Reading Time: 2 minutes

സംഘികളും സുഡാപ്പികളും ഒരുമിക്കുന്നതില്‍ നിങ്ങള്‍ക്ക് അത്ഭുതമുണ്ടോ? എനിക്ക് അത്തരത്തില്‍ യാതൊരത്ഭുതവുമില്ല. കാരണം രണ്ടു കൂട്ടരും തമ്മില്‍ സജീവമായൊരു അന്തര്‍ധാരയുണ്ട്. ഒന്നിന് മറ്റൊന്ന് വളമാകുന്ന അന്തര്‍ധാര.

വെറുതെ ഉണ്ടായതല്ല ഈ ചിന്ത. സംഘിയും സുഡാപ്പിയും ഒരേ ആവേശത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു ചിത്രം തന്നെ അയച്ചുതന്നതു കണ്ടുണ്ടായ ചിന്ത. പക്ഷേ, ദോഷം പറയരുതല്ലോ രണ്ടു കൂട്ടരുടെയും ചിത്രവിവരണത്തില്‍ വ്യത്യാസമുണ്ടായിരുന്നു.

സംഘി: കണ്ടോടാ മണ്ടന്‍ കമ്മികളെ പ്രധാനമന്ത്രിയുടെ ആഹ്വാനം ഇരട്ടച്ചങ്കന്‍ ശിരസാവഹിക്കുന്നത്. ലൈറ്റണയ്ക്കുക മാത്രമല്ല, വിളക്കും കത്തിച്ചു. ഇല്ലെങ്കില്‍ പണി കിട്ടുമെന്നറിയാം.

സുഡാപ്പി: സംഘികള്‍ എന്തു പറഞ്ഞാലും അത് ശിരസ്സാ വഹിക്കുക എന്നത് പിണറായി വിജയന്റെ രീതിയാണ്. പൗരത്വനിയമം അടക്കം എല്ലാ കാര്യത്തിലും ഇതു തന്നെയാണ് ഇയാളുടെ നിലപാട്. ഇനിയെങ്കിലും തിരിച്ചറിയൂ.

ആദ്യം കരുതിയത് ഇത് അവഗണിക്കാമെന്നാണ്. എന്നാല്‍ സമൂഹമാധ്യമങ്ങളിലെ സംഘി -സുഡാപ്പി പ്രൊഫൈലുകള്‍ ഇത് വൈറലാക്കാനുള്ള പുറപ്പാടാണെന്നു മനസ്സിലായതോടെ സത്യം പറയണമെന്നു തോന്നി.

വര്‍ഗ്ഗീയതയെ ശക്തിയുക്തം എതിര്‍ക്കുന്നയാളാണ് പിണറായി വിജയന്‍. അതിനാല്‍ത്തന്നെ അദ്ദേഹം സംഘിക്കും സുഡാപ്പിക്കും ഒരുപോലെ ശത്രുവാണ്. വര്‍ഗ്ഗീയതയ്ക്ക് വഴങ്ങുന്നയാളാണ് പിണറായി എന്നു വരുത്തിയാല്‍ അദ്ദേഹം തീര്‍ക്കുന്ന പ്രതിരോധത്തിന് കരുത്ത് കുറയും. വര്‍ഗ്ഗീയവാദികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. വര്‍ഗ്ഗീയതയെ എതിര്‍ക്കാന്‍ ഏതറ്റം വരെയും പോകണമെന്ന ശക്തമായ അഭിപ്രായെ വ്യക്തിപരമായി വെച്ചുപലുര്‍ത്തുന്ന എനിക്ക് അതിഷ്ടമില്ല.

ഇനി പ്രധാനമന്ത്രിയുടെ ആഹ്വാനം സംബന്ധിച്ച്. മുഖ്യമന്ത്രി അതു പാലിച്ചോ ഇല്ലയോ എന്നത് എനിക്കു പ്രശ്നമല്ല. ക്ലിഫ് ഹൗസില്‍ വൈദ്യുതി വിളക്കുകള്‍ അണച്ചു. ടോര്‍ച്ചുകള്‍ മിന്നി. പക്ഷേ, പിണറായി നേരിട്ട് ദീപം തെളിയിച്ചോ എന്നറിയില്ല. തെളിയിച്ചാലും പ്രശ്നമൊന്നുമില്ല. പ്രധാനമന്ത്രി പറയുന്നത് എതിര്‍ക്കാതിരിക്കുക എന്ന ഭരണഘടനാപരമായ നിലപാടാണല്ലോ ഈ കൊറോണക്കാലത്ത് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

തനിക്കെതിരെ ഉയരുന്ന രാഷ്ട്രീയവിമര്‍ശനങ്ങള്‍ക്കു പോലും മറുപടി പറയാത്ത മാന്യമായ ഇടപെടല്‍. അത് മനസ്സിലാവണമെങ്കില്‍ സെന്‍സുണ്ടാണവണം, സെന്‍സിബിലിറ്റിയുണ്ടാവണം, സെന്‍സിറ്റിവിറ്റിയുണ്ടാവണം.

ചിത്രം 1. സംഘികളും സുഡാപ്പികളും പ്രചരിപ്പിക്കുന്ന ചിത്രം -പിണറായി വിജയന്‍ കുടുംബസമേതം ദീപം തെളിയിക്കുന്നത്.

ചിത്രം 2. സംഘികളും സുഡാപ്പികളും പ്രചരിപ്പിക്കുന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ രൂപം. ഇത് മെട്രോ വാര്‍ത്തയിലെ ഫൊട്ടോഗ്രാഫറും സുഹൃത്തുമായ കെ.ബി.ജയചന്ദ്രന്‍ പകര്‍ത്തിയത്. 2018 മാര്‍ച്ച് 24 ശനിയാഴ്ച ഭൗമ മണിക്കൂര്‍ ആചരണത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ് ഹൗസില്‍ വൈദ്യുതി വിളക്കുകള്‍ അണച്ച ശേഷം മെഴുകിതിരി തെളിയിച്ചതാണ് സന്ദര്‍ഭം.

ചിത്രം 3. ജയചന്ദ്രന്റെ ചിത്രം കണ്ടിട്ട് കാര്യം ബോദ്ധ്യപ്പെടാത്തവര്‍ക്കുള്ളതാണ് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിലെ ഫൊട്ടോഗ്രാഫറും സുഹൃത്തുമായ മനു മാവേലില്‍ പകര്‍ത്തിയ ഈ ചിത്രം. ക്ലിഫ് ഹൗസിലെ ഭൗമ മണിക്കൂര്‍ ആചരണത്തിന്റെ മറ്റൊരു ആങ്കിള്‍. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഇ-പേപ്പറില്‍ നിന്നെടുത്ത ഈ ചിത്രത്തില്‍ പ്രസിദ്ധീകരിച്ച തീയതി വ്യക്തമായി പറഞ്ഞിട്ടുണ്ട് -25 മാര്‍ച്ച് 2018.

സത്യം ചെരുപ്പിടുമ്പോഴേക്കും കള്ളം ലോകത്തിന് 4 വലതു പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ പ്രമാണം. പക്ഷേ സത്യം വിളിച്ചു പറഞ്ഞു എന്ന സമാധാനമുണ്ടല്ലോ, അതിന്റെ ഗും ഒന്നു വേറെ തന്നെയാണ്.

Previous articleവെളിച്ചത്തില്‍ നിന്ന് ഇരുളിലേക്കുള്ള വഴി
Next articleനനഞ്ഞ പടക്കമായ “അമേരിക്കന്‍” ബോംബ്!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here