HomePOLITYപാളാത്ത പ്രതീ...

പാളാത്ത പ്രതീക്ഷ, പ്രവചനവും

-

Reading Time: 9 minutes

ലക്കം 2125 കലാകൗമുദി പുറത്തിറങ്ങി. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു തയ്യാറാക്കിയ പൂര്‍വ്വാവലോകനത്തിന്റെ അടുത്ത ഘട്ടം എഴുതിയിട്ടുണ്ട്. ഫലപ്രഖ്യാപനത്തിനു ശേഷമുള്ള വിലയിരുത്തല്‍ തന്നെ. വാരികയെടുത്ത് നേരെ പകുതിവെച്ചു തുറന്നാല്‍ വായിച്ചുതുടങ്ങാം. നമ്പര്‍ 42 മുതല്‍ 57 വരെ 16 പേജുകള്‍. മുകളിലാകാശവും താഴെ ഭൂമിയുമായി പാറിപ്പറന്നു നടക്കുന്ന എനിക്ക് ഈ തിരഞ്ഞെടുപ്പ് കാലത്ത് കലാകൗമുദി നല്‍കിയ അവസരം വളരെ വളരെ വലുതാണ്. പക്ഷേ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവസാന ലക്കം ശരിക്കും ഞെട്ടിച്ചു.

2125_4

കലാകൗമുദി വിപണിയിലെത്തിയപാടെ വാങ്ങി. ഞാന്‍ വായിച്ചുനോക്കി. വീട്ടിലെല്ലാവരും വായിച്ചു. പക്ഷേ, ആരും അത് മാത്രം കണ്ടില്ല. ഞാനും കണ്ടില്ല.
അല്പം മുമ്പ് തൃശ്ശൂരില്‍ നിന്ന് സുഹൃത്ത് ശ്രീകുമാര്‍ വിളിച്ചു -‘ടേയ്… കലാകൗമുദി കണ്ടു. നീ തകര്‍ക്കയാണല്ലോ!’

എന്റെ മറുപടി -‘കലാകൗമുദിയുടെ പേജില്‍ വരുന്ന ബൈലൈന്‍ കാരണം ശ്യാംലാല്‍ എന്ന പത്രപ്രവര്‍ത്തകന്‍ ജീവിച്ചിരിക്കുന്നു എന്ന് നാട്ടുകാര്‍ അറിയുന്നു’.
ഇനിയായിരുന്നു എന്നെ ഞെട്ടിച്ച വാക്കുകള്‍ -‘പേജില്‍ വരുന്നതൊക്കെ കാണുന്നുണ്ട്. അതു കഴിഞ്ഞ കുറച്ചു ലക്കങ്ങളായി ഉണ്ടല്ലോ. പക്ഷേ, അത് ഇത്തവണ മുഖചിത്രത്തിലേക്കും പടര്‍ന്നിട്ടുണ്ട്. അതാ നിന്നെ ഒന്നു വിളിച്ചുകളയാമെന്നു വിചാരിച്ചത്.’

എനിക്ക് ഒന്നും പിടികിട്ടിയില്ല -‘കവറിനെന്താ കുഴപ്പം? കവര്‍ നല്ല കവറല്ലേ? വാങ്ങി വായിക്കണമെന്ന് ആള്‍ക്കാര്‍ക്കു തോന്നിക്കുന്ന ഒരു ആകര്‍ഷകത്വം ഒക്കെയുണ്ട്.’
കാര്യം എനിക്കു മനസ്സിലായില്ലെന്ന് അവനു പിടികിട്ടി -‘എടാ കോപ്പേ.. നിന്റെ പേര് കലാകൗമുദിയുടെ കവറിലുണ്ട്. നീയതു കണ്ടില്ല അല്ലേ, ഭേഷ്!’

പിന്നെയും അവന്‍ എന്തൊക്കെയോ ചോദിച്ചു. ഞാനും എന്തൊക്കെയോ പറഞ്ഞു. അല്പസമയം കഴിഞ്ഞ് ഫോണ്‍ കട്ടായി.

2125_1

കലാകൗമുദി കൈയിലെടുത്തു. അതാ എന്റെ പേര് കവറില്‍. ഒരു കാലത്ത് കലാകൗമുദി വാരികയുടെയും പിന്നീട് സമകാലിക മലയാളം വാരികയുടെയും എല്ലാമെല്ലാമായിരുന്ന എസ്.ജയചന്ദ്രന്‍ നായര്‍, കേരള സര്‍വ്വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലറും പൊളിറ്റിക്കല്‍ സയന്റിസ്റ്റുമായ ഡോ.ജെ.പ്രഭാഷ്, പ്രമുഖ മാധ്യമപ്രവര്‍ത്തകരായ കെ.ബാലചന്ദ്രന്‍, എ.സജീവന്‍ എന്നിവര്‍ക്കൊപ്പെം വി.എസ്.ശ്യാംലാല്‍ എന്നുകൂടി കണ്ട് കണ്ണില്‍ വെള്ളം നിറഞ്ഞു. ഇതിന്റെ വില എത്രമാത്രം വലുതാണെന്ന് മറ്റുള്ളവര്‍ക്ക് ഒരു പക്ഷേ മനസ്സിലായെന്നു വരില്ല. കലാകൗമുദിയുടെ ഉള്‍പ്പേജുകളില്‍ എവിടെയെങ്കിലും ഒരു ബൈലൈന്‍ അച്ചടിച്ചു കാണാന്‍ കൊതിച്ച ഒരു കാലം എനിക്കുണ്ട്. അതിനാല്‍ത്തന്നെ കലാകൗമുദി ലക്കം 2125 എന്നെ സംബന്ധിച്ചിടത്തോളം വളരെ വിലയേറിയതാണ്. ഇതേ സമയത്താണ് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ കലാകൗമുദി പുതിയ ലക്കം വായിക്കുന്ന ചിത്രവുമായി ഡെപ്യൂട്ടി എഡിറ്റര്‍ വി.ഡി.സെല്‍വരാജെത്തിയത്. അതോടെ ഈ കുറിപ്പ് രൂപമെടുത്തു.

‘പാളാത്ത പ്രതീക്ഷ, പ്രവചനവും’ എന്ന തലക്കെട്ടില്‍ കലാകൗമുദിയിലെഴുതിയ ലേഖനത്തിന്റെ സംക്ഷിപ്ത രൂപം ഇവിടെ. വിശദമായ രൂപം കലാകൗമുദിയില്‍ വായിക്കാം.

2125.pdf

പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഇടതുമുന്നണി അധികാരത്തില്‍. 140 മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ചപ്പോള്‍ മനസ്സിലാക്കിയതും പിന്നീട് കുറിച്ചിട്ടതുമായ കാര്യങ്ങള്‍ ശരിയാണെന്ന് ഫലം സാക്ഷ്യപ്പെടുത്തുന്നു. യു.ഡി.എഫിന് മുന്‍തൂക്കം കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ മാത്രം. കൊല്ലം ജില്ല എല്‍.ഡി.എഫ്. തൂത്തുവാരി. ആലപ്പുഴയിലും പത്തനംതിട്ടയിലും തൃശ്ശൂരിലും യു.ഡി.എഫിന് നേടാനായത് ഒരു സീറ്റ് മാത്രം. വോട്ടിലെ 5 ശതമാനം വ്യതിയാനം ഒരു മുന്നണിയെ തൂത്തെറിയാന്‍ പോരുന്നതാണെന്ന പ്രവചനം തെറ്റിയില്ല. ഇത്തവണ എല്‍.ഡി.എഫ്. 43.1 ശതമാനം വോട്ട് നേടിയപ്പോള്‍ യു.ഡി.എഫിന് 38.8 ശതമാനം മാത്രം. കഴിഞ്ഞ തവണ എല്‍.ഡി.എഫിന് 44.94 ശതമാനവും യു.ഡി.എഫിന് 45.83 ശതമാനവും വോട്ടുണ്ടായിരുന്നു എന്നോര്‍ക്കണം. ഇരു മുന്നണികളുടെയും വോട്ട് വിഹിതം കുറഞ്ഞപ്പോള്‍ എന്‍.ഡി.എയ്ക്കാണ് വലിയ വളര്‍ച്ചയുണ്ടായത്. 2011ലെ 6.06 ശതമാനം വോട്ട് ഇത്തവണ 14.7 ശതമാനമാക്കി അവര്‍ ഉയര്‍ത്തി.

5 സ്വതന്ത്രന്മാരടക്കം 63 സീറ്റുകള്‍ വാരിക്കൂട്ടിയ സി.പി.എം. തന്നെയാണ് നിയമസഭയിലെ ഏറ്റവും വലിയ കക്ഷി. കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷത്തായിരുന്നു സ്ഥാനമെങ്കിലും 47 സീറ്റുകളുണ്ടായിരുന്ന സി.പി.എം. തന്നെയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. സി.പി.ഐയ്ക്ക് 13 സീറ്റുണ്ടായിരുന്നത് ഇത്തവണ 19 ആയി വര്‍ദ്ധിച്ചു. ഭരണമുന്നണിയില്‍ നഷ്ടം നേരിട്ട ഏക കക്ഷി ജനതാദള്‍-എസ്സാണ്. അവരുടെ പക്കല്‍ 4 സീറ്റ് ഉണ്ടായിരുന്നത് 3 ആയി കുറഞ്ഞു. എന്‍.സി.പിയുടെ 2 എം.എല്‍.എമാരും വീണ്ടുമെത്തി. കോണ്‍ഗ്രസ് -എസ്, കേരളാ കോണ്‍ഗ്രസ്-ബി, ആര്‍.എസ്.പി.-ലെനിനിസ്റ്റ്, സി.എം.പി.-അരവിന്ദാക്ഷന്‍ വിഭാഗം എന്നിവര്‍ക്ക് കിട്ടിയ ഓരോ സീറ്റ് കൂടിയായാല്‍ എല്‍.ഡി.എഫ്. പട്ടിക തികഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരളാ കോണ്‍ഗ്രസ് -എമ്മില്‍ നിന്ന് പിരിഞ്ഞെത്തിയ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐ.എന്‍.എല്‍. എന്നിവര്‍ക്ക് ഒരു സീറ്റും കിട്ടിയില്ല. യു.ഡി.എഫില്‍ ഏറ്റവും വലിയ നഷ്ടം കോണ്‍ഗ്രസ്സിനാണ്. 38 സീറ്റുണ്ടായിരുന്നത് 21 ആയി ഇടിഞ്ഞു. സമീപകാലത്തെ ഏറ്റവും കുറഞ്ഞ അംഗസംഖ്യയാണിത്. 2006ല്‍ ഇതിലും വലിയ വിജയം എല്‍.ഡി.എഫ്. നേടിയപ്പോള്‍പ്പോലും കോണ്‍ഗ്രസ്സിന് 24 സീറ്റുണ്ടായിരുന്നു. സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസ്-എമ്മും വലിയ പരിക്കില്ലാതെ പിടിച്ചുനിന്നു. ലീഗിന്റെ 20 സീറ്റ് 18 ആയും കേരളാ കോണ്‍ഗ്രസ്-എമ്മിന്റെ 9 സീറ്റ് 6 ആയും കുറഞ്ഞു. കേരളാ കോണ്‍ഗ്രസ്-ജേക്കബ്ബ് വിഭാഗത്തിന് 1 സീറ്റുണ്ട്. ആര്‍.എസ്.പി., ജനതാദള്‍-യു, സി.എം.പി.-ജോണ്‍ വിഭാഗം എന്നിവര്‍ക്ക് നിയമസഭയുടെ പടി കടക്കാനായില്ല. ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് നിയമസഭയില്‍ 1 സീറ്റ് ലഭിച്ചുവെന്നത് എടുത്തുപറയണം.

തലസ്ഥാന ജില്ല പിടിച്ചാല്‍ ഭരണം എന്ന ചരിത്രം ഇക്കുറിയും തിരുത്തപ്പെട്ടില്ല. യു.ഡി.എഫിന് വലിയ ആത്മവിശ്വാസം വേണ്ടെന്ന സൂചനകള്‍ തന്നെയാണ് തലസ്ഥാന ജില്ലയിലെ അന്തര്‍ധാരകള്‍ നല്‍കിയിരുന്നത്. ഇത്തവണ 5 സിറ്റിങ്ങ് എം.എല്‍.എമാര്‍ മാത്രമാണ് നിയമസഭയില്‍ തിരിച്ചെത്തുന്നത്. ബാക്കി 9 ഇടത്തും പുതിയ എം.എല്‍.എമാരാണ്. തിരുവനന്തപുരത്ത് മന്ത്രി വി.എസ്.ശിവകുമാര്‍, വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്‍, അരുവിക്കരയില്‍ കെ.എസ്.ശബരീനാഥന്‍ എന്നിവര്‍ യു.ഡി.എഫിലും ആറ്റിങ്ങലില്‍ ബി.സത്യന്‍, ചിറയിന്‍കീഴില്‍ വി.ശശി എന്നിവര്‍ എല്‍.ഡി.എഫിലും വീണ്ടും ജയിച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് നെടുമങ്ങാട്ടേക്ക് മാറിയെത്തിയ സി.ദിവാകരന്‍ ഇവിടെയും ജയിച്ചു. വര്‍ക്കലയില്‍ വി.ജോയി, വാമനപുരത്ത് ഡി.കെ.മുരളി, കഴക്കൂട്ടത്ത് മുന്‍ എം.എല്‍.എയായ കടകംപള്ളി സുരേന്ദ്രന്‍, കാട്ടാക്കടയില്‍ ഐ.ബി.സതീഷ്, നെയ്യാറ്റിന്‍കരയില്‍ കെ.ആന്‍സലന്‍, പാറശ്ശാലയില്‍ സി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ എല്‍.ഡി.എഫിന്റെയും കോവളത്തെ എം.വിന്‍സെന്റ് യു.ഡി.എഫിലെയും പുതിയ എം.എല്‍.എമാരായി. നേമത്തെ ഒ.രാജഗോപാല്‍ സംസ്ഥാനത്ത് ബി.ജെ.പിയുടെ ആദ്യ എം.എല്‍.എ. ആയതും എടുത്തുപറയണം.

കൊല്ലം ഇടതിന്റെ ഇല്ലമാണെന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെച്ചുകൊണ്ട് 11 മണ്ഡലങ്ങളിലും യു.ഡി.എഫ്. തകര്‍ന്നടിഞ്ഞു. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ഏറെക്കുറെ ഏകപക്ഷീയമായി ലഭിച്ച വിജയം കൂടുതല്‍ മികവോടെ ആവര്‍ത്തിക്കാന്‍ എല്‍.ഡി.എഫിനായി. കൊല്ലത്തിന്റെ സ്വന്തം പാര്‍ട്ടിയായ ആര്‍.എസ്.പി. തുടച്ചുനീക്കപ്പെട്ടു എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം. സി.പി.എമ്മും സി.പി.ഐയും ജില്ലയില്‍ 4 സീറ്റുകള്‍ വീതം നേടിയപ്പോള്‍ കേരളാ കോണ്‍ഗ്രസ്-ബി, ആര്‍.എസ്.പി.-ലെനിനിസ്റ്റ്, സി.എം.പി.-അരവിന്ദാക്ഷന്‍ വിഭാഗം എന്നിവര്‍ 1 സീറ്റു വീതം നേടി. ജില്ലയിലെ ഏറ്റവും വലിയ വീഴ്ച ചവറയില്‍ മന്ത്രി ഷിബു ബേബി ജോണിന്റേതു തന്നെ.

പത്തനംതിട്ടയില്‍ അഞ്ചിടത്തും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും ഒരു മുന്നണി പൂര്‍ണ്ണമായി മുങ്ങിപ്പോയാല്‍ അത്ഭുതപ്പെടാനില്ല എന്നായിരുന്നു പ്രവചനം. യു.ഡി.എഫ്. ജില്ലയായി അറിയപ്പെടുന്ന പത്തനംതിട്ടയില്‍ എല്‍.ഡി.എഫ്. 4 മണ്ഡലങ്ങളില്‍ വെന്നിക്കൊടി പാറിച്ചു. ജില്ലയിലെ 4 മണ്ഡലങ്ങളില്‍ സിറ്റിങ് എം.എല്‍.എമാരെ തന്നെയാണ് ജനങ്ങള്‍ വിജയിപ്പിച്ചത് -3 എല്‍.ഡി.എഫും 1 യു.ഡി.എഫും. ആറന്മുളയില്‍ യു.ഡി.എഫിലെ കെ.ശിവദാസന്‍ നായര്‍ക്കു മാത്രം തുടരവസരം കിട്ടിയില്ല. ശക്തമായ ത്രികോണ മത്സരം നടന്ന ആറന്മുളയില്‍ മാധ്യമപ്രവര്‍ത്തകയായ വീണാ ജോര്‍ജ്ജിനെ ഇറക്കി സി.പി.എം. നടത്തിയ പരീക്ഷണം വിജയിച്ചു. വിവാദങ്ങള്‍ക്കൊടുവില്‍ സീറ്റുറപ്പിച്ച മന്ത്രി അടൂര്‍ പ്രകാശാണ് ജില്ലയില്‍ യു.ഡി.എഫിന്റെ മാനം കാത്തത്.

ആരോടും അയിത്തമില്ലാത്ത ആലപ്പുഴക്കാര്‍ ഇക്കുറിയും ചുവപ്പണിഞ്ഞു. കഴിഞ്ഞ തവണ യു.ഡി.എഫ്. ഭരിച്ചപ്പോള്‍ ജില്ലയിലെ 9 മണ്ഡലങ്ങളില്‍ ഭരണപക്ഷത്തുണ്ടായിരുന്നത് 2 എം.എല്‍.എമാര്‍ മാത്രം. ഇക്കുറി അത് ഹരിപ്പാട് നിന്ന് മന്ത്രി രമേശ് ചെന്നിത്തലയ്ക്കു മാത്രം തുടരാന്‍ ജനം അനുമതി നല്‍കി. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ പി.സി.വിഷ്ണുനാഥിന് ചെങ്ങന്നൂരില്‍ അടിപതറി. ചെങ്ങന്നൂര്‍ ചുവന്നത് 25 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ്. എല്‍.ഡി.എഫില്‍ നിന്ന് ചെങ്ങന്നൂര്‍ പിടിച്ച രാമചന്ദ്രന്‍ നായര്‍ക്കു പുറമെയുള്ള മറ്റൊരു പുതുമുഖം കായംകുളത്തെ യു.പ്രതിഭാ ഹരിയാണ്. ചേര്‍ത്തലയില്‍ പി.തിലോത്തമന്‍, മാവേലിക്കരയില്‍ ആര്‍.രാജേഷ്, ആലപ്പുഴയില്‍ ഡോ.ടി.എം.തോമസ് ഐസക്ക്, കുട്ടനാട്ടില്‍ തോമസ് ചാണ്ടി, അരൂരില്‍ എ.എം.ആരിഫ്, അമ്പലപ്പുഴയില്‍ ജി.സുധാകരന്‍ എന്നിവരാണ് എല്‍.ഡി.എഫില്‍ നിന്നു വിജയം വരിച്ച സിറ്റിങ് എം.എല്‍.എമാര്‍.

തങ്ങള്‍ക്കൊപ്പമാണെന്ന് യു.ഡി.എഫിന് ഉറപ്പുള്ള ജില്ലയാണ് കോട്ടയം. ആ ഉറപ്പ് തെറ്റിയില്ല. 2011ലെപ്പോലെ ഏറ്റുമാനൂരും വൈക്കവും മാത്രമാണ് ഇത്തവണയും എല്‍.ഡി.എഫിന് ലഭിച്ചത്. ഏറ്റുമാനൂരില്‍ നിന്ന് സിറ്റിങ് എം.എല്‍.എ. സുരേഷ് കുറുപ്പ് ജയിച്ചുകയറിയപ്പോള്‍ വൈക്കത്തുകാര്‍ സി.കെ.ആശ എന്ന പുതുമുഖത്തെ വിജയതിലകമണിയിച്ചു. പക്ഷേ, യു.ഡി.എഫിന്റെ കൈവശമുള്ള മണ്ഡലങ്ങള്‍ 7ല്‍ നിന്ന് 6 ആയി കുറഞ്ഞു. ആ കുറവ് വരുത്തിയയാളാണ് കോട്ടയം ജില്ലയിലെ താരം -മൂന്നു മുന്നണികളെയും തകര്‍ത്തെറിഞ്ഞ് പൂഞ്ഞാറില്‍ വെന്നിക്കൊടി പാറിച്ച പി.സി.ജോര്‍ജ്ജ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി, പാലായില്‍ കെ.എം.മാണി, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പൂഞ്ഞാറില്‍ പി.സി.ജോര്‍ജ്ജ്, ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പ്, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, ചങ്ങനാശ്ശേരിയില്‍ സി.എഫ്.തോമസ്, കാഞ്ഞിരപ്പള്ളിയില്‍ ഡോ.എന്‍.ജയരാജ് എന്നീ സിറ്റിങ് എം.എല്‍.എമാര്‍ കോട്ടയത്തിന്റെ മുഖമാണ്. ഇവരില്‍ ആരു തോറ്റാലും അതു വാര്‍ത്തയാണെന്നു വോട്ടെടുപ്പിനു മുമ്പ് പറഞ്ഞിരുന്നു. ഫലം വന്നപ്പോള്‍ ആരും തോറ്റില്ല. പക്ഷേ, ജയിച്ച പി.സി.ജോര്‍ജ്ജ് വലിയ വാര്‍ത്താതാരമായി.

ഇടുക്കിയില്‍ 2011ന്റെ തനിയാവര്‍ത്തനമാണ്. ആകെയുള്ള 5 മണ്ഡലങ്ങളില്‍ 3 എണ്ണം എല്‍.ഡി.എഫിന്, 2 എണ്ണം യു.ഡി.എഫിന്. മണ്ഡലങ്ങള്‍ പോലും മാറിയില്ല. നാലിടത്ത് സിറ്റിങ് എം.എല്‍.എമാര്‍ തന്നെ വിജയിച്ചു. ദേവികുളത്ത് എസ്.രാജേന്ദ്രന്‍, പീരുമേട്ടില്‍ ഇ.എസ്.ബിജിമോള്‍, ഉടുമ്പന്‍ചോലയില്‍ എം.എം.മണി എന്നിവര്‍ എല്‍.ഡി.എഫിന്റെയും തൊടുപുഴയില്‍ പി.ജെ.ജോസഫ്, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ എന്നിവര്‍ യു.ഡി.എഫിന്റെയും പ്രതിനിധികളായി. ഇവരില്‍ എം.എം.മണിയാണ് പുതിയ എം.എല്‍.എ. തൊടുപുഴയില്‍ പി.ജെ.ജോസഫിനാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം -45,597.

എറണാകുളം നിലനിര്‍ത്താനുള്ള യു.ഡി.എഫിന്റെ ശ്രമങ്ങള്‍ ഒരു പരിധി വരെ വിജയിച്ചു എന്നു പറയാം. 2011ല്‍ ജില്ലയിലെ 14 സീറ്റുകളില്‍ 11ലും യു.ഡി.എഫ്. പ്രതിനിധികളായിരുന്നു. ഇത്തവണ അത് 9 ആയി കുറഞ്ഞിട്ടുണ്ട്. സിറ്റിങ് സീറ്റുകളായ മൂവാറ്റുപുഴ, കൊച്ചി, തൃപ്പൂണിത്തുറ, കോതമംഗലം എന്നിവ നഷ്ടപ്പെട്ടുവെങ്കിലും പെരുമ്പാവൂരും അങ്കമാലിയും പിടിച്ചെടുത്ത് യു.ഡി.എഫ്. ആഘാതം കുറച്ചു. എറണാകുളം ജില്ലയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുക തൃപ്പൂണിത്തുറയില്‍ മന്ത്രി കെ.ബാബുവിന്റെ തോല്‍വി തന്നെ. ബാബുവിനെ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം.സ്വരാജ് വീഴ്ത്തി. കുന്നത്തുനാട്ടില്‍ വി.പി.സജീന്ദ്രന്‍, പറവൂരില്‍ വി.ഡി.സതീശന്‍, കളമശ്ശേരിയില്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, ആലുവയില്‍ അന്‍വര്‍ സാദത്ത്, എറണാകുളത്ത് ഹൈബി ഈഡന്‍, പിറവത്ത് മന്ത്രി അനൂപ് ജേക്കബ്ബ് എന്നിവരാണ് യു.ഡി.എഫില്‍ തുടര്‍ച്ച നേടിയ സിറ്റിങ് എം.എല്‍.എമാര്‍. എല്‍.ഡി.എഫില്‍ നിന്ന് ഈ ഗണത്തിലുള്ളത് വൈപ്പിനില്‍ എസ്.ശര്‍മ്മ മാത്രമാണ്. തൃപ്പൂണിത്തുറയുടെയത്ര ശ്രദ്ധ നേടിയില്ലെങ്കിലും മൂവാറ്റുപുഴയിലും കോതമംഗലത്തും എല്‍.ഡി.എഫിലെ ചെറുപ്പക്കാര്‍ സൃഷ്ടിച്ചത് അട്ടിമറി തന്നെയാണ്. മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് ജോസഫ് വാഴയ്ക്കനെ എല്‍ദോ എബ്രഹാം തോല്‍പ്പിച്ചു. ഏതു മുന്നണിയില്‍ നിന്നാലും കേരളാ കോണ്‍ഗ്രസ്-എമ്മിലെ ടി.യു.കുരുവിള ജയിക്കുന്ന കോതമംഗലത്ത് തകര്‍പ്പന്‍ വിജയം ആന്റണി ജോണ്‍ നേടി. എല്‍ദോസ് കുന്നപ്പള്ളിയാണ് പെരുമ്പാവൂരില്‍ നിന്നുള്ള പുതിയ കോണ്‍ഗ്രസ് എം.എല്‍.എ. കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി വിഭാഗം ദേശീയ പ്രസിഡന്റ് റോജി എം.ജോണാണ് അങ്കമാലിയില്‍ നിന്നുള്ള പുതുമുഖം. റിബല്‍ നിമിത്തം യു.ഡി.എഫിന് സംസ്ഥാനത്ത് നഷ്ടമായ ഏക മണ്ഡലമാണ് കൊച്ചി. സി.പി.എമ്മിലെ കെ.ജെ.മാക്‌സിയോട് കോണ്‍ഗ്രസ്സിലെ ഡൊമിനിക് പ്രസന്റേഷന്‍ തോറ്റു.

തൃശ്ശൂരില്‍ ഇടതിന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ, ഇത്രയും മികച്ച വിജയം എല്‍.ഡി.എഫ്. പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ജില്ലയിലെ 13 സീറ്റുകളില്‍ 12 എണ്ണവും എല്‍.ഡി.എഫിനൊപ്പം നിലയുറപ്പിച്ചു. വടക്കാഞ്ചേരിയില്‍ യു.ഡി.എഫ്. ജയിച്ചുവെങ്കിലം അത് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനായി -43 വോട്ട്. എല്‍.ഡി.എഫില്‍ നിന്നു ജയിച്ചവരെക്കാള്‍ ശ്രദ്ധേയര്‍ യു.ഡി.എഫില്‍ നിന്നു തോറ്റ പ്രമുഖര്‍ തന്നെ. തൃശ്ശൂരില്‍ പരാജയപ്പെട്ട കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പദ്മജാ വേണുഗോപാല്‍ തന്നെയാണ് ഒന്നാമത്. കയ്പമംഗലത്തെ സിറ്റിങ് എം.എല്‍.എയായ വി.എസ്.സുനില്‍കുമാറിനെ അവിടെ നിന്നു മാറ്റി തൃശ്ശൂര്‍ പിടിക്കാനയച്ച സി.പി.ഐയുടെ തീരുമാനം പാളിയില്ല. ഇരിങ്ങാലക്കുടയില്‍ മത്സരിച്ച ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനാണ് യു.ഡി.എഫില്‍ തോറ്റ മറ്റൊരു പ്രമുഖന്‍. പ്രൊഫ.കെ.യു.അരുണന്‍ ഉണ്ണിയാടനെ അട്ടിമറിച്ചു. കയ്പമംഗലത്ത് ഇ.ടി.ടൈസണ്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്, ഒല്ലൂരില്‍ കെ.രാജന്‍, കൊടുങ്ങല്ലൂരില്‍ വി.ആര്‍.സുനില്‍കുമാര്‍ എന്നിവരാണ് എല്‍.ഡി.എഫിലെ പുതുമുഖങ്ങള്‍. ചാലക്കുടിയില്‍ ബി.ഡി.ദേവസ്സി, നാട്ടികയില്‍ ഗീത ഗോപി, പുതുക്കാട് പ്രൊഫ.സി.രവീന്ദ്രനാഥ്, ഗുരുവായൂരില്‍ കെ.വി.അബ്ദുള്‍ ഖാദര്‍ എന്നീ സിറ്റിങ് എം.എല്‍.എമാര്‍ കഴിഞ്ഞ തവണത്തെക്കാള്‍ വളരെ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫിനു വേണ്ടി മണ്ഡലം നിലനിര്‍ത്തി. കുന്നംകുളത്ത് എ.സി.മൊയ്തീന്‍, മണലൂരില്‍ മുരളി പെരുനെല്ലി എന്നീ മുന്‍ എം.എല്‍.എമാര്‍ തിരിച്ചെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇരുമുന്നണികള്‍ക്കും തലവേദനയായ വടക്കാഞ്ചേരിയില്‍ യു.ഡി.എഫിലെ അനില്‍ അക്കര നാടകീയമായി ജയിച്ചുകയറി.

എല്‍.ഡി.എഫ്. അധികാരത്തിലേറണമെങ്കില്‍ പാലക്കാട്ടു നിന്ന് അതിലേക്ക് കാര്യമായ സംഭാവന വേണമായിരുന്നു. അതു സംഭവിച്ചു. ജില്ലയിലെ 12 മണ്ഡലങ്ങളില്‍ 9 എണ്ണം എല്‍.ഡി.എഫ്. പിടിച്ചു. യു.ഡി.എഫിന് 3 എണ്ണം മാത്രം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് യു.ഡി.എഫിന് 2 മണ്ഡലം കുറവ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മത്സരിച്ച മലമ്പുഴ തന്നെയാണ് ഏറ്റവും ശ്രദ്ധേയമായ മണ്ഡലം. എന്നാല്‍ ഒടുവില്‍ എല്ലാവരെയും, വിശേഷിച്ചും യു.ഡി.എഫുകാരെ അമ്പരപ്പിച്ച ഫലമാണ് അവിടെ വന്നതും. മാരാരിക്കുളം ആവര്‍ത്തിക്കുമെന്ന പ്രഖ്യാപനവുമായി എത്തിയ കെ.എസ്.യു. പ്രസിഡന്റ് വി.എസ്.ജോയി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. താമര വിരിയിക്കും എന്ന പ്രഖ്യാപനവുമായി ശോഭാ സുരേന്ദ്രന്‍ മത്സരിക്കാനിറങ്ങിയ പാലക്കാട്ടും ബി.ജെ.പി. രണ്ടാമതെത്തി. കോണ്‍ഗ്രസ്സിലെ ഷാഫി പറമ്പില്‍ മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് എന്‍.എന്‍.കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പട്ടാമ്പി, ചിറ്റൂര്‍ എന്നീ മണ്ഡലങ്ങളാണ് എല്‍.ഡി.എഫ്. ഇത്തവണ യു.ഡി.എഫില്‍ നിന്നു പിടിച്ചെടുത്തത്. ഇതില്‍ പട്ടാമ്പിയിലെ മത്സരം ദേശീയശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മണ്ഡലം പിടിക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായ മുഹമ്മദ് മുഹസിനെ സി.പി.ഐ. സ്ഥാനാര്‍ത്ഥിയാക്കിയത്. സി.പി.മുഹമ്മദിനെ മുഹസിന്‍ വീഴ്ത്തുകയും ചെയ്തു. ചിറ്റൂരില്‍ ചിരവൈരികളുടെ പോരില്‍ ഇക്കുറി വിജയം എല്‍.ഡി.എഫ്. മുന്‍ എം.എല്‍.എ. കെ.കൃഷ്ണന്‍കുട്ടിയോടൊപ്പം നിന്നപ്പോള്‍ പരാജിതനായത് സിറ്റിങ് എം.എല്‍.എ. കെ.അച്യുതന്‍. തരൂരില്‍ എ.കെ.ബാലന്‍, കോങ്ങാട് കെ.വി.വിജയദാസ് എന്നിവര്‍ എല്‍.ഡി.എഫില്‍ നിന്നും തൃത്താലയില്‍ വി.ടി.ബല്‍റാം, മണ്ണാര്‍ക്കാട് എന്‍.ഷംസുദ്ദീന്‍ യു.ഡി.എഫില്‍ നിന്നും ജയിച്ച സിറ്റിങ് എം.എല്‍.എമാര്‍. ഷൊര്‍ണൂരില്‍ പി.കെ.ശശി, ഒറ്റപ്പാലത്ത് പി.ഉണ്ണി, ആലത്തൂരില്‍ കെ.ഡി.പ്രസേനന്‍, നെന്മാറയില്‍ കെ.ബാബു എന്നിവര്‍ എല്‍.ഡി.എഫിലെ പുതിയ എം.എല്‍.എമാര്‍.

മുസ്ലിം ലീഗിന്റെ പച്ചക്കോട്ടയില്‍ ഇടതിന്റെ സ്വതന്ത്രര്‍ വിള്ളല്‍ വീഴ്ത്തി. 2011ല്‍ മലപ്പുറം ജില്ലയില്‍ ആകെയുള്ള 16 മണ്ഡലങ്ങളില്‍ രണ്ടിടത്ത് മാത്രമാണ് എല്‍.ഡി.എഫ്. ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഇരട്ടിയായി. താനൂരും നിലമ്പൂരും സി.പി.എം. അവതരിപ്പിച്ച സ്വതന്ത്രന്മാര്‍ പുതിയതായി പിടിച്ചെടുത്തു. ജില്ലയിലാകെ 5 സ്വതന്ത്രന്മാരെ ഇറക്കിയുള്ള പരീക്ഷണം രണ്ടിടത്ത് വിജയം കണ്ടു എന്നത് ചെറിയ കാര്യമല്ല. താനൂരില്‍ പഴയ കോണ്‍ഗ്രസ് നേതാവ് വി.അബ്ദുറഹിമാന്‍ മുസ്ലിം ലീഗിന്റെ തീപ്പൊരി അബ്ദുറഹ്മാന്‍ രണ്ടത്താണിയെ വീഴ്ത്തി. നിലമ്പൂരില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പാരമ്പര്യത്തണലില്‍ മത്സരിക്കാനിറങ്ങിയ ആര്യാടന്‍ ഷൗക്കത്തിന് അടിതെറ്റി. അവിടെയും സി.പി.എം. പടയ്ക്കിറക്കിയത് മുന്‍ കോണ്‍ഗ്രസ് നേതാവിനെ -പി.വി.അന്‍വര്‍. തവനൂരിലെ സ്ഥിരം എല്‍.ഡി.എഫ്. സ്വതന്ത്രനും സിറ്റിങ് എം.എല്‍.എയുമായ ഡോ.കെ.ടി.ജലീല്‍ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മൂന്നിരട്ടിയോളം വര്‍ദ്ധിപ്പിച്ചാണ് ജയിച്ചത്. പൊന്നാനിയിലെ സി.പി.എം. സിറ്റിങ് എം.എല്‍.എ. പി.ശ്രീരാമകൃഷ്ണന്‍ ഭൂരിപക്ഷം മൂന്നിരട്ടിയിലേറെ വര്‍ദ്ധിപ്പിച്ചു. ജില്ലിയില്‍ ഏറ്റവും കടുത്ത പോരാട്ടം നടന്നത് പെരിന്തല്‍മണ്ണയിലാണ്. മന്ത്രി മഞ്ഞളാംകുഴി അലി ഇവിടെ നിന്നു ജയിച്ചുകയറിയത് വെറും 579 വോട്ടുകള്‍ക്ക്. വേങ്ങരയില്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, തിരൂരില്‍ സി.മമ്മൂട്ടി, തിരൂരങ്ങാടിയില്‍ മന്ത്രി പി.കെ.അബ്ദുറബ്ബ്, ഏറനാട് പി.കെ.ബഷീര്‍, മങ്കടയില്‍ ടി.എ.അഹമ്മദ് കബീര്‍, മലപ്പുറത്ത് പി.ഉബൈദുള്ള, മഞ്ചേരിയില്‍ എം.ഉമ്മര്‍, വണ്ടൂരില്‍ മന്ത്രി എ.പി.അനില്‍കുമാര്‍ എന്നിവര്‍ യു.ഡി.എഫിന്റെ ബാനറില്‍ വീണ്ടും നിയമസഭയിലെത്താന്‍ യോഗ്യത നേടി. കോട്ടയ്ക്കലില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍, കൊണ്ടോട്ടിയില്‍ ടി.വി.ഇബ്രാഹിം, വള്ളിക്കുന്നില്‍ അബ്ദുള്‍ ഹമീദ് എന്നിവര്‍ യു.ഡി.എഫിലെ പുതുമുഖ എം.എല്‍.എമാരാണ്.

ഭരണം പിടിക്കണമെന്ന ഇടതുപക്ഷത്തിന്റെ മോഹം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ കോഴിക്കോട്ടുകാര്‍ കനിയണമായിരുന്നു. അവര്‍ കനിഞ്ഞു. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ 2011ല്‍ ഇടതുപക്ഷത്തുണ്ടായിരുന്നത് 10 ആണെങ്കില്‍ ഇക്കുറി ഒന്നു കൂടി. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങള്‍ എല്‍.ഡി.എഫ്. പിടിച്ചെടുത്തു. മറുഭാഗത്ത് കുറ്റ്യാടി യു.ഡി.എഫും പിടിച്ചു. മലപ്പുറത്തെ സ്വതന്ത്ര തന്ത്രം കൊടുവള്ളിയിലേക്കും സി.പി.എം. കടത്തി പരീക്ഷിച്ചിരുന്നു. മുസ്ലിം ലീഗില്‍ നിന്ന് പിണങ്ങിയിറങ്ങിയ കാരാട്ട് റസാഖിനെ അവിടെ എള്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാക്കി. പരീക്ഷണം പിഴച്ചില്ല. താമരശ്ശേരി രൂപത യു.ഡി.എഫിനോടു പിണങ്ങിയതിന്റെ പേരില്‍ ശ്രദ്ധേയമായ തിരുവമ്പാടിയില്‍ സി.പി.എമ്മിന്റെ മുന്‍ എം.എല്‍.എ. ജോര്‍ജ്ജ് എം.തോമസ് ജയിച്ചു കയറി. രണ്ടു മണ്ഡലങ്ങള്‍ പോയപ്പോള്‍ കുറ്റ്യാടി പിടിച്ചെടുക്കാനായി എന്നതില്‍ ലീഗിന് ആശ്വസിക്കാം. പാറക്കല്‍ അബ്ദുള്ള 1,157 വോട്ടുകള്‍ക്കാണ് സി.പി.എമ്മിന്റെ കെ.കെ.ലതികയെ തോല്പിച്ചത്. സിറ്റിങ് എം.എല്‍.എമാര്‍ വടകരയില്‍ സി.കെ.നാണു, നാദാപുരത്ത് ഇ.കെ.വിജയന്‍, കൊയിലാണ്ടിയില്‍ കെ.ദാസന്‍, കുന്ദമംഗലത്ത് പി.ടി.എ.റഹിം, ബാലുശ്ശേരിയില്‍ പുരുഷന്‍ കടലുണ്ടി, എലത്തൂരില്‍ എ.കെ.ശശീന്ദ്രന്‍, കോഴിക്കോട് നോര്‍ത്തില്‍ എ.പ്രദീപ്കുമാര്‍ എന്നിവര്‍ എല്‍.ഡി.എഫിനു വേണ്ടിയും കോഴിക്കോട് സൗത്തില്‍ മന്ത്രി ഡോ.എം.കെ.മുനീര്‍ യു.ഡി.എഫിനു വേണ്ടിയും വീണ്ടും വെന്നിക്കൊടി പാറിച്ചു. മുന്‍ എം.എല്‍.എമാരായ ടി.പി.രാമകൃഷ്ണന്‍ പേരാമ്പ്രയിലും വി.കെ.സി.മമ്മദ് കോയ ബേപ്പൂരിലും എല്‍.ഡി.എഫിന്റെ പ്രതിനിധികളായി.

വയനാട്ടിലെ വലതുകോട്ട പൊളിഞ്ഞു. 2011ല്‍ ജില്ലയിലെ 3 മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പമായിരുന്നുവെങ്കില്‍ ഇക്കുറി അവര്‍ക്ക് 1 മാത്രം. അഴിമതി ആരോപണം കേള്‍പ്പിക്കാത്ത മന്ത്രി എന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും പി.കെ.ജയലക്ഷ്മി മാനന്തവാടിയില്‍ തോറ്റു. സി.പി.എമ്മിന്റെ ഒ.ആര്‍.കേളുവാണ് ജയലക്ഷ്മിയെ വീഴ്ത്തിയത്. മന്ത്രിയുടെ തോല്‍വിയെക്കാള്‍ യു.ഡി.എഫിനെ ഞെട്ടിച്ചത് കല്പറ്റയില്‍ സിറ്റിങ് എം.എല്‍.എ. എം.വി.ശ്രേയാംസ് കുമാറിന്റെ പരാജയമാണ്. സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രന്റെ മുന്നില്‍ ശ്രേയാംസ് തകര്‍ന്നടിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം വോട്ടഭ്യര്‍ത്ഥിക്കപ്പെട്ട സ്ഥാനാര്‍ത്ഥികളിലൊരാളാണ് ശശീന്ദ്രന്‍. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി എല്ലാവരും ഇദ്ദേഹത്തെ കണ്ടു. രാഷ്ട്രീയ വോട്ടുകളുടെ കാര്യത്തില്‍ യു.ഡി.എഫിന് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ ജനകീയ ബന്ധങ്ങളുടെ അടിത്തറയില്‍ നിന്ന് രാഷ്ട്രീയത്തിനതീതമായി ശശീന്ദ്രന്‍ നടത്തിയ കടന്നുകയറ്റമാണ് ശ്രേയാംസിനെ വീഴ്ത്തിയത്. പ്രചാരണത്തിന്റെ ഒരു ഘട്ടത്തില്‍ ശ്രേയാംസിന് പരാജയം മണത്തിരുന്നുവെങ്കിലും ഇത്രയും കനത്തതായിരിക്കുമെന്ന് എല്‍.ഡി.എഫ്. പോലും വിചാരിച്ചിട്ടുണ്ടാവില്ല. എല്‍.ഡി.എഫ്. തരംഗത്തില്‍ കടപുഴകാതെ നിന്ന ഏക മണ്ഡലം സുല്‍ത്താന്‍ ബത്തേരിയാണ്. യു.ഡി.എഫ്. സിറ്റിങ് എം.എല്‍.എ. ഐ.സി.ബാലകൃഷ്ണന്‍ കഴിഞ്ഞ തവണത്തെക്കാള്‍ വലിയ ഭൂരപക്ഷത്തിന് ജയിച്ചു. ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പാര്‍ട്ടിയുമായി എന്‍.ഡി.എയില്‍ ചെന്നുകയറിയ മുത്തങ്ങ സമരനായിക സി.കെ.ജാനുവിന് ഇവിടെ മൂന്നാമതെത്താനേ സാധിച്ചുള്ളൂ.

കണ്ണൂര്‍ കൂടുതല്‍ ചുവക്കുമെന്ന പ്രവചനം അച്ചട്ടായി. സംസ്ഥാന ഭരണം ലക്ഷ്യമിട്ട എല്‍.ഡി.എഫിന് കണ്ണൂരിലെ മികച്ച വിജയം അനിവാര്യത മാത്രമല്ല അഭിമാനപ്രശ്‌നം കൂടിയായിരുന്നു. പിണറായി വിജയനടക്കം എല്‍.ഡി.എഫിന്റെ പ്രധാന നേതാക്കളെല്ലാം കണ്ണൂരുകാരാണെന്നതു തന്നെ കാരണം. 2011ല്‍ ആകെയുള്ള 11 സീറ്റില്‍ എല്‍.ഡി.എഫിന് 6 യു.ഡി.എഫിന് 5 എന്നതായിരുന്നു സ്ഥിതി. ഇക്കുറി എല്‍.ഡി.എഫിന്റെ അക്കൗണ്ടില്‍ 2 സീറ്റ് കൂടി. കണ്ണൂര്‍ മണ്ഡലം ആദ്യമായി എല്‍.ഡി.എഫ്. പിടിച്ചെടുത്തപ്പോള്‍ കൂത്തുപറമ്പില്‍ മന്ത്രി കെ.പി.മോഹനനാണ് അടിപതറിയത്. നാലു പ്രധാന മണ്ഡലങ്ങളില്‍ വിമതര്‍ രംഗത്തുവന്നത് യു.ഡി.എഫിന് ഭീഷണി ആയിരുന്നുവെങ്കിലും ഫലത്തില്‍ അതു നിര്‍ണ്ണായകമായില്ല. യു.ഡി.എഫ്. വിമതര്‍ മത്സരിച്ചതില്‍ കണ്ണൂര്‍ മാത്രമാണ് എല്‍.ഡി.എഫിന് പിടിച്ചെടുക്കാനായത്. അതില്‍ വിമതന്റെ പങ്ക് ഇല്ലായിരുന്നു താനും. കോണ്‍ഗ്രസ്-എസ്സിലെ കടന്നപ്പള്ളി രാമചന്ദ്രന്‍ എല്‍.ഡി.എഫിനു കണ്ണൂര്‍ പിടിച്ചു. സംഘടനാ രംഗത്തു നിന്ന് പാര്‍ലമെന്ററി രംഗത്തേക്കുള്ള പിണറായി വിജയന്റെ രണ്ടാം വരവ് ധര്‍മ്മടത്തുകാര്‍ വന്‍ ഭൂരിപക്ഷത്തോടെ ആഘോഷിച്ചു. വാര്‍ത്താചാനല്‍ മേധാവിയുടെ കോട്ടും സൂട്ടും ഉപേക്ഷിച്ച് രാഷ്ട്രീയക്കാരന്റെ മുണ്ടും ഷര്‍ട്ടുമണിഞ്ഞ് സി.പി.എം. സ്ഥാനാര്‍ത്ഥിയായി എത്തിയ എം.വി.നികേഷ് കുമാറിന് അഴീക്കോട്ട് കാലിടറി. മുസ്ലിം ലീഗിന്റെ സിറ്റിങ് എം.എല്‍.എ. കെ.എം.ഷാജി ജയിച്ചു. എട്ടാം തവണയും സ്ഥാനാര്‍ത്ഥിയാവാനുള്ള മന്ത്രി കെ.സി.ജോസഫിന്റെ നീക്കത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം അദ്ദേഹം ഇരിക്കൂറില്‍ വിജയകരമായി മറികടക്കുന്നതാണ് കണ്ടത്. പേരാവൂരില്‍ കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എ. സണ്ണി ജോസഫ് കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്തി. കൂത്തുപറമ്പില്‍ കടുത്ത മത്സരമായിരുന്നുവെങ്കിലും മന്ത്രി കെ.പി.മോഹനനെ സി.പി.എമ്മിന്റെ കെ.കെ.ശൈലജ തോല്‍പ്പിച്ചത് വ്യക്തമായ മാര്‍ജിനിലാണ്. സി.പി.എമ്മിന്റെ കൈവശമുള്ള പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം 40,000 കടന്നു. സിറ്റിങ്ങ് എം.എല്‍.എമാരായ സി.കൃഷ്ണന്‍ പയ്യന്നൂരിനെയും ടി.വി.രാജേഷ് കല്യാശ്ശേരിയെയും ജയിംസ് മാത്യു തളിപ്പറമ്പിനെയും ഇ.പി.ജയരാജന്‍ മട്ടന്നൂരിനെയും നിയമസഭയില്‍ ഒരു വട്ടം കൂടി പ്രതിനിധീകരിക്കും. കണ്ണൂരിലെ സിറ്റിങ് എം.എല്‍.എ. എ.പി.അബ്ദുള്ളക്കുട്ടി മണ്ഡലം മാറി യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനെത്തിയതിന്റെ പേരില്‍ ശ്രദ്ധ നേടിയ തലശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീറിന് അനായാസ വിജയം.

പ്രവചനം അസാദ്ധ്യമാക്കുന്ന പ്രതീക്ഷകളായിരുന്നു കാസര്‍കോട് ജില്ലയിലെ മത്സരങ്ങളുടെ പ്രത്യേകത. 2011ല്‍ എല്‍.ഡി.എഫിന് 3 സീറ്റും യു.ഡി.എഫിന് 2 സീറ്റും ലഭിച്ചു. 2016ലും സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ത്രികോണ മത്സരങ്ങളാണ് കാസര്‍കോടിനെ ശ്രദ്ധേയമാക്കിയത്. ത്രികോണത്തിന്റെ ഫലമായി താമര വിരിയുമോ എന്ന ചോദ്യം വീറും വാശിയുമേറ്റി. ലീഗ് ജയിച്ച കാസര്‍കോട്ടും മഞ്ചേശ്വരത്തും പതിവുപോലെ ബി.ജെ.പി. രണ്ടാം സ്ഥാനത്തു വന്നു. പക്ഷേ, ഒ.രാജഗോപാലിലൂടെ അക്കൗണ്ട് തുറന്ന നേമത്തെക്കാള്‍ ബി.ജെ.പിക്ക് അഭിമാനിക്കാവുന്നത് മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ കാഴ്ചവെച്ച വീറും വാശിയുമുള്ള പോരാട്ടത്തെച്ചൊല്ലി. ഒടുവില്‍ മുസ്ലിം ലീഗിലെ സിറ്റിങ് എം.എല്‍.എ. പി.ബി.അബ്ദുള്‍ റസാഖിനോട് വെറും 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ അടിയറവു പറഞ്ഞത്. സുരേന്ദ്രന്റെ അപരനായ കെ.സുന്ദര 467 വോട്ട് നേടിയത് എടുത്തു പറയണം. കാസര്‍കോട് ലീഗിന്റെ സിറ്റിങ് എം.എല്‍.എ. എന്‍.എ.നെല്ലിക്കുന്ന് ബി.ജെ.പിയുടെ രവീശ തന്ത്രി കുണ്ടാറെ തോല്പിച്ചു. കണ്ണൂരില്‍ നിന്ന് ഉദുമയില്‍ മത്സരിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചിട്ടും സി.പി.എമ്മിന്റെ സിറ്റിങ് എം.എല്‍.എ. കെ.കുഞ്ഞിരാമനെ മറികടക്കാനായില്ല. കാഞ്ഞങ്ങാട് സി.പി.ഐയുടെ സിറ്റിങ്ങ് എം.എല്‍.എ. ഇ.ചന്ദ്രശേഖരന്‍ ഭൂരിപക്ഷം ഇരട്ടിയിലേറെ വര്‍ദ്ധിപ്പിച്ച് മണ്ഡലം നിലനിര്‍ത്തി. തൃക്കരിപ്പൂരില്‍ ജയിച്ച സി.പി.എമ്മിന്റെ എം.രാജഗോപാലനാണ് ജില്ലയില്‍ നിന്നുള്ള ഏക പുതുമുഖം.

വന്‍ വിജയം നേടുമ്പോഴും കഴിഞ്ഞ നിയമസഭയിലെ അവരുടെ ചില മുന്നണിപ്പോരാളികള്‍ക്ക് തിരഞ്ഞെടുപ്പില്‍ കാലിടറിയത് എല്‍.ഡി.എഫിന് നഷ്ടബോധമുണ്ടാക്കുന്നുണ്ട്. നേമത്ത് വി.ശിവന്‍കുട്ടിയുടെ പരാജയമാണ് അതില്‍ പ്രധാനം. ശിവന്‍കുട്ടി തോറ്റുവെന്നത് മാത്രമല്ല നേമത്ത് താമര വിരിഞ്ഞു എന്നതും അവരെ അലോസരപ്പെടുത്തുന്നു. കോവളത്തെ ജമീല പ്രകാശം, കുറ്റ്യാടിയിലെ കെ.കെ.ലതിക, പെരുമ്പാവൂരിലെ സാജു പോള്‍ എന്നിവരും എല്‍.ഡി.എഫിനെ വേദനിപ്പിക്കുന്ന നഷ്ടങ്ങള്‍ തന്നെ. അങ്കമാലിയില്‍ ജോസ് തെറ്റയിലിനു പകരം വന്ന ബെന്നി മുഞ്ഞേലിയും സീറ്റ് നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. പത്തില്‍ താഴെ മണ്ഡലങ്ങളില്‍ സ്വാധീനമുണ്ടായിരുന്ന എന്‍.ഡി.എ. ഇപ്പോള്‍ 120ല്‍പരം മണ്ഡലങ്ങളിലേക്ക് സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഏഴിടത്ത് രണ്ടാമതെത്തിയ അവര്‍ വളര്‍ച്ചയുടെ മറ്റൊരു ഘട്ടം പൂര്‍ത്തിയാക്കുകയാണ്.

2125_2

കലാകൗമുദി ലക്കം 2125

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks