HomeECONOMYസംഭാവനയിലെ പ്...

സംഭാവനയിലെ പ്രതിഷേധം

-

Reading Time: 3 minutes

രാജ്യമെങ്ങും കര്‍ഷകപ്രതിഷേധം തിളച്ചുമറിയുകയാണ്. മുംബൈയില്‍ നിന്ന് ലഖ്‌നൗ വഴി ഡല്‍ഹിയിലും അതെത്തിയിരിക്കുന്നു. ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധമാര്‍ച്ചില്‍ ഡല്‍ഹി പ്രകമ്പനം കൊണ്ടു. എം.എസ്.സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില കൂട്ടുക, കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ നടപടിയെടുക്കുക, കര്‍ഷക പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുക തുടങ്ങിയവയായിരുന്നു സമരക്കാരുടെ ആവശ്യങ്ങള്‍. ആന്ധ്രാപ്രദേശ്, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. 200ഓളം കര്‍ഷക സംഘടനകള്‍ ഇതിന്റെ ഭാഗമായി. പ്രതിപക്ഷ നേതാക്കളുടെ ഐക്യത്തിന്റെയും കേന്ദ്ര സര്‍ക്കാരിനെതിരായ കൂട്ടായ ആക്രമണത്തിന്റെയും വേദിയായി ഈ കിസാന്‍ മുക്തി മാര്‍ച്ച് മാറി.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം രാജ്യത്തെ കര്‍ഷകരുടെ നടുവൊടിച്ചു എന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര കൃഷി മന്ത്രാലയം തന്നെ പുറത്തുവിട്ടിട്ട് അധികകാലമായിട്ടില്ല. വിളവെടുപ്പിനും വിത്തിറക്കലിനും ഇടയ്ക്കുള്ള ഇടവേളയിലായിരുന്നു നോട്ട് നിരോധനം നടപ്പാക്കുന്ന വേളയില്‍ കര്‍ഷകര്‍. വിളവെടുപ്പിന്റെ വരുമാനമായിരുന്നാലും വിത്തിറക്കലിന്റെ ചെലവിനുള്ള നീക്കിയിരിപ്പായിരുന്നാലും പണം കര്‍ഷകന്റെ കൈവശം കൂട്ടിവെച്ചിരിക്കുന്ന സമയം. നോട്ട് നിരോധനം ഈ പണം മുഴുവന്‍ ഉപയോഗശൂന്യമാക്കി. ബാങ്കില്‍പ്പോയി നോട്ടുകള്‍ മാറി വാങ്ങുന്നതിനുള്ള സാഹചര്യമോ അറിവോ പാവം കര്‍ഷകര്‍ക്കുണ്ടായിരുന്നുമില്ല.

ഇതേത്തുടര്‍ന്ന് സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്ന വിത്തുകള്‍ വാങ്ങാന്‍ പോലും ആളില്ലാത്ത അവസ്ഥയായി. ചെറുകിട കര്‍ഷകരെക്കൊണ്ട് തങ്ങളുടെ പാടങ്ങളില്‍ പണിയെടുപ്പിച്ചിരുന്ന കര്‍ഷക ജന്മിമാര്‍ കൂലി നല്‍കാന്‍ പോലും പണമില്ലാത്തെ വിഷമിച്ചു. ഇത്തരത്തില്‍ നേരിട്ട സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് കര്‍ഷകനെ പാടത്തു നിന്ന് തെരുവിലെത്തിച്ചത്. എന്നാല്‍, മാര്‍ച്ച് നടത്താനിറങ്ങിയ കര്‍ഷകരെക്കാള്‍ വലിയ ശ്രദ്ധയാണ് മഹാരാഷ്ട്രയിലെ നാസിക്കിലെ നിപാദ് തെഹ്‌സില്‍ സ്വദേശിയായ സഞ്ജയ് സാത്തെ എന്ന ഉള്ളി കര്‍ഷകന്‍ നേടിയിരിക്കുന്നത്.

സഞ്ജയ് സാത്തെ ചില്ലറക്കാരനല്ല. 2010ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയിലെത്തിയപ്പോള്‍ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കപ്പെട്ട ‘പുരോഗമനവാദികളായ’ കര്‍ഷകരുടെ കൂട്ടത്തില്‍പ്പെട്ടയാളാണ് ഇദ്ദേഹം. കര്‍ഷകര്‍ക്കു പ്രയോജനപ്രദമായ നിലയില്‍ ഒരു ടെലികോം കമ്പനി ലഭ്യമാക്കിയിരുന്ന നിര്‍ദ്ദേശങ്ങള്‍ വിജയകരമായി ഉപയോഗിച്ചു എന്നതായിരുന്നു സഞ്ജയിന്റെ സവിശേഷത. കാലാവസ്ഥയിലെ മാറ്റങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ഈ സേവനം പ്രയോജനപ്പെടുത്തി. അവരുമായി കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു. ആ വിദഗ്ദ്ധ നിര്‍ദ്ദേശത്തിന്റെ ഫലമായി സഞ്ജയിന്റെ കാര്‍ഷികോത്പാദനം വര്‍ദ്ധിക്കുകയും ചെയ്തു.

കാര്‍ഷിക മേഖലയിലെ തന്റെ പരീക്ഷണങ്ങളെക്കുറിച്ച് ആകാശവാണി പ്രാദേശിക നിലയ പരിപാടികളിലൂടെ സഞ്ജയ് സാത്തെ മറ്റു കര്‍ഷകരുമായി സംസാരിച്ചു. ഇതെല്ലാം പരിഗണിച്ചാണ് മുംബൈയിലെ സെന്റ് സേവിയേഴ്‌സ് കോളേജില്‍ ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരു സ്റ്റാളിടാന്‍ അദ്ദേഹത്തെ കേന്ദ്ര കൃഷി മന്ത്രാലയം ക്ഷണിച്ചത്. ഒബാമയോട് ദ്വിഭാഷിയുടെ സഹായത്തോടെ സഞ്ജയ് 2 മിനിറ്റ് ആശയവിനിമയം നടത്തുകയും ചെയ്തു.

നോട്ട് നിരോധനത്തിനു ശേഷം സഞ്ജയിന്റെ ഉള്ളി കൃഷി കടുത്ത പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടു നീങ്ങുന്നത്. ഇക്കുറി പ്രതിസന്ധി സര്‍വ്വസീമകളും ലംഘിച്ചു. 750 കിലോ ഉള്ളി വിറ്റപ്പോള്‍ കിട്ടിയത് വെറും 1,064 രൂപ. 1 കിലോയ്ക്ക് വില വെറും 1.40 രൂപ. നിപാദിലെ മൊത്ത വിപണിയില്‍ ഒരാഴ്ച മുമ്പ് ഇതു വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കിലോയ്ക്ക് 1 രൂപയാണ് വിലയായി വാഗ്ദാനം ചെയ്യപ്പെട്ടത്. അന്നു വില്‍ക്കാതെ മടങ്ങിപ്പോയ സഞ്ജയ് ഇപ്പോള്‍ വീണ്ടും ശ്രമിച്ചിട്ടും കാര്യമായ മാറ്റമൊന്നുമുണ്ടായില്ല.

4 മാസത്തെ നിരന്തര അദ്ധ്വാനത്തിനാണ് ഈ നാമമാത്രമായ തുക പ്രതിഫലം കിട്ടിയത്. ഇത് സഞ്ജയിനെ കുപിതനാക്കി. അദ്ദേഹം ചെയ്യേണ്ടതു തന്നെ ചെയ്തു. വലിയ ബഹളത്തിനൊന്നും പോയില്ല. തന്റെ അദ്ധ്വാനത്തിനു ലഭിച്ച ‘പ്രതിഫലം’ മുഴുവന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ദുരിതാശ്വാസത്തിന് 1,064 രൂപ സംഭാവന ചെയ്യുന്നതിന് മണിയോര്‍ഡര്‍ അയയ്ക്കാന്‍ അദ്ദേഹത്തിന് തപാല്‍ കൂലിയിനത്തില്‍ 54 രൂപ വേറെ ചെലവിടേണ്ടിയും വന്നു!!!

രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഉള്ളിയുടെ പകുതിയും വരുന്നത് നാസിക്ക് ജില്ലയില്‍ നിന്നാണ്. ഇവിടെയുണ്ടായ പ്രതിഷേധം ഒറ്റപ്പെട്ടതാണെങ്കിലും നേടിയ വാര്‍ത്താപ്രാധാന്യം സര്‍ക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്. സഞ്ജയ് സാത്തെയ്ക്ക് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ കക്ഷിയോടും മമതയില്ല. അതിനാല്‍ത്തന്നെ ഇതൊരു രാഷ്ട്രീയ പ്രതിഷേധവുമല്ല. കര്‍ഷകരുടെ ദുരിതങ്ങളോട് മുഖം തിരിക്കുന്ന സര്‍ക്കാര്‍ നിലപാടിനോടുള്ള പ്രതിഷേധമാണ് തന്റെ നടപടിയെന്ന് അദ്ദേഹം പറയുന്നു.

അതെ, ചിലപ്പോള്‍ ഒരാളുടെ പ്രതിഷേധത്തിന് ഒരു ലക്ഷം ആള്‍ക്കാരുടെ പ്രതിഷേധത്തിന്റെ വിലയുണ്ടാവും!!!

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights