Reading Time: 3 minutes

ഇന്ത്യയിലെ മാധ്യമങ്ങള്‍ അമിതസ്വാതന്ത്ര്യം കാണിക്കുന്നുവെന്നും അവയ്ക്കു മൂക്കുകയറിടണമെന്നുമുള്ള മുറവിളി അടുത്ത കാലത്തായി ശക്തി പ്രാപിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കെന്താ കൊമ്പുണ്ടോ എന്നും പലരും ചോദിക്കുന്നു. വക്കീലന്മാരാണ് ഇപ്പോള്‍ ഈ ചോദ്യം സജീവമായി ഉയര്‍ത്തുന്നത്. ഇവരൊക്കെ പറയുന്നതു കേട്ടാല്‍ തോന്നും എന്തു തോന്ന്യാസവും പ്രകടിപ്പിക്കാനുള്ള ലൈസന്‍സുള്ളവരാണ് മാധ്യമപ്രവര്‍ത്തകര്‍ എന്ന്. ഇത് ശരിയാണോ? ഇന്ത്യയിലെ മാധ്യമങ്ങള്‍ അത്രയ്ക്ക് സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടോ?

PRESS.jpeg

മാധ്യമപ്രവര്‍ത്തകരുടേതായി ആഗോള തലത്തില്‍ റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് എന്നൊരു സംഘടനയുണ്ട്. പാരീസിലാണ് ആസ്ഥാനം. അതിരുകളില്ലാത്ത മാധ്യമക്കൂട്ട് എന്നാണ് ഈ ഫ്രഞ്ച് വാക്കിനര്‍ത്ഥം. ലോകത്തെവിടെ ആയാലും മാധ്യമപ്രവര്‍ത്തകന്റെ അവസ്ഥ ഒന്നു തന്നെയാണ്. സിറിയയിലും പലസ്തീനിലുമെല്ലാം വെടി, ഇവിടെ അടി എന്ന ചെറിയ വ്യത്യാസമേയുള്ളൂ. ഓരോ രാജ്യത്തും നിലനില്‍ക്കുന്ന മാധ്യമസ്വാതന്ത്ര്യത്തിന്റെ തോത് വിലയിരുത്തി ആര്‍.എസ്.എഫ്. റാങ്കിങ് ഏര്‍പ്പെടുത്താറുണ്ട്. കേരളത്തിലെ വക്കീലന്മാര്‍ പറയുമ്പോലുള്ള സ്വാതന്ത്ര്യം ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ ഇന്ത്യയുടെ റാങ്ക് ആദ്യ 10നകത്ത് വരണം. പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണെന്നോ? 133!

India.jpg

Pakistan.jpg

China.jpg

ലോകത്താകെ 195 രാജ്യങ്ങളാണുള്ളത്. തായ്‌വാനെ പ്രത്യേക രാജ്യമായി അംഗീകരിച്ചാല്‍ 196. ഇതിലെ 180 രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന മാധ്യമസ്വാതന്ത്ര്യം അടിസ്ഥാനമാക്കിയാണ് വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഈ 180ലാണ് ഇന്ത്യ 133ല്‍ നില്‍ക്കുന്നത്!! പട്ടാളത്തിന്റെ അടിച്ചമര്‍ത്തല്‍ നിലനില്‍ക്കുന്നതായി പറയപ്പെടുന്ന പാകിസ്താന്റെ സ്ഥാനം 147 ആണ്. ചൈനയുടെ സ്ഥാനം 176. വലിയ മേനി നടിക്കേണ്ടതില്ല, നമ്മളും അവരും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല എന്നര്‍ത്ഥം.

press_freedom.jpg

ഇന്ത്യയുടെ മറ്റ് അയല്‍ രാജ്യങ്ങളായ ഭൂട്ടാന് 94-ാം റാങ്കും നേപ്പാളിന് 105-ാം റാങ്കും അഫ്ഗാനിസ്ഥാന് 120-ാം റാങ്കുമുണ്ട്. ആഭ്യന്തര കലഹം രൂക്ഷമായ, ഇപ്പോഴും താലിബാന്‍ ഭീഷണി നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലൊരു രാജ്യത്തു പോലും ഇന്ത്യയെക്കാളധികം മാധ്യമസ്വാതന്ത്ര്യമുണ്ട്. 141-ാം റാങ്കുള്ള ശ്രീലങ്കയും 144-ാം റാങ്കുള്ള ബംഗ്ലാദേശും ഇന്ത്യയെക്കാള്‍ താഴെ തന്നെ.

PRESS 2.jpg

ലോകത്ത് ഏറ്റവുമധികം മാധ്യമ സ്വാതന്ത്ര്യം നില്‍നില്‍ക്കുന്ന രാഷ്ട്രം ഫിന്‍ലന്‍ഡാണ്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ഫിന്‍ലന്‍ഡ് ഒന്നാം റാങ്ക് നിലനിര്‍ത്തുന്നത്. നെതര്‍ലന്‍ഡ്‌സ്, നോര്‍വേ, ഡെന്മാര്‍ക്ക്, ന്യൂസീലന്‍ഡ് എന്നിവരാണ് യഥാക്രമം 2 മുതല്‍ 5 വരെ സ്ഥാനങ്ങളില്‍. മാധ്യമസ്വാതന്ത്ര്യം ഒട്ടുമില്ലാത രാജ്യം പട്ടികയില്‍ ഏറ്റവും പിന്നിലുള്ള എറിത്രിയയാണ്. തൊട്ടു പിന്നില്‍ത്തന്നെ ഉത്തര കൊറിയയുമുണ്ട്. ജനാധിപത്യത്തെക്കുറിച്ച് വലിയ മേനി നടിക്കുന്ന അമേരിക്കയുടെ റാങ്ക് 41 മാത്രം. മറ്റൊരു വന്‍ശക്തിയായ റഷ്യയുടെ സ്ഥാനം 148.

PRESS 1.jpg

അപ്പോള്‍ നമ്മുടെ ലക്ഷ്യം എറിത്രിയയുടെ സ്ഥാനമാണ്. പാകിസ്താനെയും ചൈനയെയും ഉത്തര കൊറിയയെയുമൊക്കെ ഇങ്ങനെ പോയാല്‍ നിഷ്പ്രയാസം നമുക്ക് മറികടക്കാനാവും. ഇന്ത്യയുടെ പ്രശസ്തി ഇനിയും വര്‍ദ്ധിക്കട്ടെ!

അഭിഭാഷക ഐക്യം സിന്ദാബാദ്!!

Previous articleഞങ്ങള്‍ക്ക് വാര്‍ത്ത വേണ്ട സര്‍…
Next articleഅമേരിക്കന്‍ ബാലറ്റ്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

5 COMMENTS

 1. it is not Reporters sans frontiers (i.e. when you transliterate in Malayalam) It is reporte son (the o is not fully rounded off and the n is only semi-pronounced; it sort of hangs in the air) fronthiye. French is not an easy language. Foreign words, if you are not certain how they are pronounced, you can listen to the right pronunciation using http://www.forvo.com or http://www.howjsay.com and then transliterate in Malayalam. That is, if you are keen to write as much error-free as possible…

  • അത്യാവശ്യം ഫ്രഞ്ച് അറിയാം എന്ന് വിനയപൂര്‍വ്വം അറിയിക്കട്ടെ. തിരുവനന്തപുരം അലയന്‍സ് ഫ്രാന്‍സേസില്‍ ലഭ്യമായ ഫ്രഞ്ച് ഭാഷാ കോഴ്‌സുകള്‍ മുഴുവന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോളേജ് തലത്തിലും രണ്ടാം ഭാഷ ഫ്രഞ്ച് ആയിരുന്നു. ‘റിപ്പോര്‍ത്തെ സോം ഫ്രോന്തിയേ’ എന്നാണ് ഫ്രഞ്ചുകാര്‍ പറയുക. ഈ എഴുതിയതു തന്നെ പൂര്‍ണ്ണമായി ശരിയല്ല എന്നുമറിയാം. ഴാങ് വാള്‍ ഴാങ് എന്നു പറഞ്ഞാല്‍ ആര്‍ക്കെങ്കിലും അറിയാമോ. പക്ഷേ, ജീന്‍ വാല്‍ ജീന്‍ എന്നു പറഞ്ഞു നോക്കൂ. ചില കാര്യങ്ങള്‍ അങ്ങനെയാണ്. ഫ്രഞ്ചുകാരന് തിരുവനന്തപുരം എന്നു വ്യക്തമായി പറയാനാവുമോ? അവന്‍ അവന്റേതായ രീതിയില്‍ പറയും. അതുപോലെ റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് എന്നു നമ്മളും പറയും. ഈ പേര് അന്താരാഷ്ട്ര തലത്തില്‍ തന്നെ ആംഗലേയവത്കരണത്തിനു വിധേയമായിട്ടുണ്ട്.

 2. very good… happy to know you are a polyglot. but then, you can teach others, who have not studied French through your blog, by writing the correct pronunciation (well, as approximately as possible) and giving the original name in roman script. it’s only a suggestion. If however you feel that your readers should stay ignorant, or why should they be bothered at all about the right pronunciation, then please ignore this. After all, you blog to instruct those who don’t know, don’t you?

  • അങ്ങനെയല്ല സര്‍. സ്വന്തമായി തിരുത്തലുകള്‍ വരുത്താനുള്ള വളര്‍ച്ച ഞാന്‍ കൈവരിച്ചതായി വിശ്വസിക്കുന്നില്ല. REPORTERS SANS FRONTIERS എന്ന സംഘടനയുടെ ആസ്ഥാനം പാരീസിലാണ് എന്നേയുള്ളൂ. ആ പേര് എന്നേ ആംഗലേയവത്കരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലും കേരളത്തിലും മാത്രമല്ല, ഫ്രാന്‍സ് ഒഴികെ മറ്റെല്ലായിടത്തും അതിപ്പോള്‍ റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് ആണ്. സാന്‍സ് ഫ്രോണ്ടിയേഴ്‌സ് എന്ന പ്രയോഗം തന്നെ ഇപ്പോള്‍ ഇംഗ്ലീഷില്‍ കടന്നുവന്നിരിക്കുന്നു. ഇംഗ്ലീഷ് പത്രങ്ങളിലെ സ്ഥിരം പ്രയോഗമാണത്. LOVE SANS FRONTIERS എന്നൊക്കെ പ്രയോഗിച്ചു കാണാറില്ലേ. അത് ഉപയോഗിച്ചു എന്നേയുള്ളൂ.

   ഭാഷാപരമായ ബലം പിടിത്തത്തിന് ഞാന്‍ ഭാഷാപണ്ഡിതനല്ല. എല്ലാവരും ഉപയോഗിക്കുന്നത് പിന്തുടര്‍ന്ന് പൊതുധാരയ്‌ക്കൊപ്പം നീങ്ങാനാണ് താല്പര്യം. പഠിപ്പിക്കാനും ഞാനില്ല. എനിക്ക് അതിനുള്ള വിവരമില്ല. മറ്റു ഭാഷകളില്‍ നിന്ന് ഒട്ടേറെ വാക്കുകള്‍ ഇംഗ്ലീഷിലേക്ക് കടന്നു വന്നിട്ടുണ്ട്. OLD ENGLISH കാലം തൊട്ട് അതുണ്ട്. LOAN WORDS എന്ന പേരില്‍ പ്രത്യേക വിഭാഗം തന്നെ ഇംഗ്ലീഷ് സാഹിത്യം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ട്. ഞാന്‍ പഠിച്ചിട്ടുണ്ട്. ഇതു പഠിച്ചപ്പോള്‍ ശ്രദ്ധയില്‍പ്പെട്ട രസകരമായ ഒരു കാര്യം കൂടി പറയാം. അങ്ങേയ്ക്ക് അറിയുന്നതായിരിക്കും.

   പണ്ട്, 11-ാം നൂറ്റാണ്ടിലെ നോര്‍മന്‍ അധിനിവേശത്തിനു ശേഷം ഫ്രഞ്ചുകാരുടെ തോട്ടങ്ങളില്‍ അടിമകളായി ഇംഗ്ലീഷുകാര്‍ മാറി. അപ്പോള്‍ ഫ്രഞ്ചില്‍ നിന്ന് ഇംഗ്ലീഷിലേക്ക് ധാരാളം വാക്കുകള്‍ കടന്നുവന്നു. ഇന്ന് മൃഗങ്ങള്‍ക്കെല്ലാം ഇംഗ്ലീഷ് പേരുകളും അവയുടെ ഇറച്ചിക്ക് ഫ്രഞ്ച് പേരുമാണ്. കാരണം മൃഗങ്ങളെ വളര്‍ത്തുന്നത് അടിമയായ ഇംഗ്ലീഷുകാരനാണെങ്കിലും അവയുടെ ഇറച്ചി തിന്നാനുള്ള യോഗം ഫ്രഞ്ചുകാരനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. pig -PORK, sheep -MUTTON, ox -BEEF, calf -VEAL എന്നിവ ഉദാഹരണം. SANS FRONTIERS ഇത്തരത്തില്‍ ഇംഗ്ലീഷിലേക്കു സമീപകാലത്ത് കടന്നുവന്ന വാക്കാണ് എന്നാണ് എന്റെ വിശ്വാസം.

   • you are very correct… sans does have now an English pronunciation with the s in the end pronounced! I am sorry for the assumption that it hadn’t yet become a loan-word!

LEAVE A REPLY

Please enter your comment!
Please enter your name here