Reading Time: 8 minutes

തങ്ങള്‍ക്ക് താല്പര്യമില്ലാത്തവരെ എന്തു ചെയ്യണം? ഇല്ലാതാക്കണം. കുറഞ്ഞപക്ഷം നിയന്ത്രിക്കുകയെങ്കിലും വേണം. അത്തരമൊരു നീക്കത്തിന്റെ ഭാഗമാണ് മാധ്യമങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സുബ്രത ബിശ്വാസ് എന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. ക്രമീകരണം എന്ന ഓമനപ്പേരിലാണ് ഈ ‘മാധ്യമമാരണ’ ഉത്തരവ് അവതരിപ്പിച്ചിരിക്കുന്നത്.

ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ. ഇത്തരമൊരുത്തരവ് ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ രാഷ്ട്രീയനേതൃത്വം തന്നെയാണ്. രാഷ്ട്രീയനേതൃത്വം പച്ചക്കൊടി കാണിക്കാതെ ഇത്തരമൊരുത്തരവ് ഇറങ്ങില്ല. പക്ഷേ, അവരെ മാത്രമായി കുറ്റപ്പെടുത്താന്‍ ഞാന്‍ തയ്യാറല്ല. ഇത്രയ്ക്കു ബുദ്ധിയൊന്നും രാഷ്ട്രീയക്കാര്‍ക്കുണ്ടാവില്ല. കാരണം, രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഒരു പ്രത്യേക തരം ബന്ധമാണുള്ളത്. അത് ഇണങ്ങിയും പിണങ്ങിയും മുന്നോട്ടു നീങ്ങും.

ഒന്നുമില്ലെങ്കിലും രാഷ്ട്രീയക്കാര്‍ ജനാധിപത്യത്തിന്റെ ഭാഗമാണല്ലോ. നിയമനിര്‍മ്മാണസഭയുടെയും ഭരണകൂടത്തിന്റെയും ഭാഗമെന്ന നിലയില്‍ ഇരു തൂണുകളായി അവരും നാലാം തൂണെന്ന നിലയില്‍ മാധ്യമങ്ങളും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഇതിനൊപ്പം അഭിഭാഷകരും ജഡ്ജിമാരുമടങ്ങുന്ന നിയമവ്യവസ്ഥയും കൂടിയായായാല്‍ ജനാധിപത്യം പൂര്‍ണ്ണമായി. എന്നാല്‍, ജനങ്ങളുടെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിക്കുന്നത് ജനാധിപത്യത്തിന്റെ ഈ 4 തൂണുകളുമല്ല എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അതേ, ജനാധിപത്യത്തിന്റെ പിന്നാമ്പുറക്കളികള്‍ മുഴുവന്‍ നിയന്ത്രിക്കുന്ന ബ്യൂറോക്രസി അഥവാ ഉദ്യോഗസ്ഥവൃന്ദമാണ് ഏറ്റവും കരുത്തര്‍. ഇവര്‍ക്ക് ജനങ്ങളോട് ഒരു ഉത്തരവാദിത്വവും പ്രകടിപ്പിക്കേണ്ട കാര്യമില്ല. ഒരിക്കല്‍ കയറിയാല്‍ വിരമിക്കും വരെ അവിടെ അടയിരിക്കാം. രാഷ്ട്രീയക്കാര്‍ക്ക് 5 വര്‍ഷത്തിലൊരിക്കല്‍ ജനങ്ങളെ കുമ്പിടണമല്ലോ.

മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്നത് ആര്‍ക്കാണ്? സംശയമെന്താ ഉദ്യോഗസ്ഥര്‍ക്കു തന്നെ. ഇവരുടെ കള്ളക്കളികള്‍ വലിയൊരളവു വരെ തടയുന്നത് മാധ്യമപ്രവര്‍ത്തകരാണ്. മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകളാണ്. ഏറ്റവും പുതിയ ഉദാഹരണം ചൂണ്ടിക്കാട്ടിയാല്‍ മാലിന്യസംസ്‌കരണമെന്ന പേരില്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് വിദേശത്തു നിന്ന് ഫണ്ട് തട്ടുന്ന പരിപാടി തന്നെ. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരിലേക്കാണ് ഈ അഴിമതിയുടെ ചൂണ്ടുവിരല്‍ നീളുന്നത്. ഇവരുടെ കള്ളക്കളികള്‍ രാഷ്ട്രീയനേതൃത്വത്തിന് എളുപ്പം മനസ്സിലാവില്ലായിരിക്കാം. മനസ്സിലായാലും ചിലപ്പോള്‍ കണ്ടില്ലെന്നു നടിക്കുമായിരിക്കാം. പക്ഷേ, മാധ്യമങ്ങള്‍ അങ്ങനെയല്ല. അവര്‍ ചോദ്യം ചെയ്യും, വാര്‍ത്തകളിലൂടെ.

വേണുന്നതും വേണ്ടാത്തതുമെല്ലാം ഭരണനേതൃത്വത്തിന് ഉപദേശിച്ചുകൊടുക്കുന്നതും ഭരണനേതൃത്വത്തെ കുരങ്ങു കളിപ്പിക്കുന്നതുമെല്ലാം ചില ഉദ്യോഗസ്ഥരുടെ സ്ഥിരം സ്വഭാവമാണ്. അല്പം തരികിട കൈമുതലാക്കിയ ആളാണ് ഭരണതലപ്പത്തെങ്കില്‍ തട്ടിപ്പിനും വെട്ടിപ്പിനും കൈമെയ് മറന്ന് ഇത്തരക്കാര്‍ കൂട്ടുനില്‍ക്കും. വകുപ്പു സെക്രട്ടറിമാര്‍ ചൂണ്ടിക്കാണിക്കുന്നിടത്തു മാത്രം ഒപ്പിടുന്ന, അവരുടെ കൈകളിലെ പാവകളായി വര്‍ത്തിക്കുന്ന കുറഞ്ഞത് 2 മന്ത്രിമാരെങ്കിലും ഈ സര്‍ക്കാരിലുമുണ്ട്. മന്ത്രി നിര്‍ദ്ദേശിച്ചിട്ടും സെക്രട്ടറി കനിയാത്തതിനാല്‍ കുടുങ്ങിക്കിടക്കുന്ന ഫയലുകള്‍ സെക്രട്ടേറിയറ്റിലുണ്ട്. മന്ത്രിയുടെ കൂടെ നില്‍ക്കുന്നതായി ഭാവിച്ച് എല്ലാമൊപ്പിച്ചിട്ട് ഒടുവില്‍ ലേഖനമെഴുതിയും എഴുതാതെയുമെല്ലാം നൈസായി കൈകഴുകുന്ന ഉദ്യോഗസ്ഥരാണ് നിര്‍ണ്ണായക സ്ഥാനങ്ങളില്‍.

പക്ഷേ, ആഭ്യന്തര വകുപ്പിന്റെ ഈ ഉത്തരവ് ഉദ്യോഗസ്ഥ ബുദ്ധിയില്‍ ഉദിച്ചതാണെങ്കിലും രാഷ്ട്രീയ നേതൃത്വത്തിനും വലിയ എതിര്‍പ്പുണ്ടാവാന്‍ തരമില്ല. അതു മനസ്സിലാക്കി തന്നെയാണ് ഉദ്യോഗസ്ഥര്‍ ഉത്തരവുമായി ഇറങ്ങിയിരിക്കുന്നത്. വെറുതെയൊരു വിവാദമുണ്ടാക്കാം എന്നല്ലാതെ ഒരു ചുക്കും നടക്കാന്‍ പോകുന്നില്ല എന്ന് സാമാന്യബോധമുള്ളവര്‍ക്ക് വ്യക്തമായറിയാം. കാരണം, അത്രമാത്രം വിവരക്കേടുകളാണ് ഉത്തരവെന്ന പേരില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തനം എന്താണെന്ന് ഒരു വിവരവും ഇതെഴുതിയ ആള്‍ക്കില്ല. ക്രമീകരണം എന്ന പേരിലേര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഓരോന്നായി പരിശോധിച്ചാല്‍ ഇതു പകല്‍ പോലെ വ്യക്തമാവും.

സെക്രട്ടേറിയറ്റിനുള്ളില്‍

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം സംബന്ധിച്ചതാണ് ഒന്നാമത്തെ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമവിഭാഗവും പി.ആര്‍.ഡിയുമാണ് ഇതു സംബന്ധിച്ച അറിയിപ്പുകള്‍ നല്‍കുന്നത്. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പ്രവേശനം എന്നും പറയുന്നു. നിലവിലെ രീതി തുടരുന്നതിനൊപ്പം അറിയിപ്പുകള്‍ സമയബന്ധിതമായി നല്‍കുന്നതിന് ഒരു മൊബൈല്‍ ആപ്പ് നിര്‍മ്മിക്കണം എന്നതാണ് ഇതു സംബന്ധിച്ച പുതിയ ക്രമീകരണം.

പക്ഷേ, ക്രമീകരണം നിര്‍ദ്ദേശിക്കുന്നതിനു മുമ്പുള്ള അടിസ്ഥാന വിശദീകരണം തന്നെ പാളിയാലോ? ‘അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമാണ് ഇവിടെ പ്രവേശനം’ എന്ന് എഴുതിയിരിക്കുന്നത് ശരിയാണോ? ശരിയല്ല തന്നെ. അക്രഡിറ്റേഷന്‍ മാധ്യമപ്രവര്‍ത്തകരിലെ ആഢ്യന്മാരുടെ ലക്ഷണമായിരുന്നു ഒരു കാലത്ത്. പക്ഷേ, ഇന്നത്തെ മാധ്യമപ്രവര്‍ത്തക ആഢ്യന്മാര്‍ക്കൊന്നും അക്രഡിറ്റേഷനില്ല. കാരണം, പണ്ടെങ്ങോ അക്രഡിറ്റേഷന് സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം ആഢ്യന്മാര്‍ക്കൊന്നും അക്രഡിറ്റേഷന് യോഗ്യതയില്ല തന്നെ. കരാര്‍ ജീവനക്കാര്‍ക്ക് അക്രഡിറ്റേഷന്‍ പറ്റില്ല. പ്രോവിഡന്റ് ഫണ്ടില്ലെങ്കിലും അക്രഡിറ്റേഷന്‍ പറ്റില്ല. പണ്ടൊക്കെ പ്രാദേശിക ലേഖകന്മാര്‍ മാത്രമായിരുന്നു കരാര്‍ തൊഴിലാളികള്‍. എന്നാല്‍, ഇന്ന് ടൈംസ് ഓഫ് ഇന്ത്യ പോലെയുള്ള വലിയ പത്രങ്ങളില്‍ പോലും കരാര്‍ നിയമനം മാത്രമേയുള്ളൂ.

ഇനി മാധ്യമപ്രവര്‍ത്തകനായി സ്ഥിരം നിയമനമാണെങ്കിലും ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് ഇപ്പോള്‍ കമ്പനികളില്‍ പ്രോവിഡന്റ് ഫണ്ട് നല്‍കാറില്ല. അതനുസരിച്ചുള്ള മാറ്റം പ്രോവിഡന്റ് ഫണ്ട് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തക അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. ഞാന്‍ ഇന്ത്യാവിഷനില്‍ ജോലി ചെയ്യുമ്പോള്‍ അത്യാവശ്യം ‘സീനിയര്‍’ ആയിരുന്നു. മന്ത്രിസഭാ യോഗം അടക്കം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാര്‍ത്താസമ്മേളനങ്ങള്‍ അദ്ദേഹത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്തിരുന്നതും ഞാന്‍ തന്നെ. പക്ഷേ, എനിക്ക് അക്രഡിറ്റേഷന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, അതിനു വര്‍ഷങ്ങള്‍ക്കു മുമ്പ് മാതൃഭൂമിയിലായിരുന്നപ്പോള്‍ അക്രഡിറ്റേഷന്‍ ഉണ്ടായിരുന്നു താനും! ഇപ്പോഴത്തെ നിലയില്‍ mid level എന്ന തലത്തില്‍ ഉള്‍പ്പെടുന്ന, ജോലി തുടങ്ങി കുറച്ചുകാലമായെങ്കിലും സീനിയര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടാത്ത മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമേ കേരള സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം അക്രഡിറ്റേഷന് അര്‍ഹതയുള്ളൂ. അവര്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയോ സംസ്ഥാന ഭരണത്തലവന്റെ വാര്‍ത്താസമ്മേളനം?

മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലെ യോഗങ്ങളെക്കുറിച്ചും ഓഫീസിലെ കൂടിക്കാഴ്ചകളുടെ ദൃശ്യം പകര്‍ത്തുന്നതിനെക്കുറിച്ചും മുന്‍കൂട്ടി പി.ആര്‍.ഡിയെ അറിയിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനു സഹായകരമാവും എന്നാണ് രണ്ടാമത്തെ ഇണ്ടാസ്. അപ്പോള്‍ ഇപ്പോഴെങ്ങനെയാണ്? പി.ആര്‍.ഡിയെ മുന്‍കൂട്ടി അറിയിക്കാറില്ലേ? മുഖ്യമന്ത്രിയുടെ ഓഫീസിലെയും പരിസരത്തെയും പരിപാടികളെക്കുറിച്ച് ഇപ്പോള്‍ പി.ആര്‍.ഡി. നല്‍കുന്ന അറിയിപ്പുകള്‍ അവിടെ നിന്ന് ചോര്‍ത്തി തരുന്നതാണോ?

മുഖ്യമന്ത്രിയുടെ പ്രത്യേക അഭിമുഖം സംബന്ധിച്ചാണ് മൂന്നാമത്തെ നിര്‍ദ്ദേശം. ഇതും പി.ആര്‍.ഡിയെ അറിയിക്കണം എന്നാണ്. മുഖ്യമന്ത്രി ആര്‍ക്കെങ്കിലും അഭിമുഖം നല്‍കണോ എന്ന് അദ്ദേഹം തന്നെയാണ് തീരുമാനിക്കുന്നത്. അദ്ദേഹത്തിന്റെ അനുമതിയോടെ തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖത്തിനായി അകത്തുപ്രവേശിക്കുന്നതും. പി.ആര്‍.ഡിയെക്കൂടി അറിയിച്ച് മെച്ചപ്പെട്ട കോ-ഓര്‍ഡിനേഷന്‍ സാദ്ധ്യമാക്കണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളതായി മാത്രമേ കാണാനാവൂ. അപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനാണോ ഉത്തരവിലൂടെ ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്?

പി.ആര്‍. ചേംബറിലെ പത്രസമ്മേളനത്തില്‍ ഓരോ മാധ്യമസ്ഥാപനങ്ങളില്‍ നിന്നും പങ്കെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ചും ഒ.ബി. വാന്‍ പാര്‍ക്കിങ് സംബന്ധിച്ചും മുന്‍കൂട്ടി ധാരണയില്‍ എത്തിച്ചേരുന്നത് സെക്രട്ടേറിയറ്റിലെ അനാവശ്യ തിരക്ക് ഒഴിവാക്കുമെന്നാണ് നാലാമത്തെ നിര്‍ദ്ദേശം. ഒരു പത്രസമ്മേളനത്തില്‍ എത്ര പേര്‍ പങ്കെടുക്കും എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? പത്രത്തില്‍ നിന്ന് ഒരു റിപ്പോര്‍ട്ടര്‍ മാത്രമാണുണ്ടാവുക. ചിത്രത്തിന് സാദ്ധ്യതയുണ്ടെങ്കില്‍ ഒരു ഫോട്ടോഗ്രാഫര്‍ കൂടി വരും. ചാനലില്‍ നിന്ന് റിപ്പോര്‍ട്ടറും ക്യാമറാമാനും ക്യാമറ അസിസ്റ്റന്റും ഉണ്ടാവും. ചാനല്‍ വാഹനത്തിന്റെ ഡ്രൈവര്‍ തന്നെയാണ് ക്യാമറ അസിസ്റ്റന്റ്. പത്രത്തില്‍ നിന്ന് 1, ചാനലില്‍ നിന്ന് 3 എന്നിങ്ങനെയാണ് ഒരു പത്രസമ്മേളത്തിലെ സാധാരണ പങ്കാളിത്തം. ഒ.ബി വാനൊന്നും ഇപ്പോള്‍ പി.ആര്‍.ഡി. പത്രസമ്മേളനത്തില്‍ ആരും ഉപയോഗിക്കാറില്ല സര്‍! പി.ആര്‍. ചേംബറില്‍ എല്ലാ ചാനലുകള്‍ക്കും ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ കണക്ടിവിറ്റിയുണ്ട്. അതുവഴി ദൃശ്യങ്ങള്‍ തത്സമയം ഓരോ ചാനലിന്റെയും ഓഫീസിലെത്തും. ഇനി അഥവാ കണക്ടിവിറ്റി മുറിഞ്ഞാലും തത്സമയ സംപ്രേഷണത്തിന് ലൈവ് വ്യൂ എന്ന ചെറിയ യന്ത്രമുണ്ട്. ഒ.ബി. വാന്‍ വേണ്ടേ വേണ്ട. വിവരദോഷികളാണ് ഉത്തരവ് തയ്യാറാക്കിയതെന്ന് തുടക്കത്തില്‍ പറഞ്ഞതോര്‍മ്മയില്ലേ?

പി.ആര്‍.ഡിയിലെ വിവിധ വകുപ്പുകളിലേക്ക് അക്രഡിറ്റേഷന്‍, എന്‍ട്രി പാസ് ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാമെങ്കിലും മറ്റുള്ളവര്‍ക്ക് സന്ദര്‍ശന സമയത്തെ പ്രവേശനം പറ്റൂ എന്നാണ് അഞ്ചാമത്തെ നിര്‍ദ്ദേശം. ആരാണ് ഈ മറ്റുള്ളവര്‍? അക്രഡിറ്റേഷന്‍ സംവിധാനത്തിലെ പോരായ്മ ഞാന്‍ നേരത്തേ പറഞ്ഞു. അക്രഡിറ്റേഷന്‍ ഇല്ലാത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് 3 മാസത്തിലൊരിക്കല്‍ പുതുക്കുന്ന എന്‍ട്രി പാസ് കൊടുക്കാറുണ്ട്. ഇതില്‍ രണ്ടിലും പെടാത്ത മറ്റുള്ളവര്‍ ഇല്ല തന്നെ. ‘മറ്റുള്ളവര്‍’ എന്ന ഗണത്തില്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ തോന്നിയപോലെ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങുന്നു എന്നു വരുത്താനുള്ള ശ്രമമാണ് ഈ നിര്‍ദ്ദേശം, അത്രേയുള്ളൂ.

ദര്‍ബാര്‍ ഹാള്‍, സൗത്ത് കോണ്‍ഫറന്‍സ് ഹാള്‍, അനക്‌സ് 1 -2 എന്നിവിടങ്ങളില്‍ ഉത്തരവാദിത്വപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് പ്രവേശിക്കുന്നത് എന്നുറപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ആറാമത്തെ നിര്‍ദ്ദേശം. അക്രഡിറ്റേഷന്‍ അല്ലെങ്കില്‍ എന്‍ട്രി പാസ് ഉള്ളവര്‍ മാത്രമാണ് ഇപ്പോഴും അവിടെ പ്രവേശിക്കുന്നത് എന്നാണ് എന്റെ ധാരണ. ഉത്തരവാദിത്വമില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ എന്നൊരു വിഭാഗമുണ്ടോ, ഉണ്ടെങ്കില്‍ അവര്‍ സുരക്ഷ മറികടന്ന് പ്രവേശിക്കുന്നതെങ്ങനെ എന്ന് ഉത്തരവ് തയ്യാറാക്കിയവര്‍ക്ക് പറയാന്‍ ബാദ്ധ്യതയുണ്ട്.

സെക്രട്ടേറിയറ്റിനു പുറത്ത്

ഗസ്റ്റ് ഹൗസ്, റെസ്റ്റ് ഹൗസ്, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പരിപാടികള്‍ ചിലപ്പോഴെങ്കിലും വകുപ്പുകളും മന്ത്രി ഓഫീസുകളും നേരിട്ട് മാധ്യമങ്ങളെ അറിയിക്കാറുണ്ട്. അവര്‍ അതു സംബന്ധിച്ച് പി.ആര്‍.ഡിയെയും അറിയിക്കാറുണ്ട്. മാധ്യമ കോ-ഓര്‍ഡിനേഷന്റെ ചുമതല പി.ആര്‍.ഡിയെ ഏല്പിക്കണമെന്ന ഒന്നാമത്തെ നിര്‍ദ്ദേശം വകുപ്പുകള്‍ക്കും മന്ത്രി ഓഫീസുകള്‍ക്കുമുള്ളതാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അങ്ങനെ അറിയിക്കാന്‍ വകുപ്പില്ലല്ലോ!

പൊതുവേദികളുടെയും സര്‍ക്കാര്‍ -സര്‍ക്കാരിതര സ്ഥാപനങ്ങളുടെയും കവാടത്തില്‍ വെച്ച് മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രശസ്ത വ്യക്തികളുടെ പ്രതികരണം നിര്‍ബന്ധപൂര്‍വ്വം എടുക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത് അവരുടെ സ്വതന്ത്ര സഞ്ചാരത്തെ തടയുന്ന നിലയിലാകുന്നു എന്നു പറഞ്ഞാണ് രണ്ടാമത്തെ നിയന്ത്രണ നിര്‍ദ്ദേശം. അതു വ്യക്തമായിത്തന്നെ പറയണം.

മുഖ്യമന്ത്രി / മന്ത്രിമാര്‍ / പ്രശസ്ത വ്യക്തികള്‍ എന്നിവര്‍ മാധ്യമങ്ങളുമായി ടി സ്ഥലങ്ങളില്‍ വെച്ച് സംവദിക്കുന്നുണ്ടോ എന്ന കാര്യ ഐ. ആന്‍ഡ് പി.ആര്‍.ഡിയെ മുന്‍കൂട്ടി അറിയിക്കാവുന്നതാണ്. എന്നാല്‍, ഐ. ആന്‍ഡ് പി.ആര്‍.ഡി. മുഖേന അറിയിക്കുന്നതിന് സമയം ലഭിക്കാത്ത സന്ദര്‍ഭങ്ങളില്‍ നേരിട്ടും അറിയിപ്പുകളാകാം. മാധ്യമങ്ങളുമായി സംവദിക്കുന്നുണ്ടെങ്കില്‍ അതിനായി ഐ. ആന്‍ഡ് പി.ആര്‍.ഡി. ഇവിടങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കേണ്ടതും അവിടെ വെച്ച് മാത്രം പ്രതികരണം എടുക്കേണ്ടതുമാണ്. മാധ്യമ അറിയിപ്പ് കോ-ഓര്‍ഡിനേഷന്‍, പ്രസ് റിലീസ് എന്നിവയുടെ ചുമതല അതത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കായിരിക്കും. വിവരങ്ങള്‍ യഥാസമയം മാധ്യമങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ട് എന്ന് ബന്ധപ്പെട്ട റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്.

ഇതിനൊപ്പം പരിഗണിക്കേണ്ടതാണ് മൂന്നാമത്തെ നിര്‍ദ്ദേശവും. ഏയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍, ഗസ്റ്റ് ഹൗസ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിയടക്കമുള്ള പ്രശസ്ത വ്യക്തികളുടെ പ്രതികരണമെടുക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ ‘അനാവശ്യ’ തിരക്ക് കൂട്ടുന്നത് സുരക്ഷാഭീഷണിയടക്കം സൃഷ്ടിക്കുന്നുണ്ടത്രേ. ഇതു പരിഹരിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

ഇവിടങ്ങളില്‍ എത്തിച്ചേരുന്ന മുഖ്യമന്ത്രി / മന്ത്രിമാര്‍ / പ്രശസ്ത വ്യക്തികള്‍ എന്നിവര്‍ മാധ്യമങ്ങളുമായി സംവദിക്കുന്നുണ്ടോ എന്ന കാര്യം ഐ. ആന്‍ഡ് പി.ആര്‍.ഡിയെ മുന്‍കൂട്ടി അറിയിക്കാവുന്നതാണ്. ഐ. ആന്‍ഡ് പി.ആര്‍.ഡിയുടെ അനുമതിയോടെ മാത്രം മാധ്യമങ്ങള്‍ക്ക് ഇവരെ കാണാന്‍ അനുമതി നല്‍കാവുന്നതാണ്. ഐ. ആന്‍ഡ് പി.ആര്‍.ഡി. ടി സ്ഥലങ്ങളിലെ അധികാരികളുമായി ആലോചിച്ച് ഇതിനായി പ്രത്യേകം സംവിധാനം ഒരുക്കേണ്ടതും മാധ്യമങ്ങള്‍ അവിടെവെച്ചു മാത്രം ടി വ്യക്തികളുടെ പ്രതികരണം എടുക്കേണ്ടതുമാണ്. സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക് / അനക്‌സ് 1 / അനക്‌സ് 2 എന്നിവിടങ്ങളില്‍ താഴത്തെ നിലയില്‍ പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗവുമായി ആലോചിച്ച് ഇതിനുള്ള സൗകര്യം ഒരുക്കുന്നതിന് ഐ. ആന്‍ഡ് പി.ആര്‍.ഡി. ഡയറക്ടറെ ചുമതലപ്പെടുത്താവുന്നതാണ്. എയര്‍പോര്‍ട്ട് / റെയില്‍വേ സ്‌റ്റേഷന്‍ / സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ / റസ്റ്റ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട അധികാരികള്‍ / വകുപ്പുകള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത്, ഇവിടങ്ങളില്‍ സ്ഥിരമായ മീഡിയ കോര്‍ണറുകള്‍ ആരംഭിക്കുന്നതിന്റെ പ്രായോഗികത മനസ്സിലാക്കി, സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഐ. ആന്‍ഡ് പി.ആര്‍.ഡി. മുന്‍കൈയെടുക്കണം.

മാധ്യമങ്ങള്‍ക്ക് നിയന്ത്രണം എന്ന മുറവിളി ഉയരുന്നത് ഈ 2 നിര്‍ദ്ദേശങ്ങളെക്കുറിച്ചാണ്. മാധ്യമപ്രവര്‍ത്തകരും മുറവിളിയുടെ ഭാഗമാണ്. അതിന്റെ വിശദീകരണത്തിലേക്ക് കടക്കും മുമ്പ് ഒരു പ്രധാന കാര്യം ചോദിക്കാനുണ്ട് -എന്താണ് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന ഈ ‘അനാവശ്യ’ തിരക്ക്. വാര്‍ത്ത ശേഖരിക്കാനുള്ള മാധ്യമപ്രവര്‍ത്തകന്റെ ശ്രമം അനാവശ്യ നടപടിയാണെന്ന് സര്‍ക്കാരിന് അഭിപ്രായമുണ്ടോ? അല്ലെങ്കില്‍, ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന വിധത്തില്‍ എഴുതി വെയ്ക്കുന്നതാണോ സര്‍ക്കാര്‍ ഉത്തരവ്?

എന്തായാലും ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മുറവിളി കൂട്ടാനൊന്നും ഞാനില്ല. തലയുയര്‍ത്തി നെഞ്ചുവിരിച്ച് ഇത്രമാത്രം പറയും -‘അനുസരിക്കാന്‍ സൗകര്യമില്ല. നിങ്ങള്‍ വേണമെങ്കില്‍ കേസെടുത്തോളൂ. ജയിലില്‍ അടച്ചോളൂ. ചോദ്യങ്ങള്‍ ചോദിക്കുക തന്നെ ചെയ്യും. ഉത്തരം നേടാന്‍ ശ്രമിക്കുക തന്നെ ചെയ്യും. കാരണം അതെന്റെ ജോലിയാണ്. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതി എനിക്ക് അനുവദിച്ചു തന്നിട്ടുള്ള അവകാശമാണ്.’

വെറുതെല്ല ഇപ്പറയുന്നത്. കാര്യകാരണ സഹിതം വിശദീകരിക്കാം. മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ നേതാക്കള്‍ കൂടിയാണ്. അവരോട് ഭരണനിര്‍വ്വഹണത്തെക്കുറിച്ച് ചോദിക്കാനുണ്ടാവും. അവരുടെ പാര്‍ട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചോദ്യങ്ങളുണ്ടാവും. സുപ്രീം കോടതി വിധിയെക്കുറിച്ച് പിണറായി വിജയനോട് ചോദിക്കണ്ടേ? പി.കെ.ശശിക്കെതിരായ ആരോപണത്തില്‍ തീരുമാനമെന്തായെന്ന് എ.കെ.ബാലനെ കിട്ടിയാല്‍ ചോദിക്കണ്ടേ? രാജി വെയ്ക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമോ ഇല്ലയോ എന്ന് മാത്യു ടി.തോമസിനോട് ചോദിക്കണ്ടേ? ബന്ധുനിയമനക്കാര്യം കെ.ടി.ജലീലിനോട് ചോദിക്കണ്ടേ? നിപയിലെ മരണക്കണക്ക് കെ.കെ.ശൈലജയോട് ചോദിക്കണ്ടേ? ഇത്തരം ചോദ്യങ്ങളുണ്ടെങ്കില്‍ ഉത്തരം പറയാന്‍ ബാദ്ധ്യതയുള്ളവരെ എപ്പോള്‍ മുന്നില്‍ കിട്ടിയാലും ഞാനത് ചോദിച്ചിരിക്കും. അതിന് സമയവും സന്ദര്‍ഭവുമൊന്നുമില്ല.

ഇനി അനുമതി വാങ്ങി ചോദ്യം ചോദിക്കാന്‍ നിന്നാല്‍ എന്തു സംഭവിക്കും? ഇഷ്ടമില്ലാത്ത ചോദ്യങ്ങളെല്ലാം ഉത്തരം പറയാന്‍ ബാദ്ധ്യതയുള്ളവര്‍ ഒഴിവാക്കും. അങ്ങനെയെങ്കില്‍ തേന്‍കെണിയെക്കുറിച്ച് എ.കെ.ശശീന്ദ്രനോട് ചോദിക്കാന്‍ പറ്റുമായിരുന്നോ? ഭൂമി കൈയേറ്റത്തെക്കുറിച്ച് തോമസ് ചാണ്ടിയോട് ചോദിക്കാന്‍ പറ്റുമായിരുന്നോ? ബന്ധുനിയമനത്തെക്കുറിച്ച് ഇ.പി.ജയരാജനോട് ചോദിക്കാന്‍ പറ്റുമായിരുന്നോ? എന്തിന് സരിതാ നായരെക്കുറിച്ചും സോളാര്‍ അഴിമതിയെക്കുറിച്ചും ഉമ്മന്‍ ചാണ്ടിയോടോ യു.ഡി.എഫ്. സര്‍ക്കാരിലെ മറ്റാരോടെങ്കിലുമോ ചോദിക്കാന്‍ പറ്റുമായിരുന്നോ? ഇത്തരം ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളുമാണ് പലപ്പോഴും രാഷ്ട്രീയകേരളത്തിന്റെ വഴി തിരിച്ചുവിട്ടിട്ടുള്ളത്. ചോദ്യങ്ങള്‍ അവസാനിപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാവില്ല തന്നെ. അതു തടയണമെങ്കില്‍ പൊലീസിനെ ഉപയോഗിച്ച് സുരക്ഷ ശക്തമാക്കിക്കൊള്ളുക.

മുഖ്യമന്ത്രിയും മന്ത്രിമാരും ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മാത്രമെഴുതാനാണ് പി.ആര്‍.ഡി. അതിന് പത്രക്കുറിപ്പ് എന്നാണ് പറയുക. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ കൂടി ചേരുമ്പോഴാണ് ഞങ്ങളുടെ ജോലി പൂര്‍ണ്ണമാവുന്നത്. അതാണ് വാര്‍ത്ത. പത്രക്കുറിപ്പും വാര്‍ത്തയും ഒന്നല്ല തന്നെ. മാത്രമല്ല, താരതമ്യേന കുറഞ്ഞ പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥനായിരിക്കും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. അവിടെ വരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഉള്ളതിന്റെ ഇരട്ടി പരിചയമുണ്ടാവും. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, തന്നെക്കാള്‍ ഗ്രേഡ് കുറഞ്ഞയാളുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കണം എന്നു പറഞ്ഞാല്‍ ആത്മാഭിമാനമുള്ള ആരെങ്കിലും അംഗീകരിക്കുമോ?

മാത്രമല്ല മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ശേഷിയുള്ള ഒരു ഇന്‍ഫര്‍മേഷന്‍ ഓഫീസറെങ്കിലും കേരളത്തിലെ ഏതെങ്കിലും ജില്ലയിലുണ്ടോ? ഒരു സൗഹൃദത്തിന്റെ പേരിലുള്ള സഹകരണം മാത്രമാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസറും മാധ്യമപ്രവര്‍ത്തകരും നിലവിലുള്ളത്. അതില്‍ കൂടുതല്‍ ഡെക്കറേഷനൊന്നും വേണ്ട. പറ്റില്ല തന്നെ. മാത്രമല്ല, സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കു സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ശമ്പളം ട്രഷറിയില്‍ നിന്നല്ല.

ജില്ലാ തലങ്ങളില്‍ വിവിധ വകുപ്പുകള്‍ കൈക്കൊള്ളേണ്ട പൊതുനിര്‍ദ്ദേശം കൂടി ഉള്‍പ്പെടുത്തിയാണ് ഉത്തരവ് അവസാനിക്കുന്നത്. ജില്ലാ തലത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളുടെ ‘സോഴ്‌സുകളായി’ ഉപയോഗിക്കുന്നുണ്ടെന്നും ഇതു തടയാന്‍ എല്ലാം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഖേനയാവണമെന്നുമാണ് നിര്‍ദ്ദേശം. എന്തൊരു വിഡ്ഡിത്തമാണിത്! സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ ഔദ്യോഗികമായിട്ടല്ല വരുന്നത് എന്നെങ്കിലും ഓര്‍ക്കണ്ടേ? ഇടതു ഭരണ കാലത്ത് യു.ഡി.എഫ്. സര്‍വ്വീസ് സംഘടനകളും യു.ഡി.എഫ്. ഭരണകാലത്ത് ഇടതു സര്‍വ്വീസ് സംഘടനകളുമാണ് പ്രധാന വാര്‍ത്താ സ്രോതസ്സുകള്‍. ഉദ്യോഗസ്ഥരെ നിയന്ത്രിച്ച് സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ക്ക് തടയിടാം എന്നൊക്കെ മോഹിക്കുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണെന്നേ പറയാനുള്ളൂ.

മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു നിയന്ത്രണവും വേണ്ട എന്നല്ല. ആ നിയന്ത്രണം സ്വയം നിയന്ത്രണമാവണം. ആ നിയന്ത്രണം വേണമെന്ന് സര്‍ക്കാരിന് ആവശ്യപ്പെടാം. എഡിറ്റര്‍മാരുടെ യോഗം വിളിച്ചുകൂട്ടി മുഖ്യമന്ത്രിക്കു തന്നെ പറയാം. ‘കടക്കു പുറത്ത്’ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ എല്ലാവരും മിണ്ടാതെ ഇറങ്ങിപ്പോയത് പേടിച്ചിട്ടല്ല, മുഖ്യമന്ത്രി എന്ന സ്ഥാനത്തോടുള്ള ബഹുമാനവും പൊതുപെരുമാറ്റച്ചട്ടവും മാനിച്ചു തന്നെയാണ്.

ആരുടെയും സഞ്ചാരസ്വാതന്ത്ര്യം തടയാന്‍ ഒരു മാധ്യമപ്രവര്‍ത്തകനും അവകാശമില്ല തന്നെ. ഒരാള്‍ പ്രതികരിക്കാന്‍ തയ്യാറല്ലെങ്കില്‍ അയാളെ പ്രതികരിപ്പിച്ചിട്ടേ വിടൂ എന്ന നിലപാട് ഞാന്‍ വെച്ചുപുലര്‍ത്താറില്ല, അതു ശരിയുമല്ല. ഇഷ്ടക്കേട് കണ്ടാല്‍ പിന്തിരിയാനുള്ള മാന്യത മാധ്യമപ്രവര്‍ത്തകര്‍ കാട്ടണം. മാധ്യമപ്രവര്‍ത്തകരുടെ മാന്യമായ പെരുമാറ്റത്തിലൂടെ ഇത്തരം നിയന്ത്രണങ്ങളെ പൊട്ടിച്ചെറിയാന്‍ കഴിയണം. അതേസമയം, സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്ന വിധത്തില്‍ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവരെ കര്‍ശനമായി നിയമത്തിന്റെ മുന്നിലെത്തിക്കുകയും വേണം.

അപ്പോള്‍ ഒന്നുകൂടി പറയുകയാണ് ‘സ്വതന്ത്രമായ തൊഴില്‍സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്ന ഇണ്ടാസുകള്‍ അനുസരിക്കാന്‍ തയ്യാറല്ല. കേസെടുക്കാം. ജയിലിലടയ്ക്കാം.’ താല്പര്യമുള്ളത് മാത്രം പറയാനാണെങ്കില്‍ അതിന് റേഡിയോയും അതിലെ ‘മന്‍ കി ബാത്തും’ ഉണ്ടല്ലോ. ഉദ്യോഗസ്ഥരുടെ ഇത്തരം മണ്ടത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ജനാധിപത്യ ഭരണകൂടം ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരാവും എന്നോര്‍ക്കുക. ഡല്‍ഹിയല്ല കേരളം എന്നറിയുക.

Previous articleമിതാലിയെ ബഹുമാനിക്കുക തന്നെ വേണം
Next articleപെണ്ണിനേറ്റവും അപകടകരം സ്വന്തം വീടോ?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here