HomeFRIENDSHIPമലയാളം പറയുന്...

മലയാളം പറയുന്ന അമേരിക്കന്‍ പൊലീസ്!!

-

Reading Time: 5 minutes

? നിന്റെ പേരെന്താടാ?
= ചെറിയാന്‍ നായര്.
? അച്ഛന്റെ പേരോ?
= ചാക്കോ മേനോന്‍
? അപ്പോള്‍ അമ്മയോ?
= മേരി തമ്പുരാട്ടി.

പ്രിയദര്‍ശന്റെ പ്രശസ്തമായ പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന സിനിമയില്‍ കുതിരവട്ടം പപ്പു അഭിനയിച്ച രംഗമാണിത്. ഇതു കണ്ട് നമ്മള്‍ ഒരുപാട് ചിരിച്ചിട്ടുണ്ട്. എന്നാല്‍, കാലം മാറി. അന്നത്തെ അപൂര്‍വ്വ പേര് ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു. അച്ഛന്‍ തനി മലയാളി പ്രേം വി.മേനോന്‍. അമ്മ അമേരിക്കക്കാരി സിന്‍ഡി മേനോന്‍. ഇരട്ടകളായ മക്കളുടെ പേരിലാണ് അപൂര്‍വ്വത -ആന്‍ഡ്രൂ വിജയ് മേനോന്‍, അലക്‌സാണ്ടര്‍ അജയ് മേനോന്‍. നല്ല മിടുമിടുക്കന്മാര്‍.

ഈ പ്രേം മേനോന്‍ എന്റെ സഹപാഠിയാണ്. അടുത്ത സുഹൃത്താണ്. തിരുവനന്തപുരത്തെ നന്തന്‍കോട്ടുകാരന്‍. പ്രേം ഇപ്പോള്‍ കുടുംബസമേതം അമേരിക്കയിലെ കൊളറാഡോയിലാണ്. അവിടത്തെ പൊലീസിലെ ബല്യ പുള്ളിയാണ്. ഇന്ത്യയില്‍ നിന്ന് ധാരാളം പേര്‍ അമേരിക്കയില്‍ കുടിയേറി പാര്‍ത്തിട്ടുണ്ട്. അങ്ങനെ കുടിയേറിയവരുടെ പിന്‍തലമുറക്കാര്‍ ‘ഇന്ത്യന്‍ വംശജര്‍’ എന്ന ലേബലില്‍ സെനറ്റ് അംഗമായും ഗവര്‍ണ്ണറായും പ്രസിഡന്റിന്റെ വിശ്വസ്തനായും ഒക്കെ അവരോധിതരാവുന്നതിന്റെ വാര്‍ത്തയും ഇന്ത്യന്‍ പത്രങ്ങള്‍ ആഘോഷിക്കാറുണ്ട്. അമേരിക്കയിലെ എല്ലാ മേഖലകളിലും ഇന്ത്യന്‍ സാന്നിദ്ധ്യം പ്രകടം. പക്ഷേ, അമേരിക്കയില്‍ പോയി അവിടെ പൊലീസായി മാറിയ ഒരു ഇന്ത്യക്കാരനെപ്പറ്റി മാത്രമേ ഞാന്‍ കേട്ടിട്ടുള്ളൂ. അത് ഈ മലയാളിയാണ് -പ്രേം.

1990ല്‍ തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ബാച്ചിലെ പ്രതിനിധികളാണ് ഞാനും പ്രേമും. അവന്‍ മലയാളം മീഡിയം. ഞാന്‍ ഇംഗ്ലീഷ് മീഡിയം. പക്ഷേ, അന്നത്തെ സൗഹൃദത്തിന് മീഡിയം തടസ്സമായിരുന്നില്ല. നല്ലതിനും ചീത്തയ്ക്കും എല്ലാം എല്ലാ മീഡിയംകാരും ഒരുമിച്ച്. ചെയ്തുകൂട്ടിയ തല്ലുകൊള്ളിത്തരത്തിനും തല്ലിപ്പൊളിത്തരത്തിനും ഒരു കണക്കുമില്ല. മീഡിയമൊക്കെ ക്ലാസ്സിനകത്തു മാത്രമുള്ള സംഗതിയായിരുന്നു ഞങ്ങള്‍ക്ക്. മലയാളം മീഡിയം പഠിച്ചു എന്നതിന്റെ പേരില്‍ ഇംഗ്ലീഷ് സംസാരിക്കാനാവാതെ അപകര്‍ഷബോധവുമായി ജീവിക്കുന്നവര്‍ക്ക് മാതൃകയാക്കാവുന്ന വലിയൊരു ഉദാഹരണമാണ് പ്രേം. അവന്‍ ഇംഗ്ലീഷ് പച്ചവെള്ളം പോലെ മനോഹരമായി സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയെങ്കിലും ഉപജീവനത്തിനായി മലയാളത്തെ മുറുകെ പുണര്‍ന്നിരിക്കുന്ന എന്റെ മുട്ടിടിക്കും.

പ്രേം അങ്ങകലെ അമേരിക്കയിലാണെന്ന ചിന്ത ഇതുവരെ എന്നെ പിടികൂടിയിട്ടില്ല. കാരണം ഞങ്ങളുടെ ബന്ധം അത്ര ശക്തമാണ്. ഞാനുമായി മാത്രമല്ല, ഞങ്ങളുടെ സ്കൂളില്‍ സഹപാഠികളായിരുന്ന എല്ലാവരുമായും അവന്‍ അങ്ങനെയാണ്. സ്കൂള്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ 24 മണിക്കൂറും സജീവം. ഏതു വിഷയത്തിലും അവന് അഭിപ്രായമുണ്ട്. ഇവന്‍ എപ്പോഴാണ് ഉറങ്ങുന്നത് എന്നു പോലും എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. അവന്‍ ഗ്രൂപ്പില്‍ വരുമ്പോള്‍ മിക്കവാറുമെല്ലാം ഡ്യൂട്ടിയിലായിരിക്കും. പൊലീസ് യൂണിഫോമില്‍ തോക്കുമൊക്കെയായി വലിയ കാറില്‍ കറങ്ങി നടക്കുന്നതിന്റെ വീഡിയോയും സെല്‍ഫിയുമെല്ലാം അവന്‍ ഗ്രൂപ്പിലിടും. പൊലീസ് വീഡിയോയില്‍ പലപ്പോഴും പശ്ചാത്തലം “പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം..” ആയിരിക്കും. അതെ, സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയില്‍ ശ്രീനിവാസന്‍ നമ്മളെ കുടുകുടാ ചിരിപ്പിച്ച ആ പാട്ടു തന്നെ. സെല്‍ഫ് ട്രോള്‍ അവന്‍ ആസ്വദിക്കുന്നു.

പ്രേമിന് ഈയിടെ ഒരബദ്ധം പറ്റി. പുതിയതായി തുടങ്ങിയ ഒരു മലയാളി ഫേസ്ബുക്ക് ഗ്രൂപ്പില്‍ അവന്‍ സ്വന്തം ഇന്‍ട്രോയങ്ങ് പോസ്റ്റി. സാധാരണനിലയില്‍ ഞങ്ങള്‍ക്ക് അയയ്ക്കുന്ന വിധത്തില്‍ യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റിയത്. ഒരു യമണ്ടന്‍ തോക്കുമെല്ലാമായി. അമേരിക്കയില്‍ നിന്നൊരു പൊലീസുകാരന്‍ വലിയ തോക്കുമൊക്കെയായി നിന്ന് മലയാളത്തിലെഴുതി പടമിട്ടാല്‍ മലയാളി വിടുമോ? ചാടി വീണു. സംസാരമായി. ചോദിച്ചതിനൊക്കെ പ്രേം മറുപടി പറഞ്ഞു. ഞങ്ങളുടെ ചങ്ക് നാട്ടുകാരുടെ ചങ്കാവാന്‍ അധികം വേണ്ടി വന്നില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇപ്പോള്‍ അവന്‍ ഫേസ്ബുക്ക് അടച്ചുവെച്ചിരിക്കുയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ സന്ദേശം കൊണ്ട് ഇന്‍ബോക്സ് നിറഞ്ഞിരിക്കുന്നു. സൗഹൃദാഭ്യര്‍ത്ഥനകള്‍ക്കാണെങ്കില്‍ കൈയും കണക്കുമില്ല. “ജാങ്കോ ഞാന്‍ പെട്ടു” എന്ന അവസ്ഥയിലാണ് പ്രേമിപ്പോള്‍. കേരളത്തില്‍ നിന്ന് ധാരാളം മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖം വേണമെന്നു പറഞ്ഞു പ്രേമിനെ വിളിക്കുന്നുണ്ട്. എന്നാല്‍പ്പിന്നെ ഞാന്‍ തന്നെ ഈ മലയാളി കോപ്പിന്‍റെ കഥയങ്ങ് എഴുതിയിട്ടേക്കാമെന്നു കരുതി. മലയാളത്തിലെ കോപ്പല്ല, COP എന്നാല്‍ Community Oriented Police!

കൊളറാഡോയിലെ ഈ മലയാളിപ്പൊലീസ് ചില്ലറക്കാരനല്ല. മികച്ചൊരു കുറ്റാന്വേഷകന്‍ എന്ന പേരെടുത്തിട്ടുള്ളയാളാണ് ഓഫീസര്‍ പ്രേം വി.മേനോന്‍. മൂന്നാം മുറയൊന്നുമില്ല. എത്ര വലിയ കൊടും കുറ്റവാളിയെയും വാചകമടിച്ച് കിടത്തിക്കളയും. അതിനാല്‍ അവിടത്തെ പൊലീസുകാര്‍ക്കിടയില്‍ “കണ്‍ഫസര്‍ മേനോന്‍” എന്നൊരു വിളിപ്പേരുണ്ടവന്. അമേരിക്കയില്‍ തന്നെയുള്ള മറ്റു സുഹൃത്തുക്കളാണ് ഈ വിവരം ചോര്‍ത്തിത്തന്നത്. പ്രതിയെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുന്നതിലെ കഴിവാണ് പ്രേമിന് ഈ വിളിപ്പേര് നേടിക്കൊടുത്തത്. ഇതു ചോദിച്ചപ്പോള്‍ അവന്‍ പറ‍ഞ്ഞതിങ്ങനെ “എന്റളിയാ.. അടിയും ഇടിയുമൊന്നും ഒന്നിനും പരിഹാരമല്ല. വെറുതെ ആരോഗ്യം കളയാമെന്നല്ലാതെ പണി നടക്കില്ല. പക്ഷേ, നമുക്ക് ആരോടു വേണമെങ്കിലും എത്ര വേണമെങ്കിലും സംസാരിക്കാം. അന്തരീക്ഷമൊക്കെ ഒന്നു മയപ്പെടുത്തി സൗമ്യമായി സംസാരിക്കുമ്പോള്‍ എതിരെയിരിക്കുന്ന ആളിന്റെ വീക്ക് പോയിന്റ് നമുക്ക് പിടികിട്ടും. ആ വീക്ക് പോയിന്റില്‍ പിടിച്ച് നമ്മള്‍ കയറും. നമ്മളെ വിശ്വസിക്കാന്‍ കൊള്ളാമെന്ന് അവനെ വിശ്വസിപ്പിക്കും. കുറച്ചുകഴിയുമ്പോള്‍ അവന്‍ മണി മണിയായി കാര്യം പറയും. അപ്പോള്‍ നമ്മള്‍ ക്ലിപ്പിടും. കാര്യം ക്ലീന്‍.” കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന രീതി വിശദീകരിക്കുമ്പോള്‍ അവന് നിസ്സാരഭാവം.

മറ്റുള്ളവരോട് അങ്ങേയറ്റം മനുഷ്യത്വപരമായി പെരുമാറുക എന്നതാണ് ഈ പൊലീസുദ്യോഗസ്ഥന്റെ ആപ്തവാക്യം. പ്രേമിന്റെ കുറ്റാന്വേഷണ മികവും ആളുകളുമായി മാന്യമായി ഇടപഴകാനുള്ള കഴിവുമെല്ലാം അവന് പല തരം പുരസ്കാരങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. അതില്‍ അവന് ഏറ്റവും പ്രിയപ്പെട്ടത് കൊളറാഡോ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പൊലീസ് ബഹുമതിയായ ഹ്യുമാനിറ്റേറിയന്‍ പൊലീസ് മെഡലാണ്. ലോകത്തെല്ലായിടത്തും പൊലീസുകാരെക്കുറിച്ചുള്ള ആക്ഷേപം അവര്‍ക്ക് മനുഷ്യത്വമില്ല എന്നാണല്ലോ. എന്നാല്‍, മനുഷ്യത്വമുള്ളവന്‍ എന്ന പേരില്‍ ഒരു പൊലീസുദ്യോഗസ്ഥന്‍ ആദരിക്കപ്പെടുമ്പോള്‍ അതു തന്നെയല്ലേ ഏറ്റവും വിലപ്പെട്ടത്?

22 വയസ്സുള്ളപ്പോഴാണ് പ്രേം ഉപരിപഠനത്തിനായി അമേരിക്കയിലെത്തുന്നത്. ആദ്യ നാളുകളില്‍ ഏറെ കഷ്ടപ്പെട്ടു. പഠനം കഴിഞ്ഞ് ഒരു സെക്യൂരിറ്റി കമ്പനിയില്‍ ജോലി നോക്കുന്ന സമയത്താണ് സിന്‍ഡിയെ പരിചയപ്പെടുന്നത്. ഇന്ത്യക്കാരെ സിന്‍ഡിക്ക് ബഹുമാനമായിരുന്നു. അതിനു കാരണമുണ്ട്. പഞ്ചാബില്‍ ഭക്ര അണക്കെട്ടിന്റെ രൂപകല്പനയുടെയും ആസൂത്രണത്തിന്റെയും ചുമതലയുമായി പ്രൊജക്ട് മാനേജരായി പ്രവര്‍ത്തിച്ച എന്‍ജിനീയറായിരുന്നു സിന്‍ഡിയുടെ മുത്തച്ഛന്‍ ബ്രൂസ് ജോണ്‍സണ്‍ സീനിയര്‍. ഡെന്‍വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ എന്‍ജിനീയറിങ് കമ്പനിയിലായിരുന്നു അദ്ദേഹത്തിനു ജോലി. ഭക്ര അണക്കെട്ടിന്റെ ചീഫ് എന്‍ജിനീയറായിരുന്ന ഹാര്‍വി സ്ലോകത്തിനൊപ്പം തോളോടു തോള്‍ ചേര്‍ന്നു നിന്ന് ജോണ്‍സണ്‍ സീനിയര്‍ തന്റെ ചുമതലകള്‍ നിറവേറ്റി. പിതാവ് ഇന്ത്യയിലായിരുന്നതിനാല്‍ സിന്‍ഡിയുടെ അച്ഛന്‍ ഡോ.ബ്രൂസ് ജോണ്‍സണ്‍ ജൂനിയര്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ഇന്ത്യയിലാണ്. സിന്‍ഡിയുടെ മാതാപിതാക്കളെ പ്രേം പരിചയപ്പെട്ടപ്പോള്‍ അച്ഛന്‍ തന്റെ ഇന്ത്യന്‍ അനുഭവങ്ങള്‍ പ്രേമിനോടു പറയുമായിരുന്നു.

പ്രേമിന്റെ നല്ല സുഹൃത്തായിരുന്നു സിന്‍ഡി. അവന്റെ സന്തോഷങ്ങളും സങ്കടങ്ങളും അവന്‍ കൂട്ടുകാരിയുമായി പങ്കുവെച്ചു. ആ സമയത്താണ് വീട്ടുകാര്‍ അവനെ വിവാഹത്തിന് നിര്‍ബന്ധിച്ചു തുടങ്ങിയത്. പല ആലോചനകള്‍ വന്നുവെങ്കിലും എന്തുകൊണ്ടോ അവന്‍ ഒഴിഞ്ഞുമാറി. ഒരു മുന്‍പരിചയവുമില്ലാത്ത ഒരാളെ ജീവിതപങ്കാളിയാക്കുക എന്നത് അവന് ചിന്തിക്കാനാവുമായിരുന്നില്ല. ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങളും സങ്കടങ്ങളും അവന്‍ സിന്‍ഡിയുമായി പങ്കുവെച്ചു. അവള്‍ അവനെ ആശ്വസിപ്പിച്ചു. തന്നെ നന്നായി മനസ്സിലാക്കാന്‍ കഴിയുന്ന പെണ്‍കുട്ടിയാണ് ഒപ്പമുള്ളതെന്ന് ക്രമേണ പ്രേമിന് മനസ്സിലായി. ആ തിരിച്ചറിയല്‍ പ്രണയത്തിനു വഴിമാറി. വിവാഹത്തില്‍ കലാശിച്ചു. ഇന്നും പ്രേമിന്റെ ഏറ്റവുമടുത്ത സുഹൃത്ത് സിന്‍ഡി തന്നെയാണ്. ആ സൗഹൃദത്തിന് ബലമേകാന്‍ ഇപ്പോള്‍ ഇരട്ടകളായ ആന്‍ഡ്രൂവും അലക്സാണ്ടറുമുണ്ട്.

അമേരിക്കയിലെ പ്രേമിന്റെ ജീവിതം ആദ്യ ഘട്ടത്തില്‍ ഒട്ടും സുഖകരമായിരുന്നില്ല. വിശേഷിച്ചും 2001ല്‍ വേള്‍ഡ് ട്രേഡ് സെന്ററിനും പെന്‍റഗണിനും നേരെ അല്‍ ഖ്വെയ്ദ നടത്തിയ ഭീകരാക്രമണങ്ങള്‍ക്കു ശേഷം. ഭീകരാക്രമണമുണ്ടായ സമയത്ത് പ്രേം കൊളറാഡോയിലെ ഒരു ഗ്യാസ് സ്റ്റേഷനില്‍ ജീവനക്കാരനാണ്. ആ സമയത്ത് തവിട്ടു നിറമുള്ള എല്ലാവരും സായിപ്പന്മാര്‍ക്ക് ഭീകരരായിരുന്നു. ഒരിക്കല്‍ ഗ്യാസ് സ്റ്റേഷനില്‍ വെച്ച് പ്രേമിനു നേരെ ആക്രമണമുണ്ടായി -“എന്റെ രാജ്യം വിട്ടു പോടാ തീവ്രവാദി” എന്ന ആക്രോശവുമായി ഒരു വെള്ളക്കാരന്‍ പ്രേമനെ മര്‍ദ്ദിച്ചവശനാക്കി. അവിടുണ്ടായിരുന്ന സാധനങ്ങളൊക്കെ എടുത്ത് പ്രേമിന്റെ മുഖത്തെറിഞ്ഞു. പൊലീസിനെ വിളിക്കും എന്നു പ്രേം പറഞ്ഞപ്പോള്‍ “ഇപ്പോള്‍ കാണിച്ചു തരാം, ഇപ്പോള്‍ നിന്നെ തീര്‍ക്കും” എന്നു പറഞ്ഞ് തോക്കെടുക്കാന്‍ അയാള്‍ പുറത്തു നിര്‍ത്തിയിരുന്ന ട്രക്കിലേക്കോടി. ഈ സമയം ഗ്യാസ് സ്റ്റേഷനിലെ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തി വാതില്‍ പൂട്ടിയ ശേഷം പിന്നിലുള്ള മുറിയില്‍ പോയി ഒളിച്ചിരുന്നു. കൊള്ള പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള എമര്‍ജന്‍സി ബട്ടണമര്‍ത്തിയാല്‍ പൊലീസിന് സന്ദേശം കിട്ടും. ഒടുവില്‍ പൊലീസെത്തിയാണ് പ്രേമിനെ രക്ഷിച്ചത്.

തിരിച്ചൊന്നും ചെയ്തില്ലേ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ -“ഒന്നും ചെയ്യാന്‍ പറ്റില്ലളിയാ. നിന്നു കൊള്ളുകയേ നിവൃത്തിയുള്ളൂ. സാഹചര്യം അതായിരുന്നു. അന്നെനിക്ക് ഗ്രീന്‍ കാര്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളു, പൗരത്വമില്ല.” അന്നു പ്രേമിനെ രക്ഷിക്കാനെത്തിയ പൊലീസുകാരന്‍ ഒരു പാകിസ്താനിയായിരുന്നു -അമീര്‍. വളരെ ചെറുപ്പത്തില്‍ തന്നെ അമീര്‍ അമേരിക്കയിലെത്തിയതാണ്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എന്നും പ്രേമിനെ കാണാന്‍ അമീറെത്തും. സുഖവിവരങ്ങള്‍ അന്വേഷിക്കും. അങ്ങനെ അവര്‍ തമ്മില്‍ ഒരു സൗഹൃദം ഉടലെടുത്തു. ആ അമീറായിരുന്നു പ്രേമിന്റെ പ്രചോദനം. പാകിസ്താനിയായ അമീറിന് അമേരിക്കയില്‍ പൊലീസാവാമെങ്കില്‍ തനിക്കെന്തുകൊണ്ട് സാധിക്കില്ല എന്നവന്‍ ചിന്തിച്ചു. അതിനായുള്ള പരിശ്രമം തുടങ്ങി. അമീര്‍ എല്ലാവിധ പിന്തുണയും പ്രേമിനു നല്കി, ഒപ്പം സിന്‍ഡിയും.

പൊലീസില്‍ ജോലി കിട്ടാന്‍ അമേരിക്കന്‍ പൗരനാവണമെന്നതായിരുന്നു ആദ്യ കടമ്പ. അതു വിജയകരമായി പൂര്‍ത്തിയാക്കി. അമേരിക്കയിലെ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. അതു പ്രേമിനുണ്ടായിരുന്നു. പൊലീസാവുക എന്ന ലക്ഷ്യവുമായി പൊലീസ് അക്കാദമിയില്‍ ചേര്‍ന്നു. അവിടെ പല തരത്തിലുള്ള കഠിനപരിശീലനമാണ്. അമേരിക്കന്‍ നിയമങ്ങള്‍, വിഷയങ്ങളെ മനഃശാസ്ത്രപരമായി സമീപിക്കുന്ന രീതി, കുറ്റവാളികളെ ബലപ്രയോഗത്തിലൂടെ കീഴടക്കേണ്ടി വന്നാല്‍ അതിനുള്ള അയോധന മുറകള്‍, പലതരത്തിലുള്ള തോക്കുകള്‍ ഉപയോഗിച്ചുള്ള വെടിവെപ്പ് പരിശീലനം എന്നിവയെല്ലാം അവിടുണ്ട്. മികച്ച രീതിയില്‍ തന്നെ പ്രേം പൊലീസ് അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങി.

അടുത്ത ഘട്ടം അവിടത്തെ പൊലീസ് ഓഫീസര്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് പാസാവുക എന്നതാണ്. അതും മികച്ച നിലയില്‍ പ്രേം പാസായി. അതു കഴിഞ്ഞ് കായികക്ഷമതാ പരീക്ഷ, മാനസികക്ഷമതാ പരീക്ഷ എന്നിവയെല്ലാം കടന്ന് കള്ളം പറയുമോ എന്നറിയാനുള്ള പോളിഗ്രാഫ് ടെസ്റ്റ് വരെ പാസായി. തുടര്‍ന്ന് തൊഴിലവസരത്തിനായുള്ള കാത്തിരിപ്പായിരുന്നു. അതു വന്നപ്പോള്‍ പരീക്ഷയെഴുതി പാസായി പൊലീസ് ചീഫിനു മുന്നിലെ അഭിമുഖവും വിജയകരമായി പൂര്‍ത്തിയാക്കി പ്രേം അമേരിക്കന്‍ പൊലീസായി. ഓഫീസര്‍ പ്രേം വി.മേനോനായി, 2005ല്‍. ഇപ്പോള്‍ 15 വര്‍ഷം പിന്നിടുന്നു. പ്രേം പൊലീസിലെത്തി അല്പനാളുകള്‍ക്കകം അമീര്‍ വിരമിച്ചു!

പൗരത്വം നേടാനും പൊലീസില്‍ ആഗ്രഹിച്ച ഉദ്യോഗം നേടാനുമെല്ലാം പ്രേമിനു പിന്തുണയുമായി പിന്നില്‍ പാറ പോലെ അവളുണ്ടായിരുന്നു സിന്‍ഡി. അമേരിക്കന്‍ പൗരത്വം നേടി തൊഴിലും നേടിയ ശേഷം പ്രേം കുടുംബജീവിതത്തിലേക്കു പ്രവേശിച്ചു. 2006 ജൂണ്‍ 2ന് സിന്‍ഡിയെ മിന്നുകെട്ടി ജീവിതസഖിയാക്കി. 2009 ഏപ്രില്‍ 19ന് അവരുടെ ഭാഗ്യമായി ഇരട്ടകളുടെ രൂപത്തില്‍ ആന്‍ഡ്രൂവും അലക്സും എത്തി. ഞാനവരെ വിളിക്കുന്നത് വിജയനെന്നും അജയനെന്നും!!

2016 ജൂണില്‍ നാട്ടിലെത്തിയ പ്രേമിനും കുടുംബത്തിനുമൊപ്പം അവന്റെ തിരുവനന്തപുരം നന്തന്‍കോട്ടുള്ള വീട്ടില്‍ ഒത്തുകൂടിയപ്പോള്‍

2016 ജൂണിലാണ് പ്രേം അവസാനമായി തിരുവനന്തപുരത്തു വന്നിട്ടു പോയത്, കുടുംബസമേതം. അന്ന് നന്തന്‍കോട് ക്ലിഫ് ഹൗസിനു പിന്നിലുള്ള അവിന്റെ വീട്ടില്‍ ഞങ്ങളൊത്തുകൂടി. ഈ വര്‍ഷം 2020, ഞങ്ങള്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയതിന്റെ 30-ാം വാര്‍ഷികമാണ്. ഓഗസ്റ്റ് 15ന് ഒത്തുചേരല്‍ നിശ്ചയിച്ചിട്ടുണ്ട്. അതിന് അവന്‍ എന്തായാലും എത്തുമെന്ന് പറഞ്ഞിരിക്കുകയായിരുന്നു. ഇനിയിപ്പോള്‍ കോവിഡ് പ്രതിസന്ധി കാരണം അത് നീളുമോ എന്നറിയില്ല. പക്ഷേ, ഒന്നറിയാം എന്നാണെങ്കിലും പ്രേം ആ ഒത്തുകൂടലിന് എത്തിയിരിക്കും. അവന്‍ കേരളത്തില്‍ ജീവിക്കുന്ന നമ്മള്‍ മലയാളികളെക്കാള്‍ കൂടിയ മലയാളിയാണ്. ഇത്രയും കാലം വന്ന പോലാവില്ല ഇക്കുറി പ്രേമിന്റെ വരവ്. കാരണം അവനിപ്പോള്‍ ഫേമസാണല്ലോ!!

 


പിന്‍കുറിപ്പ്: പോള്‍ ബാര്‍ബര്‍ ഇനി ഇന്ത്യയില്‍ വന്ന് കിരീടം അടിച്ചോണ്ടു പോയാല്‍ പിടിക്കാന്‍ ദാസനും വിജയനും അമേരിക്കയില്‍ പോകേണ്ടി വരില്ല.

“സാധനം കൈയിലുണ്ടോ” എന്ന് ചോദിച്ചു നടക്കാനുള്ള പൊലീസ് ഇപ്പോള്‍ അമേരിക്കയില്‍ തന്നെയുണ്ട്!!

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks