പേര്‍ ജീവിത പങ്കാളിയുടെ കൈകളാല്‍ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. അതായത് ഓരോ മണിക്കൂറിലും 6 സ്ത്രീകള്‍ ഉറ്റവരാല്‍ കൊല്ലപ്പെടുന്നു എന്നര്‍ത്ഥം.

അസമത്വത്തിന്റെയും വിവേചനത്തിന്റെയും ഇരകളാണ് സ്ത്രീകള്‍. സമൂഹത്തെ അപേക്ഷിച്ച് വീടുകള്‍ക്കുള്ളില്‍ അത് കൂടുതലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വീട്ടിനുള്ള പെണ്ണ് ആക്രമിക്കപ്പെടുകയും കൊലക്കത്തിക്ക് ഇരയാവുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് കുടുംബത്തിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമിടയിലെ അധികാരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും അസന്തുലിതാവസ്ഥയുടെ തെളിവാണ്. അതു തന്നെയാണ് വീട് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ സ്ഥലമായി മാറാനുള്ള കാരണവും.

ജീവിതപങ്കാളിയുടെ കൈകളാല്‍ സ്ത്രീകള്‍ ഏറ്റവുമധികം കൊല്ലപ്പെടുന്നത് ആഫ്രിക്കന്‍ വന്‍കരയിലാണ് -ഒരു ലക്ഷത്തില്‍ 3.1 എന്ന തോതില്‍. ഒരു ലക്ഷത്തില്‍ 1.6 സ്ത്രീകള്‍ വീതം കൊല്ലപ്പെടുന്ന ഉത്തര-ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു. ഒരു ലക്ഷത്തില്‍ 1.3 സ്ത്രീകള്‍ കൊല്ലപ്പെടുന്ന ഓഷ്യാനിയ മേഖലയും 0.9 സ്ത്രീകള്‍ കൊല്ലപ്പെടുന്ന ഏഷ്യാ വന്‍കരയും തൊട്ടുപിന്നിലുണ്ട്. ഒരു ലക്ഷത്തില്‍ 0.7 സ്ത്രീകള്‍ കൊല്ലപ്പെടുന്ന യൂറോപ്പിലാണ് സ്ഥിതി താരതമ്യേന ഭേദം എന്നു പറയാവുന്നത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമനിര്‍മ്മാണം ഫലപ്രദമായില്ലെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം ഇല്ലാതാക്കുന്നതിന് ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന് യു.എന്‍. ഡ്രഗ്‌സ് ആന്‍ഡ് ക്രൈം ഓഫീസ് അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളില്‍ പുരുഷന്മാരുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളായിരിക്കുമ്പോള്‍ തന്നെ ഇതിനുള്ള ബോധവത്കരണം വേണമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു.

അതെ, അതു തന്നെയാണ് വേണ്ടത്. നമ്മുടെ ആണ്‍മക്കളെ കുട്ടികളായിരിക്കുമ്പോള്‍ തന്നെ പറഞ്ഞു പഠിപ്പിക്കണം, പെണ്ണിനെ ബഹുമാനിക്കാന്‍. കടയ്ക്കല്‍ വളം വെച്ചിട്ട് കാര്യമില്ലല്ലോ.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks