HomeSCITECHചാറ്റ് ജിപിടി...

ചാറ്റ് ജിപിടിക്ക് 10 വർഷം മുമ്പേ ‘സ്റ്റോപ്പ്’ പറഞ്ഞത് ആര്?

-

Reading Time: 2 minutes

ചാറ്റ് ജിപിടി ലോകത്ത് എത്തിയതിനു മുമ്പ് അതിനെതിരെ ആരെങ്കിലും മുന്നറിയിപ്പ് നൽകിയിരുന്നോ? സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന ഒരു പഴയ ട്വീറ്റ് കണ്ടാൽ അങ്ങനെ സംശയിച്ചുപോകും. കാരണം, അതിൽ എഴുതിയിരിക്കുന്നത് വെറും 3 വാക്കുകൾ മാത്രം:

“Stop chat gpt.”

ഇതിൽ അത്ഭുതപ്പെടാൻ എന്തുണ്ട് എന്നാണോ? ട്വീറ്റിന്റെ തീയതി നോക്കൂ — 2012 ഒക്ടോബർ 5. ചാറ്റ് ജിപിടി പൊതുജനങ്ങൾക്ക് മുന്നിലെത്തുന്നത് 2022 നവംബറിലാണ്. ഓപ്പൺ എഐ സ്ഥാപിതമാകുന്നതുപോലും 2015ൽ. അപ്പോൾ 2012ൽ ആരാണ് ചാറ്റ് ജിപിടിയെ ‘സ്റ്റോപ്പ്’ ചെയ്യാൻ ഇറങ്ങിയത്?

ചോദ്യം അത്ര രസകരമായതുകൊണ്ടുതന്നെ ട്വീറ്റ് വീണ്ടും വൈറലായി. പതിനായിരക്കണക്കിന് പേർ അത് പങ്കുവച്ചു. ലക്ഷക്കണക്കിന് പ്രതികരണങ്ങളും ലഭിച്ചു. പിന്നാലെ പതിവുപോലെ സോഷ്യൽ മീഡിയ സ്വന്തം കഥകളും എഴുതി തുടങ്ങി.

“ടൈം ട്രാവലർ പിടിക്കപ്പെട്ടു” എന്നായിരുന്നു ഒരുകൂട്ടരുടെ തമാശ. “ഭാവി കണ്ട പ്രവാചകൻ” എന്ന് മറ്റുചിലർ. നിർമിതബുദ്ധിയുടെ അപകടം പത്തുവർഷം മുമ്പേ ആരോ തിരിച്ചറിഞ്ഞിരുന്നതായി വിചാരിച്ചവരുമുണ്ടായിരുന്നു. പക്ഷേ കഥയുടെ യഥാർഥ വഴിത്തിരിവ് അവിടെയാണ്.


ട്വീറ്റ് സത്യമാണ്; അർഥമാണ് തെറ്റിദ്ധരിച്ചത്

വൈറലായ ട്വീറ്റിന്റെ ചിത്രം കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന സംശയം ആദ്യം ഉയർന്നിരുന്നു. എന്നാൽ വസ്തുതാപരിശോധനാ വെബ്സൈറ്റായ സ്നോപ്സ് നടത്തിയ പരിശോധനയിൽ ട്വീറ്റ് യഥാർഥത്തിൽ 2012ലേത് തന്നെയാണെന്ന് വ്യക്തമായി. Marieanne എന്ന പേരിലുള്ള @Meytrullers17 എന്ന അക്കൗണ്ടിൽ നിന്നാണ് അത് പോസ്റ്റ് ചെയ്തിരുന്നത്.

അപ്പോൾ പ്രവചനം ശരിയാണോ? അല്ല. രഹസ്യം ‘GPT’ എന്ന 3 അക്ഷരങ്ങളിലാണ്. ഇത് ഇന്ന് നമുക്കറിയാവുന്ന Generative Pre-trained Transformer എന്ന ചാറ്റ് ജിപിടിയിലെ ജിപിടിയല്ല. അക്കൗണ്ട് ഇൻഡൊനീഷ്യയുമായി ബന്ധപ്പെട്ടതാണെന്നും അവിടത്തെ ഓൺലൈൻ സംഭാഷണങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു പ്രാദേശിക ചുരുക്കെഴുത്താണ് ‘gpt’ എന്നും സ്നോപ്സ് ചൂണ്ടിക്കാട്ടുന്നു.

‘GPT’ എന്നാൽ ഇവിടെ അത്ര പ്രധാനമല്ല!

ഇൻഡൊനീഷ്യൻ സംസാരഭാഷയിലെ “ga penting” എന്ന പ്രയോഗത്തിന്റെ ചുരുക്കമായിട്ടാണ് ‘gpt’ ഉപയോഗിച്ചിരുന്നതെന്നാണ് വിശദീകരണം. ‘അത്ര പ്രധാനമല്ല’, ‘വേണ്ടാത്തത്’, ‘അനാവശ്യമായത്’ എന്നൊക്കെയാണ് അതിന്റെ അർഥം.

അതായത് “Stop chat gpt” എന്നു പറഞ്ഞത് ഇന്ന് നമ്മൾ വായിക്കുന്നതുപോലെ “ചാറ്റ് ജിപിടിയെ നിർത്തൂ” എന്നല്ല. മറിച്ച്, “അനാവശ്യ ചാറ്റ് നിർത്തൂ”, “വേണ്ടാത്ത സന്ദേശങ്ങൾ അയക്കരുത്” എന്ന തരത്തിലുള്ള സാധാരണ ഓൺലൈൻ പ്രതികരണമായിരിക്കാനാണ് സാധ്യത.

അതേ അക്കൗണ്ടിൽ സമാന രീതിയിൽ ‘gpt’ ഉപയോഗിച്ച മറ്റ് പഴയ ട്വീറ്റുകളും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ഒരു പ്രത്യേക സാങ്കേതിക പദമല്ല, അന്നത്തെ പ്രാദേശിക ഓൺലൈൻ ഭാഷയുടെ ഭാഗമായിരുന്നുവെന്നാണ് നിഗമനം.

ഭാഷയും കാലവും ചേർന്നൊരുക്കിയ തമാശ

ഈ കഥയിലെ ഏറ്റവും രസകരമായ ഭാഗം ഇതാണ്. 2012ൽ ഒരു യുവതി സ്വന്തം ഭാഷയിലെ സാധാരണ ചുരുക്കെഴുത്തായി ഉപയോഗിച്ച 3 അക്ഷരങ്ങൾ, 10 വർഷത്തിനു ശേഷം ലോകത്തിലെ ഏറ്റവും പ്രശസ്തമായ സാങ്കേതിക പദങ്ങളിലൊന്നായി മാറി.

അന്ന് ‘gpt’ ഒരു അനാവശ്യ ചാറ്റിനെ സൂചിപ്പിച്ചിരിക്കാം. ഇന്ന് ‘GPT’ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ പഠനത്തിലും ജോലിയിലും എഴുത്തിലും തിരച്ചിലിലും എത്തിനിൽക്കുന്നനിർമിതബുദ്ധി സാങ്കേതികവിദ്യയുടെ പേരാണ്. അതുകൊണ്ടുതന്നെയാണ് പഴയ ട്വീറ്റ് ഇന്ന് കാണുമ്പോൾ ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ സന്ദേശം പോലെ തോന്നുന്നത്.

അക്കൗണ്ട് ഉടമയോട് ചോദിക്കാൻ വഴിയില്ല

ഈ രസകരമായ യാദൃശ്ചികതയ്ക്ക് ഒരു ചെറിയ അപൂർണതയുമുണ്ട്. 2013 ജൂലൈയ്ക്കുശേഷം ആ അക്കൗണ്ടിൽ പുതിയ പോസ്റ്റുകളൊന്നും വന്നിട്ടില്ല. അതിനാൽ 2012ലെ ആ വാചകം എഴുതുമ്പോൾ അക്കൗണ്ട് ഉടമയുടെ കൃത്യമായ ഉദ്ദേശം എന്തായിരുന്നു എന്ന് നേരിട്ട് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ലഭ്യമായ ഭാഷാപരമായ തെളിവുകൾ ചൂണ്ടിക്കാട്ടുന്നത് ഇത് ചാറ്റ് ജിപിടിയുമായി ബന്ധമില്ലാത്ത ഒരു സാധാരണ പ്രയോഗമായിരുന്നുവെന്നതാണ്.

അങ്ങനെ നോക്കുമ്പോൾ ഇത് ഭാവിയിൽനിന്നുള്ള മുന്നറിയിപ്പല്ല. ഒരു പ്രവചനവുമല്ല. ടൈം ട്രാവലറുടെ സന്ദേശവുമല്ല. ഭാഷയുടെ ഒരു ചെറിയ യാദൃശ്ചികത, കാലത്തിന്റെ മറ്റൊരു അർഥം പിടിച്ചെടുത്ത കഥ മാത്രമാണ്.

എങ്കിലും സോഷ്യൽ മീഡിയയ്ക്ക് അത്ര മതി. കാരണം 2012ൽ ആരോ തമാശയായി എഴുതിയ മൂന്ന് വാക്കുകൾ, 2026ൽ കാണുന്നവനോട് ഇപ്പോഴും ഒരു ചോദ്യം ചോദിപ്പിക്കുന്നു: “ഇവർക്കെങ്ങനെ നേരത്തെ അറിയാമായിരുന്നു?”

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ജി-ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS