Reading Time: 8 minutes

വളരെയധികം ആവേശത്തോടും ആകാംക്ഷയോടും കൂടിയാണ് പുസ്തകം വായിച്ചു തുടങ്ങിയത്. കാരണം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ വാർത്തയിൽ അതു നിറഞ്ഞിരുന്നുവല്ലോ! കൈയിൽ കിട്ടിയപാടെ ഒറ്റയിരുപ്പിൽ വായിച്ചു പൂർത്തിയാക്കി. പക്ഷേ, പുസ്തകം വായിച്ചുതീർന്നപ്പോൾ ബാക്കിയായത് വല്ലാത്തൊരു മരവിപ്പ്. കടുത്ത നിരാശയും അരക്ഷിതബോധവും എന്നെ വന്നു മൂടി. പറഞ്ഞുവന്നത് എം.ശിവശങ്കർ എഴുതിയ അനുഭവക്കുറിപ്പുകളെക്കുറിച്ചാണ് -അശ്വത്ഥാമാവ് വെറും ഒരു ആന. സ്വര്‍ണ്ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലിലായ അന്നു മുതല്‍ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ട് 98 ദിവസത്തിന്‌ ശേഷം പുറത്ത് വരുന്നതുവരെ ശിവശങ്കര്‍ കടന്നു പോയ അവസ്ഥകളുടെ നേര്‍വിവരണമാണ്‌ ഈ പുസ്തകം.

ഇതു വായിക്കുന്ന എല്ലാവർക്കും നിരാശയും അരക്ഷിതബോധവും ഉണ്ടാവണമെന്നില്ല. എനിക്കിതൊക്കെ ഉണ്ടാക്കിയത് പുസ്തകത്തിൻറെ നിലവാരമില്ലായ്മയും അല്ല. നിങ്ങളൊരു മാധ്യമപ്രവർത്തകനാണെങ്കിൽ -സമൂഹത്തിൽ സത്യവും നീതിയും നിലനിൽക്കണമെന്നാഗ്രഹിക്കുന്ന മാധ്യമപ്രവർത്തകനാണെങ്കിൽ മാത്രം -ഈ പുസ്തകം വായിക്കുമ്പോൾ എനിക്കു തോന്നിയതെല്ലാം നിങ്ങൾക്കും തോന്നും. പുസ്തകം സമകാലിക മാധ്യമപ്രവർത്തനത്തിനു നേരെ തിരിച്ചുപിടിച്ചിരിക്കുന്ന വലിയൊരു നിലക്കണ്ണാടിയാണ്. ആ നിലക്കണ്ണാടിയിലെ പ്രതിബിംബത്തിന് വല്ലാത്തൊരു വികൃതരൂപമാണ്. ആത്മാഭിമാനമുള്ള ഏതൊരു മാധ്യമപ്രവർത്തകൻറെയും തല കുനിപ്പിക്കുന്നതാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. ഇന്നലെ മാധ്യമങ്ങള്‍ ഇരയാക്കിയത് നമ്പി നാരായണനെയാണെങ്കില്‍ ഇന്ന് ആ ഊഴം ശിവശങ്കറിന്റേതാണ്.

ശിവശങ്കറിന്റെ മനസ്സിൽ ഒരു വർഷത്തിനിപ്പുറവും ചോര കിനിയുന്ന, ഉണങ്ങാത്ത മുറിവുകളുടെ വർണ്ണനകളാണ് പുസ്തകം മുഴുവനും. ആ മുറിവുകൾ സൃഷ്ടിച്ചത് രാഷ്ട്രീയ മേലാളന്മാരുടെ താല്പര്യത്തിനും താളത്തിനുമൊത്ത് തുള്ളിക്കളിച്ച കേന്ദ്ര അന്വേഷണ ഏജൻസികളാണ്. എന്നാൽ, ആ മുറിവുകളിൽ ഉപ്പും മുളകും പുരട്ടി വലിയ പുണ്ണാക്കാൻ ചില മാധ്യമപ്രവർത്തകർ മത്സരിച്ചു. ആഴത്തിലുള്ള ചില മുറിവുകള്‍ അവർ പുതിയതായി സൃഷ്ടിക്കുകയും ചെയ്തു. ഞാനും ഈ മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽ ഒരാളാണല്ലോ എന്ന ചിന്തയാണ് എന്നെ ഹതാശനാക്കുന്നത്. ചെയ്യുന്നത് തെറ്റാണെന്ന തികഞ്ഞ ബോദ്ധ്യത്തോടെ തന്നെ ആ തെറ്റുകളിലേക്ക് എടുത്തുചാടാൻ ‘നിർബന്ധിതരാവുന്ന’ മാധ്യമപ്രവർത്തകരുടെ ഈ തലമുറയിലാണ് ഞാനും പ്രവർത്തിക്കുന്നത്. ഇതെല്ലാം മാധ്യമ രംഗത്തു നിലനിൽക്കുന്ന “മത്സരത്തിന്റെ സമ്മർദ്ദഫലം” എന്ന വരട്ടുന്യായം പറഞ്ഞു രക്ഷപ്പെടാൻ ഏതായാലും ഞാൻ മുതിരുന്നില്ല, അങ്ങനെ രക്ഷപ്പെടണമെന്ന് ആഗ്രഹവുമില്ല.

സ്വർണക്കടത്തു കേസിനെക്കുറിച്ച് ശിവശങ്കർ പുസ്തകമെഴുതുന്നു എന്നു പറയുമ്പോൾ സ്വാഭാവികമായും സ്വപ്നയെക്കുറിച്ച് എന്താണ് അതിൽ പറയുന്നത് എന്നറിയാനായിരിക്കും ശരാശരി മലയാളിയുടെ ആദ്യ ശ്രമം. അതിനായി ശ്രമിക്കുന്നവർ നിരാശപ്പെടേണ്ടി വരും എന്നു തന്നെ പറയാം. സ്വപ്നയുമായുള്ള വ്യക്തിബന്ധവും അവരുടെ വ്യക്തിവിവരങ്ങളും സംബന്ധിച്ച് ഒന്നും പറയില്ല എന്ന് ശിവശങ്കർ പുസ്തകത്തിൻറെ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്നയെക്കുറിച്ച് പുസ്തകത്തിൽ മൂന്നിടത്ത് പരാമർശിച്ചു പോകുന്നുണ്ടെങ്കിലും അവയൊന്നും തന്നെ വ്യക്തിബന്ധത്തിന്റെയോ വ്യക്തിവിവരത്തിന്റെയോ പരിധിയിൽ വരുന്നില്ല.

2020 ജൂലൈ തുടക്കം മുതലാണ് സ്വർണ്ണക്കടത്ത് കേസ് കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ചു തുടങ്ങിയത്. അന്നു മുതൽ ഇന്നു വരെ കേസിലെ രണ്ടു പ്രധാന കക്ഷികളായി നിൽക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികളുടെയും കേരളത്തിലെ മാധ്യമങ്ങളുടെയും ചെയ്തികളും അതിൻറെയൊക്കെ ഫലമായി തനിക്കും കുടുംബത്തിനും അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും ഒരു തരം കുറ്റാരോപണത്തിൻറെ രൂപത്തിൽ തന്നെ ശിവശങ്കർ അക്കമിട്ടു നിരത്തുന്നു. നയതന്ത്ര ചാനൽ ഉപയോഗിച്ചു നടന്ന സ്വർണ്ണക്കടത്ത് മുൻനിർത്തി സംസ്ഥാന സർക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യവുമായി രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രവർത്തിച്ചത്. ഈ ലക്ഷ്യത്തിന് കേന്ദ്രത്തെയും അവരുടെ ഏജൻസികളെയും സർവ്വാത്മനാ പിന്തുണയ്ക്കും വിധം പെരുംനുണകളുടെ പെരുമ്പറകളായി കേരളത്തിലെ വലിയൊരു വിഭാഗം മാധ്യമങ്ങളും മാധ്യമപ്രവർത്തകരും മാറി. ശിവശങ്കറിൽ നിന്ന് തങ്ങള്‍ക്കാവശ്യമുള്ള മൊഴി കിട്ടുന്നതിന് അദ്ദേഹത്തിൻറെ ഭാര്യയും മകനുമടക്കമുള്ള ഉറ്റബന്ധുക്കളെ കസ്റ്റംസ് വിളിച്ചുവരുത്തി മൂന്നര മണിക്കൂർ ഭീഷണിപ്പെടുത്തി സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചു എന്ന വെളിപ്പെടുത്തൽ എന്നെ സംബന്ധിച്ചിടത്തോളം വലിയ വാർത്തയാണ്. ഈ പുസ്തകത്തിലെ ഏറ്റവും പ്രധാന വെളിപ്പെടുത്തലും അതു തന്നെ. പക്ഷേ, സമകാലിക കേരളത്തിലെ മാധ്യമങ്ങൾക്ക് എന്തുകൊണ്ടോ അതൊരു ചെറിയ വാർത്ത പോലുമായില്ല.

തന്നെ എങ്ങനെയാണ് കേന്ദ്ര ഏജൻസികൾ പിന്തുടർന്നു വേട്ടയാടിയതെന്ന് ശിവശങ്കർ കൃത്യമായി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. വെറുതെ പറഞ്ഞു പോകുകയല്ല ചെയ്തിട്ടുള്ളത്, കോടതി രേഖകളുടെ പിൻബലത്തോടെയുള്ള തുറന്നുപറച്ചിലും വിലയിരുത്തലുമാണ്. സ്വർണ്ണം വന്ന നയതന്ത്ര ബാഗേജ് വിട്ടുകൊടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിനെ വിളിച്ചുവെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ പറഞ്ഞ നുണയിലൂടെയാണ് ശിവശങ്കറിന്റെ പേര് ആദ്യമായി ഈ കേസിലേക്കു വന്നത്. സുരേന്ദ്രൻറെ വാക്കുകൾ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അതേപടി ഏറ്റെടുത്തു. മാധ്യങ്ങൾ ഇത് ആഘോഷമാക്കി. മറുഭാഗത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തങ്ങളെ ആരും വിളിച്ചില്ല എന്ന സത്യം മാധ്യമങ്ങളോടു തന്നെ വെളിപ്പെടുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ രായ്ക്കുരാമാനം കേന്ദ്രമിടപെട്ട് നാഗ്പുരിലേക്കു സ്ഥലംമാറ്റിയത് ചരിത്രം!

സ്വർണ്ണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതായി സ്വപ്നയും ശിവശങ്കറും സമ്മതിച്ചു എന്ന പേരിലാണ് കേന്ദ്ര ഏജൻസികൾ ശിവശങ്കറെ അറസ്റ്റു ചെയ്തത്. എന്നാൽ, ഇതിൻറെ നിജസ്ഥിതി എന്താണെന്ന് പുസ്തകത്തിൽ ശിവശങ്കർ പറയുന്നുണ്ട്. ജനാധിപത്യത്തിലും നീതിന്യായവ്യവസ്ഥയിലും വിശ്വസിക്കുന്ന ഏതൊരാളെയും വല്ലാതെ അസ്വസ്ഥരാക്കുന്ന, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍.

പേജ് 73-74

മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിക്കപ്പെട്ട് അര മണിക്കൂര്‍ പോലുമായില്ല എന്നെ ആശുപത്രിയില്‍ നിന്നു കസ്റ്റഡിയിലെടുക്കുന്നതിന്. എന്തായിരുന്നു അതിനായി എനിക്കെതിരെ അവര്‍ക്ക് അതിനോടിടയ്ക്കു ലഭിക്കുകയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു ബോദ്ധ്യപ്പെടുകയും ചെയ്ത തെളിവുകള്‍?

തുടര്‍ന്ന് അറസ്റ്റ് ഉത്തരവിൽ കാരണമായി (grounds for arrest) കാണിച്ചിരിക്കുന്നത് പ്രധാനമായും, സ്വപ്നയുടെ അഭ്യർത്ഥന പ്രകാരം കസ്റ്റംസിന്റെ പരിശോധനയില്ലാതെ ബാഗേജ് വിട്ടുകിട്ടുന്നതിനായി മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനോട് ഞാൻ സംസാരിച്ചതായി 2020 ഒക്ടോബർ 15ലെ ചോദ്യം ചെയ്യലിൽ ഞാൻ തന്നെ സമ്മതിച്ചു എന്നാണ്. (6. During your statement given to ED on 15-10-2020, you / Shri Sivasankar accepted to have spoken to a Senior Customs Officer and made the request as per the wishes of Ms.Swapna Suresh. This clearly shows your active involvement in the offences committed by Swapna.) അതു പൂർണമായും തെറ്റായ പരാമര്‍ശമാണെന്നും ഞാന്‍ അങ്ങനെയൊരു മൊഴി നൽകിയിട്ടില്ലെന്നും ഞാൻ അറിയിച്ചു കഴിഞ്ഞിരുന്നു. പോരെങ്കിൽ ഞാൻ അങ്ങനെയൊരു കോൾ വിളിച്ചതിന് ഫോൺകോൾ രേഖ പോയിട്ട്, കോൾ സ്വീകരിച്ച മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെന്നൊരാളും നിലവിലില്ല. 15-10-2020ൽ രേഖപ്പെടുത്തിയതായി പറയുന്ന മൊഴിയാകട്ടെ, അവർ പുറത്തു കാണിച്ചിട്ടുമില്ല.

ഈ നടപടികളെ എങ്ങനെയാണ് വിശദീകരിക്കുക? എങ്ങനെയാണ് വ്യാഖ്യാനിക്കുക? പ്രതി കുറ്റം സമ്മതിച്ചുവെന്ന് കോടതിയോടു പറയുക. ആ കുറ്റസമ്മത മൊഴി കോടതിയില്‍ ഹാജരാക്കാതെയിരിക്കുക -അങ്ങനൊന്നില്ല എന്നത് വേറെ കാര്യം. എന്നിട്ട് ജാമ്യം കൊടുക്കരുത് എന്നു വാദിക്കുക. കള്ളമൊഴിയുടെ ചരിത്രത്തിലെ വേറിട്ടൊരു അദ്ധ്യായം. കള്ളസാക്ഷികളെ ഉപയോഗിച്ചു സൃഷ്ടിക്കുന്നതിനെയാണ് സാധാരണ കള്ളമൊഴി എന്നു പറയുന്നത്. എന്നാല്‍, ഇവിടെ കൊടുക്കാത്ത മൊഴി കൊടുത്തു എന്നു കോടതിയോടു പറഞ്ഞു. അതു സീലുവെച്ച കവറിലുണ്ടെന്ന് കോടതിയെ അറിയിച്ചു. എന്നിട്ട് കോടതി കവര്‍ തുറന്നു നോക്കുമ്പോള്‍ മൊഴിയുമില്ല, ഒരു പൂടയുമില്ല.

സത്യവും നീതിയും ന്യായവും നമ്മെ രക്ഷിക്കും എന്ന് ഉറച്ചുവിശ്വസിക്കുന്നവരെ അങ്ങേയറ്റം ആശങ്കയിലാഴ്ത്തുന്നതല്ലേ ഈ നടപടി? പ്രോസിക്യൂഷന്‍ കോടതിയെ ഇങ്ങനെ കബളിപ്പിക്കാമോ? നീതിപീഠത്തെക്കാള്‍ വലിയ മേലാളന്മാര്‍ തങ്ങളെ സംരക്ഷിക്കാനുണ്ടെന്ന ഹുങ്കല്ലേ അന്വേഷണ ഏജന്‍സികള്‍ അവിടെ പ്രകടിപ്പിച്ചത്? കോടതിയില്‍ പോലും ഇങ്ങനെ പെരുമാറുന്നവര്‍ പുറത്തെങ്ങനെയാവും പെരുമാറുക? നമ്മുടെ സമൂഹത്തില്‍ നീതിയും ന്യായവും കൈയൂക്കുള്ളവരുടെ കീശയിലാണ് എന്നു പറയാതെ പറയുകയാണ് ശിവശങ്കര്‍ സ്വാനുഭവ വിവരണത്തിലൂടെ. വിശദമായി തന്നെ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്, കോടതി രേഖകള്‍ ആധാരമാക്കി തന്നെ.

പേജ് 82

നവംബർ 17ന് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിരസിച്ചുള്ള ഉത്തരവു പുറപ്പെടുവിച്ചു. എന്നാൽ അതേ ഉത്തരവിൽത്തന്നെ സെഷൻസ് കോടതി ED സീൽഡ് കവറിൽ നൽകിയതായി പറഞ്ഞ 15-10-2020ലെ ശിവശങ്കറിന്റെ മൊഴിയുടെ പകർപ്പ് (ബാഗേജ് വിട്ടുകിട്ടുന്നതിന് മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു എന്ന് ഞാന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് ED പറയുന്നതും എന്നെ അറസ്റ്റു ചെയ്യുന്നതിനുള്ള പ്രധാന കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നതുമായ മൊഴി) ആ സീൽഡ് കവറിൽ ഉണ്ടായിരുന്നില്ലെന്നും 10-11-2020ന് സ്വപ്ന നൽകിയ മൊഴിയുടെ ശരിമ പരിശോധിക്കേണ്ടതാണെന്നും നിരീക്ഷിക്കുകയും ചെയ്തിരുന്നു. (… “That apart, in the objection to the bail application, the respondent (ED) has taken a stand that in his statement dated 15.10.2020, the petitioner (Sivasankar) has admitted that he has spoken to Senior Customs Officer and made request as per the wishes of the accused No.2 (Swapna). But such statement doesnot find place in the case records on in the sealed cover. The Customs Officer to whom the petitioner allegedly made request has not been admittedly questioned also. In these circumstances, the latest statement of the accused No.2 dated 10.11.2020 must be subjected to strict and thorough scruitiny”.) എന്നാല്‍ നാളിതുവരെയും ഈ പറഞ്ഞ 15.10.2020ലെ മൊഴി പുറത്തു കണ്ടിട്ടുമില്ല, 10-11-2020ലെ സ്വപ്നയുടെ മൊഴികള്‍ strict and thorough scrutinyക്കു വിധേയമാക്കിയിട്ടുമില്ല.

ശിവശങ്കറിന്റെ കുറ്റസമ്മത മൊഴി കോടതിയുടെ മുന്നിലെത്തിയിട്ടില്ലെന്നതിലെ അസ്വാഭാവികത വിധിന്യായത്തില്‍ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല, ശിവശങ്കറിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച കസ്റ്റംസ് ഓഫീസറെ കണ്ടെത്തുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും ജഡ്ജി എഴുതി വെച്ചു. പ്രോസിക്യൂഷന്‍ നുണകളാല്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം ഈ വിധിന്യായം നിര്‍ദാക്ഷിണ്യം തകര്‍ത്തെറിയുന്നുണ്ട്. ബാഗേജ് വിട്ടുകൊടുക്കാന്‍ ഒരു സീനിയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനോടു ശിവശങ്കര്‍ സംസാരിച്ചുവെങ്കില്‍ ആ ഉദ്യോഗസ്ഥന് പേരും നാളുമൊക്കെ ഉണ്ടാവണ്ടേ? ഏത് നമ്പരില്‍ നിന്ന്, ഏതു നമ്പരിലേക്ക്, എത്ര തവണ, എത്ര മണിക്കൊക്കെ, എന്തു പറഞ്ഞു എന്നൊക്കെ കോടതിയെ ബോദ്ധ്യപ്പെടുത്തണം. ശിവശങ്കറിനെതിരായി സാക്ഷി പറയാന്‍ ആ ഉദ്യോഗസ്ഥന്‍ കോടതിയുടെ കൂട്ടിലെത്തുകയും വേണം. പക്ഷേ, ഇതെല്ലാം നടക്കണമെങ്കില്‍ അങ്ങനൊരുദ്യോഗസ്ഥന്‍ ഉണ്ടാവണം എന്ന പ്രശ്നമുണ്ട്!! അതില്ലെങ്കില്‍ പിന്നെന്തു ചെയ്യും?

പുസ്തകം പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട സ്വപ്ന അന്ന് കോടതി പരിഗണിച്ച ഇതേ മൊഴി ചാനലുകള്‍ക്കു മുന്നിലും ആവര്‍ത്തിച്ചു -തനിക്കുവേണ്ടി ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചു എന്നത്. അത് വലിയ സംഭവമായി എല്ലാവരും ആഘോഷിക്കുകയും ചെയ്തു. എന്നാല്‍, സ്വപ്നയുടെ ഈ മൊഴി കര്‍ശനമായ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കണമെന്ന് – the latest statement of the accused No.2 dated 10.11.2020 must be subjected to strict and thorough scrutiny -2020 നവംബര്‍ 17നു തന്നെ കോടതി എഴുതിവെച്ചിട്ടുണ്ട്. അത്രയ്ക്കുണ്ട് സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത.

അന്വേഷണ ഏജന്‍സികള്‍ അവരുടെ താല്പര്യമനുസരിച്ചു രഹസ്യമായി നല്‍കിയ വിവരങ്ങള്‍ അതേപടി വിഴുങ്ങി മാറ്റിയെഴുതി അവതരിപ്പിച്ച മാധ്യമങ്ങള്‍ എത്ര വലിയ അധഃപതനത്തിന്റെ പടുകുഴിയിലാണ് എന്ന് ശിവശങ്കറിന്റെ പുസ്തകം വ്യക്തമാക്കുന്നുണ്ട്. സ്വര്‍ണ്ണം അടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചു എന്ന വാദത്തിന്റെ സത്യാവസ്ഥ കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഇതുള്‍പ്പെടെ പൊളിഞ്ഞു പാളിസായ എത്രയെത്ര മനോധര്‍മ്മ, വ്യാജ വാര്‍ത്തകള്‍. മാധ്യമവാര്‍ത്തകള്‍ അനുസരിച്ചാണെങ്കില്‍ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദ് 2020 ജൂലൈ 19ന് കസ്റ്റഡിയിലായിട്ടുണ്ട്. ആ ഫൈസല്‍ ഫരീദ് എവിടെപ്പോയി എന്ന് വാര്‍ത്ത എഴുതിയ ആളിനു പോലും അറിയില്ല!!

പത്തു മാസവും തുടര്‍ച്ചയായി കാറ്റുവീശുന്ന നാഗര്‍കോവിലിലെ കാറ്റാടിപ്പാടങ്ങളില്‍ ശിവശങ്കറിന് കോടികളുടെ നിക്ഷേപം എന്ന വാര്‍ത്ത വന്നത് 2020 നവംബര്‍ ഒന്നിനാണ്. വാര്‍ത്ത വായിച്ച മലയാളികള്‍ ശിവശങ്കര്‍ എന്ന കൊടിയ അഴിമതിക്കാരനെതിരെ ധാര്‍മ്മകിരോഷം പൂണ്ടു. പക്ഷേ, വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ശിവശങ്കറിന്റേതായി കാറ്റാടിപ്പാടം പോയിട്ട് ഒരു കാറ്റാടി പോലും കണ്ടെത്താനായിട്ടില്ല!! കുറ്റകൃത്യത്തിലൂടെ ശിവശങ്കര്‍ സമ്പാദിച്ച 14 കോടിയുടെ സ്വത്ത് കണ്ടുകെട്ടുന്നു എന്ന വാര്‍ത്ത ഒന്നാം പേജില്‍ അച്ചുനിരത്തിയത് 2020 ഡിസംബര്‍ 21ന്. പക്ഷേ, ശിവശങ്കറിന് 14 കോടിയുടെ സ്വത്തുണ്ടോ, ഉണ്ടെങ്കില്‍ എവിടൊക്കെ, അതൊക്കെ കണ്ടു കെട്ടിയോ എന്നതൊക്കെ ഇന്നും ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാന പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും അക്കൗണ്ടിലും ലോക്കറിലുമായുണ്ടായിരുന്ന 1.80 കോടി രൂപ മാത്രമാണ് കണ്ടുകെട്ടിയത്, അതും 2020 ഡിസംബര്‍ 23ലെ വാര്‍ത്തയനുസരിച്ച്!!

അഞ്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുകയും എന്‍.ഐ.എയും കസ്റ്റംസും പരസ്പരവിരുദ്ധമായ നിഗമനങ്ങളില്‍ എത്തുകയും ചെയ്ത കേസ് ഇപ്പോള്‍ എവിടെ നില്‍ക്കുന്നുവെന്നു നോക്കിയാല്‍ മാത്രം മതി ഇക്കാര്യങ്ങളിലെ പൊള്ളത്തരം വ്യക്തമാകാന്‍. പൊള്ളത്തരങ്ങള്‍ പൊക്കിപ്പിടിച്ചു നടന്ന മാധ്യമങ്ങളും പൊള്ളയാണെന്നു തെളിഞ്ഞത് സ്വാഭാവികം. ശിവശങ്കറിന്റെ വിഷയത്തില്‍ മാത്രമല്ല, മാധ്യമങ്ങള്‍ പൊക്കിപ്പിടിച്ചു നടന്ന എല്ലാ വിഷയങ്ങളും പൊളിഞ്ഞു പാളീസായി. കാതലായ ചോദ്യങ്ങളിലൊന്നും വിശ്വാസയോഗ്യമായ ഒരു ഉത്തരത്തിലെത്തിച്ചേരാന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞുമില്ല. അതിനാല്‍ത്തന്നെയാണ് കടത്തപ്പെട്ട സ്വര്‍ണ്ണം ആര്‍ക്കുവേണ്ടി, ആര് അയച്ചതാണെന്ന പ്രഥമവും അടിസ്ഥാനപരവുമായ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്കോ മാധ്യമങ്ങള്‍ക്കോ താല്പര്യമില്ലാതെ പോയതും. സ്വര്‍ണ്ണക്കടത്തിന്റെ സര്‍വ്വ വിവരങ്ങളും അറിയാവുന്ന യു.എ.ഇ. കോണ്‍സുല്‍ ജനറലും കോണ്‍സുലേറ്റിലെ അക്കൗണ്ടന്റും അന്വേഷണ ഏജന്‍സികളെ വെട്ടിച്ച് രാജ്യം വിട്ടതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം തേടാന്‍ ആരും മുതിരാത്തതും ഇതിനാല്‍ത്തന്നെ.

മുഖ്യമന്ത്രിയെ കേസില്‍ പെടുത്തുക എന്ന ലക്ഷ്യമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ഉണ്ടായിരുന്നതെന്ന് ശിവശങ്കര്‍ തുറന്നുപറയുന്നുണ്ട്. അതിനാല്‍ തന്നെയാണ് ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ പേരും ഈ കേസുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയത്. അന്നത്തെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ പേരിലും വിവാദങ്ങളും വാര്‍ത്തകളുമുണ്ടായി. രവീന്ദ്രനും ശ്രീരാമകൃഷ്ണനുമെല്ലാം ഇപ്പോഴും ഈ കേസിന്റെ ഭാഗമാണോ എന്നു ചോദിച്ചാല്‍ മാധ്യമങ്ങള്‍ക്കു പോലും ഉത്തരമില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് ഒട്ടുമേയില്ല. ഖുര്‍ ആന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത്, മലപ്പുറത്തേക്കു പോയ വാഹനത്തിലെ ജി.പി.എസ്. ദുരൂഹമായി നിലച്ചു തുടങ്ങി ഒട്ടേറെ വാര്‍ത്തകള്‍ മുന്‍ മന്ത്രി കെ.ടി.ജലീലിനെ ലക്ഷ്യമിട്ട് പടച്ചുവിട്ടിരുന്നു. കേരളത്തിലെത്തിച്ച 30 ടണ്‍ ഈന്തപ്പഴത്തില്‍ കുരുവിനു പകരം സ്വര്‍ണ്ണക്കട്ടി എന്നതായിരുന്നു പ്രധാന ആരോപണം. ഈ ആരോപണങ്ങള്‍ എന്തായി എന്ന് ആരും ചോദിക്കരുത്, ഉത്തരമുണ്ടാകില്ല. സ്വപ്നയുടെ കോഫേപോസ റദ്ദാക്കിയ വേളയില്‍ കസ്റ്റംസിനോട് ഉന്നയിക്കപ്പെട്ടതും, ആരോപണങ്ങൾക്കും മൊഴികൾക്കും അപ്പുറം തെളിവ് എവിടെയെന്ന് ഇ.ഡിയോട് ചോദിച്ചതുമായ കോടതിയുടെ സംശയങ്ങൾ ഇപ്പോഴും അതേപടി നില്‍ക്കുകയാണ്.

കേസില്‍ കുടുക്കാന്‍ ശ്രമിച്ചത് സാധാരണക്കാരനെയല്ല, വളരെയേറെ അധികാരങ്ങള്‍ കൈയാളിയിരുന്ന ശിവശങ്കര്‍ എന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനെയാണ്. അദ്ദേഹത്തിന്റെ പിന്നാലെ അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും വേട്ടപ്പട്ടിയുടെ ശൗര്യത്തോടെ കൂടിയതിന്റെ രേഖാചിത്രമാണ് ഈ പുസ്തകം. ശിവശങ്കറിന് ഇതാണ് ഗതിയെങ്കില്‍ ഇത്തരം ഏജന്‍സികള്‍ക്കു മുന്നില്‍ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന നടുക്കം ഉളവാക്കുന്നുണ്ട് ഈ പുസ്തകത്താളുകള്‍. ശിവശങ്കര്‍ കൊടുത്ത മൊഴികളും രേഖകളുമൊക്കെ ആദ്യ ഘട്ടത്തില്‍ സ്വീകരിക്കുന്ന അന്വേഷണ ഏജന്‍സികള്‍ ഒരു ദിവസം പെട്ടെന്ന് നിലപാടു മാറ്റുകയും അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്യുകയാണ്. ജാമ്യം ലഭിക്കാതിരിക്കാന്‍ രേഖകള്‍ കെട്ടിച്ചമയ്ക്കുകയോ ഇല്ലാത്ത രേഖ ഉണ്ടെന്ന് അവകാശപ്പെടുകയോ ചെയ്യുകയും ഈ കള്ളത്തരങ്ങള്‍ മുഴുവന്‍ പരമാര്‍ത്ഥമാണെന്ന വ്യാജേന മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. ഈ അവസ്ഥകളൊക്കെ നേരിടാന്‍ ശിവശങ്കര്‍ കാട്ടിയ മനസ്സാന്നിദ്ധ്യം അത്ഭുതാവഹം എന്നു തന്നെ പറയേണ്ടി വരും.

ജയില്‍ എന്താണെന്നു നന്നായി മനസ്സിലാക്കാന്‍ ഈ കേസിലെ അനുഭവങ്ങള്‍ ശിവശങ്കറിനെ സഹായിച്ചിട്ടുണ്ട്. ജയിലിലെ സാഹചര്യങ്ങളും സഹതടവുകാരുടെ ജീവിതങ്ങളുമെല്ലാം അദ്ദേഹം എഴുതിയിരിക്കുന്നത് നമ്മുടെയെല്ലാം കണ്ണു തുറപ്പിക്കും. സഹജീവിയോട് കനിവു കാട്ടുന്നത് ചിലപ്പോഴെങ്കിലും നിയമപരമായി കുറ്റമാവുന്ന അവസ്ഥ ജയില്‍ ജീവനക്കാരുടെ നിസ്സഹായതയില്‍ വ്യക്തമാവുന്നു. ജയില്‍ എന്താണെന്നു മനസ്സിലാക്കാന്‍ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനു തന്നെ അവസരമുണ്ടായത് അപൂര്‍വ്വതയാകാം.

2020 ജൂലൈ മുതല്‍ തങ്ങള്‍ പ്രചരിപ്പിച്ച അപവാദക്കഥകളുടെ സാധൂകരണം മാത്രമാണ് ഇപ്പോഴും മാധ്യമങ്ങളും ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും ലക്ഷ്യമിടുന്നത്. കൃത്യമായ അജന്‍ഡ സെറ്റ് ചെയ്തു വന്ന അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം നിന്ന് ഒരു മനുഷ്യന് അര്‍ഹതയുള്ള സ്വാഭാവികനീതിയായ ജാമ്യം എന്ന ആനുകൂല്യം പോലും നിഷേധിക്കാന്‍ സമ്മര്‍ദ്ദശക്തികളായി നിന്ന മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തുണിയുരിയപ്പെട്ട നിലയിലാണ്. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ നമ്പി നാരായണനെതിരെ സങ്കല്പ കഥകള്‍ പടച്ചുവിട്ട മാധ്യമപ്രവർത്തകരിലെ പഴയ തലമുറയെ കുരിശില്‍ തറച്ചവരാണ് ഞാനടക്കമുള്ള പുതിയ തലമുറ. അനീതിക്കെതിരെ പോരാടി നമ്പി നാരായണൻ നേടിയ വിജയങ്ങൾ ആഘോഷമാക്കിയവർ. എന്നാല്‍, പഴയ തെറ്റുകള്‍ അതിലും ജുഗുപ്സാവഹമായ രീതിയില്‍ ഇപ്പോള്‍ ആവര്‍ത്തിക്കുകയാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഒരു ആത്മപരിശോധന അനിവാര്യമല്ലേ? കാല്‍ നൂറ്റാണ്ടു കഴിഞ്ഞ് അതിനു മുതിര്‍ന്നിട്ട് വിശേഷിച്ചൊരു ഗുണവുമില്ല എന്നു മാത്രമറിയുക.

നമ്പി നാരായണനാണ് ശരി എന്നു പറഞ്ഞ വിരലിലെണ്ണാവുന്നത്ര മാധ്യമപ്രവർത്തകർ അന്നുണ്ടായിരുന്നു. ഇന്നുമുണ്ട് ശിവശങ്കർ തെറ്റുകാരനല്ല എന്നു പറയുന്ന മാധ്യമപ്രവർത്തകർ, വിരലിലെണ്ണാവുന്നത്ര തന്നെ. അലക്സാണ്ടർ സോള്‍ഷെനിത്സിന്‍ പറഞ്ഞത് ഓർമ്മ വരുന്നു.

നമുക്കറിയാം അവർ കള്ളം പറയുകയാണെന്ന്.
അവർക്കറിയാം അവർ കള്ളം പറയുകയാണെന്ന്.
അവർ കള്ളം പറയുകയാണെന്നു നമുക്കറിയാമെന്ന് അവർക്കറിയാം.
അവർ കള്ളം പറയുകയാണെന്നു നമുക്കറിയാമെന്ന് അവർക്കറിയാമെന്നത് നമുക്കുമറിയാം.
പക്ഷേ, അവർ കള്ളം പറയുന്നത് തുടരുന്നു.

ഇതിൽ നാം എന്നത് ജനങ്ങളും അവർ എന്നത് മാധ്യമങ്ങളുമാണ്. ഈ അവസ്ഥ മാറിയേ തീരൂ.. തിരുത്തിയേ തീരൂ…

Previous articleപാട്ടിലെ കൂട്ട്…
Next articleപുതിയ കാലം, പുതിയ സാദ്ധ്യത
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here