HomeJOURNALISMമാധ്യമപ്രവര്‍...

മാധ്യമപ്രവര്‍ത്തനത്തിലെ അച്ചടക്കം

-

Reading Time: 4 minutes

മാധ്യമപ്രവര്‍ത്തനത്തോടുള്ള എതിര്‍പ്പ് അടുത്തകാലത്ത് വര്‍ദ്ധിച്ചുവരുന്നത് എന്തുകൊണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ? മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ചിലരെങ്കിലും കാട്ടിക്കൂട്ടുന്ന നെറികേടുകളുടെ ഫലമാണ് ഈ എതിര്‍പ്പ്. അതിനാല്‍ത്തന്നെയാണ് 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി കേരളത്തിലെ മാധ്യമങ്ങളെക്കൂടി എതിര്‍പക്ഷത്തു നിര്‍ത്തിയാണെന്ന വിലയിരുത്തല്‍ ഉണ്ടായത്. ഇതു മനസ്സിലാക്കി തിരുത്തലുകള്‍ക്ക് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തയ്യാറാവുമെന്ന് ന്യായമായും പ്രതീക്ഷിച്ചു. അതു സംഭവിച്ചില്ലെന്നു മാത്രമല്ല പഴയതിനെക്കാള്‍ മോശം അവസ്ഥയിലാണ് കാര്യങ്ങള്‍ എന്നാണ് മനസ്സിലാവുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കരുത് എന്നു പറയാനാവില്ല. എല്ലാവര്‍ക്കും രാഷ്ട്രീയമാവാം, മാധ്യമപ്രവര്‍ത്തകര്‍ക്ക് അത് പാടില്ല എന്നു പറയുന്നത് ന്യായമല്ല. ഇതനുസരിച്ചാവാം മാധ്യമപ്രവര്‍ത്തകരില്‍ പലരും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ രാഷ്ട്രീയം പറയുന്നത്. പക്ഷേ, ചിലരെങ്കിലും അന്ധമായ രാഷ്ട്രീയവിരോധം പ്രകടമാക്കുന്ന സൈബര്‍ ഗുണ്ടകളെക്കാള്‍ താഴ്ന്ന നിലവാരത്തില്‍ അപവാദപ്രചാരണത്തിലേക്കു കടക്കുന്നു. വസ്തുതയുണ്ടോ ഇല്ലയോ എന്നു പരിശോധിക്കാനൊന്നും മുതിരാതെ കാര്യം പറയുമ്പോള്‍ അത് മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്കു വിരുദ്ധമാവുന്നു.

ഇപ്പോള്‍ ഈ വിഷയം ചര്‍ച്ചയ്ക്കു വെയ്ക്കാന്‍ കാരണമുണ്ട്. അന്ധമായ രാഷ്ട്രീയവിരോധം പ്രകടമാക്കി ഒരു യുവ മാധ്യമപ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പക്ഷം പിടിക്കുന്നില്ല എന്ന് ‘അവകാശപ്പെടുന്ന’ ഒരു ചാനലിലാണ് ടിയാന്‍ പ്രവര്‍ത്തിക്കുന്നത്. പേരു പറയാന്‍ മുതിരുന്നില്ല -യുവാവ് എന്ന് നമുക്ക് വിശേഷിപ്പിക്കാം. വലിയ പുരോഗമനവാദിയാണ് എന്ന് അവകാശപ്പെടുന്നയാളാണ് ഈ യുവാവ്. പക്ഷേ, പോസ്റ്റ് അങ്ങേയറ്റം സ്ത്രീവിരുദ്ധം, വസ്തുതാവിരുദ്ധം!! ഇതാണ് ആ പോസ്റ്റ്:

സിപിഎം സംസ്ഥാന സെക്രട്ടറി
(ഇൻ ചാർജ്)
– എ വിജയരാഘവൻ
എൽഡിഎഫ് കൺവീനർ – എ വിജയരാഘവൻ
ഇടത് സർക്കാരിലെ ഒരു മന്ത്രി -ഡോ.ആർ ബിന്ദു വിജയരാഘവൻ 😊

ധ്വനി മനസ്സിലായല്ലോ അല്ലേ? ഞെട്ടിച്ച വസ്തുത ഈ സ്ത്രീവിരുദ്ധ പോസ്റ്റിനെ ലൈക്കടിച്ച് പ്രോത്സാഹിപ്പിച്ചവരുടെ കൂട്ടത്തില്‍ സ്ത്രീകളായ ചില മാധ്യമപ്രവര്‍ത്തകരെയും കണ്ടു എന്നതാണ്. യുവാവിന്റെ പോസ്റ്റിനെ വിമര്‍ശിക്കാന്‍ മുതിര്‍ന്നപ്പോള്‍ ഞാന്‍ പറയുന്ന രാഷ്ട്രീയത്തിനെതിരായ മറുവിമര്‍ശനമായിരുന്നു മറുപടി, അങ്ങേയറ്റം പുച്ഛത്തോടെ തന്നെ. എന്റെ രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായി പറയാറുണ്ട്. വസ്തുതകള്‍ ഉയര്‍ത്തിക്കാട്ടി നിശിതമായി വിമര്‍ശിക്കാറുണ്ട്. പക്ഷേ, വസ്തുതാവിരുദ്ധമായി എന്തെങ്കിലും എഴുതിയതായി ആരും പറഞ്ഞിട്ടില്ല. ആരെക്കൊണ്ടും പറയിച്ചിട്ടില്ല. ഇതില്‍ നിന്നു നേര്‍വിപരീതമാണ് യുവാവ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞുവെച്ചത്. അതുകൊണ്ടാണ് ഞാന്‍ എതിര്‍ത്തത്. യുവാവ് പറഞ്ഞത് ഇതാണ് -സി.പി.എം. സംസ്ഥാന ആക്ടിങ് സെക്രട്ടറിയും എല്‍.ഡി.എഫ്. കണ്‍വീനറുമായ എ.വിജയരാഘവന്റെ ഭാര്യ ആയതുകൊണ്ടു മാത്രമാണ് ഡോ.ആര്‍.ബിന്ദുവിനെ മന്ത്രിസഭയില്‍ എടുത്തതെന്ന്.

ഡോ.ബിന്ദു ആരാണ് എന്ന് ഈ മാധ്യമപ്രവര്‍ത്തകന് അറിയാത്തതുകൊണ്ടാണോ? വിജയരാഘവനുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെങ്കിലും മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടാനുള്ള യോഗ്യ ബിന്ദുവിനുണ്ട് എന്നത് ഉറപ്പല്ലേ? സി.പി.എം. എന്ന പാര്‍ട്ടിയില്‍ അവര്‍ അംഗമായിട്ട് 35 വര്‍ഷത്തിലേറെയായി. നിലവില്‍ സി.പി.എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിലും ജനാധിപത്യ മഹിളാ അസോഷിയേഷന്‍ കേന്ദ്ര സമിതി അംഗമെന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. 2000ല്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായി, 2005ല്‍ മേയറായി. സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള കോളേജ് അദ്ധ്യാപക സംഘടനയുടെ മുതിര്‍ന്ന നേതാവായിരുന്നു.

നന്നേ ചെറുപ്പത്തില്‍ ബിന്ദു എസ്.എഫ്.ഐ. പ്രവര്‍ത്തനം തുടങ്ങി. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ ഒമ്പതിലും പത്തിലും പഠിക്കുന്ന സമയത്ത് അവര്‍ സ്കൂള്‍ ലീഡറായിരുന്നു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലായിരുന്നു പ്രി ഡിഗ്രി വിദ്യാഭ്യാസം. ഒന്നാം വര്‍ഷം ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി, രണ്ടാം വര്‍ഷം സര്‍വ്വകലാശാല യൂണിയന്‍ കൗണ്‍സിലര്‍. ബിരുദത്തിനു പഠിക്കുമ്പോള്‍ ബിന്ദു കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് അംഗമായി. ഒരു വര്‍ഷത്തിനു ശേഷം സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധി.

സിന്‍ഡിക്കേറ്റ് അംഗമായിരുന്നതിനാല്‍ എം.എ. പഠനത്തിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ തന്നെ ബിന്ദു ചേര്‍ന്നു. അതിനു ശേഷം എം.ഫില്‍ പഠനത്തിനായി ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലേക്ക്. തിരികെയെത്തിയ ശേഷം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം. വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരി ഏഞ്ചലാ കാര്‍ട്ടറിന്റെ കൃതികളെ ആസ്പദമാക്കി ലിംഗപദവിയും ഉത്തരാധുനികതയും എന്നതായിരുന്നു വിഷയം. ജെ.എന്‍.യു. പഠനകാലത്തും പിന്നീട് കാലിക്കറ്റില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴും എസ്.എഫ്.ഐ. രംഗത്ത് സജീവം. സംഘടനയുടെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയിലും കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി പ്രവര്‍ത്തിച്ചു. പിന്നീട് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ അദ്ധ്യാപികയും ഒടുവില്‍ വൈസ് പ്രിന്‍സിപ്പലുമായിരുന്നപ്പോഴാണ് എ.കെ.പി.സി.ടി.എ. നേതാവായത്.

ഡോ.ആര്‍.ബിന്ദു

പഠനകാലത്ത് നേതൃമികവിനു പുറമെ കലാരംഗത്തും മികവു തെളിയിച്ചയാള്‍ കൂടിയാണ് ബിന്ദു. കഥാരചന, കവിതാ രചന, പ്രസംഗം, കഥകളി തുടങ്ങിയവയിലെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടി. മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ ചെറുകഥാ രചനാ മത്സരത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ ബിന്ദുവിനായിരുന്നു ഒന്നാം സ്ഥാനം. ഇങ്ങനെയൊക്കെ നോക്കുമ്പോള്‍ വ്യക്തിഗത മികവിന്റെ കാര്യത്തില്‍ ഭര്‍ത്താവ് വിജയരാഘവനെക്കാള്‍ ഒരു പടി മുന്നിലാണ് ബിന്ദു. വിജയരാഘവന്റെ പ്രവര്‍ത്തനം മുഴുവന്‍ സമയവും രാഷ്ട്രീയരംഗത്തു മാത്രമായിരുന്നുവെങ്കില്‍ ബിന്ദുവിന്റേത് ഒരേ സമയം ബഹുതലങ്ങളിലായിരുന്നു. എന്നാല്‍, അവരെയാണ് കേവലം ഒരു നേതാവിന്റെ ഭാര്യയായതിനാല്‍ മന്ത്രിപദവി കിട്ടി എന്ന് താഴ്ത്തിക്കെട്ടുന്നത്, അതും ഒരു മാധ്യമപ്രവര്‍ത്തകന്‍.

ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട് ആ സ്ഥാപനത്തിന്റെ ഐഡന്റിറ്റി കാര്‍ഡോ മൈക്കോ കൈയിലേന്തി പുറത്തിറങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ പുലര്‍ത്തേണ്ട ചില നിഷ്പക്ഷ നിഷ്ഠകളുണ്ട്. ദേശാഭിമാനി, വീക്ഷണം, ജന്മഭൂമി, കൈരളി, ജയ് ഹിന്ദ്, ജനം തുടങ്ങിയ പാര്‍ട്ടി സ്ഥാപനങ്ങള്‍ക്ക് അത് ആവശ്യമായി വരണമെന്നില്ല. ഈ പറഞ്ഞ യുവാവ് ഇതിലൊന്നും പെടുന്നില്ല. ഈ യുവാവ് കോണ്‍ഗ്രസ്സിന്റെയോ ലീഗിന്റെയോ മാത്രം വാര്‍ത്തകള്‍ ചെയ്യുന്ന റിപ്പോര്‍ട്ടര്‍ ആണോ? നിഷ്പക്ഷമായി ജനങ്ങളെ ബാധിക്കുന്ന വാര്‍ത്തകള്‍ തയ്യാറാക്കുന്നയാള്‍ എന്ന ധ്വനിയല്ലേ അദ്ദേഹം വാര്‍ത്തകളിലൂടെ നല്‍കാന്‍ ശ്രമിക്കുന്നത്? അത്തരം ജോലി ചെയ്യുന്നയാള്‍ സമൂഹത്തിലും ആ മാന്യത പുലര്‍ത്താന്‍ ശ്രദ്ധിക്കണം. ഇത് അടിസ്ഥാനപരമായ മാധ്യമനൈതികതയാണ്.

റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി എല്ലാ മുന്നണികളെയും യുവാവ് സമീപിക്കുമ്പോള്‍ സി.പി.എമ്മും ബി.ജെ.പിയും അദ്ദേഹത്തോട് സംസാരിക്കാന്‍ താല്പര്യമില്ല എന്നു പറഞ്ഞാല്‍ ജോലി നടക്കുമോ? അതു താങ്ങുമോ? ഏഷ്യാനെറ്റ് ന്യൂസിന് ബി.ജെ.പി. ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. നിലവില്‍ വടക്കന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ആ യുവാവിനെ സ്ഥാപനം തിരുവനന്തപുരം ബ്യൂറോയിലേക്കു മാറ്റി എന്നു കരുതുക. മന്ത്രി ബിന്ദുവുമായി ഏതെങ്കിലും വിധത്തില്‍ വാര്‍ത്താപരമായി ആശയവിനിമയം നടത്തേണ്ടി വരുമെന്നുറപ്പ്. എന്തായിരിക്കും യുവാവിന്റെ സമീപനം? തന്നെ അധിക്ഷേപിച്ചയാള്‍ എന്ന നിലയില്‍ സംസാരിക്കാന്‍ തയ്യാറാവാതെ യുവാവിനെ മാറ്റിനിര്‍ത്താനൊന്നും മന്ത്രി ബിന്ദു തയ്യാറാവില്ലെന്നുറപ്പ്. പക്ഷേ, പറയണമെന്നാഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ പോലും മന്ത്രി പറയാതെ പോയേക്കാം, വളച്ചൊടിച്ചാലോ എന്ന മുന്‍കരുതല്‍ കാരണം. അത് നല്ല വാര്‍ത്ത ആ മാധ്യമപ്രവര്‍ത്തകന് നഷ്ടപ്പെടുത്തും.

ഒരു പെണ്ണിനെ ആണിന്റെ തണലായി മാത്രം കാണുന്ന ദുഷിച്ച മനഃസ്ഥിതിക്ക് ഉടമയാണ് ആ യുവാവ് എന്നു ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ചുനിര്‍ത്തിയിരിക്കുന്ന യൂത്ത് ലീഗ് രാഷ്ട്രീയം പുറത്തുചാടിയതാവാം. രാഷ്ട്രീയം പറയുന്നതിലും വിലയിരുത്തുന്നതിലും തെറ്റില്ല, പക്ഷേ, അതിനുള്ള പാകത കൈവരിക്കണം. ഒരു 10-20 വര്‍ഷം ഈ മേഖലയില്‍ ജോലി ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കാനുള്ള കെല്പുണ്ടാവുമ്പോള്‍ രാഷ്ട്രീയം വിലയിരുത്താം. അതും സത്യസന്ധമായി പറയണം.

യുവാവും അദ്ദേഹത്തിന്റെ ചിന്താഗതിയുള്ളവരും ശ്രദ്ധിക്കുക -ഒരു കാര്യം കൂടി സൂചിപ്പിക്കാം. ഞാന്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ കാലത്ത് 1996ല്‍ ചടയമംഗലത്തു നിന്നു ജയിച്ച് എം.എല്‍.എ. ആയ വ്യക്തിയാണ് ആര്‍.ലതാദേവി. ചരിത്രം എം.എ. ഒന്നാം റാങ്കുകാരി. വര്‍ക്കല എസ്.എന്‍. കോളേജില്‍ നിന്ന് ചരിത്ര വിഭാഗം മേധാവിയായി വിരമിച്ച ഡോ.ലതാദേവി ഇപ്പോഴും രാഷ്ട്രീയ രംഗത്ത് സജീവമാണ്. സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗവും കേരള മഹിളാ സംഘം സംസ്ഥാന ഭാരവാഹിയുമാണ്. ഈ ലതയുടെ ഭര്‍ത്താവാണ് 25 വര്‍ഷത്തിനിപ്പുറം ആദ്യമായി എം.എല്‍.എ. ആവുകയും അപ്പോള്‍ത്തന്നെ മന്ത്രിയായി ഉയര്‍ത്തപ്പെടുകയും ചെയ്ത സി.പി.ഐ. നേതാവ് ജി.ആര്‍.അനില്‍. അപ്പോള്‍ ലതാദേവിയുടെ ഭര്‍ത്താവായതുകൊണ്ടാണ് അനില്‍ മന്ത്രിയായത് എന്നു പറയുമോ? കാരണം, ലതയാണ് കാല്‍ നൂറ്റാണ്ടു മുമ്പ് ആദ്യം എം.എല്‍.എ. ആയത്. അങ്ങനെ ആരും പറയാത്തതെന്തേ?

ഡോ.ആര്‍.ലതാദേവി

ഇനി എന്റെ കാര്യം. എനിക്ക് ഇപ്പോള്‍ ഒരു സ്ഥാപനത്തിന്‍റെയും ബാദ്ധ്യതയില്ല. ഒരു പത്രസ്ഥാപനത്തിന്റെ ലേബലിലും നിഷ്പക്ഷൻ അഭിനയിക്കുന്നില്ല എന്നും പറയാം. അതിനാല്‍ സ്ഥാപനത്തിന്റെ അച്ചടക്കം ബാധകമല്ല. സ്വതന്ത്രമായി എന്റെ രാഷ്ട്രീയം പറയാം. മാതൃഭൂമി, ഇന്ത്യാവിഷന്‍ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വേളയിൽ ഏതെങ്കിലും അവസരത്തിൽ ഞാൻ രാഷ്ട്രീയം പറയുകയോ ഇപ്പോൾ യുവാവ് നടത്തിയ പോലെ വസ്തുതാവിരുദ്ധമായ ആക്ഷേപം നടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ തന്നെയുള്ള മുതിര്‍ന്ന സഹപ്രവര്‍ത്തകരോട് ചോദിച്ചുനോക്കാവുന്നതാണ്. അവരില്‍ എന്റെ സഹപാഠികളും പഴയ സഹപ്രവര്‍ത്തകരുമൊക്കെയുണ്ട്. ദൈനംദിന മാധ്യമപ്രവര്‍ത്തനമല്ല ഞാന്‍ നടത്തുന്നത്. ഇഷ്ടമുള്ളത് എഴുതാം. എഴുത്തിനാണ് വില. ഇഷ്ടമുള്ളവര്‍ വാങ്ങിയാല്‍ മതി. അവര്‍ വായിച്ചാല്‍ മതി. ഈ നിലയിലേക്ക് നാളെ ഈ യുവാവും എത്തിയേക്കാം. അതിന് പ്രവര്‍ത്തനപരിചയം വേണം എന്നു മാത്രം.

ഉപദേശമല്ല, നിര്‍ദ്ദേശം മാത്രമാണ് -മാധ്യമപ്രവർത്തകനാകാൻ ശ്രമിക്കൂ, പ്രവര്‍ത്തനം യൂത്ത് ലീഗ് നിലവാരത്തിലാവരുത്. മന്ത്രി ബിന്ദുവിനെതിരെ യുവാവ് ഇട്ട പോലുള്ള അപകീര്‍ത്തികരമായ സമൂഹമാധ്യമ പോസ്റ്റുകള്‍ ചിലപ്പോള്‍ ജോലി തന്നെ അപകടത്തിലാക്കിയേക്കാം..

മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും…

 


പിന്‍കുറിപ്പ്: ഇത് എഴുതണോ എന്ന് പലവട്ടം ആലോചിച്ചതാണ്. എഴുതിത്തുടങ്ങിയ ശേഷമാകട്ടെ പലവട്ടം മാറ്റിവെച്ചു. എഴുതിപ്പൂര്‍ത്തിയാക്കിയപ്പോള്‍ പ്രസിദ്ധീകരിക്കണോ എന്ന ആശയക്കുഴപ്പമായി. ഒടുവില്‍ ഇതാ ഇവിടെ. ഇതു വായിച്ച ശേഷം ഒരാള്‍ക്കെങ്കിലും മറിച്ചു ചിന്തിക്കാന്‍ പ്രേരണയാകുമെങ്കില്‍ അതും നേട്ടമല്ലേ?

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks