അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയ്ട്ടേഴ്സിന്റേതായി ഒരു പ്രധാന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. നമ്മളെ സംബന്ധിക്കുന്നതാണെങ്കിലും എന്തുകൊണ്ടോ വലിയ ചര്‍ച്ചയായിട്ടില്ല. വളരെയധികം ആശങ്കയുണര്‍ത്തുന്നതാണ് ആ വാര്‍ത്ത. ഒരു വാര്‍ത്ത വായിച്ച് ഇത്രയേറെ അസ്വസ്ഥനായ അനുഭവം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. കാരണം ആ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമ്മെയെല്ലാം നേരിട്ടു ബാധിക്കുന്നതാണ്, അപകടത്തിലാക്കുന്നതാണ്.
വാര്‍ത്തയുടെ തലക്കെട്ട് ഇതാണ് -Indian scientists: We didn’t back doubling of vaccine dosing gap. ഇതില്‍ത്തന്നെ എല്ലാമുണ്ട്. ആസ്ട്ര സെനക്ക തയ്യാറാക്കിയ കോവിഷീല്‍ഡ് വാക്സിന്റെ രണ്ടു ഡോസുകള്‍ക്കിടയിലുള്ള ഇടവേള വര്‍ദ്ധിപ്പിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് ശാസ്ത്രീയ അടിത്തറ ഇല്ലെന്ന്. ഈ തീരുമാനമെടുക്കാനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ട നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷന്‍ (എന്‍ടാഗി) അംഗങ്ങളായ 14 ശാസ്ത്രജ്ഞരിലെ 3 പേര്‍ തന്നെയാണ് ഇപ്പോള്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
കോവിഷീല്‍ഡ് വാക്സിന്റെ രണ്ടു ഡോസുകള്‍ക്കിടയിലുള്ള ഇടവേള ആദ്യ ഘട്ടത്തില്‍ 6 മുതല്‍ 8 വരെ ആഴ്ചകളായിരുന്നു. എന്നാല്‍, ഇടവേളയുടെ ദൈര്‍ഘ്യം 12 മുതല്‍ 16 വരെ ആഴ്ചകളാക്കി വര്‍ദ്ധിപ്പിക്കാന്‍ മെയ് 13ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഈ സമയത്ത് രാജ്യത്ത് വാക്സിന്‍ ക്ഷാമം നിലനില്‍ക്കുകയായിരുന്നു. കോവിഡ് രോഗവ്യാപനമാണെങ്കില്‍ വല്ലാതെ ഉയര്‍ന്ന നിലയിലും. ഇടവേള കൂട്ടുന്നതിന് കാരണമായി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് ബ്രിട്ടനിലെ അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട എന്‍ടാഗി ഇതു സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ്. എന്നാല്‍, ഇത്തരത്തിലുള്ള ഒരു തീരുമാനമെടുക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ തങ്ങളുടെ കൈവശമുണ്ടായിരുന്നില്ലെന്നാണ് എന്‍ടാഗിയിലെ 3 വിദഗ്ദ്ധര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
കോവിഷീല്‍ഡ് ഡോസിനുള്ള ഇടവേള നീട്ടുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതില്‍ ഒരു കാര്യം സത്യമാണ് -നീട്ടാന്‍ തീരുമാനിച്ചു എന്നത്. എന്നാല്‍, അത് 8 മുതല്‍ 12 വരെ ആഴ്ചകളായിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി മുന്‍ ഡയറക്ടറും എന്‍ടാഗി അംഗവമായ ഡോ.മോഹന്‍ ദിഗംബര്‍ ഗുപ്തെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകാരോഗ്യ സംഘടനയും ഈ ഇടവേളയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍, 12 ആഴ്ചകള്‍ക്കപ്പുറം വാക്സിന്റെ ഫലം എന്താവുമെന്നതു സംബന്ധിച്ച് ഒരു വിവരവും തങ്ങളുടെ കൈവശമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 8 മുതല്‍ 12 വരെ ആഴ്ചകളുടെ ഇടവേള തങ്ങള്‍ നിര്‍ദ്ദേശിച്ചതിനെ കേന്ദ്ര സര്‍ക്കാര്‍ 12 മുതല്‍ 16 വരെ ആഴ്ചകളാക്കി മാറ്റുകയായിരുന്നുവെന്ന് എന്‍ടാഗിയിലെ മറ്റൊരംഗമായ ഡോ.മാത്യു വര്‍ഗ്ഗീസും പറഞ്ഞു. ഏഴംഗ കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് അംഗമായ ഡോ.ജയപ്രകാശ് മൂളിയിലും 12 മുതല്‍ 16 വരെ ആഴ്ചകളുടെ ഇടവേള നിര്‍ദ്ദേശിച്ചിട്ടില്ലെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവേള 12 മുതല്‍ 16 വരെ ആഴ്ചകളാക്കി വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ച് എതിര്‍സ്വരങ്ങളൊന്നും എന്‍ടാഗി അംഗങ്ങള്‍ ഉന്നയിച്ചില്ല എന്നാണ് തീരുമാനം പ്രഖ്യാപിക്കുന്ന വേളയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടത്. കാലാവധി നീട്ടാനുള്ള തീരുമാനത്തെ മെയ് 15ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ മന്ത്രാലയ വക്താവ് ന്യായീകരിച്ചത് ‘ശാസ്ത്രീയ തീരുമാനം’ എന്ന പേരിലായിരുന്നു. അല്ലാതെ വാക്സിന്‍ ക്ഷാമമല്ല കാരണമെന്ന്!!!
റോയ്ട്ടേഴ്സ് വാര്‍ത്തയിലൂടെ പുറത്തുവന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ തങ്ങളുടെ കഴിവുകേട് മറച്ചുവെയ്ക്കാന്‍ മോദി സര്‍ക്കാര്‍ ഈ രാജ്യത്തെ ജനങ്ങളുടെ ജീവന്‍ പന്താടുകയാണ്. കോവിഷീല്‍ഡിന്റെ 2 ഡോസുകള്‍ക്കിടയിലെ ഇടവേള 16 ആഴ്ചയാക്കുന്നത് നല്ലതാണെന്നു തെളിയിക്കുന്ന ഒരു പഠനം പോലും ഇന്നുവരെ ശാസ്ത്രലോകത്തിനു മുന്നിലില്ല എന്നതാണ് സത്യം. തന്റെ മണ്ടന്‍ തീരുമാനങ്ങള്‍ സൃഷ്ടിച്ച വാക്സിന്‍ ക്ഷാമം മറികടക്കാന്‍ പ്രധാനമന്ത്രി കണ്ടെത്തിയ കുറുക്കുവഴി ജനങ്ങള്‍ക്കാകെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ വരുത്തിവെയ്ക്കുന്നതായി. പൊതുജനാരോഗ്യത്തെക്കാള്‍ പ്രാധാന്യം തന്റെ ഇമേജിനു നല്‍കുന്ന പ്രധാനമന്ത്രിയെ അല്ല യഥാര്‍ത്ഥത്തില്‍ കുറ്റപ്പെടുത്തേണ്ടത്, അദ്ദേഹത്തെ പ്രധാനമന്ത്രി ആക്കിയവരെയാണ്.
ഇപ്പോള്‍ സത്യം വെളിപ്പെടുത്താനുള്ള അവസരം കിട്ടിയപ്പോള്‍ അതിനു തയ്യാറായ മൂവരും ചില്ലറക്കാരല്ല. ആതുരസേവന രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. അവര്‍ രാഷ്ട്രീയക്കാരല്ല. അവര്‍ക്കു മുന്നില്‍ മനുഷ്യരും മനുഷ്യജീവനുമാണ് പ്രധാനം. അതിനാല്‍ ഉള്ളകാര്യം ഉള്ളതുപോലെ പറയും. സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നപ്പോള്‍ അത് ഇവരെ അന്ധാളിപ്പിച്ചിരുന്നു. എന്നാല്‍, ആരോടും ഒന്നും പറയാന്‍ പോയില്ല. പറഞ്ഞിട്ടു പ്രത്യേകിച്ചു വിശേഷമൊന്നുമില്ല എന്ന് അറിയാവുന്നതിനാലാവാം. റോയ്ട്ടേഴ്സ് പ്രതിനിധികള്‍ അവരോടു ചോദ്യങ്ങള്‍ ചോദിച്ചു. തങ്ങള്‍ക്ക് അറിയാവുന്ന സത്യങ്ങള്‍ അവര്‍ ഒട്ടും അമാന്തിക്കാതെ പറയുകയും ചെയ്തു. സത്യം പറയാന്‍ തയ്യാറായ ഈ ഭിഷഗ്വരന്മാര്‍ക്ക് അഭിനന്ദനങ്ങള്‍. സത്യം പറഞ്ഞത് ഇപ്പോഴത്തെ നിലയില്‍ സ്വാഭാവികമായും അവരെ അപകടത്തിലാക്കുന്ന കാര്യമാണ്. അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഇനി രാജ്യത്തെ ജനങ്ങള്‍ക്കു മുഴുവനുമാണ്.