HomeJOURNALISMകൃത്രിമ രേഖയെ...

കൃത്രിമ രേഖയെപ്പറ്റി കൃത്രിമ വാര്‍ത്ത

-

Reading Time: 5 minutes

അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ രേഖ കൃത്രിമമാണോയെന്ന് സംശയം. വിവാദമായ രേഖ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണവുമായി രംഗത്തെത്തിയ ശേഷമാണ് രേഖ ഉണ്ടാക്കിയത് എന്ന് തെളിയിക്കുന്നതാണ് കരാറിലെ തീയതി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.

-മാതൃഭൂമി ന്യൂസിലെ വാര്‍ത്തയാണ്.

https://tv.mathrubhumi.com/news/exclusive/sprinklr-1.44821

ചില സുഹൃത്തുക്കളാണ് ഇത് ശ്രദ്ധയില്‍പ്പെടുത്തിയത്. സാങ്കേതികമാണ് വിഷയം. ഒന്നു വിശദീകരിച്ചു നല്‍കാമോ എന്നു ചോദ്യം. അവര്‍ക്കു മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുക്കാനാവുംവിധം ലളിതമായി വേണം. അതിനാല്‍ത്തന്നെ അതിസൂക്ഷ്മമാായ പരിശോധന വേണം എന്നറിയാം. ലളിതമായി പറയാനാവുന്നതിന് ഇത്തരം കാര്യങ്ങളില്‍ പരമിതിയുണ്ട്. സാങ്കേതികവിദ്യ മാത്രമാണ് പരിശോധിക്കാനാവുക. അതിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറയേണ്ടവര്‍ തന്നെ പറയണം -അത് സര്‍ക്കാരാണ്.

വാര്‍ത്തയുടെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനു മുമ്പ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ എന്നൊരു സംഗതിയെക്കുറിച്ച് നമ്മളെല്ലാവരും അറിയണം. ഞാന്‍ അതു ഞാന്‍ വിശദീകരിച്ചു കുളമാക്കുന്നില്ല. വിക്കിപീഡിയയില്‍ ഒന്നു പരതിയാല്‍ മതി. വ്യക്തമായി എഴുതി വെച്ചിട്ടുണ്ട്.

Digital signatures employ asymmetric cryptography. In many instances they provide a layer of validation and security to messages sent through a non-secure channel: Properly implemented, a digital signature gives the receiver reason to believe the message was sent by the claimed sender. Digital signatures are equivalent to traditional handwritten signatures in many respects, but properly implemented digital signatures are more difficult to forge than the handwritten type. Digital signature schemes, in the sense used here, are cryptographically based, and must be implemented properly to be effective. Digital signatures can also provide non-repudiation, meaning that the signer cannot successfully claim they did not sign a message, while also claiming their private key remains secret. Further, some non-repudiation schemes offer a time stamp for the digital signature, so that even if the private key is exposed, the signature is valid. Digitally signed messages may be anything representable as a bitstring: examples include electronic mail, contracts, or a message sent via some other cryptographic protocol.

https://en.wikipedia.org/wiki/Digital_signature

ഡിജിറ്റല്‍ സിഗ്നേച്ചര്‍ എന്നു പറയുന്നതിന് എത്രമാത്രം പ്രാധാന്യമുണ്ടെന്നു ഇതു വായിച്ചാല്‍ മനസ്സിലാവും. കൂടുതലറിയാന്‍ താല്പര്യമുള്ളവര്‍ക്ക് യു ട്യൂബില്‍ അനേകം വീഡോയകളുള്ളത് പരിശോധിക്കാം. എന്തായാലും, ഞാന്‍ ഇത് മലയാളത്തില്‍ വിശദീകരിച്ചു കുളമാക്കുന്നില്ല. സാധാരണ കടലാസില്‍ ഇടുന്ന ഒപ്പിനെക്കാള്‍ വിശ്വാസ്യതയും സുരക്ഷയും ഡിജിറ്റല്‍ സിഗ്നേച്ചറിനുണ്ട് എന്ന് ചുരുക്കിപ്പറയാം. എന്നെപ്പോലെ അ‍ഞ്ചിടത്ത് ഒപ്പിട്ടാല്‍ അത് അ‍ഞ്ചു രീതിയില്‍ വരുന്നവരൊക്കെ കഴിയുമെങ്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചറിലേക്കു മാറുന്നതായിരിക്കും നല്ലത്. സ്പ്രിങ്ക്ളറില്‍ നിന്നു വന്നത് വെറും ഇ-മെയില്‍ മാത്രമാണെന്നും കരാറല്ലെന്നും നിയമപരമായ നിലനില്പില്ലെന്നുമൊക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോള്‍ അത് വിഡ്ഡിത്തമാണന്നു ഞാന്‍ പറഞ്ഞതിന് കാരണം ഇതാണ്. ഡിജിറ്റല്‍ സിഗ്നേച്ചറില്‍ തിരിമറി കാണിച്ചാല്‍ അത് വളരെ പെട്ടെന്ന് കണ്ടുപിടിക്കാനാവും. സംഗതി ചളകുളമാകും എന്നര്‍ത്ഥം.

രണ്ട് കക്ഷികള്‍ തമ്മിലേര്‍പ്പെടുന്ന കരാറിന്റെ അസ്സല്‍ രേഖയില്‍ മാത്രമേ ഈ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉണ്ടാവുകയുള്ളൂ. ഒരു പച്ച ടിക്ക് ചില ഫയലിലെങ്കിലും കണ്ടിട്ടുണ്ടാവും. Digitally verified എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടാവും. എന്നാല്‍, ഇതില്‍ നിന്ന് എടുക്കുന്ന ഒരു പകര്‍പ്പിനും ആ പച്ച ടിക്കോ ഡിജിറ്റല്‍ സിഗ്നേച്ചറിന്റെ സംരക്ഷണമോ ഉണ്ടാവില്ല. ഈ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉണ്ടെങ്കില്‍ തന്നെ അത് വെബ്സൈറ്റില്‍ upload ചെയ്തതില്‍ ഉണ്ടാവില്ല.

അപ്പോള്‍ കരാ‍ര്‍ കൃത്രിമ രേഖയാണെന്ന വാര്‍ത്തയുടെ ആദ്യ വിശദീകരണം ഇതാണ്. ഇത്തരത്തില്‍ കൃത്രിമരേഖ ആരെങ്കിലും ചമയ്ക്കുകയോ അത് പരസ്യപ്പെടുത്തുകയോ ചെയ്താല്‍ പിടിക്കപ്പെടുക തന്നെ ചെയ്യും. അങ്ങനെ പിടിക്കപ്പെട്ടാല്‍ അയാളുടെ എല്ലാ വിശ്വാസ്യതയും നഷ്ടമാവും. പഴയ വ്യാജരേഖ കേസിനെക്കാള്‍ വഷളായി നാറി നാശകോടാലിയാകും. അതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരും തന്നെ ഇത്തരമൊരു തിരിമറിക്ക് തയ്യാറാവില്ല എന്നുറപ്പ്. അറിഞ്ഞുകൊണ്ട് ആരും സ്വന്തം കാലില്‍ കോടാലിയെടുത്ത് ഇടില്ലല്ലോ. വിദേശ കമ്പനികള്‍ മാത്രമല്ല, ഇന്ത്യയിലെ തന്നെ പല കമ്പനികളും ഇപ്പോള്‍ ഈ സങ്കേതം ആണ് ഉപയോഗിക്കുന്നത്. അതിനായി ബന്ധപ്പെട്ട വ്യക്തികള്‍ തങ്ങളുടെ ഒപ്പ് jpeg രൂപത്തിലാക്കി രേഖയിലുള്‍പ്പെടുത്തും. ഐ.ടി. രംഗത്ത് ഇത് സര്‍വ്വസാധാരണമാണ്.

സാങ്കേതികമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വാര്‍ത്തയാണെന്നു പറഞ്ഞുവല്ലോ. അതിനായി ഓരോ രേഖയും വളരെ സൂക്ഷ്മമായി വിലയിരുത്തണം. സ്പ്രിങ്ക്ളറുമായി ഏര്‍പ്പെട്ടതില്‍ ഏറ്റവും പ്രധാനപ്പെട്ടതായ വിവരസുരക്ഷ ഉറപ്പാക്കുന്നതിനുള്ള കരാറിലാണ് കൃത്രിമം മാതൃഭൂമി ന്യൂസ് ആരോപിക്കുന്നത്. കേരളത്തില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന് ഉറപ്പു നല്‍കുന്ന കരാറാണിത്. മാര്‍ച്ച് 24ന് പ്രാബല്യത്തില്‍ വന്നു എന്നു പറയപ്പെടുന്ന ഈ കരാറിന്റെ രേഖ ഉണ്ടാക്കിയിരിക്കുന്നത് ഏപ്രില്‍ 14നു മാത്രമാണ് എന്നാണ് ആക്ഷേപം. അതായത്, പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ച ശേഷം തട്ടിക്കൂട്ടിയതാണെന്ന്!!

സര്‍ക്കാര്‍ തന്നെ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ച കരാറിന്റെ pdf ഫയലില്‍ നിന്നാണ് മാതൃഭൂമി ന്യൂസ് ലേഖകന്‍ ഈ വിവരം എടുത്തിരിക്കുന്നത്. ഒരു pdf ഫയലിന്റെ properties നോക്കിയാല്‍ ഇതു കണ്ടെത്താനാവുമെന്നും അതു പരിശോധിച്ചാണ് വാര്‍ത്ത ചെയ്യുന്നതെന്നും ലേഖകന്‍ പറഞ്ഞിട്ടുമുണ്ട്. വാര്‍ത്ത പാളുന്നത് അവിടെയാണ്. ആ pdf ഫയലിലെ properties കരാര്‍ ഒപ്പിട്ടതില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ ഒരു തീയതി കാണിക്കുന്നത് ഗുരുതരമായ പിശകാണെന്ന വാദം തീര്‍ത്തും ബാലിശമായ വിലയിരുത്തലാണ്. കരാറുണ്ടാക്കിയത് മാര്‍ച്ച് 24നും അത് വെബ്സൈറ്റിലിടാന്‍ വേണ്ടി pdf ആക്കിയത് ഏപ്രില്‍ 14നുമാണെങ്കില്‍ അതിന്റെ properties ഏപ്രില്‍ 14 എന്നേ കാണിക്കുകയുള്ളൂ. ഉദാഹരണത്തിന് വിവാഹം നടന്നത് മാര്‍ച്ച് 24നാണെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടിയത് ഏപ്രില്‍ 14നായതിനാല്‍ വിവാഹം ഏപ്രില്‍ 14ന് നടന്നു എന്നു പറയാനാവുമോ?

ഒരു ഫയലിന്റെ ജാതകം അറിയണമെങ്കില്‍ അതിന് properties അല്ല നോക്കേണ്ടത്. അതറിയാന്‍ metadata എന്നൊരു സംവിധാനമുണ്ട്. അത് www.metadata2go.com എന്ന വെബ്സൈറ്റില്‍ കയറി ആര്‍ക്കും നോക്കാം. ഇവിടെ Kerala Sprinklr Signed OF Doc 2.pdf എന്നതാണ് പര്‍ച്ചേസ് ഓര്‍ഡറിന്റെ ഫയല്‍. അതില്‍ തയ്യാറാക്കിയ സമയം Z സോണില്‍ 2020 ഏപ്രില്‍ 2 ഉച്ചയ്ക്ക് 12.47:22 സമയം IST ആകുമ്പോള്‍ നമുക്ക് അന്നേ ദിവസം വൈകുന്നേരം 6.17:22. ഈ ഫയല്‍ വെബ്സൈറ്റില്‍ upload ചെയ്തപ്പോള്‍ compression ratio 1.6 ശതമാനം മാത്രം.

https://www.metadata2go.com/result/8cc8d188-e838-44b3-b63c-53c75e10e0cf

ഇനി നമുക്ക് മാതൃഭൂമി ന്യൂസ് കൃത്രിമം കണ്ടെത്തിയ വിവര സംരക്ഷണ കരാറിന്റെ വിശദാംശങ്ങള്‍ നോക്കാം. Sprinklr Kerala Mutual NDA Signed.pdf.pdf എന്നതാണ് ഫയല്‍. അതില്‍ തയ്യാറാക്കിയ സമയം Z സോണില്‍ 2020 ഏപ്രില്‍ 14 ഉച്ചയ്ക്ക് 12.46:29 സമയം IST അന്നേ ദിവസം വൈകുന്നേരം 6.16:29 ആകും. ഈ ഫയലിന്റെ compression ratio 48 ശതമാനം.

https://www.metadata2go.com/result/61124b68-9304-44d4-8174-b862a8beb426

തീയതി നോക്കുമ്പോള്‍ properties കണ്ടതു തന്നെ metadata പരിശോധിച്ചപ്പോഴും കിട്ടി എന്നു തോന്നും. അവിടെ വേറെ 2 ഘടകങ്ങള്‍ നിര്‍ണ്ണായകമാവുന്നു -file name, compression ratio എന്നിവ. Sprinklr Kerala Mutual NDA Signed.pdf.pdf എന്ന ഫയല്‍ നേരത്തെയുണ്ടായിരുന്ന മറ്റൊരു pdf ഫയലില്‍ നിന്ന് വീണ്ടും സൃഷ്ടിച്ചതാണ്. ഫയല്‍ എക്സ്റ്റന്‍ഷന്‍ .pdf.pdf എന്നു രണ്ടു തവണ വരുന്നത് അതിന്റെ തെളിവാണ്. ഇത് മാതൃഭൂമി ന്യൂസ് ലേഖകനും അദ്ദേഹത്തിന് വാര്‍ത്ത പറഞ്ഞുകൊടുത്ത സാങ്കേതികവിദഗ്ദ്ധനും ശ്രദ്ധിച്ചില്ല. ഒരുതവണ ഫയല്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ .pdf എന്നും അതില്‍ നിന്നു വീണ്ടും സൃഷ്ടിക്കുമ്പോള്‍ .pdf.pdf എന്നും എക്സ്റ്റന്‍ഷന്‍ സ്വാഭാവികമായി വരുന്നു. ഇവിടെ സംഭവിച്ചിരിക്കുന്നത് വെബ്സൈറ്റില്‍ upload ചെയ്യുന്നതിനായി വലിപ്പം കൂടുതലുണ്ടായിരുന്ന അസ്സല്‍ pdf ഫയല്‍ 48 ശതമാനം compress ചെയ്ത് മറ്റൊരു ഫയല്‍ സൃഷ്ടിച്ചു എന്നതാണ്.

വെബ്സൈറ്റിലൂടെ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത് ഏപ്രില്‍ 15 രാവിലെയാണ്. അതു സംബന്ധിച്ച വിവരം ആദ്യം പുറത്തുവിട്ടത് ഞാന്‍ തന്നെയാണ് എന്നതിനാല്‍ ഇതു കൃത്യമായി അറിയാം. അപ്പോള്‍ ഏപ്രില്‍ 14ന് രാത്രി ഈ ഫയലുകള്‍ വെബ്സൈറ്റില്‍ upload ചെയ്തിട്ടുണ്ട്. വലിപ്പമുള്ള ഫയല്‍ ഇന്റര്‍നെറ്റിലൂടെ വേഗത്തില്‍ ലഭ്യമാകുന്നതിനായി വലിപ്പം കുറച്ച് upload ചെയ്തപ്പോള്‍ പുതിയ ഫയലിന്റെ properties 2014 ഏപ്രില്‍ 14 എന്ന തീയതി രേഖപ്പെടുത്തി. പക്ഷേ, സര്‍ക്കാരിന്റെ ഭാഗ്യത്തിന് metadata രൂപത്തില്‍ പഴയ ഫയലിന്റെ തെളിവുകള്‍ അവശേഷിപ്പിച്ചു. ഫയല്‍ എക്സ്റ്റന്‍ഷന്‍ .pdf.pdf എന്നതും compression ratio കൂടിയതും സര്‍ക്കാരിനെ രക്ഷിച്ചു. ഇതൊരു പരിശോധനയിലേക്കു നീങ്ങുകയാണെങ്കില്‍ സര്‍ക്കാര്‍ അനായാസം ആദ്യ ഫയല്‍ ഹാജരാക്കും, ഊരിപ്പോകും.

ഇത് സാങ്കേതികവിദ്യ വെച്ചുളള പരിശോധനയാണ്. മാതൃഭൂമി ലേഖകന്‍ പിന്തുടര്‍ന്ന അതേ രീതി കുറച്ചുകൂടി സാങ്കേതികത്തികവോടെ പിന്തുടര്‍ന്നു. രേഖയുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍, യഥാര്‍ത്ഥ തീയതി എന്നിവ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വരും വരെ അറിയാനൊക്കുമെന്നു തോന്നുന്നില്ല. അതിനാല്‍ എനിക്കുമറിയില്ല. സാങ്കേതിക പരിശോധന രീതി തെറ്റായിരുന്നു എന്ന് 100 ശതമാനം ഉറപ്പ്. അസ്സല്‍ രേഖയല്ല വെബ്സൈറ്റിലുള്ളത് എന്നുറപ്പിക്കാം.

അപ്പോള്‍ മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് സാരം. എങ്കിലും സാങ്കേതികവിദ്യയിലൂന്നി വ്യത്യസ്തമായ വാര്‍ത്ത ചെയ്യാനുള്ള ഉദ്യമം എന്ന നിലയില്‍ ഈ ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു. പക്ഷേ, അതിസൂക്ഷ്മമായി കാര്യങ്ങള്‍ വിലയിരുത്തുന്നതില്‍ വന്ന പാളിച്ച വാര്‍ത്ത അബദ്ധമാകുന്ന സാഹചര്യമുണ്ടാക്കി. ആവേശത്തില്‍ ആവശ്യത്തിന് ഗൃഹപാഠം ചെയ്തില്ല.

സ്പ്രിങ്ക്ളര്‍ കരാറില്‍ മാതൃഭൂമി ന്യൂസ് കൃത്രിമം കണ്ടുപിടിച്ചുവെന്ന്! ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയേയുള്ളൂ:

      1. ഡിജിറ്റല്‍ സിഗ്നേച്ചറില്‍ കൃത്രിമം പിടിക്കാന്‍ എളുപ്പമാണെന്നതിനാല്‍ അതില്‍ ക്രമക്കേടിന് ആരും സാധാരണ തയ്യാറാവില്ല.
      2. വിവര സംരക്ഷണ കരാര്‍ ഫയലിന്റെ തീയതി മാറിയത് upload ചെയ്യാന്‍ നേരത്ത് compress ചെയ്ത് പുതിയ ഫയല്‍ ആക്കിയതിനാലാണ്.

കാര്യങ്ങള്‍ ഒട്ടും ലളിതമല്ല എന്നറിയാം. കെ.എസ്.ശബരീനാഥന്‍ എം.എല്‍.എയൊക്കെ ഇത് എടുത്തുപറയുന്നതു കണ്ടു. മാതൃഭൂമി ന്യൂസിലെ വാര്‍ത്ത കണ്ട് അതെല്ലാം സത്യമാണെന്നു വിശ്വസിച്ച ലക്ഷക്കണക്കിനാളുകള്‍ ഈ കുറിപ്പ് കാണുകയോ സത്യം തിരിച്ചറിയുകയോ ചെയ്യുകയില്ല എന്നുമറിയാം. പക്ഷേ, പറയാനുള്ള ഉത്തരവാദിത്വം എനിക്കുണ്ടെന്നു വിശ്വസിക്കുന്നു. അതിനാല്‍ പറഞ്ഞു. ഒരാളുടെയെങ്കിലും തെറ്റിദ്ധാരണ തിരുത്താനായാല്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ വിജയമാണ്.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks