HomeSCITECHപറക്കും കാര്‍...

പറക്കും കാര്‍ ഇതാ എത്തി

-

Reading Time: 2 minutes

ശാസ്ത്രനോവലുകളിലും ജയിംസ് ബോണ്ട് സിനിമകളിലും കാര്‍ട്ടൂണുകളിലുമെല്ലാം കണ്ടിട്ടുള്ള പറക്കും കാര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. എയര്‍കാര്‍ എന്നു പേരില്‍ റോഡിലും ആകാശത്തും സഞ്ചരിക്കുന്ന ദ്വിതല വാഹനം സ്ലോവാക്യയിലെ നൈട്രയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബ്രാറ്റിസ്ലാവ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 35 മിനിറ്റ് പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. സ്ലോവാക്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലെയ്ന്‍ വിഷനാണ് എയര്‍കാറിന്റെ ബൗദ്ധിക സ്വത്തവകാശം സ്വന്തമാക്കിയിട്ടുള്ളത്.

പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ പറക്കും കാറായി എയര്‍കാര്‍ മാറിയിട്ടുണ്ട്. ഇതോടെ ഇപ്പോഴുള്ള പരീക്ഷണമാതൃക പൂര്‍ണ്ണരൂപത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നതിന് ഒരു പടി കൂടി അടുത്തു. ഇതുവരെ എയര്‍കാര്‍ 142 തവണ വിജയകരമായി പറക്കുകയും നിലത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.

എയര്‍കാര്‍ പ്രോട്ടോടൈപ് 1ന് കരുത്തുപകരുന്നത് 160 കുതിരശക്തിയുള്ള ബി.എം.ഡബ്ല്യു. എന്‍ജിനും ഫിക്സഡ് പ്രൊപല്ലറും ബാലിസ്റ്റിക് പാരഷ്യൂട്ടുമാണ്. കുത്തനെ 45 ഡിഗ്രിയിലുള്ള തിരിവുകളും വിവിധ തലങ്ങളില്‍ കൈകാര്യം ചെയ്യാനുള്ള പരീക്ഷണങ്ങളും ഉള്‍പ്പെടെ ഇതുവരെ 40 മണിക്കൂര്‍ പരീക്ഷണപറക്കല്‍ പൂര്‍ത്തിയാക്കി. 8,200 അടി വരെ ഉയര്‍ത്തില്‍ പറന്ന എയര്‍കാര്‍ മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗവും ആര്‍ജ്ജിച്ചിട്ടുണ്ട്.

പ്രൊഫ.സ്റ്റെഫാന്‍ ക്ലെയ്ന്‍

ഉപഭോക്തൃസൗഹൃദ പറക്കും കാറുകള്‍ നിര്‍മ്മിക്കുന്നതില്‍ സവിശേഷ കഴിവുള്ള പ്രൊഫ.സ്റ്റെഫാന്‍ ക്ലെയ്നാണ് ഈ പദ്ധതിക്കു പിന്നിലെ ബുദ്ധികേന്ദ്രം. നൈട്രയില്‍ നിന്ന് ബ്രാറ്റിസ്ലാവയിലേക്ക് എയര്‍കാര്‍ ഓടിച്ചത് പ്രൊഫ.ക്ലെയ്ന്‍ തന്നെയാണ്. ദ്വിതല യാത്രാവാഹനങ്ങളുടെ ലോകത്ത് പുതിയ യുഗപ്പിറവിയാണ് തന്റെ കണ്ടുപിടിത്തമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ കണ്ടുപിടിത്തം ബോയിങ് വിമാനക്കമ്പനി സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. റോഡിലോടുന്ന വാഹനത്തില്‍ നിന്ന് ചിറകുകള്‍ വിടര്‍ത്തിയ വിമാനരൂപത്തിലേക്കും തിരിച്ചുമുള്ള എയര്‍കാറിന്റെ സ്വാഭാവിക പരിണാമം അങ്ങേയറ്റം ആസൂത്രണമികവും സാങ്കേതികതയും കഴിവും സമന്വയിപ്പിക്കുന്ന രൂപകല്പനയാണെന്ന് ബോയിങ് വിമാനക്കമ്പനിയിലെ കോ-സീനിയര്‍ ടെക്നിക്കല്‍ ഫെലോ ഡോ.ബ്രാങ്കോ സാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇപ്പോള്‍ പരീക്ഷണം വിജയിച്ച വാഹനം അടിസ്ഥാനമാക്കി എയര്‍കാര്‍ പ്രോട്ടോടൈപ്പ് 2ന്റെ പണിപ്പുരയിലാണ് പ്രൊഫ.ക്ലെയ്നിന്റെ കമ്പനി ഇപ്പോള്‍. 300 കുതിരശക്തി ഈ പുതിയ മാതൃകയ്ക്ക് എന്‍ജിനും EASA CS-23 വ്യോമയാ സര്‍ട്ടിഫിക്കേഷനും M1 റോഡ് പെര്‍മിറ്റും ഉണ്ടാകും. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ ഒറ്റയടിക്ക് 1000 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി എയര്‍കാര്‍ പ്രോട്ടോടൈപ് 2ന് ഉണ്ടാവും എന്നാണ് കണക്കാക്കപ്പെടുന്നത്.

എയര്‍കാര്‍ ഇനി വെറുമൊരു പരീക്ഷണ മാതൃകയല്ല. 8,200 അടി ഉയരത്തില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ സ്പീഡില്‍ പറക്കുന്ന ഈ വാഹനം ശാസ്ത്രനോവലിലെ സങ്കല്പം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks