Reading Time: 6 minutes

വിദേശത്ത് ഭാഗ്യം തേടിപ്പോയൊരു മലയാളി. അദ്ദേഹം ഒരു ഐ.ടി. വ്യവസായ സ്ഥാപനം തുടങ്ങി. ലോകത്തെ അടിമുടി വിറങ്ങലിപ്പിച്ച ഒരു മഹാമാരി വന്നു. തന്റെ ജന്മനാടിനായി എന്തെങ്കിലും ചെയ്യണമെന്ന ഉത്തരവാദിത്വബോധം ആ മലയാളിക്കുണ്ടായി. കേരളത്തില്‍ ലഭ്യമല്ലാത്ത ഒരു സാങ്കേതികസഹായം സൗജന്യമായി നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു. സര്‍ക്കാര്‍ തലത്തില്‍ ആവശ്യമുണ്ടെന്നു പറഞ്ഞ സഹായം നല്‍കാന്‍ ആ മനുഷ്യന്‍ തയ്യാറായി എന്നതാണ് സത്യം. നാട്ടിലുള്ള പ്രായമായ അച്ഛനമ്മമാരുടെ സുരക്ഷിതത്വം ഈ സാങ്കേതികതയുടെ സഹായത്താല്‍ ഉറപ്പിക്കാനാവും എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്വാര്‍ത്ഥ താല്പര്യം.

പക്ഷേ, നന്മ മാത്രമല്ലല്ലോ മലയാളിയുടെ ലക്ഷണം. കുത്തിത്തിരിപ്പും മലയാളിയുടെ ലക്ഷണമാണ്. രാഷ്ട്രീയത്തിന്റെ അതിപ്രസരം കുത്തിത്തിരിപ്പിന് വഴിവെച്ചു. അവരെല്ലാം കൂടി ആ മലയാളിയെ മലയാള നാട്ടില്‍ നിന്ന് ‘ഓടിച്ചു’. കേരളത്തിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും അതിനായി കൈകോര്‍ത്തു നിന്ന് അദ്ധ്വാനിച്ചു. കേരളത്തിലെ ഭരണകക്ഷിയെ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ‘മകന്‍ ചത്താലും വേണ്ടില്ല, മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതി’ എന്ന പോലെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം അപകടത്തിലായാലും വേണ്ടില്ല, സര്‍ക്കാരിനെക്കുറിച്ചാരും നല്ലതു പറയരുത് എന്ന ചിന്ത.

പ്രശ്നം ഹൈക്കോടതിയുടെ മുന്നിലെത്തി. ഭാരത സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ എന്ന എന്‍.ഐ.സിക്ക് ഈ ‘വിദേശ’ കമ്പനി നല്‍കുന്ന സേവനങ്ങളെല്ലാം നല്‍കാന്‍ ശേഷിയുണ്ടെന്ന് സത്യവാങ്മൂലം വന്നു. എതായാലും നിരാശനായി കൂടും കുടുക്കയുമെടുത്ത് ആ മലയാളി സ്വന്തം മലയാള നാട്ടില്‍ നിന്നു മടങ്ങി. പക്ഷേ, ഇനിയാണു രസം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ സത്യവാങ്മൂലം നല്‍കിയ അതേ ഭാരത സര്‍ക്കാര്‍ തന്നെ ഈ മലയാളി കമ്പനിയെ കാവിപ്പരവതാനി വിരിച്ചു ക്ഷണിച്ചുകൊണ്ടു പോയി തങ്ങളുടെ പക്കലെത്തുന്ന വിവരങ്ങളുടെ കൈകാര്യച്ചുമതല ഏല്പിച്ചു. അങ്ങനെ കേരളത്തില്‍ അയിത്തം കല്പിക്കപ്പെട്ട കമ്പനി ഇപ്പോള്‍ ഭാരത സര്‍ക്കാരിനു വേണ്ടി രാജ്യത്തു മുഴുവനുള്ള വിവരങ്ങള്‍ കൈകളിലിട്ട് അമ്മാനമാടി ‘നന്നായി’ പണിയെടുക്കുന്നു. ഇവിടത്തെ ബി.ജെ.പിക്കാര്‍ക്ക് ഒരു പരാതിയുമില്ല. കോണ്‍ഗ്രസ്സുകാര്‍ക്ക് ഒട്ടുമേയില്ല.

ഭാരത സര്‍ക്കാരിന്റെ mygov പോര്‍ട്ടലില്‍ സ്പ്രിങ്ക്ളറിന്റെ പങ്കാളിത്തം രേഖപ്പെടുത്തിയിരിക്കുന്നു

ഇത്രയും കൊണ്ട് ആരെക്കുറിച്ചാണ്, ഏതു കമ്പനിയെക്കുറിച്ചാണ് പറഞ്ഞതെന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാവും. അതെ, രാജി തോമസ് എന്ന മാവേലിക്കരക്കാരനെയും അദ്ദേഹത്തിന്റെ കമ്പനി സ്പ്രിങ്ക്ളറിനെയും കുറിച്ചു തന്നെയാണ് പറഞ്ഞത്. രാജിയും സ്പ്രിങ്ക്ളറും വീണ്ടും വാര്‍ത്തയില്‍ എത്തുകയാണ്, ഇക്കുറി വിവാദം സൃഷ്ടിച്ചുകൊണ്ടല്ല എന്നു മാത്രം. ഈ ‘മലയാളി സ്റ്റാര്‍ട്ടപ്പ്’ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഓഹരി വിപണികളില്‍ ഒന്നായ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. തീരെ ചെറുതല്ല സ്പ്രിങ്ക്ളറിന്റെ വിപണി മൂല്യം. രണ്ടു ദിവസത്തിനു ശേഷമുള്ള ഓഹരി വില അനുസരിച്ച് സ്പ്രിങ്ക്ളര്‍ എന്ന കമ്പനിക്ക് 413 കോടി ഡോളര്‍ മൂല്യമുണ്ട്. എന്നുവെച്ചാല്‍ 30,646.50 കോടി രൂപ!!

സ്പ്രിങ്ക്ളറിന്റെ ഇനിഷ്യല്‍ പബ്ലിക് ഓഫര്‍ -ഐ.പി.ഒ. മൂല്യം 16 ഡോളറായിരുന്നു. കമ്പനിയുടെ മൂല്യം 336 കോടി ഡോളര്‍ -24,932.35 കോടി രൂപ. ഇത് ഇടയ്ക്ക് 14.60 ഡോളറിലേക്കു താഴ്ന്ന ശേഷം ഓഹരിവില തിരിച്ചുകയറി 19.97 ഡോളറിലെത്തി. പിന്നീടാണ് ഒരു പടി താഴേക്കിറങ്ങി 17.60 ഡോളറില്‍ അവസാനിപ്പിച്ചത്. കമ്പനിയുടെ മൂല്യം ഒറ്റ ദിവസം കൊണ്ട് 34 കോടി ഡോളര്‍ അഥവാ 2,523 കോടി രൂപ ഉയര്‍ന്ന് 370 കോടി ഡോളറിലെത്തി -27,455.26 കോടി രൂപ. രണ്ടാം ദിവസം ഓഹരി വിപണിയില്‍ സ്പ്രിങ്ക്ളറിന്റെ പ്രകടനം മുന്നോട്ടു തന്നെയായിരുന്നു. അവസാനിപ്പിച്ചത് ഓഹരിയൊന്നിന് വില 19.94 ഡോളറില്‍. അതോടെയാണ് കമ്പനിയുടെ വിപണി മൂല്യം 413 കോടി ഡോളറായത്. ഐ.പി.ഒയിലൂടെ വെറും രണ്ടു ദിവസം കൊണ്ടു സമാഹരിച്ചത് 77 കോടി ഡോളര്‍ അഥവാ 5,712.34 കോടി രൂപ.

എന്തായാലും ഓഹരി വിപണിയിലെ സ്പ്രിങ്ക്ളര്‍ ഇടപെടലിലൂടെ ഇപ്പോള്‍ രാജി തോമസ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 104 കോടി ഡോളറാണ് രാജിയുടെ കൈവശമുള്ള ഓഹരിയുടെ മൂല്യം. എന്നുവെച്ചാല്‍ 7,718.49 കോടി രൂപയുടെ ഓഹരികള്‍!! വെറും 12 വര്‍ഷം പ്രായമുള്ള ഒരു സ്റ്റാര്‍ട്ടപ്പാണ് സ്പ്രിങ്ക്ളര്‍. പക്ഷേ, ലോകത്തെ ഏറ്റവും വലിയ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് (സി.ആര്‍.എം.) കമ്പനികളിലൊന്ന്. ആ കമ്പനിയുടെ ഉടമയായ ഒരു സാധാരണക്കാരന്‍ മലയാളി ശതകോടീശ്വരനായി വളരുമ്പോള്‍ സ്വപ്നതുല്യം എന്നു പറയാതെ വയ്യ. മാവേലിക്കരക്കാരായ അദ്ധ്യാപക ദമ്പതിമാരുടെ മകനാണ് രാജി. പോണ്ടിച്ചേരി എന്‍ജിനീയറിങ് കോളേജില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം ഇന്നത്തെ ടി.സി.എസിന്റെ പഴയ രൂപമായ ടാറ്റ യൂണിസിസില്‍ ജോലിക്കു കയറി. ആ കമ്പനിയാണ് 1996ല്‍ രാജിയെ അമേരിക്കയിലെ വിസ്കോന്‍സിനിലേക്കു വിട്ടത്. അവിടെ നിന്ന് ന്യൂജേഴ്സിയിലേക്കു മാറിയ അദ്ദേഹം എ.ടി. ആന്‍ഡ് ടി., ബെല്‍ ലാബ്സ് എന്നിവയ്ക്ക് ഐ.ടി. കണ്‍സള്‍ട്ടിങ് ചെയ്തു. 2000ല്‍ ഡോട്ട് കോം വിസ്ഫോടനമുണ്ടായ കാലത്ത് ഒരു സ്റ്റാര്‍ട്ടപ്പിലും പ്രവര്‍ത്തിച്ചു. ഇതിനിടെ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി സ്റ്റേണ്‍ സ്കൂള്‍ ഓഫ് ബിസിനസില്‍ പാര്‍ട്ട് ടൈമായി പഠിച്ച് ഫിനാന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ എം.ബി.എയും നേടി.

രാജി തോമസ് ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍

ഡോട്ട് കോം വിസ്ഫോടനത്തിന്റെ കാലം കഴിഞ്ഞതോടെ രാജി കൂട്ടുകാര്‍ക്കൊപ്പം ബിഗ്ഫൂട്ട് ഇന്ററാക്ടീവ് എന്നൊരു ഇ-മെയില്‍ മാര്‍ക്കറ്റിങ് കമ്പനി തുടങ്ങി. അവിടെ ചീഫ് ടെക്നോളജി ഓഫീസറായിരുന്നു. 2005ല്‍ രാജിയുടെ കമ്പനിയെ അലയന്‍സ് ഡാറ്റ ഏറ്റെടുത്ത് എപ്സിലണ്‍ ഇന്ററാക്ടീവ് എന്നു പേരുമാറ്റി. 2006ല്‍ രാജി ആ കമ്പനിയുടെ പ്രസിഡന്റായി. 2008 വരെ തുടര്‍ന്നു. 2009ലാണ് സോഷ്യല്‍ മീഡിയ, കസ്റ്റമര്‍ മാനേജ്മെന്റ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്പ്രിങ്ക്ളര്‍ എന്ന കമ്പനിക്ക് അദ്ദേഹം തുടക്കമിട്ടത്. ആദ്യ കാലത്ത് കമ്പനിയുടെ സെര്‍വറുകള്‍ സ്വന്തം വീടിന്റെ ബേസ്മെന്റിലാണ് അദ്ദേഹം പ്രവര്‍ത്തിപ്പിച്ചിരുന്നത്. എങ്കിലും സിസ്കോ, ഡെല്‍, വെര്‍ജിന്‍ അമേരിക്ക തുടങ്ങിയ വമ്പന്‍ ഇടപാടുകാരെ ആദ്യമേ തന്നെ ഒപ്പിച്ചു. സ്പ്രിങ്ക്ളര്‍ ഒരു SaaS customer experience management (CXM) പ്ലാറ്റ്ഫോമാണ്. SaaS എന്നു പറഞ്ഞാല്‍ Software as a service!!

രാജിയുടെ കഠിനാദ്ധ്വാനത്തിലൂടെ കമ്പനി വളര്‍ന്നു. ഇന്ന് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ-പെസഫിക്ക് എന്നീ മേഖലകളിലുള്ള 15 രാജ്യങ്ങളിലായി 25 ഓഫീസുകള്‍ സ്പ്രിങ്ക്ളറിനുണ്ട്. 1,500 ജീവനക്കാരുള്ള കമ്പനിയുമായി ഇടപാടുകള്‍ നടത്തുന്നതും 1,500 കമ്പനികള്‍!! 10,000ലേറെ പേര്‍ സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട അനുബന്ധ ജോലികള്‍ ചെയ്തു ജീവിക്കുന്നു. അന്നും ഇന്നും സ്പ്രിങ്ക്ളറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജി തോമസ് തന്നെ.

ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരത്തിന് തുടക്കമിട്ട ശേഷം രാജിയും സഹപ്രവര്‍ത്തകരും

ഐ.ടി. വകുപ്പ് നടപ്പാക്കിയ ഒരു പദ്ധതിയിലൂടെയാണ് കേരള സര്‍ക്കാരും രാജിയുമായുള്ള ബന്ധം തുടങ്ങുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥ എന്ന നിലയില്‍ കേരളത്തിന്റെ സാദ്ധ്യതകള്‍ എന്താണെന്ന് അവലോകനം ചെയ്യുന്നതിനായി #FUTURE (ഹാഷ് ഫ്യൂച്ചര്‍) എന്നൊരു ഉച്ചകോടി 2018ല്‍ കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചായി #FUTURECONNECT എന്ന പേരില്‍ യൂറോപ്പിലും ദുബായിലും അമേരിക്കയിലും 3 റോഡ്ഷോകള്‍ പിന്നീട് സര്‍ക്കാര്‍ സംഘടിപ്പിച്ചു. ഒരുപാട് സ്ഥാപനങ്ങളില്‍ നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ കഴിയുന്ന സ്ഥാനങ്ങളില്‍ -സി.ഇ.ഒ., സി.ടി.ഒ. പോലുള്ള തസ്തികകളില്‍ -മലയാളികളാണ്. ഇവരുടെ ഒരു അനൗപചാരിക ശൃംഖലയുണ്ടാക്കി കേരളത്തെക്കുറിച്ച് നല്ല അഭിപ്രായം പ്രചരിപ്പിക്കുക എന്നതാണ് #FUTURECONNECT ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി ബോസ്റ്റണില്‍ നടന്ന ഒത്തുചേരലില്‍ രാജി തോമസിന് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. എന്നാല്‍, അതിനുശേഷം അദ്ദേഹം കേരള സര്‍ക്കാരുമായി അദ്ദേഹം ആശയവിനിമയം തുടര്‍ന്നു. ഈ സമയത്താണ് കോവിഡ് 19 ഭീഷണിയായി എത്തിയത്.

കോവിഡ് പ്രതിസന്ധി നേരിടാന്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു സര്‍ക്കാര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതികവിദ്യയുടെ വിനിയോഗത്തിന് വലിയ പ്രാധാന്യം നല്‍കി. ഡാറ്റ അനാലിസിസ് , ഡിസിഷൻ മേക്കിങ് , നിർമ്മിത ബുദ്ധിയുടെ പ്രയോഗം, ടെലിമെഡിസിൻ, ജിയോ ഫെൻസിങ്, ‘കൂടെ’ എന്ന പേരിൽ ജിയോ നിരീക്ഷണ സൗകര്യത്തോടെയുള്ള ആപ്ലിക്കേഷൻ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഒരു വിപുലമായ സാങ്കേതിക കര്‍മ്മപദ്ധതി അന്നത്തെ ഐ.ടി. സെക്രട്ടറി എം.ശിവശങ്കര്‍ സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഇതിലെ ആദ്യപടിയായി രാജിയുടെ സഹായം സര്‍ക്കാര്‍ തേടി. സ്പ്രിങ്ക്ളറിന്റെ പ്രവര്‍ത്തനമികവ് പ്രയോജനപ്പെടുത്തി രോഗികളുടെ സുഗമമായ ഏകോപനം സാദ്ധ്യമാക്കാനുള്ള സങ്കേതം തയ്യാറാക്കിത്തരണമെന്നായിരുന്നു ആവശ്യം. ഒറ്റപ്പെട്ടു താമസിക്കുന്ന വൃദ്ധജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്തേ പറ്റൂ എന്നും അവരാണ് കൂടുതല്‍ ഭീഷണിയിലാവുന്നതെന്നും ചൂണ്ടിക്കാട്ടി. താനടക്കമുള്ളവരുടെ അച്ഛനമ്മമാര്‍ക്കായി രാജി ആ ദൗത്യം ഏറ്റെടുത്തു, വികസിപ്പിച്ചു. അതാണ് പിന്നീട് വിവാദമായി മാറിയത്, മാറ്റിയത്.

പലരും പറഞ്ഞ പോലെ വെറും ഫോറങ്ങള്‍ പൂരിപ്പിച്ച് വിവരങ്ങള്‍ മോഷ്ടിക്കുന്ന പരിപാടിയല്ല സ്പ്രിങ്ക്ളര്‍ ഇവിടെ ചെയ്തത്. അങ്ങനെ ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയായിരുന്നു. ആവുന്നിടത്തെല്ലാം സഹായത്തിനായി മുട്ടിനോക്കുക എന്നത് മനുഷ്യരുടെ രീതിയാണ്. മലയാളിയും ഇതില്‍ നിന്നു വ്യത്യസ്തനല്ല. ഫേസ്ബുക്കിലും ട്വിറ്ററിലും വാട്ട്സാപ്പിലുമെല്ലാം അവര്‍ സഹായത്തിനായി കേഴുന്നു. ഇത്തരത്തില്‍ ക്രോഢീകരിക്കാത്ത അനേകം വിവരങ്ങള്‍ -കുവൈറ്റിലെ മലയാളിക്ക് കൊറോണ, യുക്രൈനില്‍ മലയാളി കുടുങ്ങിക്കിടക്കുന്നു തുടങ്ങിയ രൂപത്തിലുള്ളവ -സര്‍ക്കാരിന്റെ മുന്നിലെത്താറുണ്ട്. ഇത്തരം വിവരങ്ങള്‍ അനായാസം ക്രമീകരിക്കാനാവും എന്നതാണ് രാജിയും പ്ലാറ്റ്ഫോമിന്റെ ഗുണം. ഇതായിരുന്നു പ്രധാന ദൗത്യവും. എന്നാല്‍, വിവാദം കൊഴുപ്പിക്കാന്‍ ചിലരത് 3 ഫോറങ്ങളും ഡാറ്റാ മോഷണവുമെല്ലാമാക്കി ചുരുക്കി!! ഏറ്റവും കൂടുതല്‍ കുപ്രചരണം നടത്തിയ രണ്ടു പേരെ തൃത്താലയിലും അരുവിക്കരയിലും വൃത്തിയായി അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തോല്പിച്ചു എന്നത് അവര്‍ എല്ലാം കാണുന്നുണ്ട് എന്നുള്ളതിന് തെളിവായി.

തന്റെ കമ്പനിയുടെ സേവനം 6 മാസത്തേക്ക് സൗജന്യമായി നല്‍കാമെന്നും അതു കഴിഞ്ഞും സഹകരണം വേണമെങ്കില്‍ പണം നല്‍കണം എന്ന് രാജി ആദ്യമേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് 6 മാസം രാജിയും സ്പ്രിങ്ക്ളറും കേരളത്തിനായി ജോലി ചെയ്തു. അതിനു ശേഷം സര്‍ക്കാര്‍ സാമ്പത്തിക കരാറില്‍ ഏര്‍പ്പെടാതിരുന്നതിനാല്‍ അവര്‍ മടങ്ങി. സ്പ്രിങ്ക്ളറിനെ പുറത്താക്കി എന്നൊക്കെ ചില വിഡ്ഡികള്‍ അന്നു പറഞ്ഞു നടന്നു. ഇപ്പോഴും നടക്കുന്നുണ്ട്. എന്നാല്‍ 6 മാസം കഴിഞ്ഞപ്പോള്‍ അതുവരെയുണ്ടാക്കിയ സങ്കേതകങ്ങള്‍ സര്‍ക്കാരിനു കൈമാറിയിട്ട് സ്പ്രിങ്ക്ളര്‍ മടങ്ങുകയാണ് ചെയ്തത്. സ്പ്രിങ്ക്ളറിനെ പുറത്താക്കിയതല്ല എന്നതിന് ഏറ്റവും വലിയ തെളിവ് പിന്നീട് അവരെത്തന്നെ ഭാരത സര്‍ക്കാര്‍ വിളിച്ചുവരുത്തി അരിയിട്ടു വാഴിച്ചു എന്നതാണ്. മോദിജിയുടെ mygov പോര്‍ട്ടലിന്റെ നടത്തിപ്പില്‍ എന്‍.ഐ.സിക്കു വേണ്ടി കോവിഡ് വിവരങ്ങള്‍ ക്രോഢീകരിക്കുന്നതും സാങ്കേതിക സഹായം ലഭ്യമാക്കുന്നതും സ്പ്രിങ്ക്ളര്‍ ആണ്. ഈ വിവരം ആ പോര്‍ട്ടലില്‍ തന്നെ ‘വെണ്ടയ്ക്ക’ അക്ഷരത്തില്‍ എഴുതിവെച്ചിട്ടുണ്ട്. അതെ, സ്പ്രിങ്ക്ളറിനെതിരെ സത്യവാങ്മൂലം ഫയല്‍ ചെയ്ത അതേ എന്‍.ഐ.സിക്കു വേണ്ടി തന്നെ!! ഏറ്റവും രസകരം കേരളം ‘പുറത്താക്കിയ’ സ്പ്രിങ്ക്ളര്‍ തന്നെയാണ് അവിടെ കേരളത്തിന്റെ വിവരങ്ങളും ക്രോഢീകരിക്കുന്നത് എന്നതാണ്. ഇപ്പോള്‍ അഴിമതിയില്ല, ഡാറ്റാ മോഷണമില്ല, ഒരു മണ്ണാങ്കട്ടയുമില്ല.

ഭാരത സര്‍ക്കാരിന്റെ mygov പോര്‍ട്ടലില്‍ സ്പ്രിങ്ക്ളര്‍ കൈകാര്യം ചെയ്യുന്ന കേരള ഡാഷ്ബോര്‍ഡ്

100 കോടി ഡോളറിലധികം മൂല്യമുള്ള യൂണികോണ്‍ കമ്പനികളുടെ ഹുറുണ്‍ ഗ്ലോബല്‍ ലിസ്റ്റില്‍ സ്പ്രിങ്ക്ളര്‍ 2020 ഓഗസ്റ്റില്‍ സ്ഥാനം നേടിയിരുന്നു. അന്ന് 200 കോടി ഡോളറായിരുന്നു മൂല്യമെങ്കില്‍ വെറും 10 മാസം കൊണ്ട് ഇപ്പോഴത് ഇരട്ടിയിലേറെ വളര്‍ന്ന് 413 കോടി ഡോളറായി വര്‍ദ്ധിച്ചിരിക്കുന്നു. ഓഹരി വിപണിയിലേക്കുള്ള വരവ് ഒരു വിപണന തന്ത്രമാണെന്നാണ് രാജി തോമസ് പറയുന്നത്. തങ്ങളെക്കുറിച്ച് ഇനിയും അറിയാത്തവര്‍ക്ക് അറിയിച്ചുകൊടുക്കാനുള്ള പരിപാടിയാണത്രേ!! ഓഹരി വിപണിയില്‍ നിന്നു പണം മാത്രമല്ല ലക്ഷ്യമിടുന്നത് എന്നു സാരം. ഉടമകളുടെ പട്ടികയില്‍ രാജി കഴിഞ്ഞാല്‍ പിന്നെ പ്രമുഖര്‍ 2018ല്‍ സ്പ്രിങ്ക്ളറിലെത്തിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വിവേക് കുന്ദ്ര, 2017ല്‍ എത്തിയ ചീഫ് റവന്യൂ ഓഫീസര്‍ ലൂക്ക ലാസറോണ്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം നീരജ് അഗര്‍വാള്‍, കഴിഞ്ഞ വര്‍ഷം കമ്പനിയില്‍ നിക്ഷേപം നടത്തിയ ഹെല്‍മന്‍ ആന്‍ഡ് ഫ്രീഡ്മാന്‍ പാര്‍ട്ണര്‍ താരിം വസീം എന്നിവരാണ്. 2017ല്‍ നടത്തിയ നിക്ഷേപത്തിലൂടെ കമ്പനിയിലെത്തിയ സിസ്കോ സി.ഇ.ഒ. ജോണ്‍ ചേംബേഴ്സും ഓഹരിയുടമകളില്‍ പ്രധാനിയാണ്. ഇതൊക്കെയാണെങ്കിലും സ്പ്രിങ്ക്ളറിന്റെ ജീവാത്മാവും പരമാത്മാവും രാജി തന്നെ. എന്നും മലയാളത്തെ സ്നേഹിക്കുന്ന, ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന സൂപ്പര്‍ ഹിറ്റ് മലയാള സിനിമയുടെ നിര്‍മ്മാതാവായ, 101 ശതമാനം മലയാളിയായ രാജി..

കേരളത്തില്‍ മൂലധന നിക്ഷേപം നടത്താനും സ്പ്രിങ്ക്ളറിന്റെ ഒരു കേന്ദ്രം സ്ഥാപിക്കാനുമെല്ലാം രാജിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് 19 ഭീഷണിയായി എത്തിയത്. അതോടെ അദ്ദേഹം ജന്മനാടിനെ സഹായിക്കാനിറങ്ങി. എന്നാല്‍, വിവാദം മാത്രം ബാക്കിയായി. കോവിഡിനെ ആദ്യ ഘട്ടത്തില്‍ പ്രതിരോധിക്കുന്നതിന് നടത്തിയ ഫലപ്രദമായ പ്രവര്‍ത്തനത്തിന് ഒരു നന്ദി വാക്കെങ്കിലും അദ്ദേഹത്തോട് ആരെങ്കിലും പറഞ്ഞോ എന്നത് സംശയം. ഏതായാലും രാജി ഇനി കേരളത്തിലേക്ക് സ്പ്രിങ്ക്ളറുമായി വരുമെന്നു തോന്നുന്നില്ല. സുഖകരമായി ജീവിക്കുമ്പോള്‍ വെറുതെ കുറച്ച് പഴി കേള്‍ക്കാന്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടാവുമോ? കുറെ ചെറുപ്പക്കാര്‍ക്ക് ജോലി കിട്ടാനുള്ള അവസരവും നികുതിയുടെ രൂപത്തില്‍ കേരള സര്‍ക്കാരിനു കുറച്ചു വരുമാനമുണ്ടാക്കാനുള്ള സാഹചര്യവും ഇല്ലാതായി എന്നു മാത്രം. നഷ്ടം കേരളത്തിനു തന്നെ!! ഇപ്പോള്‍ അതു ശരിക്കും ബോദ്ധ്യപ്പെടുന്നു… കേരളമെന്ന ‘ഠ’ വട്ടത്തില്‍ വന്നു തട്ടിപ്പു നടത്തി പച്ചരി വാങ്ങേണ്ട ഗതികേടൊന്നും രാജിക്കില്ല എന്ന് ഇപ്പോഴെങ്കിലും കുത്തിത്തിരിപ്പുകാര്‍ മനസ്സിലാക്കിയാല്‍ നന്ന്.

 


പിന്‍കുറിപ്പ്: മലയാളിപ്പെരുമ എപ്പോഴും വലിയ നിലയില്‍ ആഘോഷിക്കുന്ന മലയാള മനോരമ പ്രസിദ്ധീകരണങ്ങളില്‍ രാജിയുടെ വളര്‍ച്ചയുടെ ചരിത്രവും കുടുംബചിത്രവുമെല്ലാം കാണാന്‍ കാത്തിരിക്കുന്നു. ഇതുവരെ ഈ മനുഷ്യനെക്കുറിച്ചും സ്പ്രിങ്ക്ളറിനെക്കുറിച്ചുമെല്ലാം പറഞ്ഞുകൊണ്ടിരുന്ന അപരാധങ്ങള്‍ ഒറ്റയടിക്കു പത്രമുത്തശ്ശി വിഴുങ്ങും. സംശയമുണ്ടേല്‍ ബെറ്റു വെച്ചോളൂ…

Previous articleപാത്രമറിഞ്ഞ് വിളമ്പുന്ന പിണറായി
Next articleകോവിഡിനെ പിടിച്ചുകെട്ടുമോ ഈ മരുന്ന്?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here