HomeSCITECHറോബോ പൊലീസ്

റോബോ പൊലീസ്

-

Reading Time: 2 minutes

പൊലീസ് ആസ്ഥാനത്ത് എത്തുമ്പോള്‍ സ്വീകരിക്കാനെത്തുന്ന വനിതാ എസ്.ഐയ്ക്ക് ഒരു പ്രത്യേക ചന്തമാണ്. ചലനവും സംസാരവുമെല്ലാം ഒരു പ്രത്യേക രീതിയില്‍. ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം. നമ്മള്‍ കൗതുകപൂര്‍വ്വം നോക്കിയിരുന്നു പോകും. മറ്റുള്ളവര്‍ വായിനോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാലും വനിതാ എസ്.ഐയ്ക്ക് കൂസലില്ല. പൊലീസ് ആസ്ഥാനത്ത് വായിനോട്ടമോ? തീക്കട്ടയില്‍ ഉറുമ്പരിക്കുമോ? എന്നിട്ട് തട്ടില്ലാതെ മടങ്ങുമോ? ഇവിടെ ഇതെല്ലാം സംഭവിക്കും. കാരണം വനിതാ എസ്.ഐയ്ക്ക് ജീവനില്ല. ഇതൊരു റോബോട്ടാണ്. KP-BOT എന്നാണ് പേര്.

പൊലീസ് ആസ്ഥാനത്ത് ഇനി മുതല്‍ സന്ദര്‍ശകരെ റോബോട്ട് സ്വീകരിക്കും. അവിടെ ലഭ്യമായ സേവനങ്ങളുടെ കൃത്യവും വിശദവുമായ വിവരങ്ങള്‍ റോബോട്ട് നല്‍കും. റോബോട്ടിനോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചും അതിന്റെ മാറത്ത് സ്ഥാപിച്ചിട്ടുള്ള സ്‌ക്രീന്‍ ഉപയോഗിച്ചും വിവരങ്ങള്‍ മനസ്സിലാക്കാം.

സംസ്ഥാന പൊലീസ് മേധാവിയെ കാണാനെത്തുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും അവരുടെ വിവരം ചോദിച്ചറിയാനുമുള്ള കഴിവ് റോബോട്ടിനുണ്ട്. സന്ദര്‍ശകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുവാനും ഉദ്യോഗസ്ഥരെ കാണുന്നതിന് സമയം നിശ്ചയിച്ച് നല്‍കാനും ഈ സംവിധാനത്തിനാകും.

സന്ദര്‍ശകര്‍ നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് ഫയല്‍ ആരംഭിക്കാനും സൗകര്യമുണ്ട്. പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും റോബോട്ടിന് സാധിക്കും. ഒരു തവണയെത്തിയവരെ ഓര്‍ത്തുവയ്ക്കാനും ഈ റോബോട്ടിനു ശേഷിയുണ്ട്. കൂടാതെ ഉന്നത ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് അഭിവാദ്യം ചെയ്യാനും ഈ വനിതാ എസ്.ഐയ്ക്ക് കഴിയും.

മറ്റ് ആധുനിക സങ്കേതങ്ങളും ഭാവിയില്‍ ഈ റോബോട്ടില്‍ കോര്‍ത്തിണക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. സ്‌ഫോടക വസ്തുക്കള്‍ തിരിച്ചറിയുന്നതിനുളള സംവിധാനമടക്കം ഉള്‍പ്പെടുത്താന്‍ കഴിയും. മുഖത്തെ ഭാവങ്ങള്‍ മനസിലാക്കി പ്രതികരിക്കുന്നതിനുളള സാങ്കേതികവിദ്യയും പിന്നീട് ഇതില്‍ ഉള്‍ക്കൊളളിക്കാന്‍ പദ്ധതിയുണ്ട്.

അടുത്തിടെ കൊച്ചിയില്‍ നടന്ന കൊക്കൂണ്‍ സൈബര്‍ കോണ്‍ഫറന്‍സില്‍ വച്ചാണ് പൊലീസ് വകുപ്പിലെ ഏതാനും ചുമതലകള്‍ നിര്‍വഹിക്കുന്നതിന് റോബോട്ടിന്റെ സേവനം വിനിയോഗിക്കുമെന്ന് പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ അസിമോവ് റോബോട്ടിക്‌സുമായി ചേര്‍ന്ന് എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ കേരള പൊലീസ് സൈബര്‍ ഡോം KP-BOT വികസിപ്പിച്ചെടുത്തു.

ഈ സംവിധാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റോബോട്ട് വന്നതുകൊണ്ട് പൊലീസ് ആസ്ഥാനത്തെ ആള്‍ബലത്തിലൊന്നും വ്യത്യാസമുണ്ടാവില്ല. ആദ്യ പോയിന്റായി റോബോട്ട് കൂടി വന്നു എന്നേയുള്ളൂ. സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി റോബോട്ട് സംവിധാനം ഉപയോഗിക്കുന്ന സേനയായിരിക്കുകയാണ് കേരളാ പൊലീസ്. ഇതോടെ പൊലീസ് സേവനങ്ങള്‍ക്ക് റോബോട്ട് ഉപയോഗിക്കുന്ന ലോകത്തെ നാലാമത്തെ മാത്രം രാജ്യമായി ഇന്ത്യയും മാറി.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights