HomeECONOMYപുതിയ കാലം, പ...

പുതിയ കാലം, പുതിയ സാദ്ധ്യത

-

Reading Time: 6 minutes

ലോകത്ത് സംഹാരതാണ്ഡവമാടിയ കോവിഡ് മഹാമാരി മനുഷ്യരുടെ ആരോഗ്യത്തെ മാത്രമല്ല ഉപജീവനമാർഗ്ഗത്തെയും സാരമായി ബാധിച്ചു. ഒട്ടുമിക്ക വ്യവസായങ്ങളും തകർച്ചയുടെ വഴിയിലാണ്. ചിലതൊക്കെ ഇനി തിരിച്ചുവരാനാകാത്ത വിധം തകർന്നുപോയിരിക്കുന്നു. വലിയ കോട്ടം തട്ടാതെ നിൽക്കുന്നു എന്ന് ഒറ്റ നോട്ടത്തിൽ പറയാവുന്നത് ആശുപത്രി വ്യവസായത്തെക്കുറിച്ചു മാത്രമാണ്.

കോവിഡ് മൂന്നാം തരംഗത്തിന്റെ ആഘാതം ഇപ്പോൾ ഏതാണ്ട് ഒഴിഞ്ഞിട്ടുണ്ട്. മനുഷ്യരും ലോകവും തിരിച്ചുവരവിന്റെ പാതയിലാണ്. ഇതൊരു പുതിയ ലോകമാണ്. പുതിയ സാദ്ധ്യതകൾ ഇവിടെ നമ്മൾ തേടേണ്ടി വരും. കോവിഡ് ഏറ്റവുമധികം ദോഷകരമായി ബാധിച്ച മേഖലകളിലൊന്നാണ് വിനോദസഞ്ചാരം. മറ്റെല്ലാ മേഖലകളുമെന്ന പോലെ തിരിച്ചുവരവിനായുള്ള കഠിന പ്രയത്നത്തിലാണ് ടൂറിസവും. പക്ഷേ, അത്തരമൊരു തിരിച്ചുവരവ് വേഗത്തിലാവണമെങ്കില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിക്കേണ്ടി വരും. വിനോദസഞ്ചാര മേഖലയിലെ ബുദ്ധികേന്ദ്രങ്ങള്‍ അത്തരമൊരു വഴി ഇപ്പോള്‍ വെട്ടിത്തെളിച്ചിട്ടുണ്ട് -കാരവന്‍ ടൂറിസം.

കാരവന്‍ എന്ന സാദ്ധ്യത

തീര്‍ത്തും സ്വകാര്യമായി സഞ്ചാരം ആസ്വദിക്കാനാവുന്ന മാര്‍ഗ്ഗം എന്ന നിലയിലാണ് കാരവന്‍ ടൂറിസം പ്രോത്സാഹിപ്പിക്കപ്പെടുന്നത്. രോഗപ്രതിരോധത്തില്‍ സമ്പര്‍ക്കവിലക്ക് പ്രധാന ഘടകമാവുന്ന ഈ കാലത്ത് ഒരു കുടുംബത്തിന് തങ്ങളുടെ സ്വകാര്യത പൂര്‍ണ്ണമായി നിലനിര്‍ത്തി, സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കാന്‍ അവസരമൊരുക്കുന്നു എന്നതാണ് കാരവന്റെ പ്രത്യേകത. കോവിഡ് പിടിമുറുക്കുന്നതിനു മുമ്പ് 2019ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഹോട്ടലുകളില്‍ എല്ലാം കൂടി 1,05,292 മുറികളാണുള്ളത്. ആ വര്‍ഷം കടന്നുവന്ന സഞ്ചാരികളുടെ എണ്ണം 232.198 കോടി. ഒരു വര്‍ഷത്തെ 180 സഞ്ചാര ദിനങ്ങളില്‍ ശരാശരി നാലു പേര്‍ വീതമുള്ള ഒരു ഗ്രൂപ്പ് എന്ന് ഇതിനെ തരംതിരിക്കാം. അങ്ങനെ കിട്ടുന്ന സഞ്ചാരി ഗ്രൂപ്പുകളുടെ ഒരു ശതമാനത്തിന് കാരവൻ സൗകര്യമൊരുക്കണമെങ്കില്‍ തന്നെ ഇന്ത്യയില്‍ കുറഞ്ഞത് 25,400 കാരവനുകള്‍ വേണം. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനകം ഇത് യാഥാര്‍ത്ഥ്യമാവും എന്നു തന്നെയാണ് കണക്കാക്കപ്പെടുന്നത്. ഈ മേഖലയിലേക്ക് ആദ്യം കടന്നുവരുന്നവര്‍ക്ക് ബ്രാന്‍ഡ് എന്ന നിലയിലും വിപണി പങ്കാളിത്തത്തിന്റെ പേരിലും മേല്‍ക്കൈ ലഭിക്കുമെന്നു സാരം.

കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടിട്ടുണ്ട്. കാരവൻ പാർക്കുകൾ സ്ഥാപിക്കാൻ സബ്സിഡി അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പരിഗണക്കപ്പെടുന്നു. കേരളം, മഹാരാഷ്ട്ര, കർണ്ണാടകം, ഒഡിഷ, മധ്യപ്രദേശ്, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ആന്ധ്ര പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങൾ കാരവൻ പാർക്കുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങള്‍ ഏ‍‌ര്‍പ്പെടുത്തുന്ന കാര്യത്തിൽ ഇതിനകം ഏറെ മുന്നോട്ടു പോയി. കാരവന്‍ ടൂറിസത്തിലേക്ക് വലിയ രീതിയില്‍ ചുവടുവെയ്ക്കുന്നതിനുള്ള തമിഴ്നാടിന്റെ നടപടികൾ അന്തിമഘട്ടത്തിലാണ്.

ചെലവു കുറഞ്ഞ സഞ്ചാരം

വിനോദസഞ്ചാരികള്‍ക്ക് പ്രധാനമായും വരുന്ന ചെലവ് യാത്ര, താമസം, ഭക്ഷണം എന്നീ വകകളിലാണ്. ഈ ചെലവ് ഗണ്യമായി കുറയ്ക്കുന്നു എന്നതാണ് കാരവന്റെ സൗകര്യങ്ങളിലൊന്ന്. ടൂറിസം സ്പോട്ടുകളില്‍ അടിസ്ഥാനസൗകര്യ വികസനം എളുപ്പമല്ല എന്നതിനാല്‍ പലപ്പോഴും താമസസൗകര്യം അല്പം അകലെയായിട്ടാകും സജ്ജീകരിച്ചിട്ടുണ്ടാവുക. ഈ താമസസ്ഥലത്തു തന്നെയായിരിക്കും ഭക്ഷണവും. ടൂറിസം സ്പോട്ടില്‍ നിന്ന് ഭക്ഷണത്തിനും താമസത്തിനുമായി ഹോട്ടലിലേക്ക് ഒന്നിലേറെ തവണ യാത്ര ചെയ്യുന്നത് സമയനഷ്ടത്തിനും പണനഷ്ടത്തിനും കാരണമാവുമെന്നുറപ്പ്. സഞ്ചാരി എവിടെ പോകുന്നോ അവിടേക്ക് താമസസ്ഥലവും പോകുന്നു എന്നതാണ് കാരവന്റെ നേട്ടം. പല തവണ യാത്രകള്‍ ഒഴിവാകുന്നതിനാല്‍ അതിനുവേണ്ടി വരുന്ന അധിക ഗതാഗത ചെലവ് ഗണ്യമായി കുറയും. ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് കാരവനില്‍ അതിനുള്ള സൗകര്യമുണ്ട്. ഇല്ലാത്തവര്‍ക്ക് ചെലവുകുറഞ്ഞ നല്ല ഭക്ഷണം വാങ്ങിക്കൊണ്ടു പോകാനും ഇഷ്ടമുള്ളിടത്ത് കാരവന്‍ നിര്‍ത്തിയിട്ട് അതിലിരുന്ന് കഴിക്കാനും സൗകര്യമുണ്ട്. ആ വകയിലും ചെലവിൽ കുറവുണ്ടാവും. അങ്ങനെ സഞ്ചാരികള്‍ക്ക് എല്ലാ തരത്തിലും ഉത്തമ പങ്കാളിയാണ് കാരവന്‍.

ഇതിനെല്ലാമുപരി കോവിഡ് കാലത്തെ സുരക്ഷിത ബദൽ സഞ്ചാരമാർഗ്ഗം എന്ന നിലയിൽ കാരവൻ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വ്യവസായ പ്രമുഖർ പലരും കോവിഡ് കാലത്ത് സർവ്വസന്നാഹങ്ങളുമുള്ള കാരവനുകൾ സ്വന്തമാക്കിയത് ഇതിന്റെ തെളിവാണ്. കാരവൻ എന്ന പൂർണ്ണ അർത്ഥത്തിൽ കാണാനാവില്ലെങ്കിലും സാധാരണക്കാരിൽ ചിലരും തങ്ങളുടെ എം.പി.വികളിൽ കിടന്നുറങ്ങാനും ആഹാരം പാകം ചെയ്യാനുമെല്ലാമുള്ള സൗകര്യങ്ങളൊരുക്കി സഞ്ചരിക്കുന്നുണ്ട്.

കാരവന്‍ വലുത് വേണോ?

കാരവന്‍ എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുക സിനിമാ താരങ്ങള്‍ ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന തരം വലിയ വാഹനങ്ങളാണ്. കാരവന്റെ പര്യായമായി വലിയൊരു ബസിന്റെ രൂപം സങ്കല്പിച്ചുപോകുന്നതിനെ കുറ്റം പറയാനാവില്ല. എന്നാല്‍ കേരളത്തിലെ ടൂറിസം മേഖലയില്‍ ഇത്രയും വലിയ ബസ് കാരവനുകള്‍ അനുയോജ്യമല്ല എന്നു തന്നെ പറയാം. ഇടുക്കിയും വയനാടും പോലുള്ള മലനിരക്കുകളിലെ ദുര്‍ഘട പാതകൾക്കൊടുവിലുള്ള മനോഹരഭൂമികകളിൽ ഈ കാരവന്‍ ബസുകള്‍ക്ക് ഓടിയെത്താനാവില്ല. ഇത്തരമാരു ബസ് സ്വന്തമാക്കാന്‍ വേണ്ടി വരുന്ന വലിയ മുതല്‍മുടക്കും പ്രശ്നമാണ്. ശരാശരി ഒരു കോടി രൂപ മുടക്കി ഒരാള്‍ ബസ് കാരവന്‍ റോഡിലിറക്കിയാല്‍ വിനോദസഞ്ചാര മേഖലയില്‍ നിന്ന് അതിന്റെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ എത്ര കാലം വേണ്ടി വരും? മാത്രവുമല്ല, സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വലിയ വാടകയായിരിക്കും ഇത്തരം വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തേണ്ടി വരിക. അത് പ്രചാരത്തെ ബാധിക്കുകയും നഷ്ടക്കച്ചവടമായി മാറുകയും ചെയ്യും.

ചെറുതാണ് സുന്ദരം

മിഡ് സൈസ്, സ്മാള്‍ സൈസ് കാരവനുകളാണ് കേരളത്തിന് കൂടുതല്‍ അനുയോജ്യം. ടെംപോ ട്രാവലര്‍ വലിപ്പത്തിലാണ് മിഡ് സൈസ് കാരവനുകള്‍ വരിക. എങ്കിലും, കേരളത്തില്‍ കൂടുതല്‍ ഹിറ്റാവാന്‍ സാദ്ധ്യത പിക്ക് അപ്പ് ആധാരമാക്കി നിര്‍മ്മിക്കുന്ന സ്മാള്‍ സൈസ് കാരവനുകള്‍ തന്നെയായിരിക്കും. അതിന് ഒരു പ്രത്യേക കാരണമുണ്ട്. സാധാരണനിലയിൽ ഒരു കാരവന് പുറമെ നിന്നുള്ള ഡ്രൈവര്‍ ഒരു അനിവാര്യതയാണ്. ബസ് ആയാലും മിഡ് സൈസ് ആയാലും അതു വേണം. ടാക്സിയില്‍ സഞ്ചരിക്കുന്ന ടൂറിസ്റ്റുകള്‍ ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഡ്രൈവര്‍ക്കു തങ്ങാന്‍ സാധാരണനിലയില്‍ വേറെ സംവിധാനമുണ്ടാവും. എന്നാല്‍ കാരവനില്‍ ഡ്രൈവര്‍ എല്ലാസമയവും സഞ്ചാരിക്കൊപ്പം തന്നെയാണുണ്ടാവുക. അയാളുടെ പ്രാഥമികകൃത്യങ്ങള്‍ അടക്കമുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ കാരവനെ തന്നെ ആശ്രയിക്കേണ്ടിയും വരും. ഈ അസൗകര്യത്തില്‍ നിന്നുള്ള മോചനമാണ് സ്മാള്‍ സൈസ് കാരവനുകള്‍. ഒരു കാര്‍ ഓടിക്കുന്നതുപോലെ ഗൃഹനാഥനു തന്നെ ഓടിച്ചുനടക്കാവുന്നവയാണ് പിക്ക് അപ്പ് കാരവനുകള്‍. പുറത്തുനിന്നൊരാളെ ഒപ്പം കൂട്ടാതെ കുടുംബത്തിനു സ്വസ്ഥമായി സഞ്ചരിക്കാം. വിദേശരാജ്യങ്ങളില്‍ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് ഇത്തരം കാരവനുകളാണ്.

ഗവേഷണ മികവുമായി ക്യാംപര്‍വാന്‍

ഇന്ത്യയില്‍ മിഡ് സൈസ്, സ്മാള്‍ സൈസ് കാരവനുകളുടെ ശാസ്ത്രീയ രൂപകല്പനയിലും നിര്‍മ്മാണത്തിലും ഇതിനകം ശ്രദ്ധേയമായ ചുവടുവെയ്പുകള്‍ നടത്തിയ കമ്പനിയാണ് ക്യാംപര്‍വാന്‍ ഫാക്ടറി. പ്രശസ്തമായ മദ്രാസ് ഐ.ഐ.ടി. ഇന്‍കുബേറ്റ് ചെയ്യുന്ന കമ്പനിയാണിത്. ഇന്ന് കാരവന്‍ നിര്‍മ്മാണശേഷിയില്‍ ഇന്ത്യയിൽ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ക്യാംപര്‍വാനാണ്. ബംഗളൂരുവിലെ പ്രകാശ് കോച്ച് ബിൽഡേഴ്സുമായി ഏർപ്പെട്ടിരിക്കുന്ന കരാർ വഴി ഒരു മാസം 30 കാരവൻ വരെ നിർമ്മിച്ച് നിരത്തിലിറക്കാനുള്ള ശേഷി ക്യാംപർവാൻ ഫാക്ടറി കൈവരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട നിലയില്‍ ചിലരൊക്കെ കാരവന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയില്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്കാര്‍ക്കും ഈ മദ്രാസ് ഐ.ഐ.ടി. കമ്പനിയെപ്പോലെ സാങ്കേതികത്തികവ് ഉറപ്പാക്കാനായിട്ടില്ല.

അന്താരാഷ്ട്ര ഗുണനിലവാര മാനകങ്ങള്‍ അനുസരിച്ചും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായും നിര്‍മ്മിക്കുന്ന കാരവനുകള്‍ക്ക് ഓട്ടോമോട്ടീവ് റിസ‍ര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എ.ആര്‍.എ.ഐ.) സുരക്ഷാ അംഗീകാരം ഉറപ്പാക്കുന്നു എന്നത് പ്രധാന കാര്യമാണ്. അതിനാൽത്തന്നെ ഈ വാഹനങ്ങളുടെ ആർ.ടി.ഒ. രജിസ്ട്രേഷന് ഒരു തരത്തിലുള്ള നൂലാമാലകളും ഉണ്ടാവില്ല. മദ്രാസ് ഐ.ഐ.ടിയിലെ അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ് ടെക്നോളജി ഡെവലപ്മെന്റ് സെന്റ‍‌ര്‍ (എ.എം.ടി.ഡി.സി.) ആണ് കാരവനുകളുടെ രൂപകല്പനയിലും വികസനത്തിലും ക്യാംപര്‍വാൻ ഫാക്ടറിയുടെ മാര്‍ഗ്ഗദര്‍ശി. ഇന്റ‍ര്‍നാഷണല്‍ സെന്റ‍ര്‍ ഫോര്‍ ക്ലീന്‍ വാട്ടര്‍ (ഐ.സി.സി.ഡബ്ല്യു.), സെയ്ന്റ് ഗോബെയ്ന്‍ റിസര്‍ച്ച് സെന്റ‍‌ര്‍, ഫർണിച്ചർ പാർട്ണർ ആയ കോംഫോൾഡ് എന്നിവയുമായുള്ള പങ്കാളിത്തവും ക്യാംപര്‍വാനിന്റെ മികവ് ഉറപ്പാക്കുന്നു.

കാരവൻ ഗാരന്റി

ഒറ്റപ്പെട്ട തോതില്‍ കാരവന്‍ നിര്‍മ്മാണം ഇപ്പോള്‍ നടക്കുന്നത് ചെറുകിട ഗാരേജുകളിലാണ്. അവര്‍ക്ക് ആവശ്യമായ സാങ്കേതിക ഉപകരണങ്ങള്‍ ലഭ്യമല്ല. അതിനാല്‍ത്തന്നെ അവിടെ ഒരു കാരവന്‍ തയ്യാറായി വരാന്‍ കുറഞ്ഞത് മൂന്നു മാസമെങ്കിലും ആവശ്യമായി വരുന്നു. വ്യക്തമായ ഗവേഷണപരീക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇത്തരം അമച്വർ നിർമ്മിത കാരവനുകൾക്ക് ബോഡി ബാലസിങ് പ്രശ്നം നിമിത്തമുള്ള അപകടസാദ്ധ്യത കൂടുതലായിരിക്കും. എ.ആര്‍.എ.ഐ. സർട്ടിഫിക്കേഷൻ ഇല്ലാത്ത ഈ കാരവനുകളുടെ ആർ.ടി.ഒ. രജിസ്ട്രേഷൻ പ്രക്രിയയും ദുഷ്കരമായിരിക്കും. കാരവൻ സ്വന്തമാക്കിയിട്ട് അതു രജിസ്റ്റർ ചെയ്യാനും നിരത്തിലിറക്കാനുമാവാത്ത സ്ഥിതിയുണ്ടാവുന്നത് പുതിയ ടൂറിസം സാദ്ധ്യതയിലേക്കു വ്യാവസായികമായി കടന്നുവരാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും കനത്ത തിരിച്ചടിയാകും. ഈ പറഞ്ഞ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ആദ്യമേ തന്നെ കണ്ടെത്തി എന്നതാണ് ക്യാംപർവാൻ നിർമ്മിക്കുന്ന കാരവനെ വ്യത്യസ്തമാക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ക്യാംപർവാൻ ഫാക്ടറിക്ക് കാരവൻ ഗാരന്റി.

സഞ്ചരിക്കുന്ന വീട്

വിശദമായ ഗവേഷണ -പരീക്ഷണ -നിരീക്ഷണങ്ങൾക്കു ശേഷമാണ് പിക്ക് അപ്പ് ട്രക്ക്, ടെംപോ ട്രാവല‍‌ര്‍ എന്നിവ ആധാരമാക്കി കാരവൻ രൂപകല്പന ക്യാംപർവാൻ ഫാക്ടറി പൂർത്തിയാക്കിയത്. ഇതുവരെ പുറത്തിറങ്ങിയതിൽ നിന്നെല്ലാം വ്യത്യസ്തമായി പേറ്റന്റ് അവകാശമുൾപ്പെടെ ലക്ഷ്യമിടുന്നതാണ് ഈ ഡിസൈൻ. പിക്ക് അപ്പിലുള്ള സ്മാള്‍ സൈസ് കാരവനുകള്‍ സാധാരണനിലയില്‍ ഒരു വീട്ടിലുള്ള അത്യാവശ്യ സൗകര്യങ്ങളെല്ലാം പ്രദാനം ചെയ്യുന്നു. നാലു പേര്‍ക്കു വരെ ഉറങ്ങാവുന്ന വിശാലമായ കിടപ്പുമുറി, ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മിനി ഫ്രിഡ്ജ്, മൈക്രോവേവ് അവന്‍ തുടങ്ങി എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടിയ അടുക്കള, ഷവർ സൗകര്യമുള്ള ബയോ ടോയ്ലറ്റ് തുടങ്ങി എല്ലാമുണ്ട്. ആവശ്യമെങ്കിൽ എയർ കണ്ടീഷണറും ഘടിപ്പിക്കാനാവും. എ.ആർ.എ.ഐ. മാനകങ്ങൾക്കു പുറമെ സെന്‍ട്രല്‍ മോട്ടോ‌ര്‍ വെഹിക്കിള്‍ റൂള്‍സിലെ (സി.എം.വി.ആർ.) വ്യവസ്ഥകളും കർശനമായി പാലിച്ചിട്ടുണ്ട് എന്നത് സുരക്ഷിതത്വം ഉറപ്പാക്കുന്നു.

ഇതുവരെ കാരവനുകളിലൊന്നും കണ്ടിട്ടില്ലാത്ത ചില അത്ഭുതങ്ങളും രഹസ്യമായി ഈ ഐ.ഐ.ടി. ഡിസൈനില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ഇപ്പോൾ 30 ലക്ഷം രൂപയ്ക്ക് താഴെ വിലയിൽ ഒരു കാരവന്‍ സ്വന്തമാക്കാനാവുമെന്നതാണ് സ്ഥിതി. ഇതില്‍ പരമാവധി അഞ്ചു ലക്ഷം വരുന്ന സ‍‌ര്‍ക്കാരിന്റെ സബ്സിഡിയും മറ്റ് ഇളവുകളും കൂടി കൂട്ടുമ്പോൾ 25-26 ലക്ഷം രൂപ വിലയിൽ ഈ കാരവൻ ലഭിക്കും. വാഹന നിർമ്മാതാവിന്റെ വാറന്റിയും സർവ്വീസ് പിന്തുണയും ക്യാംപര്‍വാന്‍ ഫാക്ടറി ഉറപ്പാക്കിയിട്ടുണ്ട്. ടൂറിസം വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവർ മാത്രമല്ല, സഞ്ചാരം ഇഷ്ടപ്പെടുന്ന കുടുംബങ്ങളും ഈ വാഹനം സ്വന്തമാക്കുമെന്നുറപ്പ്.

ഉറപ്പായ വരുമാനം

കാരവൻ ഉപയോക്താക്കൾ എന്ന നിലയിൽ തങ്ങളുമായി ബന്ധം സ്ഥാപിക്കുന്നവർക്ക് വരുമാനം ഉറപ്പുവരുത്താനുള്ള നടപടികളും ക്യാംപർവാൻ ഫാക്ടറി സ്വീകരിക്കുന്നുണ്ട്. പുതിയതായി കാരവൻ വാങ്ങുന്ന ഒരാൾക്ക് കാരവൻ വ്യവസായം പ്രാവർത്തികമാക്കുന്നതിനുള്ള എല്ലാ പിന്തുണയും ഈ ഐ.ഐ.ടി. കമ്പനി നൽകും. കാരവൻ ഉടമകൾ, ഉപഭോക്താക്കൾ, ടൂർ ഓപ്പറേറ്റർമാർ, കാരവൻ പാർക്കുകൾ എന്നിവയെയെല്ലാം ബന്ധിപ്പിക്കുന്ന ക്യാംപർ ട്രക്ക് ആപ്ലിക്കേഷൻ ഇതിനായി അവർ തയ്യാറാക്കുന്നു. ടൂറിസം രംഗത്ത് നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുടമകൾ, ടൂർ ഓപ്പറേറ്റർമാർ എന്നിവർക്കെല്ലാം വരുമാനനഷ്ടം സംഭവിക്കാതെ അവരെക്കൂടി പദ്ധതിയുടെ ഭാഗമാക്കുന്ന വിധത്തിലാണ് ആസൂത്രണം.

പ്രതീക്ഷയുള്ള മാറ്റം

ഇന്ത്യയിലെ സഞ്ചാരികൾക്ക് പൂർണ്ണ അളവിൽ സ്വാതന്ത്ര്യം അനുഭവിക്കാൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ല എന്നു തന്നെ പറയാം. പരമ്പരാഗത ശൈലിയിൽ ഒട്ടേറെ നിയന്ത്രണങ്ങൾ ഇപ്പോഴും ടൂറിസം മേഖലയിൽ നിലനിൽക്കുന്നു. ഹോട്ടലുകൾ, പൊതുഗതാഗത സംവിധാനം എന്നിവയെ വലിയൊരളവു വരെ ആശ്രയിച്ചു തന്നെയാണ് വിനോദസഞ്ചാരത്തിന്റെ നില്പ്. സേവനങ്ങളുടെ മാനകീകരണം സാദ്ധ്യമാക്കാനോ സേവനഗുണനിലവാരം ഉറപ്പാക്കാനോ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്ന് സംവിധാനം നിലവിലില്ല. കാരവന്റെ വരവ് ഈ സ്ഥിതിക്ക് സമൂല മാറ്റം വരുത്തുകയാണ്. രാജ്യത്തെ പ്രകൃതിരമണീയമായ ഉൾഗ്രാമങ്ങളിൽ താമസിച്ച് ഗ്രാമീണജീവിതം അറിയാനുള്ള സൗകര്യം കാരവൻ ടൂറിസത്തിന്റെ ഭാഗമാണ്. കേരളത്തിലാണെങ്കിൽ നെൽവയൽ, കൃഷി, ജലസംഭരണി, ഉൾനാടൻ മത്സ്യബന്ധനം, പരമ്പരാഗത വ്യവസായം, കരകൗശലമേഖല, ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ, കലാകാരൻമാർ, കുടുംബശ്രീ പോലുള്ള സംരംഭങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി വിപുലമായി പദ്ധതി നടപ്പാക്കാനാണ് ശ്രമം.

കാരവനിൽ സഞ്ചരിക്കുമ്പോൾ 

    • ഭൂമിശാസ്ത്രപരമായ പരിമിതികൾ മറികടക്കാം
    • ഇതുവരെ ആരും എത്തിച്ചേരാത്ത ഗ്രാമാന്തരങ്ങളിൽ വിഹരിക്കാം
    • ഭക്ഷണശാലകൾ തേടിയുള്ള സഞ്ചാരം ഒഴിവാക്കാം
    • സമയപരിമിതി ക്രമീകരിക്കാം
    • വൃത്തിയും ആരോഗ്യവും ഉറപ്പാക്കാം
    • ഹർത്താൽ പോലുള്ള അപ്രതീക്ഷിത തടസ്സങ്ങൾ മറികടക്കാം
    • സുരക്ഷിതത്വം ഉറപ്പാക്കാം

 


# Images used here are for representation purposes only. The design and colour of the actual product may differ. The design is not disclosable until the vehicle is officially launched.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks