Kerala Hindu Places of Public Worship (Authorisation of Entry) Act, 1965 അഥവാ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശനാധികാര) നിയമം, 1965 -സമകാലിക കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന നിയമമാണിത്. ഇതെങ്ങനെ ചര്‍ച്ച ചെയ്യപ്പെടുന്നു എന്ന സംശയം പെട്ടെന്നു തന്നെ ഉണരുക സ്വാഭാവികം. ശബരിമല കേസിലെ വിധിക്ക് ആധാരമായത് ഈ നിയമത്തിലെ മാറ്റമാണ് എന്നു പറഞ്ഞാല്‍ എളുപ്പത്തില്‍ മനസ്സിലാവും. കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശനാധികാര) നിയമം 1965ലെ ചട്ടം 3(ബി) സുപ്രീം കോടതി റദ്ദാക്കിയതാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സ്ഥിതിയുണ്ടാക്കിയത്. ചെറിയ കളിയല്ല എന്നു മനസ്സിലായില്ലേ?
ശബരിമല കേസിലെ സുപ്രീം കോടതി വിധി ഇപ്പോള്‍ പൂര്‍ണ്ണ രൂപത്തില്‍ ലഭ്യമാണ്. അതിന്റെ പ്രസക്ത ഭാഗങ്ങള്‍ കേരള സര്‍ക്കാര്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ മലയാളിയും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട രേഖയാണിത്. എല്ലാവരും അതു വായിച്ചിരുന്നുവെങ്കില്‍ ഇപ്പോഴുള്ള പുകിലുകളൊന്നും ഉണ്ടാവുമായിരുന്നില്ല. മനഃപൂര്‍വ്വം പുകിലുണ്ടാക്കുന്നവരെയല്ല ഉദ്ദേശിച്ചത്, കുപ്രചരണങ്ങളുടെ ഭാഗമായി പുകിലില്‍ പെട്ടുപോയവരെയാണ്.
ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തിലെ മൂന്നാം വകുപ്പ് എന്താണെന്ന് ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ആര്‍ക്കൊക്കെയാണ് ഹിന്ദു ആരാധനാലയത്തില്‍ പ്രവേശിക്കാനാവുക എന്ന് വ്യക്തമാക്കുന്നത് ഈ വകുപ്പാണ്.
Section 3
Places of public worship to be open to all section and classes of Hindus:-
Notwithstanding anything to the contrary contained in any other law for the time being in force or any custom or usage or any instrument having effect by virtue of any such law or any decree or order of court, every place of public worship which is open to Hindus generally or to any section or class thereof, shall be open to all sections and classes of Hindus; and no Hindu of whatsoever section or class shall, in any manner, be prevented, obstructed or discouraged from entering such place of public worship, or from worshipping or offering prayers thereat, or performing any religious service therein, in the like manner and to the like extent as any other Hindu of whatsoever section or class may enter, worship, pray or perform: Provided that in the case of a public of public worship which is a temple founded for the benefit of any religious denomination or section thereof, the provisions of this section, shall be subject to the right of that religious denomination or section as the case may be, to manage its own affairs in matters of religion.
ഇതുപോലെ തന്നെ, ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തിലെ ചട്ടം മൂന്നിലാണ് ആര്‍ക്കൊക്കെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ലാത്തത് എന്നു പറഞ്ഞിട്ടുള്ളത്.
Rule 3
The classes of persons mentioned here under shall not be entitled to offer worship in any place of public worship or bath in or use the water of any sacred tank, well, spring or water course appurtenant to a place of public worship whether situate within or outside precincts thereof, or any sacred place including a hill or hill lock, or a road, street or pathways which is requisite for obtaining access to the place of public worship-
(a) Persons who are not Hindus.
(b) Women at such time during which they are not by custom and usage allowed to enter a place of public worship.
(c) Persons under pollution arising out of birth or death in their families.
(d) Drunken or disorderly persons.
(e) Persons suffering from any loathsome or contagious disease.
(f) Persons of unsound mind except when taken for worship under proper control and with the permission of the executive authority of the place of public worship concerned.
(g) Professional beggars when their entry is solely for the purpose of begging.
ഈ ചട്ടങ്ങളില്‍ ഒരു വിഭാഗം സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന 3 (ബി) ഉപചട്ടം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിലയിരുത്തി. അതു പ്രകാര്യം ന്യായമായി സ്വീകരിക്കേണ്ട നടപടി കോടതിയുടെ ഭാഗത്തുനിന്നുണ്ടായി -ചട്ടം റദ്ദാക്കി. ഇതോടെ ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനത്തിന് വഴിയൊരുങ്ങി. തുടര്‍ന്നാണ് ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കോപ്രായങ്ങള്‍ക്ക് തുടക്കമായത്.
യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്രേയുള്ളൂ. 1991ലെ ഹൈക്കോടതി വിധിയിലൂടെയാണ് ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ പാടില്ല എന്ന വ്യവസ്ഥ വന്നത്. ആ വിധി 2018ല്‍ സുപ്രീം കോടതിയുടെ നടപടിയിലൂടെ അസാധുവായി. 1991ലെ ഹൈക്കോടതി വിധി വരുന്നതിനു മുമ്പ് നിലനിന്നിരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ തിരിച്ചുപോയി എന്നേയുള്ളൂ. ഇടയ്ക്കുള്ള 27 വര്‍ഷങ്ങളിലാണ് ആചാരമെന്ന പേരില്‍ സര്‍വ്വ പുകിലിനും കാരണമായിരിക്കുന്ന യുവതി നിയന്ത്രണം ശബരിമലയില്‍ ഉണ്ടായിരുന്നത്.
പഴയൊരു ജര്‍മ്മന്‍ നാടോടിക്കഥയിലെ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്. The Pied Piper of Hamelin -ഹാംലിനിലെ കുഴലൂത്തുകാരന്‍ എന്ന കഥ പണ്ട് സ്‌കൂളില്‍ ഇംഗ്ലീഷ് പാഠഭാഗമായിരുന്നു. ഹാംലിന്‍ നഗരത്തിലെ എലികളെ തുരത്താനായാണ് നഗരവാസികള്‍ ആ കുഴലൂത്തുകാരനെ ക്ഷണിച്ചുകൊണ്ടുവന്നത്. അയാളുടെ കുഴലൂത്തില്‍ അകൃഷ്ടരായ എലികള്‍ പിന്നാലെ പോകുകയും പുഴയിൽ മുങ്ങിച്ചാവുകയും ചെയ്തു. എന്നാല്‍, എലികളുടെ ശല്യമൊഴിഞ്ഞപ്പോള്‍ കുഴലൂത്തുകാരന് പറഞ്ഞ പ്രതിഫലം നല്‍കാന്‍ ഹാംലിന്‍കാര്‍ തയ്യാറായില്ല. അയാള്‍ വീണ്ടും കുഴലൂതി. ഇക്കുറി ഹാംലിന്‍ നഗരത്തിലെ കുട്ടികളാണ് അയാള്‍ക്കു പിന്നാലെ പോയത്. അവര്‍ സമീപത്തെ മലനിരകളിലുള്ള ഗുഹയിലേക്കു നടന്നു മറഞ്ഞു, എന്നെന്നേയ്ക്കുമായി.
ഇപ്പോഴത്തെ കേരളീയ സാഹചര്യത്തില്‍ ആ കഥാപാത്രവുമായി സാമ്യമുള്ള ഒരാളുണ്ട് -പി.എസ്.ശ്രീധരന്‍ പിള്ള. ഹാംലിനിലെ കുഴലൂത്തുകാരന്റെ സദ്ഭാവമല്ല, മറിച്ച് വില്ലന്‍ ഭാവത്തിലാണെന്നു മാത്രം. നാമജപത്തിന്റെ രൂപത്തിലുള്ള മുദ്രാവാക്യങ്ങളുയര്‍ത്തി ശ്രീധരന്‍ പിള്ള വിശ്വാസികള്‍ എന്നു പറയപ്പെടുന്നവരെ തന്റെയും തന്റെ പാര്‍ട്ടിയുടെയും സ്വാര്‍ത്ഥലക്ഷ്യങ്ങളിലേക്ക് നടത്തുന്നു. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ GOLDEN OPPORTUNITY മുതലാക്കാനുള്ള നീക്കം. നാടിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന ‘നാമജപ’ സദസ്സുകളില്‍ കൈകൊട്ടി പാടുന്നവരുടെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ആ പഴയ കഥയിലെ കുഴലൂത്തുകാരന്റെ പിന്നാലെ പോയ കുട്ടികളെ ഓര്‍മ്മവരുന്നു. കുഴലൂത്തുകാരന്റെ താളത്തിനൊത്ത് താളം പിടിക്കുന്ന, തങ്ങളുടെ വിധിയെന്താവുമെന്ന് അറിയാത്ത പാവങ്ങള്‍.
ഇവരിലൊരു സംഘം കുലസ്ത്രീകള്‍ കുറച്ചു നാളുകള്‍ക്കു മുമ്പ് നിലയ്ക്കലില്‍ വാഹനം തടഞ്ഞ് പരിശോധന നടത്തുന്നതു കണ്ടു. ‘യുവതി’ ആണെന്ന പേരില്‍ മാധ്യമപ്രവര്‍ത്തകരെ വലിച്ചിഴയ്ക്കുന്നതു കണ്ടു. പക്ഷേ, ഹാംലിനിലെ കുഴലൂത്തുകാരന്റെ ഭാവത്തില്‍ നില്‍ക്കുന്ന ശ്രീധരന്‍ പിള്ളയ്ക്ക് ഒരുത്തരവാദിത്വവും അതിലൊന്നും ഇല്ല. കാരണം അത് ഭക്തരുടെ വികാരമാണ്. ആ ഭക്തരെ കുത്തിയിളക്കി തെരുവിലിറക്കിയത് അദ്ദേഹമാണെന്നത് വേറെ കാര്യം. പക്ഷേ, നല്ല വൃത്തിയായി പിള്ള വക്കീൽ കൈകഴുകി.
സുപ്രീം കോടതിയുടെ വിധിയില്‍ പരാമര്‍ശവിഷയമായ കേരള ഹിന്ദു ആരാധനാലയ നിയമത്തിലെ വകുപ്പ് 5ന് ഈ ഘട്ടത്തില്‍ പ്രാധാന്യം കൈവരികയാണ്. ആരാധനാലയത്തില്‍ പോകുന്ന വിശ്വാസിയെ തടയാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ശിക്ഷ എന്താവണമെന്നു പറയുന്ന വകുപ്പാണിത്. വിധിയുടെ പേജ് 84ല്‍ ഇതെടുത്തു പറഞ്ഞിട്ടുണ്ട്.
Section 5
Penalty
Whoever, in contravention of Section 3,-
(a) prevents or attempts to prevent any person belonging to any section or class of Hindus from entering, worshipping or offering prayers, performing any religious service, in any place of public worship; or
(b) obstructs, or causes or attempts to cause obstruction to, or by threat of obstruction or otherwise discourages, any such person from doing or performing any of the acts aforesaid, shall be publishable with imprisonment which may extent to six months, or with fine which may extent to five hundred rupees, or with both.
ഒരു ഹിന്ദു ആരാധനാലയത്തില്‍ പോകുന്ന വിശ്വാസിയ തടയുകയോ പ്രാര്‍ത്ഥനയ്ക്കു തടസ്സം വരുത്തുകയോ ചെയ്താല്‍ 6 മാസം തടവാണ് ശിക്ഷ. ഇത് പൊലീസിനറിയാം. അവര്‍ മിണ്ടില്ല, കാരണം കുറ്റം ചെയ്തവര്‍ ശിക്ഷയനുഭവിക്കട്ടെ എന്നാണ് നിലപാട്. ഇതിനൊപ്പം ശാരീരികമായ കൈയേറ്റമോ വധശ്രമമോ ഒക്കെ ചേര്‍ത്ത് കേസ് എഴുതിവെയ്ക്കും. ഈ വകുപ്പിനെക്കുറിച്ച് വക്കീലായ ശ്രീധരന്‍ പിള്ളയ്ക്ക് അറിയാതിരിക്കുമോ? അദ്ദേഹത്തിനു നന്നായറിയാം. പക്ഷേ, ക്ഷേത്രത്തിലേക്കു വരുന്നവരെ തടഞ്ഞാല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നു പറഞ്ഞാല്‍ പിന്നെ തടയാന്‍ ആളെക്കിട്ടുമോ? ഇല്ല തന്നെ. അപ്പോള്‍ ചെയ്യാവുന്നത് ഇതെപ്പറ്റി മിണ്ടാതിരിക്കുക. എപ്പടി ഐഡിയ!!
ക്യാമറയൊക്കെ വെച്ച് പൊലീസ് കൃത്യമായ തെളിവുണ്ടാക്കി വെച്ചിട്ടുണ്ട്. കൃത്യസമയത്ത് അവര്‍ കേസെടുക്കുകയും തട്ടി അകത്താക്കുകയും ചെയ്യും. ഏതായാലും ശബരിമല വിഷയത്തില്‍ ജനുവരി 22ന് തീരുമാനമാകും എന്നുറപ്പ്. അന്നാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് റിവ്യൂ പെറ്റീഷനുകള്‍ പരിഗണിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ തുറന്ന കോടതിയില്‍ കാര്യകാരണ സഹിതം വിശദീകരണം നല്‍കി അതു മുഴുവന്‍ ഒറ്റയടിക്ക് തള്ളാനാണ് 99 ശതമാനവും സാദ്ധ്യത. അതോടെ കഥ അവിടെ തീര്‍ന്നു. പിന്നെ ചര്‍ച്ചയില്ല. ഇനി 1 ശതമാനം സാദ്ധ്യത -ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും കൂടുതല്‍ പരിശോധനയ്ക്കായി വിപുലമായ ഏഴംഗ ബെഞ്ചിന് രൂപം നല്‍കുകയും ചെയ്യുക. അങ്ങനെ വരികയാണെങ്കില്‍ ഇപ്പോഴത്തെ വിധിക്ക് സ്‌റ്റേ വരും. പിന്നെ നിയമപോരാട്ടങ്ങള്‍ വര്‍ഷങ്ങള്‍ നീളും. സാദ്ധ്യതയൊട്ടുമില്ലെങ്കിലും ഇതു സംഭവിച്ചാലും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തീരും.
പിന്നെ ബാക്കിയാവുന്നത് പ്രതിഷേധക്കാര്‍ തലയില്‍ വലിച്ചുവെച്ച കേസുകള്‍ മാത്രമാവും. ഇപ്പോള്‍ത്തന്നെ ഭക്തരാണ് പ്രതിഷേധിച്ചതെന്നും തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും പറയുന്ന ശ്രീധരന്‍ പിള്ള ആ കേസുകളുടെയൊക്കെ നടത്തിപ്പ് ചുമതല ഏല്‍ക്കുമെന്നാണോ? ഇല്ലേയില്ല. അദ്ദേഹം പൊടിയും തട്ടി അടുത്ത GOLDEN OPPORTUNITY തപ്പിപ്പോകും. കേസ് തലയില്‍ വാങ്ങിയവന്‍ അതും ചുമന്നു നടക്കും, ചിലപ്പോള്‍ മാസങ്ങളോളം അകത്തുമാവും.
പാര്‍ട്ടിക്കാര്‍ക്ക് ജയില്‍ പ്രശ്‌നമല്ല. പക്ഷേ, ആഢ്യകുടുംബങ്ങളില്‍ പിറന്ന കുലപുരുഷന്മാര്‍ക്കും കുലസ്ത്രീകള്‍ക്കും അങ്ങനെയാണോ? ‘ജീവിതത്തില്‍ ഇന്നുവരെ പൊലീസ് സ്റ്റേഷന്റെ അടുത്തുകൂടെ പോലും പോയിട്ടില്ല’ എന്നു മേനി പറയുന്നവര്‍ ജയിലിലാവുന്ന കാര്യം ഒന്നു ചിന്തിച്ചു നോക്കൂ. ജയിലില്‍ കിടക്കുന്നത് പിന്നെയും സഹിക്കാം. അതിനു മുമ്പ് കോടതിയില്‍ പോയി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്നതും, പ്രതിക്കൂട്ടില്‍ കയറി കൈയും കെട്ടി നില്‍ക്കുന്നതുമെല്ലാം ആലോചിക്കാനാവുമോ? അനുഭവിക്കാന്‍ നിങ്ങള്‍ മാത്രമേ കാണൂ.
അപ്പോള്‍ പൊലീസുകാര്‍ ഭക്തരെ തടയുകയും പരിശോധിക്കുകയും ചെയ്യുന്നത് നിയമത്തിന്റെ പരിധിയില്‍ വരില്ലേ എന്ന ചോദ്യമുണ്ടാകാം. തീര്‍ത്തും ന്യായമായ ചോദ്യം. നിയമപാലനത്തിന്റെ ഭാഗമായി നടത്തുന്ന പരിശോധനകളും കസ്റ്റഡിയുമൊന്നും തടയലിന്റെ പരിധിയില്‍ വരില്ല സഹോ. അതെല്ലാം ക്രമസമാധാനപാലനം മാത്രമാണ്.
ഇനി ചില പ്രധാന കാര്യങ്ങള്‍ കൂടി മനസ്സിലാക്കേണ്ടതുണ്ട്. ആര്‍.എസ്.എസ്. മുഖേന ബി.ജെ.പിയാണല്ലോ ഈ കോലാഹലം മുഴുവന്‍ ഉണ്ടാക്കുന്നത്. സുപ്രീം കോടതി പറയുന്നതിനു മുമ്പു തന്നെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട സംഘടനയാണ് ആര്‍.എസ്.എസ്. ഈ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തതും 12 വര്‍ഷം കേസ് നടത്തിയതും ആര്‍.എസ്.എസ്. കുടുംബാംഗങ്ങളായ യുവതികളാണ്. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് മാതൃഭൂമിയുടെ ശബരിമല സപ്ലിമെന്റില്‍ 1999ല്‍ തന്നെ ലേഖനമെഴുതാന്‍ ധൈര്യം കാണിച്ച രാഷ്ട്രീയ നേതാവാണ് ബി.ജെ.പിയുടെ ഇന്നത്തെ ഏക എം.എല്‍.എ. ഒ.രാജഗോപാല്‍. യുവതികളെ പ്രവേശിപ്പിക്കാന്‍ ശബരിമലയിലെ ക്രമീകരണങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ടതും ബി.ജെ.പി. നേതാവാണ്, ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചപ്പോള്‍ അതിനെ ഏറ്റവുമാദ്യം സ്വാഗതം ചെയ്ത സംഘടനകളിലൊന്ന് ആര്‍.എസ്.എസ്. ആയിരുന്നു. വിശ്വാസികള്‍ക്കിടയില്‍ ബോധവത്കരണം നടത്തി ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്നും ആര്‍.എസ്.എസ്. ആവശ്യപ്പെട്ടു. ഇതിനെല്ലാം ശേഷം ആര്‍.എസ്.എസ്സും ബി.ജെ.പിയും നിലപാട് കീഴ്‌മേല്‍ മറിച്ച്, പറഞ്ഞതെല്ലാം വിഴുങ്ങി തെരുവിലിറങ്ങിയെങ്കില്‍ അത് അവര്‍ക്ക് കേരളത്തില്‍ നേടാനുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരില്‍ മാത്രമാണ്. ഈ രാഷ്ട്രീയ ലക്ഷ്യങ്ങളിലെ കരുക്കളായി നിന്നുകൊടുക്കണോ എന്നാണ് ഓരോ വിശ്വാസിയും ചിന്തിക്കേണ്ടത്. ഇവിടെ എന്തു നടന്നാലും അത് ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കും നേട്ടമാണ്. നഷ്ടം സാധാരണക്കാരനു മാത്രം. ആദ്യ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ജാമ്യം പോലും കിട്ടാതിരിക്കുന്ന അവസ്ഥ ഉദാഹരണമായി നമുക്കു മുന്നിലുണ്ടല്ലോ!