Reading Time: 3 minutes

ഒരു വ്യാഴവട്ടത്തിലേറെക്കാലം പത്രപ്രവര്‍ത്തകനായി ജോലി ചെയ്ത സ്ഥാപനമാണ് മാതൃഭൂമി.
എന്നുവെച്ചാല്‍ ജീവിതത്തിന്റെ നല്ല കാലം ചെലവഴിച്ച സ്ഥാപനം.
കെ.ഗോപാലകൃഷ്ണന്‍ പത്രാധിപരായുണ്ടായിരുന്ന കാലത്ത് അവിടെ ജോലി ചെയ്യുന്നതില്‍ അഭിമാനിച്ചിരുന്നു.
അവിടുണ്ടായിരുന്ന കാലമത്രയും സന്തോഷമായി തന്നെയാണ് ജീവിച്ചത്.
ഗോപാല്‍ജി പോയതോടെ എല്ലാം മാറിമറിഞ്ഞു തുടങ്ങി.
വ്യക്തിപരമായി യോജിക്കാനാവാത്ത ചില കാര്യങ്ങള്‍ വന്നപ്പോള്‍ അവിടെ നില്‍ക്കേണ്ടതില്ല എന്നു തീരുമാനിച്ചു.
അന്തസ്സായി ഇറങ്ങിപ്പോന്നു.

മാതൃഭൂമി ഇപ്പോള്‍ വല്ലാതെ മാറിപ്പോയിരിക്കുന്നു.
വാര്‍ത്തകളുടെ കൃത്യതയും വസ്തുതയും ഉറപ്പാക്കുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്നു.
ലേഖകര്‍ തയ്യാറാക്കുന്ന വാര്‍ത്തകള്‍ പോകട്ടേന്നു വെയ്ക്കാം.
പക്ഷേ, നാട്ടുകാര്‍ മുഴുവന്‍ കണ്ട പത്രസമ്മേളനം തെറ്റായി റിപ്പോര്‍ട്ട് ചെയ്താലോ?
‘തെറ്റായി റിപ്പോര്‍ട്ട് ചെയ്തു’ എന്ന് ഒരു ഭംഗിക്കു പറഞ്ഞതാ.
ഇത് അതല്ല, വളച്ചൊടിച്ചതു തന്നെയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനമാണ് നന്നായി വളച്ചതും ഒടിച്ചതും.

മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടറാണ് എം.വി.ശ്രേയാംസ് കുമാര്‍.
അദ്ദേഹം ഇപ്പോള്‍ കല്പറ്റയില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയാണ്.
ആ ഇടതുമുന്നണിയെ നയിക്കുന്നയാളാണ് പിണറായി വിജയന്‍.
പിണറായി വിജയനെ മാതൃഭൂമി പിന്തുണയ്ക്കണമെന്നൊന്നും ഞാന്‍ പറയുന്നില്ല.
പിണറായി വിജയനെ എതിര്‍ക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും സമ്മതിക്കുന്നു.
പക്ഷേ, പിണറായി വിജയന്റെ പേരില്‍ കള്ളം പ്രചരിപ്പിക്കാന്‍ സ്വന്തം സ്ഥാപനത്തെ ശ്രേയാംസ് അനുവദിക്കരുത്.

കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം വിവാദം സൃഷ്ടിച്ചയാളാണല്ലോ ലതിക സുഭാഷ്.
അവരുടെ പ്രതിഷേധം യു.ഡി.എഫ്. നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
തല മുണ്ഡനം ചെയ്ത് ലതിക പ്രതിഷേധിച്ച സംഭവത്തെ പ്രതിരോധിക്കാന്‍ യു.ഡി.എഫ്. വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്.
ഏറ്റുമാനൂരില്‍ അവര്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് പിണറായി വിജയനോട് പത്രസമ്മേളനത്തില്‍ ഇതു സംബന്ധിച്ച് ചോദ്യം വന്നത്.
ചോദ്യത്തിന് പരിമിതമായ വാക്കുകളിലാണെങ്കിലും ലതികയോട് ആഭിമുഖ്യം പുലര്‍ത്തുന്ന വിധത്തില്‍ കൃത്യമായി തന്നെ മുഖ്യമന്ത്രി മറുപടി പറഞ്ഞു.
എന്നാല്‍, മാതൃഭൂമി ലേഖകന്‍ അത് നൈസായി അങ്ങ് തിരിച്ചു, ലതികയ്ക്കെതിരെ മുഖ്യമന്ത്രി എന്ന തരത്തില്‍!!

ലതികാ സുഭാഷിന്റേത് പക്വമായ നടപടിയോ? എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്.
ആ കാര്യത്തിലെ പ്രതികരണം ഒരു രാഷ്ട്രീയനേതൃത്വത്തിന്റെ പക്വതയോടെ ആയോ എന്ന സംശയം എനിക്കുണ്ട് -മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ചിരിക്കുകയാണ്.
ഈ ഉദ്ധരണിക്കാണ് തലക്കെട്ടുകൊണ്ട് ബലപ്പിച്ചിരിക്കുന്നത്.
എന്നാല്‍, യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഇതാണോ?
മുഖ്യമന്ത്രിക്കു നേരെ വന്ന ചോദ്യത്തിന്റെയും അതിന് അദ്ദേഹം നല്‍കിയ മറുപടിയുടെയും വീഡിയോ ഇവിടെയുണ്ട്.

ചോദ്യം: കോണ്‍ഗ്രസ്സിന്റെ പട്ടിക വന്നതിനു ശേഷം ഒരു തല മുണ്ഡനം സംസ്ഥാനത്തു നടന്നു. ഇതില്‍ അല്പം മുമ്പ് കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞത് ഇതൊരു നാടകമായിരുന്നു എന്നാണ് ലതികാ സുഭാഷിനെതിരെ പറഞ്ഞിരിക്കുന്നത്. ഒരു പാര്‍ട്ടിയുടെ അകത്തുള്ള കാര്യമാണെങ്കിലും സംസ്ഥാനത്തിന്‍റെ പൊതുവിലുള്ള പ്രതിച്ഛായയും ഇത് ദേശീയ മാധ്യമങ്ങളിലും മറ്റും വലിയ രീതിയിലുള്ള, കേരളത്തിന് ഒരു സെറ്റ്ബാക്ക് ഇത് ഉണ്ടാക്കിയിട്ടില്ലേ? എങ്ങനെയാണ് സി.എം. അതിനെ കാണുന്നത്?

ഉത്തരം: ഇതില് സാധാരണനിലയ്ക്ക് ഒരു പാര്‍ട്ടിയുടെ കാര്യമാണ്. ഞാന്‍ അതില് പ്രതികരിക്കേണ്ടയാളല്ല. പക്ഷേ, നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം ആ പാര്‍ട്ടിയുടെ മഹിളാ വിങ്ങിന്റെ സംസ്ഥാനത്തെ പ്രധാനിയായിരിക്കുന്ന ഒരു സഹോദരിക്ക് ഇങ്ങനെയൊരു നിലപാടെടുക്കേണ്ടി വന്നിരിക്കുന്നു. മാത്രമല്ല അവര് വളരെ മനോവേദനയോടെ പൊട്ടിക്കരഞ്ഞുകൊണ്ട് കാര്യങ്ങള്‍ പറയുന്നതും കാണാനിടയായി. അപ്പോ ആ കാര്യത്തില് ഉള്ള പ്രതികരണം, അതൊരു രാഷ്ട്രീയ നേതൃത്വത്തിന്റെ പക്വതയോടെ ആയോ എന്ന സംശയം എനിക്കുണ്ട്. ആ സംശയം ഞാന്‍ പങ്കുവെയ്ക്കുകയാണ്. മറ്റു കാര്യങ്ങള്‍ പറയാന്‍ ഞാനാളല്ല.

കെ.പി.സി.സി. പ്രസിഡന്റിറെ കാര്യം എടുത്തു പറഞ്ഞു ചോദിച്ചതിനുള്ള ഉത്തരം വ്യക്തമല്ലേ?
ലതിക സുഭാഷ് വളരെ മനോവേദനയോടെ പൊട്ടിക്കരഞ്ഞുകൊണ്ട് കാര്യങ്ങള്‍ പറയുന്നത് താന്‍ കണ്ടുവെന്നും ആ കാര്യത്തിലുള്ള രാഷ്ട്രീയ നേതൃത്വത്തിന്‍റെ -മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവരുടെ -പ്രതികരണം പക്വതയോടെ ആയോ എന്ന സംശയമുണ്ടെന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്.
ഇതാണ് ലതികാ സുഭാഷിന്റേത് പക്വമായ നടപടിയോ? എന്ന തലക്കെട്ടുമായി യു.ഡി.എഫിനെ വെള്ളപൂശാന്‍ വളച്ചൊടിച്ചിരിക്കുന്നത്.

പിണറായിയില്‍ നടന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ ജൂനിയറായ ഒരു പത്രപ്രവര്‍ത്തകനെ മാതൃഭൂമി പറഞ്ഞുവിടില്ലെന്നുറപ്പ്.
അപ്പോള്‍ താരതമ്യേന മുതിര്‍ന്നയാള്‍ തന്നെയാണ് ഈ വളച്ചൊടിക്കലിനു പിന്നില്‍.
എന്റെ കീഴിലാണ് ഈ മാധ്യമപ്രവര്‍ത്തകന്‍ ജോലി ചെയ്യുന്നതെങ്കില്‍ അയാള്‍ തീര്‍ച്ചയായും ഇന്നു വിവരമറിഞ്ഞേനേ.

ശ്രേയാംസിനോടാണ് ഇനി പറയാനുള്ളത്.
അങ്ങ് ഇടതു മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്.
അതുകൊണ്ടു മാത്രം ജയിച്ചുകയറാമെന്നു കരുതരുത്.
ഇടതു മുന്നണി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കലര്‍പ്പില്ലാത്ത പിന്തുണ കൂടിയേ കഴിയൂ.
അങ്ങയുടെ സ്ഥാപനത്തില്‍ നടക്കുന്ന നെറികേടുകള്‍ ഇനിയും കണ്ടില്ലെന്നു നടിക്കാനാണ് ഭാവമെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും.
തയ്പിച്ചുവെച്ചിരിക്കുന്ന എം.എല്‍.എ. കുപ്പായവും കൈയിലേന്താനുള്ള മന്ത്രിയുടെ ചെങ്കോലും സ്വപ്നമായി അവശേഷിക്കും.
എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷത്തിലാണ്.
യു.ഡി.എഫുകാര്‍ എന്തായാലും അങ്ങേയ്ക്കു വോട്ടു ചെയ്യില്ലല്ലോ.

പത്രപ്രവര്‍ത്തനത്തിന്റെ ശരിയായ വഴിയിലേക്ക് മാതൃഭൂമിയെ തിരിച്ചെത്തിക്കാന്‍ ശ്രേയാംസ് ആത്മാര്‍ത്ഥമായി പരിശ്രമിക്കും എന്നു വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു.
അതിനായി ശക്തമായ തിരുത്തല്‍ നടപടികള്‍ ആവശ്യമെങ്കില്‍ അതു സ്വീകരിക്കുക തന്നെ വേണം.

Previous articleബി.ജെ.പിയെ വളര്‍ത്തുന്നതാര്??
Next articleനമ്മള്‍ ചെയ്തത് ശരിയാണ്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here