HomeGOVERNANCEസ്പ്രിങ്ക്ളര്...

സ്പ്രിങ്ക്ളര്‍ സത്യവാങ്മൂലം

-

Reading Time: 2 minutes

കോവിഡ് 19 ഡാറ്റ വിശകലനത്തിന് സ്പ്രിങ്ക്ളര്‍ കമ്പനിയുടെ സേവനം വിനിയോഗിക്കുന്നതിന്‌ എതിരായ ഹര്‍ജിയിൽ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദമായ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഈ വിഷയത്തില്‍ സാധാരണക്കാര്‍ക്ക് ഉണ്ടാകാനിടയുള്ള സംശയങ്ങള്‍ വലിയൊരളവു വരെ ദൂരീകരിക്കാന്‍ ഈ സത്യവാങ്മൂലത്തിലെ വസ്തുതകള്‍ സഹായിക്കും.

    1. സംസ്ഥാനത്ത് 80ലക്ഷം പേര്‍ക്ക് കൊവിഡ് രോഗബാധയുണ്ടാകുമെന്ന് അന്താരാഷ്ട്ര ഏജന്‍സികളുടെ പഠന റിപ്പോര്‍ട്ട്.
    2. ഓണ്‍ലൈന്‍ വഴി പൊതുവിതരണ സംവിധാനത്തിലെ വിവരങ്ങള്‍ ശേഖരിക്കുമെന്ന ആക്ഷേപം തെറ്റ്.
    3. ഉചിതമായ നടപടി അതിവേഗം സ്വീകരിക്കുന്നതിന് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കഴിയും.
    4. പഠന റിപ്പോര്‍ട്ടിന് അനുസൃതമായി രോഗവ്യാപനമുണ്ടായാല്‍ ഓരോരുത്തരുടെയും അടുത്തെത്തി വിവരശേഖരണം അസാദ്ധ്യം.
    5. ഓണ്‍ലൈന്‍ വിവര ശേഖരണത്തിലൂടെ ഡാറ്റ അനലിറ്റിക്‌സ് വഴി പ്രാദേശികമായിത്തന്നെ നേരിടാന്‍ നടപടി സ്വീകരിക്കാനാവും.
    6. ആദ്യ വിവരങ്ങള്‍ സ്പ്രിങ്ക്ളര്‍ ഡൊമെയ്നില്‍ നല്‍കിയത് പ്രാഥമിക പരീക്ഷണാര്‍ത്ഥം.
    7. ഇത് പിന്നാലെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ ഡൊമെയ്നിലേക്ക് മാറ്റി.
    8. എന്‍ക്രിപ്റ്റഡ് ആയി വിവരങ്ങള്‍ സൂക്ഷിക്കുന്നത് വിദേശത്തല്ല; മുംബൈയിലെ ആമസോണ്‍ ക്ലൗഡ് സെര്‍വറില്‍.
    9. സി-ഡിറ്റിന് ആമസോണ്‍ അക്കൗണ്ടുണ്ട്; എന്നാല്‍ വിവരങ്ങള്‍ സൂക്ഷിക്കാന്‍ മതിയായ ശേഷിയുണ്ടായിരുന്നില്ല.
    10. വിവരങ്ങള്‍ സൂക്ഷിക്കാന്‍ സി-ഡിറ്റിന്റെ അക്കൗണ്ട് അപഗ്രേഡ് ചെയ്തു; വിവര ശേഖരണം ഇതില്‍.
    11. ശേഖരിച്ച ഡാറ്റയിലും അതിന്റെ അപഗ്രഥനത്തിലും സര്‍ക്കാരിന് പൂര്‍ണ്ണ ഉടമസ്ഥാവകാശം.
    12. ഡാറ്റ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ ചുരുങ്ങിയ സമയത്ത് സൗകര്യമൊരുക്കുക എന്നത് പ്രാവര്‍ത്തികമല്ല.
    13. ഇതിന് തക്ക സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ ഇല്ല.
    14. ബിഗ് ഡാറ്റ അനാലിസിസിന് സര്‍ക്കാര്‍ മേഖലയില്‍ സൗകര്യം അപര്യാപ്തം.
    15. സ്പ്രിങ്ക്ളറിന്റെ സേവനം പൂര്‍ണ്ണമായും അവശ്യവും അനിവാര്യവും.
    16. സേവന കാലാവധിക്കു ശേഷം സ്പ്രിങ്ക്ളറുമായി ധാരണ തുടരാന്‍ സര്‍ക്കാരിന് ബാദ്ധ്യതയില്ല.
    17. സേവനം തുടരണമോ വേണ്ടയോ എന്ന് സര്‍ക്കാരിന് തീരുമാനിക്കാം.
    18. സര്‍ക്കാരിന് സാമ്പത്തിക ചെലവില്ല; ഡാറ്റ വിശകലനം പൊതുതാല്‍പര്യത്തിന് വേണ്ടി.
    19. ഉപാധികളും വ്യവസ്ഥകളും നോണ്‍ ഡിസ്‌ക്ലോഷര്‍ കരാറും അനുസരിച്ച് പൗരന്റെ സ്വകാര്യതയും ഡാറ്റയും സുരക്ഷിതം.
    20. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്പ്രിങ്ക്ളറിന് വിവരങ്ങള്‍ ശേഖരിക്കാനാവില്ല.
    21. മതിയായ സുരക്ഷിതത്വം സര്‍ക്കാര്‍ കരാറിലൂടെ ഉറപ്പുവരുത്തിയിട്ടുണ്ട്.
    22. വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നത് അടിസ്ഥാനമില്ലാത്ത ആശങ്ക.
    23. ഡാറ്റ സുരക്ഷിതത്വത്തിന് കേന്ദ്ര സര്‍ക്കാരുമായുള്ള നോണ്‍ ഡിസ്‌ക്ലോഷര്‍ കരാര്‍ ബാധകം.
    24. SaaS രീതിയിലുള്ള വിവര സംയോജനം സംസ്ഥാനത്തിന് അനിവാര്യം.
    25. ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 ഡാഷ് ബോര്‍ഡ് സൗജന്യമായി വികസിപ്പിച്ച് നല്‍കിയതും സ്പ്രിങ്ക്ളര്‍.
    26. രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യം തുടരുന്നു.
    27. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം പ്രതിദിനം ഉയരുന്നതില്‍ ആശങ്ക.
    28. സംസ്ഥാനത്ത് അടുത്ത ഘട്ടത്തില്‍ കോവിഡ് ഔട്ട് ബ്രേക്കിന് സാദ്ധ്യത.
    29. ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് രോഗികളുടെ എണ്ണം അതിവേഗം ഉയരും.
    30. കോവിഡിനൊപ്പം മഴക്കാലത്ത് ഇതര രോഗങ്ങളും വ്യാപിക്കും; ഇത് നേരിടാന്‍ ബുദ്ധിമുട്ടാകും.
    31. ന്യൂയോര്‍ക്ക് കോടതിയെ സമീപിക്കുന്നത് സ്പ്രിങ്ക്ളറിന്റെ കരാര്‍ നിര്‍ദ്ദേശങ്ങളുടെ പൊതുവായ ഭാഗം.
    32. കരാര്‍ സ്പ്രിങ്ക്ളര്‍ ലംഘിച്ചാല്‍ ഐ.ടി. നിയമം അനുസരിച്ച് ഇന്ത്യയില്‍ നിയമ നടപടി നേരിടേണ്ടിവരും.
    33. സ്പ്രിങ്ക്ളറിന്റെ പൊതു മാനദണ്ഡം അനുസരിച്ചല്ല സര്‍ക്കാരുമായുള്ള കരാര്‍.
    34. ഹര്‍ജിക്കാരന്‍ തെറ്റായി വ്യാഖ്യാനിച്ചത് സ്പ്രിങ്ക്ളറിന്റെ പൊതു മാനദണ്ഡം.
    35. ഉദ്യോഗസ്ഥ തലത്തിലുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ നിയമ വകുപ്പിനെ മറികടന്നല്ല.
    36. 15,000 രൂപയില്‍ താഴെയുള്ള പര്‍ച്ചേസ് ഓര്‍ഡറിന് നിയമ വകുപ്പിന്റെ അനുമതി ആവശ്യമില്ല.
    37. സേവനം സൗജന്യമായതിനാല്‍ നിയമവകുപ്പിന്റെ അനുമതി ആവശ്യമില്ല.
    38. സ്പ്രിങ്ക്ളറുമായുള്ള പര്‍ച്ചേസ് ഓര്‍ഡറിന് റൂള്‍സ് ഓഫ് ബിസിനസ് ബാധകമല്ല.
    39. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യത പരിപൂര്‍ണ്ണമല്ല.
    40. സ്വകാര്യതയ്ക്ക് നിയന്ത്രണങ്ങളും പരിധിയും ബാധകം.
    41. സ്വകാര്യതയ്ക്കുള്ള അവകാശം പൊതുതാല്‍പര്യത്തിന് വിധേയം.
    42. ദുരന്ത നിവാരണ നിയമം അനുസരിച്ച് സര്‍ക്കാരിന് നടപടി സ്വീകരിക്കാം.
    43. സ്പ്രിങ്ക്ളറുമായുള്ള കരാര്‍ വിദഗ്ദ്ധ സംഘം കൂട്ടായി എടുത്ത തീരുമാനം അനുസരിച്ച്.
    44. സര്‍ക്കാരിന്റെ നയപരമായ തീരുമാനം പൊതുതാല്‍പര്യവും പൊതുജനാരോഗ്യവും മുന്‍നിര്‍ത്തി.
    45. ഹര്‍ജിക്കാരന്റെയോ മറ്റാരുടെയെങ്കിലുമോ സ്വകാര്യതയെ തീരുമാനം ബാധിക്കില്ല.
    46. മതിയായ വിവരശേഖരണമില്ലാതെ കോവിഡിനെതിരെ പൊരുതാനാവില്ല.
    47. കൃത്യമായ രൂപരേഖയ്ക്ക് വിവരശേഖരണം അനിവാര്യം.
    48. വിവരശേഖരണം സ്വകാര്യതയുടെ ലംഘനമായി വ്യാഖ്യാനിക്കാനാവില്ല.
    49. സ്വകാര്യത കേസിലെ സുപ്രിംകോടതി വിധി വിവരശേഖരണത്തിന് അനുകൂലം.
    50. ആരോഗ്യ അടിയന്തരാവസ്ഥ സമയത്ത് സ്വകാര്യത അവകാശം നിലനില്‍ക്കുന്നതല്ല.
    51. വിവര ശേഖരണത്തിന് 2020ലെ ഓര്‍ഡിനന്‍സ് അനുസരിച്ച് നിയമ പ്രാബല്യമുണ്ട്.

തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഏപ്രില്‍ 21 ചൊവ്വാഴ്ച സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിനാണ് ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വി. മനു 39 പേജുള്ള വിശദമായ മറുപടി സത്യവാങ്മൂലം നല്‍കിയത്.

ഹര്‍ജി ഏപ്രില്‍ 24 വെള്ളിയാഴ്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, ടി. ആര്‍. രവി എന്നിവരടങ്ങിയ ബെഞ്ചിലാണ് ഹര്‍ജി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴിയാണ് ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കുന്നത്.‌‌‌

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks