ചില സഹപ്രവര്‍ത്തകരുണ്ട്. അവരുടെ കൂടെ എത്ര ജോലി ചെയ്താലും മടുക്കില്ല. അവരുടെ കൂടെ കൂടിയാല്‍ നമ്മളെന്തും ചെയ്തുകളയും. ഡ്യൂട്ടിയില്ലാത്ത സമയത്തും ഓഫീസിലിരിക്കും. അത്തരമൊരാള്‍ക്കൊപ്പം ജോലി ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ജോലി ചെയ്തു എന്നതിലുപരി നല്ല സമയം ചെലവിട്ടു എന്നു പറയാനാണ് എനിക്കിഷ്ടം. ഞാനദ്ദേഹത്തെ രവിയേട്ടന്‍ എന്നാണ് വിളിക്കുക. പേര് പി.കെ.രവീന്ദ്രന്‍. കോഴിക്കോട്ടുകാരന്‍.
പി.കെ.രവീന്ദ്രന്‍ എന്ന പേര് മാതൃഭൂമി പത്രത്തില്‍ ധാരാളം തവണ കണ്ടിട്ടുണ്ടാവും. ആതന്‍സ് ഒളിമ്പിക്‌സ് വേളയില്‍ വിശേഷിച്ചും. മാതൃഭൂമിയുടെ സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍. അദ്ദേഹം ഞങ്ങള്‍ക്കൊക്കെ രവിയേട്ടനാണ്. രവിയേട്ടാ എന്ന് ഞാനടക്കമുള്ളവര്‍ വിളിച്ചത് തീര്‍ച്ചയായും ഒരു ചേട്ടനോടുള്ള സ്‌നേഹവും ബഹുമാനവും ഉള്ളില്‍ നിറച്ചു തന്നെയാണ്. അത് അദ്ദേഹം ഞങ്ങളില്‍ നിന്നു പിടിച്ചുവാങ്ങിയതാണ്.
2001ല്‍ മാതൃഭൂമി കോഴിക്കോട് ഓഫീസില്‍ ചെന്നു കയറിയപ്പോഴാണ് രവിയേട്ടനെ പരിചയപ്പെടുന്നത്. അന്ന് ഡെസ്‌കില്‍ ചീഫ് സബ് എഡിറ്ററാണ്. പി.ടി.ബേബി ആയിരുന്നു സ്‌പോര്‍ട്‌സിന്റെ ചുമതലക്കാരനെങ്കിലും രവിയേട്ടനാണ് സ്‌പോര്‍ട്‌സ് എന്നാണ് സങ്കല്പം. ഞങ്ങളുടെ ബാച്ചില്‍ സ്‌പോര്‍ട്‌സിനോട് പരിധിയിലധികം താല്പര്യം കാണിച്ചവരായിരുന്നു ഞാനും ആര്‍.ഗിരീഷ് കുമാറും. അതിനാല്‍ത്തന്നെ ഞങ്ങളും രവിയേട്ടന്റെ വാത്സല്യഭാജനങ്ങളായി മാറാന്‍ ഏറെ വൈകിയില്ല.
വാര്‍ത്താ ഏജന്‍സി കോപ്പികള്‍ പരിഭാഷപ്പെടുത്തിയാണ് സെന്‍ട്രല്‍ ഡെസ്‌കിലെ വാര്‍ത്തകള്‍ രൂപമെടുക്കുന്നത്. ഞങ്ങളതിന് പറയുക കമ്പി വളയ്ക്കുക എന്നാണ്. ടെലിപ്രിന്ററിലൂടെ കമ്പിയില്ലാക്കമ്പിയായി വന്നിരുന്ന പഴയ ടേക്കുകളുടെ ഓര്‍മ്മ ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ അങ്ങനെ നിലനില്‍ക്കുന്നു. 2006ല്‍ ഞാന്‍ തിരുവനന്തപുരത്തേക്കു മാറ്റം കിട്ടി വരുന്നതു വരെ അത്തരം 2 ടെലിപ്രിന്ററുകള്‍ കോഴിക്കോട് മാതൃഭൂമി ഓഫീസിലുണ്ടായിരുന്നു -പി.ടി.ഐ., യു.എന്‍.ഐ. എന്നിവയുടെ വക. ഇപ്പോഴുണ്ടോ എന്നറിയില്ല.
കോഴിക്കോട്ടെത്തിയ പുതിയ അടിമ സംഘത്തിലെ കുറേയെണ്ണത്തിനെ ഒന്നര മാസത്തെ ഉടച്ചുവാര്‍ക്കലിനു ശേഷം എഡിറ്റര്‍ കെ.ഗോപാലകൃഷ്ണന്‍ എന്ന ഗോപാല്‍ജി കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്കു പറപ്പിച്ചു. അക്കൂട്ടത്തില്‍ തിരുവനന്തപുരത്തേക്കു തെറിക്കാന്‍ ഞാന്‍ മോഹിച്ചുവെങ്കിലും കോഴിക്കോട് സെന്‍ട്രല്‍ ഡെസ്‌കില്‍ തന്നെ ഞാന്‍ കുടുങ്ങി. ഞങ്ങളുടെ ബാച്ചിന്റെ വരവോടെയാണ് മാതൃഭൂമിയില്‍ സെന്‍ട്രല്‍ ഡെസ്‌ക് എന്ന സംവിധാനം ഔദ്യോഗികമായി രൂപമെടുക്കുന്നത്. അതുവരെ കോഴിക്കോട് ഡെസ്‌ക് ആയിരുന്നു. ഷിഫ്റ്റനുസരിച്ച് ആളുകളുടെ ചുമതല മാറിയിരുന്നു എന്നു മാത്രം.
അങ്ങനെ ഞാന്‍ സെന്‍ട്രല്‍ ഡെസ്‌കിലെ ദേശീയ -വിദേശ വാര്‍ത്തകളുടെ ചുമതലയുള്ള ചീഫ് സബ് എഡിറ്റര്‍ ജോര്‍ജ്ജ് പുളിക്കന്റെ സേനാംഗമായി. അതെ, ഇപ്പോള്‍ ഏഷ്യാനെറ്റില്‍ ‘ചിത്രം വിചിത്രം’ അവതരിപ്പിക്കുന്ന അതേ ജോര്‍ജ്ജ് പുളിക്കന്‍ തന്നെ. എന്‍.പി.രാജേന്ദ്രന്‍ ആയിരുന്നു ഞങ്ങളുടെയെല്ലാം മേലാപ്പീസറായ സെന്‍ട്രല്‍ ഡെസ്‌ക് ന്യൂസ് എഡിറ്റര്‍. എല്ലാത്തിനും മേധാവിയായി ഡെപ്യൂട്ടി എഡിറ്റര്‍ കെ.രാധാകൃഷ്ണന്‍ നമ്പി. എഡിറ്റര്‍ ഗോപാല്‍ജിയുമായി നേരിട്ട് ബന്ധമുള്ള എലീറ്റ് ടീമിന്റെ ഭാഗമായി പുത്തന്‍കൂറ്റുകാരനായ ഞാനും മാറി.
സെന്‍ട്രല്‍ ഡെസ്‌ക് വന്നതോടെ സ്‌പോര്‍ട്‌സിന് മാത്രം പ്രത്യേക ഡെസ്‌കായി. രവിയേട്ടനായിരുന്നു ചീഫ്. ബേബി സ്വാഭാവികമായി അതിലുള്‍പ്പെട്ടു. ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഗിരീഷും. പുളിക്കന്‍ തരുന്ന ദേശീയ കമ്പികള്‍ രാത്രി 8 മണിയോടെ ഞാന്‍ വളച്ചുകഴിയും. പിന്നെ, പ്രൊഡക്ഷന്‍ ഡെക്‌സിന്റെ ന്യൂസ് എഡിറ്റര്‍ ജോണിച്ചായന്‍ എന്ന സി.എം.ജോണി തരുന്ന പേജ് നിര്‍മ്മാണ ജോലികള്‍ ഇടയ്ക്കുണ്ടാവും. അതില്ലെങ്കില്‍ ഡ്യൂട്ടി അവസാനിക്കുന്ന രാത്രി 11.30 വരെ ഡെസ്‌കില്‍ കറങ്ങിനടക്കാം. പക്ഷേ, ഞാന്‍ പതിയെ രവിയേട്ടനടുത്ത് കൂടും. ചില ചെറിയ സ്‌പോര്‍ട്‌സ് കമ്പികള്‍ വളയ്ക്കും. രാത്രി വൈകി നടക്കുന്ന കളികള്‍ ടെലിവിഷനില്‍ തത്സമയം കാണാനും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി രാത്രി എഡിഷനുകളില്‍ സ്‌പോര്‍ട്‌സ് പേജ് മാറ്റാനുമിരുന്നു. ക്രമേണ ആ പണി എന്നെയും ഗിരിയെയും വിശ്വസിച്ചേല്പിച്ച് രവിയേട്ടന്‍ രാത്രി 11.30ന് തന്നെ വീട്ടില്‍പ്പോകുന്ന സ്ഥിതിയുമായി.
ഇടയ്ക്കുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമായി ഞാന്‍ കണ്ണൂരേക്കും ഗിരി തിരുവനന്തപുരത്തേക്കും പോയി. സ്‌പോര്‍ട്‌സ് ഡെസ്‌കില്‍ വന്ന ഒഴിവിലേക്ക് ഗിരിയുടെ പകരക്കാരനായി പി.ജെ.ജോസ് എത്തി. അധികം വൈകും മുമ്പ് പി.ടി.ബേബി സ്വന്തം നാടായ കൊച്ചിയിലേക്ക് സ്ഥലം മാറിപ്പോയി. ഇതോടെ സ്‌പോര്‍ട്‌സ് ഡെസ്‌കില്‍ രവിയേട്ടനും ജോസും മാത്രമായി. 2003ലെ ലോകകപ്പ് ക്രിക്കറ്റ് വേളയില്‍ ഡെപ്യൂട്ടേഷനിലാണ് ഞാന്‍ കോഴിക്കോട് തിരിച്ചെത്തുന്നത്. ക്രിക്കറ്റ് കഴിഞ്ഞപ്പോഴേക്കും അഫ്ഗാനിസ്ഥാനില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതോടെ എന്റെ ഡെപ്യൂട്ടേഷന്‍ യുദ്ധ ഡെസ്‌കിലേക്കായി. പിന്നീട് ഡെപ്യുട്ടേഷന്‍ മുന്‍കാല പ്രാബല്യത്തോടെ കോഴിക്കോട്ടേക്കുള്ള സ്ഥലംമാറ്റമായി സ്ഥിരപ്പെടുത്തി. യുദ്ധം കഴിഞ്ഞതോടെ വീണ്ടും സെന്‍ട്രല്‍ ഡെസ്‌ക്.
ദേശീയ ഡെസ്‌കിലാണെങ്കിലും സ്‌പോര്‍ട്‌സിലെ എന്റെ സബ്‌സ്റ്റിറ്റിയൂട്ട് കളി തുടര്‍ന്നു. സ്‌പോര്‍ട്‌സ് ഡെസ്‌കില്‍ 2 പേര്‍ മാത്രമായിരുന്നതിനാല്‍ അവസരങ്ങള്‍ കൂടിയിരുന്നു. അതിനാല്‍ത്തന്നെ അവിടെ കമ്പി വളയ്ക്കലിനു പുറമെ പേജ് രൂപകല്പനയിലേക്കും കയറി. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ അഞ്ജു ബോബി ജോര്‍ജ്ജിന്റെ മെഡല്‍ നേട്ടം രാത്രി വൈകി ഏറ്റവും നന്നായി വാര്‍ത്ത നല്‍കിയ പത്രം മാതൃഭൂമിയായിരുന്നു -പാരീസില്‍ നിന്നുള്ള അഞ്ജുവിന്റെ ടെലിഫോണ്‍ അഭിമുഖമടക്കം. രവിയേട്ടനില്ലാതിരുന്ന ആ ദിവസം സ്‌പോര്‍ട്‌സില്‍ ജോസും നൈറ്റ് ഡ്യൂട്ടിക്കാരനായ ഞാനുമായിരുന്നു കളിക്കാര്‍. എല്ലാവരും രവിയേട്ടനെ അഭിനന്ദിച്ചപ്പോള്‍ അതു മുഴുവന്‍ കൃത്യമായി ഞങ്ങളിലേക്ക് അദ്ദേഹം വഴിതിരിച്ചുവിട്ടു. മറിച്ച്, ഞങ്ങള്‍ക്കെന്തെങ്കിലും പിഴവു സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഒരിക്കലും ഞങ്ങളിലേക്ക് എത്താതിരിക്കാനും രവിയേട്ടന്‍ ശ്രദ്ധിച്ചു.
ഔദ്യോഗികമായി സ്‌പോര്‍ട്‌സുകാരനല്ലെങ്കിലും ഏതെങ്കിലും കായിക ഉത്സവം വരുമ്പോള്‍ അതിനു വേണ്ടി രൂപമെടുക്കുന്ന പ്രത്യേക ഡെസ്‌കിന്റെ അവിഭാജ്യ ഘടകമായി ഞാന്‍ മാറി. രവിയേട്ടന്‍ തന്നെയായിരുന്നു കാരണം. 2002ലെയും 2006ലെയും ലോകകപ്പ് ഫുട്‌ബോള്‍, 2003ലെ ലോക കപ്പ് ക്രിക്കറ്റ്, 2004 യൂറോ കപ്പ്, 2004 ഒളിമ്പിക്‌സ് എന്നിവയുടെയെല്ലാം ഡെസ്‌കില്‍ പ്രവര്‍ത്തിച്ചത് എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ നിറമുള്ള ഓര്‍മ്മകളാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ കളിക്കളത്തിലെ വീറും വാശിയും വാര്‍ത്ത നല്‍കുന്ന വേഗത്തിലും ഞങ്ങള്‍ കാണിക്കും. പലപ്പോഴും രാത്രിയായിരിക്കും കളികള്‍. പരമാവധി എഡിഷനുകളില്‍ ഏറ്റവും പുതിയ കായിക വാര്‍ത്ത ഉള്‍ക്കൊള്ളിക്കുക എന്നതാണ് വെല്ലുവിളി. ഒട്ടുമിക്ക അവസരങ്ങളിലും ഞങ്ങളതില്‍ വിജയിച്ചിട്ടുണ്ട്. അന്നത്തെ സാങ്കേതികവിദ്യ അനുസരിച്ച് വാര്‍ത്ത കടലാസില്‍ എഴുതിത്തയ്യാറാക്കി, ഫോട്ടോകമ്പോസിങ്ങില്‍ ടൈപ്പ് ചെയ്ത്, പ്രൂഫ് വായിച്ച് പിന്നെയാണ് പേജിലേക്ക് വിളിച്ചുവെച്ച് ഡിസൈന്‍ ചെയ്യുക. എന്നാല്‍, സ്‌പോര്‍ട്‌സ് പേജില്‍ ഇതൊന്നുമില്ല. കളി ടിവിയില്‍ നടക്കുമ്പോള്‍ വാര്‍ത്ത പറഞ്ഞുകൊടുക്കും. ഫോട്ടോകമ്പോസിങ്ങിലെ ഡിസൈനര്‍ പേജിലേക്ക് നേരിട്ട് അടിച്ചുകയറ്റും. അങ്ങനെ അടിച്ചുകയറ്റുമ്പോള്‍ തന്നെ വാര്‍ത്ത പറയുന്നയാള്‍ പ്രൂഫ് വായിച്ച് തിരുത്തലും നടത്തും. കളി കഴിയുന്ന അടുത്ത നിമിഷത്തില്‍ തന്നെ അതിന്റെ വാര്‍ത്തയുള്ള പേജ് മറ്റ് എഡിഷനുകളില്‍ എത്തിയിരിക്കും, അച്ചടിക്കു തയ്യാറായി.
അത്തരം സന്ദര്‍ഭങ്ങളില്‍ കളിക്കളത്തിലെ വീറും വാശിയും വാര്‍ത്ത നല്‍കുന്ന വേഗത്തിലും ഞങ്ങള്‍ കാണിക്കും. പലപ്പോഴും രാത്രിയായിരിക്കും കളികള്‍. പരമാവധി എഡിഷനുകളില്‍ ഏറ്റവും പുതിയ കായിക വാര്‍ത്ത ഉള്‍ക്കൊള്ളിക്കുക എന്നതാണ് വെല്ലുവിളി. ഒട്ടുമിക്ക അവസരങ്ങളിലും ഞങ്ങളതില്‍ വിജയിച്ചിട്ടുണ്ട്. അന്നത്തെ സാങ്കേതികവിദ്യ അനുസരിച്ച് വാര്‍ത്ത കടലാസില്‍ എഴുതിത്തയ്യാറാക്കി, ഫോട്ടോകമ്പോസിങ്ങില്‍ ടൈപ്പ് ചെയ്ത്, പ്രൂഫ് വായിച്ച് പിന്നെയാണ് പേജിലേക്ക് വിളിച്ചുവെച്ച് ഡിസൈന്‍ ചെയ്യുക. എന്നാല്‍, സ്‌പോര്‍ട്‌സ് പേജില്‍ ഇതൊന്നുമില്ല. കളി ടിവിയില്‍ നടക്കുമ്പോള്‍ വാര്‍ത്ത പറഞ്ഞുകൊടുക്കും. ഫോട്ടോകമ്പോസിങ്ങിലെ ഡിസൈനര്‍ പേജിലേക്ക് നേരിട്ട് അടിച്ചുകയറ്റും. അങ്ങനെ അടിച്ചുകയറ്റുമ്പോള്‍ തന്നെ വാര്‍ത്ത പറയുന്നയാള്‍ പ്രൂഫ് വായിച്ച് തിരുത്തലും നടത്തും. കളി കഴിയുന്ന അടുത്ത നിമിഷത്തില്‍ തന്നെ അതിന്റെ വാര്‍ത്തയുള്ള പേജ് മറ്റ് എഡിഷനുകളില്‍ എത്തിയിരിക്കും, അച്ചടിക്കു തയ്യാറായി.
പേജ് ഡിസൈനര്‍മാരായ ജഗദീഷ്, രാമന്‍, ജിനന്‍, മുരളി, ശ്രീവത്സൻ, ബൈജുനാഥ്, രാജീവ്, റബിനേഷ്, മനോജ്, റാഫി, ജെ.പി. എന്ന ജയപ്രകാശ്, വേണുവേട്ടൻ തുടങ്ങിയരൊക്കെ എനിക്ക് ഒരിക്കലും മറക്കാനാവാത്ത പേരുകളാണ്. ഇവരില്‍ ജഗ്ഗുവും ബൈജുവും ഇന്ന് ഒപ്പമില്ല. അന്നത്തെ ഞങ്ങളുടെ കായികസംഘത്തിലെ പങ്കാളികളാണ് ഇപ്പോഴത്തെ പ്രമുഖ കളിപറച്ചിലുകാരനായ ഷൈജു ദാമോദരന്‍ എന്ന ഡി.ഷൈജുമോനും മനോരമ ന്യൂസിന്റെ തിരുവനന്തപുരം പ്രധാനി എന്‍.കെ.ഗിരീഷും മാതൃഭൂമി ന്യൂസിന്റെ നെടുംതൂണായ എബി ടി.എബ്രഹാമുമെല്ലാം.
2004ലെ ആതന്‍സ് ഒളിമ്പിക്‌സാണ് മാതൃഭൂമിക്കു വേണ്ടി രവിയേട്ടന്‍ റിപ്പോര്‍ട്ട് ചെയ്തത് എന്ന് നേരത്തേ പറഞ്ഞു. ഏറ്റവും ആധികാരികമായ ഒളിമ്പിക്‌സ് റിപ്പോര്‍ട്ടിങ്ങുകളിലൊന്നായിരുന്നു അത്. ശരിക്കും ഒരു സ്‌പോര്‍ട്‌സ് ജേര്‍ണലിസം ടെക്‌സ്റ്റ്ബുക്ക്. പൊതുവെ ഒരു പിന്‍വലിവുള്ള എന്നെ മുന്നോട്ടു തള്ളി ടെസ്റ്റ് -ഏകദിന ക്രിക്കറ്റ് മത്സരങ്ങളും അത്‌ലറ്റിക് മീറ്റുകളും കോമണ്‍വെല്‍ത്ത് ഗെയിംസ് പോലുള്ള മഹാകായിക മാമാങ്കവുമൊക്കെ റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞുവിട്ടത് രവിയേട്ടനാണ്. എന്റെ കളിയെഴുത്തിനെ വാര്‍ത്തെടുത്തതില്‍ രവിയേട്ടന് ചെറുതല്ലാത്ത പങ്കുണ്ട്. അങ്ങനെ പറഞ്ഞാല്‍ മതിയാകില്ല, വളരെ വലിയ പങ്കുണ്ട് എന്നു തന്നെ പറയണം.
മാതൃഭൂമി എല്ലാക്കാലത്തും മികച്ച സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകളെ സംഭാവന ചെയ്തിട്ടുണ്ട്. വി.എം.ബാലചന്ദ്രൻ എന്ന വിംസിയെക്കുറിച്ച് കേട്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട് എങ്കിലും ഞാന്‍ മാതൃഭൂമിയിലെത്തുമ്പോഴേക്കും അദ്ദേഹം വിരമിച്ചിരുന്നു. വി.രാജഗോപാലിന്റെ പ്രതാപകാലത്താണ് ഞാനവിടെ ചെന്നു കയറുന്നത്. അദ്ദേഹത്തിനു ശേഷം പി.കെ.രവീന്ദ്രന്‍. തുടർന്ന് വന്നവരിൽ ഒ.ആര്‍.രാമചന്ദ്രന്‍, കെ.വിശ്വനാഥ്, പി.ടി.ബേബി, എബി ടി.എബ്രഹാം, ജോസഫ് മാത്യു, ഡി.ഷൈജുമോന്‍, എൻ.കെ.ഗിരീഷ്, പി.ജെ.ജോസ്, കെ.എം.ബൈജു, ആര്‍.ഗിരീഷ് കുമാര്‍, സിറാജ് കാസിം എന്നിങ്ങനെ ഒട്ടേറെ മിടുക്കര്‍ ഉള്‍പ്പെടുന്നു. ഇവരെല്ലാം എന്റെ സഹപ്രവര്‍ത്തകരായിരുന്നവര്‍. സിറാജിനു ശേഷമുള്ളവരെ പത്രത്താളിലെ ബൈലൈനിലൂടെ മാത്രമാണ് പരിചയം.
പത്രപ്രവര്‍ത്തകരില്‍ തീര്‍ത്തും വ്യത്യസ്തനാണ് രവിയേട്ടന്‍. പറയാനുള്ള കാര്യങ്ങള്‍ ശക്തമായും കൃത്യമായും പറയുമെങ്കിലും ഈ മനുഷ്യന്‍ ഒരിക്കല്‍പ്പോലും ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല. കളിക്കിടയില്‍ ഞങ്ങള്‍ സമ്മര്‍ദ്ദത്തിന്റെ കൊടുമുടിയിലായിരിക്കുമ്പോഴും ഈ മനുഷ്യന് കൂള്‍-കൂള്‍ ഭാവം. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് രവിയേട്ടനെ കഴിഞ്ഞേ ആര്‍ക്കുമുള്ളൂ. ഇഷ്ട ടീം തോറ്റാലും ജയിച്ചാലും റിപ്പോര്‍ട്ട് വസ്തുനിഷ്ഠമായിരിക്കും. ജയത്തിന്റെ ആഹ്ലാദമില്ല, തോല്‍വിയുടെ സങ്കടവുമില്ല. 2003ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ ഇന്ത്യ തോറ്റപ്പോഴുള്ള അവസ്ഥ ഇപ്പോഴും കണ്‍മുന്നിലുണ്ട്. ആകെ നിരാശരായ ഞങ്ങളുടെ കൈകാലുകള്‍ ചലിക്കുന്നില്ല. പക്ഷേ, രവിയേട്ടന്‍ ഒരു കൂസലുമില്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്തു. ദക്ഷിണാഫ്രിക്കയിലെ സ്റ്റേഡിയത്തിലിരുന്ന് വി.എന്‍.ജയഗോപാല്‍ എഴുതിയയച്ച വാര്‍ത്ത എഡിറ്റ് ചെയ്യുന്നതു മുതല്‍ പേജ് തയ്യാറാക്കിയതു വരെ എല്ലാം രവിയേട്ടന്റെ മേല്‍നോട്ടത്തില്‍. ഞങ്ങള്‍ ബാക്കിയുള്ളവര്‍ വെറും യന്ത്രങ്ങളായിരുന്നു. ഇത്തരത്തില്‍ കായിക വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിനാലാവും കായികക്ഷമത എപ്പോഴും കൈമുതലാണ്.
സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന രവിയേട്ടന് സഹപ്രവര്‍ത്തകരുടെ ഉപഹാരം മാതൃഭൂമി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി.ഐ.രാജീവ് നല്‍കുന്ന ചിത്രം ഗിരി പങ്കിട്ടത് കണ്ടാണ് ഞാന്‍ വിവരമറിയുന്നത്. രവിയേട്ടന് 60 വയസ്സായോ? എനിക്കിപ്പോഴും വിശ്വാസം വരുന്നില്ല. അതെ, ഞാന്‍ കോഴിക്കോടിന്റെ നന്മ വിട്ടിട്ട് 12 വര്‍ഷം പിന്നിട്ടുവെന്ന് നടുക്കത്തോടെ തിരിച്ചറിയുന്നു.
രവിയേട്ടന്‍ എഴുത്തില്‍ നിന്നു വിരമിക്കുന്നില്ല. ഇനിയുമെഴുതുക. ആ കളിയവലോകനങ്ങള്‍ വായിക്കാനായി ആവേശത്തോടെ ഇനിയും ഞാന്‍ കാത്തിരിക്കും. മാതൃഭൂമിയില്‍ നിന്നു വിരമിക്കുമ്പോള്‍ രവിയേട്ടന് ഉപഹാരം നല്‍കുന്നവരുടെ കൂട്ടത്തില്‍ ഞാനില്ല. കാരണം, ഞാനിന്ന് മാതൃഭൂമിയുടെ ഭാഗമല്ല. പക്ഷേ, മനസ്സുനിറയെ രവിയേട്ടനോട് സ്‌നേഹമുണ്ട്. തിരിച്ചെന്നോടുമുണ്ടെന്ന് അറിയാം. ആ യാത്രയയപ്പു സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ ഞാന്‍ പറയുമായിരുന്ന കാര്യങ്ങള്‍ ഇവിടെ എഴുതിയിടുന്നു. രവിയേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു. എല്ലാവിധ നന്മകളുമുണ്ടാവട്ടെ.
ഒപ്പമുള്ളവരെ പ്രചോദിപ്പിച്ച് അവരുടെ കഴിവുകൾ പൂർണ്ണ തോതിൽ പുറത്തെത്തിക്കുക -അതാണ് ഒരു നല്ല നേതാവിന്റെ ലക്ഷണം. ഇങ്ങനെ നോക്കുമ്പോൾ രവിയേട്ടൻ വളരെ മികച്ച ഒരു നേതാവാണ്.
Syaamettaaa… big big apaulse…. for Sharing ur golden days as perfect as u speak…. annathe pagukalum oppam Joli cheytha teamsineyaake Orthu pangu vechathinum