Reading Time: 4 minutes

രാജ്യത്തിന്റെ ഭരണഘടന അട്ടിമറിക്കാനുള്ള ഫാഷിസ്റ്റ് ശ്രമങ്ങൾക്കെതിരെ ജനങ്ങൾ സംഘടിക്കുന്ന മഹാ പൗരസംഗമത്തിന്റെ കൂടിയാലോചനകളുമായി ട്രിവാൻഡ്രം ഹോട്ടലിലെ ഒരു മുറിയിൽ ചടഞ്ഞിരിക്കുകയായിരുന്നു ഞങ്ങൾ -ഞാനും ഡോ.അജിത്തും ഡോ.സന്തോഷുമെല്ലാം. അവിടേക്കാണ് ഡോ.ജയപ്രകാശിനൊപ്പം താടിയും മുടിയുമൊക്കെ നീട്ടിയ ആ മനുഷ്യൻ കടന്നുവന്നത്. അദ്ദേഹത്തെ അജിത്തിനും സന്തോഷിനുമെല്ലാം പരിചയമുണ്ടെന്നു തോന്നി. ആഗതനെ ജെ.പി. എനിക്കു പരിചയപ്പെടുത്തി -“പോളി വർഗ്ഗീസ്. നമ്മുടെ സുഹൃത്താണ്.” ഞാൻ കൈ കൊടുത്തു.

പോളി വർഗ്ഗീസ്

തലച്ചോറില്‍ ഒരു ഫ്ലാഷ് മിന്നി -“ഇത് അദ്ദേഹം തന്നെയല്ലേ? വീഡിയോയിൽ കണ്ട ആ അത്ഭുത സംഗീതജ്ഞൻ.” അപ്പോൾത്തന്നെ മനസ്സു തിരുത്തി -“ഹേയ് അതിനു സാദ്ധ്യതയില്ല. അദ്ദേഹം ഇവിടെ നമുക്കൊപ്പം വന്നിരിക്കുമോ?” സുഹൃത്താണെന്നു മാത്രമാണ് ജെ.പി. പരിചയപ്പെടുത്തിയത്. സംഗീതജ്ഞനാണെങ്കിൽ എടുത്തു പറയുമായിരുന്നല്ലോ! പെട്ടെന്നു തന്നെ പോളിയുമായി സൗഹൃദത്തിലായി. എന്തു ചെയ്യുന്നു എന്ന പതിവ് ചോദ്യം മാത്രം ഞാനുയർത്തിയില്ല. അദ്ദേഹം എന്നോടും ചോദിച്ചില്ല. ചർച്ച പോളിയുടെ അമേരിക്കൻ കുടിയേറ്റ സാദ്ധ്യതയിലേക്കു വരെ നീണ്ടു. വല്ല എഞ്ചിനീയറോ മറ്റോ ആയിരിക്കുമെന്ന് അതോടെ ഞാനുറപ്പിച്ചു. പോളി അങ്ങോട്ടു പോയിട്ടു വേണം അമേരിക്ക സന്ദർശിക്കാൻ നമുക്കങ്ങോട്ട് ചെല്ലാൻ എന്നുവരെയായി ചർച്ചകൾ.

അല്പം കൂടി കഴിഞ്ഞപ്പോൾ ചർച്ച പോളിയുടെ സ്ലോട്ടിനെക്കുറിച്ചായി. “പോളിക്കെന്ത് സ്ലോട്ട്?” -എന്റെ സംശയം അല്പം ഉച്ചത്തിലായിപ്പോയി. “പോളിയുടെ കച്ചേരി സെക്രട്ടേറിയറ്റിനു മുന്നിലെ വി ദ പീപ്പിൾ പന്തലിൽ” -മറുപടി പറഞ്ഞത് ജെ.പിയാണ്. എന്റെ ഞെട്ടൽ തുടർക്കഥയാവുകയായിരുന്നു. “അപ്പോൾ ഞാൻ ആദ്യം സംശയിച്ച ആ കക്ഷി തന്നെയാണ് ഈ കക്ഷി” -തിരിച്ചറിവിന്റെ നിമിഷം. ലോകപ്രശസ്തനായ സംഗീതജ്ഞനാണ് എന്റെ മുന്നിലിരിക്കുന്ന ഈ സാധാരണക്കാരൻ!

പോളി വർഗ്ഗീസ് ഗുരുവായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിനൊപ്പം

ജനുവരി 17ന് വൈകുന്നേരം 5 മണിയോടെ പോളി വർഗ്ഗീസ് നിശാഗന്ധി ഓഡിറ്റോറിയത്തിലെത്തി. സെക്രട്ടേറിയറ്റിനു മുന്നിലെ പന്തലിലെ പരിമിതികൾ മറികടക്കാൻ പോളിയുടെ പരിപാടി നിശാഗന്ധിയിലേക്കു ഞങ്ങൾ മാറ്റിയിരുന്നു. ജെ.പി. രഹസ്യമായി ഒരു കാര്യം വന്നു പറഞ്ഞു -“പോളി ഇന്നു പകൽ മുഴുവൻ ഉപവാസമായിരുന്നു. പെട്ടെന്നു പരിപാടി കഴിച്ചാൽ ഭക്ഷണം വല്ലതും വാങ്ങിക്കൊടുക്കാമായിരുന്നു.” കച്ചേരിക്കു മുമ്പ് പ്രാർത്ഥനയുടെ ഭാഗമാവും ഉപവാസമെന്ന് സ്വാഭാവികമായും ഞാൻ ധരിച്ചു. 15 മിനിറ്റിന്റെ സ്ലോട്ടാണ് പോളിക്കായി നീക്കിവെച്ചിരുന്നത്. എന്നാൽ, അവതരണത്തിലെ വ്യത്യസ്തതയിലൂടെ പോളി ആ സമയം നമ്മളാരുമറിയാതെ ഇരട്ടിപ്പിച്ചു. കാരണം ഞങ്ങളെല്ലാം ആ സംഗീതത്തിൽ ലയിച്ചിരിക്കുകയായിരുന്നു. ഒടുവിൽ പോളി എഴുന്നേൽക്കുമ്പോൾ ആസ്വാദകർക്ക് ഒട്ടും മതിയായിട്ടുണ്ടായിരുന്നില്ല. പക്ഷേ, സമയം വലിയ പരിമിതിയായിരുന്നു.

വേദിക്കു പിന്നിൽ വെച്ച് കെട്ടിപ്പിടിക്കുമ്പോൾ പോളിയുടെ കണ്ണുകളിൽ സംതൃപ്തിയുടെ തിളക്കം. “ലക്ഷങ്ങളുടെ മൂല്യമുള്ള കലാപ്രകടനമാണ് ഒരു രൂപ പോലും വാങ്ങാതെ നിങ്ങൾ കാഴ്ചവെച്ചത്” -ഞാൻ പറഞ്ഞു. “ഈ ആശയത്തോട് യോജിപ്പുള്ളതു കൊണ്ടാണ് ഞാനിവിടെ വന്നത്. അവിടെ പണമോ പ്രതിഫലമോ വിഷയമല്ല” -പോളി പറഞ്ഞു. അങ്ങനെ പറയാനേ പോളിക്കു സാധിക്കൂ. നിശാഗന്ധിയിൽ കച്ചേരിക്ക് ആമുഖമായി പോളി പറഞ്ഞത് എല്ലാവരും കേട്ടതാണല്ലോ. മനസ്സിലാക്കിയതാണല്ലോ. “എന്റെ കല ഒരു ദൈവത്തിന്റെയും വരദാനമല്ല. എന്റെ വേദനകളും കണ്ണുനീരുമാണ് അതിൽ മുഴുവനും. എന്റെ പാട്ടിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഈ ഹിന്ദുസ്ഥാനി കച്ചേരി എന്റെ രാഷ്ട്രീയപ്രവർത്തനമാണ്. അതുകൊണ്ടാണ് ഞാനിവിടെ വന്നത്. എന്റെ കല മുന്നോട്ടു വയ്ക്കുന്നത് മാനവികതയാണ്…” -പൂർണ്ണമായും ആത്മാർത്ഥത നിഴലിക്കുന്ന വാക്കുകൾ. കച്ചേരിക്കു മുമ്പുള്ള പോളിയുടെ ഉപവാസം പ്രാർത്ഥനയുടെ ഭാഗമാണെന്നു വിശ്വസിച്ചു പോയ എനിക്ക് ആ വാക്കുകൾ കേട്ടപ്പോൾ എന്നോടു തന്നെ പുച്ഛം തോന്നിയെന്നത് പരമാർത്ഥം. തടി കുറയ്ക്കാനായിരുന്നു ആ ഉപവാസമെന്നും പിന്നീട് ഞാനറിഞ്ഞു!!

മോഹൻ വീണ വായിക്കുന്ന അഞ്ചു പേർ മാത്രമാണ് ലോകത്തുള്ളത്. അതിലൊരാളാണ് പോളി വർഗ്ഗീസ്. ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിന്റെ പ്രധാന ശിഷ്യന്‍, വിശ്വമോഹന്‍ ഭട്ട് വികസിപ്പിച്ച മോഹനവീണ പരിഷ്കരിച്ച. സംഗീതജ്ഞൻ. ബസുദേവ് ബാവുളിന്റെ പ്രിയ ശിഷ്യനായ ബാവുൾ ഗായകൻ. ബംഗാളി സിനിമയിലെ ജനപ്രിയ നടൻ. നാടകപ്രവർത്തകൻ, കവി, ആക്ടിവിസ്റ്റ്, പരിഭാഷകൻ -പോളി എന്തല്ല എന്നു പറയുന്നതാവും എളുപ്പം എന്നു തോന്നുന്നു. 46 രാജ്യങ്ങളിൽ കച്ചേരി നടത്തിയ സംഗീതജ്ഞൻ എന്ന അഹങ്കാരമൊന്നും അദ്ദേഹത്തിനില്ല. 49 വയസ്സ് എന്ന പ്രായത്തിനിടെയാണ് ഈ നേട്ടമെന്നോർക്കുക! എന്നും ഒരു സഞ്ചാരിയായിരിക്കാൻ ഇഷ്ടപ്പെടുന്നു എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

തൃശ്ശൂർ വലപ്പാട് സ്വദേശിയാണ് പോളി. കലാമണ്ഡലത്തിൽ പഠിച്ചത് മൃദംഗം. പക്ഷേ, ദൂരദർശനിൽ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റെ കലാപ്രകടനം ദൂരദർശനിൽ കാണാനിടയായത് വഴിത്തിരവായി. ഗുരുവിനെത്തേടി യാത്ര പുറപ്പെട്ടു. തേടിപ്പിടിച്ചു. ഒടുവിൽ അദ്ദേഹത്തിന്റെ വത്സലശിഷ്യനായി. അഞ്ചു വർഷത്തോളം ഗുരുവിന്റെ വീട്ടിൽ തന്നെ പോളി താമസിച്ചു പഠിച്ചു. വിശ്വമോഹൻ ഭട്ട് തന്നെ നിർമ്മിച്ചതാണ് മോഹൻ വീണ. ഇപ്പോഴതിൽ 22 തന്ത്രികളുണ്ട്. ആദ്യം 20 തന്ത്രികളായിരുന്നു. പോളി എന്ന ശിഷ്യൻ ഗുരുവിന്റെ വീണയിൽ 2 തന്ത്രികൾ കൂട്ടിച്ചേർത്തു. ഇതിനു പുറമെ മൂന്നു കാലുകളിലായി 40 തന്ത്രികളുള്ള ബഹുതന്ത്രി വീണയും പോളി സൃഷ്ടിച്ചു -പോളി സ്ട്രിങ് ഗ്വിറ്റാർ എന്ന പേരിൽ.

മോഹൻ വീണ അത്രയെളുപ്പം പഠിക്കാനാവില്ല. കാരണം, ഇതിൽ സ്വരസ്ഥാനങ്ങളില്ല. തലച്ചോറിലെ ബോധസഞ്ചാരമാണ് മോഹൻ വീണയിലെ സംഗീതം. പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് തന്നെയാണ് മോഹൻ വീണ നിർമ്മിക്കുന്നത്. അതിനാൽ ആവശ്യക്കാർക്കു മാത്രമേ ഉണ്ടാക്കി നൽകുകയുള്ളൂ.

മഹാന്മാരായ സംഗീതജ്ഞർക്കു കീഴിൽ നേടിയ പരിശീലനത്തിന്റെ ആകെത്തുകയാണ് തന്റെ സംഗീതമെന്ന് പോളി പറയുന്നു. ഒരു ലക്ഷ്യവുമില്ലാതെ നടന്ന കാലവും നാടകപ്രവർത്തനവും കവിതയുമെല്ലാം അവയുടേതായ പങ്കുവഹിച്ചിട്ടുണ്ട്. “ആസ്വാദകർക്കു വേണ്ടി ഞാൻ വീണ വായിക്കാറില്ല, പാടാറില്ല. എന്റെ സംഗീതം എനിക്കുവേണ്ടിയാണ്. സംഗീതമെന്നു പറയുന്നത് സംഗീതജ്ഞന്റെ ആത്മഗതങ്ങളാണ്. ആ ആത്മഗതങ്ങൾ കേൾക്കാനുള്ള അവസരമാണ് ആസ്വാദകന് ലഭിക്കുന്നത്. ഒരു പ്രത്യേക ഘട്ടത്തിൽ ആസ്വാദകനും ആത്മഗതത്തിന്റെ ഭാഗമാവുന്നു. സംഗീതജ്ഞനും ആസ്വാദകനും ഒന്നാവുന്നു. എന്റെ കച്ചേരിയുടെ റെക്കോഡിങ്ങുകൾ പിന്നീട് കേൾക്കുമ്പോൾ ഇതൊക്കെ ഞാൻ തന്നെ വായിച്ചതാണോ എന്ന അത്ഭുതം പലപ്പോഴും തോന്നാറുണ്ട്. സംഗീതത്തിൽ മുഴുകിക്കഴിഞ്ഞാൽ ചുറ്റും നടക്കുന്നതൊന്നും നമ്മളറിയില്ല.” -പോളി പറയുന്നു.

2001ൽ ടി.എൻ.ഗോപകുമാർ സംവിധാനം ചെയ്ത ജീവൻ മശായ്, 2003ൽ രാജേഷ് നാരായണൻ സംവിധാനം ചെയ്ത കാളവർക്കി തുടങ്ങിയ സിനിമകൾക്ക് സംഗീതമൊരുക്കിയത് പോളി വർഗ്ഗീസാണ്. ഒട്ടേറെ ബംഗാളി ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതം നിർവ്വഹിച്ചു. നാടകത്തിന് സംഗീതം നൽകുക മാത്രമല്ല കൃഷ്ണമൂർത്തി, ബാദൽ സർക്കാർ, നാസർ തുടങ്ങിയ നാടകാചാര്യന്മാർക്കൊപ്പം നാടകപ്രവർത്തനം നടത്തുകയും ചെയ്തു. ഒട്ടേറെ ഭാഷകളിലുള്ള നാടകങ്ങളിൽ പോളി അഭിനയിച്ചിട്ടുണ്ട്. തമിഴിലെയും ബംഗാളിയിലെയും സിനിമകളിൽ ഒട്ടേറെ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ലാലൻ ഫക്കീറിന്റെ ബാവുൾ ഗീതങ്ങൾ മനോഹരമായി പാടുന്ന പോളി രബീന്ദ്ര സംഗീതത്തിലും പരിശീലനം നേടിയിട്ടുണ്ട്. ഉജ്ജയിനിയിലെ പണ്ഡിറ്റ് ഹീരാസിങ് ബോരലിയയ്ക്കു കീഴിൽ കബീർ ഗീതങ്ങളും അഭ്യസിച്ചു.

വി ദ പീപ്പിൾ വേദിയിൽ പോളി അവതരിപ്പിച്ച മാസ്മരിക സംഗീതം മൊബൈലിലെ വീഡിയോയിലൂടെ വീണ്ടും കേൾക്കാനിടയായതാണ് ഈ കലാകാരനെക്കുറിച്ചുള്ള ഈ കുറിപ്പിലേക്കു നയിച്ചത്. ദിവസങ്ങളോളം ഒപ്പമുണ്ടായിരുന്നിട്ടും കൂടെയൊരു ചിത്രമെടുക്കാനോ ഒരു കൈയൊപ്പ് വാങ്ങി സൂക്ഷിക്കാനോ സാധിച്ചില്ല എന്നതാണ് സങ്കടം. ഒപ്പം നിന്ന് ചിത്രമെടുക്കുകയോ ഒപ്പു വാങ്ങുകയോ ചെയ്യേണ്ട സവിശേഷതകൾ ഉള്ളതായി തോന്നിക്കാത്തവിധം സാധാരണക്കാരനായി പോളി പെരുമാറി എന്നതാവാം കാരണം.

Previous articleഗവർണറുടെ വായന
Next articleതോൽക്കാൻ മനസ്സില്ലാത്തവർ
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here