Reading Time: 2 minutes

പ്രളയത്തിന്റെ പ്രതിസന്ധിക്കിടയിലും പ്രവര്‍ത്തനമികവുമായി കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. നികുതിപിരിവ് ലക്ഷ്യം കൈവരിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പുതിയ സര്‍വ്വകാല റെക്കോഡ് സൃഷ്ടിച്ചു. നികുതിപിരിവ് ലക്ഷ്യത്തിന് 88 ശതമാനവും പൂര്‍ത്തീകരിച്ചാണ് ഈ നേട്ടം കൈവരിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്. ജനങ്ങള്‍ക്കുമേല്‍ അധികബാദ്ധ്യത അടിച്ചേല്പിച്ച് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനെക്കാള്‍ പ്രാധാന്യം കിട്ടാനുള്ളത് കൃത്യമായി പിരിച്ചെടുക്കാന്‍ നടപടികള്‍ സ്വീകരിക്കുക എന്നതിന് നല്‍കിയതുവഴിയാണ് ഈ നേട്ടം. തീര്‍ത്തും ജനപക്ഷ നടപടിയുടെ വിജയം.

2018-19 സാമ്പത്തികവര്‍ഷത്തില്‍ നികുതി പിരിവിന് ലക്ഷ്യമായി നിശ്ചയിച്ചിരുന്നത് 528.79 കോടി രൂപയാണ്. ഇതില്‍ 464.64 കോടി രൂപയും പിരിച്ചെടുത്തു. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ 509 ഗ്രാമപഞ്ചായത്തുകളും 100 ശതമാനം നികുതി പിരിച്ചെടുത്തു. 2017-18 സാമ്പത്തികവര്‍ഷത്തില്‍ 329 ഗ്രാമപഞ്ചായത്തുകളാണ് 100 ശതമാനം നികുതിപിരിവ് ലക്ഷ്യം കൈവരിച്ചിരുന്നത്. ഇക്കുറി 51 ഗ്രാമപഞ്ചായത്തുകളുടെ നികുതി പിരിവ് 90നും 99നുമിടയ്ക്ക് ശതമാനമാണ്. 231 ഗ്രാമപഞ്ചായത്തുകള്‍ 80-89 ശതമാനം നികുതിപിരിവ് ലക്ഷ്യം കൈവരിച്ചു. 70-79 ശതമാനത്തിനിടയില്‍ 71 ഗ്രാമപഞ്ചായത്തുകള്‍, 60-69 ശതമാനത്തിനിടയില്‍ 70 ഗ്രാമപഞ്ചായത്തുകള്‍, 50-69 ശതമാനത്തിനിടയില്‍ 5 ഗ്രാമപഞ്ചായത്തുകള്‍ എന്നിങ്ങനെയാണ് ബാക്കി നികുതി പിരിവിന്റെ നില.

നികുതിപിരിവില്‍ ഏറ്റവുമധികം മികവ് പ്രകടിപ്പിച്ചത് തൃശ്ശൂര്‍ കോര്‍പ്പറേഷനാണ് -96.98 ശതമാനം. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം കോര്‍പ്പറേഷനും മൂന്നാം സ്ഥാനത്ത് കോഴിക്കോട് കോര്‍പ്പറേഷനുമാണ്. മുന്‍സിപ്പാലിറ്റികളില്‍ ഏറ്റവും മുന്നില്‍ 100 ശതമാനം ലക്ഷ്യം നേടിയ ഏറ്റുമാനൂരാണ്. ചേര്‍ത്തല രണ്ടാം സ്ഥാനത്തും കൊയിലാണ്ടി മൂന്നാം സ്ഥാനത്തുമാണ്. സംസ്ഥാനത്തെ 27 മുന്‍സിപ്പാലിറ്റികള്‍ 90 ശതമാനത്തിലധികം നികുതിലക്ഷ്യം കൈവരിച്ചു.

തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ

സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകളും തദ്ദേശസ്വയംഭരണം, പഞ്ചായത്ത്, നഗരകാര്യ വകുപ്പുകളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടത്തിയ ജാഗ്രതയോടുള്ള പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചതും ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും സ്വപ്‌നതുല്യമായ നേട്ടം യാഥാര്‍ത്ഥ്യമാക്കി.

 

Previous articleഇന്ദ്രിയങ്ങളെ ഉണര്‍ത്തുന്ന കുറത്തി
Next article‘ആനച്ചെവി’യുമായി പറക്കുന്ന ആനക്കുട്ടി
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here