പ്രളയത്തിന്റെ പ്രതിസന്ധിക്കിടയിലും പ്രവര്‍ത്തനമികവുമായി കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. നികുതിപിരിവ് ലക്ഷ്യം കൈവരിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പുതിയ സര്‍വ്വകാല റെക്കോഡ് സൃഷ്ടിച്ചു. നികുതിപിരിവ് ലക്ഷ്യത്തിന് 88 ശതമാനവും പൂര്‍ത്തീകരിച്ചാണ് ഈ നേട്ടം കൈവരിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്. ജനങ്ങള്‍ക്കുമേല്‍ അധികബാദ്ധ്യത അടിച്ചേല്പിച്ച് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനെക്കാള്‍ പ്രാധാന്യം കിട്ടാനുള്ളത് കൃത്യമായി പിരിച്ചെടുക്കാന്‍ നടപടികള്‍ സ്വീകരിക്കുക എന്നതിന് നല്‍കിയതുവഴിയാണ് ഈ നേട്ടം. തീര്‍ത്തും ജനപക്ഷ നടപടിയുടെ വിജയം.
2018-19 സാമ്പത്തികവര്‍ഷത്തില്‍ നികുതി പിരിവിന് ലക്ഷ്യമായി നിശ്ചയിച്ചിരുന്നത് 528.79 കോടി രൂപയാണ്. ഇതില്‍ 464.64 കോടി രൂപയും പിരിച്ചെടുത്തു. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ 509 ഗ്രാമപഞ്ചായത്തുകളും 100 ശതമാനം നികുതി പിരിച്ചെടുത്തു. 2017-18 സാമ്പത്തികവര്‍ഷത്തില്‍ 329 ഗ്രാമപഞ്ചായത്തുകളാണ് 100 ശതമാനം നികുതിപിരിവ് ലക്ഷ്യം കൈവരിച്ചിരുന്നത്. ഇക്കുറി 51 ഗ്രാമപഞ്ചായത്തുകളുടെ നികുതി പിരിവ് 90നും 99നുമിടയ്ക്ക് ശതമാനമാണ്. 231 ഗ്രാമപഞ്ചായത്തുകള്‍ 80-89 ശതമാനം നികുതിപിരിവ് ലക്ഷ്യം കൈവരിച്ചു. 70-79 ശതമാനത്തിനിടയില്‍ 71 ഗ്രാമപഞ്ചായത്തുകള്‍, 60-69 ശതമാനത്തിനിടയില്‍ 70 ഗ്രാമപഞ്ചായത്തുകള്‍, 50-69 ശതമാനത്തിനിടയില്‍ 5 ഗ്രാമപഞ്ചായത്തുകള്‍ എന്നിങ്ങനെയാണ് ബാക്കി നികുതി പിരിവിന്റെ നില.
നികുതിപിരിവില്‍ ഏറ്റവുമധികം മികവ് പ്രകടിപ്പിച്ചത് തൃശ്ശൂര്‍ കോര്‍പ്പറേഷനാണ് -96.98 ശതമാനം. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം കോര്‍പ്പറേഷനും മൂന്നാം സ്ഥാനത്ത് കോഴിക്കോട് കോര്‍പ്പറേഷനുമാണ്. മുന്‍സിപ്പാലിറ്റികളില്‍ ഏറ്റവും മുന്നില്‍ 100 ശതമാനം ലക്ഷ്യം നേടിയ ഏറ്റുമാനൂരാണ്. ചേര്‍ത്തല രണ്ടാം സ്ഥാനത്തും കൊയിലാണ്ടി മൂന്നാം സ്ഥാനത്തുമാണ്. സംസ്ഥാനത്തെ 27 മുന്‍സിപ്പാലിറ്റികള്‍ 90 ശതമാനത്തിലധികം നികുതിലക്ഷ്യം കൈവരിച്ചു.
സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകളും തദ്ദേശസ്വയംഭരണം, പഞ്ചായത്ത്, നഗരകാര്യ വകുപ്പുകളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടത്തിയ ജാഗ്രതയോടുള്ള പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചതും ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും സ്വപ്‌നതുല്യമായ നേട്ടം യാഥാര്‍ത്ഥ്യമാക്കി.